തന്റെ ജീവിതം കൈവിട്ടു തുടങ്ങി എന്ന് അവന് മനസിലായി തുടങ്ങിയിരുന്നു. എന്തൊക്കെ ആയിരുന്നു പ്രതീക്ഷകൾ….

Story written by Anoop

==============

“അവരുടെ വീട്ടിൽ 2 അടുപ്പാണെടീ ”  

പുറത്തോട്ട് ഇറങ്ങും നേരത്താണ് അയൽപക്കത്തെ ചേച്ചിയുടെ ഫോണിലൂടെയുള്ള സംസാരം കേട്ടത്. എന്നെ കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ ഞാൻ സംസാരം കേട്ടുകാണുമോ എന്നൊരു ജാള്യത ആ മുഖത്ത് പ്രതിഫലിച്ചിട്ടുണ്ട്

“പ്രസാദ് പണിക്ക് പോവ്വാണോ ? ” ഒരു വിളറിയ ചിരിയോടെയാണ് ചോദ്യം

“ആ…പണി ഉണ്ട് ” ബൈക്ക് മുന്നോട്ട് എടുക്കുന്നതിനിടയിൽ മറുപടി കൊടുത്തു. പിന്നിൽ ഇറയത്ത് തന്നെ ഭാര്യയും മോനും ഉണ്ട്. ബൈക്കിന്റെ ഗ്ലാസിലൂടെ നോക്കുംബൊഴും അവളുടെ മുഖത്ത് ഒരു തെളിച്ചമില്ലായ്മ മാറ്റമില്ലാതെ തുടർന്നു.

തന്റെ ജീവിതം കൈവിട്ടു തുടങ്ങി എന്ന് അവന് മനസിലായി തുടങ്ങിയിരുന്നു. എന്തൊക്കെ ആയിരുന്നു പ്രതീക്ഷകൾ. പ്രണയിച്ചു നടക്കുന്ന സമയത്ത് എന്തൊക്കെ ആയിരുന്നു. അന്നൊന്നും അവളിൽ ഇങ്ങനെ വേറൊരു മുഖമുണ്ടെന്നു തോന്നിയിട്ടില്ല. ഒരുപക്ഷേ അന്നൊക്കെ ആ സ്നേഹത്തിനുമുന്നിൽ അവളുടെ കണ്ണിനെ കുറിച്ചും കൈവിരലിനെ കുറിച്ചും കാലിലെ പാദസരത്തെ കുറിച്ചും വാതോരാതെ സംസാരിച്ചിരുന്ന താൻ ഒരിക്കൽ പോലും അവളുടെ മനസിനെകുറിച്ചോ സ്വഭാവത്തിലെ പോരായ്മകളെ കുറിച്ചോ സംസാരിച്ചിട്ടേ ഇല്ല. ശ്രദ്ധിച്ചില്ല എന്നും പറയാം. ശ്രദ്ധയിൽ പെടാനും മാത്രം എന്റെടുത്ത് ഒന്നു ചൂടായിട്ട് സംസാരിച്ചിട്ടും ഇല്ല

“ഏട്ടാ ” എന്നുള്ള ആ വിളിയിൽ അലിഞ്ഞില്ലാതായതാണ്. ആ വിളി കേട്ടാൽ എന്തു ദേഷ്യവും തീരുമായിരുന്നു. അതൊക്കെ കാരണമാണ് ചില എതിർപ്പുകളുണ്ടായിട്ടും അവളെ വിളിച്ചിറക്കി അമ്പലത്തിൽ വെച്ച് താലികെട്ടിയത്. എന്തൊക്കെ ബഹളമായിരുന്നു അവളുടെ വീട്ടുകാർ

