മറുപടിനൽകാതെ ഞാൻ പതിയെ തലകുനിച്ചെങ്കിലും പിന്നെയും പിന്നെയും അവർ ചോദിച്ചുകൊണ്ടേയിരുന്നു…

Story written by Saran Prakash

=====================

അന്നും ആ സായം സന്ധ്യയിൽ അകലെ ഇടവഴിക്കപ്പുറത്ത്, ഒരു റാന്തൽ വിളക്ക് തെളിഞ്ഞു…

പതിവുപോലെ ആ റാന്തലിനെ ലക്ഷ്യം വെച്ച് അച്ഛൻ പടിപ്പുരകടന്നകന്നു….ഉമ്മറത്തിണ്ണയിൽ അമ്മ നിർവികാരതയോടെ അകലങ്ങളിലേക്ക് നോക്കി കണ്ണീരൊഴുക്കി…

”അച്ഛൻ എങ്ട്ടാ അമ്മേ എന്നും പോണത്…??”

മറുപടി നൽകാതെ അമ്മയെന്നെ നെഞ്ചോരം ചേർക്കുമ്പോൾ… താളം തെറ്റിയ ആ നെഞ്ചിടിപ്പ് എന്റെ കാതിലെന്തോ പറയുവാൻ വെമ്പുന്ന പോലെ…

ആ കണ്ണുകളിൽനിന്നും ഒഴുകിവീണെന്റെ നെറുകയിൽ പതിക്കുന്ന കണ്ണുനീരിന് പൊള്ളുന്ന ചൂടുണ്ടായിരുന്നു…

കാലമൊരുപാടായി ആ കണ്ണുകളിൽ പുഞ്ചിരി വിടർന്നിട്ട്…

ഉമ്മറപ്പടിയിലെ ചിമ്മിനി വിളക്ക് ആടിയുലയുന്ന കാറ്റിനെ വെല്ലാൻ പാടുപെടുന്നുണ്ട്… അണഞ്ഞും തെളിഞ്ഞും അങ്ങനെ അങ്ങനെ…

അപ്പോഴും അങ്ങകലെ, റാന്തൽ കൂടുതൽ ശോഭിച്ചുകൊണ്ടേയിരുന്നു…

”ഇന്നും പോയല്ലേ…!!!”

അത്രനേരം അതിരിലെ ഓലകീറിനുള്ളിലൂടെ ഒളികണ്ണിട്ടിരുന്ന ദേവക്യേടത്തി, ആ നിമിഷം വേലിക്കുമുകളിലൂടെ തലയെത്തിച്ചു..

ദേവക്യേടത്തിക്കും മറുപടി നൽകാതെ അമ്മ മൗനം പാലിച്ചു..

”ദേവക്യേടത്തിക്കറിയോ അച്ഛൻ എങ്ട്ടാ പോണേന്ന്..??”

വ്യഗ്രതയോടെ ഞാൻ വേലിയരികിലെത്തി…

”നിന്റച്ഛനിഷ്ടം ഈ ചിമ്മിനി വിളക്കല്ല.. ആ റാന്തലാണ്…”

അത് പറയുമ്പോൾ ദേവക്യേടത്തിയുടെ കണ്ണുകൾ, ചിമ്മിനി വിളക്കിലേക്കായിരുന്നില്ല.. പകരം ഉമ്മറത്തിണ്ണയിൽ തലകുനിച്ചിരിക്കുന്ന അമ്മയിലേക്കായിരുന്നു…

ആ കണ്ണുകളിൽ ഒരു ചിരി ഒളിഞ്ഞിരിക്കുന്നുണ്ട്.. നീളൻ ചുണ്ടുകൾക്കിടയിലൂടെ മോണകാട്ടി പുറത്തുചാടാൻ അവ പരവേശംകൊള്ളുമ്പോഴൊക്കെയും, ദേവക്യേടത്തി കൈകൾകൊണ്ടവരെ അടിച്ചമർത്തികൊണ്ടേയിരുന്നു…

അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്… സഹതപിക്കുന്ന കൈകൾക്ക് പിന്നിൽ, ചിരിക്കുന്ന കണ്ണുകളുണ്ടേൽ അവരാണത്രേ യഥാർത്ഥ ശത്രുക്കളെന്ന്…

അങ്ങനെയെങ്കിൽ ദേവക്യേടത്തി ശത്രുവാണോ…!!!

