അങ്ങനെ രാത്രി മുഴുവൻ സംസാരിക്കണം എന്ന ചിന്തയുമായി ഞാൻ ബാഗും എടുത്ത് സീറ്റിലേക്ക് ചെന്നപ്പോ…

Story written by Jishnu Ramesan

==================

“ഇന്ന് എന്റെയും കനിയുടെയും അഞ്ചാം വിവാഹ വാർഷികമാണ്..പക്ഷേ ഇന്ന് അവള് കൂടെയില്ല, ഞങ്ങളുടെ മോള് എന്റെ അമ്മയുടെ കൂടെയാണ് ഉറങ്ങുന്നത്..”

എട്ട് വർഷം മുമ്പാണ് ഒരു സൂപ്പമാർക്കറ്റിൽ നിന്ന് കിട്ടിയ കൂപ്പണിലൂടെ ഒരു ഫ്ലൈറ്റ് യാത്ര ഒത്തു വന്നത്.. കൊച്ചിയിൽ നിന്നും ഹൈദരാബാദ് വരെ. രണ്ടു പകലും ഒരു രാത്രിയും അവിടം മുഴുവൻ ഫ്രീ ആയിട്ട് ചുറ്റിക്കാണാൻ അവസരം ഉണ്ട്… പത്തു പേരടങ്ങുന്ന ഒരു സംഘമാണ് ഞങ്ങളുടേത്..

പുലർച്ചെ യാത്ര തിരിച്ചത് കൊണ്ട് തന്നെ ഉച്ചക്ക് മുൻപ് തന്നെ അവിടെ എത്താൻ കഴിഞ്ഞു..വിമാനം, വിമാനം എന്നൊക്കെ കേട്ടിട്ടെ ഉള്ളൂ, ഹൈദരാബാദ് എയർപോർട്ടിൽ ഇറങ്ങുന്നത് വരെ രാമനാമം ജപിച്ചു എന്ന് പറഞ്ഞാ മതിയല്ലോ..;

മലയാളിയായ ഒരു പോലിസ് ഉദ്യോഗസ്ഥൻ ആണ് ഞങ്ങളെ ഹോട്ടലിലേക്ക് കൂട്ടികൊണ്ട് പോയത്..രണ്ടു മണിക്കൂർ വിശ്രമത്തിന് ശേഷം ആ വലിയ നഗരം കാണാൻ ഇറങ്ങി..ഞാനും പിന്നെ പ്രായമായ ഒരാളും ഒഴികെ ബാക്കി എട്ട് പേരും സ്ത്രീകളാണ്…ഉച്ച ഭക്ഷണം കഴിക്കാൻ ഒരു വലിയ ഹോട്ടലിൽ കയറി..ടൂർ പാക്കേജിലെ മെനു അല്ലാതെ വേറെ എന്തെങ്കിലും വാങ്ങിയാൽ കയ്യിൽ നിന്നും പൈസ കൊടുക്കണം…

ഞാൻ കഴിച്ചു കഴിഞ്ഞപ്പോഴാണ് തൊട്ടടുത്ത ടേബിളിൽ ഒരുത്തി ഇരുന്ന് വിയർക്കുന്നത് കണ്ടത്..എന്റെ കൂടെ ഉള്ള കുട്ടിയാണെന്ന് മനസിലായി…ഞാൻ പോയി കാര്യം തിരക്കി..

കഴിച്ചത് കൂടാതെ ബനാന ഷേയ്ക്കും പിന്നെ എനിക്ക് പോലും അറിയാത്ത എന്തൊക്കെയോ ഐറ്റം വലിച്ച് വാരി തിന്നിട്ട്‌ പൈസ ഇല്ല പോലും..പേഴ്സ് ഹോട്ടലിലെ റൂമിൽ മറന്നു എന്ന്..പിന്നെ കൂടെ ഉള്ള ആളല്ലേ പാവമല്ലെ ഒരു പെൺകുട്ടി അല്ലേ എന്നൊക്കെ ഓർത്തുകൊണ്ട് ബിൽ കൊടുക്കാൻ നോക്കിയപ്പോ മഹാപാപി തൊള്ളായിരം രൂപ അധികം സാധനങ്ങൾ കഴിച്ചിട്ടുണ്ട്…പിന്നെ ബില്ലും കൊടുത്ത് ഞാൻ ഇറങ്ങി..

