കാറിൽ നിന്നു പുറത്തിറങ്ങുമ്പോൾ ശ്രീനന്ദ മോളെ എടുക്കാനായി കൈനീട്ടിയെങ്കിലും….

വഴിയോരക്കാഴ്ചകൾ…

Story written by Rejitha Sree

====================

“എന്തൊരു തണുപ്പാണ് കാറിന്റെ ac യ്ക്ക്.”!

ശ്രീനന്ദ ac ഓഫാക്കി പുറത്തെ കാഴ്ചകളെ മനോഹമായി കാണും വിധം ഗ്ലാസ്‌ താഴ്ത്തിയിട്ടു.കാറിന്റെ വേഗത്തിനനുസരിച് മഴയുടെ ചെറിയ ചാറ്റലുകൾ മുഖത്തേയ്ക്ക് വന്നു പതിക്കുന്നുണ്ടായിരുന്നു.

കാർ ഡ്രൈവ് ചെയ്യുന്നതിനിടെ വൈശാഖ് പിറകിലിരിക്കുന്ന മോളെ മിററിലൂടെ നോക്കുന്നുണ്ടായിരുന്നു. സീറ്റ്‌ ബെൽറ്റ്‌ ഒക്കെയിട്ട് അനങ്ങാതെ ഇരിക്കുന്നുണ്ട് കുട്ടികുറുമ്പി. മൂന്ന് വയസ്സേ ഉള്ളെങ്കിലും മുപ്പത് വയസ്സിന്റെ ചിന്തയും മൂന്നാല്‌പിള്ളാരുടെ കുരുത്തക്കേടും കയ്യിലുണ്ട്. പുറത്തെ കാഴ്ചകളിൽ അങ്ങനെ മതിമറന്നിരിക്കയാണ് അവൾ.

അടുത്തൊരു ഹോട്ടൽ കണ്ടപ്പോൾ വൈശാഖ് കാർ സ്ലോ ചെയ്തു.” കഴിക്കണ്ടേ.. “

“മം മേണം.. “

മിത്ര മോളാണ് മറുപടി തന്നത്.

“ആഹാ അച്ഛന്റെ കുഞ്ഞിപ്പെണ്ണിന് വിശപ്പായോ” ന്ന് ചോദിച്ച് വൈശാഖ് കാർ പാർക്കിങ്ങിലേയ്ക്ക് ഒതുക്കി

കാറിൽ നിന്നു പുറത്തിറങ്ങുമ്പോൾ ശ്രീനന്ദ മോളെ എടുക്കാനായി കൈനീട്ടിയെങ്കിലും വല്യ ഗമയിൽ അച്ഛന്റെ കൈപിടിച്ചവൾ ഹോട്ടലിന്റെ സ്റ്റെപ്പുകൾ കയറി.

ഓർഡർ ചെയ്ത ഭക്ഷണം കുറച്ചു തറയിലും കുറച്ചു ടേബിളിന്റെ പുറത്തും ഒക്കെയാക്കി കുട്ടികുറുമ്പി.

വാരിക്കൊടുക്കാൻ കൈയിലെടുത്താൽ അപ്പൊ വേണ്ടാന്ന് പറഞ്ഞത് ബഹളം തുടങ്ങും. എങ്കിലും ശ്രീനന്ദ അതൊന്നും കാര്യമാക്കാതെ ഇടയ്ക്കിടെ മിത്രയ്ക്ക് വാരി കൊടുക്കുന്നുമുണ്ട്.

ഇടയ്ക്കെപ്പോഴോ കണ്ണുതെറ്റിയപ്പോഴാണ് ശ്രീനന്ദ ആ കാഴ്ച കണ്ടത്.

ഹോട്ടലിന്റെ പുറത്തായി ഒരു ആൺകുട്ടി ഈ കാഴ്ചകളെല്ലാം കണ്ടുകൊണ്ട് നിൽക്കുന്നു. കാഴ്ച്ചയിൽ ഒരു അഞ്ചു വയസ് പ്രായമുണ്ടാകും. ഒരു വള്ളിനിക്കർ മാത്രമാണ് വേഷം. ഇരുണ്ടു ഒട്ടിയ കവിളുകൾ. കണ്ണുകൾ വിശപ്പിന്റെ ആഴങ്ങൾ ഓർമിപ്പിക്കും വിധം കുഴിഞ്ഞിരിക്കുന്നു.

