യുവാവിൻ്റെ സ്നേഹം പുരണ്ട അഭ്യർത്ഥനയോടു, ഇത്തവണ പ്രതികരിച്ചത് അതിരൂക്ഷമായിട്ടായിരുന്നു…

പിറന്നാൾ

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

==================

വെളുത്ത ചായം പൂശിയ ഗേറ്റ്,  മലർക്കേ തുറന്നു കിടന്നു. ഗേറ്റു കടന്ന്, ചരൽ മുറ്റത്തേക്കു പ്രവേശിക്കുമ്പോളേ, വീടിന്നുമ്മറത്തേ പന്തൽ കാണാം.

ഹരിദാസ്, വാച്ചിലേക്കു നോക്കി. പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു..പന്തലിലും തൊടിയിലുമായി ആളുകൾ ഒത്തുകൂടി സൊറ പറയുന്നുണ്ട്. വേനൽ വെയിൽ നീണ്ടു പരന്നുകിടന്ന തൊടിയിൽ, മരക്കൂട്ടങ്ങളുടെ നിഴൽച്ചിത്രങ്ങൾ പതിഞ്ഞു കിടന്നു. ഒരു കയ്യിൽ മുണ്ടിൻ്റെ കോന്തലയും, മറുകയ്യിൽ പാരിതോഷികപ്പൊതിയുമായി ഹരിദാസ് പന്തലിലേക്കു കയറി.

“ഹരിമാഷ്, തെല്ലു വൈകീല്ലോ; കേക്കു മുറിയ്ക്കലും, മംഗളം പാടലുമെല്ലാം കഴിഞ്ഞു. വിളക്ക്, ഊതിക്കെടുത്തിയില്ലാട്ടോ; നിലവിളക്കു എണ്ണ നിറഞ്ഞു കത്തുന്നുണ്ട്”

അകത്തളത്തിൽ നിന്നും, പൂമുഖത്തേക്കു വന്ന രാമചന്ദ്രൻ മാഷ്, ഹരിയുടെ കൈപിടിച്ചു അകത്തേക്കു കൂട്ടി.

അകത്തളത്തിൻ്റെ മധ്യഭാഗത്തായി അലങ്കരിച്ചൊരുക്കിയ മേൽവിതാനങ്ങൾക്കു കീഴെയുള്ള മേശമേൽ ഭംഗിയുള്ളൊരു കേക്ക് ഇരിപ്പുണ്ട്. അതിൻ്റെ ഭൂരിഭാഗവും മുറിച്ച്, വീതം വയ്ക്കപ്പെട്ടിരുന്നു. ചുവരിൽ, രാമചന്ദ്രൻ മാഷിൻ്റെ ഏകമകൻ വിഷ്ണുശങ്കറിൻ്റെ വലിയ ചിത്രം. അതിൽ  ‘സന്തോഷം നിറഞ്ഞ പത്താം ജന്മദിനം’ എന്ന് ആംഗലേയത്തിൽ എഴുതിച്ചേർത്തിരിക്കുന്നു.

മേലെ തൂങ്ങി നിൽക്കുന്ന അനേകം വർണ്ണത്തൊങ്ങലുകൾ, ചാരുതയുള്ള, വിവിധ നിറങ്ങൾ പേറിയ ബലൂണുകൾ. മേശയിലും, തറയിലുമായി ചിതറിപ്പരന്ന വർണ്ണക്കടലാസുകളുടെ ശബളിമകൾ. രാമചന്ദ്രൻ മാഷുടെ പ്രിയപത്നി ബിന്ദുവും, പിറന്നാളുകാരൻ വിഷ്ണുവും ഹരിദാസിൻ്റെ അരികിലേക്കു വന്നു. അവർ അതീവഹൃദ്യമായി അതിഥിയെ സ്വീകരിച്ചു. ഹരിദാസ്, സമ്മാനപ്പൊതി വിഷ്ണുവിനു നേർക്കു കൈമാറി. എന്നിട്ട്, അവനേ ചേർത്തു പിടിച്ച് കവിളിൽ ചുംബിച്ച് മെല്ലെ മന്ത്രിച്ചു;

“ജന്മദിനാശംസകൾ മോനേ”

ഹരിദാസ്, വിഷ്ണുവിനു നേർക്ക് ഒരാവർത്തി കൂടി കണ്ണു പായിച്ചു. കോടി നിറമുള്ള കുപ്പായത്തിൽ, അവൻ വിളങ്ങി നിന്നു. കുംഭത്തിലെ രേവതിയാണിന്ന്. രേവതി ദേവഗണമാണ്. കലയും സാഹിത്യവും കൈവഴങ്ങുന്നവരുടെ നക്ഷത്രം. ആദ്യം താനിരക്കുകയും, പിന്നീട് തന്നോടിരക്കുകയും ചെയ്യുന്ന കാലം വന്നുചേരുന്ന രാജയോഗമുള്ള നക്ഷത്രം.