എന്റെ പിറകെ നന്ദിയും പറഞ്ഞു കൊണ്ട് അവളും ഉണ്ടായിരുന്നു.. പിന്നെ അന്നത്തെ ദിവസം എന്റെ കൂടെ കാഴ്ചകൾ കാണാൻ അവളും ഉണ്ടായിരുന്നു… വൈകുന്നേരം നാല് മണിയോടു കൂടി ഒരു വലിയ പാർക്കിലെ ലെയ്ക്കിൽ പോയി..

ഞാൻ അവിടെ നിന്ന് സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു..പെട്ടന്ന് അവള് എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു,

” അല്ലാ, ചേട്ടന്റെ പേരെന്താ…?”

‘കുറച്ച് കട്ടി കൂടിയ പേരാ വീട്ടുകാര് ഇട്ടത്, “കിഷോർ” എന്നാ പേര്.. എല്ലാരും കിച്ചു എന്ന് വിളിക്കും..’

“ആഹാ കൊള്ളാലോ…; എന്റെ പേര് “കന്യക” എന്നാ, എല്ലാരും കനി എന്നാ വിളിക്കാ..”

അതിനു മറുപടി പൊട്ടി ചിരിച്ചാണ് ഞാൻ പറഞ്ഞത്..

‘എന്റമ്മേ എനിക്ക് ചിരിക്കാൻ വയ്യേ, അല്ലാ, കന്യക എന്നൊക്കെ ആരെങ്കിലും പേരിടോ..!’

“അതിനിപ്പോ ഇത്ര ചിരിക്കാൻ എന്താ ചെക്കാ…! കുറച്ച് വെറൈറ്റി പേര് ഉള്ളതാ എനിക്കിഷ്ടം…പിന്നെ കനി എന്നല്ലേ വിളിക്കുന്നത്..;”

പേരിന്റെ കാര്യം പറഞ്ഞു തുടങ്ങിയ ചിരി അവിടെ ചിലവഴിച്ച മുഴുവൻ സമയത്തും ഞങ്ങളിൽ ഉണ്ടായിരുന്നു..ഇത്ര ദൂരം ഒറ്റയ്ക്ക് വീട്ടിൽ നിന്നും വിട്ടോ എന്ന ചോദ്യത്തിനുള്ള അവളുടെ മറുപടി കുറച്ച് ഉറച്ചതായിരുന്നൂ..

” പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുക്കണം” എന്ന അച്ഛന്റെ ഡയലോഗ് ഇങ്ങനെ ഒരു സാഹചര്യവും അവസരവും ഒത്ത് വന്നപ്പോ കനി അച്ഛന് നേരെ പ്രയോഗിച്ചു..

അവളെ കുറിച്ച് അവളിൽ നിന്ന് അറിഞ്ഞതെല്ലാം വ്യത്യസ്തമായിരുന്നു..പിന്നെ ഞങ്ങളെ എയർപോർട്ടിൽ കൂട്ടാൻ വന്ന പൊലീസുകാരന് കനിയുടെ അച്ഛന്റെ ഒരു അകന്ന ബന്ധത്തിലുള്ള ആളാണ്..അയാള് റിട്ടേഡ് പോലിസ് ഓഫീസർ ആണ്..

അന്ന് വൈകീട്ട് തിരികെ താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുമ്പോ ഞാനാണ് അവളോട് പറഞ്ഞത്,

‘രാത്രി ഭക്ഷണം പുറത്ത് എവിടെയെങ്കിലും പോയി കഴിക്കാമെന്ന്..’ അവളത് സമ്മതിക്കുകയും ചെയ്തു..പിന്നെ കൂടെ ഉള്ളവരുടെ കണ്ണ് വെട്ടിച്ച് അവള് പുറത്തിറങ്ങി..