ആ സംശയത്തിനുള്ള ഉത്തരമെന്നോണം ഉമ്മറത്തിണ്ണയിൽനിന്നും അമ്മ അലറി..

”കേറി പോകിനെടാ അകത്തേക്ക്…”

ദേവക്യേടത്തിയെ നോക്കി കലിപൂണ്ട അമ്മക്കൊപ്പം അകത്തളങ്ങളിലേക്ക് പാഞ്ഞോടുമ്പോൾ, ഉമ്മറത്തെ അച്ഛനിഷ്ടമില്ലാത്ത ചിമ്മിനി വിളക്ക് ഊതികെടുത്താൻ ഞാൻ മറന്നിരുന്നില്ല…

”ചിമ്മിനിയേക്കാൾ നല്ലതന്ന്യാ ആ റാന്തൽ… അതില് ദേവക്യേടത്തിയെ തെറ്റു പറയാനൊക്കൂല…”

അന്ന്, പള്ളിക്കൂടത്തീന്ന് വരുന്നവഴി ചങ്ങാതിയോട് എന്റെ സംശയങ്ങൾ പങ്കുവെക്കുമ്പോൾ അവനും ദേവക്യേടത്തിയെ ന്യായികരിച്ചു…

“നീ എങ്ങിന്യാ ആ റാന്തല് കണ്ടേ..??” ആകാംഷയോടെ ഞാനവനെ മിഴിച്ചുനോക്കി..

”ഒരീസം ഇരുട്ടേറിട്ടും അച്ഛനെ കാണാതെ, അമ്മക്കൊപ്പം തിരഞ്ഞ് നടന്നപ്പോൾ കണ്ടുകിട്ടീത് അവിടന്നാ.. ആ റാന്തലുള്ള വീട്ടീന്ന്… അന്നും കൂടെ വന്നോര് പറയണത് കേട്ടു.. അച്ഛനും റാന്തലിനെ ഭേഷാ ബോധിച്ചിട്ടുണ്ടന്ന്… പക്ഷേ എന്താന്നറിയില്ല…അന്നും നിന്റമ്മയെ പോലെ എന്റമ്മക്കും കലി തന്നെയായിരുന്നു…”

ചുറ്റിലേക്കും കണ്ണോടിച്ചുകൊണ്ട്, അവൻ ഒന്നുകൂടി എനിക്കൊപ്പം ചേർന്നെന്റെ കാതിലേക്ക് എത്തിപ്പിടിച്ചു…

”ആരോടും പറയരുത്… അന്ന് രാത്രി എന്റമ്മ കലി തീർത്തത് അച്ഛന്റെ മുതുകിനിട്ടായിരുന്നു…”

ഓർത്തെടുത്ത ആ നിമിഷങ്ങളെ ആസ്വദിച്ച്, അവൻ ആവോളം ചിരിച്ചു.. അപ്പോഴും എന്നിൽ സംശയങ്ങൾ ഏറിക്കൊണ്ടേയിരുന്നു…

”അപ്പൊ ആ റാന്തല് മോഹിക്കണത് അത്രേം വല്ല്യേ തെറ്റാണോ…??”

”ഇക്ക്യറീല.. അതിൽപിന്നെ അച്ഛന് ചിമ്മിനി വിളക്ക് കാണുന്നതുപോലും പേടിയായിരുന്നു….”

അവൻ പിന്നെയും പിന്നെയും ചിരിച്ചു… ആ ചിരി മുഴക്കം പാടവരമ്പിലൂടെ ദൂരെക്കകന്നുപോയി…

സംശയങ്ങളും ആകാംക്ഷകളും ഉള്ളിൽ തികട്ടികൊണ്ടേയിരുന്നു… ഒപ്പം ആ റാന്തല് കാണാനുള്ള അതിയായ മോഹവും…

പാടവരമ്പത്തുനിന്നും ഇടവഴിയേറുമ്പോൾ, ആ വള്ളിപ്പടർപ്പുള്ള വേലിയരികിൽനിന്നും പലയാവർത്തി തലയുയർത്തി നോക്കിയെങ്കിലും റാന്തല് കാണാനായില്ല…

പക്ഷേ അരികിലെ തെങ്ങിൽനിന്നും കള്ള് ചെത്തിയിരുന്ന വാസുവേട്ടൻ എന്നെ ശരിക്കും കാണുന്നുണ്ടായിരുന്നെന്നറിഞ്ഞത് ആ ആക്രോശം കാതിൽ പതിച്ചപ്പോഴാണ്…

