പക്ഷേ, പരിഹസിക്കപ്പെടുന്നത് ഒരു കൂട്ടത്തിന് നാടുവിലാണെങ്കിൽ ആർക്കാണ് കേട്ടുനിൽക്കാനാകുക…

Story written by Saran Prakash

================

“മൂത്തോനിപ്പഴും ഓട്ടർഷ്യാ..??”

വെല്ലിമ്മാമയുടെ മോൾടെ കല്ല്യാണംകുറിക്ക് അമ്മയോടൊപ്പം പന്തലിലേക്ക് കയറുമ്പോഴായിരുന്നു, വെറ്റിലമുറുക്കികൊണ്ടിരുന്ന കാർന്നോര് കൂടിനിൽക്കുന്നവരെല്ലാം കേൾക്കെ ഉച്ഛത്തിലെന്നെനോക്കി പരിഹസിച്ചത്….

റിക്ഷ ഓടിക്കുന്ന കാലം മുതലേ, നാലാള് കൂടുമ്പോൾ ഈ പരിഹാസം എനിക്ക് സുപരിചിതമാണ്…

സമ്പത്തുകൊണ്ടും, വിദ്യകൊണ്ടും തറവാട്ടിലേവരും അമ്മാനമാടുമ്പോൾ, വഴിപിഴച്ചുപോയി മുച്ചക്രത്തിൽ നട്ടംതിരിയുന്ന ഞാൻ പരിഹസിക്കപ്പെട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളു…!!!

”ചുണ്ണാമ്പധികം തേക്കണ്ട… പൊള്ളലുമാത്രമാവില്ല.. ആളിക്കത്തും… ഒണങ്ങികുത്തിയിരിപ്പല്ലേ….”

കാർന്നോരെ അടിമുടി നോക്കി, പതിയെ ആ ചെവിയിൽ ഉരുളക്കുപ്പേരിപോലെ മറുപടി പറയുമ്പോൾ, അരികിൽ അമ്മ എന്റെ ചെവിയിൽ നിന്നും പൊന്നീച്ചകളെ പറത്തിവിട്ടുകൊണ്ടിരുന്നു….

തെറ്റോ ശരിയോ.. പ്രായമേറിയവർ പറയുന്നതെന്തുമായാലും കേട്ടുനിൽക്കണമെന്നാണ് അമ്മയുടെ പക്ഷം..

പക്ഷേ, പരിഹസിക്കപ്പെടുന്നത് ഒരു കൂട്ടത്തിന് നാടുവിലാണെങ്കിൽ ആർക്കാണ് കേട്ടുനിൽക്കാനാകുക…

അപ്പോഴും പരിചയം പുതുക്കാൻ അമ്മക്കരികിലെത്തിയവർക്കെല്ലാം ചോദിയ്ക്കാൻ അതുമാത്രമേയുണ്ടായിരുന്നുള്ളു….

“മൂത്തോനിപ്പഴും ഓട്ടർഷ്യാ..??”

മറുപടികൾ പലതും നാവിൻ തുമ്പിൽ വിളഞ്ഞെങ്കിലും, അവർക്കുമുന്പിൽ നിസ്സഹായത്തോടെയുള്ള അമ്മയുടെ നിൽപ്പിൽ ഞാൻ സ്വയം കീഴടങ്ങിയിരുന്നു…

ഒരുപക്ഷേ, അവരെപ്പോലെ അമ്മയ്ക്കും ഞാൻ തോറ്റവൻ മാത്രമായിരിക്കാം…

എങ്കിലും, അഭിമാനിക്കാൻ അമ്മക്കു മറ്റൊന്നുണ്ടായിരുന്നു…

വിദ്യകൊണ്ടമ്മാനമാടിയ അനിയൻ… ഉയർന്ന തസ്തികയിലൊരു ജോലിയും, അതിനൊത്ത മാസവരുമാനമുള്ളവനും…

