വാതിൽ ചേർത്തടച്ചിരിക്കുകയാണ്, ഇനി താൻ ചെന്ന് മുട്ടി വിളിച്ച് എന്തെങ്കിലും പഞ്ചാര വാക്ക് പറഞ്ഞാലെ അവള് ….

നന്ദനം

Story written by Saji Thaiparambu

================

നന്ദേട്ടാ..കിടക്കാറായില്ലേ?

ബെഡ് റൂമിൽ നിന്ന് നീലിമയുടെ ചോദ്യം.

നീ കിടന്നോ നീലി, എനിക്കൊരല്പം കൂടി എഴുതി തീർക്കുവാനുണ്ട്.

ഫെയ്സ് ബുക്കിലെ ഗ്രൂപ്പിലെ കഥയെഴുത്തുകാരനാണ് നന്ദകുമാർ. പുതിയ എന്തോ സൃഷ്ടിയുടെ തിരക്കിലാണയാൾ.

“ങ്ഹാ ഞാൻ ദേ ഉറങ്ങാൻ പോകുവാ , ബാൽക്കണിയിൽ ഇരുന്ന് മഞ്ഞ് കൊണ്ട് തണുക്കുമ്പോൾ, കെട്ടിപിടിക്കാനായിട്ട് അങ്ങ് വന്നേക്കരുത്.”

നീലിമ ശുണ്ഠിയോടെ പറഞ്ഞിട്ട് വാതില് ശക്തിയായ് വലിച്ചടച്ചു.

ങ്ഹും, ഇതെത്ര കണ്ടതാ, അവളുടെ ഒരു പരിഭവം. പിന്നെ എന്റെ പ ട്ടി ചെല്ലും കെട്ടി പിടിക്കാൻ. തണുക്കുമ്പോൾ പുതക്കാൻ നല്ല ഒന്നാന്തരം ബ്ലാങ്കറ്റുണ്ടെടി പോ ത്തെ.

അത് മനസ്സിൽ പറഞ്ഞ് കൊണ്ട് നന്ദൻ രചനയിൽ വ്യാപൃതനായി.

കഥയുടെ ക്ലൈമാക്സാണ് ഇനി എഴുതേണ്ടത്. അത് എങ്ങനെയാവണമെന്ന്, എത്ര ആലോചിച്ചിട്ടും ശരിയാവുന്നില്ല

എല്ലാം തനിയാവർത്തനമായാൽ.വായനക്കാർക്ക് പിന്നെ അത് മതി വിമർശിക്കാൻ

ഫെയ്സ് ബുക്ക് പേജിൽ കണ്ണ് നട്ടിരുന്നപ്പോൾ മെസ്സഞ്ചറിൽ നിന്നും ഒരു നോട്ടിഫിക്കേഷൻ വന്നു.

വൃത്താകൃതിയിൽ നിറഞ്ഞ് നില്ക്കുന്ന ഒരു സുന്ദരിയായ യുവതിയുടെ പിക്ചറിനൊപ്പം ഒരു “ഹായ്”.

ഇതാരാണപ്പാ, ഈ പാതിരാത്രിയിൽ ഉറക്കമില്ലാതിരിക്കുന്ന ഈ സുന്ദരി,

മുഖചിത്രത്തിന്റെ ഭംഗി കണ്ടപ്പോൾ, അവളെ കുറിച്ചുള്ള ഡീറ്റൈൽ ഒന്ന് അറിയാമെന്ന് കരുതി അയാൾ അവളുടെ FB പ്രൊഫൈ‌ൽ ഓപൺ ചെയ്തു.

പക്ഷേ ഫോട്ടോസ് അധികമൊന്നുമില്ല. ഉള്ളത് മുഴുവനും, താനിപ്പോൾ കണ്ട മുഖം മാത്രം.

ആരാ എന്താ എന്നൊന്നും അറിയാതെ, ഈ ഹായ്, പറഞ്ഞതിന് മറുപടി കൊടുക്കണോ ? നീലിമയെങ്ങാനും കണ്ടോണ്ട് വന്നാൽ പിന്നെ അത് മതി പുകിലിന്, ഭീതിയോടെ അയാൾ ബെഡ് റൂമിന് നേരെ നോക്കി.

