ഇനി ആരെങ്കിലും നമ്മുടെ കൂട്ടത്തിൽ ഒരു പെണ്ണു ചേരുന്നതുണ്ടെങ്കിൽ അതെൻ്റെ പെണ്ണ് ആവുംട്ടോ….

Story written by Remya Satheesh

======================

പോയെടി….. അവളെന്നെ ഇട്ടിട്ടു പോയി….

അർദ്ധരാത്രി അടിച്ചു പൂക്കുറ്റി ആയി എന്റെ കിടപ്പാടം കൈയ്യടക്കി എന്നെ അഭയാർത്ഥിയാക്കി പുലമ്പുന്നവനെ കാണേ അവന്റെ മൂട്ടിനിട്ടൊരു ചവിട്ടു കൊടുക്കാനാണ് തോന്നിയത്…

കടിച്ചു പിടിച്ചു നിന്നു….

അപ്പോഴേക്കും ഓക്കാനിച്ചു കൊണ്ട് അവനെണീറ്റിരുന്നു…

ഇവിടെ ശർദ്ധിച്ചാൽ എനിക്കാണ് പണി എന്നതു കൊണ്ട് ഉന്തി തള്ളി ബാത്ത് റൂമിൽ കയറ്റി…

അല്ലെങ്കിലും ഇവനീ അറിയാത്ത പണിക്ക് നിക്കണ്ട വല്ല കാര്യവും ഉണ്ടോ?

ബാത്ത്റൂമിൽ അവൻ ശർധിക്കുന്നത് കേട്ട് പുറത്ത് നിന്നു. ഉള്ളിലേക്ക് പോയാൽ ചിലപ്പോൾ അതിൻ്റെ മണമടിച്ച് ഞാൻ ശർദ്ധികും.

പുറത്തു കാത്തു നിൽക്കേ ഞങ്ങളുടെ പഴയ ഓർമകൾ എന്നെ വന്നു പൊതിഞ്ഞു…

അവനെ കാണുന്നതെ ഒരു മഴയുള്ള ദിവസമാണ്. പുതിയ ഉടുപ്പെല്ലാം ഇട്ടു പുള്ളികുടയും പിടിച്ച് ഒന്നം ക്ലാസ്സിലേക്ക് പോകുമ്പോൾ ഒരു ചെക്കൻ വന്നെന്റെ കുടയുടെ ഉള്ളിലേക്ക് നൂണ്ടു കയറി. ഞാൻ നേരെ ഇടിച്ചൊരു തള്ളു കൊടുത്തു. അവൻ റോഡിലെ ചെളിയിൽ വീണു കരച്ചിലായി.

ഞാനവനെ തിരിഞ്ഞു നോക്കാതെ നടന്നു പോയി.

പിന്നെ അവനെ കാണുന്നത് ക്ലാസ്സിലെ ആൺകുട്ടികളുടെ കൂട്ടത്തിലാണ്.

എന്നെ കാണിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പഴുത്ത മാങ്ങയിൽ ഉപ്പും മുളകും വിതറി എൻ്റെ മുന്നിലിരുന്ന് കഴിക്കുന്നവനെ കാണെ രാവിലത്തെ വഴക്ക് മറന്നു കൂട്ടായാലോ എന്നൊക്കെ കരുതി അടുത്ത് ചെന്നിരുന്നിട്ടും ഒരു കഷ്ണം പോലും തരാതെ ആ തെണ്ടി എന്നെ പറ്റിച്ചു. പിന്നെ അതിനായി പിണക്കം..

പിറ്റേന്ന് എന്നെ നോക്കാതെ മറ്റൊരാളുടെ കുടക്കീഴിൽ അവൻ കയറി പോയപ്പോൾ കരഞ്ഞു കൂവി നാശമാക്കിയത് ഞാനായിരുന്നു. എന്നത്തേയും എൻ്റെ ഇഷ്ടമായ പഴുത്ത മാങ്ങ കൊണ്ട് തന്നാണ് അവൻ പ്രശ്നം പരിഹരിച്ചത്. പിന്നെയെന്നും ഒരു കുടക്കീഴിൽ ഞങ്ങളാ സൗഹൃദം ചേർത്ത് വെച്ചു. സ്കൂളിൻ്റെ തൊട്ടടുത്ത വീടായതിനാലയിരുന്നു അവൻ്റെയീ കുടയെടുക്കാ സാഹസ്സം. എന്നും അവനെ കാത്തു നിന്ന് ഒരു കുടക്കീഴിലായി യാത്ര…

അന്ന് മുതലുള്ള കൂട്ടാണിപ്പോൾ വാളും വെച്ച് ബോധമില്ലാതെ ബാത്ത്റൂമിൽ കിടക്കുന്നത്.

