എന്റെ ഹൃദയത്തിന്റെ ഉൾത്തടങ്ങളിൽ പുത്തനുണർവ്വുകൾ വിടരുമ്പോൾ മാത്രമാണ് എന്റെ ഇടം…

Story written by Pratheesh

===================

എന്നെ വിവാഹം കഴിക്കാൻ പോകുന്ന ആളുടെ അവകാശമോതിരം എന്റെ വിരലിൽ കയറിയ ആ രാത്രിയായിരുന്നു, വേർപാടിന്റെ വേദനയെ അതിന്റെ ഏറ്റവും വലിയ ആഴത്തിൽ ഞാൻ തിരിച്ചറിഞ്ഞത്. അവനെ എനിക്ക് പൂർണ്ണമായും നഷ്ടപ്പെടുകയാണെന്ന തിരിച്ചറിവ് ആ രാത്രിയിൽ എന്നെ വല്ലാതെ ഭയപ്പെടുത്തി,

എന്റെ തീരാ നഷ്ടത്തിനും, എന്നിലെ ഇഷ്ടങ്ങളെ എത്തിപ്പിടിക്കാനും വിവാഹം വരെയുള്ള ദിവസങ്ങളുടെ എണ്ണം മാത്രമാണുള്ളത് എന്ന സത്യം ആ രാത്രി എന്നെ ഉറങ്ങാൻ സമ്മതിച്ചില്ല,

മറക്കുക എന്നത് പറയുന്നവർക്ക് എളുപ്പമാണെങ്കിലും അതത്ര എളുപ്പമല്ലെന്ന് ആ രാത്രി ശരിക്കും എന്നെ ബോധ്യപ്പെടുത്തി,

എന്റെ ആശ്വാസങ്ങളുടെ താക്കോൽ അവനിലാണെന്നു മനസിലായതോടെ ഞാൻ പിന്നെയും ഞാനവനിലെക്ക് തന്നെ പൂർണ്ണമായും തിരിച്ചെത്തി,

അതോടെ ആഗ്രഹത്തിന്റെ ഏറ്റവും തീവ്രമായ ആശയോടെ ഞാൻ അവനെ പിന്നെയും പഴയതിനേക്കാളേറെ സ്നേഹിച്ചു തുടങ്ങി,

നഷ്ടപ്പെടലിന്റെ വേദനയേ തിരിച്ചറിഞ്ഞ ആ രാത്രി അവനെ സ്വീകരിക്കാനും അവനോടൊപ്പം ജീവിക്കാനും ഞാൻ തീർച്ചപ്പെടുത്തി,

അതോടെ എന്നുള്ളിലെ സ്വകാര്യ സ്വപ്നങ്ങളും, എനിക്കു നഷ്ടപ്പെട്ട ആശ്വാസവും എന്നിൽ പിന്നെയും തിരിച്ചെത്തി, ആ ആശ്വാസത്തിന്റെ നിറവിലാണ് ഞാനന്നു കിടന്നത്,

പിറ്റെന്ന് അവനെ കണ്ട് എല്ലാം പറയാൻ ഉറപ്പിച്ച് ആ രാത്രി നിറം മങ്ങിയ ഞങ്ങളുടെ പഴയ സ്വപ്നങ്ങളെ പിന്നെയും തേടിപ്പിടിച്ചത്,

എട്ടു വർഷങ്ങൾക്കു മുന്നേ, ആദ്യമായി അവനെ കണ്ടപ്പോൾ എനിക്കവനോട് വല്യ താൽപ്പര്യമൊന്നും തോന്നിയില്ല,

കോളേജിൽ പോകുന്ന എന്നെ സ്ഥിരമായി പലയിടത്തും നോക്കി നിൽക്കുന്ന അവനെ കാണാൻ തുടങ്ങിയപ്പോൾ എന്തോ എനിക്കപ്പോൾ ദേഷ്യവും കോപവും എല്ലാം കൂടി ഒന്നിച്ചു വരുകയാണുണ്ടായത്,

എന്നാൽ അവൻ എന്നെ കാണാൻ മുടക്കമില്ലാതെ വന്നു കൊണ്ടെയിരുന്നു, പക്ഷെ ഒരു മാസം കഴിഞ്ഞിട്ടും എന്നിലൊരു മാറ്റം സൃഷ്ടിക്കാൻ അവനായില്ല,

അവനെ കാണുമ്പോൾ എനിക്കും തോന്നും അവൻ വെറുതെ സമയം പാഴാക്കുക അല്ലെയെന്ന്…?

