മെസ്സേജ് അവള് കണ്ടിട്ടും മറുപടി തന്നില്ല..അതിൽ നിന്നും മനസ്സിലാക്കാം പിണക്കമാണെന്ന്..

Story written by Jishnu Ramesan

===================

രാവിലെ തന്നെ അമ്മയോടും വേണിയോടും വഴക്കിട്ടാണ് വീട്ടിൽ നിന്നിറങ്ങിയത്..ഒരു പ്രസ്സിലാണ് എന്റെ ജോലി..അച്ഛന്റെ പാരമ്പര്യ സ്വത്ത് വേണ്ടുവോളം ഉണ്ട്..എന്നാലും ജോലി എനിക്ക് നിർബന്ധമായിരുന്നു..

പത്തിരുപത്തെട്ട്‌ വയസ്സായി എന്നും പറഞ്ഞ് തേടി പിടിച്ച് ഒരു പെണ്ണിനെ കെട്ടി..കുറച്ച് കുറുമ്പും വാശിയും ഉണ്ടെന്നൊഴിച്ചാൽ ഒരു പാവം കുട്ടിയാ..കല്യാണം കഴിഞ്ഞ് എട്ട് വർഷം തികയാൻ പോകുന്നു, ഇന്നേവരെ ഞങ്ങൾക്ക് താലോലിക്കാൻ ഒരു കുഞ്ഞിനെ ദൈവം തരുന്നില്ല..

“പതിനഞ്ചു വർഷം വരെ കാത്തിരുന്നിട്ട്‌ കുട്ടികൾ ഉണ്ടായവർ ഉണ്ട്.നിങൾ ടെൻഷൻ അടിക്കേണ്ട..!” എന്ന ബന്ധുക്കളുടെയും മറ്റും കമന്റ് കേൾക്കാറുണ്ട്..ശരിയാണെന്ന് ഞാനും മനസ്സുകൊണ്ട് സമാധാനിച്ചു..

എന്നും ഇപ്പൊ വീട്ടിൽ ഓരോന്ന് പറഞ്ഞ് വഴക്കാണ്..ചിലപ്പോ അമ്മയുമായി അല്ലെങ്കിൽ എന്റെ പെണ്ണ് വേണിയുമായി..ഇന്ന് രാവിലെ അവളുമായി ഓരോന്ന് പറഞ്ഞ് വഴക്കായി..അവളെ സപ്പോർട്ട് ചെയ്തു സംസാരിക്കാൻ വന്ന അമ്മയോടും വഴക്കിട്ടു..എന്റെ മോശം സമയം അല്ലാതെന്താ..!

പ്രസ്സിൽ ഇരിക്കുമ്പോ മനസ്സ് അസ്വസ്ഥമായിരുന്നു..ഉച്ചക്ക് ഒന്നും കഴിച്ചില്ല, വീട്ടിൽ അവരോട് വഴക്കിട്ട് പോന്നത് കൊണ്ട് മനസിനൊക്കെ വല്ലാത്ത വിഷമം.. വേണി ആണെങ്കിൽ ചെറുത് മതി കരയാൻ…ഞാൻ അവിടുന്ന് ഇറങ്ങുമ്പോ കരഞ്ഞു കൊണ്ടിരിക്കുന്നുണ്ട്..അമ്മ എന്നെ എന്തൊക്കെയോ ചീത്ത പറയുന്നുണ്ടായിരുന്നു..

അതൊക്കെ ആലോചിച്ച് ഇരിക്കുമ്പോഴാണ് ബാലൻ ചേട്ടൻ വന്നിട്ട് പറഞ്ഞത്, “വിഷ്ണു നാളെ ഉച്ചക്ക് പഞ്ചായത്തിന്റെ നോട്ടീസ് അടിച്ചു കൊടുക്കണം..രാവിലെ അടിക്കാൻ ഇട്ടിട്ടുണ്ട് നീ ഇന്ന് കുറച്ച് നേരം കൂടുതൽ ഇവിടെ ഇരിക്കാൻ പറ്റുമോ..?നാളെ നോട്ടീസ് കൊടുക്കണം.. എനിക്ക് മോളെ കൊണ്ട് ഹോസ്പിറ്റലിൽ പോകണം, അതാ മോനെ അല്ലെങ്കിൽ ഞാൻ ഇരുന്നേനെ…!”

ഓ അതിനെന്താ ചേട്ടാ ഞാൻ ഇരിക്കാം..ചേട്ടൻ പോക്കോ..!

“ഇന്ന് രാത്രി വരാൻ വൈകും ” എന്ന് വീട്ടിൽ വിളിച്ചു പറയണം എന്നുണ്ട്..രാവിലെ അത്രയും വഴക്ക് കൂടിയിട്ട്‌ എങ്ങനെ വിളിക്കും..

അവസാനം വേണിയുടെ ഫോണിലേക്ക് “ഞാൻ വരാൻ വൈകും” എന്നൊരു വാട്ട്സ്ആപ് മെസ്സേജ് അയച്ചിട്ടു..മെസ്സേജ് അവള് കണ്ടിട്ടും മറുപടി തന്നില്ല..അതിൽ നിന്നും മനസ്സിലാക്കാം പിണക്കമാണെന്ന്..

