നാത്തൂൻ ജീൻസും ടോപ്പുമായിരുന്നു ധരിച്ചിരുന്നത്. മുടി തോളിന്റെ മുകളിൽ വെച്ച് മുറിച്ചിരിക്കുന്നു

നാത്തൂൻ

Story written by Ammu Santhosh

===================

കല്യാണനിശ്ചയത്തിന്റെ അന്നാണ് ഞാൻ എന്റെ നാത്തൂനേ ആദ്യമായി കാണുന്നത്. അത്ര ഒന്നും ചിരിക്കാത്ത അധികം സംസാരിക്കാത്ത കർശനക്കാരിയായ ഒരാൾ

“നിത്യേ നിന്റെ നാത്തൂൻ ആൾ അത്ര പാവമൊന്നുമല്ല എന്ന് തോന്നുന്നു കേട്ടോ. അവളുടെ നിൽപ് കണ്ടോ ആണുങ്ങളെ പോലെ നെഞ്ചു വിരിച്ച് കയ്യും കെട്ടി. കല്യാണ നിശ്ചയത്തിന് വരുമ്പോൾ ആരെങ്കിലും ജീൻസും ടോപ്പും ഇട്ട് വരുമോ. നോക്കിക്കേ.” കസിൻ ദിവ്യ എന്റെ ചെവിയിൽ പറഞ്ഞു

ശരിയായിരുന്നു

നാത്തൂൻ ജീൻസും ടോപ്പുമായിരുന്നു ധരിച്ചിരുന്നത്. മുടി തോളിന്റെ മുകളിൽ വെച്ച് മുറിച്ചിരിക്കുന്നു. സുന്ദരിയാണ്. പക്ഷെ നല്ല അഹങ്കാരം ഉണ്ട്. എനിക്ക് തോന്നി.

“നിന്റെ അമ്മായിയമ്മ പാവമാ കേട്ടോ. എന്താ സംസാരം..നല്ല സ്നേഹം.അച്ഛനും അതെ “

എന്റെ ചെക്കൻ കിഷോർ പാവമാണെന്നു എനിക്ക് അറിയാം. കുറച്ചു നാളത്തെ പരിചയം ഉള്ളെങ്കിലും ആളൊരു പഞ്ച പാവമായിട്ടാ എനിക്ക് തോന്നിയത്

അപ്പൊ ഇവളാണ് ആ വീട്ടിലെ വില്ലത്തി. ഈശ്വര!എനിക്ക് ചോദിക്കാനും പറയാനും ആങ്ങളമാരും ഇല്ലല്ലോ? അച്ഛൻ പണ്ടേ ആരോടും ചോദിക്കില്ല. അമ്മയ്ക്ക് ഒറ്റ വാക്ക് മാത്രം അറിയുവുള്ളു “അഡ്ജസ്റ്റ്മെന്റ്”

നിത്യേ,മോളെ നിന്റെ ജീവിതം ഇനി ആ വീട്ടിലാ കേട്ടോ അഡ്ജസ്റ്റ് ചെയ്യണം. പല വിധത്തിൽ ഉള്ള മനുഷ്യരാണ്. അഡ്ജസ്റ്റ് ചെയ്താലേ ജീവിക്കാൻ പറ്റു.

അമ്മ പറഞ്ഞു പറഞ്ഞു ആ വാക്ക് ഇനി ആരെങ്കിലും പറഞ്ഞാൽ ഞാൻ തല്ലിപ്പോകുന്ന സ്ഥിതി ആയി

ഒരിക്കൽ ഞാൻ കിഷോറിനോട് ചോദിച്ചിരുന്നു.

“കിഷോറിന്റെ ചേച്ചി എന്താ കല്യാണം കഴിക്കാത്തത്?”

“ചേച്ചി പറയുന്നത് എന്തോ വലിയ ഡ്രീംസ് അച്ചീവ് ചെയ്യാൻ ഉണ്ടെന്നാ. കല്യാണം ഒന്നും പുള്ളിക്കാരിയുടെ അജണ്ടയിലില്ല. വേറെ ഒരു ടൈപ്പ് ആണ് കക്ഷി “

അതേതു ടൈപ്പ് എന്ന് ചോദിച്ചില്ല.

ബുദ്ധിജീവി ടൈപ്പ് ആണെങ്കിൽ ഞാൻ പെട്ട്.

എനിക്ക് ആവറേജ് ബുദ്ധിയേയുള്ളു. എങ്ങനെയോ ഡിഗ്രി പാസ്സായി.

