ഇടയ്ക്ക് മൊബൈലെടുത്തു നോക്കിയും അടുക്കളയിലേക്കോടിയും അവൾ ജോലി തുടർന്നു….

Story written by Anoop

===============

രണ്ട് കൈയ്യിലും ബക്കറ്റ് നിറയെ അലക്കിയ തുണികളുമായി മുറ്റത്തേക്ക് നടന്നുകേറി ബക്കറ്റ് താഴെ വെച്ച് ഒരു നിൽപ്പുണ്ട് അവൾക്ക്…എന്നിട്ട് നടുവിനു രണ്ട് കൈയ്യും കുത്തിവെച്ച് കിതപ്പ് മാറ്റികൊണ്ട് ഒരു ദീർഘ നിശ്വാസം….അപ്പൊഴും വിട്ടുമാറാത്ത നടുവേദന ബാക്കിയാവും…ഒരു പനി പിടിച്ചു നിന്ന മഴക്കാലമാണ് ആ കാഴ്ച അവൻ മനോജ് , അവളുടെ കെട്ട്യോൻ ശ്രദ്ധിച്ചത്….അവളുടെ ആ നിൽപും ദീർഘ നിശ്വാസവും അതിന്റെ ചൂടും ഒക്കെ….

ഇറയത്ത് തൂണിനോട് വലിച്ച്‌ കെട്ടിയ അയലിലേക്ക് തുണി ഓരോന്നും പിഴിഞ്ഞ് ഉണങ്ങാൻ ഇടുന്നതിനിടയ്ക്കും ” ഇപ്പൊ ചൂട് കുറഞ്ഞല്ലോ ” എന്നും പറഞ്ഞ് അവന്റെ നെറ്റിയിൽ ഒന്നുകൂടി കൈ ചേർത്തുവെച്ചു. അവളുടെ കൈ ഒരു പാട് തണുത്തിരുന്നു അപ്പോൾ….

”നീയൊരു കട്ടൻ വെച്ചേ. മധുരം വേണ്ട ” മൊബൈലിൽ നോക്കികൊണ്ടാണ് അവനത് പറഞ്ഞത്

“മധുരം വേണമെന്ന് പറഞ്ഞാലും ഇടാൻ ഇല്ല ” ചിരിച്ചുകൊണ്ടാണ് അവളത് പറഞ്ഞത്

അവന്റെ അമ്മയെ കഴിഞ്ഞാൽ അവനെ ഇത്രയേറെ സ്നേഹിച്ചൊരു പെണ്ണ് വേറെ ഉണ്ടാവില്ല. അവന്റെ മുഖത്തെ ഒരു വാട്ടം പോലും അപ്പോൾ തന്നെ മനസിലാക്കും അവൾ. അവനു പണി ഇല്ലെന്നു പറയുന്ന അവസരങ്ങളിലൊക്കെയും അവളുടെ ആധി അവനേക്കാൾ കൂടുതലായിരുന്നു. ഈ ഒരു പനിക്കാലത്തിനിടയ്ക്ക് പണയംവെച്ചിരുന്ന അവളുടെ വളയുടെ നോട്ടീസ് വന്നത് അവൾക്ക് ആധികൂട്ടാൻ വേണ്ടീട്ടാണെന്നു തോന്നി

“എന്തേ ഒരാലോചന ?”  ചോദ്യമുയർത്തിക്കൊണ്ടാണ് അവൾ കട്ടൻ ചായയും ഗ്ലാസും നീട്ടിയത്

ഏയ് ഒന്നുല്ല. വളയുടെ നോട്ടിസ് ഡേറ്റ് എപ്പോഴാ..?

“ഓ…അത് ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട് പൈസക്ക്. തൽക്കാലം പലിശ അടച്ച് പുതുക്കാം. ” അതു പറഞ്ഞ് ആശ്വസിപ്പിക്കുംബോഴും എവിടെയോ ഒരു നഷ്ടബോധം ഉണ്ട് ഉള്ളിൽ….

