അവരുടെ എല്ലാം പ്രണയം ഒരു രാത്രിയിൽ ആടി തീർക്കും, എന്നിട്ടും പ്രണയം തീരാത്തവർ പല രാത്രികളിലും….

കള്ളന്റെ പ്രണയം

Story written by Aswathy Raj

=========================

“നിനക്ക് ഞാൻ പറയുന്നത് എന്താ തമാശ ആയി തോന്നുന്നുണ്ടോ?? “

“പിന്നല്ലാതെ ഇതൊക്കെ വിശ്വസിക്കാൻ എനിക്ക് എന്താ വട്ടുണ്ടോ? “

“എന്താ നിനക്ക് എന്നെ വിശ്വസിക്കാൻ കഴിയുന്നില്ലേ? “

“ഇല്ല….. നിങ്ങളും ആയി എനിക്ക് യാതൊരു പരിചയവും ഇല്ല എന്നിട്ടും നിങ്ങൾ എന്നെ പ്രണയിക്കുന്നു എന്ന് പറഞ്ഞാൽ ഞാൻ അത് വിശ്വസിക്കണോ? “

“അതെ എനിക്ക് നിന്നോട് പ്രണയമാണ്… നിനക്കും എന്നെ ഇഷ്ടമാണെങ്കിൽ ഇനി നമുക്ക് ഒരുമിച്ചു ജീവിക്കാം ഈ ജന്മം മുഴുവനും “

“നിങ്ങൾക് എന്നെ പ്രണയിക്കാം ഈ രാത്രി വെളുക്കും വരെ…ഞാനും നിങ്ങളെ പ്രണയിക്കാം “

“ഒരു രാത്രി എന്റെ പ്രണയിനി ആകാനല്ല ഈ ജന്മം എന്റെ കൂടെ ഉണ്ടാകണം എന്നാണ് ഞാൻ പറയുന്നത് “

“നിങ്ങൾക്ക് എന്താ ഭ്രാന്ത് ആണോ രാത്രികൾക് വിലയിടുന്ന ഒരു വേ ശ്യ ആണ് ഞാൻ ആ എന്നെയാണോ നിങ്ങൾക്ക് ഭാര്യ ആക്കേണ്ടത്? “

“നീ ഞാൻ ചോദിച്ചതിന് മാത്രം മറുപടി പറയു.. എന്റെ കൂടെ വരാമോ നിനക്ക്? “

“ഓരോ രാത്രികളിലും പല മുഖങ്ങളെ കാണുന്നവളാണ് ഞാൻ… പലരും പറഞ്ഞിട്ടുണ്ട് പ്രണയമാണ് എന്നോടെന്ന്.. അവരുടെ എല്ലാം പ്രണയം ഒരു രാത്രിയിൽ ആടി തീർക്കും, എന്നിട്ടും പ്രണയം തീരാത്തവർ പല രാത്രികളിലും എന്നെ തേടി വരും.. അവർ പ്രണയം എന്ന് ഓമനപ്പേര് വിളിക്കുന്ന ആ വികാരം വെറും കാ മം മാത്രം ആണ്.. പക്ഷെ നിങ്ങളുടെ വാക്കുകളിൽ ആ വികാരം ഇല്ല…. നിങ്ങളുടെ കണ്ണുകളിൽ ഞാൻ കാണുന്ന ഈ തിളക്കം ആണോ പ്രണയം എന്നെനിക്കറിയില്ല കാരണം ഇതുവരെ എന്നെ ആരും പ്രണയിച്ചിട്ടില്ല “

“ഒരു രാത്രയിലെ സുഖത്തിനു വേണ്ടി അല്ല ഞാൻ നിന്നെ വിളിക്കുന്നത് “

“അത് തന്നെ ആണ് എന്നെ അത്ഭുതപെടുത്തുന്നത്… പെണ്ണെന്നാൽ പരിശുദ്ധി ഉള്ളവളാകണം…. എല്ലാം നഷ്ട്ടപ്പെട്ട ഈ രാത്രി സഞ്ചാരിയായ എന്നെ തേടാൻ നിങ്ങൾ എന്റെ ആരുമല്ല ‘

“ഞാൻ നിന്റെ ആരുമല്ല… പക്ഷേ നിന്റെ എല്ലാം ആകാനാണ് എനിക്കിഷ്ടം “

“വേണ്ട അത് വേണ്ട… ഈ രാത്രി വെളുക്കും വരെ ഞാൻ നിങ്ങളുടെതു ആണ് അത് കഴിഞ്ഞാൽ മറന്നു കളയുന്ന മുഖങ്ങളിൽ ഒന്നു മാത്രം ആണ് നിങ്ങളും “