അവൾ വൈശാഖിനോട് മോളെ ഒന്ന് നോക്കണേ ന്നുപറഞ്ഞു വാതിൽ ലക്ഷ്യമാക്കി നടന്നു.

ഡോർ തുറന്നു ആ ബാലനെ അകത്തേയ്ക്ക് വിളിച്ചു. അവൾ വിളിച്ചപ്പോഴേയ്ക്കും അതുവരെ അവിടെ നിന്ന ആ ബാലൻ ദൂരേയ്ക്ക് ഓടിപോയി.

ഇതുകണ്ട് ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നയാൾ പറഞ്ഞു

“ആ ചെക്കൻ മിക്കപ്പോഴും ഇവിടെ വരും ന്നിട്ട് ഇങ്ങനെ അകത്തേയ്ക്ക് നോക്കി നില്കും. ന്തേലും കഴിക്കാൻ കൊടുക്കാൻ വിളിച്ചാൽ നിൽക്കില്ല ഈ ഓട്ടമാണ്.”

“അറിയുമോ അവനെ.. “?

അവൾ പ്രതീക്ഷയോടെ അയാളോട് ചോദിച്ചു.

“പിന്നില്ലേ .. ഈ ഹോട്ടലിൽ അടുക്കളപ്പണിയ്‌ക്കൊക്കെ അവന്റെ അമ്മ വരുമായിരുന്നു… ഇപ്പൊ വരില്ല എന്തോ അസുഖം മൂലം കിടപ്പിലാണന്ന കേട്ടെ. “”

അയാളത് പറഞ്ഞു മുഴുമിക്കും മുൻപേ വൈശാഖ് മോളയും കൊണ്ട് ബില്ലു കൊടുക്കാനായി എത്തി. ക്യാഷിയെർ ബില്ലുതുകയ്ക്ക് ബാക്കി മോൾക്കൊരു മിട്ടായി ഇരിക്കട്ടെ ന്ന് പറഞ്ഞു ഒരു ചോക്ലേറ്റ് എടുത്തു നീട്ടി.

യാത്രയിലുടനീളം അവളുടെ മനസ്സിൽ ആ ബാലന്റെ മുഖമായിരുന്നു.

“അവൻ എന്തിനാകും അവിടെ വന്നത്…?

” വിശന്നിട്ടാകുമോ…? അങ്ങനെയെങ്കിൽ അവനെന്താ ഞാൻ വിളിച്ചിട്ട് നിൽക്കാതെ പോയത്…”

ഒരു നീണ്ട നെടുവീർപ്പുകൊണ്ട് അവൾ മനസ്സിൽ കുമിഞ്ഞു കൂടിയ ചിന്തയെ ഒതുക്കി നിർത്തി.

രാത്രി വീട്ടിലെത്തിയപ്പോഴേയ്ക്കും മിത്ര മോള് ഉറങ്ങിപോയിരുന്നു.. മോളെയും തോളിലിട്ട് ശ്രീനന്ദ ബെഡ്റൂമിലേക്ക് നടന്നു. അവളുടെ ഡോറയുടെ അടുത്തായി അവളെ കിടത്തി. കിടന്നപാടേ അവൾ ഡോറയെ കെട്ടിപിടിച്ചു ചരിഞ്ഞു കിടന്നു.

“വല്ലാത്ത ഷീണം..നല്ല തലവേദന . നന്ദനെ.. കടുപ്പത്തിൽ നീയൊരു ചായ ഇട് .അപ്പോഴേയ്ക്കും ഞാനൊന്നു ഫ്രഷ് ആയി വരാം.

