എന്താ അരുണിമേ മറച്ചു വെച്ചിട്ട് എന്താ കാര്യം..എന്നായാലും അറിയേണ്ടതല്ലേ….

മിഴിനീർ…

Story written by Rajesh Dhibu

====================

“അരുണിമേ….നീ ഇന്ന് വണ്ടി എടുക്കണ്ട ട്ടോ. എൻ്റെ കൂടെ കാറിൽ പോന്നോളൂ..മഴ വരുന്നുണ്ട്.. “

രാവിലെ ബീന വിൽസൻ്റ വാട്സാപ്പ് മെസ്സേജ് എടുത്തു നോക്കികൊണ്ടാണ് അരുണിമ കിടക്കയിൽ നിന്ന് എഴുന്നേറ്റത്‌..കിച്ചുവേട്ടൻ്റെ ശുഭദിനത്തിനു മറുപടി നൽകി കൊണ്ട് ഫോൺ നെറ്റ് ഓഫ് ചെയ്ത് അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ ബീന മേഡത്തിൻ്റെ മെസ്സേജ് മനസ്സിൽ ഒരിക്കൽ കൂടി ഉരുവിട്ടു.

ഡോക്ടറിനു ഇതു എന്തു പറ്റി..എന്തെങ്കിലും അത്യാവശ്യമില്ലാതെ രാവിലെ മെസ്സേജ് അയക്കുന്ന ആളല്ലല്ലോ…വല്ലയിടത്തും പോകാനുണ്ടെങ്കിലേ എന്നെ കൂട്ടാറുള്ളൂ. ഇനി ചിലപ്പോൾ വല്ലയിടത്തും പോകാനുണ്ടാകും. അതായിരിക്കും സംശയങ്ങൾ അടുക്കളയിലെ അടുപ്പിൻ്റെ പുകയിൽ മറച്ചുവെച്ചു.

ചായ ഇട്ടു. അനുമോൾക്കും വിഷ്ണുവിനും കൊണ്ടു കൊടുത്തു അവരെ തട്ടിയുണർത്തി…

“എടീ അനു എഴുന്നേറ്റേ..ആറു മണിക്ക് ഓൺലൈൻ ക്ലാസ്സ് ഉള്ളതല്ലേ..എന്നിട്ടും ചുരുണ്ടുകൂടി കിടക്കാ..അച്ഛനോട് വിളിച്ചു പറയണോ..അച്ഛൻ്റെ പുന്നാരമോൾ പഠിത്തത്തിൽ ഇപ്പോൾ പുറകോട്ടാണെന്ന്.. “

അവൾ ചിണുങ്ങി കൊണ്ട് എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് പോയി..വിഷ്ണു പഠിക്കാൻ മിടുക്കനാ..അവൻ രാവിലെ എഴുന്നേറ്റ് ടാബിൻ്റെ മുന്നിൽ ഓൺലൈൻ ക്ലാസ്സിനു വേണ്ടി തയ്യാറെടുക്കുന്നത് കണ്ടു കൊണ്ടാണ്. അരുണിമ കുളിക്കാൻ കയറിയത്..കുളിക്കുമ്പോൾ വയറിലെ ആ മുഴയിൽ അറിയാതെ ഒന്നു തടവി പോയി..ഏട്ടനോട് പറഞ്ഞാലോ..വേണ്ട ആ പാവം പേടിക്കും.അല്ലങ്കിലും പത്തു നാൽപ്പതു വയസ്സായില്ലേ..കൊച്ചുങ്ങൾ വലുതായി. ഇനിയിപ്പോൾ യു ട്രസ്സ് എടുത്തുകളയണമെന്ന് പറയുകയാണങ്കിൽ സമ്മതിക്കുകതന്നെ..