”മൊട്ടേന്നു വിരിഞ്ഞില്ല… ചെക്കന്റെ പൂതി നോക്ക്യേ…”

ആ വാക്കുകളുടെ പൊരുളറിയാതെ മിഴിച്ചു നിൽക്കുമ്പോൾ, ചെത്തിയെടുത്ത കള്ളുമായി താഴെയിറങ്ങിയ വാസുവേട്ടൻ പിന്നേയും ഒന്നുകൂടി പറഞ്ഞു…

”ആശ്ചര്യപ്പെടാനില്ല… അച്ഛന്റെയല്ലേ മോൻ…!!!”

മുഖത്തേറിയ പുച്ഛവുമായി സൈക്കിളെടുത്ത് വാസുവേട്ടൻ ദൂരേക്കകന്നു…

ദേവക്യേടത്തിയുടെ പരിഹാസത്തിനും, ചങ്ങാതിയുടെ പഴങ്കഥകൾക്കും കൂട്ടായ് ഇപ്പോൾ വാസുവേട്ടന്റെ പുച്ഛവും…

കാടുകയറിയ ആ ചിന്തകളിൽ മുഴുകിയിരിക്കുമ്പോഴായിരുന്നു, വള്ളിപ്പടർപ്പുകൾക്കകലെനിന്നും ഒരു പെൺ ശബ്ദമുയർന്നത്…

”ആരാത്…??”

അമ്മയെപ്പോലെ മുണ്ടും നേര്യതുമുടുത്തൊരു പെണ്ണ്… അവരുടെ കൈകളിൽ ഒരു തിരിനാളം ചില്ലുകൂട്ടിലെന്നപോലെ…. ഉമ്മറത്തെ കഴുക്കോലിൽ കയ്യെത്തിച്ചു തൂക്കിയിട്ട ആ തിരിനാളത്തിന്, ഇന്നലെവരെക്കണ്ട റാന്തലിന്റെ ശോഭയുണ്ടായിരുന്നു…

”ഇതാണോ റാന്തല്…??”

ആ തിരിനാളത്തിലേക്ക് കണ്ണുമിഴിച്ച്, ഞാൻ അകത്തേക്ക് നടന്നുകയറി…

പിന്നാമ്പുറത്ത് കരിയിലക്കൂട്ടങ്ങളിൽ ആരുടെയോ കാലനക്കം മുഴങ്ങിക്കേട്ടു.. മുണ്ടുമടക്കികുത്തി, വേലിയരികിലേക്ക് പാഞ്ഞോടുന്ന ദേവക്യേടത്തിയുടെ നായര്…

അപ്പൊ കുമാരേട്ടനും റാന്തല് തന്ന്യാ ഇഷ്ടം…!!!! മനസ്സ് മന്ത്രിച്ചു…

അല്ലേലും ആർക്കാ ഇഷ്‌ടാവാതിരിക്ക്യാ… അത്രക്ക് ചന്തല്ലേ….!!!

വള്ളിപ്പടർപ്പുകൾക്കിടയിലെ വള്ളികുടിലിൽ വിരിഞ്ഞുനിൽക്കുന്ന ചുവന്നചെമ്പകം പോലെ തലങ്ങും വിലങ്ങും തങ്കം പൂശിയ തകിടുകൾക്ക് ഇടയിലായി ചില്ലുകൂടിനുള്ളിൽ ശോഭിക്കുന്ന ഒരു തിരി നാളം… ആ റാന്തല്….

പറഞ്ഞുകേട്ട കഥകളത്രയും ശരിവെക്കും പോലെ മോഹങ്ങൾക്കതീതമായി ആ തിരിനാളം ശോഭിച്ചുകൊണ്ടേയിരുന്നു..

”റാന്തല് വേണോ..?” എന്റെ കണ്ണിലെ മോഹമറിഞ്ഞാകണം, അപ്രതീക്ഷിതമായി പുഞ്ചിരിയോടെ അവർ ചോദിച്ചു…

”ഉം.. വേണം…” ഞാൻ ആവേശത്തോടെ തലയാട്ടി…

”ഇതെന്റെ വഴികാട്ടിയാണ്… പകരമെന്ത് തരും..??”

