എന്തായാലും ആദ്യമായി മൊത്തത്തിൽ ഇന്നൊരു പോസിറ്റീവും സന്തോഷവും തോന്നി…

വരൻ സുന്ദരനാണ്

Story written by Neethu Parameswar

=================

പല തവണ അണിഞ്ഞൊരുങ്ങി നിന്ന മടുപ്പിൽ ഞാൻ അയാളെ വീണ്ടും പ്രതീക്ഷിച്ച് നിന്നു…ഇനിയെത്ര തവണ ഇങ്ങനെ ചായയുമായി നിൽക്കണോ ആവോ…

ഞങ്ങൾ രണ്ട് പെൺകുട്ടികളാണ്…ഞാൻ നന്ദ പിന്നെ എന്റെ അനിയത്തി ഗൗരി..വർഷങ്ങളായി അച്ഛൻ തളർന്നിരിപ്പാണ്…അമ്മക്ക് ചെറിയ ജോലിയുണ്ട്…

വെള്ള നിറത്തിലുള്ള ചുരിദാറിൽ ഇളം നീല നിറത്തിൽ തുന്നിയ ചെറിയ പൂക്കൾ അവിടെയിവിടെയായി ചിതറി കിടക്കുന്നുണ്ട്…രണ്ടു സൈഡിൽ നിന്നും മുടിയെടുത്ത് സ്ലൈഡ് കുത്തി..ചെറിയ പൊട്ടും വച്ചു..ഈ ഡ്രസ്സ്‌ കൂടുതൽ ഇണങ്ങുന്നതായി എനിക്ക് തോന്നി…ഇളം നിറത്തിലുള്ള ഡ്രെസ്സുകളെ നിനക്ക് ചേരൂ..ചെറുപ്പം തൊട്ടേ പലരും പറഞ്ഞങ്ങനെ മനസ്സിലുറച്ചു.

എല്ലാവരുടെയും മുന്നിൽ ചെന്ന് നിന്ന് സങ്കടവും ദേഷ്യവും തോന്നി തുടങ്ങി…പത്താമത്തെ പെണ്ണ് കാണലാണ് ഇപ്പോൾ നടക്കാൻ പോവുന്നത്..അച്ഛന്റെ വയ്യായ്ക..ഉള്ളതാണേൽ ഒരു അനിയത്തി..സ്ത്രീധനം..പിന്നെ എന്റേയീ നിറവും..എല്ലാം പ്രശ്നമാണ്…ഒരു പ്ലസ് പോയിന്റ് എന്തെന്ന് വച്ചാൽ ഞാൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുകയാണ്..ഓ ഡിഗ്രി ഇപ്പോൾ ചവറ് പോലെയല്ലേ അതോർത്തപ്പോൾ വീണ്ടും മുഖത്ത് കാർമേഘം വന്ന് മൂടി…

വിവാഹമേ വേണ്ടായിരുന്നു.. “ഇപ്പോൾ വിവാഹം നടന്നില്ലേൽ ഇനി നോട്ടം അനിയത്തിയെ ആവും അപ്പോൾ നീയെന്ത് ചെയ്യും ” ബന്ധുക്കൾ അമ്മയെ ഓരോന്നും പറഞ്ഞ് പേടിപ്പിക്കുകയാണ്…ഞാൻ കാരണം അവൾക്ക് പ്രശ്നം ഉണ്ടാവരുത്..

ദേ ചെറുക്കൻ വന്നു..അമ്മ പറയുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്…

ഇതും നടക്കുമെന്ന് തോന്നുന്നില്ല..അമ്മ പറഞ്ഞു..

ഓ അതെനിക്കറിയാമല്ലോ..എങ്കിലും അമ്മ പോസിറ്റീവ് ആയാണല്ലോ സംസാരിക്കാറ്..ഇന്നെന്താ ഇങ്ങനെ..അറിയാൻ ഒരു ആകാംക്ഷ…

അതെന്താ..ഗൗരി ചോദിച്ചു..

അതെ ചെറുക്കൻ സുന്ദരനാണ്…എന്ത് ഭംഗിയാ കാണാൻ…

ഉള്ള ധൈര്യം പോലും എന്നിൽ നിന്ന് ചോർന്ന് പോവുന്നത് പോലെ തോന്നി..ഈ ബ്രോക്കർക്ക് എന്താ കണ്ണ് കണ്ടൂടെ..വന്നും പോയില്ലേ ഇനി മുന്നിലേക്ക് ചെല്ലാതെ പറ്റുമോ…