ഷവറിലെ അവസാന വെള്ളത്തുള്ളികൾ മാറിടത്തിലൂടെ ഒഴുകിയിറങ്ങി വയറിൻ്റെ ആ ഭാഗത്തു വന്നു നിന്നപ്പോൾ അവൾ ഒന്നുകൂടി അവിടെ തടവി. തൻ്റെ കണ്ണുകൾ നിറയുന്നുണ്ടോ എന്നൊരു സംശയം..രണ്ടു മക്കൾക്ക് ജീവൻ നൽകിയ തൻ്റെ യൂട്രസ്സ് ഇനി നഷsപ്പടും എന്ന് ഓർക്കുമ്പോൾ എന്തോ..മനസ്സ് സമ്മതം നൽകുന്നില്ല ഷീല ഡോക്ടർ പറഞ്ഞ പ്രകാരം ഫൈബ്രോയിഡ് ആണോന്ന് ഒന്നു നോക്കിയാലോ…യൂട്രസ്സ് എടുത്തുകളയാതെ നടക്കുകയാണങ്കിൽ അതല്ലേ നല്ലത്..ചിലപ്പോൾ ശരിയാകുമായിരിക്കും അല്ലേ..അവൾ സ്വയം പിറുപിറുത്തു…

വസ്ത്രം മാറി കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു. പതിവായി തൊടുന്ന കറുത്ത പൊട്ട് കണ്ണാടിയിൽ നിന്ന് അടർത്തിയെടുത്ത് നെറ്റിയിൽ തൊട്ടു. അതിനു മുകളിലായി ഒരു ചന്ദന കുറി. ആദ്യമായി ഏട്ടൻ്റെ വിരൽ തൊട്ട അവിടം ഒരു നുള്ള് കുങ്കുമം…

കൊള്ളാം..സുന്ദരിയായിരിക്കുന്നു. സ്വയം ഒന്നു വിലയിരുത്തി..

അപ്പേഴാണ് അവൾ ശ്രദ്ധിച്ചത്..ശെടാ…എട്ടൻ പറഞ്ഞതു ശരിയാണല്ലോ..കണ്ണിനു താഴെയുള്ള കറുപ്പു നിറം കൂടി കൂടി വരികയാണല്ലോ..ഉറക്കം മതിയാവുന്നില്ല. അതുഎങ്ങിനെയാ ഉറങ്ങാൻ കഴിയുന്നേ..പുസ്തകങ്ങളിലും ആളുകൾ പറഞ്ഞു കേട്ടതുമായ ആ അസുഖം തന്നെയും ബാധിച്ചിരിക്കല്ലേ..അവൾ മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു..

രണ്ടു ദോശ ചമ്മന്തിയും കൂട്ടി തിടുക്കത്തിൽ വാരിവലിച്ചു കഴിച്ച് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ സമയം എട്ടായി…ഈശ്വരാ..ഡോക്ടർ പോയി കാണുമോ…

ഓടിക്കിതച്ച് ബസ് സ്റ്റോപ്പിനടുത്തുള്ള മാവിൻ ചുവട്ടിലെത്തിയപ്പോൾ ഡോകടറുടെ കാർ അവിടെ കിടക്കുന്നതു കണ്ടപ്പോഴാണ് കിതപ്പിലും അവൾക്ക് ആശ്വാസമായത്..

“വാ..അരുണിമേ..എനിക്കറിയാമായിരുന്നു അരുണിമ വൈകുമെന്ന്..അതാ ഫോൺ വിളിക്കാതെ കാത്തു നിന്നത് .. “

ഡോക്ടർ ചിരിച്ചു കൊണ്ടത് പറഞ്ഞപ്പോൾ അരുണിമയ്ക്ക് ആശ്വാസത്തോടൊപ്പം ഒരു പ്രതീക്ഷയും കൂടി മനസ്സിൽ ഉടലെടുത്തു…മാഡം എന്നും തനിക്ക് ഒരു ഡോക്ടർ എന്നതിലുപരി ഒരു നല്ല സുഹൃത്തും കൂടിയാണ്…

മുഖത്തെ വിഷമം കണ്ടിട്ടാകണം ഡോകടർ അക്കാര്യം ചോദിച്ചത്.

എന്താ അരുണിമേ മുഖത്ത് ഒരു വാട്ടം..ഇതെല്ലാം സർവ്വസാധാരണയാണ്..ഒരു ആശുപത്രി ജീവനക്കാരിയായിട്ട് താനിങ്ങിനെ പേടിച്ചാലോ..ധൈര്യമായിട്ടിരിക്കുന്നേ..ഒന്നുമില്ലങ്കിലും ഇത്രയും നാൾ ജീവിച്ചില്ലേ..രണ്ടു മക്കളും ഉണ്ട്..ഹസ്ബൻ്റിനോട് പറഞ്ഞുവോ…കാർ ഡ്രൈവ് ചെയ്യുമ്പോഴും ഡോക്ടർ അരുണിമയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

ഇല്ല മേഡം. പറയാൻ ഒരു പേടി..എട്ടൻ എന്തു പറയുമെന്ന് ഒരു പിടിയുമില്ല.

