രാത്രിയിൽ അച്ചാച്ചൻ വന്നപ്പോ ആണ് ബാക്കി പൂരം. സ്വന്തം ചേട്ടന്റെ മോളെയാണ്…

തന്റേടി വിളിയുടെ പിന്നിലെ കഥ….

എഴുത്ത്: ഷീജ തേൻമഠം

===================

എന്റെ അച്ചാച്ചന് അഞ്ചു സഹോദരങ്ങൾ ആണ് ഉള്ളത്. ബാക്കി അഞ്ചുപേരും സാമ്പത്തികം ആയി നല്ല സ്ഥിതിയിൽ ആണ് ഗവണ്മെന്റ് ജോബ്, വല്യ കട. മുൻസിപ്പാൽ ജോബ് ഒക്കെയാണ് അപ്പന്മാർക്ക്..പക്ഷെ എന്റെ അച്ചാച്ചന് മാത്രം ചെറിയ ഒരു മാടകട…

അച്ചാച്ചന്റെ കട തിരുവല്ല മുൻസിപ്പാൽ ഓഫിസ് ന്റെ വാതുകൽ ആരുന്നു. അതുകൊണ്ടു തന്നെ തേൻമഠത്തിലെ തങ്കച്ചായൻ എന്നതിനെകാളും അച്ചാച്ചന്റെ ഐഡന്റിറ്റി മാടകടയിലെ തങ്കച്ചായൻ എന്നാരുന്നു. ഇപ്പോഴും തിരുവല്ലയിൽ പോകുമ്പോ ചന്ത ഭാഗത്തുള്ള ആരേലും പ്രായമായവർ കണ്ടിട്ട് മോളെ നല്ല മുഖ പരിചയം എന്ന് പറഞ്ഞാൽ ഞാൻ ഉടെനെ പറയുക. “മുൻസിപ്പാലിറ്റിയുടെ മുന്നിൽ പണ്ട് മാടകട നടത്തിയ തങ്കച്ചന്റെ ഇളയ മോൾ എന്നാണു..എന്റെ അച്ചാച്ചന്റെ ആ ഐഡന്റിറ്റി ഇന്നും എനിക്കൊരു പ്രൌഡ് ഫീൽ ആണ്….

സാമ്പത്തികം നല്ലപോലെ ഉള്ള കാരണവന്മാരുടെ മക്കൾക്കു ഓക്കെ അതുകൊണ്ട് തന്നെ ഞങ്ങളോട് ഒരു പുച്ഛം ഉണ്ടാരുന്നു. അതു എടുത്തു കാണിക്കുക, തറവാട്ടിൽ ഏതേലും കല്യാണം വരുമ്പോ ആണ്..അച്ചാച്ചന്റെ അഞ്ചു സഹോദരങ്ങളുടെയും മക്കൾ എല്ലാം നല്ല അടിപൊളി പുത്തൻ ഉടുപ്പ് ഓക്കെ ഇട്ടാവും വരിക..ഞങ്ങൾ നാലു മക്കളും ആകെ ഉള്ളത്തിൽ ഇത്തിരി നല്ലത് മാത്രം. പിന്നെ കല്യാണം കഴിയുന്നത് വരെ ഞങ്ങടെ ഉടുപ്പിനെ കളിയാക്കുക ആണ് കാരണവന്മാരുടെ മക്കളുടെ പരുപാടി…..

ജനിച്ചപ്പോൾ മുതൽ എന്റെ ഇടത്തെ കണ്ണ് ഇത്തിരി ചെറുതാണ്..അതുകൊണ്ട് തന്നെ സ്വന്തം വീട്ടിലും കാരണവന്മാരുടെ വീട്ടിലും ഓക്കെ കുഞ്ഞുനാളിൽ ഞാൻ ഒരു പരിഹാസകഥാപാത്രം ആരുന്നു… “ഒന്നരക്കണ്ണി” എന്നാരുന്നു തറവാട്ടിൽ എല്ലാരും എന്നെ കളിയാക്കി വിളിക്കുക. കുഞ്ഞു ഷീജയ്ക്ക് ആ വിളിക്കു എതിരെ പ്രതികരിക്കാൻ പേടി ആരുന്നു..കാരണം അമ്മച്ചിയുടെ അടി തന്നെ…പക്ഷെ പത്താം വയസിൽ ഞാൻ പ്രതികരിച്ചു…..

