ഞാനും ഭർത്താവും രാവിലെ വീട് പൂട്ടി ജോലി സ്ഥലത്ത് പോയിക്കഴിഞ്ഞാൽ വൈകീട്ട് തിരിച്ചെത്തുന്നതുവരെ വീടടഞ്ഞു കിടക്കും

Story written by Sujatha A

================

ജലജ ചേച്ചിയേയ്ക്കൊരു അടിപ്പാവാട തര്വോ? ണ്ടെച്ചാ രണ്ട് പഴേ ജെ ട്ടീം, പിന്നെ….

എന്തോ വേണ്ടാതീനം ചോദിച്ചെന്ന മട്ടിൽ ജാള്യതയും ലജ്ജയും കലർന്ന ഭാവത്തിൽ എൻ്റെ മുമ്പിൽ നിൽക്കുകയാണ് ജലജ. സാരിത്തലപ്പ് കൈയിൽ ചുരുട്ടിപ്പിടിച്ച് വായുംപ്പൊത്തിയാണ് നിൽപ്പ്.

ഉടുത്ത സാരി മുട്ടിന് കീഴ്പോട്ട് ഒട്ടിക്കിടന്നത് ചൂണ്ടിക്കാട്ടി തുടർന്നു….

“ണ്ടച്ചാലേ ഒരടിപ്പാവാട തായോ മാളേ, ദിൻ്റെ അടീല് ടാ നാ ” മുഖത്ത് പിന്നേം ജാള്യം.

ഒരു ത്രിസന്ധ്യക്ക് തലയും കൂമ്പിട്ട് അക്ഷരങ്ങൾ മാഞ്ഞ ഏതോ തുണിക്കടയുടെ ചെളി പിടിച്ചൊരു  പ്ലാസ്റ്റിക് കവറും തൂക്കി കൂനിപിടിച്ചൊരു സ്ത്രീ രൂപം വീട്ടുമുറ്റത്ത് നിൽക്കുന്നത് കണ്ടിട്ട് ഇറങ്ങിച്ചെന്നതാണു ഞാൻ. കാഴ്ചയിൽ ഒരു സാധു സ്ത്രീ. എന്തെങ്കിലും സഹായത്തിനാകുമെന്ന ധാരണയിൽ ഞാൻ പത്ത് രൂപ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്നു

“തിന് മുമ്പ് ഇവ്ടെന്നും കണ്ടിട്ടില്ലല്ലോ ങ്ങളെ”

“ഞാൻ ജലജേണ്. മ്പ്ടെ അടുത്താ താമസിക്കണത് . ങ്ങട് ഞാം വരാറ്ണ്ട്. ബ്ടെ ആരും ണ്ടാവാറില്ല്യ. അതോണ്ടാ കാണാത്തെ.”

ആവാം. ഞാനും ഭർത്താവും രാവിലെ വീട് പൂട്ടി ജോലി സ്ഥലത്ത് പോയിക്കഴിഞ്ഞാൽ വൈകീട്ട് തിരിച്ചെത്തുന്നതുവരെ വീടടഞ്ഞു കിടക്കും

സാരീ, മാക്സി തുടങ്ങിയ മേൽവസ്ത്രങ്ങൾ ചോദിച്ച് ഇടക്കിടെ സ്ത്രീകൾ വീട്ടിൽ വരാറുണ്ട്. ഇതിപ്പോ ആദ്യായിട്ടാണ് ജ ട്ടീം, ബ്രാ യും അന്വേഷിച്ച് വരണത്.

“മാളേ ത്തിരി കനള്ള പഴ്യ സോഫടെ കവറോ, കർട്ടൻതുണ്യോ, നൈറ്റിയോ, പഴ്യ സാര്യോ എന്താച്ചാലും തായോ. മഴ്യല്ലേ വരണ് “

എൻ്റെ കല്ല് പോലുള്ള നോട്ടം കണ്ടാവാം തെല്ല് മടിച്ച് പിന്നേം തുടർന്നു.