************************

പിറ്റേന്ന് മോളെ പ്ലേ സ്കൂളിൽ ആക്കാൻ വേണ്ടി റെഡി ആക്കി അവളുടെ ബാഗിൽ തപ്പിയപ്പോൾ ഇന്നലെ വാങ്ങിയ ബാർബി ഡോളിനെ കാണുന്നില്ല.

“എവിടെയാ ഈ അഹങ്കാരി എന്റെ പാവക്കുട്ടിയെ കൊണ്ടുകളഞ്ഞത്. മോൾടെ സുന്ദരി പാവയാരുന്നു” മിത്ര ഇല്ലാത്ത കരച്ചിലും ബഹളവും കൊണ്ട് നന്ദയുടെ പുറകെ നടന്നു വഴക്കിട്ടു.

കുളിച്ചുകൊണ്ടുനിന്ന വൈശാഖിന്റെ ബാത്റൂമിന്റെ കതകിൽ തെരുതെരെ തട്ട്.

“അച്ഛാ.. മോളാ.. വാതില്‌ തുറക്ക്.. മോൾടെ പാവയെ കാണുന്നില്ല…! വൈശാഖ് ബാത്‌റൂമിൽ നിന്നും തലതുവർത്തികൊണ്ട് ഇറങ്ങിവന്നു.

“ന്താ ഇവിടെ മനുഷ്യനെ മനസമാധാനത്തോടെ കുളിക്കാനും സമ്മതിക്കില്ല”

വൈശാഖിന്റെ ദേഷ്യത്തിന് ഒത്തു ശ്രീനന്ദ മറുപടി പറഞ്ഞു

“അവളുടെ പാവയെ കാണുന്നില്ല. ഷോപ്പിൽ നിന്നെടുത്തതാണല്ലോ പിന്നതെവിടെ പോയി.

ഒന്ന് ആലോചിച്ചുനിർത്തിയിട്ട് ശ്രീനന്ദ പറഞ്ഞു

“ആ… ആ ഹോട്ടലിൽ കയറിയപ്പോൾ… “

“അതെ വൈശാഖ് പാവയെ ആ ഹോട്ടലിൽ മറന്നു വച്ചതാണ്… !

“ഓഹ് .. ഇനിയിപ്പോ അതിനു വഴക്കിടേണ്ട. മോൾക്ക് അച്ഛൻ വേറെ ഒന്ന് വാങ്ങിത്തരാം. “

“വേണ്ട.. അതുതന്നെ മതി “

മിത്ര ദേഷ്യപ്പെട്ടു.

ഒരു രീതിയിലും അവൾ അടുക്കില്ലന്നു മനസ്സിലായപ്പോൾ അവളുടെ ഇഷ്ടത്തിന് വഴങ്ങികൊടുക്കാതെ നിവർത്തിയില്ലെന്നായി.

“ഇന്ന് സമയമില്ല നമുക്ക് നാളെ പോയി എടുക്കാം. ഇന്ന് അച്ഛന്റെ സുന്ദരിക്കുട്ടി ഒന്ന് സമാധാനിക്ക്.. “

വൈശാഖിന്റെ ആ യാത്രയിൽ നന്ദയും കൂടെഉണ്ടായിരുന്നു.

മുന്നോട്ടുള്ള യാത്രയിൽ വഴിയോര കാഴ്ചകൾ ഓരോന്നായി കണ്മുൻപിൽ മിന്നിമറഞ്ഞു കൊണ്ടിരുന്നു.ഒരു നിമിഷം കൊണ്ട് ചിന്തിപ്പിക്കുന്ന കാഴ്ചകൾ. വയസായ അമ്മമാർ വഴിയോരത്ത് ചെറിയ സാധനങ്ങൾ കച്ചവടം ചെയ്യുന്നു. പ്രായമായി നേരെ നില്കാൻ പോലും ആകാത്ത അച്ചന്മാർ ഭാരം ചുമക്കുന്നു. കൊച്ചു കുട്ടികളെയും കൊണ്ട് അമ്മമാർ ചെരുപ്പുകുത്തുന്നു. വെയിലെന്നോ മഴയെന്നോ ഇല്ലാതെ തെരുവിൽ അലയുന്നവർ. ഒരു നേരത്തെ ആഹാരം ഇല്ലാതെ പൈപ്പുവെള്ളത്തിൽ അഭയം പ്രാപിക്കുന്ന കുഞ്ഞുങ്ങൾ. അവരുടെ കരിഞ്ഞുണങ്ങിയ ശരീരത്തിൽ ജീവന്റെ തുടിപ്പുകൾ മാത്രം..