കുറച്ചു നാൾ കഴിഞ്ഞതും പെട്ടന്നവനെ തീരെ കാണാതെയായി, സ്ഥിരമായി അവനെ കാണാറുണ്ടായിരുന്ന ഒരിടത്തും അവന്റെ സാന്നിധ്യം കണ്ടതേയില്ല,

ചിലപ്പോൾ അവൻ മടുത്തിട്ട് നിർത്തി പോയിട്ടുണ്ടാകുമെന്നും ഇനി തിരിച്ചു വരുകയില്ലെന്നും ഞാൻ കരുതി, എന്നാൽ മൂന്നാഴ്ച്ചകൾക്ക് ശേഷം അവൻ പിന്നെയും പഴയ ഇടത്ത് പ്രത്യക്ഷപ്പെട്ടു,

അവിടുന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം എന്റെ പ്രിയ കൂട്ടുകാരി ശ്രവ്യ അവനെക്കുറിച്ച് എന്നോടൊരു കാര്യം പറഞ്ഞു,

അവൻ ഞങ്ങളുടെ നാട്ടുകാരനല്ലെന്നും അവന്റെ ഏതോ കുടുംബത്തിലെ ഒരു കല്യാണത്തിനു പങ്കെടുക്കാൻ ഈ നാട്ടിൽ എത്തിയ അവൻ ആ കല്യാണം കഴിഞ്ഞ് തിരിച്ചു പോകാൻ നേരം വളരെ യാതൃശ്ചീകമായി എന്നെ കാണുകയായിരുന്നത്ര,

അതിൽ പിന്നെ ദിവസവും അവൻ എന്നെ കാണാനായി മാത്രം അതെ സമയം കണക്കാക്കി നാട്ടിൽ നിന്നും വരുകയായിരുന്നെന്നും,

എന്നാൽ എന്നെ കാണാൻ ദിവസവും വന്നു പോവുക ഒരൽപ്പം പ്രയാസമായിരുന്നതു കൊണ്ട് നിത്യവും അവനെന്നെ കാണാൻ വേണ്ടി ഈ നാട്ടിലൊരു ജോലി കണ്ടെത്തി അവനെന്നെ കാണാൻ തീരുമാനിക്കുകയായിരുന്നത്രെ,

ആ ജോലി അന്വേഷണത്തിന്റെ ഇടയിലായിരുന്നതു കൊണ്ടു മാത്രമാണ് കുറച്ചു നാൾ അവനെ കാണാതിരുന്നതെന്നും അവൾ പറഞ്ഞപ്പോൾ,

ആ നിമിഷം എന്റെ ഇടം കവിൾ മെല്ലെ തുടിക്കാൻ തുടങ്ങി “

എന്റെ ഹൃദയത്തിന്റെ ഉൾത്തടങ്ങളിൽ പുത്തനുണർവ്വുകൾ വിടരുമ്പോൾ മാത്രമാണ് എന്റെ ഇടം കവിൾ തുടിക്കുന്നത്, അതോടെ ഉള്ളിലെവിടയോ മറഞ്ഞു കിടന്ന പ്രണയത്തിന്റെ നനുത്ത സ്പർശം പതിയെ ഹൃദയത്തെ വലയം ചെയ്യാൻ തുടങ്ങി,

കുറെയേറെ യാത്രകൾ ചെയ്ത് ഒരുപാടു വഴികൾ താണ്ടി എന്നെ കാണാൻ വേണ്ടി മാത്രം അവൻ വരുന്നുണ്ടെന്നത് എന്റെ ഉൾമനസ്സിനെ വല്ലാതെ തൊട്ടുണർത്തി,

