രണ്ട് മാസത്തേക്ക് നോക്കേണ്ടായെന്നും പറഞ്ഞ് അതിയാനെന്നെ തുറിച്ച് നോക്കി. കാര്യം മോളുടെ…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ

===============

മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുക്കാമെന്ന് പറഞ്ഞാണ് അതിയാനെന്റെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം വരുന്നയൊരു മാലയും രണ്ട് കനത്ത വളയും പണയപ്പെടുത്തിയത്. പൊന്നില്ലാത്ത കഴുത്തും കൈയ്യും കാട്ടി പുറത്തിറങ്ങേണ്ടി വരുന്ന കാര്യമെനിക്ക് ഓർക്കാനേ സാധിക്കുന്നില്ല.

അതുമാത്രമോ..! അടുത്ത ആഴ്ച്ചയെന്റെ പെങ്ങളുടെ നാത്തൂന്റെ  കല്യാണവും. ബന്ധുക്കൾ പെണ്ണുങ്ങളെല്ലാം തങ്ങളുടെ  സമ്പത്ത് പൊന്നിലൂടെ വെളിപ്പെടുത്താൻ ഉറപ്പായും ഒരുങ്ങിക്കെട്ടി വരും. അവർക്കിടയിൽ വെറും ഒന്നര പവന്റെയൊരു താലി മാലയും കയ്യിലോരോ നൂല് പോലെയുള്ള വളയുമിട്ട് ഞാനിതെങ്ങനെയാണ്….!

അന്ന് അതിയാൻ ജോലി കഴിഞ്ഞ് വരുന്നതും കാത്ത് ഞാനുമ്മറത്ത് തന്നെയിരുന്നു. ട്യൂഷന് പോയ മോളേയും കൂട്ടി അതിയാന്റെ പുതിയ സ്കൂട്ടർ വന്ന് മുറ്റത്ത് നിന്നപ്പോഴേ ഞാനെന്റെ മൂന്ന് പവന്റെ മാലയെത്രയും പെട്ടെന്ന് തിരിച്ചെടുത്ത് തരണമെന്ന് പറഞ്ഞു. അതിനതിയാൻ നടന്നത് തന്നെയെന്ന മാത്രം മറുപടി തന്നു.

‘നിങ്ങള് മൂന്ന് മാസത്തിനുള്ളിൽ തിരിച്ച് തരാമെന്ന് പറഞ്ഞല്ലേ വാങ്ങിയത്..വളയെടുത്തില്ലെങ്കിലും മാലയെങ്കിലുമെനിക്ക് എടുത്ത് തന്നേ പറ്റൂ…അടുത്തയാഴ്ച്ച കല്യാണമുള്ളതാ…!’

എന്തായാലും നടക്കില്ലെന്ന് പറഞ്ഞതിയാൻ അകത്തേക്ക് കയറിപ്പോയി. മകളപ്പോൾ എന്നെയിടം കണ്ണിട്ട് നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പൊന്നിട്ട് നടക്കാൻ തീരെ താല്പര്യമില്ലാത്ത അവളെങ്ങെനെ എന്റെ വയറിൽ കുരുത്തുവെന്ന് ഞാനിടക്ക് ആലോചിക്കാറുണ്ട്. അല്ലെങ്കിലും ചില കാര്യങ്ങളിൽ അച്ഛനും മോളും ഒറ്റക്കെട്ടാണ്..!

അന്ന് ഞാനൊന്നും മിണ്ടിയില്ല…പിറ്റേന്ന് രാത്രി അതിയാനെന്നിൽ ചുംബിച്ച് പടർന്ന് കയറുമ്പോൾ പണയ പണ്ടം തിരിച്ചെടുക്കുന്ന കാര്യം ഞാൻ വീണ്ടും പറഞ്ഞു. പ ണ്ടാ ര മടങ്ങാനെന്നും പറഞ്ഞ് ദേഷ്യപ്പെട്ടുകൊണ്ട് അതിയാൻ മുറിക്കകത്ത് നിന്ന് പുറത്തേക്ക് പോയി. എന്നിട്ട് മുറ്റത്തൂടെയൊരു മിന്നാമിന്നിയെപ്പോലെ തെളിഞ്ഞുമണഞ്ഞും പുകച്ച് കൊണ്ട് നടന്നു. എന്റെയുള്ളിൽ മുഴുവനപ്പോൾ വരാനിരിക്കുന്ന കല്യാണവേദിയിലെ പരിഷ്ക്കാര പ്രച്ഛന്നരിൽ മാർക്ക് കുറഞ്ഞ് തല കുമ്പിട്ട് നിൽക്കുന്ന ഞാൻ തന്നെയായിരുന്നു…!