അവനെകുറിച്ചു പറയാൻ നൂറു നാവും, കേൾക്കാൻ നൂറു കാതുകളുമുണ്ടായിരുന്നു…കേട്ട് തഴമ്പിച്ചതുകൊണ്ടാകാം, എന്റെ കണ്ണുകളും കാതുകളും പന്തലിനുള്ളിലെ തരുണീമണികളിലേക്കായിരുന്നു… കൂട്ടത്തിൽ ഏറെ സുന്ദരിയായ അകന്നബന്ധത്തിൽപെട്ട ബോംബെക്കാരിയിലേക്കും… പത്താംക്ലാസ്സിന്റെ പടിവിട്ടിറങ്ങിയതിനുശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ച്ച…

ഇടയ്ക്കിടെ ആ കണ്ണുകളും എന്നെ എത്തിനോക്കുന്നുണ്ട്… പഴയ ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്… മുഖത്തൊരു നേർത്ത പുഞ്ചിരിക്കായ് ശ്രമിക്കുന്നുണ്ട്…

പതിവുപോലെ അന്നും, അവനെക്കുറിച്ചുള്ള കുടുംബക്കാരുടെ ചർച്ചയൊടുവിൽ എത്തിപെട്ടത്, കല്യാണാലോചനകളിലേക്കായിരുന്നു… പഠിപ്പും ജോലിയും മാസവരുമാനവുമായാൽ അടുത്ത നാട്ടുനടപ്പ് അതാണല്ലോ…

സ്വന്തത്തിലും ബന്ധത്തിലുമുള്ള പലരുടേയും പേരുകൾ മുഴങ്ങി.. അതിൽ ചിലരുടെ മുഖങ്ങൾ പലരുടേയും ഫോണിൽ തെളിഞ്ഞു…

കുറ്റങ്ങളും കുറവുകളും അളന്നും തിട്ടപ്പെടുത്തിയും ഒടുവിൽ അവരേവരും ഒരുപോലെ കൈചൂണ്ടി…

അകന്ന ബന്ധുവായ ബോംബെക്കാരൻ പ്രമാണിയുടെ മകളിലേക്ക്… പന്തലിലെ ആ അതിസുന്ദരിയിലേക്ക്…

അത്രനേരം അവളെനോക്കി തുറന്നുപിടിച്ചിരുന്ന വായ്ക്കകത്തേക്ക് പാറിവന്ന ഈച്ചപോലും എന്റെ ഗതികേടിൽ പരിഹസിച്ച് അകലങ്ങളിലേക്ക് പറന്നകന്നു…

”അതിപ്പോ, മൂത്തോനിങ്ങനെ നിൽക്കുമ്പോൾ….”

ഉമ്മറത്തിരുന്ന കാർന്നോര് വായിലെ മുറുക്കാൻ മുറ്റത്തേക്ക് ആഞ്ഞുതുപ്പി.. ജീവിതത്തിൽ ആദ്യമായി ആ മുറുക്കാൻ നിറഞ്ഞ വായയോട് ബഹുമാനം തോന്നിയ നിമിഷങ്ങൾ….

ഏവരുടേയും മുഖത്തൊരു നിസ്സംഗത നിഴലിച്ചു…

”രണ്ടു വയസ്സിന്റെ വെത്യാസമല്ലേയുള്ളു.. കൂട്ടത്തിൽ പ്രായമേറെ തോന്നിക്കുന്നത് അവനും… മുടിയൊക്കെകൊഴിഞ്ഞ്, കണ്ണൊക്കെ ചുഴിഞ്ഞ്…”

പരിഹാസങ്ങൾക്കും ഇരുട്ടടികൾക്കുമെതിരെ വീണുകിട്ടിയ അവസരം ഞാൻ അപ്പാടെ മുതലെടുത്തു…

അമ്മയുടെ കണ്ണുകൾ എന്നെ നോക്കി രോഷം പൂണ്ടു…

ബോംബെക്കാർ മുഖത്തോടു മുഖം നോക്കി… കണ്ണുകൾകൊണ്ടവർ പരസ്പരം സംസാരിച്ചു…

”കുട്ട്യോള് തമ്മിൽ കണ്ടിട്ടുമതി തീരുമാനങ്ങൾ…”

വെല്ലിമ്മാമ തന്റെ അഭിപ്രായം പ്രകടിപ്പിച്ച് അകത്തേക്ക് നടന്നു… ഏവരും വെല്ലിമ്മാമയുടെ അഭിപ്രായത്തെ മാനിച്ചു…

പന്തലിലെ ബോംബെക്കാരിയെ ഒരിക്കൽക്കൂടി ഞാൻ എത്തിനോക്കി..

