അതിന്റെ പേരിൽ അവൻ നിന്നെ ഉപേക്ഷിച്ചാലും നീ നിന്റ്റെ കുഞ്ഞിനെ നൽകരുതെന്ന് ഞാൻ  പറഞ്ഞപ്പോൾ…

വിചാരണ

Story written by Rajitha Jayan

=================

“എടീ നീയൊരു പെണ്ണാണോ….നിനക്കൊരു മന:സാക്ഷിയുണ്ടോടീ….”

“”സ്വന്തം കുഞ്ഞിനെ വിറ്റു ഭർത്താവിനെ വാങ്ങിയ ദുഷ്ടത്തീ…””

“””നിനക്കൊരാണിനെയാണാവശ്യമെങ്കിൽ ഞങ്ങളൊക്കെ ഇവിടെ ഉണ്ടായിരുന്നില്ലേടി….പിന്നെന്തിനാടീ  നൊന്തുപ്രസവിച്ച  കുഞ്ഞിനെ വിറ്റത്…..””””

തനിക്കു ചുറ്റും നിന്ന് പലവിധത്തിൽ അസഭ്യവർഷവും  ചീത്തവിളിയും നടത്തുന്നവരെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ റസിയ ഭർത്താവിനൊപ്പം കുഞ്ഞിനെയും മാറോടടുക്കി നടന്നകലുന്നത്  തീവ്ര വേദനയോടെയാണ് ഞാൻ കണ്ടു നിന്നത്.

അവൾക്കെതിരെ ഇന്നീ മുറവിളി കൂട്ടുന്നവരിൽ പലരും അവളെ  ഒരിക്കലെങ്കിലും ഒന്ന് നേടാൻ ആഗ്രഹിച്ചവരാണെന്നോർത്തപ്പോൾ എനിക്കുളളിലെവിടെയോ ഒരു സ്ത്രീയുടെ പ്രതിഷേധ ശബ്ദം ഉയർന്നു വരുന്നുണ്ടായിരുന്നു……

റസിയ…..ഒരു അധ്യാപികയായ് ഈ നാട്ടിലേക്ക് വന്ന എനിക്ക് ഈ നാടിനെയും നാട്ടുക്കാരെയും പരിച്ചയപ്പെടുത്തി തന്ന ഒരു നാട്ടിൻ പുറത്തുക്കാരിയായ താത്തക്കുട്ടി

ഗ്രാമീണ ജീവിതത്തിന്റെ നന്മയും  വിശുദ്ധിയും അവളിൽ  ആവോളമുണ്ടായിരുന്നു…കുട്ടിക്കാലത്തിന്റ്റെ നിഷ്കളങ്കത മാറുന്നതിനുമുമ്പേ മാതാപിതാക്കൾ നഷ്ടപ്പെട്ടവൾ….

കൂട്ടിനുണ്ടായിരുന്നത് കുറച്ചു ബന്ധുക്കളും ഒരു മൂത്ത സഹോദരനും…പിന്നെ ആസ്മ എന്ന ഒരിക്കലും മാറാത്തതൊരു അസുഖവും  മാത്രം…

അവളെ പരിചയപ്പെട്ട നാളിലാദ്യം  ഞാനവളോട് പറഞ്ഞത് ഈ അസുഖത്തിന്റ്റെ ഇപ്പോൾ ഉള്ള നൂതന ചികിത്സാ രീതിയെ പറ്റിയാണ്…ചികിത്സയും ശ്രദ്ധയും  കിട്ടിയാൽ ഒരുപരിധിവരെ  ഇതുമാറുമെന്ന് ഞാൻ പറഞ്ഞപ്പോൾ  ഒരു ചിരിയായിരുന്നു അവളുടെ മറുപടി. അതിലെല്ലാമടങ്ങിയിരുന്നു….അവളുടെ  നിസ്സഹായതയും ഒറ്റപെടലുമെല്ലാം..

അവൾക്കാവുന്ന ചെറിയ ജോലികൾ  ചെയ്തവൾ ചെറുപ്പം മുതലേ ചെറിയ  സമ്പാദ്യം ഉണ്ടാക്കിയിരുന്നു ഒരു വിവാഹമെന്ന സ്വപ്നസാഷാത്ക്കാരത്തിനായ്…

എന്നാൽ ആസ്മ എന്ന അസുഖത്തിന്റ്റെ പേരിൽ അതെല്ലാം  മുടങ്ങിയപ്പോൾ അവൾ തന്റ്റെ വിവാഹമെന്ന മോഹം തന്ന ഉപേക്ഷിച്ചു പിന്നീട്….

ഒരിക്കൽ അതിനെപ്പറ്റി ഞാൻ  ചോദിച്ചപ്പോൾ അവൾ പറഞ്ഞത് അവൾ വിവാഹം കഴിച്ച് പോവുന്നത് അവളുടെ സഹോദര ഭാര്യയ്ക്ക്  ഇഷ്ടമില്ലാത്തത് കൊണ്ടാണ് എല്ലാ  വിവാഹങ്ങളും ഇങ്ങനെ മുടങ്ങുന്നത് അല്ലെങ്കിൽ മുടക്കുന്നതെന്ന്..