ആ നിമിഷം ജീവിതത്തിലാദ്യമായി എന്റെ ഹൃദയം അവനു വേണ്ടി തുടിച്ചു,

ആ നിമിഷം തന്നെ എന്റെ ഹൃദയം തുറക്കപ്പെടുകയും അവനെ അതിനകത്ത് ഭദ്രമായി ചേർത്തു വെച്ച് ഹൃദയം അടയുകയും ചെയ്തു,

തുടർന്ന് ഞാനും അവനും ഞങ്ങളുടെ പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ വഴിയിലൂടെ സഞ്ചരിച്ച് നീങ്ങവേ, ഒന്നര വർഷത്തിനു ശേഷം ഒരു നശിച്ച ഞയറാഴ്ച്ച ദിവസം എന്റെ വീട്ടുക്കാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത വിധത്തിൽപ്പെട്ട ഒരു ബന്ധം വന്നുപ്പെടുകയും, അതിനോടൊപ്പം അവർക്ക് എന്നെയും ഇഷ്ടമായതോടെ അതുവരെ കണ്ടു കൊണ്ടിരുന്ന ചിത്രങ്ങളെല്ലാം മാറി മറിയാൻ തുടങ്ങി,

എന്തു ചെയ്തും ഈ ബന്ധം നിലനിർത്തിയേ പറ്റൂ എന്നു എല്ലാവരും കൂടി തീരുമാനിച്ച് ഉറപ്പിച്ചതോടെ ഞാൻ എന്ന ഒറ്റ കടമ്പ മാത്രമായിരുന്നു പിന്നീട് അവർക്കു മുന്നിലുണ്ടായിരുന്ന ഏക തടസ്സം

തുടർന്ന് വീട്ടുകാരുടെയും മറ്റു ബന്ധുക്കളുടെയും തുടരെ തുടരെയുള്ള സമ്മർദം സഹിക്കവയ്യാതെ വന്നപ്പോൾ ഏതോ ഒരു ദുർബല നിമിഷത്തിൽ അവരുടെ സമ്മർദത്തിനു വഴങ്ങി ഞാനവനെ ഉപേക്ഷിക്കാൻ തയ്യാറായി,

കഴിഞ്ഞതെല്ലാം ഓർത്ത് കിടക്കുകയായിരുന്ന ഞാൻ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു,

അന്നേരമാണ് ഞെട്ടിക്കുന്ന ആ സത്യം മനസിലേക്ക് കയറി വന്നത് “

ഞങ്ങൾ പ്രണയിക്കുമ്പോൾ ഞങ്ങളിൽ പരസ്പരം ഉണ്ടായിരുന്നതു പോലെയുള്ള ദൃഢമായ വിശ്വാസ്യത, ഞാനവനെ വേണ്ടായെന്നു പറഞ്ഞു ഒഴിവാക്കിയ ശേഷം വീണ്ടും ഞാൻ അതെ ആവശ്യവുമായി അവനു മുന്നിൽ ചെന്നാൽ പിന്നെയും അതെ അളവിൽ തന്നെ അവനിൽ എന്നോടുണ്ടായിരുന്ന ആ വിശ്വാസ്യത ഇനിയും ഉണ്ടാകുമോ…?

എന്ന ചിന്ത എന്നിൽ രൂപപ്പെട്ടതും ഞാനാകെ ഭയന്നു വിറച്ചു,

അതു മനസിൽ തെളിഞ്ഞതും ഹൃദയമിടിപ്പിന്റെ ക്രമാതീതമായ വേഗത എന്നെ തന്നെ ഞെട്ടിച്ചു കൊണ്ടിരുന്നു,

ആഗ്രഹിച്ചാൽ പോലും തിരിച്ചെടുക്കാൻ കഴിയാത്ത ആഴത്തിലെക്ക് കാര്യങ്ങൾ നീങ്ങുകയാണെന്ന് മനസിലായതോടെ എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി,

ഞാൻ സ്വീകരിക്കപ്പെടുമോ…?.എന്ന ഭയം അന്നേരം എന്നെ വല്ലാതെ വരിഞ്ഞു മുറുക്കി,

ആ ഭയം ഒട്ടെറെ ചോദ്യങ്ങളും സംശയങ്ങളും കൊണ്ടെന്നെ മൂടി,

അവന്റെ മനസിൽ അവനെ ചതിച്ചവളായി ഞാൻ മാറി കഴിഞ്ഞിരിക്കുന്നു. വീണ്ടും നല്ലവളാകാൻ ഞാൻ ശ്രമിച്ചാൽ അവനതു വിശ്വസിക്കുമോ…?