കെട്ടിച്ചു വിട് വിട് എന്ന് ഒളിഞ്ഞും മറഞ്ഞും സൂചിപ്പിച്ച് ഒടുവിൽ കസിൻസിനെ കൊണ്ട് ഒക്കെ പണിയെടുപ്പിച്ച് അച്ഛന്റെയും അമ്മയുടെയും മനസ്സ് മാറ്റി വല്ല വിധത്തിൽ ഈ കല്യാണം ഒന്ന് സെറ്റ് ആക്കിയപ്പോ ദേ വരുന്നു അടുത്ത കോടാലി.

നാത്തൂൻ ദി ഗ്രേറ്റ്‌

കല്യാണനിശ്ചയത്തിന് ഒരു ചിരിയിൽ പുള്ളിക്കാരി എന്നെ പരിചയപ്പെട്ടെങ്കിൽ കല്യാണത്തിന് ഒന്ന് രണ്ടു വാക്കൊക്കെ പറഞ്ഞു

ആരൊക്കെയോ നിർബന്ധിച്ചത് കൊണ്ടാവും. സാരി ആയിരുന്നു പുള്ളിക്കാരിയുടെ വേഷം. പട്ടൊന്നുമല്ല കേട്ടോ. ഒരു സാധാരണ കോട്ടൺ സാരി. പക്ഷെ പട്ടും പൊന്നുമൊന്നും വേണ്ട കക്ഷിക്ക് ആള് ഭയങ്കര സുന്ദരിയാണ്. എനിക്ക് ലേശം അസൂയ തോന്നി.ലേശമേ ഉള്ളു കേട്ടോ ..

കല്യാണമൊക്കെ കഴിഞ്ഞു

വീട്ടിൽ ചെന്നു പിറ്റേന്ന്

അയല്പക്കത്തെ ചേച്ചിമാർ വന്നു സ്വർണത്തിന്റെ കണക്കെടുപ്പ് തുടങ്ങിയപ്പോൾ ആള് ദേ പ്രത്യക്ഷപ്പെട്ടു

“കാലം മാറി കേട്ടോ. വീട്ടിൽ വേറെ ജോലിയൊന്നുമില്ലേ “

ആ ഡയലോഗ് ഏറ്റു

വന്ന പെണ്ണുങ്ങൾ എന്തോ പിറുപിറുത്ത് കൊണ്ട് പോയി

“തനിക്ക് ഇതൊക്കെ ഊരി വെച്ചൂടെ..?”

എന്നോടാണ്

“അമ്മ പറഞ്ഞു നാല് ദിവസം ഇതിടാൻ “

“എന്നാ കാര്യത്തിന്.. അത്യാവശ്യം എങ്കിൽ താലിമാല മാത്രം പോരെ?”

ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങി ദേ ഇങ്ങനെ ഒരു നിൽപ്

“നിത്യേ എന്റെ ഈ ഷർട്ട്‌ ഒന്ന് കഴുകിക്കേ..”കിഷോർ

അത് രണ്ടു ദിവസം കഴിഞ്ഞിട്ടായിരുന്നു

നാത്തൂൻ വായിച്ചു കൊണ്ട് ഇരുന്ന പുസ്തകം മടക്കി എന്നെയും പിന്നെ ഷർട്ട്‌ നീട്ടി കൊണ്ട് നിൽക്കുന്ന കിഷോറിനെയും നോക്കി.

“രണ്ടു ദിവസം മുന്നേ വരെ ഇത് അലക്കിയത് ആരാ?”

ഒറ്റ ചോദ്യം

“അത് ഞാൻ ഇപ്പൊ എനിക്ക് ഭാര്യ ഉണ്ടല്ലോ?”

“അതെന്താ ഇപ്പൊ നിന്റെ കൈ തളർന്നു പോയോ…?പോയി കഴുകി ഇടെടാ സ്വന്തം ഡ്രസ്സ്‌. നിത്യയെന്താ നിന്റെ വാഷിംഗ്‌ മെഷിനാണോ?”

ആ ഡയലോഗ് എനിക്ക് അങ്ങ് സുഖിച്ചു

എന്നാലും എന്റെ ഭർത്താവിന്റെ ഷർട്ട്‌ ഞാൻ കഴുകിയാൽ എന്താ കുഴപ്പം എന്ന ടിപ്പിക്കൽ മലയാളി പെണ്ണിന്റെ ഒരു ചിന്ത എനിക്കുമില്ലാതില്ല.