എന്താ അരുണിമേ മറച്ചു വെച്ചിട്ട് എന്താ കാര്യം..എന്നായാലും അറിയേണ്ടതല്ലേ

എന്നാലും ഡോക്ടർ ഒരു പേടി..മുഖത്ത് പൊടിഞ്ഞ വിയർപ്പുതുള്ളികൾ സാരിത്തലപ്പു കൊണ്ടു തുടച്ചു കൊണ്ടവൾ മറുപടി പറഞ്ഞു.

പിന്നെ അരുണിമേ, നമുക്ക് ഒരിടം വരെ പോകണം.

എവിടേയ്ക്കാമേഡം..അപ്പോൾ മെഡിക്കൽ സ്റ്റോറിൽ രാവിലെ ആരാണ് ഉള്ളത്..?

ഞാൻ ശ്രീദേവിയോട് നേരത്തേ വരാൻ പറഞ്ഞിട്ടുണ്ട്. അവൾ സഹായത്തിന് നിമിഷയേയും കൂടി വിളിച്ചോളും

എങ്ങോട്ടാ മേഡം നമ്മൾ പോകുന്നത്..അവൾ ആശ്ചര്യത്തോടെ ചോദിച്ചു…

എൻ്റെ ഒരു ബന്ധുവിനെ കാണാനാ…അരുണിമ അറിയും
റോസ് മേരി..അവൾക്ക് ഇച്ചിരി കൂടുതലാ, ഒന്ന് പോയി കാണണമെന്ന് തോന്നി..

മേഡം ഞാൻ വരുന്നില്ല. എനിക്കവരെ കാണണ്ട….

അങ്ങിനെ പറയരുത് അരുണിമേ..ജോസ് ചെയ്ത തെറ്റിന് അവർ എന്തു പിഴച്ചു…അവൾ ഒരു പാവമാ..സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പൊട്ടിപ്പെണ്ണ്…

മേഡം പറയുന്നതു കൊണ്ട് ഒന്നും തോന്നരുത്.അവർ ശരിയല്ലാത്തതു കൊണ്ടല്ലേ അയാൾ എന്നെ കയറി പിടിക്കാൻ ധൈര്യം കാണിച്ചത്…ഡോക്ടറുടെ ബന്ധുവായതുകൊണ്ടാണ് ഞാനിക്കാര്യം ഏട്ടനോട് പോലും പറയാതിരുന്നത്. ഇനിയും അതു കുത്തിപ്പൊക്കുവാനാണേൽ നിയമത്തിൻ്റെ വഴിയേ പോകേണ്ടി വരും.

അങ്ങിനെ പറയരുത് അരുണിമേ…ഇനി അതിൻ്റെ ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല

റോസ് മേരിക്ക് ഒന്നും അറിയില്ലായിരുന്നു. അവൾ ജോസിനെ സ്നേഹിച്ച പോലെ ഈ ലോകത്ത് ആരും തൻ്റെ പുരുഷനെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല…എനിക്കു പോലും പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്…എന്നാൽ അവൾ പ്രതീക്ഷിക്കാത്തതു അവളുടെ ജീവിതത്തിൽ സംഭവിച്ചപ്പോൾ അവൾക്കത് ഉൾക്കൊള്ളുവാൻ കഴിഞ്ഞിട്ടുണ്ടാകില്ല….

മേഡം എന്താണ് പറഞ്ഞു വരുന്നത്.