ചടങ്ങുകഴിഞ്ഞു തിരിച്ചു പോകുമ്പോഴും അമ്മയുടെ കണ്ണുകളിൽ അരിശമേറിക്കൊണ്ടേയിരുന്നു….

നല്ലൊരാലോചനയായിരുന്നെന്ന് അമ്മ പുലമ്പിക്കൊണ്ടേയിരുന്നു..

അല്ലേലും ഞാൻ ചെയ്തതിലെന്താ ഒരു തെറ്റ്.. സത്യമല്ലേ ഞാൻ പറഞ്ഞതത്രയും… ഉള്ളിലിരുന്നെന്റെ മനസ്സാക്ഷി എന്നെ പിന്തുണക്കുന്നുണ്ട്…

അല്ലേലും ക ള്ളന്മാർക്കും കൊ ള്ളക്കാർക്കും പിന്തുണയെന്നും അവരുടെ മനസ്സാക്ഷിമാത്രമായിരിക്കുമല്ലോ…!!!!

ഓർമ്മവെച്ച നാൾ മുതലേ അവന്റെ ലോകം പഠിക്കുന്ന പുസ്തകങ്ങളായിരുന്നു..എന്റേത് കാറ്റും മഴയും പുഴയും മരവും… രാത്രി വൈകുവോളം അവൻ പുസ്തകത്തിൽ മിഴിച്ചിരിക്കുമ്പോൾ, അവനരികിൽ പുസ്തകങ്ങളെ തലയിണയാക്കി ഞാനുമുണ്ടാകാറുണ്ട്… അമ്മയുടെ കാൽപെരുമാറ്റത്തിൽ എന്നെയുണർത്താൻ ചട്ടം കെട്ടിക്കൊണ്ട്….

മണ്ണിനേയും മരത്തിനേയും, കാച്ചിയ എണ്ണയേയും ഞാൻ പ്രണയിച്ചപ്പോൾ, അവന്റെ പ്രണയം അക്ഷരങ്ങളോടും അക്കങ്ങളോടുമായിരുന്നു…

അതുകൊണ്ട് തന്നെ അമ്മയെപ്പോഴും പറയും..

ഒന്ന് ദേവനും.. മറ്റൊന്ന് അസുരനുമാണെന്ന്..

പടികയറി വീടിനകത്തേക്ക് കയറുമ്പോൾ, അവധിയായിരുന്നിട്ടും ലാപ്‌ടോപ്പിലേക്ക് മിഴിച്ചിരിക്കുന്ന അനിയൻ, വീണ്ടുമെന്നെ ഓർമ്മപ്പെടുത്തി… കാലമേ മാറിയുള്ളു..!!!

ചുമരിലെ ബൾബിൽനിന്നുമുള്ള വെളിച്ചം അവന്റെ ഒഴിഞ്ഞ നെറുകയിൽ തട്ടി പ്രതിഫലിക്കുന്നത് കണ്ടപ്പോൾ, പിന്തിരിഞ്ഞമ്മയെന്നെ നോക്കി…

എന്നിൽ അൽപ്പമെങ്കിലും ശരിയുണ്ടെന്ന അർത്ഥത്തോടെ.. എങ്കിലും മുടക്കിയതൊരു നല്ല ആലോചനയാണെന്ന നീരസം ആ കണ്ണുകളിപ്പോഴുമുണ്ടായിരുന്നു…

പുറത്തിറങ്ങി ആ വലിയ വീടിന്റെ ഉമ്മറപ്പടിയിൽ ഞാൻ ഇടംപിടിച്ചു…

മുറ്റത്തുകിടക്കുന്ന അവന്റെ വിലകൂടിയ കാറിലേക്കും, എന്റെ മുച്ചക്രത്തിലേക്കും മാറിമാറി നോക്കി..

