പ്രതീക്ഷിച്ച ആവേശമൊന്നും രാജീവന്റെ പ്രതികരണത്തിൽ ഇല്ലാതായത് ലളിതാമ്മയെ കുറച്ചൊന്നു വേദനിപ്പിച്ചു…

അമ്മക്കോന്തൻ ആയാൽ കുഴപ്പമില്ല!

Story written by Shafia Shamsudeen

===================

വിവാഹശേഷം രാജീവൻ ആദ്യമായി ലീവിന് വന്ന് തിരിച്ചു പോയിട്ട് ഒരാഴ്ച ആയിക്കാണും.

നീലിമയുടെ അമ്മയാണ് അവനെ ആ സന്തോഷ വാർത്ത അറിയിച്ചത്.

“മോനേ…നീലുമോൾക്ക് വിശേഷണ്ട്”

“ഇന്ന് ഉച്ചയ്ക്ക് ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ മോൾക്ക്‌ പതിവില്ലാത്ത ഒരു ഓക്കാനം. ഛർദ്ദിക്കേം ചെയ്തു. അപ്പഴാ അമ്മ ഡോക്ടറുടെ അടുത്തു കൊണ്ടുപോയത്.

മോൾ കിടക്കാണ്. ഛർദ്ദിയുള്ളതു കൊണ്ടു നല്ല ക്ഷീണം കാണും.

മോന്റെ അമ്മയെ അപ്പത്തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട് ട്ടോ.

ഇവിടെത്തെ വല്യമ്മയും വല്യച്ഛനും ഒക്കെ ദാ ഇപ്പോ വന്നിട്ടുണ്ട്. ചിരീം ബഹളോം ആയിട്ടെല്ലാരും നീലുമോളുടെ ചുറ്റും ഉണ്ട്.

മോനേ.. അമ്മ മോൾക്ക് ഫോൺ കൊടുക്കാ ട്ടോ.”

മോളാ പറഞ്ഞത് “അമ്മ അറിയിച്ചാ മതി രാജീവേട്ടനെ.. എനിക്ക് പറയാൻ നാണാവുണു” എന്ന്.

പ്രതീക്ഷിച്ച ആവേശമൊന്നും രാജീവന്റെ പ്രതികരണത്തിൽ ഇല്ലാതായത് ലളിതാമ്മയെ കുറച്ചൊന്നു വേദനിപ്പിച്ചു.

“താൻ സംസാരിച്ചത് മരുമോന് ഇഷ്ടപ്പെടാഞ്ഞിട്ട് ആണോ എന്തോ” എന്നൊരു പേടി തോന്നി. എങ്കിലും “താനും മോന് അവന്റെ അമ്മയെ പോലെ തന്നെയല്ലേ” എന്നവർ ആശ്വസിച്ചു,

മകളുടെയടുത്ത് ലളിതാമ്മ ആ ആശങ്കകൾ എല്ലാം മറച്ചുവെച്ചു.

കാരണം വീട്ടിൽ എല്ലാവർക്കും ഇന്ന് അത്രയ്ക്ക് സന്തോഷമാണ്. ആദ്യമായാണ് ഈ തറവാട്ടിൽ ഒരു കുഞ്ഞ് ഉണ്ടാകാൻ പോകുന്നത്. ആ ആഘോഷത്തിൽ ഒരു കരട് വീഴാൻ പാടില്ല.

നീലിമ തന്റെ പ്രിയതമന്റെ വാക്കുകൾക്കായി ഫോൺ ചെവിയോട് അടുപ്പിച്ചു. സ്നേഹം കൊണ്ട് രാജീവേട്ടൻ തന്നെ മൂടുമെന്നും മുത്തങ്ങൾ കൊണ്ടു പൊതിയുമെന്നും അവൾ വ്യാമോഹിച്ചു.

പതിയെ വിളിച്ചു, “ഏട്ടാ…”

പതിവുഗൗരവം വിടാതെ ആയിരുന്നു രാജീവന്റെ സംസാരം.

“ആഹ്…. അമ്മ പറഞ്ഞു. ശരീരം ശ്രദ്ധിക്കണം, സമയത്തിന് മരുന്ന് കഴിക്കണം. വേറെ നല്ലൊരു ഡോക്ടറെ മാറ്റി കാണിച്ചേക്ക്”

താനൊരു അച്ഛനാവാൻ പോവുന്നു എന്നറിഞ്ഞതിന്റെ സന്തോഷം അവനിൽ അത്രക്കേ ഉണ്ടായിരുന്നുള്ളൂ.