ചെറിയ ഹാളിൽ അവരുടെ അടുത്തായി ഞാൻ ചെന്ന് നിന്നു…രണ്ട് പേരുണ്ട്..ബ്രോക്കർ ഇല്ല വഴി പറഞ്ഞു കൊടുത്ത് കാണും…രണ്ടാളും ചെറുപ്പക്കാർ..പക്ഷെ അമ്മ പറഞ്ഞ സുന്ദരനെ ഞാൻ ഈ കൂട്ടത്തിൽ കാണുന്നില്ലല്ലോ.. “ഇതിൽ സുന്ദരനെവിടെ..” നാടോടികാറ്റിലെ ” തിലകന്റെ ഡയലോഗ് ആണ് മനസ്സിൽ വന്നത്…

എങ്കിൽ പിന്നെ ഉള്ളതിൽ നിന്നും സുന്ദരനെ സെലക്ട് ചെയ്യാം ചന്ദനകുറിയും കുങ്കുമവും തൊട്ടിരിക്കുന്ന ആ ചേട്ടനിലേക്ക് കണ്ണുകൾ പോയി..ചുണ്ടിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു…

മോളെ ഞാനല്ലാട്ടോ ഇവനാ ചെറുക്കൻ…അയാൾ പറഞ്ഞു…

ഛെ..ഈ അമ്മ…വേണ്ടായിരുന്നു…ചമ്മൽ കലർന്ന ചിരി…ഇതാണോ അമ്മേടെ ചുന്ദരൻ..വെറുതെ മനുഷ്യനെ കൺഫ്യൂഷൻ ആക്കാനായിട്ട്…അല്ലേലും ഇത്തിരി നിറമുണ്ടേൽ പണ്ടേ അമ്മക്കെല്ലാരും സുന്ദരനും സുന്ദരിയുമാണ്…വണ്ണം കുറവായത് കൊണ്ട് കഴുത്ത് ഇത്തിരി നീണ്ടത് പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ…ആണോ..മനസ്സിൽ വീണ്ടും ചോദ്യം വന്നു..യു ടൂബിലാണേൽ കമന്റിട്ട് നോക്കാമായിരുന്നു..ഇതിപ്പോ ആരോട് ചോദിക്കാൻ..അടങ്ങി നിക്ക് പെണ്ണേ..മനസ്സിൽ നിന്നും വീണ്ടും അശിരീരി..എന്നാൽ പിന്നെ മിണ്ടാതെ നിൽക്കാം..

എവിടെയാ പഠിക്കുന്നെ…ഏത് ബസിലാ പോവുന്നെ.. (ആ ചോദ്യം ആദ്യമായാണ്..) തുടങ്ങിയ ചോദ്യ ശരങ്ങൾ വന്നു..രണ്ടാളും ചിരിച്ച് കൊണ്ടാണ് സംസാരിച്ചത്.(ചെക്കൻ മാറി പോയ ചമ്മൽ ഉള്ളത്കൊണ്ട് കൂടുതൽ ചിരി വന്നെന്ന് തോന്നുന്നു..)

എന്തായാലും ആദ്യമായി മൊത്തത്തിൽ ഇന്നൊരു പോസിറ്റീവും സന്തോഷവും തോന്നി…

അങ്ങനെ വിവാഹം ഉറപ്പിച്ചു…

എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു ചെറുക്കൻ സുന്ദരനാണ്..എന്നാൽ എനിക്ക് മാത്രം അത്രമേൽ സൗന്ദര്യം ഒന്നും തോന്നിയില്ല..ചിലപ്പോൾ അമ്മ ഓവർ ബിൽഡപ്പ് തന്നത് കൊണ്ടാവും..അല്ലെങ്കിൽ എന്റെ സങ്കല്പത്തിലെ സുന്ദരൻ ഇങ്ങനെയായിരിക്കില്ലേ..

പെണ്ണത്ര പോര നിനക്ക് ചേരില്ല അയാളോട് പലരും പറഞ്ഞു…പക്ഷെ എന്ത് കൊണ്ടോ വിവേകിന് എന്നെ ഇഷ്ടമായി..

ചെറുക്കൻ കാണാൻ കൊള്ളാം പക്ഷെ  ബസ് കണ്ടക്ടറാണ്..പിന്നെ വീട് കൊള്ളില്ല വേറെ പണിയേണ്ടി വരും വീട്ടിൽ നിന്നാണേൽ ഒന്നും കിട്ടാനുമില്ല..നീ പഠിക്കുകയാണ്, ഇതിലും നല്ല ബന്ധം കിട്ടില്ലേ..ബന്ധുക്കളിൽ പലരും ചോദിച്ചു..

പഠിപ്പിച്ച ടീച്ചർമാരിൽ ചിലർ മുന്നറിയിപ്പ് തന്നു..ബസ് കണ്ടക്ടറാണ് സൂക്ഷിക്കണം. നന്നായി ആലോചിച്ച് തീരുമാനമെടുക്കണം..