പിറ്റേന്ന് രാത്രി അത്താഴം വിളമ്പുമ്പോൾ ഞാനതിയാനോട് നിങ്ങള് പണയം വെച്ച മാലയെന്റെ അച്ഛനുണ്ടാക്കി തന്നതാണെന്ന് പറഞ്ഞു. അപ്പോൾ അതിയാനൊരു കൂസലുമില്ലാതെ ചപ്പാത്തിയിൽ നിന്നൊരു തുണ്ട് കീറിയെടുത്ത് ഞാൻ വറുത്തിട്ട് വരട്ടിവെച്ച കൊഴിച്ചാറിൽ മുക്കി വായിലിട്ടു. എന്നിട്ട് ചവച്ച് കൊണ്ട് ആഹാ…! കേമമെന്ന് പറഞ്ഞു. അത് കണ്ട് മോളൊരു പിഞ്ഞാണം താഴെ വീണത് പോലെ ചളുങ്ങി ചുളുങ്ങി ചിരിച്ചു.

അച്ഛനും മോളും കൂടിയെന്നെ കളിയാക്കിയതാണെന്ന് മനസ്സിലായപ്പോൾ അച്ഛനുണ്ടാക്കി തന്ന മാല നിങ്ങളെടുത്ത് തന്നേ പറ്റൂവെന്ന് ഞാൻ വീണ്ടും പറഞ്ഞു. ഇത്തവണയത് പറയുമ്പോഴെന്റെ കണ്ണിൽ നിന്നും മൂന്ന് നാല് തുള്ളികൾ  മേശയിലേക്കിറ്റ് വീണിരുന്നു.

രണ്ട് മാസത്തേക്ക് നോക്കേണ്ടായെന്നും പറഞ്ഞ് അതിയാനെന്നെ തുറിച്ച് നോക്കി. കാര്യം മോളുടെ സ്കൂൾ ഫീസ് അടക്കാനും വീടിന്റെ വായ്പാ കുടിശിക നികത്താനുമൊക്കെയാണ് മാസങ്ങൾക്ക് മുമ്പതിയാനെന്റെ മാല പണയം വെക്കാൻ ചോദിച്ചത്. പക്ഷേ…! കഴുത്തിൽ പൊന്നില്ലാതെയെന്നെ കാണുന്നവർക്ക് അതൊന്നുമറിയേണ്ടല്ലോ…! ലോകമൊരു കാഴ്ച്ച ബംഗ്ലാവാണ്. തന്നെയേറ്റവും ആഡംബരമായി പ്രദർശിപ്പിക്കുകയെന്ന ഒറ്റയുദ്ദേശ്യമേ ഇവിടുത്തെ അന്തേവാസികൾക്കുള്ളൂ..!

കുറച്ച് ദിവസങ്ങൾ ഞങ്ങളതിനെ കുറിച്ചൊന്നും സംസാരിച്ചതേയില്ല. കൃത്യം കല്യാണ നാളിന്റെ തലേന്ന് രാവിലെ ഞാനതിയാനോട് ഈ കല്യാണത്തിന് പോകാൻ പറ്റിയില്ലെങ്കിൽ ഞാനീ വീട്ടിൽ നിന്നൊരിക്കലും പുറത്തിറങ്ങില്ലായെന്ന് പറഞ്ഞു.

‘നിനക്ക് ഭ്രാന്താണോ…!?’

അതെയെന്നും പുറത്തിറങ്ങാതിരുന്നാൽ നിങ്ങൾക്ക് വേണമെങ്കിൽ ഈ കെട്ട് താലിയും പണയം വെക്കാലോയെന്ന് ഞാൻ പറഞ്ഞു. അതിനതിയാൻ മറുപടിയൊന്നും പറഞ്ഞില്ല.

‘നിങ്ങൾക്കെന്നോട് ഒരിഷ്ട്ടവുമില്ല..ഉണ്ടായിരുന്നെങ്കിൽ…..!’