കാര്യങ്ങൾ കൂടുതൽ ചോദിച്ചറിഞ്ഞപ്പോൾ മനസ്സിലായ് അവളുടെ സഹോദര ഭാര്യയുടെ കുടുംബത്തിലെ ഒരാൾക്ക് വേണ്ടി യാണ് ആ നാത്തൂൻ ഇങ്ങനെ ചെയ്യുന്നത്….

അയാളുടെ ഭാര്യ മരിച്ചിട്ട് കുറച്ചു  വർഷങ്ങളായി…അയാളുടെ  മക്കളെല്ലാം വിവാഹിതരുമായ്…കുറച്ചു പ്രായകൂടുതലുളള അയാളെകൊണ്ട് റസിയയെ കെട്ടിക്കാൻ അവളുടെ  നാത്തൂനൊപ്പം മൂത്ത സഹോദരനും  കൂട്ടു നിൽക്കുന്നതറിഞ്ഞപ്പോൾ എനിക്കവളോട് എന്ത് പറയണമെന്നുപ്പോലും അറിയില്ലായിരുന്നു…

ദിവസങ്ങൾ മുന്നോട്ടു പോകവേ ഒരിക്കൽ അവളെന്നോട് പറഞ്ഞു സമീപവാസികളായ ഒന്നു രണ്ട് മാന്യമാർ അവളെ പലതരത്തിലും ശല്യപ്പെടുത്തുന്നതായ്…അവരുടെ  രണ്ടാം ഭാര്യയായും…കാമുകിയായും  അവരവളെ ക്ഷണിക്കുന്നതറിഞ്ഞിട്ടും  അവളുടെ സഹോദരന്റ്റെ നിഷ്ക്രിയത്വം എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പെടുത്തിയത്…

അങ്ങനെ കലങിയും തെളിഞ്ഞും കാര്യങ്ങൾ നീങ്ങുന്നതിനിടയിലാണ് റസിയക്ക് ഷഫീക്കിന്റ്റെ ആലോചന വരുന്നത്…അയാൾ ആദ്യം ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിൽ മക്കളൊന്നു ഇല്ലാന്നും അറിഞ്ഞപ്പോൾ ഞാനാണ് അവളോട് പറഞ്ഞത് അയാളെ കെട്ടാൻ സമ്മതം ആണെന്ന്  മൂത്ത അമ്മാവനെ കണ്ടു പറയാൻ….

കുടുംബത്തിലെ മറ്റുള്ള അംഗങ്ങളും റസിയക്കൊപ്പം നിന്നപ്പോൾ  അവളുടെ  നിക്കാഹ് ഷഫീക്കുമായ് ആർഭാടങ്ങളില്ലാതെ നടന്നു….

കാര്യങ്ങൾ നല്ലരീതിയിൽ മുന്നോട്ട്  പോവുന്നതിനിടയിലാണ് ഇപ്പോൾ  ഈ പ്രശ്നങ്ങൾ എല്ലാം….വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ റസിയ  ഗർഭിയായ്…അവളുടെ  വയറ്റിലുളളത് രണ്ട് കുട്ടികൾ ആണെന്നറിഞ്ഞപ്പോഴാണ് ഷഫീക്ക് അവളോട് ചോദിച്ചത്…രണ്ടിലൊരു കുഞ്ഞിനെ പ്രസവശേഷം അയാളുടെ ആദ്യ ഭാര്യയ്ക്ക് നൽക്കാമോയെന്ന്…..

അവളാക്കാര്യം ആരോടും പറയാതെ ആദ്യം പറഞ്ഞത് എന്നോടാണ്….

“”നീയതു സമ്മതിച്ചോ റസിയാ.. “” എന്ന    എന്റ്റെ അമ്പരപ്പോടെയുളള ചോദ്യത്തിന് ഒട്ടും പതറാതെ അവൾ സമ്മതിച്ചു എന്നു പറഞ്ഞപ്പോൾ  ഞാനത് വിശ്വസിക്കാനാവാതെ അവളെ നോക്കി നിന്നുപ്പോയി…

കാരണം പത്തുമാസം ചുമന്ന് നൊന്തുപ്രസവിക്കുന്ന കുഞ്ഞിനെ  മന:സാക്ഷിയുളള ഒരുപെണ്ണിനും ആർക്കും വിട്ടുകൊടുക്കാൻ കഴിയില്ല….അവൾക്കെത്ര മക്കളുണ്ടായാലും…

അങ്ങനെയൊരിക്കലും ചെയ്യരുത് റസിയാ….അതിന്റെ പേരിൽ അവൻ നിന്നെ ഉപേക്ഷിച്ചാലും നീ നിന്റ്റെ കുഞ്ഞിനെ നൽകരുതെന്ന് ഞാൻ  പറഞ്ഞപ്പോൾ അവൾ പറഞ മറുപടി  എന്നെ അത്ഭുതപ്പെടുത്തി..

