താൻ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ പിറകിലുണ്ടായിരുന്ന വലിയ തൂണിലേക്കവൾ ചാരി നിന്നു…

ആബിദ

Story written by Saji Thaiparambu

===============

കുളി കഴിഞ്ഞ്, ഈ റനോടെ ബെഡ് റൂമിലേക്ക് കയറി, കട്ടിലിന്റെ ക്റാസിയിൽ കിടന്ന ചുവന്ന വെൽവെറ്റിന്റെ നെറ്റി എടുത്ത് ധരിച്ചിട്ട് ആബിദ നിലക്കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു. ഹുക്കുകൾ ഓരോന്നായി ഇടുമ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ അവൾക്ക് മനസ്സിൽ ചിരി പൊട്ടി.

ഇന്ന് അഫ്സലിക്കാ ഗൾഫീന്ന് വരുന്ന ദിവസമാണ്. ഇപ്പോൾ പോയിട്ട് അഞ്ച് വർഷം തികയുന്നു.രണ്ടാമത്തെ മകളെ ഗർഭത്തിലാക്കിയിട്ടാണ് പഹയൻ അന്ന് പോയത്, തെല്ല് ലജ്ജയോടെ അവൾ ഓർത്തു.

ഇപ്പോൾ മോൻ ഒന്നാം ക്ലാസ്സിലും, മോള് LKG യിലുമായി. അപ്പോഴാ വാപ്പയ്ക്ക്, ലീവ് കിട്ടുന്നത് ഇങ്ങോട്ട് വരട്ടെ ഇനി തിരിച്ച് പോകണ്ടെന്ന് പറയണം.

ഇത്രയും നാൾ സമ്പാദിച്ചത് മതി, നാട്ടിൽ തന്നെ എന്തെങ്കിലും ബിസ്നസ് ചെയ്താൽ തന്റെയും, മക്കളോടുമൊപ്പം കഴിയാമല്ലോ ‘

ഇനി വയ്യാ, ഇങ്ങനെ ദിവസങ്ങളെണ്ണി, എണ്ണി ഇരിക്കാൻ.

ഭർത്താവിനോടുള്ള സ്നേഹം നിറഞ്ഞ് തുളുമ്പിയിട്ട്, നൈറ്റിയുടെ ഹുക്കുകൾ പൊട്ടിച്ച് ഹൃദയം പുറത്ത് ചാടുമോ എന്നവൾക്ക് തോന്നിപ്പോയി.

ഇന്നലെ രാത്രി താനങ്ങോട്ട് വിളിച്ചപ്പോഴാ പറയുന്നത്, ഇന്ന് വെളുപ്പിനത്തെ ഫ്ലൈറ്റിന്, കരിപ്പൂർ എത്തുമെന്ന് .കഴിഞ്ഞ പ്രാവശ്യം വന്നത് പോലെ ടാക്സി വിളിച്ച് വന്നോളാം എന്ന് കർക്കശമായി പറയുകയും ചെയ്തു.

പക്ഷേ ഇക്കാക്ക് ഒരു സർപ്രൈസ് കൊടുക്കണമെന്ന് തനിക്ക് തോന്നിയത് കൊണ്ടാണ് ഇന്ന് സുബ്ഹിക്ക് തന്നെ എഴുന്നേറ്റത്. എന്തായാലും ഫ്ലൈറ്റ് കരിപ്പൂർ എത്തുമ്പോൾ ഏഴ് മണിയാകും. അവിടുന്ന്, പരിശോനയെല്ലാം കഴിഞ്ഞ് പുറത്ത് വരുമ്പോൾ ഒൻപത് മണി.അതിന് മുൻപ് മക്കളെയും ഒരുക്കി എയർപോർട്ടിൽ ചെല്ലണം.

അവൾ ആലോചന മതിയാക്കി വേഗം മക്കളെ വിളിച്ചുണർത്തി ,ബാത്ത്റൂമിൽ കയറ്റി രണ്ട് പേരോടും ബ്രഷ് ചെയ്യാൻ പറഞ്ഞിട്ട്, അടുക്കളയിലേക്ക് പോയി.

