പിന്നേയും, അവരുടെ മിഴികൾ യുവതിയായ ഷോപ്പുടമയുടെ നേർക്കു നീളുന്നത് അവൾ കണ്ടു…

തനിയേ….

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

=================

അങ്ങാടിയിലെ പച്ചക്കറിക്കടയിൽ സന്ധ്യനേരത്ത് നല്ല തിരക്കാണ്. രണ്ടു ഷട്ടറുകളുള്ള വലിയ കടയെ ഭാഗിച്ച് പച്ചക്കറികളും, പലചരക്കു സാധനങ്ങളും വിൽപ്പനക്കായി വച്ചിരിക്കുന്നു. ദിവസക്കൂലിക്കാരായ ബംഗാളി ചെറുപ്പക്കാരാൽ ഷോപ്പ് നിറഞ്ഞുനിന്നു. പച്ചക്കറികളും, പലചരക്കു സാമാഗ്രികൾക്കുമൊപ്പം ഒത്തിരി ബീ ഡി ക്കെട്ടുകൾ കൂടി ചോദിച്ചു വാങ്ങുന്ന അന്യസംസ്ഥാനത്തൊഴിലാളികൾ. കടയുടമയും, യുവതിയായ ഭാര്യയും കയ്യൊഴിയാത്ത തിരക്കിലാണ്. കച്ചവടം പൊടിപൊടിച്ചു കൊണ്ടേയിരുന്നു.

രശ്മിത, തിരക്കുമതിലിൻ്റെ പുറകിലായി ഊഴം കാത്തു നിന്നു. അന്തിക്ക്, ജോലി കഴിഞ്ഞു മടങ്ങിപ്പോരുന്ന അനേകം വീട്ടമ്മമാർ അവൾക്കൊപ്പം നിര നിന്നു. ഫ്ലൂറസെൻ്റ് വെട്ടത്തിൽ, പ്ലാസ്റ്റിക് പെട്ടിയിലെ തക്കാളിപ്പഴങ്ങൾ പവിഴം കണക്കേ ശോഭിച്ചു. കടും ഹരിതമണിഞ്ഞ കോവക്കായ്കൾ, കേരളത്തിൻ്റെ ആകൃതി കണക്കേയുള്ള പാവലുകൾ, വിവിധയിനം കിഴങ്ങുകൾ, സവാളയുടെ പുഴുകിയ ഗന്ധം. പിൻനിരയിൽ നിന്ന അതിഥിത്തൊഴിലാളികളിലൊരുവൻ,  നീണ്ട വഴുതനയൊന്നെടുത്ത് തഴുകി കൂട്ടുകാരൻ്റെ കാതിലെന്തോ മന്ത്രിച്ചു. വഴുതനയേ നോക്കി അവർ ഗൂഢമായി പുഞ്ചിരിച്ചു.

പിന്നേയും, അവരുടെ മിഴികൾ യുവതിയായ ഷോപ്പുടമയുടെ നേർക്കു നീളുന്നത് അവൾ കണ്ടു. ഓരോ വസ്തുവകകൾ കുനിഞ്ഞെടുക്കുമ്പോഴും,  അവരുടെ ചുരിദാറിനുള്ളിലൂടെ നെഞ്ചിലെ മാം സഗോ ളങ്ങൾ പുറത്തേക്കു തള്ളുന്നു. അവരുടെ കൈകളിലെ സ്വർണ്ണവളകൾ കിലുങ്ങുന്നു. അത് ആസ്വദിച്ചു നിൽക്കുന്ന അതിഥിത്തൊഴിലാളികൾക്കു നേർക്ക്, ചുവരിലിരിക്കുന്ന ഗൗളി മിഴി തുറുപ്പിച്ചു നോക്കുന്നുണ്ടായിരുന്നു.

രശ്മിതയുടെ ഊഴമെത്തി.

“എന്തൂട്ടാ മോളേ വേണ്ടത്?”

കടയുടമയുടെ ചോദ്യം.

“ചേട്ടാ, തക്കാളിക്കെന്താ വില?”

“കിലോ നാൽപ്പതു രൂപാ”

“മുന്നൂറു ഗ്രാം തക്കാളി മതി ചേട്ടാ”

കടയുടമ തക്കാളിപ്പെട്ടിയ്ക്കരികിലേക്കു പോയി.