നാലുകാലിൽ തലയുയർത്തിനിൽക്കുന്ന കൊമ്പന്റെ അരികിലൊരു കുഴിയാന പോലെ…

“ആരുകണ്ടാലുമൊന്നു കളിയാക്കി പോകും..” ഉള്ളിലിരുന്നെന്റെ മനസ്സാക്ഷി പിറുപിറുത്തു..

അല്ലേലും മറ്റുള്ളോർക്ക് മുൻപിൽ തളരാതെ പിടിച്ചുനിർത്തി, ഒറ്റക്കിരിക്കുമ്പോൾ കുത്തിനോവിക്കുന്നത് മനസ്സാക്ഷിക്ക് എന്നുമൊരു ഹരമല്ലേ…!!!

പണ്ട് പഠനത്തിൽ തോൽവിയുടെ പടുകുഴിയിൽ വീണപ്പോൾ, കൈനീട്ടി രക്ഷയേകിയ അച്ഛനാ പറഞ്ഞത്..

“എല്ലാർക്കും ഒരുപോലെ പഠിക്കാനാവില്ലല്ലോ..”

ചേർത്തുപിടിച്ച ആ കൈകളിലെ തഴമ്പാണ് ഓർമ്മപ്പെടുത്തിയത്, അച്ഛനും പണ്ടൊരു ഓട്ടോഡ്രൈവറായിരുന്നെന്ന്.. ജീവിതം പടുത്തുയർത്തിയത് അതിൽനിന്നുമാണെന്ന്..

അതുകൊണ്ടുതന്നെയാണ് അച്ഛന്റെ വഴിയേ പിന്തുടർന്നപ്പോൾ, മറ്റാരേക്കാളും അച്ഛനെന്നെ പിന്തുണച്ചതും..

ഇരുണ്ടുകൂടി പെയ്തുവീഴുവാൻ തിരക്ക് കൂട്ടികൊണ്ട് മാനം പെരുമ്പറ മുഴക്കി..

മുറ്റത്തുണങ്ങാനിട്ട നെല്ലും കുരുമുളകുമെല്ലാം ചാക്കിലാക്കി കെട്ടി ഉമ്മറത്തേക്ക് വെച്ചു..

അപ്പോഴേക്കും ഇളം കടുപ്പത്തിൽ കട്ടനുമായി അമ്മ ഉമ്മറത്തെത്തി..

കുളിരേകുന്ന മഴയത്ത് കട്ടനും നുകർന്നിരിക്കുന്നതിനേക്കാൾ അനുഭൂതിയൊന്നും മറ്റൊന്നിനുമില്ലെന്ന് പണ്ടേക്ക്പണ്ടേ ഞാൻ അമ്മയെ ശീലിപ്പിച്ചെടുത്തിരുന്നു…

“ഞാൻ ഈ ഓട്ടോ വിറ്റ്, ഗൾഫിലേക്കെങ്ങാൻ പോയാലോന്നു ആലോചിക്കാ…”

കട്ടനും നുകർന്ന്, പെയ്തുവീഴുന്ന മഴത്തുള്ളികളുടെ സൗന്ദര്യവുമാസ്വദിച്ച് പതിയെ അമ്മയെ നോക്കി…

“എന്താ പെട്ടന്നൊരു മനം മാറ്റം..?” അമ്മയുടെ കണ്ണുകളിൽ സംശയമേറി…

“എന്ത് പണിയാണെങ്കിലും നാലാളോട് അമ്മക്ക് അഭിമാനത്തോടെ പറയാം.. മൂത്തൊൻ ഗൾഫിലാണെന്ന്..”