ഒരു കൂട്ടം ആളുകൾ പണത്തിന്റെ പുറത്തുകയറി എന്തുചെയ്യണമെന്നറിയാതെ ദിവസങ്ങൾ തള്ളിനീക്കുമ്പോൾ ഈ കുരുന്നു ജീവിതങ്ങൾക്ക് ഒരു നേരത്തെ ആഹാരമെങ്കിലും നൽകിയിരുന്നെങ്കിൽ.. പറക്കും മുൻപേ അരിഞ്ഞെറിഞ്ഞ അവരുടെയൊക്കെ മോഹങ്ങൾക്ക് ചിറകു കൊടുക്കാൻ തനിക്ക് കഴിഞ്ഞെങ്കിൽ.

ഹോട്ടലിന്റെ ബോർഡിന്റെ സൈഡിലായി പാർക്കിംഗ് എന്നെഴുതി വച്ചിരിക്കുന്നിടത്തായി വൈശാഖ് കാർ പാർക്ക് ചെയ്തു.

ക്യാഷ് കൗണ്ടറിൽ നിൽക്കുന്ന ആളെ ലക്ഷ്യമാക്കി അയാൾ മുന്നോട്ട് നടന്നു. വൈശാഖിനെ കണ്ടപ്പോഴേ അയാൾ ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു.

“കഴിഞ്ഞ ദിവസം മോൾടെ പാവ ഇവിടെ വച്ച് മറന്നുപോയി അല്ലെ…?

“അതെ.. ഒരു സമാധാനവും തന്നിട്ടില്ല.. ദേ.., കണ്ടില്ലേ വിളിച്ചുകൊണ്ടു വന്നിരിക്കുന്നത്.”

കൗണ്ടറിൽ ഉള്ളയാൾ മോളെ നോക്കി ചിരിച്ചുകൊണ്ട് കൗണ്ടറിന്റെ സൈഡിലായി വച്ചിരുന്ന പാവയെ എടുത്തു പൊക്കി വച്ചു. വൈശാഖിന്റെ കയ്യിലിരുന്ന മിത്ര മോൾ അതിനെ ചാടിപിടിച്ചു താഴേയ്ക്ക് വലിച്ചിടാൻ നോക്കി.

“ഒരുപാട് നന്ദിയുണ്ട് കേട്ടോ ഇത് സൂക്ഷിച്ചു വച്ചതിന്”..വൈശാഖ് നന്ദിപറഞ്ഞ്‌ ഇറങ്ങും മുൻപ് ശ്രീനന്ദ ചോദിച്ചു. “കഴിഞ്ഞ ദിവസം കണ്ട ആ കുട്ടി പിന്നെ ഇങ്ങോട്ട് വന്നിട്ടുണ്ടോ..?

“ഓ അവനോ..ഇപ്പോൾ വരാറില്ല.. വല്ലാത്ത അവസ്ഥ തന്നെയാണ് ആ കുട്ടിയുടേത്. അച്ഛൻ വല്യ പാർട്ടി പ്രവർത്തകൻ ആയിരുന്നത്രേ, പറഞ്ഞിട്ടെന്താ…ആഹ്.. എല്ലാം വിധി…അയാൾ പറഞ്ഞ് നിർത്തി.

“ആ കുട്ടിയുടെ വീട് ഇവിടെ അടുത്തന്നല്ലേ പറഞ്ഞത്.. എവിടായിട്ടു വരും “

“അത്.. ഇവിടുന്നു ദേ.. ആ വളവു കഴിഞ്ഞാൽ ഒരു ഇറക്കമുണ്ട് അവിടുന്ന് വലത്തോട്ട് തിരിയുമ്പോഴാണ്. വീടെന്നുപറയാൻ ഒന്നുമില്ല ഒരു ചെറിയ ചായ്പ്പ്‌ അത്രേയുള്ളൂ.. ആ പിന്നെ കാർ അങ്ങോട്ടൊന്നും പോകില്ല. ആ വളവു കഴിഞ്ഞാൽ പിന്നെ ഇറങ്ങി അങ്ങോട്ട് നടക്കണം.