അന്നവൻ എന്നെ അന്തമായി വിശ്വസിച്ചിരുന്നു ഇന്ന് ആ വിശ്വാസം അവനിൽ നഷ്ടപ്പെട്ടു പോയിരിക്കുന്നു പിന്നെയും വിവാഹ അഭ്യർത്ഥനയുമായി അവനു മുന്നിലേക്കു ചെന്നാൽ എന്റെ വിശ്വാസ യോഗ്യതയേ അവൻ ഉൾക്കൊള്ളുമോ…?

ഇനി ഞാൻ എല്ലാം തുറന്നു പറഞ്ഞാലും എനിക്ക് മുന്നിൽ മറ്റു പോംവഴികൾ ഇല്ലാത്തതു കൊണ്ടാണെന്നുള്ള തോന്നലിൽ ഒരു സഹതാപത്തിന്റെ പുറത്തായിരിക്കുമോ എന്നെ അവൻ സ്വീകരിക്കുക…?

പഴയതിൽ നിന്നും വ്യത്യസ്ഥമായി എന്നെ ഇനിയും വേണമോ..? വേണ്ടയോ…? എന്നു തീരുമാനിക്കാൻ അവനൊന്നു താമസ്സിച്ചാൽ അതെനിക്ക് വല്ലാത്ത വേദനയാകും ഏൽപ്പിക്കുക,

ചിലപ്പോൾ എന്റെ അവസ്ഥ മനസിലാക്കി മാത്രമാണെങ്കിലോ അവനെന്നെ സ്വീകരിക്കുന്നത്…?

അങ്ങിനെ വന്നാൽ അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരിക്കും നിലവിൽ കൂടുതൽ സാധ്യതയും അതിനാണുള്ളത്. എനിക്കാണേൽ അവന്റെ ഭാഗത്തു നിന്നുള്ള ഒരു ചെറിയ ഭാവ വ്യത്യാസം പോലും എന്നെ പൊള്ളിക്കും…!

നഷ്ടപ്പെട്ടു പോയ വിശ്വാസത്തെ തേടി പിടിക്കാനാണു ഞാൻ ശ്രമിക്കുന്നത്, എന്നാൽ അവനത് അവരോചിതമായി കാണുമോ എന്നത് ഒരു വലിയ ചോദ്യചിഹ്നമായി മുന്നിൽ ഉയർന്നു,

കാരണം അവനു മുന്നിൽ ഞാനിപ്പോഴും തീർത്തും വഞ്ചകിയായ ഒരു കാമുകി മാത്രമാണ് !

ചിന്തകളെല്ലാം പിഴക്കുകയാണെന്നു മനസിലായതോടെ “വിശ്വാസത്തിന് ഒരു മുഖം മാത്രമേയുള്ളൂ” എന്നു ഞാൻ വേദനയോടെ മനസിലാക്കി

അതു പോലെ ആദ്യത്തെ അവസരത്തിനോള്ളം തുറന്ന സാധ്യത നൽകുന്ന സ്നേഹത്തിന്റെ ഊഷ്മളമായ പിൻബലം രണ്ടാമത്തെ അവസരത്തിനില്ലെന്നും ഞാൻ തിരിച്ചറിഞ്ഞു,

അങ്ങിനെ തള്ളാനും കൊള്ളാനുമാവാതെ എന്നിലെ ആശകൾ ആറി തണുത്തു,

ഒരിക്കൽ ഉപേക്ഷിച്ചത് പിന്നെയും തേടി പിടിക്കുമ്പോൾ അത് സ്വീകരിക്കപ്പെടുമോ എന്ന ഭയം എല്ലാ തരത്തിലും എന്നെ തളർത്തി കളഞ്ഞു,

അതോടെ അവനെ വേണമെന്നു ആഗ്രഹമുണ്ടായിട്ടും എല്ലാ ആഗ്രഹങ്ങളെയും ഉള്ളിലൊതുക്കി എനിക്കവനെ വേണ്ടന്നു വെക്കേണ്ടി വന്നു,

അവസരങ്ങൾ ഉണ്ടായിരുന്നിട്ടും എന്റെ ഈ തരത്തിലുള്ള അനാവശ്യമായ ചിന്താഗതി അവനെ ഞാൻ തന്നെ എനിക്ക് നഷ്ടപ്പെടുത്തി…!