വാതിൽ ചേർത്തടച്ചിരിക്കുകയാണ്, ഇനി താൻ ചെന്ന് മുട്ടി വിളിച്ച് എന്തെങ്കിലും പഞ്ചാര വാക്ക് പറഞ്ഞാലെ അവള് കതക് തുറക്കൂ.

“എന്താ ഒന്നും മിണ്ടാത്തെ”

വീണ്ടും മെസ്സഞ്ചർ നോട്ടിഫിക്കേഷൻ വൃത്തത്തിനുള്ളിൽ അളുടെ ചോദ്യം.

ഇനിയും മറുപടി കൊടുക്കാതിരുന്നാൽ തനിക്ക് വെയ്റ്റാണെന്ന് അവൾ വിചാരിക്കും.

ഒരു പക്ഷേ അവൾ തന്റെ കഥയുടെ സ്ഥിരം വായനക്കാരിയാണെങ്കിൽ അവളെ വെറുപ്പിക്കാതിരിക്കുന്നതാണ് ബുദ്ധി.

“ഹായ്, ഇതാരാ ” നന്ദൻ തിരിച്ച് ചോദിച്ചു.

“എന്റെ പേര് കണ്ടില്ലേ, നന്ദന. ഞാൻ അങ്ങയുടെ ഒരു സ്ഥിരം പ്രേക്ഷകയാണ്.”

ഓഹ് താൻ ചിന്തിച്ചത് പോലെ തന്നെ, നന്ദൻ തന്റെ തോന്നലിനെ ന്യായീകരിച്ചു.

“എന്താ പുതിയ കഥയൊന്നുമിട്ടില്ലേ?”

അവളുടെ ചോദ്യം

“ഞാൻ ഒരു പുതിയ കഥയുടെ എഴുത്തിലാ”

“അയ്യോ എന്നാൽ സോറി, ഞാനറിഞ്ഞില്ല. എഴുതിക്കോളു, ഇനി ഞാൻ ശല്യപ്പെടുത്തുന്നില്ല.”

അവളത് പറഞ്ഞപ്പോൾ അയാൾ പെട്ടെന്ന് മറുപടി കൊടുത്തു.

“ഹേയ് അങ്ങനൊന്നുമില്ല, നന്ദന പറഞ്ഞോളു .”

“ഉം. പറയാനാണെങ്കിൽ ഒരുപാടുണ്ട് ഏട്ടാ, ഈ ജന്മം പറഞ്ഞാലും തീരാത്തത്ര “

ങ് ഹേ, ഇവളെന്താ ഇങ്ങനൊക്കെ പറയുന്നത്. എന്തോ, വലിയ നിരാശയുള്ളത് പോലെ. നന്ദന് ജിജ്ഞാസയേറി.

“എന്താ നന്ദു, എന്തൊക്കെയോ നന്ദുവിന്റെ മനസ്സിനെ അലട്ടുന്നുണ്ടല്ലേ?”

അവളെ കുറച്ച് ഫേവർ ചെയ്യാമെന്ന് കരുതിയാണ് അയാൾ പേരു് ചുരുക്കി വിളിച്ചത്.

“ഉണ്ട് ഏട്ടാ, എന്റെ മനസ്സിൽ കിടന്ന് ശ്വാസം മുട്ടുന്ന ഒരു പാട് നൊമ്പരങ്ങൾ അതാരോടെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്ക് ഭ്രാ ന്ത് പിടിക്കും”

കുറച്ച് നാളായ് അതൊക്കെ തുറന്ന് സംസാരിക്കാൻ പറ്റിയ ഒരാളെ ഞാനന്വേഷിക്കുകയായിരുന്നു.

ചേട്ടന്റെ കഥകൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായി. എന്റെ വേദനകൾക്ക് പരിഹാരമുണ്ടാക്കാൻ ഏട്ടന് കഴിയുമെന്ന് .”

നല്ല കാര്യമായി ഇവിടെ ഒരെണ്ണമുള്ളതിനെ തന്നെ ശരിക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ല. അപ്പോഴാ..

നന്ദനയുടെ കുറിപ്പുകൾ വായിച്ചപ്പോൾ നന്ദന് ഉള്ളിൽ ചിരി പൊട്ടി. എങ്കിലും അവളെ നിരാശപ്പെടുത്താൻ അയാൾക്ക് തോന്നിയില്ല.