ഹരി, പുറത്തേക്കിറങ്ങി. രാമചന്ദ്രൻ മാഷ് സദ്യയുടെ തിരക്കിലാണ്. ഒപ്പം, അദ്ദേഹത്തിൻ്റെ ഭാര്യാ സഹോദരനും കൂടെയുണ്ട്. ഏറെ വർഷങ്ങളായി വിദേശത്തായിരുന്ന അളിയനും കുടുംബവും കഴിഞ്ഞയാഴ്ച്ചയാണ് നാട്ടിലെത്തിയത്. ഇതുവരേയുള്ള മംഗളകർമ്മങ്ങളിലെല്ലാം പങ്കെടുക്കാൻ കഴിയാത്ത അവരുടെ നിർബ്ബന്ധമാണ് ഈ പിറന്നാൾ സദ്യയ്ക്കു ഹേതുവായത്.

പന്തലിൽ സദ്യ തുടരുന്നു. നൂറോളം പേരുണ്ടാകുമെന്നാണ് രാമചന്ദ്രൻ പറഞ്ഞിരുന്നത്. നാടൻ സദ്യയുടെ സുഖഗന്ധം പടരുന്നു. അവിയലിൻ്റെ, സ്റ്റൂവിൻ്റെ, കാളൻ്റെ, മെഴുക്കുപുരട്ടിയുടെ, കാച്ചിയ പപ്പടത്തിൻ്റെ ഗന്ധങ്ങൾ. വൈവിധ്യമുള്ള സദ്യമണങ്ങൾ. പല പരിമളങ്ങളിൽ മുങ്ങി നിൽക്കുമ്പോളായിരുന്നു സഹപ്രവർത്തകരുടെ വരവ്. തൻ്റേയും, രാമചന്ദ്രൻ്റേയും കൂടെയുള്ള സകല അധ്യാപകരും ഒരുമിച്ചാണു വന്നെത്തിയത്.

“രാമചന്ദ്രൻ മാഷും, ഹരിമാഷും അയൽവക്കമാണല്ലോ; നേരത്തേ തന്നെ വന്നോ മാഷ്?”

എന്ന സൗമിനി ടീച്ചറുടെ ചോദ്യത്തിന്,

“ദാ, ഇപ്പോ വന്നേയുള്ളൂ” എന്ന ഒറ്റവാക്കു മറുപടി പറഞ്ഞു.

സദ്യയ്ക്ക് രാമചന്ദ്രൻ മാഷുടേയും കുടുംബത്തിൻ്റെയും, സഹപ്രവർത്തകരുടേയും കൂടെയാണിരുന്നത്. തൂശനിലയിൽ ഉപദംശങ്ങൾ നിരന്നു. അച്ചാറും, പുളിയിഞ്ചിയും, ഓലനും, കാളനും, തോരനും, സ്റ്റൂവും; പിന്നേ, മോരും, ഉപ്പേരികളും. ചുടുചോറിൽ സാമ്പാറു നിറഞ്ഞപ്പോളുയർന്ന ഗന്ധം തന്നേ വിശപ്പാറ്റുന്നതായിരുന്നു. വെളിച്ചെണ്ണ വാർന്നൊലിക്കുന്ന വലിയ വട്ടമുള്ള പപ്പടം, ഇലയുടെ ഓരത്തു വിശ്രമിച്ചു. വളരെ സാവധാനമാണ് ഭക്ഷണം കഴിച്ചു തീർത്തത്.

ഭക്ഷണത്തിനൊടുവിൽ, ഡിസ്പോസിബിൾ ഗ്ലാസ്സുകളിൽ പായസം നിറഞ്ഞു. മിക്കവാറും പേർ തൂശനിലയിൽ തന്നെയാണ് പായസം വിളമ്പിച്ചത്. അടപ്രഥമൻ കടലാസു ഗ്ലാസ്സുകളിൽ എങ്ങനെ കുടിച്ചു തീർക്കാനാണ്. പലരുടേയും പായസത്തിൽ, പപ്പടം ഞെരിഞ്ഞുടഞ്ഞു.