പച്ചപ്പയറ്, ഉരുളക്കിഴങ്ങും, സവാളയും മുന്നൂറു ഗ്രാം വീതം, ബീറ്റ്റൂട്ട്, മുരിങ്ങക്കാ, എല്ലാം ഇത്തിരിയോളം വീതം വാങ്ങി. തിരക്കിനിടയിൽ ഓരോന്നിനും വില പറയാനും, അവയെല്ലാം പരമാവധി കുറഞ്ഞ അളവിൽ എടുത്തും കടയുടമയ്ക്കു മടുത്തു പോയെന്നു വ്യക്തം. വില പേശാതെ വാങ്ങാൻ തയ്യാറുള്ള ഒരു നിര രശ്മിതയ്ക്കു പുറകിലുണ്ടെന്ന യാഥാർത്ഥ്യവും, ആ ഈർഷ്യക്കു കാരണമായിട്ടുണ്ടാകും.

ഇത്തിരി പലചരക്കു സാധനങ്ങൾ കൂടി വാങ്ങി, പണം കൊടുത്തു മടങ്ങുമ്പോൾ കടയുടമയുടെ ഇത്തിരിയുച്ചത്തിലുള്ള പുലമ്പൽ അവൾ വ്യക്തമായി കേട്ടു.

“കിൻ്റ്വലിനു വില ചോദിച്ച്,  നൂറു ഗ്രാം വാങ്ങണ ഇത്തരക്കാരാണ് ഈ നേരത്തേ ശാപം; മനുഷ്യനേ മെനക്കെടുത്താൻ.”

അയാളുടെ ഭാര്യ, കൊഴുത്ത മാം സ ക്കു ന്നുകൾ ഇളക്കി ചിരിച്ചു. അവളുടെ കനകാഭരണങ്ങൾ തിളങ്ങി. രശ്മിത, പതിയേ കടയിൽ നിന്നുമിറങ്ങി അങ്ങാടിയിലേ തിരക്കിൽ മറഞ്ഞു.

ഇനി, കുട്ടികൾക്ക് നോട്ടുപുസ്തകങ്ങൾ വാങ്ങണം, സ്കൂളിലേക്കുള്ള അനുബന്ധവസ്തുക്കളും നാലാം ക്ലാസ്സുകാരനും, രണ്ടാം ക്ലാസുകാരിക്കുമുള്ള ആവശ്യങ്ങളിലേക്ക് അവൾ നടന്നു.

അവൾ, ഭർത്താവിനേക്കുറിച്ചോർത്തു….

ഹരിയേട്ടനായിരുന്നു കൂടെയെങ്കിൽ ഒരു സാധനത്തിൻ്റേയും വില ചോദിക്കില്ലായിരുന്നു. ആവശ്യത്തിനും, അനാവശ്യത്തിനും കിലോക്കണക്കിനായിരിക്കും വാങ്ങുന്നത്. കാലത്തു വച്ച കറി, ഉച്ചക്കോ സന്ധ്യക്കോ ആവർത്തിക്കുന്നതു പുള്ളിക്കാരന് ഇഷ്ടമല്ലായിരുന്നു. നഗരത്തിനപ്പുറത്തേ തടിമിൽ തൊഴിലാളിയാണ്. നാൽപ്പതിൻ്റെ ഊറ്റം. ഏതു ധനികൻ്റെ വീട്ടിലേതിനേക്കാൾ ഉണ്ണാനും ഉടുക്കാനും സ്ഥിതി നിലനിർത്തിയിരുന്ന ഹരി.

കഴിഞ്ഞ കുറച്ചു കാലമായി ഹരിക്കൊരു പുറംവേദന അനുഭവപ്പെടാൻ തുടങ്ങിയത്‌. കഠിനാദ്ധ്വാനത്തിൻ്റെ പാർശ്വഫലമാണെന്നേ കരുതിയുള്ളൂ. ചില സന്ധ്യകളിൽ, ജോലി കഴിഞ്ഞു വന്നു കമിഴ്ന്നു കിടക്കുമ്പോൾ, കുട്ടികളിലൊന്നിനെ തെല്ലുനേരം പുറത്തു കയറ്റി നിർത്തും. നടുക ഴ പ്പിനും വേദനയ്ക്കും ശമനത്തിനു വേണ്ടിയാകാം. ഡോക്ടറേ കാണാൻ പോകാമെന്നു പറഞ്ഞാൽ, ഒരു പനി വന്നുപോലും ഡോക്ടറേ തേടാത്ത കഥ തുടരും.