വാക്കുകൾ ഹൃദയത്തെ മുറിവേൽപ്പിക്കുന്നുണ്ടെങ്കിലും, മുഖത്തൊരു പുഞ്ചിരി വരുത്താൻ ഞാൻ മറന്നിരുന്നില്ല..

പക്ഷേ അമ്മയുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന പുഞ്ചിരി ആ നിമിഷം നിശ്ചലമായി…

മറുപടിയായി മൂളികൊണ്ട് അമ്മ അകത്തേക്ക് നടന്നകന്നു..

അന്ന് വൈകുന്നേരം തറവാട്ടമ്പലത്തിലേക്ക് അമ്മയുമുണ്ടായിരുന്നു ഒപ്പം…

ഒരുപക്ഷേ എന്റെ നല്ല ചിന്തക്ക് ദൈവത്തോട് നന്ദിയറിയിക്കാനാകും..

തൊഴുതു വലം വെച്ചെത്തിയ അമ്മ എന്റെ നെറ്റിയിൽ ചന്ദനം ചാർത്തി..

“മരിക്കാൻ കിടക്കുമ്പോ പോലും അച്ഛനുപറയാൻ നിന്നെക്കുറിച്ചു മാത്രമായിരുന്നു.. അതുപക്ഷേ മറ്റുള്ളോർപറയുംപോലെ പരിഹസിച്ചുകൊണ്ടല്ല.. പകരം അഭിമാനത്തോടെ..”

അമ്മയുടെ കണ്ണുകൾ ആവേശത്തോടെ തിളങ്ങി..

“പഠനത്തിൽ പുറകിലാണേലും കാര്യപ്രാപ്തിയിൽ മൂത്തൊനാണ് മുൻപിലെന്നു നിന്റെ ചെയ്തികളിൽ അച്ഛൻ എന്നും പറയുമായിരുന്നു.. അച്ഛന്റെ മരണശേഷം, ഞാനത് പതിയെ പതിയെ തിരിച്ചറിയുകയായിരുന്നു..

പാടത്തു കൃഷിയിറക്കുമ്പോഴും, പണിക്കാർക്കൊപ്പം കൂടെനിന്നു പണിയുമ്പോഴും, പറമ്പിലെ കുരുമുളക് വള്ളികൾ പൂത്തുലയുമ്പോഴുമെല്ലാം നീ അച്ഛന്റെ ആ വാക്കുകളെ ഊട്ടിയുറപ്പിക്കുകയായിരുന്നു….

ഇന്ന് മഴക്കോള് കണ്ടപ്പോഴേക്കും നെല്ലും കുരുമുളകും എടുത്തുവെക്കുന്നതിൽ പോലും…!!!!”

ശരിയാകാം.. പുസ്തകത്തെ വെടിഞ്ഞ് അച്ഛനൊപ്പം കൂടിയതിൽ പിന്നെ ഞാൻ പഠിച്ചെടുത്തതെല്ലാം ജീവിതമായിരുന്നു.. അച്ഛൻ പറയാറുള്ളതുപോലെ..

“ഇറങ്ങിയങ്ട് ചെല്ലണം.. എല്ലാം കണ്ടറിഞ്ഞങ്ങ് ചെയ്യണം..!!!”

അന്നും ഇന്നും ഉള്ളിൽ മായാതെ കിടക്കുന്ന പാഠം അതുമാത്രമായിരുന്നു..

”എങ്കിലും…!!”

നിസ്സംഗതയോടെ ഞാൻ അമ്മയെ നോക്കി…

അതിന്റെ പൊരുളറിഞ്ഞതുകൊണ്ടാകണം അമ്പലനടയിൽ നിന്നും മുൻപേ നടന്നിരുന്ന അമ്മ പിന്തിരിഞ്ഞെന്നെ നോക്കി..

“മഹാഭാരത യുദ്ധത്തിൽ അർജുനന്റെ തേര് വലിച്ചതാരെന്ന് അറിയുമോ..? ദേ ആ ഇരിക്കുന്ന പുള്ളിയാണ്..”