“ഉം…അതിനെന്താ, നന്ദു പറഞ്ഞോളു, എന്നെ കൊണ്ട് കഴിയുന്നത് ഞാൻ ചെയ്ത് തരാം”

അയാൾ അവൾക്ക് ഉറപ്പ് കൊടുത്തു.

“അതെ നന്ദേട്ടാ, എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് മൂന്ന് വർഷമായി . ആദ്യമൊക്കെ ഭർത്താവിന് എന്നോട് മുടിഞ്ഞ സ്നേഹമായിരുന്നു. പിന്നെ പിന്നെ അത് കുറയാൻ തുടങ്ങി. ഇപ്പോൾ, അങ്ങേർക്ക് എന്റെ കാര്യത്തിൽ തീരെ ശ്രദ്ധയില്ല. ഞാനെന്തെങ്കിലും ചോദിച്ചാലോ അടുത്തേയ്ക്ക് ചെന്നാലൊക്കെ എന്നോട് ദേഷ്യപ്പെടും”

അവളുടെ നൊമ്പരങ്ങൾ അലകടൽ പോലെ മെസ്സഞ്ജറിൽ കയറിയിറങ്ങി കൊണ്ടിരിക്കുന്നു.

അവളുടെ വാക്കുകളിൽ നിന്ന് അറിഞ്ഞ ആ സ്റ്റേഹശൂന്യനായ ഭർത്താവിനോട് അയാൾക്ക് അമർഷം തോന്നി.

“അല്ല, എന്താ നന്ദൂന്റെ ഭർത്താവിന് പറ്റിയത്. അയാൾക്ക് മറ്റാരോടെങ്കിലും പ്രണയമുണ്ടോ.” രണ്ടും കല്പിച്ചയാൾ അവളോട് ചോദിച്ചു.

“ഉം ഉണ്ട്. ആ പ്രണയം തുടങ്ങിയപ്പോൾ മുതലാണ് എന്നോട് അകൽച്ച തുടങ്ങിയത്.”

അവളത് പറഞ്ഞപ്പോൾ നന്ദന് ആ ഭർത്താവിനോട് വല്ലാത്ത വെറുപ്പ് തോന്നി. ഇത്രയും സുന്ദരിയും സ്റ്റേഹ നിധിയുമായ ഭാര്യയെ വഞ്ചിക്കാൻ ആ ദുഷ്ടന് എങ്ങനെ മനസ്സ് വന്നു.

“ആരാണവൾ നന്ദു അവളെ കണ്ടിട്ടുണ്ടോ?” അയാൾ ഉദ്യോഗത്തോടെ ചോദിച്ചു.

ഉം ഒരുപാട് തവണ, അതവളും, അവ നുമൊന്നുമല്ല. ഫെയ്സ് ബുക്കിനോടാണ് അദ്ദേഹത്തിന് പ്രണയം. ഇരുപത്തിനാല് മണിക്കൂറും അതിനകത്ത് തന്നാ.

“ങ് ഹേ”

അത് കേട്ടപ്പോൾ നന്ദകുമാർ വല്ലാതെയായി. ഇതാണോ, ഇവളിത്രയും നേരം പെരുപ്പിച്ച് പറഞ്ഞോണ്ടിരുന്നേ. ഇതിന്റെ പേരിൽ എന്റെ ഭാര്യയും നിത്യേന വഴക്കിടുന്നതല്ലേ.

“ഇനി ഞാനെന്ത് ചെയ്യും നന്ദേട്ടാ, ഏട്ടൻ തന്നെ ഇതിനൊരു പോംവഴി പറഞ്ഞു താ “

അവളുടെ ചോദ്യം കൺമുന്നിൽ വെയ്റ്റ് ചെയ്യുന്നു.

ശ്ശെടാ ,ഇത് വലിയ പുലിവായല്ലോ, എന്തെങ്കിലുമൊന്ന് പറഞ്ഞില്ലെങ്കിൽ താൻ വെറുമൊരു ആസ്സാണെന്ന് അവൾ കരുതിയാലോ. അവളുടെ മുന്നിൽ താനൊരു വലിയ എഴുത്തുകാരനല്ലേ…എന്ത് പറയണം എന്ന് ഒരു നിമിഷം ആലോചിച്ചിട്ട് ഇങ്ങനെ പറഞ്ഞു.