നോട്ടീസ് അടിച്ചു കഴിയാറായപ്പോ ഞാൻ പുറത്തിറങ്ങി ഒരു ദോശ കഴിച്ചു.. “ഹൊ സമയം പതിനൊന്നര കഴിഞ്ഞു, ഒടുക്കത്തെ മഴയും ഇനി നാളെ രാവിലെ പോകാം..ഇന്ന് പ്രസ്സിൽ കിടക്കാം.” എന്ന് വിചാരിച്ച് അവിടെ തന്നെ കൂടി..

ഒരു പന്ത്രണ്ടര കഴിഞ്ഞപ്പോ അളിയന്റെ കോൾ.. “വിഷ്ണു നീ എവിടെയാ ഇത്..?”

അളിയാ ഞാൻ പ്രസ്സിലാ..കുറച്ച് പണി ഉണ്ടായിരുന്നു..അല്ല എന്താ ഇൗ സമയത്ത്..!

“നീ പെട്ടന്ന് തന്നെ വീട്ടിലേക്ക് വാ വിഷ്ണു..പെട്ടന്ന് വരണം..”

അത് കേട്ടതും എന്റെ നെഞ്ചില് പെരുമ്പറ മുഴങ്ങി.. ആ മഴയത്തും വിയർത്തു കുളിച്ചു.. അളിയന് മറുപടി പറയാതെ ഫോൺ കട്ട് ചെയ്ത് ബാഗ് പോലും എടുക്കാതെ ആ മഴയത്ത് തന്നെ ഒരു ഓട്ടോ പിടിച്ച് ഞാൻ വീട്ടിലേക്ക് തിരിച്ചു..ബൈക്ക് ഉണ്ടായിട്ട് പോലും ശരീരം വിറയ്ക്കുന്നത് കൊണ്ട് തന്നെയാണ് ഓട്ടോ പിടിച്ചത്..

“ശേ കോ പ്പ് ഈ സമയത്ത് തന്നെ റെയ്ൽവേ ഗേറ്റ് അടച്ചു..”എന്റെ ഉള്ളിൽ പല ചിന്തകളും കടന്നു വന്നു..അമ്മയോടും വേണിയോടും മനസ്സുകൊണ്ട് കരഞ്ഞു മാപ്പ് പറഞ്ഞു..ആ സമയം ഞാൻ വേണിയെ വിളിച്ചു..ഇല്ല, അവള് ഫോൺ എടുക്കുന്നില്ല..

ഗേറ്റ് തുറന്നതും ഞാൻ ഒട്ടോകാരനോട് പെട്ടന്ന് പോകാൻ ആവശ്യപ്പെട്ടു..പോകുന്ന വഴി അളിയനെ ഒരു നൂറു പ്രാവശ്യം വിളിച്ചു, എടുത്തില്ല..

വീട്ടിലേക്ക് അടുക്കും തോറും നെഞ്ചിലെ ഇടിപ്പ്‌ കൂടി കൂടി വന്നു..ദൂരെ നിന്നേ ഞാൻ കണ്ടു, ഉമ്മറത്ത് ആളുകൾ… വീട്ടു മുറ്റത്ത് എത്തിയതും ഒട്ടോകാരന് പൈസ പോലും കൊടുക്കാതെ ഞാൻ വീട്ടിലേക്ക് കയറി..

ഉമ്മറത്ത് അച്ഛനും അളിയനും അളിയന്റെ വീട്ടുകാരും പിന്നെ അയൽവക്കത്തുള്ള അടുത്ത പരിചയക്കാരും ഉണ്ട്..വാതിൽ അടച്ചിരിക്കുന്നു..അച്ഛൻ എൻ്റെ മുഖത്ത് നോക്കുന്നില്ല..ചോദിച്ചിട്ട് ആരുമൊന്നും പറയുന്നില്ല..വാതിൽ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങിയ എന്നെ അളിയൻ തടഞ്ഞു..

“വിഷ്ണു നീ ഇപ്പോ അകത്തേക്ക് പോവണ്ട..പറയുന്നത് കേൾക്കടാ..”

എന്റെ കണ്ണൊക്കെ നിറഞ്ഞു..അളിയനെ തട്ടി മാറ്റിക്കൊണ്ട് ഞാൻ വാതിൽ ശക്തിയായി തള്ളി തുറന്ന് അകത്തു കയറിയതും ലൈറ്റ് ഓൺ ആയതും ഒരുമിച്ചായിരുന്നു…

പെടുന്നനെ പെങ്ങള് “ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി ചേട്ടാ ആൻഡ് ചേച്ചീ..” എന്നും പറഞ്ഞ് അവളുടെ കയ്യിലിരുന്ന പൂക്കളോ മത്താപ്പോ അങ്ങനെ എന്തോ ഒരു സാധനം പൊട്ടിച്ചു..