ആ സ്നേഹം പറഞ്ഞു തീർത്ത് അവൻ കോൾ കട്ട് ചെയ്യുമ്പോൾ ഫോൺ പിടിച്ച കയ്യിന്റെ വിരലുകളാൽ മറഞ്ഞ നീലുവിന്റെ കണ്ണുകൾ തോരാതെ പെയ്യുകയായിരുന്നു.

അനുഭവിച്ചറിഞ്ഞത് മുഴുവനും അവഗണനകൾ ആയിരുന്നെങ്കിലും ഇത് അവളിൽ അനിയന്ത്രിതമായ നോവ് നിറച്ചു.

ചൊവ്വാദോഷം ഉള്ള കുട്ടിയായതിനാൽ പതിനെട്ടു വയസ്സിലേ കെട്ടിച്ചു വിട്ടു നീലിമയെ. പ്ലസ്ടു തോറ്റപ്പോ പിന്നെ പഠനവും നിർത്തി. ഗൾഫിലായിരുന്ന നീലിമയുടെ അച്ഛൻ അവിടന്ന് കണ്ട് ഇഷ്ടപ്പെട്ടതാ രാജീവനെ. കുടുംബ സ്നേഹിയായ പയ്യൻ, ഇതായിരുന്നു രാജീവനിൽ അച്ഛൻ കണ്ട ഗുണം.

നാണക്കാരിയായ തന്റെ പാവം മകളെ സ്നേഹിക്കാൻ പറ്റിയ ഒരു ഭർത്താവിനെയും അച്ഛൻ രാജീവനിൽ കണ്ടെന്നു തോന്നുന്നു.

പക്ഷേ വിവാഹം കഴിഞ്ഞ് ഏറെ വൈകും മുമ്പേ തന്നെ രാജീവൻ തന്നോട് കാണിക്കുന്ന അവഗണന നീലിമയുടെ ഹൃദയത്തെ നുറുക്കിയിരുന്നു.

കുടുംബസ്നേഹിയായ തന്റെ ഭർത്താവ് അമിതമായി സ്നേഹിക്കുന്ന അയാളുടെ സ്വന്തം കുടുംബത്തിലേക്ക് ഹൃദയം കൊണ്ട് തന്നെ ഇനിയും അദ്ദേഹം കൈപിടിച്ച് കയറ്റിയിട്ടില്ല എന്ന സത്യം മനസ്സിലാക്കിയെങ്കിലും അവൾ അത് ആരോടും പങ്കു വെക്കാൻ ഇഷ്ടപ്പെട്ടില്ല. വേദനകൾ എന്നും ഉള്ളിൽ ഒതുക്കാൻ ആയിരുന്നു അവൾക്ക് ഇഷ്ടം.

രാജീവൻ പറഞ്ഞതനുസരിച്ച് നീലിമക്കുവേണ്ടി ടൗണിലെ ഏറ്റവും അറിയപ്പെടുന്ന ഒരു ഗൈനക്കോളജിസ്റ്റിനു തന്നെ ലളിതാമ്മ അപ്പോയ്ന്റ്മെന്റ് എടുത്തു. ആ വിവരം പറയാൻ രാജീവന്റെ അമ്മയെ വിളിച്ചു.

“ഇവിടെ ഇതൊന്നും പതിവില്ല. ആശോത്രിയിലേക്ക് കൂടെ വരാനൊന്നും ഇവിടെന്ന് ആരേം പ്രതീക്ഷിക്കണ്ട. നിങ്ങൾ തന്നെ പോയാ മതി. പിന്നെ ആശോത്രി ചെലവൊക്കെ പെണ്ണിന്റെ വീട്ടുകാർക്കുള്ളതാ..”

“ഞാനൊന്നു വിളിച്ചു വിവരം പറഞ്ഞൂന്നേ ഉള്ളു രാജീവന്റെ അമ്മേ…”

അവഹേളിതയായ മുഖഭാവത്തോടെ ലളിതാമ്മ ഫോൺ വെച്ചു തിരിയുമ്പോൾ തന്റെ മകൾ, നിറഞ്ഞ മിഴികൾ അകലേക്ക്‌ നട്ട് എന്തോ ചിന്തയിലായിരുന്നു.