ഇല്ല ടീച്ചറേ…കുട്ടിയെ കൊടുക്കാൻ പറഞ്ഞ് ഇക്ക എന്നെ ഇതേവരെ നിർബന്ധിച്ചിട്ടില്ല. ഇതെന്റ്റെ തീരുമാനം മാത്രമാണ്…കാരണം ആ സ്ത്രീക്ക്  മക്കളുണ്ടാവില്ലായെന്നറിഞ്ഞപ്പോൾ അവരാണ് ഇക്കയെ മറ്റൊരു  കല്ല്യാണത്തിന് നിർബന്ധിച്ചത്. എന്നെ ഇക്കാക്ക് ആദ്യം കാണിച്ചു കൊടുത്തതും അവരാണ് ടീച്ചറേ….

എനിക്കും ഇക്കാക്കും ഉണ്ടാവുന്ന കുട്ടിയെ വല്ലപ്പോഴും ഒന്ന് കാണാനും  ലാളിക്കാനും ഒരവസരം മാത്രം തന്നാൽ മതിയെന്നാണെത്രെ അവരന്ന് ഷഫീക്കിനോട് പറഞ്ഞത്…

എന്റെ കൂടെ സന്തോഷമായ് കഴിയുമ്പോഴും അവരെയോർത്തെന്റ്റെ ഷഫീക്കാ സങ്കടപ്പെടുന്നത് ഞാനൊരുപ്പാട് കണ്ടിട്ടുണ്ട്….നാടുനീളെ  പെണ്ണുംകെട്ടി അതില്ലെല്ലാം മക്കളെയും  ഉണ്ടാക്കി പിന്നെയവരെ ഒന്നുതിരിഞ്ഞുപോലും നോക്കാത്ത ഞങ്ങളുടെ ഇടയിലെ പലആണുങ്ങളെക്കാളും എത്രയോ മുകളിലാണ് എന്റ്റെ ഇക്ക…കാരണം  ആദ്യം സ്വന്തമാക്കിയവളെ അവളുടെ  കുറവുകളുടെ പേരിൽ ഒറ്റപ്പെടുത്താതെ ചേർത്ത് നിർത്താനാണ് ഷഫീക്കാ എന്നും ആഗ്രഹിച്ചത്…അതും എന്റെ പൂർണ സമ്മതത്തോടെ….

എന്റ്റെ വയറ്റിൽ രണ്ട് ജീവൻ പടച്ചവൻ തന്നത് അതിനാണെന്ന് വിശ്വസിക്കാനാണ് ടീച്ചറേ എനിക്കിഷ്ടം…അന്നതും പറഞ്ഞവൾ പോയപ്പോൾ അവളെ മനസ്സിലാക്കാൻ  പറ്റാതെ ഞാൻ  പകച്ചു നിന്നുപ്പോയിട്ടുണ്ട്…

റസിയയുടെ പ്രസവം നടന്നുവെന്നും  അവൾക്ക് രണ്ട് ആൺക്കുട്ടികളാണെന്നു അറിഞ്ഞപ്പോഴും ഞാൻ കരുതിയത് ഇനിയവളാ കുഞ്ഞിനെ ആർക്കും നൽക്കില്ലായെന്നായിരുന്നു…എന്നാൽ എന്റ്റെ പ്രതീക്ഷകൾ തെറ്റിച്ചവൾ ആ കുഞ്ഞിനെ ഷഫീക്കിന്റ്റെ ആദ്യത്തെ ഭാര്യയ്ക്ക് നൽകിയപ്പോൾ എനിക്ക് വേറൊരു കാര്യം കൂടി മനസ്സിലായ്…അതവളെപ്പോലെ വിശാലമായ് ചിന്തിക്കാൻ സാധിക്കുന്ന വളരെ അപൂർവ്വങ്ങളായ സ്ത്രീക്ക് മാത്രമേ സാധിക്കുകയുളളൂന്ന്….

റസിയയുടെ പ്രസവവും പിന്നെയവൾ കുഞ്ഞിനെ കൈമാറിയതും നാട്ടിൽ  വലിയ ചർച്ചാവിഷയം ആയി..

ഒടുവിലവൾ ഭർത്താവിനെ നേടാൻ  കുഞ്ഞിനെ വിറ്റവളായി ചിത്രീകരിക്കപ്പെടുക്കയും ചെയ്തപ്പോൾ ഈ നാടുപേക്ഷിച്ച് പോവാൻ അവർ തീരുമാനിക്കുകയായിരുന്നു…

അവളിന്നീ നാട്ടിൽ നിന്നും ഷഫീക്കിനൊപ്പം യാത്രയാവുകയാണ്….

റസിയയുടെ  തീരുമാനം അത് ശരിയോ തെറ്റോ എന്ന് എനിക്കിതുവരെ  നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. ഞാനത് കാലത്തിന് വിട്ടിരിക്കുകയാണ്…

പക്ഷേ അവളിവിടെ നിന്ന് പോയാലും ഈ നാട്ടുകാരിലൂടെ പിന്നെയും പിന്നെയും അവളിവിടെ നിറഞ്ഞു നിൽക്കും കുഞ്ഞിനെ വിറ്റ് ഭർത്താവിനെ നേടിയവളായ്…..