ഒരാഴ്ച്ച മുൻപ്, ഡോക്ടറേ കാണാൻ പോകാൻ,  ഹരി തന്നെയാണ് മുന്നോട്ടു വന്നത്. പുറംവേദന അത്ര അസഹ്യമായിരിക്കുന്നു. ആശുപത്രി, വിദഗ്ധ പരിശോധകൾ, വീടിൻ്റെ അലമാരയിൽ നീളൻ കവറുകളിലായി എക്സ്-റേ ഷീറ്റുകളും, സ്കാനിംഗ് റിപ്പോർട്ടുകളും നിറഞ്ഞു. ഒടുവിൽ, ഹരിയുടെ വേദനകളുടെ ഉത്തരമെത്തി.

വലത്തേ കിഡ്നിയേ പൂർണ്ണമായും വിഴുങ്ങിയ അർബുദം, വാരിയെല്ലിലൊന്നിലേക്കു പടർന്നിരിക്കുന്നു. സർജറിക്കുള്ള നാളു കുറിച്ചു തന്നിട്ടുണ്ട്. അടുത്ത ആഴ്ച്ചയിൽ അതു സംഭവിക്കും..

ജീവിതത്തിൽ ഒന്നിനേയും ഭയപ്പെടാത്ത ഹരിയുടെ മിഴികളിൽ ആശങ്കകളുടെ മിന്നലാട്ടങ്ങൾ കണ്ടു. ഒന്നിനും കുറവു വരുത്താതെ,  താൻ പരിപാലിച്ച ഭാര്യയും കുട്ടികളും ഇനിയെന്തു ചെയ്യുമെന്ന ആശങ്ക.

“ഹരിയേട്ടൻ പേടിക്കണ്ടാ, ഞാൻ ഡിഗ്രി വരേ പഠിച്ചതല്ലേ, പത്തു പിള്ളേർക്കു ട്യൂഷനെടുത്തോ, ഏതെങ്കിലും പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടിംഗ് സെക്ഷനിൽ പോയാലോ ജീവിക്കാനുള്ള കാശു കിട്ടും. എന്തിനാ പേടിക്കണേ? എന്നെ ജോലിക്ക്, ഏട്ടൻ വിടാണ്ടല്ലേ, എനിക്കിഷ്ടമാണ് മാന്യമായ ഏതു ജോലിയും ചെയ്യാൻ, ഏട്ടൻ പേടിക്കേണ്ടാ, നമ്മള് ഈ കാലത്തേ അതിജീവിക്കും. തീർച്ച…”

അങ്ങാടിത്തിരക്കിൻ്റെ അരികു ചേർന്നു ചിന്തിച്ചു നടക്കുന്നവളുടെ വിചാരങ്ങൾക്ക്, പുസ്തകക്കടയിൽ അവസാനമായി. അവൾ വീണ്ടും വിലപേശി വാങ്ങാൻ തുടങ്ങി.

“ആ നോട്ടു പുസ്തകത്തിന് എന്താ വില?അതിലും കുറവില്ലേ…?”

കടയുടമ വിവിധ പഠനോപകരണങ്ങൾ അവൾക്കു മുന്നിലെത്തിച്ചു. അയാളിലും ചെറു മുഷിച്ചിൽ പ്രകടമാകാൻ തുടങ്ങിയിരുന്നു. അവളതു കാര്യമാക്കിയില്ല. ഇരു കൈകളിലും സഞ്ചിയും തൂക്കി അങ്ങാടി വീഥിയിലൂടെ അവൾ നടന്നു നീങ്ങി.

എന്നും അങ്ങാടിയിൽ വന്നാൽ ഓട്ടോയിലാണു മടങ്ങുക. നടന്നു ചെന്നാൽ, ഹരി ദേഷ്യപ്പെടും. ഓട്ടോസ്റ്റാൻഡിലെ പരിചിതമുഖങ്ങൾ അവൾക്കു നേർക്കു പുഞ്ചിരിച്ചു. സുനിശ്ചിതമായ ഒരോട്ടം പോകലിൻ്റെ സന്തോഷം, കാത്തിരിന്നു മുഷിഞ്ഞവരുടെ വദനത്തിൽ തെളിഞ്ഞു.

അവൾ നടന്നു മുന്നോട്ടു നീങ്ങി. അങ്ങാടിത്തിരക്കു, ഗ്രാമ പാതയിലേക്കു തിരിയുന്നിടം വരേ തുടർന്നു. ഇരുൾ പരക്കാൻ വെമ്പുന്ന നാട്ടുവഴിയിലൂടെ, പുതിയ ഉത്തരവാദിത്വങ്ങൾ പകർന്ന കരുത്തിൽ, അവൾ മുന്നോട്ടു സഞ്ചരിച്ചു.

ഇരുട്ടു കനക്കാൻ തുടങ്ങിയിരുന്നു.