ബൈക്ക് ഓടികൊണ്ടിരിക്കെ ചിന്തകൾ മനസിലും ഓടികൊണ്ടിരുന്നു…

ഇന്നത്തെ അവന്റെ ജോലി വണ്ടിയിലേക്ക് മരത്തടി കേറ്റലാണ്. ഇന്നലെ പരിചയക്കാരൻ കോൺട്രാക്റ്ററിന്റെ കൂടെ ടൈൽ പണിക്ക് പോയി. എന്തൊക്കെ ആയാലും ഒന്നല്ലെങ്കിൽ മറ്റൊരു ജോലി ചെയ്ത് വീട് പുലർത്താനുള്ള വഴി ഉണ്ടാക്കാറുണ്ട്. വൈകുന്നേരം വീട്ടിലേക്ക് കയറിചെല്ലേണ്ട കാര്യം ഓർക്കുംബോൾ തലവേദനിക്കും.

ടെൻഷൻ കൂടി കൂടി വന്നപ്പോഴാണ് അത്യാവശ്യം മ ദ്യപിക്കാൻ തുടങ്ങിയത്. ഇന്നും ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുംബോൾ കുറച്ചതികം മദ്യപിച്ചു. സ്റ്റെപ്പ് കേറുംബോൾ ഒന്നു വെച്ചുപോയെങ്കിലും കൈവരിയിൽ പിടിച്ചു നിന്നു. നേരെ അകത്തേക്ക് പോയി ഹാളിൽ കുറച്ച് നേരം ഇരുന്നു

“നിങ്ങടെ അമ്മയോട് പറയണം ഞാൻ വേലക്കാരി ഒന്നും അല്ലാന്ന് ”  ഭാര്യയുടെ ശബ്ദം

“ഉം…എന്തുപറ്റി ?”

“എനിക്കീ പിള്ളേരേം നോക്കി അടുക്കളയിലെ പണീം കൂടി പറ്റില്ല. അത്രതന്നെ “

ഇപ്പൊ എന്താ ഉണ്ടായെ ?

ഒന്നും ഉണ്ടായില്ല. നിങ്ങൾക്ക് ഇവിടെ നടക്കുന്നതൊന്നും അറിയയണ്ടല്ലോ ?

നീ കാര്യം പറയുന്നുണ്ടെ നേരെ പറ അല്ലാതെ വളച്ചുകെട്ടിയല്ല പറയേണ്ടത്

“നിങ്ങടെ അമ്മയ്ക്ക്  അപ്പുറത്തെ വീട്ടിലും ഇപ്പുറത്തെ വീട്ടിലും പോയിരുന്ന് എന്റെ കുറ്റം പറയുന്ന നേരം ഇവിടെ അടുക്കളേൽ നിൽക്കുകയോ പിള്ളേരെ നോക്കുകയോ ചെയ്താൽ എന്താ ?അതെങ്ങനെയാ അപ്പൊ എന്റെ കുറ്റം പറയാൻ ആവില്ലല്ലോ ? “

പരാതിയുടെയും കുറ്റപ്പെടുത്തലുകളുടെയും പട്ടിക നീണ്ടുനീണ്ടു വന്നു

“എന്താ അമ്മേ ഇവിടുത്തെ പ്രശ്നം. അവളെന്താ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നെ ?”

“ഓ…ഞാനിന്ന് കൊറച്ച് നേരം ഗൗരീന്റെ വീടുവരെ പോയിരുന്നു. അവര് ഇന്നല്ലെ ആസ്പത്രീന്ന് വന്നെ. അതിന്റെ വിവരങ്ങൾ അറിയാൻ പോയതാ. അതിനാ നിന്റെ ഓളിത്ര ഒച്ചയാക്കുന്നേ “

“എനിക്ക് ആകൂല ഇവിടെ ജീവിക്കാൻ…നിങ്ങൾക്കൊക്കെ എന്തിന്റെ കുറവുണ്ടായിട്ടാ? എന്തെങ്കിലും ഒരു വിഷമം നിങ്ങൾക്കൊക്കെ അറിയണോ…വാങ്ങികൊണ്ടുവരുന്നത് വെച്ച് തിന്നുക എന്നല്ലാതെ…കുറച്ച് സമാധാനം തരുമോ നിങ്ങളൊക്കെ കൂടി.”  ആരോടെന്നില്ലാതെ കയർത്ത് സംസാരിച്ചിട്ടാണ് അവൻ അകത്തേക്കു പോയത്