ഒരിക്കൽ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കിടക്കുന്നതിനിടയിൽ അയാൾ നിൻ്റെ ഫോട്ടോ മൊബൈൽ എടുത്തു നോക്കുന്നത് യാദൃച്ചികമായിട്ടാണ് റോസ് മേരി കാണാൻ ഇടയായത്. അന്നവൾ അതു അത്ര കാര്യമാക്കിയില്ല…നീ ആരാണന്നു പോലും അവൾക്കറിയില്ലായിരുന്നു. ഒരു പെണ്ണ് അത്രയേ അവൾ കരുതിയുള്ളൂ..പിന്നീട് എപ്പോഴോ റോസ്മേരി, ജോസിൻ്റെ മൊബൈൽ പരിശോധിക്കാൻ ഇടയായി..അതു കണ്ട റോസ് മേരിക്ക് തൻ്റെ സമനില തെറ്റുന്ന പോലെ തോന്നി…നിൻ്റെ ചില ശരീരഭാഗങ്ങൾ ഭാഗങ്ങൾ മാത്രം ഫോട്ടോ എടുത്ത് വച്ചിരിക്കുന്നു..ഭർത്താവിനെ ദൈവത്തിനു തുല്യം സ്നേഹിച്ച റോസ് മേരി ക്ക് അതു താങ്ങാൻ കഴിയുന്ന ഒന്നായിരുന്നില്ല. ഫോട്ടോകളിൽ ഇടയ്ക്കു കയറി വന്ന മെഡിക്കൽ ഷോപ്പിൻ്റെ പേര് കണ്ടതുകൊണ്ടാണ് എന്നെ വിളിച്ച് കാര്യം അന്വേഷിച്ചത്..എല്ലാം എന്നോട് തുറന്നു പറഞ്ഞു. നിന്നെ ഒന്നു കൂട്ടികൊണ്ടുവരണമെന്ന് പറഞ്ഞു. ഒന്നു മാപ്പു പറയാൻ….

അവർ എന്തിനു മാപ്പു പറയണം മാപ്പു പറയേണ്ടത് അയാൾ അല്ലേ..

ഇതു കേട്ട അരുണിമ യുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു

മേഡം എൻ്റെ ജീവിതം തകർക്കരുത്..എൻ്റെ ഏട്ടനും മക്കൾക്കും ഞാൻ മാത്രമേ ഉള്ളൂ..ഇപ്പോൾ തന്നെ…മേഡത്തിന് അറിയാലോ ഞാൻ അനുഭവിക്കുന്ന ടെൻഷൻ അതിൻ്റെ കൂടെ….അവൾ വാക്കുകൾ മുഴുവിപ്പിക്കാതെ പൊട്ടിക്കരഞ്ഞു.

അരുണിമേ പേടിക്കേണ്ട..അരുണിമയ്ക്ക് ഒരു ദോഷവും വരില്ല..ഇന്നലെ രാത്രിയാണ് ഞാനാക്കാര്യം അറിഞ്ഞത്. ഫോണിലുള്ളതെല്ലാം റോസ് മേരി നശിപ്പിച്ചു…നാളെ നിന്നെ കൂട്ടി വരണമെന്നും പറഞ്ഞാണ് ഞങ്ങൾ ഫോണിൽ പിരിഞ്ഞത്..എന്നാൽ അവൾ…ഡോക്ടർ കാർസൈഡിലേക്ക് ഒതുക്കി നിറുത്തി ഒരു നിമിഷം നിശബ്ദയായി നിന്നുകൊണ്ടു തുടർന്നു….

അതു കൂടാതെ ജീവിതത്തേയും ഭർത്താവിനേയും അത്ര കണ്ട് സ്നേഹിച്ച അവർ ഒരു കടുംകൈ കൂടി ചെയ്തു. ഭർത്താവിന് വിഷം നൽകി അവരും കഴിച്ചു…ജോസ് ഹോസ്പ്പിറ്റലിൽ എത്തുന്നതിനു മുൻപ് മരിച്ചു..റോസ് മേരി ഐസിയുവിലാണ്..ഇടക്ക് എപ്പോഴോ ഓർമ്മ വീണപ്പോഴാണ് എൻ്റെ പേരും അരുണിമയുടെ പേരും വിളിച്ചു പറഞ്ഞത്. ഡോക്ടർ രാഹുലാണ് ആശുപത്രിയിൽ നിന്ന് വെളുപ്പിന് എന്നെ വിളിച്ചത്…

ഡോക്ടർ പറയുന്നത് സത്യമാണോ..അവൾ വിറയാർന്ന ശബ്ദത്തോടെ ചോദിച്ചു…

ഹോസ്പ്പിറ്റലിൽ എത്തുന്നവരെ ഡോക്ടർ സംസാരിക്കുന്നത് അരുണിമ കേൾക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സും ശരീരവും മരവിച്ചു പോയിരുന്നു..ഒരു പാവ കണക്കെ ഡോക്ടറുടെ പിറകെ ഐസിയുവിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ കഴിഞ്ഞു പോയ കാര്യങ്ങൾ മനസ്സിൽ കിടന്നു. എരിയുകയായിരുന്നു.