“അപ്പോൾ ശെരി വീണ്ടും കാണാം “

വൈശാഖ് അയാളോട് യാത്ര പറഞ്ഞ് കാറിലേക്ക് കയറി. ചിന്തയിൽ മുഴുകിയിരുന്ന ശ്രീനന്ദയുടെ മനസ്സിൽ എന്താണെന്നു വൈശാഖിനു ഏറെ കുറെ മനസ്സിലായിരുന്നു.

“അപ്പോൾ പോവ്വല്ലേ.. “

“എങ്ങോട്ട്.. “

“നീയല്ലേ ഇപ്പോൾ ആ കുട്ടിയുടെ വീട് ചോദിച്ചത്. അപ്പോൾ ഇനി അങ്ങോട്ടല്ലേ പോകേണ്ടത്. “

അവൾ വൈശാഖിന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചു.. വൈശാഖ് ചിലപ്പോൾ അങ്ങനെയാണ് പറയാതെ തന്നെ പലതും മനസിലാക്കി ചെയ്യും.

ഇടവഴിയിലെ ഒരു കാട്ടുപാതയിൽ കാർ ഒതുക്കിയിട്ടു ഇരുവരും ഇറങ്ങി നടന്നു. പ്രത്യക്ഷത്തിൽ അവിടെ നോക്കിയാൽ വീടൊന്നും കാണാൻ കഴിയില്ല. പിന്നെ ചോദിച്ചും പറഞ്ഞും ഒടുവിൽ അയാൾ പറഞ്ഞ ആ ചായ്‌പിന്റെ മുൻപിൽ അവർ എത്തി.

ആ ഒറ്റമുറിയുടെ അകത്തെ കാഴ്ചകൾ മനസ്സിനെ നിശബ്ദമാക്കുന്നവ ആയിരുന്നു. ഒരു കട്ടിലിന്റെ ഓരം ചേർന്ന് കുറെ പാത്രങ്ങൾ. ഒരുപാട് മുഷിഞ്ഞ കട്ടിൽ വിരി. അതിന്റെ ഒരു വശം ചേർന്ന് കിടക്കുന്ന ഒരു സ്ത്രീ. അവന്റെ അമ്മയാകാം.

അവർ മനസ്സിലാകാത്ത പോലെ ചോദിച്ചു

“ആരാ.. ഇതിനുമുൻപ് കണ്ടിട്ടില്ലല്ലോ.. “

“ഞങ്ങൾ കുറച്ചു ദൂരെന്നാണ്. മോനെ ഒന്ന് കാണാൻ വന്നതാണ്. മോനെന്തേ.. “

“അവർ അവനെ നീട്ടി വിളിച്ചു “

“നന്ദുട്ടാ .. “

ആ വിളി കേട്ട ശ്രീനന്ദയുടെ കണ്ണുനിറഞ്ഞു. അവൾ വൈശാഖിന്റെ കയ്യിൽ മുറുകെ പിടിച്ചു.അഞ്ചു വർഷം ഒറ്റനിമിഷത്തിൽ പുറകോട്ടുപോയി. അടുത്തുള്ള കുട്ടികളുമായി കളിക്കാൻ പോയ നന്ദുമോൻ മാത്രം തിരികെവന്നില്ല. നോക്കിച്ചെന്നപ്പോൾ കുളത്തിലെ ചെളിയുടെ ആഴങ്ങളിൽ അവൻ അങ്ങനെ… ശ്രീ നന്ദ മനസ്സിൽ പറഞ്ഞു ” നമ്മുടെ മോൻ.. “

എവിടുന്നോ ഓടി കിതച്ചുകൊണ്ട് ആരാണ് വന്നതെന്നു പോലും നോക്കാതെ അവൻ അമ്മയുടെ അരികിലേക്ക് ചേർന്നു.

