എന്നെ പറഞ്ഞു വിട്ടിട്ട് രണ്ടാക്കും കൂടി സെക്കന്റ് ഹണിമൂൺ പ്ലാൻ ചെയ്യുന്നുണ്ടോ…

വിശ്വാസം.

Story written by Dhanya Shamjith

=================

ടീ…. എന്താ തിരികെഇങ്ങു പോന്നത്, നീ പോണില്ലേ…

വീർപ്പിച്ച മുഖവുമായി എടുത്താൽ പൊങ്ങാത്ത ബാഗും തോളിൽ തൂക്കി കയറി വന്ന മകളെ നോക്കി ഭാനു ചോദിച്ചു.

എന്നെ പറഞ്ഞു വിട്ടിട്ട് രണ്ടാക്കും കൂടി സെക്കന്റ് ഹണിമൂൺ പ്ലാൻ ചെയ്യുന്നുണ്ടോ??

കൂർപ്പിച്ച മുഖത്തോടെ ബാഗ് താഴെയിട്ട് മീര ഭാനുവിനെ നോക്കി.

നേരാ അങ്ങനെയാകരുതിയിരുന്നത്, നിന്റെയച്ഛൻ ദാ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോവാനിറങ്ങീതാ.ഭാനു ഉള്ളിലുയർന്ന ചിരിയടക്കി.

പിന്നേ വയസ്സാംകാലത്തല്ലേ ഹണിമൂണാഘോഷം അവരെ നോക്കി മുഖം കോട്ടി അവൾ അകത്തേക്ക് കയറി.

അല്ല ഇതാര് അവന്റൊപ്പം ജീവിച്ച് നല്ല നിലയിലെത്തീട്ടേ ഈ വീടിന്റെ പടികേറൂന്ന് പറഞ്ഞ് പോയ നമ്മടെ മോളല്ലേ ടീ ഭാനു? ഇത്ര പെട്ടന്നി വള് നല്ല നെലേലായോ?

ഓ.. കോമഡി, ദേ നായരേ.. ഈ വക അവിഞ്ഞ തമാശ ഇറക്കല്ലേ, മനുഷ്യനിവിടെ ഉരുകി നിക്കുമ്പഴാ…. മീരയ്ക്ക് ദേഷ്യം വന്നു.

പിന്നെന്ത് പറയണം? ഏതോ ഒരുത്തനേംപ്രേമിച്ച് അവനെ തന്നെയേ കെട്ടൂ ന്ന് വാശി പിടിച്ചപ്പോ അത് സമ്മതിച്ച് തന്നെയല്ലേ ഞങ്ങളവനോട് വീട്ടുകാരെം കൂട്ടി വരാൻ പറഞ്ഞത്. എന്നിട്ടോ അവൻ വന്നോ??

അതും പോട്ടെന്ന് വച്ച് അങ്ങോട്ട് പോയി കാണാംന്ന് കരുതീപ്പോ അവനെ പറ്റി സ്വന്തം പെറ്റ തള്ളയ്ക്ക് പോലുമില്ല ഉറപ്പ്..പിന്നെന്ത് വിശ്വസിച്ചാ മോളെ അങ്ങനൊരുത്തന് കൈ പിടിച്ച് കൊടുക്കുക?

മനസ്സിലാക്കാൻ നിനക്കും പറ്റിയോ? നിങ്ങളുടെ വിവാഹത്തിന് ഇഷ്ടമല്ലാത്തതു കൊണ്ട് ചുമ്മാ പറഞ്ഞുണ്ടാക്കിയ കള്ളമാണെന്നല്ലേ നീ ഞങ്ങടെ മുഖത്ത് നോക്കി പറഞ്ഞത്. എന്നിട്ട് അവൻ വന്ന് വിളിച്ചപ്പോ ഇത്രേം നാള് താലോലിച്ച് വളർത്തി വലുതാക്കിയ ഞങ്ങളെ മറന്ന് വെല്ലുവിളിച്ച് നീ ഇറങ്ങിപ്പോയി… ഭാനുവിന്റെ ശബ്ദത്തിൽ നിശബ്ദയായിപ്പോയി മീര.