അവർ എനിക്കുമുന്പിലായി ഉമ്മറപ്പടിയിൽ ഇടംപിടിച്ചു…

”ന്റേല് ഒരു ചിമ്മിനിയുണ്ട്… അത് തരാം…”

റാന്തലുകിട്ടുമെന്ന പ്രതീക്ഷയിൽ ആവേശമേറിക്കൊണ്ടിരിക്കുമ്പോൾ, എന്റെ മറുപടിയിൽ അവർ ചിരിച്ചു.. മതിവരുവോളം…

പിന്നെ പതിയെ എന്റെ നെറുകയിൽ തലോടി…

”ന്താ.. റാന്തലിനോടിത്ര മോഹം..???”

മറുപടിനൽകാതെ ഞാൻ പതിയെ തലകുനിച്ചെങ്കിലും പിന്നെയും പിന്നെയും അവർ ചോദിച്ചുകൊണ്ടേയിരുന്നു…

”എല്ലാരും പറയണത് ന്റെ അച്ഛന് ഈ റാന്തലിന്റെ വെളിച്ചാത്രേ ഇഷ്ടം.. വീട്ടിലെ ചിമ്മിനി ഒട്ടും പിടിക്കില്ല്യാ… അതല്ലേ എന്നും ഇങ്ങോട്ട് വരണത്…”

എന്റെ മറുപടിയിൽ അത്രനേരം പുഞ്ചിരിച്ചിരുന്ന അവരുടെ മുഖത്തൊരു നിസ്സംഗത നിഴലിച്ചു.. തലോടിയിരുന്ന അവരുടെ നേർത്ത കൈകൾ വിറയൽകൊണ്ടു….

”അച്ഛൻ പോണത് കാണുമ്പോ അമ്മയെന്നും കരയും… ഇത് കിട്ട്യാൽ അച്ഛൻ എങ്ട്ടും പോവേല്ല്യ.. ഇക്ക്യമ്മേടെ കരച്ചിലും നിർത്താം… അമ്മേടെ കണ്ണുനിറയുന്നത് ഇക്ക്യൊട്ടും സഹിക്കില്ല…”

പ്രതീക്ഷകളോടെ ഞാൻ അവരുടെ മുഖത്തേക്ക് നോക്കുമ്പോൾ, ആ ചുണ്ടുകളിൽ വിടർന്ന പുഞ്ചിരിക്കൊപ്പം കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടുകേറുന്നുണ്ട്…. ആ കണ്ണുനീർ വീണുടയാതിരിക്കാൻ അവർ കിനിഞ്ഞുശ്രമിക്കുന്നുണ്ട്… എന്റെ സ്വപ്നങ്ങൾ സഫലമാക്കാൻ ഒരുങ്ങുന്നതുപോലെ….

അമ്മ പറഞ്ഞിട്ടുണ്ട്, നമ്മുടെ സ്വപ്നങ്ങള് പങ്കിടുമ്പോൾ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിക്കുന്നവരാണെങ്കിൽ അവർ നമ്മുടെ ആ സ്വപ്നങ്ങള് നേടിയെടുക്കാൻ കൂടെനിൽക്കുംത്രേ..

ഉത്തരത്തിൽനിന്നും കയ്യെത്തിച്ചവർ ആ റാന്തലെടുത്തു..

പ്രതീക്ഷയോടെ ആ റാന്തലിനുവേണ്ടി ഞാൻ കൈനീട്ടിയെങ്കിലും, അതേ നിറഞ്ഞ കണ്ണുകളോടെ, അതേ പുഞ്ചിരിക്കുന്ന മുഖത്തോടെ, അവർ തരില്ലെന്ന അർത്ഥത്തോടെ തലയാട്ടി…

അപ്പോൾ, അമ്മ പറഞ്ഞത്രയും കളവായിരുന്നുവോ…!!!