“അവന്റെ ഷർട്ട്‌ കഴുകിയാൽ കൊള്ളാം എന്ന് തോന്നലുണ്ടല്ലേ?” നാത്തൂൻ എന്നോട്

ഞാൻ ഒരു ചിരി പാസ്സാക്കി

“എന്റെ കൊച്ചേ പിന്നെ അവന്റെ അണ്ടർവെയർ വരെ തരും കഴുകാൻ. അജ്ജാതി സാധനമാ.എന്നും അവന്റെ തുണി കഴുകിയിരിക്കാനെ നേരം കിട്ടത്തുള്ളൂ. അവൻ കഴുകിക്കൊള്ളും “

അത് അപ്പൊ എന്നെ convince ചെയ്തില്ലാരുന്നെങ്കിൽ നാത്തൂൻ എനിക്കും കിഷോറിനുമിടയിൽ ഉള്ള ഒരു പാലം വലിക്കുവാ എന്ന് എനിക്ക് തോന്നിയേനെ

നാത്തൂൻ എന്ന് പറഞ്ഞു പറഞ്ഞു ബോറടിച്ചു

പുള്ളിക്കാരിയുടെ പേര് മായ

ഞാൻ മായേച്ചി എന്ന് വിളിക്കാൻ തുടങ്ങി

മായേച്ചി എനിക്ക് ഒരു അത്ഭുതമാ

പുള്ളിക്കാരി ബൈക്ക്, ബുള്ളറ്റ് എല്ലാം ഓടിക്കും.കയ്യിൽ കിട്ടിയാൽ പ്ലെയിൻ വരെ ഓടിക്കുമെന്ന് തോന്നും അജ്ജാതി കോൺഫിഡൻസ് ആണ്.

കക്ഷിയുടെ ജോലി പറഞ്ഞില്ലല്ലോ

ഐ ടി ഫീൽഡിൽ ആണ്. പക്ഷെ ഓഫീസിൽ പോവില്ല. വീട്ടിൽ ഉണ്ടാകും. പക്ഷെ നിറയെ കാശ് ഉണ്ട് ആൾക്ക്. കക്ഷി ഭയങ്കര മിടുക്കിയാണത്രെ. വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ പെർമിഷൻ ഉണ്ട്.

അമ്മ വിചാരിച്ച അത്ര പാവം ഒന്നുമല്ല കേട്ടോ

ചിരിച്ചോണ്ട് കഴുത്തിൽ ഒരു ഞെക്കലാ

അത് മനസിലായത് വീട്ടിൽ പുള്ളിക്കാരിയുടെ അനിയത്തിയും മക്കളും വന്നപ്പോഴാ

നിത്യേ എന്ന് തേനിൽ ചാലിച്ചു വിളിച്ചപ്പോൾ ഞാൻ ഓർത്തോ ഇമ്മാതിരി പണിയാ എന്നെ കാത്തിരിക്കുന്നതെന്ന്

ഒരു ചട്ടിയിൽ ഞണ്ട്

ഒന്നിൽ കൊഞ്ച്

ചിക്കൻ

ബീഫ്

“മോളെ അമ്മേടെ പെട്ടെന്ന് ഒരു നടുവേദന. മോൾക്ക് ഇതൊക്കെ അറിയാമല്ലോ അല്ലെ?”

ഞാൻ കണ്ണ് തള്ളി നിൽപ്പാണ്

കൊഞ്ചിനെയും ഞണ്ടിനെയും ഒക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ ജീവിതത്തിൽ ശരിയാക്കിയിട്ടില്ല.

“മായേച്ചി കൂടെ ഉണ്ടാരുന്നെങ്കിൽ..”

“അയ്യോ അവൾക്ക് ഇതൊന്നും അറിഞ്ഞൂടാ മോളെ. അവൾ ചെയ്ത ശരിയാവില്ല. മോൾ ചെയ്യ്.”

“അതെന്താ ഞാൻ ചെയ്താ ശരിയാകാത്ത ഒരു കാര്യം? “

മായേച്ചി

ഈശ്വര ഞാൻ രക്ഷപെട്ടു!

“ഇത് തന്നെ. നീ ഇത് വല്ലോം ചെയ്തിട്ടുണ്ടോ?”