ഇപ്പം എന്താ വല്ലതും എടുക്കാൻ മറന്നോ? അതിനാണോ തിരിച്ച് വന്നത്.. അതോ നീ പോയീന്ന് പറഞ്ഞ് ഞങ്ങള് ആത്മഹത്യ ചെയ്തോന്ന് നോക്കാനോ? അത്രയും നേരമടക്കിയ രോഷമെല്ലാം ഒന്നിച്ചു പുറത്തുചാടുകയായിരുന്നു ഭാനുവിൽ..

എത്ര വേണേലും പറഞ്ഞോ, ഞാനത്രയ്ക്കും തെറ്റാചെയ്തേ, പെട്ടന്നുള്ള ദേഷ്യത്തിന് ഇറങ്ങിപ്പോയതാ… അവന്റൊപ്പം രജിസ്റ്റർ ഓഫീസിൽ നിക്കുമ്പഴും വാശിയായിരുന്നു, പക്ഷേ, അവിടെ വച്ച് ഞാനൊരു കാഴ്ച കണ്ടു. തിരക്കു നിറഞ്ഞ റോഡിൽ വാഹനങ്ങൾ തട്ടാതെ മകളുടെ കൈകോർത്ത് തന്നോട് ചേർത്തു നടത്തുന്ന ഒരഛൻ.. മുറുക്കിപ്പിടിച്ച ആ കൈകൾക്കുള്ളിൽ ഞാൻ കണ്ടത് മറ്റെവിടേയും കിട്ടാത്ത കരുതലും സുരക്ഷിതത്വവുമായിരുന്നു..

ആ ഒരു നിമിഷം മതിയായിരുന്നു, എനിക്കെന്റെ തെറ്റ് തിരിച്ചറിയാൻ.. ഇടറിയ വാക്കുകൾ മീരയുടെ കണ്ണുകളിൽ തുലാവർഷം തീർത്തു.

ഞങ്ങൾക്കറിയാമായിരുന്നു, നീ തിരിച്ചു വരുമെന്ന് അതുകൊണ്ടുതന്നെയാ നിന്നെയും കാത്ത് പതിവൂണും മാറ്റി വച്ച് കാത്തിരുന്നത്… ഈറൻ നിറഞ്ഞ മിഴികളൊപ്പി ഭാനു മകളെ ചേർത്തു പിടിച്ചു.

രണ്ടാളും കൂടിയിങ്ങനെ നിന്നോ… ബാക്കിയുള്ളോന്റെ വയറിവിടെ കരിഞ്ഞു കത്തി തുടങ്ങി…വിജയൻ അവർക്കരികിലേക്ക് ചെന്നു.

എന്നോട് ക്ഷമിക്കച്ഛാ….. മീര അയാളുടെ നേഞ്ചോട് ചേർന്നു.

പെൺകുട്ടികളെ വളർത്തി വലുതാക്കുമ്പോ ഏതൊരു അച്ഛനും അമ്മയ്ക്കും ഒരു വിശ്വാസമുണ്ട്, അവരുടെ മകൾ വളർത്തുദോഷം പറയിക്കില്ലന്ന്…. ആ വിശ്വാസത്തെയാണ് എന്റെ മോള് തിരികെ തന്നത്..

അവളെ മെല്ലെ ഒന്നമർത്തി കൊണ്ട് വിജയൻ പുഞ്ചിരിച്ചു.

അപ്പ പിന്നെങ്ങനാ നാ യ രേ….. ആ ബുക്ക് ചെയ്യാൻ പോയ ടിക്കറ്റിൽ ഒന്നു കൂടി ചേർക്കുവല്ലേ……നമുക്ക് മൂന്നാൾക്കും കൂടിയാവാം ഹണിമൂൺ ട്രിപ്പ്….

കള്ളച്ചിരിയോടെ മീര വിജയനേയും ഭാനുവിനേയും നോക്കി…

പെണ്ണേ കിട്ടും നിനക്ക്… ചിരിയോടെ കൈ ഉയർത്തി തല്ലാനാഞ്ഞ ഭാനുവിനെ നോക്കി പൊട്ടിച്ചിരിച്ചു മീരയും വിജയനും…