“ഇതാണ് എന്റെ മകൻ. നിങ്ങൾ ഇവനെ അറിയുമോ.”.

അവരുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ നിങ്ങൾക്ക് എന്തുപറ്റിയതാണെന്നാണ് ചോദിച്ചത്. നിശബ്ദതയിൽ നിന്നും ഒരു നീണ്ട നെടുവീർപ്പിനു ശേഷം അവർ പറഞ്ഞുതുടങ്ങി.

സജിത്തേട്ടൻ ഞങ്ങളെ ഒരു കഷ്ടപ്പാടും അറിയിക്കാതെയായിരുന്നു നോക്കിയിരുന്നത്. മൂന്നു പശുവും കുറെ കോഴിയും ഒക്കെയുണ്ടായിരുന്നു. അല്ലാതെ പറമ്പിലെ പണിക്കും ഒക്കെപോകും. ഇതായിരുന്നില്ല വീട്. സ്വന്തമായി ഒരു ചെറിയ വീടുണ്ടായിരുന്നു. അതിൽ നിറയെ സന്തോഷവും.. ഞാനും മോനും ചേട്ടനും.. ഉള്ളതുകൊണ്ട് സ്വർഗ്ഗതുല്യമായിരുന്നു ഓരോ ദിവസവും. പക്ഷെ..നല്ല രീതിയിൽ പാർട്ടി പ്രവർത്തനമുണ്ടായിരുന്നു. . ആ സ്നേഹ സമ്മാനമാണ്. ഒരു ദിവസം തിരികെ വന്നത് ദേഹമാസകലം ചോരയൊലിപ്പിച്ചുകൊണ്ട്.. ആഴത്തിലേറ്റ മുറിവ് ഗവണ്മെന്റ് ആശുപത്രിയിൽ ചികിൽസിച്ചിട്ടും മാറ്റമില്ലാഞ്ഞപ്പോൾ പ്രൈവറ്റിലേയ്ക്ക് മാറ്റി. ഉണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കി ചികിൽസിച്ചു. പക്ഷെ.. സജിത്തേട്ടൻ…നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുടയ്ക്കാൻ അവർ നന്നേപാടുപെടുന്നുണ്ടായിരുന്നു..വീടൊക്കെ പോയപ്പോൾ ഈ നാട്ടിൽ വന്നു താമസിക്കേണ്ടി വന്നു. ഇതിപ്പോ പാർട്ടിക്കാരുടെ ഔദാര്യമാണ് ഈ വീട്. അതും വാടകയ്ക്കാണ്….

ഒരു നീണ്ട നിശബ്ദത… നന്ദയുടെയും വൈശാഖിന്റെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി.. അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ ആ കുഞ്ഞുമുഖവും വേദനിച്ചു.

നന്ദ ആ മകനെ അടുത്തേയ്ക്ക് ചേർത്തുനിർത്തി.

“മോനെ.. മോൻ എന്തേലും കഴിച്ചാരുന്നോ….?

അവൻ അവളുടെ കയ്യിൽ നിന്നും കുതറി മാറി അമ്മയുടെ അരികിലേക്ക് നീങ്ങി നിന്നു.

“അടുത്തുള്ള ഹോട്ടലിൽ ഞാൻ പണിക്ക് പോകുമായിരുന്നു. അവിടുന്ന് ഭക്ഷണവും ദിവസക്കൂലിയും കിട്ടും . പക്ഷെ കഴിഞ്ഞ കുറെ ദിവസങ്ങൾക്കു മുൻപ് എന്റെ കാലിൽ എന്തോ കടിച്ചതാണ്. വൈകിട്ട് വന്നു കിടന്നു പിറ്റേന്നായപ്പോൾ ഇങ്ങനെയാണ്. ” അവൾ ദേഹത്തുനിന്നും പുതപ്പു മാറ്റിയപ്പോൾ രണ്ടുപേരും ഞെട്ടിപ്പോയി. ദേഹമാസകലം നീലിച്ചു തടിച്ചു നിൽക്കുന്നു. കാലിൽ ഒരു മുറിവിൽ നിന്നും ര ക്തവും പഴുപ്പും ഒലിച്ചിറങ്ങി..