20 പവനോളം സ്വർണവുമായി വന്നു കേറിയതാണവൾ. പണയം വെച്ചും വിറ്റും ഇപ്പൊ ഒരു താലി ചരടു മാത്രമായി ബാക്കി. ഇന്നു ശെരിയാകും നാളെ ശെരിയാകും എന്നു പറയുന്നതല്ലാതെ അന്നത്തു കടം കൂടി കൊണ്ടിരിക്കുന്നു. കൂനിൻമേൽ കുരു എന്നോണം അവളുടെ വകയിലെ ഒരു കുട്ടിയുടെ കല്യാണം വന്നു. അതിനും ചുരുങ്ങിയത് ഒരു വള എങ്കിലും കൊടുക്കണം,  അല്ലെങ്കിൽ മോശമാണ്. ഇനി വിളിക്കാൻ ഒരു ചിട്ടി കൂടിയേ ഉള്ളൂ….

”മതി ആലോചിച്ചത്….വേഗം ചായ കുടിച്ചിട്ട് ഗ്ലാസിങ്ങു താ. എനിക്ക് തയ്ക്കാനിരിക്കണം ” അവളുടെ ശബ്ദം വീണ്ടുമുയർന്നു

ഒരു ചിരിയോടെ ഗ്ലാസ് അവളുടെ കൈയിലേക്ക് വെച്ചു കൊടുത്തു. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും തയ്ക്കാനുള്ള തുണികളുമായി അവൾ ഇറയത്തേക്കു വന്നു

“നീ ആ ചൂരീദാർ ടോപ്പൊക്കെ ഇങ്ങെടുത്തോ….ഞാൻ മുത്തും ഹൂക്കും പിടിപ്പിക്കാം….” തയ്യൽ മിഷ്യനടുത്തുള്ള കസേരയലിരുന്നുകൊണ്ട് അവൻ പറഞ്ഞു

“അതൊന്നും വേണ്ട….ഞാൻ ചെയ്തോളാം…മനു ഏട്ടൻ പോയി കിടന്നോളു…വെറുതെ പനി കൂട്ടണ്ട “

“അതു സാരമില്ല…പനി ഒക്കെ പോയി .”

അവൻ കസേരയെടുത്തു അവൾക്കരികിലേക്ക് വെച്ചു തയ്ച്ച് വെച്ച ടോപ്പുകൾ എടുത്തു മുത്തുകൾ തുന്നി ചേർക്കാൻ തുടങ്ങി. അവളോട് സംശയം ചോദിച്ചും ഇടയ്ക് അഭിപ്രായം പറഞ്ഞും അങ്ങനെ ഓരോന്നായി ചെയ്തു കൊണ്ടിരിക്കവേ ഇടയ് അവളെ ഒന്നു നോക്കി. മുഴുവൻ ശ്രദ്ധയും തയ്ക്കുന്നതിലാണെന്നു തോന്നി. നനഞ്ഞതിനാലാവണം തലയിൽ ഇപ്പൊഴും തുണി ചുറ്റിയിരിക്കുന്നു. കൈ വിരലിൽ കഴിഞ്ഞ ആഴ്ച കറിക്ക് പച്ചക്കറി മുറിച്ചിടുമ്പോൾ മുറിഞ്ഞ പാട് മാഞ്ഞിട്ടില്ല. ഒറ്റയ്ക്ക് കഷ്ടപ്പെടുന്നതിന്റെ ക്ഷീണം മുഖത്ത് ഉണ്ടെങ്കിലും പുറത്ത് കാണിക്കുന്നില്ല

“എന്താ ഇങ്ങനെ നോക്കാൻ ” ഒരു ചിരിയോടെ അവൾ ചോദിച്ചു

”ഏയ് ” ചുമൽ കുലുക്കികൊണ്ട് അവൻ മറുപടി പറഞ്ഞു

“ആ കണ്ണു ഞാൻ കുത്തി പ്പൊട്ടിക്കും ഹാ ” അവനു നേരെ കത്രിക നീട്ടികൊണ്ട് അവൾ ചിരിച്ചു

“നീ സുന്ദരിയാണ്….ഒരുപാട്…. “

“അയ്യട…ഇപ്പൊ എന്റെ കുട്ടി എവിടുന്നു വന്നു സോപ്പും കൊണ്ട് “

അഭി ചിരിച്ചു…

ഇവിടുന്നു സോപ്പിടാതെ പോയി കിടക്ക്….ആ പനി മാറട്ടെ…

“നീയും വാ ”

“എങ്ങോട്ട് ?”