സ്വപ്‌നങ്ങൾ വീണുടഞ്ഞന്നേരം കണ്ണുകളിൽ നേർത്ത കണ്ണുനീർ തുള്ളികൾ തളംകെട്ടി.. അതുകണ്ടിട്ടാകണം അവരെന്നെ ചേർത്തുപിടിച്ചു…

”താളം തെറ്റിയൊരു കാറ്റുമതി കൊളുത്തുപൊട്ടിവീണ്‌ ഈ റാന്തലിന്റെ ചില്ലുകൾ തകർന്നിടിയാൻ.. പക്ഷേ ആ ചിമ്മിനി,, ജീവിതാവസാനം വരെ കൂടെയുണ്ടാകും.. വെളിച്ചം പകരാൻ…”

അടർന്നുവീണ കണ്ണുനീർ തുള്ളികളെ ആ നേർത്ത കവിൾ തടങ്ങളിൽനിന്നും തുടച്ചുനീക്കുമ്പോഴും, അവർ പുഞ്ചിരിക്കുന്നുണ്ടായിരുന്നു…

ആ വാക്കുകളുടെ പൊരുളറിയാൻ പള്ളിക്കൂടത്തിലെ പുസ്തകങ്ങളിലെ അറിവ് മാത്രം മതിയായിരുന്നില്ല… എങ്കിലും, എന്നെ ചേർത്തുനിർത്തി ചുംബിച്ചുകൊണ്ടവർ ഒടുവിൽ പറഞ്ഞത് മാത്രം എന്റെ കാതിൽമുഴങ്ങിക്കൊണ്ടേയിരുന്നു…

ഇന്നുമുതൽ അമ്മയുടെ കണ്ണുകൾ നിറയില്ലെന്ന്…. ഇരുട്ടിലേക്ക് അച്ഛനിറങ്ങി പോകില്ലെന്ന്… ആ റാന്തൽ ഇനിയൊരിക്കലും തെളിയില്ലെന്ന്…

അവരുടെ മുഖത്തെ പുഞ്ചിരി നിലച്ചെങ്കിലും ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിവീണ് നിലംപതിച്ചു.. അതുകണ്ടിട്ടാകാം എന്റെ കണ്ണുകളും നിറയുന്നുണ്ട്…

ആ വള്ളിപ്പടർപ്പിന്റെ പടിവിട്ടകലുമ്പോഴും, റാന്തലിലേക്ക് നോക്കി അവർ അപ്പോഴും കണ്ണീരൊഴുക്കികൊണ്ടിരുന്നു…

എന്തിനെന്നറിയാതെ എന്റെ കണ്ണുകളും…

അന്നും ഉമ്മറത്തിണ്ണയിൽ അകലങ്ങളിലേക്ക് നോക്കി അച്ഛനിരിപ്പുറപ്പിച്ചു.. ഉമ്മറപ്പടിയിൽ ചിമ്മിനിവെട്ടത്തിനരികിൽ അമ്മയും… വീശിയടിക്കുന്ന കാറ്റിൽ കെട്ടുപോകുന്ന ചിമ്മിനിയെ അമ്മ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരുന്നു… അച്ഛന്റെ മനസ്സ് മാറ്റാനെന്ന പോലെ…

വേലിയരികിൽ ഒളികണ്ണിട്ടുകൊണ്ട് ദേവക്യേടത്തിയുണ്ട്… പടിയിറങ്ങിപോകുന്ന അച്ഛനെ നോക്കി പരിഹാസം പുലമ്പാൻ…

പക്ഷേ അന്ന്, അവർ പറഞ്ഞതുപോലെ അകലങ്ങളിൽ ആ റാന്തൽ തെളിഞ്ഞില്ല.. ഒരുപക്ഷേ, വീശിയടിച്ച കാറ്റിൽ നിലതെറ്റി വീണുകാണുമോ…!!!!

എങ്കിലും ആ വാക്കുപോലെ, അന്ന് അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞില്ല.. ചിമ്മിനിയുടെ ഇത്തിരി വെട്ടത്തിൽ, പുറത്തിറങ്ങാതെ അച്ഛൻ ചാരുകസേരയിൽ മലർന്നുകിടന്നു..

അവരെന്റെ സ്വപ്ങ്ങൾക്ക് പറഞ്ഞപടി നിറം പകർന്നിരിക്കുന്നു..!!!

എങ്കിലും ഒരു സംശയം മാത്രം എന്നിൽ അവശേഷിച്ചു…. ഒഴുകിവീണ അവരുടെ കണ്ണുനീർ..???

ഇടവഴിക്കപ്പുറത്ത് ആളുകളോടിക്കൂടുന്നുണ്ട്… അവരിലാരോ വിളിച്ചു കൂവുന്നുത് എനിക്കിപ്പോൾ കേൾക്കാം..

തിരിയില്ലാത്തൊരു റാന്തൽ, ആ വള്ളികുടിലിന്റെ കഴുക്കോലിൽ തൂങ്ങിയാടുന്നെന്ന്…