“വൈശാഖ്.. ഇത്.. വിഷബാധയാണ്. എത്രയും പെട്ടന്ന് നമുക്ക് ഇവരെ ഹോസ്പിറ്റലിൽ എത്തിയ്ക്കണം.”

പിന്നീട് നടന്നതൊക്കെ യാന്ത്രികമായിരുന്നു. ഹോസ്പിറ്റലിൽ അവരെ എത്തിച്ചപ്പോഴേയ്ക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. “ഒരു ദിവസമെങ്കിലും മുൻപ് ആയിരുന്നെങ്കിൽ.. ഇനി ഇവരെ എവിടെ കൊണ്ടുപോയാലും രക്ഷപെടുത്താനാകില്ല.”Dr കൈമലർത്തി…

ആ പിന്നെ അവർക്ക് നിങ്ങളെ ഒന്ന് കാണണമെന്ന് പറഞ്ഞു. വൈശാഖും നന്ദയും icu വിലേയ്ക്ക് കയറി. ശ്രീനന്ദയെ കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞു.” നിങ്ങൾ ആരാണെന്നു എനിക്കറിയില്ല. എന്തിനാണ് വന്നതെന്നും ഞാൻ ചോദിച്ചില്ല. പക്ഷെ ഒന്നറിയാം നന്മയുള്ളവരാണ്..എന്റെ മകനെ.. അവൻ ഈ ലോകത്തിൽ ഒറ്റയ്ക്കാണ്. അവന്റെ അച്ഛൻ എന്നും അവനെ വാരി ഊട്ടിക്കുമായിരുന്നു. അതിനായി എത്ര രാത്രിയായാലും മോൻ കാത്തിരിക്കും. എന്റെ അടുത്തുനിന്നു എങ്ങും പോകില്ല. പാവം എന്റെ കുഞ്ഞ്.. വിരോധമില്ലെങ്കിൽ എന്റെ കുഞ്ഞിനെ…! പെട്ടന്ന് അവരുടെ വാക്കുകൾ മുറിഞ്ഞു… ശ്വാസം നിലച്ചു..

ആ യാത്രയുടെ അവസാനം ശ്രീ നന്ദയുടെ മടിയിൽ ഒന്നുമറിയാതെ നന്ദു മയങ്ങി…ദിവസങ്ങൾ ഓരോന്നായി കഴിയുംതോറും നന്ദു ശ്രീനന്ദയ്ക്കും വൈശാഖിനും നഷ്ടപ്പെട്ടുപോയ തങ്ങളുടെ സ്വന്തം നന്ദുമോൻ തന്നെയായിരുന്നു..പിന്നീടവൻ അച്ഛനില്ലാത്ത വേദന അറിഞ്ഞിട്ടില്ല അമ്മയെ ഓർക്കുമ്പോൾ നന്ദയുടെ മാറിലേക്ക് ചായും. പെങ്ങള്കുട്ടിയുമൊത്തു വഴക്കിട്ടും കളിച്ചും അവൾക്കൊപ്പം അവനും വളർന്നു.

ഇന്നവൻ വളർന്നു…തെരുവിൽ അലയുന്നവർക്കു വേണ്ടി താമസിക്കാൻ ഒരിടം. അവിടെ അന്നവും വസ്ത്രവും അവർക്കു ചെയ്യാൻ പറ്റുന്ന ചെറിയ ജോലികളും നൽകി അവരെ സംരക്ഷിക്കുന്നു..

അമ്മ പോകും മുൻപ് അവനെ പഠിപ്പിച്ചിരുന്നു “അനാഥത്വത്തിൽ ഒരു കുഞ്ഞു മനസ്സുപോലും വേദനിക്കരുതെന്ന്… “!

**************

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപെടുത്തുമെന്ന പ്രതീക്ഷയോടെ..

Written by rejitha sreejith.