“കിടക്കാൻ “

”ദേ…ഞാനൊന്നും പറയുന്നില്ല. പോയ്ക്കോളണം ” അവൾ വീണ്ടും കത്രിക എടുക്കവെ മനു അകത്തേക്ക് നടന്നിരുന്നു

ചിരിയോടെ അതു നോക്കി അവൾ തയ്ക്കൽ തുടർന്നു…ഇടയ്ക്ക് മൊബൈലെടുത്തു നോക്കിയും അടുക്കളയിലേക്കോടിയും അവൾ ജോലി തുടർന്നു. ഉച്ച ആയപ്പോൾ റൂമിലേക്ക് നടന്നു….

“ഉറങ്ങീലെ ?” മനുവിന്റെ നെറ്റിയിൽ കൈവെച്ചുകൊണ്ട് അവൾ ചോദിച്ചു

“മം. ” ഒരു മൂളലോടെ അവൻ തിരിഞ്ഞു കിടന്നു. നെറ്റിയിൽ വച്ച അവളുടെ കൈയ്യിൽ അമർത്തിപിടിച്ചു

“ക്ഷീണം ഉണ്ട് മുഖത്ത്….വാ എണീക്ക്….കുറച്ച് ചൂടു കഞ്ഞി കുടിക്കാം ” ഉള്ളിലെ വിങ്ങൽ പുറത്ത് കാണിക്കാതെ തന്നെ അവൾ പറഞ്ഞു

“അഭീ…

ഉം….

”ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയുമോ ?”

“എന്തേ ?”

“മടുപ്പ് തോന്നുന്നുണ്ടോ നിനക്ക് ?”

ചോദ്യം മുഴുമിപ്പിക്കും മുന്നേ അവളുടെ കൈ അവന്റെ വാ പൊത്തിക്കഴിഞ്ഞിരുന്നു

“എന്തൊക്കെയാ മനുഏട്ടാ ഈ പറയുന്നെ….ഇതൊക്കെ പറയാൻ ഇപ്പൊ ന്താ ഉണ്ടായെ ?”

“ഏയ്…നിന്റെ വള മാല ഒക്കെ പോയില്ലെ…അതൊക്കെ ഓർത്തപ്പോൾ.. ” ഒരു നിർവികാരതയോടെ അവളുടെ മുഖത്തു നിന്നും കണ്ണെടുത്ത് അവൻ പറഞ്ഞു

”ഓ അതാണോ എന്റെ കുട്ടീടെ പ്രശ്നം…ഒറ്റ അടി വെച്ചു തരും കെട്ടോ…പനി ആണെന്നൊന്നും ഞാൻ നോക്കൂല ” അവളുടെ മുഖത്തെ ചിരി അതിലായിരുന്നു അവന്റ കണ്ണു നിറഞ്ഞതും മനസുനിറഞ്ഞതും…

“നീ എന്നെ അടിക്കുമോ ?” അവളുടെ കൈയിൽ പിടിച്ച് വലിച്ചടുപ്പിച്ച് അവളുടെ കണ്ണിലേക്ക് തന്നെ നോക്കി

“ആ…അടിക്കും…എന്താ സംശയം ഉണ്ടോ ? ” അവൾ ഇത്തിരി ബലം പിടിച്ചു

“ആ ഉണ്ട്… “

മനു അവളുടെ കണ്ണിലേക്ക് തന്നെ നോക്കി അമർത്തി പിടിച്ചു. പതിയെ ബലം കുറഞ്ഞ് വന്ന അഭി അവന്റെ നെഞ്ചിലമർന്നു. നെറ്റിയിൽ ചുണ്ട് അമർന്നു

“നിന്നേക്കാൾ ഞാൻ മറ്റൊന്നിനേയും സ്നേഹിച്ചിട്ടില്ല പെണ്ണേ…

“വൃത്തികെട്ടവൻ “

പിടഞ്ഞെഴുന്നേറ്റുകൊണ്ട് അഭി പറഞ്ഞു

“വാ വന്നു കഞ്ഞികുടിക്കാൻ നോക്ക് ”  

അടുക്കളയിലേക്ക് നീങ്ങവേ അവൾ ഒന്നുകൂടി പറഞ്ഞു. വാഷ്ബേസിൽ മുഖം കഴുകി ഒ കണ്ണാടിയിൽ നോക്കി

“നിന്നേക്കാൾ വലുതാണോ ചെക്കാ എനിക്കെന്റെ പൊന്ന് “

സ്നേഹിക്കപ്പെടാനും വേണം യോഗം….ആ സ്നേഹം മാത്രം മതി അവൾക്ക്…

~Anu knr

KL58