ഹോട്ടലിനു അടുത്തു തന്നെയുള്ള ഒരു നാടൻ തട്ടുകടയിൽ നിന്നാണ് കഴിച്ചത്..നല്ല ചൂട് ചപ്പാത്തിയും, കാടമുട്ട ഫ്രൈയും, പിന്നെ അവിടുത്തെ പേര് കേട്ട ഫ്രൈഡ് ചായയും…കിടു ആയിരുന്നു..

ഇപ്രാവശ്യം എന്തായാലും കനി പേഴ്സ് മറക്കാതെ എടുത്തിട്ടുണ്ട്..അവളുടെ ഭക്ഷണം കഴിക്കുന്ന ശൈലി കണ്ടാലറിയാം, ഭക്ഷണപ്രിയ ആണെന്ന്..അമ്മാതിരി തട്ടാണ് തട്ടുന്നത്..ഒരു ഗുഡ് നൈറ്റ് പറഞ്ഞ് അന്ന് ഞങ്ങൾ പിരിഞ്ഞു..

ഇനി നാളത്തെ ഒരു പകല് മാത്രമേ ഇവിടെ ഉള്ളൂ.. റാമോജി ഫിലിം സിറ്റി കാണാൻ ആണ് പ്ലാൻ..

ഹോട്ടലിൽ നിന്നും രാവിലെ നേരത്തെ തന്നെ ഇറങ്ങി.. ടൂർ ഏജൻസിയുടെ വാൻ ഉണ്ടായിരുന്നു..എന്നെ കണ്ടതും ” ഹായ് ചേട്ടോ ഗുഡ് മോണിംഗ്” എന്നും പറഞ്ഞു അവളും കൂടെ കൂടി..പറഞ്ഞു മാത്രം കേട്ടിട്ടുള്ള റാമോജി ഫിലിം സിറ്റി കണ്ടു തന്നെ അറിയണം..

എന്റെ കൂടെ കാഴ്ചകൾ കണ്ട് നടക്കാൻ കനി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു ഒരു ടീച്ചറെയും കൂട്ടി.. അവിടെ ഉള്ളതൊന്നും കാണാൻ അവളെന്നെ അനുവദിച്ചില്ലെന്ന് മാത്രമല്ല, അവളുടെ സംസാരം കൊണ്ടുള്ള കത്തി ആയിരുന്നു..അച്ഛനും അമ്മയ്ക്കും ഒറ്റ മോളായത് കൊണ്ട് കൊഞ്ചിച്ച് വളർത്തി കുറച്ച് വാശിക്കാരി ആയി എന്ന് അവള് തന്നെ എന്നോട് പറഞ്ഞു..പക്ഷേ പഠിക്കാനൊക്കെ നല്ല കഴിവാണെന്ന് മനസിലായി..

ഒറ്റ ദിവസം കൊണ്ട് അവിടെ മുഴുവനും കണ്ടു തീർക്കാൻ പറ്റിയില്ല..ഇന്ന് രാത്രി ഇവിടുന്ന് തിരിക്കണം.. തിരിച്ചുള്ള യാത്ര ട്രെയിനിൽ ആണ്..കന്യക എന്നുള്ള അവളുടെ പേര് പോലെ തന്നെ എന്തോ ഒരു പ്രത്യേകത അവൾക്കും ഉണ്ടായിരുന്നു..

ട്രെയിനിൽ ഒരു രാത്രിയും പകലും വേണം നാട്ടിൽ എത്താൻ..ഇന്ന് രാത്രി മുഴുവനും കനിയുടെ കൂടെ ഓരോന്നും സംസാരിച്ചിരിക്കണം എന്നൊക്കെ വിചാരിച്ചാണ് ട്രെയിനിൽ കയറിയത്..അവളുടെ സീറ്റിന് എതിർവശത്തുള്ള സീറ്റിലെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആളുടെ കാലു പിടിച്ച് ആ സീറ്റ് ഞാൻ സ്വന്തമാക്കി..