“ഹരി മാഷിന്, പായസം വേണ്ടേ?”

വിളമ്പുകാരനായ യുവാവിൻ്റെ ആദരം ഇട ചേർന്ന ചോദ്യം.

“വേണ്ട”

ഗ്ലാസിൻ്റെ മുഖം അമർത്തിപ്പിടിച്ചുള്ള മറുപടി പൊടുന്നനേയായിരുന്നു.

“ഇലയിലൊഴിക്കാം മാഷേ; അട, ഇവിടെത്തന്നേ വേവിച്ചതാണ്….റെഡിമെയ്ഡ് അല്ല. കഴിച്ചു നോക്കു; അസ്സലായിട്ടുണ്ട്”

യുവാവിൻ്റെ സ്നേഹം പുരണ്ട അഭ്യർത്ഥനയോടു, ഇത്തവണ പ്രതികരിച്ചത് അതിരൂക്ഷമായിട്ടായിരുന്നു. ഒച്ചയും, വല്ലാതെ ഉയർന്നു പൊങ്ങി.

“വേണ്ടന്നല്ലേ പറഞ്ഞേ, ഒരാവർത്തി പറഞ്ഞാൽ മനസ്സിലാവില്ലേ? വല്ലതും ആവശ്യമുണ്ടെങ്കിൽ, ഞാൻ ചോദിച്ചോളാം”

യുവാവിൻ്റെ മുഖം മ്ലാനമായി. പായസത്തിൻ്റെ ബക്കറ്റും തൂക്കിപ്പിടിച്ച്, അവൻ തല താഴ്ത്തി നടന്നകന്നു. സഹപ്രവർത്തകരുടെ നിരയിൽ നിശബ്ദത പടർന്നു.

“ഹരി മാഷ്ക്ക്, പായസം ഇഷ്ടല്യാ യദൂ, അതോണ്ടാ, മാഷങ്ങനേ പറഞ്ഞേ. സാരല്യാ ട്ടാ….”

യുവാവിനു നേർക്ക്, രാമചന്ദ്രൻ മാസ്റ്ററുടെ സാന്ത്വന ശബ്ദമുയർന്നു. ഹരിയ്ക്ക്, എത്രയും പൊടുന്നനേ ആ നിരയിൽ നിന്നും ഇറങ്ങിപ്പോകണമെന്നു തോന്നി. ഈ കൂട്ടത്തിൽ ഇടയിലായിപ്പോയതെത്ര കഷ്ട്ടമായി.

ഭക്ഷണം കഴിഞ്ഞയുടനേ മടങ്ങാനൊരുങ്ങി. സഹപ്രവർത്തകരോടും, രാമചന്ദ്രൻ മാഷോടും കുടുംബത്തോടും യാത്ര ചോദിച്ചു പുറത്തിറങ്ങും നേരം, ബിന്ദു ചോദിച്ചു.

“ഹരി മാഷേ, സുമിത്രേച്ചിക്ക്, അൽപ്പം ഭക്ഷണം പൊതിഞ്ഞെടുക്കട്ടേ?”

ഹരിയുടെ മറുപടി ഉടനേ വന്നു.

“വേണ്ട, ബിന്ദു…ബിന്ദൂനറിയില്ലേ, ഇന്നു ഋതുനന്ദയുടേയും പിറന്നാളാണ്. സുമിത്രയ്ക്കിന്ന് ഉപവാസമാണ്. ഞാനുപവസിക്കാറില്ലെങ്കിലും, ഈ ദിവസം പുറത്തേയിറങ്ങാറില്ല. വിഷ്ണൂൻ്റെ പിറന്നാൾ ഒഴിവാക്കാൻ വയ്യ. നിങ്ങൾ ഇവിടെ താമസമാക്കിയിട്ട്, രണ്ടു വർഷമേ ആയുള്ളൂ എങ്കിലും, ഞാനും രാമചന്ദ്രനും തമ്മിലുള്ള കൂട്ടിന് ഒത്തിരി പഴക്കമുണ്ട്. ഞാനിറങ്ങുവാണ് ബിന്ദൂ ; അവിടെ, സുമിത്ര തനിച്ചാണ്”

ഉപചാരങ്ങൾ തുടരാതെ വീട്ടിലേക്കുള്ള നടത്തം തുടർന്നു. കഷ്ടിച്ചു ഒരു കിലോമീറ്റർ ദൂരമേയുള്ളൂ വീട്ടിലേക്ക്. പതിയേ നടന്നു. വെയിലിൽ വെന്ത നാട്ടുവഴി, നീണ്ടു പുളഞ്ഞു കിടന്നു. പാതയോരങ്ങളിൽ ഗ്രാമഭംഗി പേറി, ഹരിതാഭ നിറഞ്ഞു നിന്നു. പാദങ്ങൾ മുമ്പോട്ടും, സ്മൃതികൾ പുറകിലേക്കും സഞ്ചരിച്ചു.