പുറകിൽ അമ്പലനടയിലേക്ക് നോക്കികൊണ്ട് അമ്മ പറയുമ്പോൾ, ശ്രീകോവിലിനുള്ളിലെ കൃഷ്ണഭഗവാൻ എന്നെ നോക്കിയൊന്നു കണ്ണിറുക്കും പോലെ..

“അതേടാ.. എനിക്കുമുണ്ടായിരുന്നെടാ ഒരു സാരഥി വേഷം..!!!”

അത് ധർമ്മം ജയിക്കാൻ വേണ്ടിയായിരുന്നെങ്കിൽ, ഇത് ജീവിതം ജയിക്കാൻ വേണ്ടി…

അറിയാതെ മുഖത്തൊരു നേർത്ത പുഞ്ചിരി വിടർന്നു.. ആത്മവിശ്വാസത്തിന്റെ….

കൈപ്പിടിച്ചമ്മയെയും കൂട്ടി റിക്ഷയിലേറുമ്പോൾ, അമ്മയുടെ കണ്ണുകളിൽ അപ്പോഴും ഒരു സംശയം മാത്രം അവശേഷിച്ചു…

“അനിയൻകുട്ടന്റെ കല്ല്യാണം മുടക്കിയത്..??”

മറുപടിയെന്നോണം ഞാനൊരു പഴങ്കഥകെട്ടഴിച്ചു..

പത്താം തരത്തിൽ മൂന്നാമതും തോറ്റ് സ്കൂളിന്റെ ചരിത്ര താളുകളിൽ എന്റെ നാമം കല്ലിൽകൊത്തിവെച്ചുകൊണ്ട് ഞാൻ മുന്നേറുമ്പോൾ, നാലാം കൊല്ലത്തിൽ ആ പേര് തിരുത്തിയെഴുതിയത് അവളായിരുന്നു…

വിദ്യ പകർന്ന അദ്ധ്യാപകനുനേരെ അകാരണമായി പണത്തിന്റെ ഹുങ്കിൽ കൈയുയർത്തികൊണ്ട് ആ ബോംബെക്കാരൻ പ്രമാണിയുടെ മകൾ… കുമിഞ്ഞുകൂടിയ ആഡംബരത്തിൽ അവളുടെ കൈകൾ പിന്നെയും പിന്നെയും പലർക്കുംനേരെ ഉയർന്നുകൊണ്ടേയിരുന്നപ്പോഴാണ്, കുടുംബം അവളെ ബോംബെയിലേക്ക് പറിച്ചുനട്ടത്.. അവിടേയും അവൾ തിരഞ്ഞെടുത്തത് ആർഭാടമായ ജീവിതം മാത്രം…

കഥകേട്ടുകൊണ്ടിരുന്ന അമ്മ മൂക്കത്തുവിരൽവച്ചു…

തലേല് മുടിയില്ലേലും അവനൊരു നല്ല മനസുള്ളതല്ലേ.. അതിനൊത്ത പെൺകൊച്ചു മതിയെന്ന് പറഞ്ഞ് റിക്ഷ മുന്നോട്ടെടുക്കുമ്പോൾ, കണ്ണാടിയിൽ ഞാൻ കാണുന്നുണ്ടായിരുന്നു, ആത്മനിർവൃതിയോടെ എന്നെ നോക്കി മിഴിച്ചിരിക്കുന്ന അമ്മയെ….

അതും അച്ഛൻ പകർന്നുനൽകിയ പാഠമായിരുന്നു… രൂപംകൊണ്ടല്ല.. മനസ്സ്‌കൊണ്ടു വേണം മറ്റൊരാളെ അളക്കാനെന്ന്…

മുന്നോട്ടു നീങ്ങുന്ന റിക്ഷയിലേക്ക് നോക്കി അപ്പോഴും ആൽത്തറയിൽ നിന്നും ആരോ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു..

“മൂത്തോനിപ്പോഴും ഓട്ടർഷ്യാ ലെ ..”!!!