അമ്മ

“ചെയ്തല്ലേ ഓരോന്ന് പഠിക്കുന്നത്?”മായേച്ചി ആ കൊഞ്ചിനെ ഒന്ന് പോക്കി നോക്കി

അമ്മ പോയി

“താൻ കുറച്ചു തേങ്ങ തിരുമ്മിക്കോ.. പിന്നെ കുറച്ചു സവാള… ഡാ കിഷോറെ..ഇങ്ങോട്ട് വന്നേ “

വെറുതെ മൊബൈലും നോക്കി കിടന്ന എന്റെ കെട്ടിയോൻ ആ വിളിയിൽ പറന്നു വന്നു

പിന്നെ അവിടെ ഒരു പാചക മേള ആയിരുന്നു

ഉച്ചക്ക് സംഭവം സെറ്റ്

“ചേച്ചിക്ക് ഇതൊക്കെ എങ്ങനെ അറിയാം?”

“യൂട്യൂബിൽ ഉണ്ടല്ലോ..”

പുള്ളിക്കാരി ഈസി ആയി പറഞ്ഞിട്ട് ദേ പോണ്

ഞാൻ പറഞ്ഞില്ലേ എന്റെ നാത്തൂൻ വെറും ഒരു പുലിയല്ല. ഒരു സിംഹം.

അന്നത്തെ സംഭവത്തോടെ അമ്മയുടെ തനിനിറം മനസിലായി.

അച്ഛൻ പ്രത്യക്ഷത്തിൽ കുഴപ്പമില്ല എന്ന് തോന്നിക്കുമെങ്കിലും ചേമ്പിന്റെ സ്വഭാവമാ ഇടക്ക്

ചൊറിച്ചില്…

“നിത്യ എന്താ psc ഒന്നും നോക്കാത്തത്? വെറുതെ ഇങ്ങനെ വീട്ടിൽ ഇരുന്നാൽ തടി കൂടുമെന്നല്ലാതെ ഒരു പ്രയോജനവും ഇല്ല. ഈ കാലത്ത് രണ്ടു പേരും കൂടി ജോലി ചെയ്താലേ കുടുംബം മുന്നോട്ട് പോകാൻ പറ്റു “

ഞാൻ വിക്കിയും മൂളിയും ഉത്തരം പറഞ്ഞു നിൽക്കുമ്പോ ദേ വരുന്നു മായേച്ചിയുടെ വക ബ്രഹ്മസ്ത്രം.

“കോടതിയിൽ ജോലി കിട്ടിയിട്ട് അമ്മയെ വീട്ടിൽ തന്നെ തളച്ചിട്ട മഹാൻ തന്നെ ഇങ്ങനെ പറയണം. അച്ഛന് അച്ഛന്റെ കാര്യം നോക്കിയാൽ പോരെ?”

മായേച്ചിയേ അച്ഛനും കുറച്ചു പേടിയുണ്ട്. പുള്ളി പിന്നെ അധികം സംസാരിക്കാൻ വന്നിട്ടില്ല.

എങ്കിലും ഒരു ദിവസം മായേച്ചി എന്നോട് ഒരു ചോദ്യം ചോദിച്ചു

“തനിക്ക് രണ്ടു ഓപ്ഷൻ ദൈവം തരുന്നു എന്ന് കരുതുക. ഒന്ന് കിഷോറിനെയും സ്നേഹിച്ച് അവന്റെ കുഞ്ഞുങ്ങളെയും പ്രസവിച്ച് ഒരു നല്ല വീട്ടമ്മ… മറ്റേത് സ്വന്തം ആയി ഒരു ജോലി.. വരുമാനം.. അതിന്റെ കൂടെ കുടുംബവും. ഏതു ഓപ്ഷൻ തിരഞ്ഞെടുക്കും?”

എനിക്ക് ചേച്ചി പറഞ്ഞത് മനസിലായി.

പക്ഷെ ഒരു ടെസ്റ്റ്‌ എഴുതി പാസ്സ് ആകാൻ ഉള്ള ബുദ്ധി ഒന്നും എനിക്കില്ല എന്ന് ഞാൻ ചേച്ചിയോട് പറഞ്ഞു.

ചേച്ചി എനിക്ക് ഒരു ഓൺലൈൻ സൈറ്റ് സ്റ്റാർട്ട്‌ ചെയ്തു തന്നു.

ലേഡീസ് ഫാൻസി സാധനങ്ങൾ വിൽക്കുന്ന ഒരു സൈറ്റ്.

അതിന്റെ ടെക്‌നിക്കനൊക്കെ ചേച്ചി പറഞ്ഞു തന്നു. ഒരു ലാപ്ടോപ്പും വാങ്ങി തന്നു.