അഞ്ചുവർഷങ്ങൾക്കു മുൻപ് ഇതേ കുംഭത്തിലാണ് വീടുപണി തീർന്നത്. ഗൃഹപ്രവേശവും, ഋതുനന്ദയുടെ ജന്മദിനവും ഒരുമിച്ച് ആഘോഷിക്കാമെന്നു നിശ്ചയിച്ചു. മകളുടെ അഞ്ചാം പിറന്നാൾ, അങ്ങനെ പതിവില്ലാത്ത വിധം കേമമാകാനൊരുങ്ങി.

പുതിയ വീട് അലങ്കാരങ്ങളേറ്റി നിന്നു. തലേരാവു മുഴുവൻ, ബന്ധുക്കളുടേയും സൗഹൃദങ്ങളുടേയും തിരക്കായിരുന്നു. ഉഷ്ണം വിതറുന്ന രാത്രിയിൽ, വീടു മിന്നിമിനുങ്ങി നിന്നു. പിറന്നാളിന് പച്ചക്കറി സദ്യ വേണമെന്ന്, സുമിത്രയ്ക്കു നിർബ്ബന്ധമായിരുന്നു. പതിനൊന്നു തരം കറിയും പ്രഥമനുമുള്ള സദ്യ.

ഓരോ കറികളും പൂർത്തിയായി. ഇടത്തരം ഉരുളിയിൽ, പ്രഥമൻ തയ്യാറായി. നേരമപ്പോൾ പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്തിനാണ്, ഋതുമോൾ അത്ര നേരത്തേയുണർന്നത്?.സുമിത്ര വന്നു കിടന്നിട്ടേയുണ്ടായിരുന്നുള്ളൂ. കിടന്നപാടെ മയങ്ങിയിട്ടുമുണ്ടാകാം.

കിഴക്കേപ്പുറത്തേ തൊടിയിൽ ഉയർന്ന പന്തലിലേ കസേരക്കൂട്ടത്തിൽ നടു ചായ്ച്ചിരിക്കുമ്പോളാണ്, ആ നിലവിളി കാതിൽ വന്നലച്ചത്. ദേഹണ്ഡക്കാരുടെ കൂട്ടത്തിൽ നിന്നാണ്. ഓടിയെത്തിയപ്പോൾ; വാട്ടിയ ഇലത്തുമ്പിൽ ചുവടു വഴുതി വീണ പൊന്നുമോൾ. ചിതറിത്തെറിച്ച പായസത്തുണ്ടുകൾ, വേവിൽ പിടയുന്ന പ്രാണൻ. അലർച്ചകൾ അനേകമുയർന്നു. കണ്ണിൽക്കയറിയ അന്ധകാരം നീങ്ങിയതെപ്പോളെന്നോർമ്മയുണ്ടായിരുന്നില്ല.

വീട്ടിലേക്കു നടന്നു കയറുമ്പോൾ, സുമിത്ര ഉമ്മറത്തു തന്നേയുണ്ടായിരുന്നു.

“ഹര്യേട്ടാ ; പിറന്നാളു പരിപാടികൾ നന്നായോ?”

ഹരിയതിനു മറുപടി പറഞ്ഞില്ല; സുമിത്രയേയും ചേർത്തു പിടിച്ചു അകത്തളത്തിലേക്കു നടന്നു. മുറിയുടെ ചുവരിൽ, ഋതുനന്ദയുടെ അഞ്ചു വർഷം പഴക്കമുള്ള ഫോട്ടോക്കു കീഴേ കുഞ്ഞു വൈദ്യുതവെട്ടം മിനുങ്ങി നിന്നു.

അവർ ഒന്നിച്ചാണ് ഫോട്ടോയിലേക്കു നോക്കിയത്. ഒരുമിച്ചാണു പുലമ്പിയതും.

“ഹാപ്പി ബർത്ത് ഡേ, മോളേ”

പകൽ നീണ്ടു, വേനൽ വേവുകളുമായി.