എന്റെ വിവാഹത്തിന്റെ അന്ന് കെട്ടു കഴിഞ്ഞ് എന്നെ കാണാൻ വന്ന കൂട്ടുക്കാരി ശ്രവ്യ എന്നോട് രഹസ്യമായി പറഞ്ഞു,

നീ നഷ്ടപ്പെടുത്തിയതിന്റെ വില നിനക്കൊരിക്കലും മനസിലാകില്ലാന്ന് ” അതു കേട്ട് ഞാനവളെ നോക്കിയതും അവൾ പറഞ്ഞു

അടുത്തൊരു ദിവസം അവനെ കണ്ടപ്പോൾ അവൻ അവളോട് പറഞ്ഞത്രെ,

വിലക്ക് വാങ്ങാനാവുമായിരുന്നെങ്കിൽ എനിക്ക് അവനെ വേണ്ടായെന്നു തോന്നിപ്പിച്ച ആ നിമിഷത്തെ അവൻ വിലക്കു വാങ്ങുമായിരുന്നെന്ന് “

അതു കേട്ടതും മരണത്തിന്റെ മരവിപ്പ് അന്നേരം എന്നിലൂടെ കയറിയിറങ്ങി പോയി,

അവനുള്ളിൽ എന്താണെന്നു പോലും അറിയാൻ ശ്രമിക്കാതെ അനാവശ്യമായ കണക്കുക്കൂട്ടലിലൂടെ ഞാൻ സ്വയം വരുത്തി വെച്ച എന്റെ പിഴയേ കുറിച്ച് അന്നേരമാണ് ഞാൻ തിരിച്ചറിഞ്ഞത്…!

പലപ്പോഴും നമ്മൾ സ്വയം ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം,

ഒരിക്കൽ വേണ്ടാന്നു വെച്ചിട്ടും വീണ്ടും രണ്ടാമത് അതു തന്നെ വേണമെന്നു മനസാഗ്രഹിക്കുന്നു എങ്കിൽ അതിനർത്ഥം,

” നിങ്ങളുടെ ഹൃദയത്തിൽ ആ സ്നേഹത്തോള്ളം അലിഞ്ഞു ചേർന്നിരിക്കുന്ന മറ്റൊന്നില്ലെന്നാണ് “

എന്നിട്ടും അനാവശ്യ ഈഗോയുടെ പുറത്ത് ഇഷ്ടമുള്ളതിനെ കൈവിട്ട് മറ്റൊരാളെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടാനാണു നമ്മൾ ശ്രമിക്കുന്നത്,

ജീവിതത്തിൽ നിന്നും തീർത്തും നഷ്ടപ്പെടുകയാണ് എന്ന തോന്നലിൽ ഒരിക്കൽ നഷ്ടപ്പെടുത്തിയ തന്റെ സ്വപ്നങ്ങളോട് പിന്നീട് അത്ര തന്നെ ഇഷ്ടം തോന്നിയിട്ടും,

അനാവശ്യമായ ഈഗോ കൊന്നു കളഞ്ഞ ഒരുപാട് പ്രണയങ്ങളുണ്ട്,

——————————

തന്റെ മുന്നിലേക്ക് നീട്ടി പിടിച്ച കൈകളിൽ വരും വരായ്കകളെ ഓർത്തു ഭയപ്പെടാതെ എത്തി പിടിച്ചവർക്കു മാത്രമേ അവരുടെ പ്രണയത്തെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ, ആ കൈകളെ തന്റെ ജീവനോള്ളം പ്രാണനായി ചേർത്തു പിടിച്ച കൈകളിലാണ് യഥാർത്ഥ പ്രണയം എന്നും നിലകൊള്ളുന്നതും..!

~Pratheesh