അച്ചാച്ചന്റെ രണ്ടാമത്തെ ചേട്ടൻ..ജോർജപ്പച്ചൻ എന്നാണു പുള്ളിയെ എല്ലാരും വിളിക്കുക. പുള്ളിയുടെ രണ്ടാമത്തെ മോൾ ആലിസിന്റെ ഭർത്താവ് ഗൾഫിൽ നിന്നും വന്ന സമയം..39 വർഷം മുന്നേ ഗൾഫിൽ നിന്നും വരുന്നവർ എന്നാൽ വല്യ കോടികൾ ആസ്തി ഉള്ള ചിന്താഗതി ആണ്. ഗൾഫിൽ നിന്നും കൊണ്ടുവരുന്ന പെൻസിൽ. മുട്ടായി ഓക്കെ കൊതിയോടെ നോക്കുന്ന സമയം…..

എനിക്ക് പത്തുവയസ്..ജോർജപ്പച്ചന്റെ വീട് കഴിഞ്ഞു നാലഞ്ചു വീടിന്റെ അപ്പുറം ആണ്  ഞങ്ങടെ വീട്. ഗൾഫുകാരൻ മരുമോൻ വന്നതിന്റെ ബഹളം ആണ്  റോഡിൽ ഓക്കെ..ഞാൻ ആണെങ്കിൽ അച്ചാച്ചൻ വാങ്ങിത്തന്ന മീനും കൈയിൽ പിടിച്ചു ആടിപാടി തിരികെ വീട്ടിലേക്കു വരുമ്പോ ആണ്, ജോർജപ്പച്ചന്റെ വീടിന്റെ സൈഡിൽ ആയി ആ കോളനിയിൽ ഉള്ള പിള്ളേർ സെറ്റിനു ഓക്കെ ആലിസമ്മമ്മ കെട്ടിയോൻ കൊണ്ടുവന്ന ഫോറിൻ മുട്ടായി കൊടുക്കുന്നു.മുട്ടായി കണ്ട കൊതിയോടെ ഞാനും അവരുടെ കൂടെ പോയി നിന്നു.. എന്നെ കണ്ടതും ജോർജപ്പച്ചന്റെ ഇളയ മോൾ ഓമന….. “എന്താടി നോക്കി നില്കുന്നെ. വീട്ടിൽപോടീ ഒന്നരക്കണ്ണി “.എന്ന് പുള്ളിക്കാരി പറയുകയും മുന്നും പിന്നും നോക്കാതെ ….”അതു നിന്റെ ത ന്ത ആണെടി ” എന്നൊരു ഡയലോഗ് പറഞ്ഞു ഞാൻ തിരികെ നടന്നു.(അപ്പന്റെ ചേട്ടനെ ആണ് ഈ പറഞ്ഞത് എന്നൊന്നും അന്നത്തെ പ്രായത്തിൽ ചിന്തിച്ചില്ല. സത്യം )….

ഷാജിച്ചയാൻ ഞങ്ങടെ വീടിന്റെ വരാന്തയിൽ ഇരുന്നു ഈ കൂട്ടമൊക്കെ കണ്ടെങ്കിലും സംഭവം ആളിന് കത്തിയില്ല..ഞാൻ നടന്നു പോകുന്നതിന്റെ കുറെ മുന്നിൽ ആയി അപ്പുറത്തെ മാത്യുചായന്റെ മോൻ റോയ് ഉണ്ട്. റോയിയോട് ഷാജിച്ചായൻ കാര്യം തിരക്കിയപ്പോൾ ” നിങ്ങടെ ജോർജേട്ടന്റെ മോൾ ഓമനയുടെ തന്തയ്ക്ക് വിളിച്ചു ഷീജ. “… പോരെ പൂരം.. ഞാൻ  വന്നു കേറുമ്പോ അമ്മച്ചി ചൂലും കെട്ടും പിടിച്ചു നിൽപ്പുണ്ട് എന്നെ തല്ലിപൊളിക്കാൻ. പക്ഷെ അടി കിട്ടിയില്ല.