ഇനി ആരെങ്കിലും നമ്മുടെ കൂട്ടത്തിൽ ഒരു പെണ്ണു ചേരുന്നതുണ്ടെങ്കിൽ അതെൻ്റെ പെണ്ണ് ആവുംട്ടോ എന്നവൻ പറയാറുണ്ട്. ഞങ്ങളുടെ തിക്ക് ഫ്രണ്ട്ഷിപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു ഒരു പൂച്ചകുഞ്ഞ് പോലും ഞങ്ങൾക്കിടയിൽ വന്നില്ല. പക്ഷേ എല്ലാ വർഷവും മുടങ്ങാതെ അവൻ ആർക്കെങ്കിലും റോസ് പൂവോ, ലൗ ലെറ്റർ കൊടുക്കാറുണ്ട്. അത് നേരെ ടീച്ചറുടെ അടുത്ത് എത്താറും അടി വാങ്ങാറും ഉണ്ട്. അത് വീട്ടിലറിയാതെ സൂക്ഷിക്കേണ്ടത് എൻ്റെ കടമയും.

അങ്ങിനെ അവസാനം പ്ലസ് two വിന് പഠിക്കുമ്പോഴാണ് അവനോടു ഒരാൾക്ക് സ്പാർക്ക് അടിക്കുന്നത്. അവൻ പൂ കൊണ്ട് പോയപ്പോൾ കണ്ണുകൾ വിടർന്ന ഒരു തട്ടക്കാരി… സുറുമി…

എനിക്ക് വരുന്ന ലൗ ലെറ്ററൊക്കെ വാങ്ങി അവരെ ഒടിച്ചു മടക്കി ഓടിച്ച് അവൻ എനിക്ക് ബോഡി ഗാർഡ് ആയപ്പോ ഞാൻ അവൻ്റെ പ്രണയത്തിന് ആണ് ബോഡി ഗാർഡ് ആയത്. എൻ്റെ ഒരു യോഗം…

ഡിഗ്രി കഴിയുന്നതിന് മുന്നേ ജോലി കിട്ടില്ലല്ലോ. അവൾടെ വീടിലാണെങ്കിൽ ഗംഭീര കല്യാണആലോചന. നല്ലത് വന്നപ്പോൾ ഇവനോട് പറഞ്ഞു വീട്ടുകാരെ വിട്ടൊരു കളിയില്ലെന്ന്.

ആ കല്യാണത്തിന് പോണം. അവള് വേറെ ഒരാളുടെ ആവുന്നത് കാണണമെന്നുപറഞ്ഞ് രാവിലെ അരയും തലയും മുറുക്കി ഇറങ്ങിയവൻ ആണ് ഇപ്പൊ കുടിച്ച് ഫിറ്റ് ആയി നനഞ്ഞ കോഴിയെ പോലെ വന്നു കയറിയിരിക്കുന്നത്…

പതുക്കെ ഒരു വലിയ ടവ്വൽ എടുത്ത് മൂക്കൊക്കെ നന്നായി കവർ ചെയ്തു ഉള്ളിലേക്ക് കയറിയപ്പോൾ ഒരാൾ ക്ഷീണിച്ചവശനായി ചുമരും ചാരി ഇരിപ്പാണ്. അവിടെയെല്ലാം വെള്ളം ഒഴിച്ച് കഴുകിയപ്പൊഴേക്കും നടുവുളുക്കി. അവനെ കണക്കിന് ശകാരിച്ചു കൊണ്ടാണ് ഷവറിൻ്റെ ചുവട്ടിലേക്കു നിർത്തിയത്. വെള്ളം തലയിലേക്ക് വീണപ്പോഴാണ് പ്രതീക്ഷിക്കാതെ അവനെന്നെ ചേർത്ത് വരിഞ്ഞു മുരുക്കിയത്. ആ തണുത്ത് വെള്ളതിനിടയിലും അവൻ്റെ ചൂട് കണ്ണീർ എൻ്റെ തോൾ നനച്ച് പെയ്തിറങ്ങുന്നുണ്ടായിരുന്നു.