അതേ അതിനൊരു കാര്യം ചെയ്താൽ മതി. മുള്ളിനെ മുള്ള് കൊണ്ടെടുക്കുക. നന്ദുവും അയാളെ ഇനി തീരെ ശ്രദ്ധിക്കരുത്. അയാൾ ജോലി കഴിഞ്ഞ് വരുമ്പോഴും കിടക്കാൻ നേരത്ത് മൊക്കെ നന്ദു ഫെയ്സ് ബുക്കിൽ  മുഴുകിയിരിക്കണം. അയാൾ ചായ ചോദിച്ചാലും, ചോറ് ചോദിച്ചാലും ഒന്നും കേട്ടതായി പോലും ഭാവിക്കാതെ ആരോടെങ്കിലും, ഇത് പോലെ ചാറ്റ് ചെയ്തോണ്ടിരിക്കണം. അവസാനം അയാൾക്ക് തിരിച്ചറിവുണ്ടാകും. നന്ദുവിനോട് അയാൾ ഇത്രനാളും ചെയ്തതതിനെക്കുറിച്ച് വീണ്ട് വിചാരമുണ്ടാകും. മനസ്സിലായോ?”

“ഉം. മനസ്സിലായി “

പണി ഏറ്റു എന്ന് മനസ്സിലായപ്പോൾ നന്ദന് സന്തോഷമായി. ഇനി അവള് ചാറ്റുകയോ ഫെയ്സ് ബുക്കിൽ കിടന്ന് ഉറങ്ങുകയോ ചെയ്യട്ടെ.

നന്ദകുമാർ നെറ്റ് ഓഫ് ചെയ്തിട്ട് വേഗമെഴുന്നേറ്റു.

തന്റെ നീലിമയെ അനുനയിപ്പിക്കാനുള്ള അടവുകൾ മനസ്സിൽ ഉറപ്പിച്ച് കൊണ്ട് ചെന്ന് ബെഡ് റൂമിന്റെ വാതിലിൽ മുട്ടി.

മുട്ടിയപ്പോൾ മനസ്സിലായി വാതിൽ വെറുതെ ചാരിയിട്ടേയുള്ളു.

സമാധാനത്തോടെ അയാൾ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ നീലിമ കട്ടിലിൽ കമിഴ്ന്ന് കിടന്ന് കൊണ്ട് ഫെയ്സ് ബുക്ക് കാണുന്നു.

ങ്ഹേ, ഇവൾക്കും FB അക്കൗണ്ട് ഉണ്ടായിരുന്നോ?

അയാൾക്ക് നേരിയ ഞെട്ടലുണ്ടായി,

“ഇതാണോടി, നീ ഉറങ്ങാൻ പോകുന്നെന്ന് പറഞ്ഞത്. “

നന്ദകുമാറിന്റെ ശബ്ദം കനത്തിരുന്നു.

“ഉം. അതെന്താ നിങ്ങളുടെ വായനക്കാരികൾക്ക് മാത്രമേ FB ഉപയോഗിക്കാൻ പാടുള്ളോ, കുറച്ച് മുമ്പ് ഒരുത്തിയോട് പറയുന്നത് കണ്ടല്ലോ FB യിൽ കയറി ഭർത്താവിനെ വെല്ലുവിളിക്കാൻ “

അപ്പോൾ അയാൾ ശരിക്ക് ഞെട്ടി.

“ങ്ങ്ഹേ, അത് നീയെങ്ങനെയറിഞ്ഞു. “

അയാൾക്ക് അത്ഭുതമായി.

അപ്പോളവൾ ഫോൺ നന്ദന്റെ നേർക്ക് നീട്ടി.

അതിൽ താനും, നന്ദനയും ചാറ്റ് ചെയ്ത പേജ്.

അപ്പോഴാണ് താനിത്ര നേരം ചാറ്റ് ചെയ്തത് തന്റെ ഭാര്യയോടൊപ്പമാണെന്ന് അയാൾക്ക് മനസ്സിലായത്.

പിന്നെ നീലിമയുടെ മുഖത്ത് നോക്കാൻ കഴിയാതെ അയാൾ ലൈറ്റ് ഓഫ് ചെയ്തു.

~സജിമോൻ തൈപറമ്പ്