ഞാൻ നോക്കുമ്പോ മേശപ്പുറത്ത് വലിയൊരു കേക്കും മിഠായിയും പിന്നെ കുറെ അലങ്കാരങ്ങളും ഒക്കെയുണ്ട്…അതിനടുത്ത് അമ്മയും വേണിയും നിൽക്കുന്നത് കണ്ടപ്പോ കാര്യം മനസ്സിലായി..അത്രയും നേരത്തെ പേടിയും ടെൻഷനും പെങ്ങളുടെ ഒരൊറ്റ ബഹളത്തിൽ അവസാനിച്ചു..എന്റെ മുഖത്തൊരു പുഞ്ചിരി വന്നു..

അപ്പോഴേക്കും അളിയനും അച്ഛനും കൂടി ചിരിച്ചു കൊണ്ട് കയറി വന്നു..പിന്നെ അവളും ഞാനും കൂടി ഒന്നിച്ച് കേക്ക് മുറിച്ചു.. അപ്പോഴും നെഞ്ചിലെ ഇടിപ്പ്‌ പോയിട്ടില്ലായിരുന്നു…കേക്ക് ഒരു കഷ്ണം അവൾക്ക് കൊടുത്തു..അവളത് തടഞ്ഞു കൊണ്ട് പറഞ്ഞു,

“ആദ്യം അമ്മയ്ക്ക് കൊടുക്ക് ദുഷ്ടാ, രാവിലെ എന്നെ മാത്രമല്ല ആ പാവം അമ്മയെ കൂടി കരയിച്ചിട്ടാ പോയത്…!”

പാവം എന്റെ അമ്മയ്ക്ക് കേക്ക് വായിൽ വെച്ച് കൊടുത്തിട്ട് കെട്ടിപിടിച്ചു കൊണ്ട് “അമ്മേ എന്നോട് ക്ഷമിക്കണെ..” എന്ന് പറഞ്ഞു..പാവത്തിന്റെ കണ്ണ് നിറഞ്ഞു..എന്നിട്ട് വേണിയെ നോക്കിയൊന്ന് ചിരിച്ചു..

എല്ലാം കഴിഞ്ഞ് അമ്മ വേറൊരു കാര്യം കൂടി എന്നോട് പറഞ്ഞു,

“എന്റെ വിഷ്ണു നീ ഇവിടുന്ന് വഴക്കിട്ട് രാവിലെ പോയപ്പോ തുടങ്ങിയതാ വേണി മോള് കരയാൻ..ഉച്ചക്ക് ഒന്നും കഴിച്ചില്ല, പിന്നെ ഉമ്മറത്ത് തല ചുറ്റി വീണു..അങ്ങനെ അച്ഛനും ഞാനും കൂടി ഹോസ്പിറ്റലിൽ കൊണ്ടു പോയി..ഡോക്ടർ പറഞ്ഞത് എന്താണെന്ന് അറിയോ, ഞങ്ങളൊരു മുത്തശ്ശനും മുത്തശ്ശിയും ആവാൻ പോകുന്നു എന്ന്..പിന്നെ വരുന്ന വഴിക്കാണ് വേണി മോള് പറഞ്ഞത് ഇന്ന് വിവാഹവാർഷികം ആണെന്ന്.. അപ്പൊ പിന്നെ എല്ലാ സന്തോഷവും ഒരുമിച്ച് ആഘോഷിക്കാം എന്ന് കരുതി..കൂട്ടത്തിൽ നിന്റെ അഹങ്കാരവും ഒന്ന് മാറ്റാമെന്ന് വിചാരിച്ചു..”

എന്റെ ദേവീ എനിക്കത് കേട്ടതും എന്താ പറയാ, പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷമായിരുന്നു…എല്ലാരുടെയും മുന്നിൽ വെച്ച് അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കണം എന്നുണ്ടായിരുന്നു..

ഭക്ഷണമൊക്കെ കഴിച്ച് എല്ലാരും പിരിഞ്ഞു.. മുറിയിലെത്തി ഞാൻ വേണിയുടെ ചെവിയിലായി പറഞ്ഞു, “വേണിക്കുട്ടി സോറി ഡാ, ഇത്രയും വർഷം കാത്തിരുന്നിട്ട്‌ നമുക്ക് ഇന്നെങ്കിലും ഈ ഒരു ഭാഗ്യം ഉണ്ടായല്ലോ..; ഞാൻ ദേഷ്യം വന്നപ്പോ വഴക്കിട്ടതല്ലെ, സോറി വേണി..”

ഒന്ന് ചിരിച്ചിട്ട് അവള് പറഞ്ഞു, “ഇനി എന്നോട് വെറുതെ ദേഷ്യം കാണിക്കോ, എന്നോട് മാത്രമല്ല ആ പാവം അമ്മയോടും..!”

അയ്യോ ഇല്ലെന്‍റെ സുന്ദരീ..

അത് കേട്ടതും അവളൊരു ചിരിയായിരുന്നു.. എല്ലാമുണ്ടായിരുന്നു അവളുടെ ആ നുണക്കുഴി ചിരിയിൽ…

~ജിഷ്ണു രമേശൻ