പകൽ അവരെ നോക്കുന്ന ചേച്ചി കുറച്ചു ദിവസമായി,പറയുന്നു. രണ്ടാളും നേരെ ചൊവ്വേ ഭക്ഷണം കഴിക്കുന്നില്ല എന്നു…

“ആഹാരം”

Story written by Mini George

=============

കയ്യിൽ കിട്ടിയതു തവിയാണ്. കൊടുത്തു ചെറുതിന് മൂന്നാലെണ്ണം.

അയ്യോ അച്ഛാ ‘അമ്മ തല്ലുന്നേ എന്നു നിലവിളിച്ചു കൊണ്ടു അവൻ  ബെഡ് റൂമിലേക്ക് ഓടിപ്പോയി. അപ്പോൾ, പകച്ചുപോയ മൂത്തവനെ പിടിച്ചു….കൊടുത്തു അവനും കുറെ….

പിടിച്ചു വലിച്ചു ഡൈനിങ്ങ് ടേബിലിന്റെ അടുത്തു കൊണ്ടുവന്നു.”എന്താടാ ഇതു, ഇതു എന്താണെന്ന്…പറയെടാ, പറയാൻ” ദേഷ്യം കൊണ്ടു എനിക്കു കണ്ണുകാണാതായി.

“ചോറു” അവൻ വിക്കി വിക്കി പറഞ്ഞു.

“ഇതിങ്ങനെ കളയാമോ?,കളയാമോ ന്നു?”…

“പാടില്ല….”

പിടിവിട്ടതും അവനും അച്ഛന്റെ അരികിലേക്ക് ഓടിപ്പോയി. ഞാൻ കുറെ നേരം അങ്ങിനെ തന്നെ നിന്നു, പിന്നെ തവി മേശപ്പുറത്തു വച്ച്, താഴെ വീണുകിടക്കുന്ന ചോറും കറിയും പപ്പടവും എല്ലാം കൈകൊണ്ടു വാരിയെടുത്തു.

രണ്ടാൾക്കും ഭക്ഷണം വിളമ്പികൊടുത്തു ഒന്നു മേല് കഴുകാൻ പോയതാണ്. തിരിച്ചു വരുമ്പോൾ കണ്ട കാഴ്ച, രണ്ടാളും ചോറും കറിയും സ്പൂണുകൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നു. ഇഷ്ടമില്ലാത്തത് മറ്റവന്റെ പാത്രത്തിൽ ഇടുകയാണ്. അവൻ തടുക്കുന്നു. കൈതട്ടി എല്ലാം താഴെ. ആകെ ഒരു മഹാഭാരത യുദ്ധം. കലിയടക്കാൻ കഴിഞ്ഞില്ല.

പകൽ അവരെ നോക്കുന്ന ചേച്ചി കുറച്ചു ദിവസമായി,പറയുന്നു. രണ്ടാളും നേരെ ചൊവ്വേ ഭക്ഷണം കഴിക്കുന്നില്ല എന്നു. ഞാൻ വരുന്നതിനു മുമ്പ് അവർ വേസ്റ്റ് കളയുന്നത് കൊണ്ടു,ഇതുവരെ കണ്ണിൽ പെട്ടില്ല…

കാര്യം ശരിയാണ്, കൊറോണ കാലം ആയതു കൊണ്ട് ഇ റ ച്ചിയും മീനും ഒന്നും കിട്ടുന്നില്ല. ഇതൊക്കെ ഉണ്ടെങ്കിലേ അച്ഛനും മക്കൾക്കും തൊണ്ടയിൽ നിന്നും ഇറങ്ങൂ…രണ്ടു പേർക്കും ജോലിക്കു പോകേണ്ടി വരുന്നുകൊണ്ടു കടയിൽ വരിയിൽ നിൽക്കാനും വാങ്ങാനും ഒന്നും പറ്റുന്നില്ല. എന്നാലും ഇങ്ങനെ വെസ്റ്റ് ആക്കാമോ? കളയുമോ? എത്ര കുട്ടികൾ ഒരു പിടി ഭക്ഷണത്തിനു വേണ്ടി പൊരിവെയിലത്തു വരി നിൽക്കുന്നു. ഒരു തുള്ളി വെള്ളം പോലും ഇല്ലാതെ…

ഓർത്തപ്പോൾ കരച്ചിൽ വന്നു. മേശയിൽ തലവച്ചു കിടക്കുന്നതിനിടയിൽ കുറച്ചു ചോറിനു വേണ്ടി കൊതിച്ച നാളുകൾ ഓർമയിൽ വന്നു.