“അവളെ പരസ്യം ആയി കളിയാക്കിട്ട് അല്ലെ അവൾ ത ന്തയ്ക്കു വിളിച്ചത്. അതിനു അവളെ അടിക്കരുത് അമ്മച്ചി”.. എന്നാ ഷാജിച്ചായന്റെ ഡയലോഗിൽ പുറം പൊളിക്കുന്ന അടിയിൽ നിന്നും രക്ഷപെട്ടു..എന്നിട്ടും ചെവിക്കിട്ടു നല്ല കിഴുകു കിട്ടി……

രാത്രിയിൽ അച്ചാച്ചൻ വന്നപ്പോ ആണ് ബാക്കി പൂരം. സ്വന്തം ചേട്ടന്റെ മോളെയാണ് ത ന്തയ്ക്ക് വിളിചതു..അച്ചാച്ചൻ എങ്ങനെ റിയാക്ട് ചെയ്യും എന്ന് കുഞ്ഞു ഷീജയ്ക്കു നല്ല പേടി ഉണ്ട്..കാരണം അച്ചാച്ചൻ ഞങ്ങൾ നാലു മക്കളെയും വഴക്ക് പറയും എങ്കിലും ഒന്ന് നുള്ളി നോവിച്ചിട്ടില്ല..ഒടുവിൽ അച്ചാച്ചൻ ചോറു ഉണ്ണാൻ ഇരുന്നപ്പോ എന്നെ വിളിച്ചു അടുത്ത് ഇരുത്തി മൊത്തം സംഭവം പറയിപ്പിച്ചു. പറഞ്ഞു അവസാനം ആയപ്പോ ഞാൻ കരയാനും തുടങ്ങി…..”കരയണ്ട..പോട്ടെ. മോളെ വേദനിപ്പിക്കുന്ന രീതിയിൽ ആരെന്തു പറഞ്ഞാലും പേടിച്ചു കരഞ്ഞു നില്കാതെ ഉടനെ തിരിച്ചു മറുപടി കൊടുക്കാൻ പഠിക്കണം കെട്ടോ”….

അച്ചാച്ചന്റ ആ ഒരൊറ്റ ഡയലോഗ്..അതാരുന്നു പിന്നീട് ഉള്ള തന്റേടം…കല്യാണം കഴിയുന്നത് വരെ ആ തന്റേടം ഉണ്ടാരുന്നു എന്നിൽ..എന്നാൽ അതിനു ശേഷമുള്ള ഇരുപതു വർഷം ആ തന്റേടം നഷ്ടപെട്ട ജീവിതം ആരുന്നു. എന്നാൽ പ്രതികരിക്കുമ്പോൾ ഉള്ള ഉപദ്രവം എന്റെ മക്കളുടെ മേലെയും ആയപ്പോ സഹിക്കാൻ വയ്യാതെ വീണ്ടും ആ തന്റേടം എന്നിലേക്ക് തിരികെ വന്നു…..

ഇപ്പൊ ദേ ഇങ്ങനെ മക്കളെ നെഞ്ചോടു ചേർത്തു തലയുയർത്തി പിടിച്ചു ആ തന്റേടത്തോടെ ജീവിക്കുന്നു. ഇനിയും ആർക്കും എന്നെ തോല്പിക്കാൻ കഴിയില്ല എന്നാ ധൈര്യത്തോടെ മുന്നോട്ടു…..