“മ്മം ശരി ഈ രാത്രി നീ എന്റെ ആണല്ലോ “

“തീർച്ചയായും നിങ്ങൾ മുടക്കിയ കാശ് നിങ്ങൾക്ക് മുതലാക്കാം “

“ഹ ഹ കാശ്……… അതാരുടേതും അല്ല.. ഇന്ന് നിന്റെ എങ്കിൽ നാളെ എന്റെ…. പിന്നെ എനിക്ക് അങ്ങനെയും ഇല്ല “

“നിങ്ങൾക്ക് ഭ്രാന്ത് തന്നെയാണ് കേട്ടോ “

“അല്ല ഞാൻ പറഞ്ഞത് സത്യം ആണ്…. നിന്റെ പല രാത്രികളും പങ്കിട്ടവർ പകൽ മാന്യൻമാർ ആകും പക്ഷേ ഞാൻ നിന്നെ പോലെ ആണ് “

“എന്താ നിങ്ങൾ പറഞ്ഞു വരുന്നത് “

“ഞാനും ഒരു പാവം രാത്രി സഞ്ചാരി ആണ്… ഒരു പാവം കള്ളൻ “

“ഹ ഹ അത് കൊള്ളാല്ലോ… .. നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയാണ് എനിക്ക് തോന്നിയത് പിന്നെ എങ്ങനെ??? “

“ഈ ലോകത്തു നല്ലവരായി ആരും ഇല്ലെടോ എല്ലാവരിലും കുറ്റങ്ങളും കുറവുകളും ഉണ്ട് “

“അത് ശരിയാണ്…. ഓരോ നിമിഷവും ഓരോ വേഷങ്ങൾ കെട്ടിയാടുന്നവരാണ് മനുഷ്യർ.. എങ്കിലും ഒന്ന് ചോദിച്ചോട്ടെ? “

“താൻ പറഞ്ഞു വന്നത് എനിക്ക് മനസിലായി ഞാൻ എന്തിനു ഈ തൊഴിൽ തിരഞ്ഞെടുത്തു എന്നല്ലേ? “

“അതെ “

“അത് പറയാം അതിനു മുൻപ് ഒന്നു ചോദിച്ചോട്ടെ? “

“മം എന്താ? “

“താൻ എങ്ങനെയാ ഈ വഴി യാത്രക്കാരി ആയത്? “

അയാളുടെ ആ ചോദ്യം അവളുടെ മുഖത്തെ ചെറു ചിരിയിൽ മങ്ങൽ ഏൽപ്പിച്ചു കുറെ നേരം മൗനം അവർക്കിടയിൽ തങ്ങി നിന്നു

“എന്താ ഞാൻ ചോദിച്ചത് ഇഷ്ട്ടം ആയില്ല എന്നുണ്ടോ…… പറ്റില്ലെങ്കിൽ പറയണ്ടടോ ഞാൻ വെറുതെ ചോദിച്ചതാ “

“ഏയ്യ് എനിക്ക് കുഴപ്പം ഒന്നുമില്ല ഞാൻ ഈ വേഷം കെട്ടിയാടാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചു ആയി… എന്നിലൂടെ കടന്നു പോയവരാരും എന്നോട് ചോദിക്കാത്ത ചോദ്യം ആണിത്…. ഇതിന്റെ ഉത്തരം ഇടക്കെപ്പോഴോ ഞാൻ മനപ്പൂർവം മറന്നു കളഞ്ഞു “

“സങ്കടം ആയെങ്കിൽ പറയണ്ടടോ… ഞാൻ അറിയാതെ ചോദിച്ചു പോയതാ “

“എന്ത് സങ്കടം…. വേദനിച്ചിരുന്നു ഒരുപാട് പക്ഷേ ആ വേദനയിൽ നിന്നാണ് ഞാൻ ചിരിക്കാൻ പഠിച്ചത് “

അവളുടെ പൊട്ടിച്ചിരി അവർ തമ്മിലുള്ള അകലം കുറച്ചു…. അവളുടെ ആ ചിരിയിൽ ഒരു വല്ലാത്ത വശ്യത ഉണ്ടായിരുന്നു

“കഥ പറയാനൊന്നും എനിക്ക് അറിയില്ല എങ്കിലും നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ കഥ പറയാം….. സാമാന്യം നല്ല ഒരു തറവാട്ടിലെ നാലു ആങ്ങളമാരുടെ പുന്നാര പെങ്ങളായിരുന്നു ഞാൻ പാറു എന്ന പാർവതി “

“കൊതിച്ചിതൊക്കെയും നേടിയെടുക്കാൻ ഒരു വാശി ആയിരുന്നു എനിക്ക്… അതൊക്കെ നേടിത്തരാൻ മത്സരം ആയിരുന്നു എന്റെ ആങ്ങളമാർ തമ്മിൽ…. ആറാം വയസ്സിൽ എനിക്ക് എന്റെ അമ്മയെ നഷ്ട്ടപ്പെട്ടു പക്ഷേ ആ കുറവുകൾ ഒന്നും അറിയിക്കാതെ ആണ് അച്ഛനും ചേട്ടന്മാരും എന്നെ വളർത്തിയത് “