അടുക്കളയിലിട്ടിരിക്കുന്ന ചെറിയ ഡൈനിങ്ങ് ടേബിളിന് മുകളിൽ മൂടി വച്ചിരിക്കുന്ന പാത്രങ്ങളിൽ നിറയെ, അഫ്സലിന് വേണ്ടി അവൾ രാത്രി ഒറക്കമിളച്ച് ഇരുന്ന് പാകം ചെയ്ത പലഹാരങ്ങളാണ്. അവന് ഏറ്റവും ,ഇഷ്ടപ്പെട്ട ഇടിയപ്പവും, മട്ടൻ കറിയും, അരി പത്തിരിയും, ബീഫ് റോസ്റ്റും. പിന്നെ വന്ന് കയറിയ ഉടനെ കുടിക്കാൻ, ശുദ്ധമായ പശുവിൻ പാലിൽ ഡയ ലൂട്ട് ചെയ്തെടുത്ത ആപ്പിൾ ജ്യൂസ് ഫ്രിഡ്ജിലും വച്ചിട്ടുണ്ട്.

ഷെൽഫ് തുറന്ന് രണ്ട് ഭരണികളിലായി അടച്ച് വച്ചിരിക്കുന്ന ചെമ്മീൻ അച്ചാറും, കടുക് മാങ്ങാ അച്ചാറും തുറന്ന് രുചിച്ച് നോക്കിയിട്ട് സംതൃപ്തിയോടെ വീണ്ടും അടച്ച് വച്ചു.കഴിഞ്ഞയാഴ്ച വിളിച്ചപ്പോൾ ചെറിയ ഒരു സൂചന ഉണ്ടായിരുന്നു. ഇന്ന് വരുമെന്ന് അത് കൊണ്ട്, അന്ന് തന്നെ ചെയ്ത് വച്ചതാ അച്ചാറുകൾ രണ്ടുo. എല്ലാo നോക്കി നിർവൃതിയോടെ, കുട്ടികൾക്ക് തിളപ്പിച്ച് വച്ച പാൽ കാപ്പിയുമായി അവൾ ബെഡ് റൂമിലേക്ക് പോയി.

അലമാരയിൽ നിന്നും, കുട്ടികളുടെ ഡ്രെസ്സ് വലിച്ചെടുക്കുമ്പോൾ ഹാങ്ങറിൽ ഇസ്തിരിയിട്ട് തൂക്കിയ അവന്റെ ഷർട്ടുകൾ ഉടയാതെ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുറി പൂട്ടി കുട്ടികളെയും ഒരുക്കി പുറത്തിറങ്ങുമ്പോൾ ടാക്സിയുമായി ഗേറ്റിൽ, ഡ്രൈവർ കാത്ത് നില്പുണ്ടായിരുന്നു.

******************

വിസിറ്റിങ്ങ് ലോഞ്ചിലിരുന്ന് കൊണ്ടവൾ അറൈവൽ ബോർഡിന്റെ താഴെയുള്ള കവാടത്തിലേക്കു് ഇടയ്ക്കിടെ എത്തിനോക്കുന്നുണ്ടായിരുന്നു.ദുബൈ ഫ്ലൈറ്റ് ലാന്റ് ചെയ്ത അനൗൺസ്മെൻറ് എയർപോർട്ടിൽ എത്തിയപ്പോഴെ കേട്ടിരുന്നു.

ഇരിപ്പുറയ്ക്കാതെ അവൾ സീറ്റിൽ നിന്നെഴുന്നേറ്റു’ വീണ്ടും നോക്കിയപ്പോൾ നിറഞ്ഞ പുരുഷാരത്തിനുള്ളിൽ, കോട്ടും സ്യൂട്ടുമണിഞ്ഞ നല്ല മൊഞ്ചനായി നടന്ന് വരുന്ന തന്റെ ഇക്ക.