“മോളേ… കാപ്പി കുടിച്ചില്ലേ? അമ്മ എടുത്തു വെച്ചിട്ടുണ്ടല്ലോ. കണ്ടില്ലേ?” വേദനിപ്പിക്കുന്ന ചിന്തകളിൽ നിന്ന് മകളെ തിരിച്ചു വിടാനായി അവർ അവളെ ഡൈനിങ്ങ് ടേബിളിനരികിലേക്ക് കൊണ്ടുപോയി.

നീലുവിന്റെ ഗർഭകാലം മുഴുവൻ ഇത്തരം അവഗണനയോടൊപ്പം തൊട്ടതിനും പിടിച്ചതിനുമുള്ള രാജീവന്റെ ദേഷ്യവും അമ്മയുടെ കുറ്റപ്പെടുത്തലും പെങ്ങളുടെ കുത്തിത്തിരിപ്പും തുടർന്നു കൊണ്ടിരുന്നു.

കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് രാജീവൻ എത്തുമെന്ന അവളുടെ പ്രതീക്ഷയും അസ്ഥാനത്തായി. അവന്റെ അമ്മയും പെങ്ങളും വന്നു കുറച്ചു കുത്തുവാക്കുകൾ കൊണ്ടു കുത്തിനോവിച്ചു തിരിച്ചു പോയി.

“പേരിടലിനു രാജീവൻ നാട്ടിൽ വന്നില്ലേ?” എന്നാരോ ചോദിച്ചതിന് മറുപടിയായി,

“ഓഹ് പിന്നെ.. അവനങ്ങനെയുള്ള ആളല്ല. പെണ്ണെന്നും പറഞ്ഞു ഞാൻ കോന്തനാവൂല്ല ന്നാ അവൻ പറയ്ന്നെ.

നീലിമയെ പ്രസവത്തിനു അഡ്മിറ്റ്‌ ചെയ്ത വിവരം അന്ന് രാവിലെ ഞങ്ങൾ വിളിച്ച് അറിയിച്ചിരുന്നതാ അവനെ. എന്നിട്ട് ഉച്ചക്ക് പ്രസവം കഴിഞ്ഞ ഉടനെ വിളിച്ചിട്ട് അവനെ ഒന്ന് ലൈനിൽ കിട്ടണ്ടേ.. ചോദിച്ചപ്പോ പറയാ.. ഞാൻ ഉറങ്ങായിരുന്നു ചേച്ചീ ന്ന്.. അവടെ അവധി ദിവസം ആരുന്നല്ലോ.. എന്നാലും ഇതറിഞ്ഞിട്ടും അവൻ കിടന്നുറങ്ങിയപ്പഴോ.. അത്രേ ഉള്ളു അവന്റെ കാര്യം”

അമ്മയുടേയും മകളുടേയും പൊട്ടിച്ചിരിക്കൊപ്പം പണിക്കാരികളിൽ ആരോ കൂടെ കൂടിയപ്പോൾ ചിരിക്ക് ഒന്നൂടെ ആക്കം കൂടി.

“അതിനൊക്കെ ഇവളുടെ കെട്ട്യോൻ.. ആശോത്രിയിൽ ഇവളെ അഡ്മിറ്റ്‌ ആക്കിയാ പിന്നെ ഇവള്ടെ അടുത്തൂന്ന് നീങ്ങൂല്ല. ലേബർ റൂമിനു മുന്നിൽ എത്തിയാലോ..എന്തോ മറന്നുവെച്ചത് എടുക്കാൻ ഓടും പോലെയാ.. അങ്ങോട്ടുമിങ്ങോട്ടും ആവലാതി പിടിച്ച്…”

രാജീവന്റെ അമ്മ ചിരിയോടെ ഇത് പറഞ്ഞു തീർക്കും മുൻപേ പെങ്ങൾ ഭർതൃസ്നേഹം വർണിക്കാൻ തുടങ്ങിയിരുന്നു.

അല്പം ദൂരെയിരുന്നു കുഞ്ഞിന് പാല് കൊടുക്കുന്ന നീലിമക്കരികിൽ നിന്ന അമ്മയുടെ ചുണ്ടനക്കിയുള്ള ആത്മഗതം അവൾ വ്യക്തമായി കേട്ടു, “ആ കോന്തന് പിന്നെ അടുപ്പിലുമാവല്ലോ!”

അമ്മയുടെ ആ പിറുപിറുക്കലിൽ തന്റെ ഉള്ളകത്തെ നീറ്റുന്ന അവഗണനകളുടെ നോവിനിടയിലും അവൾ വായ പൊത്തി ചിരിച്ചു.

© shafia