അവൻ്റെ ചേർത്ത് പിടിക്കലും കരയുമ്പോൾ ഉലയുന്ന ശരീരത്തിൻ്റെ കമ്പനത്തിലും ഞാൻ പെട്ടെന്ന് എല്ലാം മറന്നു പോയി. ഇതുവരെയില്ലാത്ത ഒരു പിടപ്പ് ഞാൻ അറിഞ്ഞു കഴിഞ്ഞിരുന്നു. ആ തണുപ്പിലും ഉള്ളുലക്കുന്ന ഒരു ലാവ എൻ്റെ ഹൃദയത്തില് ഒരുത്തിരിയുകയായിരുന്നു. അത് പ്രണയം ആണെന്ന് ആ നിമിഷം തിരിച്ചറിഞ്ഞു… ഞാൻ പോലുമറിയാതെ കാത്തു വെച്ച പ്രണയം…

എന്നിൽ വിശ്വാസമർപ്പിച്ച് സ്വന്തം ദുഃഖങ്ങൾ എന്നിൽ ഒഴുക്കി വിടുന്നവനിലേക്ക് കണ്ണെത്തവേ ഞാൻ പിടഞ്ഞു മാറി. വിറക്കുന്ന കൈകളോടെ അവനെ ബെഡിൽ കൊണ്ട് വന്ന് കിടത്തുമ്പോൾ ഒന്നും അറിയാതെ അവൻ നിദ്രയെ പുൽകിയിരുന്നു. നിദ്രാവിഹീനമായ രാത്രിയിൽ ഉയർന്ന നെഞ്ചിടിപ്പോടെ ആ കട്ടിലിനു ചുവട്ടിൽ ഞാൻ കുത്തിയിരുന്നു നേരം വെളുപ്പിച്ചു…

പിറ്റേന്ന് അവനു ഭാവമാറ്റങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിലും ഞാൻ ഒരു മാതിരി നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ ആയിരുന്നു. അവനെ നോക്കുമ്പോഴെല്ലാം എന്തോ ഒരു കുറ്റബോധം. സുഹൃത്തായി കണ്ടിട്ട് അവനെ ഞാൻ വേറെ ഒരു കണ്ണിലൂടെ കാണരുത]യിരുന്നു എന്നെൻ്റെ ഹൃദയം മുറവിളി കൂട്ടി. എൻ്റെ ഈ നനഞ്ഞ മുഖം കണ്ടിട്ടാവണം ഒന്ന് രണ്ടു തവണ അവൻ വന്നു കാര്യം തിരക്കി. ഒന്നുമില്ലെന്ന് പറഞ്ഞു മുഖം തിരിക്കുമ്പോൾ ഒന്നും മറച്ചു വെച്ചിട്ടുള്ളത് ഞങ്ങൾക്കിടയിലേക്ക് ചില ഒളിച്ചു കളികൾ നടന്നു കയറുന്നത് ഞാൻ തിരിച്ചറിഞ്ഞു..

ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിയാത്തതിനാൽ പതുക്കെ അവിടെ നിന്നും വലിഞ്ഞ് ലൈബ്രറിയുടെ ഒരു മൂലയിൽ ഇടം പിടിച്ചു. എന്നെ തിരഞ്ഞാണെന്ന് തോന്നുന്നു കുറച്ചു കഴിഞ്ഞപ്പോൾ അവനും എൻ്റെ തൊട്ടു മുന്നിലായി വന്നിരുന്നു. വരർത്തമാനത്തിന് പഞ്ഞമില്ലാത്ത ഞങ്ങൾക്കിടയിൽ മൗനം പോലും അസഹ്യതയോടെ നെടുവീർപ്പിടുന്നതു കേൾക്കാമായിരുന്നു. …

ഞാനിന്നലെ കുടിച്ചതിനാണോ നീയീ പിണങ്ങി നടക്കുന്നെ. നീയാണെ ഇനി മേലാൽ ഞാൻകുടിക്കില്ല.

എൻ്റെ തലയിൽ തൊട്ടു സത്യം ചെയ്യുന്നവനെ കാണെ എൻ്റെ കണ്ണുകൾ ഉരുകി ഒലിച്ചു തുടങ്ങി. പെട്ടെന്ന് എന്നെ ചേർത്ത് പിടിച്ച അവന്റെ കണ്ണുകളും നിറഞ്ഞിരുന്ന പോലെ തോന്നി.