അന്ന് ഡോക്ടറോട് എല്ലാം ഏറ്റുപറഞ്ഞപ്പോൾ തീർന്നുവെന്നാണ് കരുതിയത്. എന്നാൽ ആ ദൃശ്യങ്ങൾ…വേറെ ആരങ്കിലും കണ്ടങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. മുൻപോട്ടുള്ള വഴിയെല്ലാം ഇരുട്ടു മൂടിയത് പോലെ തോന്നിയവൾക്ക്..ഐ സി യു വിൻ്റെ വാതിലിനടുത്തു എത്തുന്നതിനു മുൻപ് കതകു തുറന്ന് ഒരു സ്ട്രക്ചർ പുറത്തേക്ക് വന്നു. കൂടെ ഡോക്ടർ രാഹുലും ഉണ്ടായിരുന്നു…

സോറി ഡോക്ടർ എല്ലാം കഴിഞ്ഞു. പോയസൻ്റ അളവ് വളരെ കൂടുതലായിരുന്നു. ഒരുപാട് ശ്രമിച്ചു. ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല

രാഹുൽ ഡോക്ടറുടെ ന്യായം വ്യക്തമാക്കിയപ്പോൾ വെള്ള പുതച്ച ആ ജഡത്തിലേക്കും അരുണിമയുടെ മുഖത്തേയ്ക്കും മാറി മാറി നോക്കി കൊണ്ട് ഡോക്ടർ മറുപടി പറയാതെ ആ ചുവരിലേയ്ക്ക് ചാഞ്ഞു നിന്നു..

നല്ല ജീവിതങ്ങൾ എത്ര പെട്ടന്നാണ് ശിഥിലമാകുന്നത്. ഓരോന്ന് ചിന്തിച്ചു നിൽക്കുന്നതിനിടയിലാണ് പുറകിൽ നിന്ന് നഴ്സ് ഒരു കവർ അവരെ ഏൽപ്പിച്ചത്..

ബീനഡോക്ടർ ഇത് ആ ചേച്ചിയുടെതാണ്

തിരക്കിട്ട് തുറന്ന കവറിനകത്ത് ഒരു തുണ്ടു പേപ്പറിൽ ഇപ്രകാരം എഴുതിയിരുന്നു ..

“മാപ്പ്,,അരുണിമേ മാപ്പ് ” …കൂടെ ആ മൊബൈലും….

ആ മൊബൈലും ആ പേപ്പറും അരുണിമയെ ഏൽപ്പിക്കുമ്പോൾ അവരുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. കൂടെ അരുണിമയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാലുകളായ് ഒഴുകുന്നുണ്ടായിരുന്നു. അവൾ ആ കവർ മാറോട് ചേർത്തു പിടിച്ചു കൊണ്ട് മനസ്സിൽ വിതുമ്പി…

മാപ്പ് നൽകേണ്ടത് ഞാനല്ലേ..ചേച്ചി..എനിക്കു വേണ്ടി സ്വന്തം ജീവൻ തന്നെ നൽകിയില്ലേ..കവിളിലൂടെ ഒലിച്ചിറങ്ങിയ മിഴിനീർത്തുള്ളികൾ ആ കവറിൽ സ്പർശിച്ചപ്പോൾ അങ്ങകലെ മഴ മേഘങ്ങൾക്കിടയിൽ നിന്ന് ചേച്ചിയുടെ ആത്മാവ് ആനന്ദ കണ്ണുനീർ പൊഴിക്കുന്നുണ്ടായിരുന്നു…

*****************

എന്ന് നിങ്ങളുടെ സ്വന്തം ദീപു ..