തലയ്ക്ക് കൈവെച്ച് മുഖം മറച്ച് കിടന്നു. എന്തെന്നില്ലാത്ത തലവേദനയും അസ്വസ്ഥതയും…

“ഞാൻ നാളെ എന്റെ വീട്ടിൽ പോവും “

ഭാര്യയുടെ സംസാരം കേട്ടെങ്കിലും മിണ്ടാതിരുന്നു. അവൾ പോകുന്നതിലല്ല മോനെ കൂടി കൊണ്ടുപോകുന്നതിലാണ് വിഷമം. രണ്ടാളും പോയാൽപിന്നെ വല്ലാത്തൊരു ഭാരമാണ് നെഞ്ചിൽ. ഉറങ്ങികിടക്കുന്ന വീടാകും അത്. ഭ്രാന്തെടുക്കുന്ന അവസ്ഥ…

“നീ എന്തിനാ കാവ്യേ അമ്മയോട് വഴക്കിന് പോകുന്നേ ? നിനക്കെങ്കിലും മിണ്ടാതിരുന്നുകൂടെ?”

“ഇത്ര നാളും മിണ്ടാതിരുന്നിട്ടാ ഇപ്പൊ ഇങ്ങനെ തലേൽ കേറുന്നെ. എന്നെ കുറിച്ച് വേണ്ടാത്തത് പറഞ്ഞാൽ ഞാൻ ഇനിയും പറയും ആരായാലും “

“അമ്മ എന്താ നിന്നെ കുറിച്ച് പറഞ്ഞെ ? എല്ലാം നിന്റെ ഓഹം ങ്ങളല്ലേ? “

“അല്ലേലും നിങ്ങൾക്ക് എന്നെ ഇപ്പൊ ഇഷ്ടല്ലല്ലോ…അമ്മയെ അല്ലേ ഇഷ്ടം ഉള്ളൂ . “

പതിവു ഡയലോഗ് കേട്ടു. സംസാരം നീട്ടികൊണ്ടു പോകാൻ താൽപര്യമില്ലാത്തതുകൊണ്ട് പിന്നൊന്നും മിണ്ടിയില്ല

രാവിലെ ആകുംബൊഴേക്കും അവളുടെ മുഖം തെളിഞ്ഞുകണ്ടു. കണ്ണടച്ച് അങ്ങനെ കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി വയറിലൂടെ കൈ ചുറ്റുംബൊഴേക്കും കണ്ണു തുറന്നു

“ഉം എന്താ ? ” എന്നൊരു ഭാവം മുഖത്തു പ്രതിഫലിച്ചു

“കൈമാറ്റിക്കേ….ഞാനെണീക്കട്ടെ…

വേണ്ട

വേണ്ടേ….അപ്പൊ ഇന്ന് പണി ഇല്ലേ ?

ഉണ്ട്….എന്നാലും കുറച്ച് നേരം കിടക്കാം

അയ്യട…കൊഞ്ചല്ലേ…

നീ ഇന്നു വീട്ടിൽ പോകുന്നുണ്ടോ ?

പോകണോ?

വേണ്ട…നീ കൂടി ഇല്ലെങ്കിൽ പിന്നെ ഞാൻ….നീ എനിക്ക് വേണ്ടി അമ്മയോട് ഷമിക്ക്….നീ ഇനി വഴക്കിനൊന്നും പോകരുത്

“ഏയ് ഇല്ല….”

അവന്റെ നെഞ്ചിലേക്ക് ചേർന്നു കിടക്കുംബൊഴേക്കും അവളുടെ പിണക്കങളെല്ലാം മാറിയിരുന്നു. അല്ലേലും ഇണക്കവും പിണക്കങ്ങളും ഇല്ലെങ്കിൽ പിന്നെന്തു ജീവിതം….

~Anu knr

Kl58