പിന്നെ പിന്നെ പഴയ പോലെ ആവൻ ഞാൻ സദാ ശ്രമിച്ചു കൊണ്ടിരുന്നു. അവനൊരിക്കലും എൻ്റെ മാറ്റം തിരിച്ചറിയാതിരിക്കാൻ ഞാൻ പാട് പെട്ടു.

ഡിഗ്രിക്ക് ശേഷം ഒരേ കോഴ്സ് ചെയ്യാമെന്ന് എന്നേ തീരുമാനിച്ച ഞങൾ പക്ഷേ ഞാൻ മറ്റൊരു കോഴ്സ് എടുത്ത് നാട് വിടാൻ തീരുമാനിച്ചതിനാൽ തന്നെ വെറും വാക്കായി മാറി. രണ്ടു വർഷങ്ങൾ പരസപരം കാണാതെ നടന്നു. അവൻ വിളിക്കുമ്പോഴെല്ലാം എന്തെങ്കിലും തിരക്കുകൾ പറഞ്ഞു ഒഴിഞ്ഞു മാറി. കാണാൻ വന്നപ്പോൾ പോലും പോകാതെ പിടിച്ചു നിന്നു . ഹൃദയം വേദനിക്കുന്നത് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഞങ്ങളുടെ ബന്ധത്തെ ഞാൻ മറ്റൊരർത്ഥത്തിൽ കണ്ടത് അവനറിയാനിട വരരുത് എന്നെനിക്കു നിർബന്ധം ആയിരുന്നു.

രണ്ടു വർഷങ്ങൾക്ക് ശേഷം കണ്ണുകൾ ചിരിക്കാൻ മറന്നു ചുണ്ടിലോട്ടിച്ച ചിരിയുമായാണ് ഞാൻ തിരിച്ചെത്തിയത്. വന്നതും അവനെ അറിയിക്കാതെ തന്നെ ….

നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അവരെ ബോധിപ്പിക്കാൻ മാത്രം ഒരുങ്ങി നിന്നു. ഉമ്മറത്തിരുന്ന് സംസാരിക്കുന്ന അക്കൂട്ടത്തിൽ അത്രക്കും പരിചയമുള്ള ശബ്ദം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

അവൻ്റെ പിറകെ ഗാർഡനിലേക്ക് നടക്കുമ്പോൾ എന്നത്തേയും പോലെ എൻ്റെ കൈകൾ അവൻ്റെ കൈക്കുള്ളിലായിരുന്നു…

രണ്ടു വർഷം കൊണ്ട് അവനും തിരിച്ചറിഞ്ഞിരിക്കുന്നു പിരിയാനാവില്ലെന്ന്. ഒരു കണ്ണീർ മഴയോടെ അവൻ്റെ നെഞ്ചിലേക്ക് ചേരുമ്പോൾ പുറത്ത് രാമഴയും ഞങ്ങളുടെ ഹൃദയത്തിൽ പ്രണയ മഴയും പെയ്യുകയായിരുന്നു.

രണ്ടു മാസത്തിനു ശേഷമുള്ള കല്യാണത്തിന് വന്നവരെ കണ്ട് ഞാൻ തന്നെ അമ്പരന്നു പോയി. അവൻ പൂ കൊടുത്തവരും ലൗ ലെറ്റർ കൊടുത്തവരും എനിക്ക് ലെറ്റർ തന്നവർക്കും പുറമെ സുറുമി കൂടി എത്തിയത് എന്നെ ഞെട്ടിച്ചു കളഞ്ഞു.

എല്ലാവരുടെയും ആശീർവാദങ്ങൾക്കപ്പുറം സ്റ്റേജിൽ ഞങ്ങൾ മാത്രം തനിച്ചായി .

ഇനി എന്നെ അല്ലാതെ ആരെയെങ്കിലും ഈ കണ്ണ് കൊണ്ട് നോക്കിയാൽ ഈ രണ്ടു കണ്ണും ഞാൻ കുത്തി പൊട്ടിക്കും. നോക്കിക്കോ… .

അവൻ്റെ കണ്ണിലേക്ക് രണ്ടു വിരലും ചൂണ്ടി ആരും കാണാതെ ഞാനിത് പറഞ്ഞപ്പോഴേക്കും ഞങ്ങൾക്കായി മിന്നിയ ഫ്ലാഷ് ലൈറ്റിൽ ക്യാമക്കണ്ണുകൾ ആ ദൃശ്യം കൃത്യമായി പകർത്തിയിരുന്നു… എന്നെന്നും സൂക്ഷിക്കാനായി…