ശരിയാണ് നാട്ടിലെ പോക്ക് കേസുകളിൽ പ്രതേകിച്ച് പെൺവിഷയങ്ങളിൽ മുന്നിൽ നിൽക്കുന്നത് ബസിലെ ജോലിക്കാരും ഓട്ടോ ഡ്രൈവർ മാരുമാണ്..പക്ഷെ ഞങ്ങൾ കോളേജിലൊക്കെ പോവുമ്പോൾ ഇൻസൈടൊക്കെ ചെയ്ത് മാന്യനാണെന്ന് തോന്നുന്നുവർ മോശമായി പെരുമാറിയിട്ടില്ലേ..ഞാനോർത്തു..അങ്ങനെ പ്രത്യേക വിഭാഗം ചീത്ത എന്നൊന്നുമില്ല..എല്ലാ ജോലിയിലുമുണ്ട് നല്ലവരും മോശപ്പെട്ടവരും…

അന്വേഷിച്ചപ്പോൾ എല്ലാവർക്കും  അയാളെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു…അത് മാത്രം മതിയായിരുന്നു എനിക്ക്..

ഞങ്ങളുടെ വിവാഹം കഴിഞ്ഞു…നല്ല പെരുമാറ്റത്തിലൂടെ..പരസ്പരബഹുമാനത്തിലൂടെ..ഒരച്ഛന്റെ വാത്സല്യത്തിലൂടെ ഏട്ടന്റെ കരുതലിലൂടെ..ഒരു നല്ല കൂട്ടുകാരനിലൂടെ..കാമുകനിലെ പ്രണയത്തിലൂടെ..ഞാൻ അയാളിലെ സൗന്ദര്യം കൂടി കൂടി വരുന്നത് കണ്ടു..അതെ വിവേക് സുന്ദരനാണ് എനിക്കും തോന്നി…

ഒരവസരം കിട്ടിയാൽ ഭാര്യയെ മോശമായി പറയുന്ന ഭർത്താക്കന്മാർക്കിടയിൽ വ്യത്യസ്തനാണ് വിവേകെന്ന് തോന്നി…ബാഹ്യസൗന്ദര്യത്തെക്കാളേറെ അയാളുടെ മനാസിനാണ് സൗന്ദര്യമെന്ന് തോന്നി..

ഏട്ടൻ എന്ത് കണ്ടിട്ടാണ് എന്നെ വിവാഹം കഴിച്ചത് പലരും പറഞ്ഞു നമ്മൾ തമ്മിൽ ചേരില്ല എന്ന്..എന്നിട്ടും..ഒരു ദിവസം ഏട്ടന്റെ നെഞ്ചിൽ തല ചായ്‌ച്ച് കിടക്കുമ്പോഴാണ് ഞാനത് ചോദിച്ചത്..

എടീ മണ്ടീ..ഒരു പെണ്ണ് സുന്ദരിയാണെങ്കിൽ ഒരാഴ്ച നാട്ടുകാർ പറയും..അവന്റെ പെണ്ണ് എന്ത് സുന്ദരിയാണെന്ന് അത് കഴിഞ്ഞാൽ ജീവിക്കേണ്ടത് നമ്മളാണ്…നമ്മുടെ ജീവിതം എത്ര ഹാപ്പിയാണ്…നീയെന്നും എന്റെ സുന്ദരികുട്ടിയാണ്..ഞാനൊന്നൂടെ ഏട്ടനോട് ചേർന്ന് കിടന്നു…

പലപ്പോഴും എന്നെ പെണ്ണ് കാണാൻ വന്ന ആ സുന്ദരചെക്കനും അമ്മ തന്ന ബിൽഡപ്പും എല്ലാം പറഞ്ഞ് വർഷങ്ങൾക്ക് ശേഷവും ഞങ്ങൾ പൊട്ടിച്ചിരിച്ചു…

വീടെന്ന ഞങ്ങളുടെ സ്വപ്നം പൂർത്തിയാക്കാനായി ഏട്ടന് വിദേശത്തേക്ക് പോവേണ്ടി വന്നെങ്കിലും..എത്ര അകലെയാണെങ്കിലും ഞങ്ങളുടെ മനസ്സെപ്പഴും ചേർന്നിരിക്കുന്നുണ്ട്…ഇഷ്ടം ഒട്ടും തന്നെ കുറയാതെ…നമ്മുടെ സ്നേഹം കുപ്പിയിലെ വീഞ്ഞ് പോലെയാണ്..വർഷങ്ങൾ കഴുയുംതോറും വീര്യം കൂടുകയേയുള്ളൂ…ഏട്ടൻ അത് പറയുമ്പോൾ മനസ്സ് നിറയുന്നുണ്ടായിരുന്നു..

പെണ്ണിന്റെ സൗന്ദര്യവും ആണിന്റെ കയ്യിലെ കാശുമാണ് ദാമ്പത്യം സുന്ദരമാക്കുന്നത് എന്ന സ്ഥിരം ധാരണ ഞങ്ങൾ തിരുത്തി കുറിക്കുകയാണ്..ഞങ്ങളിവിടെ ഹാപ്പിയാണ്…

~NeethuParameswar