അത് കേട്ടപ്പോൾ അതിയാൻ തിരിഞ്ഞ് പോലും നോക്കാതെ തന്റെ സ്കൂട്ടറിൽ കയറി ജോലി സ്ഥലത്തേക്ക് പുറപ്പെട്ടു. ഒന്ന് സമാധാനിപ്പിക്കുക പോലും ചെയ്യാതെ അതിയാൻ പോയപ്പോൾ എനിക്ക് ദേഷ്യം വന്നു. ദേഷ്യം വന്നാൽ പിന്നെയെനിക്ക് വല്ലാത്ത വിശപ്പും ഉറക്കവുമാണ്. ഞാൻ നേരെ അടുക്കളയിലേക്ക് കയറി ഉണ്ടാക്കിവെച്ച ഒരുകുറ്റി പുട്ട് മുഴുവനും പാത്രത്തിലിട്ടുടച്ച് പാലൊഴിച്ച് കോരി തിന്നു. എന്നിട്ട് ഉറക്കത്തേയും കെട്ടിപ്പിടിച്ച് മുറിയിലേക്ക് കയറി കതകടച്ചു.

വൈകുന്നേരം സ്കൂളും വിട്ട് ട്യൂഷനും കഴിഞ്ഞ് മോള് വന്ന് കതക് മുട്ടിയപ്പോഴാണ് ഞാനുണർന്നത്. അച്ഛനെന്ത്യേയെന്ന് ചോദിച്ചപ്പോൾ കൂട്ടാൻ വന്നില്ലെന്നവൾ മറുപടി തന്നു. അവൾക്ക് നാല് ദോശ ചുട്ട് കൊടുത്ത് ഞാൻ വീണ്ടും കേറി കിടന്നു.

രാത്രിയൊരു പത്തൊക്കെ ആകുമ്പോഴാണ് മുറിയിൽ അതിയാന്റെ കാൽപെരുമാറ്റം കേട്ട് ഞാനുണർന്നത്. ഉണർന്നയെന്റെ മുന്നിൽ അദ്ദേഹത്തിന്റെ അടഞ്ഞ വലത് കൈയ്യുണ്ടായിരുന്നു. അത് തുറന്നപ്പോഴെന്റെ  മൂന്ന് പവന്റെ മാലയും കനത്ത രണ്ട് വളയും..! സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞുപോയി. ഞാനതിയാന് കെട്ടിപ്പിടിച്ച് മുഖത്ത് പത്തിരുപതുമ്മകൾ കൊടുത്തു…!

ആ രാത്രിയെനിക്ക് ഉറങ്ങാനേ പറ്റിയില്ല. നാളെ രാവിലെതന്നെ ഒരുങ്ങി പോകേണ്ടതാണ്. വാങ്ങിയിട്ടും ഇതുവരെ ഉടുക്കാത്ത കാഞ്ചിപുരം പട്ടും, അതിന് ചേരുന്നയൊരു ബ്ലൗസും തേച്ച് വെച്ചപ്പോൾ തന്നെ മനസ്സിനൊരു സുഖം തോന്നി. അല്ലെങ്കിലും ഒരുങ്ങുകയെന്ന ചിന്ത വന്നാൽ എങ്ങനെയെന്ന ചോദ്യമിടക്ക് നമ്മൾ പെണ്ണുങ്ങളെ വന്നടിമുടി വിഴുങ്ങാറുണ്ട്.

പിറ്റേന്ന് അതിരാവിലെ തന്നെ ഞാനെഴുന്നേറ്റു. ആഹാരമുണ്ടാക്കി കഴിഞ്ഞ് ഏറ്റവും ഭംഗിയെന്ന് തോന്നും വിധം ഞാനെന്നെ ഒരുക്കുകയും ചെയ്തു. ജോലിക്ക് പോകാനിറങ്ങിയ അതിയാനോട് എങ്ങനെയുണ്ടെന്ന് ചോദിച്ച് ഞെളിഞ്ഞ് നിന്നപ്പോൾ, ഉഗ്രനെന്ന അർത്ഥത്തിലൊന്ന് ചിരിച്ച് കൊണ്ടതിയാൻ മുറ്റത്തേക്കിറങ്ങി. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്..!  അതിയാന്റെ പുത്തൻ സ്കൂട്ടർ…!? അതെവിടെ…!?

അതിയാൻ നടന്ന് നടന്ന്  നിരത്തിലെ വളവിലേക്ക് മറയുന്നത്  ഞാനുമ്മറത്ത് നിന്ന് നോക്കി നിന്നു…കഴുത്തിലെയാ മൂന്ന് പവന്റെ മാലയുടെ കനം കൂടിയത് പോലെയെനിക്കാ നേരം തോന്നിപ്പോയി. ശരിയാണ്…! കല്യാണത്തിന് പങ്കെടുക്കാൻ തോന്നാത്ത വിധമെന്റെ തലയപ്പോൾ കുനിഞ്ഞിരിന്നു….!!!