അച്ഛൻ മരിക്കുന്നത് വരെ കുഴപ്പമില്ലായിരുന്നു. അതിനു ശേഷം  വീട്ടുപണിക് പോയിരുന്ന അമ്മക്ക് കിട്ടുന്ന കാശുകൊണ്ടു എന്തെല്ലാം ചെയ്യണം. വീട്ടിലെ കാര്യം,എന്റെയും അനിയത്തിയുടെയും പഠിത്തം…വീട്ടുവാടക….പലപ്പോഴും കപ്പയോ, പച്ച ചക്കയോ ഒക്കെ ആവും. ചോറു കാണാറില്ല. കുറച്ചു കഞ്ഞി, ചമ്മന്തി. കഴിഞ്ഞു…

പഠിത്തതിനിടയിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തും അടുത്തുള്ള ഒരു ചെറിയ നഴ്സറിയിൽ സഹായത്തിനു പോയിയും ഞാനും അമ്മയെ എന്നാലാ വും വിധം സഹായിച്ചു. അന്നെല്ലാം ആ കുഞ്ഞുങ്ങൾ ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ മാറിപോകും. കരഞ്ഞുപോയലോ എന്നോർത്തു. വിശപ്പു സഹിക്കാൻ കഴിയാതെ വന്ന നാളുകളൊന്നിൽ ഏതോ കുട്ടി വലിച്ചെറിഞ്ഞ മുട്ട പൊരിച്ചത് ആരും കാണാതെ കഴിച്ചിട്ടുണ്ട്…

അതുപോലെ ട്യൂഷന് പോകുമ്പോൾ ശനി ആഴ്ചകളിൽ അവിടുത്തെ ചേച്ചി തരുന്ന പലഹാരങ്ങൾ ഓർത്തു ഇരുന്നിട്ടുണ്ട്. പതുപതുത്ത ഇഡഡ്‌ലിയും നൂലപ്പവും ദോശയുമെല്ലാം ആർത്തിയോടെ കഴിച്ചിട്ടുണ്ട്. ഇന്നിപ്പോൾ എന്തു വേണമോ അതെല്ലാം വാങ്ങാനുള്ള കഴിവുണ്ട്, ജോലിയുണ്ട്, നല്ല ശംബളം ഉണ്ട്, പഠിക്കാൻ മിടുക്കി ആയതു കൊണ്ട് മാത്രം കിട്ടിയ സൗഭാഗ്യങ്ങൾ….

ഓരോന്നു ആലോചിച്ചു കൊണ്ടു മയങ്ങിപ്പോയി. തോളിൽ ഒരു കരസ്പർശം കൊണ്ട് ഞെട്ടിയുണർന്നു നോക്കി.

“താൻ ഇവിടിരിക്കുവാണോ, വന്നു കിടക്ക്. നാളെ നമുക്ക് അവരോടു പറഞ്ഞു കൊടുക്കാം”

മെല്ലെ അകത്തേക്കു ചെന്നു. ചെറിയവൻ ഉറക്കത്തിൽ വിതുമ്പുന്നു. മൂത്തവന്റെ കയ്യിൽ അടിയുടെ പാട് തിണർത്തു കിടക്കുന്നു. മെല്ലെ അതിൽ തലോടിയപ്പോൾ കയ്യിലൊരു പിടുത്തം. “‘അമ്മ കരയണ്ട ട്ടോ,ഇനി ഞാൻ ചോറു കളയില്ല” തൊണ്ടയിൽ വന്ന തേങ്ങൽ ഒതുക്കി അവനെ പറ്റിച്ചേർന്നു കിടന്നു.

നാളെ ആവട്ടെ തെറ്റുകൾ പറഞ്ഞു കൊടുക്കണം. പറഞ്ഞു കൊടുത്ത തീരൂ……ഇനിയൊരിക്കലും ആവർത്തിക്കുവാൻ ഇടവരാതെ……എന്നും ഓർമിപ്പിക്കുന്ന തരത്തിൽ….