എന്റെ പൂവനെ കണ്ടോയെന്ന് അയലത്തെ നളിനിയോടും മുറ്റത്ത് കളിക്കുന്ന അവളുടെ കുഞ്ഞുങ്ങളോടും…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ

==================

തേങ്ങയിടാൻ വന്ന കുമാരേട്ടൻ തെങ്ങിൻ മുകളിൽ നിന്ന് ഭാര്യ ശാന്തക്കൊരു വാട്സാപ്പ് സന്ദേശമയച്ചു.

‘എടീ.. തേങ്ങ നാലെണ്ണം കൊണ്ടുവരും. ആ പൂവനെ തട്ടിയരച്ചൊരു കറിയുണ്ടാക്ക്.’

ഫോട്ടോ സഹിതമുള്ള കുമാരേട്ടന്റെ സന്ദേശം വായിച്ച ശാന്ത, മാക്സിയൽപ്പം പൊക്കിക്കുത്തി പൂവനെയന്വേഷിച്ചു.

എന്റെ പൂവനെ കണ്ടോയെന്ന് അയലത്തെ നളിനിയോടും മുറ്റത്ത് കളിക്കുന്ന അവളുടെ കുഞ്ഞുങ്ങളോടും ശാന്ത നീട്ടി ചോദിച്ചു. തത്സമയം ഉമ്മറത്തിരുന്ന് ബീഡിതെറുക്കുന്ന നളിനി അവളുടെ മെലിഞ്ഞ കഴുത്ത് നീട്ടി ചുറ്റിലുമൊന്ന് കണ്ണോടിച്ചു. എന്നിട്ടില്ലെന്റെ ശാന്തേട്ടത്തീ എന്നുത്തരം നൽകി. അതു കേട്ടപ്പോൾ ശാന്തവളുടെ ഉന്തിയ ചുണ്ട് വിടർത്തി നിരാശ പ്രകടിപ്പിച്ചു.

പെട്ടെന്നാണവളുടെ കാതുകളത് ശ്രദ്ധിച്ചത്. മാഞ്ചോട്ടിൽ നിന്നിലകൾ ചിള്ളപ്പെടുന്ന ശബ്ദമല്ലെയാ കേൾക്കുന്നത്..!

ശാന്തയുടെ വരവിലെ പന്തികേട് കണ്ടിട്ടായിരിക്കണം പൂവൻ പിടഞ്ഞ് അയലത്തെ ശുക്കൂറിന്റെ കിണറ്റിൻ കരയിലേക്ക് പാറിയിരുന്നു.

‘എടാ ശുക്കുറേ… യാ പൂവനെയൊന്ന് പിടിച്ചെടാ.. കുമാരേട്ടന് തേങ്ങയരച്ചൊരു കറിയുണ്ടാക്കാനാ..’

കേട്ടയുടനെ ശുക്കൂറിന്റെ നാവിൽ നിന്നും വറുത്തരച്ച കോഴിക്കറിയുടെ നീരിറ്റ് വീണു. അവനാ കിണറ്റിൻ കരയിലേക്ക് ഓടിയെത്തിയപ്പോഴേക്കും പൂവൻ കാല് കുഴഞ്ഞാ കിണറിനകത്തേക്ക് വീണിരുന്നു.

ശാന്ത തലയിൽ കൈ വെച്ച് നിലവിളിക്കുമ്പോൾ ശുക്കൂറ് കുമാരേട്ടനെ ഫോണിൽ വിളിച്ചു.

വിവരമറിഞ്ഞ ഉടൻ കുമാരേട്ടനെത്തി. തെങ്ങിൽ കയറുന്ന ലാഘവത്തോടെയാ കിണറിലേക്ക് ഇറങ്ങി മുങ്ങിചാകാൻ തുടങ്ങിയ പൂവനെ അയാൾ രക്ഷിച്ചു. ഭദ്രമായി പുറത്തെത്തിച്ചു.

പുറത്തെത്തിയ പൂവൻ കുമാരേട്ടന്റെ കൈത്തണ്ടയിൽ നിന്ന് മാറിലേക്കമർന്ന് ചാഞ്ഞു. അവിടങ്ങളിലെ ചുരുൾ രോമങ്ങൾക്കിടയിലേക്ക് പൂവൻ തല പൂഴ്ത്തിയപ്പോൾ കുമാരേട്ടനതറിഞ്ഞു. സുരക്ഷിതമായ ഒരിടത്ത് എത്തിയതിന്റെയെല്ലാ ആശ്വാസവുമാ പൂവന്റെ ശ്വാസത്തിലുണ്ടായിരുന്നു.

എന്നാലുമെന്റെ പൂവാ.. നീയിത് ഞങ്ങളോട് ചെയ്തല്ലോയെന്നും പറഞ്ഞപ്പോഴേക്കും ശാന്ത വന്ന് കുമാരേട്ടന്റെ നെഞ്ചത്ത് നിന്ന് പൂവനെയെടുത്ത് ധൃതിയിൽ വീട്ടിലേക്ക് നടന്നിരുന്നു. അവളുടെയുള്ളിൽ മുഴുവൻ കുമാരേട്ടന് വിളമ്പേണ്ട വറുത്തരച്ച കോഴിക്കറിയായിരുന്നു.

അന്ന് ഉച്ചക്കും രാത്രിയും പിറ്റേന്ന് രാവിലേയും പൂവൻകറിയുടെ സ്വാദ് ശുക്കൂറും നളിനിയും അവളുടെ കുഞ്ഞുങ്ങളും ശാന്തയും ആവോളം രുചിച്ചാസ്വദിച്ചു. ഒരാൾ മാത്രമതിൽ തൊട്ടില്ല…!!!