“20 വയസ്സ് വരെ ഞാൻ അവരുടെ മാത്രം പുന്നാര പാറു ആയിരുന്നു പക്ഷേ ഇടക്കെപ്പോഴോ എനിക്ക് പ്രണയം തലയ്ക്കു പിടിച്ചു…കോളേജിൽ കൂടെ പഠിച്ച ഒരാളുമായി കട്ട പ്രണയം ആയിരുന്നു….. മനു ഒരു താഴ്ന്ന ജാതിക്കാരൻ ആയത് കൊണ്ട് തന്നെ ഞങ്ങളുടെ വിവാഹം നടക്കില്ല എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു അതുകൊണ്ട് മാത്രമാണ് എന്റെ പ്രിയപ്പെട്ടവരെ എല്ലാം മറന്നു ഞാൻ അവനുമായി ഈ നാട്ടിൽ എത്തിയത്.. ആദ്യം ഒക്കെ വലിയ സ്നേഹം ആയിരുന്നു എന്റെ കയ്യിലെ കാശു തീരുന്നതിനൊപ്പം അവന്റെ സ്നേഹവും കുറഞ്ഞു വന്നൂ…. പ്രണയം തലയ്ക്കു പിടിച്ച എനിക്ക് ഇതൊന്നും മനസിലായില്ല… എന്തിനേറെ അവനെ പറ്റി എനിക്ക് ഒന്നുo അറിയില്ലായിരുന്നു എന്നതാണ് സത്യം….. അവൻ ഉപയോഗിച്ച് ഉപേക്ഷിക്കുന്നവരിൽ ഒരാൾ മാത്രം ആണ് ഞാൻ എന്ന സത്യം തിരിച്ചറിഞ്ഞത് അവൻ എന്റെ ഈ ശരീരത്തെ വിലപേശി വിറ്റപ്പോൾ ആണ്…. ആ ത്മ ഹ ത്യ ചെയ്യാൻ ഒരുപാട് ശ്രമിച്ചു പക്ഷേ വിലകൊടുത്തു വാങ്ങിയ സാധനത്തെ നഷ്ടപ്പെടുത്താൻ വാങ്ങിയ ആൾ തയ്യാറായില്ല അതുകൊണ്ട് മാത്രം ആണ് ഈ കഥ പറയാൻ ഞാൻ ഇന്നും ബാക്കി ആയത് “

“വീട്ടിൽ പോകാൻ ശ്രമിച്ചില്ലേ ഒരിക്കലും? “

“ഇല്ല അതിന് മാത്രം എനിക്ക് ധൈര്യം ഇല്ലായിരുന്നു… എല്ലാവരെയും ഉപേക്ഷിച്ച എനിക്ക് ദൈവം തന്ന ശിക്ഷ ആയിരിക്കാം ഇത്… ഇപ്പോൾ ആ ചിന്തയിൽ അങ്ങനെ ജീവിക്കുന്നു “

“മം “

“എന്തെ ഞാൻ ബോറടിപ്പിച്ചോ??? “

“ഏയ്യ് ഇല്ല “

“മം ഇനി കള്ളനായ കഥ പറ , നേരം വെളുക്കാറായി വരുന്നു “

“തന്നെ പോലെ അധികം പറയാൻ ഒന്നുമില്ല….. എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം”

“ആഹാ എല്ലാർക്കും ഒരു പ്രണയകഥ ഉണ്ടല്ലോ? “

“പക്ഷേ എന്റെ പ്രണയം കുറച്ചു വ്യത്യാസ്തമാണ് ഞാൻ ഒരിക്കലും അവളോട്‌ പ്രണയം പറഞ്ഞിട്ടില്ല “

“അതെന്താ? “

“ഒരു 14 വയസ്സുകാരന് 10 വയസ്സുകാരിയോട് തോന്നിയത് പ്രണയം ആണെന്ന് തിരിച്ചറിയാൻ കാലങ്ങൾ ഒരു പാട് വേണ്ടി വന്നു പക്ഷേ അപ്പോഴേക്കും വിധി അവളെ മറ്റൊരുവന്റേതാക്കി “