അങ്ങനെ രാത്രി മുഴുവൻ സംസാരിക്കണം എന്ന ചിന്തയുമായി ഞാൻ ബാഗും എടുത്ത് സീറ്റിലേക്ക് ചെന്നപ്പോ, കനി അവളുടെ മുകളിലെ ബെർത്തിൽ ഉറങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു..അങ്ങനെ അവിടെ ശശിയായി ഞാൻ..പിന്നെ കുറച്ച് നേരം ഫോണിൽ കുത്തിയിരുന്ന് ഞാനും കിടന്നു…

രാവിലെ എണീക്കാൻ വൈകി.. പത്തു മണി കഴിഞ്ഞിരുന്നു…എന്റെ എതിർ വശത്ത് അവള് ഫോണിൽ നോക്കിക്കൊണ്ട് ഇരിക്കുന്നുണ്ട്..ഞാൻ എണീറ്റ് പോയി പല്ലൊക്കെ തേച്ച് വന്നു…അപ്പൊ ദേണ്ടടാ അവള് എനിക്ക് ആയിട്ട് ഒരു ചായ നീട്ടുന്നു..ഒരു ചെറു ചിരിയോടെ ഞാനത് വാങ്ങി ഊതി ഊതി കുടിച്ചു..

“ചേട്ടാ എന്റെ കൂടെ ട്രെയിനിന്റെ ഡോറിന്റെ അവിടെ കുറച്ച് നേരം നിൽക്കാൻ വരോ..! ഒറ്റയ്ക്ക് അവിടെ പോയി നിൽക്കാൻ പേടിയാ..;”

‘ അതിനെന്താ താൻ വാടോ..’

തൃശൂരുള്ള അവളുടെ വീട്ടുകാര്യം മുതല് കോളേജ് അനുഭവങ്ങൾ വരെ ഒരു കഥയെന്ന പോലെ കനി എന്നോട് പറഞ്ഞു… ഏകദേശം പറഞ്ഞു വരുമ്പോ ഞങ്ങളുടെ വീടുകൾ തമ്മിൽ അത്ര വലിയ ദൂരമൊന്നും ഇല്ല.. അവളൊരു തിരുവില്യാമലക്കാരിയാണ്..തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോ അവളുടെ അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു.. എന്നെ അവർക്ക് കാര്യമായി തന്നെ കനി പരിചയപ്പെടുത്തി കൊടുത്തു..

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എനിക്ക് ഓർക്കാൻ ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു…പിന്നെ എല്ലാരും വിചാരിക്കുന്നത് പോലെ വെറും രണ്ടു ദിവസത്തെ പരിചയം കൊണ്ട് കനിയെ വിവാഹം കഴിച്ചവനല്ല ഞാൻ..ട്രെയിൻ ഇറങ്ങുന്നതിനു മുൻപ് കനി എന്നോട് വന്നിട്ട് പറഞ്ഞു,

“ചേട്ടാ, ദേ ഇതാണ് എന്റെ നമ്പർ.. കഴിഞ്ഞ രണ്ടു ദിവസം നമ്മൾ കണ്ടു, കുറെ സംസാരിച്ചു, പക്ഷേ ഒരിക്കൽ പോലും എന്റെ നമ്പർ ചോദിക്കുകയോ, എന്നോട് നോട്ടം കൊണ്ട് പോലും മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല..അത് കൊണ്ട് ഇങ്ങളെ ഞാൻ പൂർണമായും വിശ്വസിച്ചിരുന്നു എന്നല്ലാട്ടോ…; ഇടക്കൊക്കെ എന്നെ വിളിക്കണം ..”

പക്ഷേ ഞാൻ ഒന്ന് രണ്ടു മാസത്തോളം വിളിച്ചൊന്നും ഇല്ല..ഒരിക്കൽ വിളിച്ചു, എന്റെ കാൾ പ്രതീക്ഷിച്ചിരുന്നത് പോലെ തോന്നി അവളുടെ സംസാരത്തിൽ..ഒരു വർഷത്തോളം അങ്ങനെ തമ്മിൽ കാണാതെയുള്ള സംസാരം തുടർന്നു..അതും മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം.. പലപ്പോഴും വാട്ട്സ്ആപ്പിൽ ഓൺലൈൻ കാണും, പക്ഷേ മെസ്സേജ് അയക്കാൻ എന്തോ ഒരു…….! ചിലപ്പോ അവളും ഇത് പോലെ എന്നെ ഓൺലൈനിൽ നോക്കി ഇരുന്നിട്ടുണ്ടാകണം..