“ഞാൻ നാളെ ഇവിടെ ഇല്ലെങ്കിലും വ്യക്തിത്വം കളയുന്ന ഒരു പരിപാടിയും ചെയ്യരുത്. നമ്മളെ യൂസ് ചെയ്യാൻ ആരെയും അനുവദിക്കരുത്. തീരെ പാവം കളിക്കരുത് കേട്ടല്ലോ “

ഒരു വഴക്ക് പോലെ ആണ് പറഞ്ഞതെങ്കിലും അത് നിറയെ സ്നേഹം ആയിരുന്നു

പുറമേയ്ക്ക് കാണുന്ന പോലെയല്ല മനുഷ്യൻ എന്ന് എന്നെ പഠിപ്പിച്ചത് ചേച്ചി ആയിരുന്നു.

ആരുടെ മുന്നിലും തല കുനിക്കരുത് എന്നും.

അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നത് ജീവിതം അല്ല അതൊരു പ്രഹസനം ആണെന്ന് ചേച്ചി എന്നെ ബോധ്യപ്പെടുത്തി.

സത്യത്തിൽ ആ വീട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടം മായേച്ചിയെ ആയി

“ചേച്ചിയുടെ ഡ്രീംസ് എന്താ?”

ഒരു ദിവസം ഞാൻ ചോദിച്ചു

“എനിക്ക് ലോകം കാണണം.. അതിന് കാശ് വേണം. അതിനാ രാവും പകലും ജോലി ചെയ്യുന്നേ “ചേച്ചി പറഞ്ഞു

“അപ്പൊ കല്യാണം? കുട്ടികൾ?”

“നിർബന്ധമില്ല “അപൂർവമായ ഒരു ചിരി ആ മുഖത്ത് വന്നു

“അപ്പൊ ഒറ്റയ്ക്ക് ആവില്ലേ?”

“ആരാ ഒറ്റ അല്ലാതെ? താൻ ഒറ്റക്ക് ആണെടോ.. എല്ലാരും ഒറ്റയ്ക്കാ. കിഷോർ ഉണ്ട്, ഇനി ജനിക്കുന്ന കുട്ടികൾ ഉണ്ട്, എന്നൊക്കെ തോന്നും. വെറുതെയാ.. നമ്മൾ ഒറ്റയ്ക്ക് തന്നെയാ.. പിന്നെ ഓരോരുത്തർക്കും ഓരോ സന്തോഷം അല്ലെ? തനിക്ക് അത്…എനിക്ക് ഇത്..”

എന്റെ ഉള്ളിലേക്ക് ആ വാചകങ്ങൾ ഒരഗ്നിയുടെ ചൂടോടെ പതിഞ്ഞു

സത്യമല്ലേ അത്?

കുറച്ചു നാൾ കഴിഞ്ഞു.

ചേച്ചി പോയി. ചേച്ചി കണ്ട സ്വപ്നങ്ങളിലേക്ക്.

ഒരു വ്യത്യാസം.

ഇടക്ക് ചിലയിടങ്ങളിൽ ചേച്ചി എന്നെയും കൊണ്ട് പോയി.

ചേച്ചിയേ എതിർക്കാൻ ഉള്ള മടി കൊണ്ടാവും കിഷോർ ഒന്നും പറഞ്ഞില്ല. കക്ഷിക്ക് ഫ്ലൈറ്റ് യാത്ര പേടിയായത് കൊണ്ട് പുള്ളി വന്നില്ല.

ചേച്ചിയും ഞാനും ഞങ്ങളുട ലോകവും സുന്ദരമായ ദിവസങ്ങളും..

ഉള്ളിൽ കൽക്കണ്ടമധുരമുള്ള എന്റെ ചേച്ചി….

ഇനിയൊരു ജന്മമുണ്ടെങ്കിൽ മറ്റാരും ഒപ്പം ഇല്ലെങ്കിലും ചേച്ചിയേ എനിക്ക് തന്നെ തരണേ ദൈവമേ എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്.

ഇങ്ങനെയും ആൾക്കാരെ വേണം മനുഷ്യൻമാർക്ക്. പ്രത്യേകിച്ച് എന്നെ പോലെയുള്ള പൊട്ടികൾക്ക്…

എന്റെ മായേച്ചി

എന്റെ അഹങ്കാരം

എന്റെ മാത്രം നാത്തൂൻ

~Ammu Santhosh