“ഈ വഴി തിരഞ്ഞെടുക്കാൻ കാരണം എന്തെന്ന് പറഞ്ഞില്ലല്ലോ “

“അതും അവൾ കാരണം ആണ് “

“അതെങ്ങനെ??? “

“കളിക്കൂട്ടുകാരായിരുന്നു ഞങ്ങൾ ഇല്ലായ്മയിൽ ജനിച്ച എനിക്ക് എന്നും ഉള്ള ആശ്വാസം അവളായിരുന്നു…. അമ്മക്ക് സുഖമില്ലാതെ ആശുപത്രിയിൽ കൊണ്ട് പോകാൻ കാശ് തേടിപ്പോയ എനിക്ക് അവൾ സ്വന്തം സ്വർണ മാല ഊരി തന്നു…. മനസ്സില്ലാ മനസ്സോടെ അതുമായി വീട്ടിൽ ചെന്നപ്പോഴേക്കും എന്റെ അമ്മ എന്നെ വിട്ടു പോയി പക്ഷേ കള്ളന്റെ മകനായി ജനിച്ച എനിക്ക് കള്ളനെന്ന പേര് വീഴാൻ ആ മാല ധാരാളം ആയിരുന്നു… അവിടുന്ന് അങ്ങോട്ട്‌ ശരിയിലൂടെ നടക്കാൻ ശ്രമിച്ചപ്പോൾ എല്ലാം ആ പേര് വിലങ്ങു തടി ആയി…. ഒഴുക്കിനെതിരെ നീന്താൻ കഴിയാത്തോണ്ടു ഞാൻ ഒഴുക്കിനൊപ്പം തന്നെ നീന്താൻ തീരുമാനിച്ചു…. എന്താടോ കണ്ണ് നിറഞ്ഞത്”

“ശ്രീ താൻ “

“താൻ പറഞ്ഞ തന്റെ കഥയിൽ പോലും ആ കളിക്കൂട്ടുകാരനെ പറ്റി പറഞ്ഞില്ലല്ലോ പാറു…. നിന്നെ തേടി ഞാൻ ഒരുപാട് അലഞ്ഞു….. വിവാഹം കഴിഞ്ഞു എന്നറിഞ്ഞപ്പോൾ ആ അലച്ചിൽ നിർത്തി… എവിടെ ആയാലും സന്തോഷം ആയിരിക്കണം എന്ന പ്രാർത്ഥന മാത്രം ആയിരുന്നു…. പക്ഷേ താൻ ഇവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ കാണാതിരിക്കാൻ കഴിഞ്ഞില്ല…… അന്ന് പറയാൻ പറ്റാതെ പോയ ഇഷ്ടം ആണ് ഞാൻ തനിക്ക് വച്ച് നീട്ടുന്നത് പറ്റില്ല എന്ന് മാത്രം പറയരുത് “

“വേണ്ട ശ്രീ ഞാൻ ആ പഴയ പാറു അല്ല സ്ത്രീത്വം തന്നെ നഷ്ട്ടപ്പെട്ട വെറും ഒരു വേശ്യ ആണ്…. ഞാൻ കാരണം തനിക്ക് എന്നും നഷ്ട്ടമേ ഉണ്ടായിട്ടുള്ളൂ ഇനിയും എന്നെ കൂടെകൂട്ടി താൻ തോറ്റു പോകരുത് “

“പാറു നിന്റെ കഴിഞ്ഞ കാലം എനിക്ക് അറിയണ്ട തെറ്റ് പറ്റാത്ത മനുഷ്യരില്ലല്ലോ ഒരു വശം ചിന്തിച്ചാൽ നിന്നെക്കാൾ വലിയ തെറ്റുകാരൻ ഞാൻ ആണ്…നീ ജീവിക്കാൻ ശരീരം വിറ്റപ്പോൾ ഞാൻ അന്യന്റെ മുതൽ അപഹരിച്ചു…… “

“വേണ്ട ശ്രീ നിനക്ക് തരാൻ എനിക്ക് ഇന്നൊന്നുമില്ല എന്റെ മനസ്സും ശരീരവും കളങ്കപ്പെട്ടു പോയി “

“പാറു നിന്റെ ഈ മനസ്സില്ലെ അതിനെയാ ഞാൻ സ്നേഹിച്ചത്…. താൻ എന്റെ മുന്നിൽ ഒരിക്കലും തെറ്റുകാരി അല്ല “

“പക്ഷേ ശ്രീ….. “

“പാറു എതിർത്തൊന്നും പറയരുത് അന്ന് എനിക്ക് നേടാൻ പറ്റാതെ പോയ ആ സ്നേഹം ഇനി ഉണ്ടാകണം എന്നോടൊപ്പം “

മറുപടിയായി അവളൊന്നും പറഞ്ഞില്ല…പക്ഷേ ആ കണ്ണുനീർ അവനോടു വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു എന്നെന്നും ഈ പാറു ശ്രീയുടെ മാത്രം എന്ന്

****സ്നേഹം അത് സത്യം ആണെങ്കിൽ വിജയിക്കുക തന്നെ ചെയ്യും… കാലങ്ങൾ എത്ര കടന്നു പോയാലും യഥാർത്ഥ പ്രണയം മരിക്കില്ല ഒരിക്കലും *****

~അശ്വതി രാജ്‌