പിന്നീട് അവളാണ് മെസ്സേജിന് തുടക്കം കുറിച്ചത്..പതിയെ പതിയെ തമ്മിൽ അടുത്തു എന്ന് പറയുന്നതാവും ശരി… പിന്നീട് ഞങ്ങൾക്ക് തോന്നി ഒന്നിച്ച് ജീവിക്കുന്നതാണ് നല്ലതെന്ന്..പരസ്പരം പ്രണയിച്ചു എന്ന വീട്ടുകാരുടെ കണ്ണിലെ തെറ്റ് എന്റെയും അവളുടെയും വീട്ടുകാര് തമ്മില് സംസാരിച്ചപ്പോൾ തീർന്നു..

അങ്ങനെ മൂന്ന് വർഷത്തെ പ്രണയം ഞങ്ങളെ വിവാഹത്തിൽ എത്തിച്ചു..ഒരു കുഞ്ഞു മോളും ഉണ്ട് ഞങ്ങൾക്ക്..ഇന്നേക്ക് അഞ്ച് വർഷം കഴിഞ്ഞു കനി എന്റെ ജീവിതത്തിലേക്ക് വന്നിട്ട്.. അമ്മയെ കാണാത്ത വിഷമത്തിൽ ഇപ്പൊ എന്റെ അമ്മയുടെ കൂടെയാണ് ഞങ്ങളുടെ മോള് ഉറങ്ങുന്നത്..

പിന്നെ ഞാൻ നേരത്തെ ‘ ഇന്നിപ്പോ കനി ഞങ്ങളുടെ കൂടെയില്ല ‘ എന്ന് പറഞ്ഞത് ശരിയാണ്..എന്ന് വെച്ച് ആരും കാടു കയറി ചിന്തിക്കേണ്ട.. നല്ലത് പോലെ പഠിക്കുമായിരുന്ന കനിക്ക്‌ ഒരു ആഗ്രഹം നല്ലൊരു ജോലി വാങ്ങണം എന്നായിരുന്നു…ഒരാഴ്ച മുമ്പാണ് എറണാകുളത്ത് നിന്നും അപ്പോയിന്റ്മെന്റ് ലെറ്റർ വന്നത്..പക്ഷേ ജോലിക്ക് മുന്നേ ഒരാഴ്ച ട്രെയിനിംഗ് ഉണ്ട്, അതും തിരുവനന്തപുരത്ത്…

പെട്ടന്ന് ആയത് കൊണ്ട് അവിടെ ഒരു ഹോസ്റ്റലിൽ താമസിച്ച് ട്രെയിനിങ്ങിന് പോയി..കനിയുടെ ഒരു കൂട്ടുകാരിയും ഉണ്ട്..ട്രെയിനിംഗ് ഒക്കെ കഴിഞ്ഞ് നാളെ കഴിഞ്ഞ് വരും അവള്… നാളെ വൈകീട്ട് പോകണം അവളെ കൊണ്ടു വരാൻ… പിന്നെ ഞാനും എറണാകുളത്തേക്ക് ജോലി മാറ്റം വാങ്ങിച്ചു..ഇനി അവിടെ ഒരു വീടെടുത്ത് താമസിക്കണം, കൂടെ എന്റെ അമ്മയെയും കൊണ്ട് പോകണം..

വിവാഹം കഴിഞ്ഞിട്ട് കനിയെ വിട്ട് ഇത്രയും ദിവസം ഞാൻ നിന്നിട്ടില്ല.. ഉറങ്ങാൻ കിടക്കുമ്പോൾ എട്ട് വർഷം മുമ്പ് അവളെ ആദ്യമായി കണ്ട ഓർമ്മകളായിരുന്നു മനസ്സ് നിറയെ….

Story By ജിഷ്ണു രമേശൻ

(കുറച്ചൊക്കെ ഉള്ളതും പിന്നെ എന്റെ കുറച്ച് ഡെക്കറേഷനും)