” മുന്നാ, സൈനാ വേഗ മെണീക്കീൻ, ദാ നിങ്ങടെ ഉപ്പാ വരുന്നുണ്ട് “

ഉള്ളിൽ പതഞ്ഞ് പൊന്തിയ ആവേശം അവളുടെ മുഖത്ത് മഴവില്ലായ് വിരിഞ്ഞിരുന്നു.

പൊടുന്നനെ ആ കാഴ്ച കണ്ടവളുടെ മുഖത്തെ ചിരി മാഞ്ഞു.കവിളുകളിൽ ഇരച്ച് കയറിയ രക്തം വാർന്ന് പോയി.

അവളുടെ നെഞ്ചിലൊരു തീക്കനൽ വീണു.

അവിടെ ഇക്കയുടെ തൊട്ട് പുറകിൽ നിന്ന് പിങ്ക് നിറമുള്ള സിൽക്കിന്റെ മോഡേൺ ഡ്രസ്സ് ധരിച്ച ഒരു സുന്ദരിയായ യുവതി, അഫ്സലിന്റെ ഇടത് കൈയ്യുടെ ഇടയിലൂടെ അവളുടെ സ്വർണ്ണ നിറമുള്ള ഉരുണ്ട വലത് കൈ കടത്തി അവന്റെ തോളിലേക്ക് ചാരി കിടന്ന് കൊണ്ട് മെല്ലെ നടന്നു വരുന്നു.

താൻ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ പിറകിലുണ്ടായിരുന്ന വലിയ തൂണിലേക്കവൾ ചാരി നിന്നു.പിന്നെ അവർ നടന്ന് പോകുന്നത് നിസ്സഹായയായി അവൾ നോക്കി നിന്നു.

“ദേ ഉമ്മാ, ഉപ്പാടെ കോള് വരുന്നു”

അപ്പോഴും, ഒന്നുമറിയാതെ മൊബൈലിൽ കാർ റൈസിങ്ങ് ഗൈയിമുമായി മൽപിടുത്തം നടത്തിക്കൊണ്ടിരുന്ന, മുന്ന ഫോൺ അവളുടെ നേരെ നീട്ടി.

വിറയ്ക്കുന്ന കൈകളോടെ അതിലേറെ വെറുപ്പോടെ അവൾ ഫോൺ ചെവിയോട് ചേർത്തു.

“ങ്ഹാ, ആബീ… എന്റെ ഫ്ലൈറ്റ് മിസ്സായി കെട്ടോ, ഇനി നീ വെറുതെ കാത്തിരിക്കണ്ട, അടുത്ത ടിക്കറ്റ് റെഡിയാകുമ്പോൾ ഞാൻ അറിയിക്കാം, എന്നാ വെക്കട്ടെ ” തിടുക്കത്തോടെ അവൻ ഫോൺ കട്ട് ചെയ്യുമ്പോൾ, വിശ്വാസ വഞ്ചനയിൽ പെട്ടു പോയ മനസ്സിന്റെ നൊമ്പരത്തെ, ചാരിത്ര ശുദ്ധി കൊണ്ട് അവൾ നേടിയെടുത്ത മനോബലം കൊണ്ട് നേരിടാനുള്ള ഒരുക്കത്തിലായിരുന്നു.

വന്ന കാറിൽ തിരിച്ച് പോരുമ്പോൾ പുറകിൽ നിന്നുള്ള കുട്ടികളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം കേവലം ഒരു മൂളലിലൊതുക്കി.

അഫ്സൽ വിളിച്ച് പറഞ്ഞ അതേ നുണ അവൾ ഡ്രൈവറോടും പറഞ്ഞിരുന്നു.

ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം അവൾഒരു ഉറച്ച തീരുമാനത്തിലെത്തിയ പോലെ ഡ്രൈവറോട് വിളിച്ച് പറഞ്ഞു.

“വണ്ടി നേരെ വക്കീലോഫീസിലേക്ക് വിട്ടോ “

****************

~സജിമോൻ തൈപറമ്പ്