“സോഫാ കവറേ കിടക്കേല് വിരിക്കാനാ മാളേ ” അത് പറഞ്ഞവർ നിഷ്കളങ്കമായി ചിരിച്ചു.

അപ്പോൾ ചുണ്ടിൽ വെച്ച കൈത്തലത്തിൽ നിന്ന് സാരി  താഴെക്ക് ഊർന്ന് വീണു. വലത്തേ കൈയിലണിഞ്ഞ കറുത്ത ചരട് താഴേക്ക് അയഞ്ഞ് തുങ്ങിക്കിടന്നു. മുന്നിൽ മുകൾനിരയിലെ പൊഴിഞ്ഞ പല്ലുകളുടെ വിടവിലൂടെ നാവ് വെളിവാക്കപ്പെട്ടു.

“ജലജടെ വീട്ടിലാരൂല്യേ വേറെ ” എൻ്റെ ഉള്ളിൽ അവരോടുള്ള അനുതാപം നിറഞ്ഞു

“ഒരാങ്ങളേണ്ട് മാളേ, ചെലപ്പോ പണിക്ക് പോകും ട്ടോ. പോണ ദിവസം എന്തേലൊക്കെ  കൊണ്ടന്ന് തരും”

പിന്നേം തത്തി തത്തി നിൽക്കുകയാണ് മുറ്റത്തവർ. വിടാൻള്ള മട്ടില്ല. അകത്തു നിന്ന് മകളുടെ കടുത്ത സ്വരം കേൾക്കാം.

“ദ് പ്പാരാ പുതീത്. ബ്ടെന്നൂല്യാന്ന് പറയാണ്ടെ കിണ്ങ്ങാൻ നിക്കാ അമ്മ”

“തുണ്യോള് കൊടുത്ത് കൊടുത്ത് അലമാറേല് ഒന്നും ല്ല്യാണ്ടായി. ” എന്നിട്ടും കഴുകി മടക്കിവെച്ച സോഫക്കവർ കുട്ടികൾ കാണാതെ കൊടുമ്പോൾ പറഞ്ഞു.

“അടുത്ത തവണ വരുമ്പഴക്കും എന്തെങ്കിലും എടുത്ത് വെക്കാം. പ്പോ ദ് കൊണ്ടോക്കോ ട്ടോ”

“ശരി, മാളേ “

അവര് പോകാതെ പിന്നേം വീട്ടുമുറ്റത്ത് ചുറ്റിപ്പറ്റി നിൽക്കുകയാണ്.

“ത്തിരി അരീം മുളകും, ചായപ്പൊടീം താ മാളേ ” അതും ചോദിച്ച അവർ കൈയിലിരുന്ന സഞ്ചി നിവർത്തി കാണിച്ചു.

അരമുറി നാളികേരം, പകുതി മുറിച്ച പച്ചക്കറികൾ, പല വ്യഞ്ജനങ്ങൾ ഒക്കെ കുഞ്ഞു പൊതികളിലാക്കിയതുകൊണ്ട് സഞ്ചി നിറഞ്ഞിരിക്കുന്നു.

പിന്നേം അവർ പലതവണ വന്നു…

ഒരു ദിവസം ചോദിച്ചു: “എന്തെങ്കിലും ഒരു പണി  താ മാളേ നിക്ക്. പലരോടും ചോയ്ച്ചു. മുറ്റടിച്ച് തരാം, തുണീം കഴ്കിത്തരാം, പാത്രങ്ങള് മോറിത്തരാം. ചെറ്യേ കുട്ട്യോളെക്കെ ണ്ടെച്ചാ നോക്കാം. വാടക കൊടുക്കാൻ കാശില്ലാഞ്ഞിട്ടാ. “

മുൻനിരപ്പല്ലുകൾ കൊഴിഞ്ഞെങ്കിലും പണിയെടുക്കാനുള്ള ആരോഗ്യമൊക്കെയുണ്ടവർക്ക് എന്ന് കണ്ടാലറിയാം. അവരുടെ അലസവേഷവും ഒതുക്കാത്ത മുടിയും എന്തോ നഷ്ട്ടപ്പെടുത്തിയ മാതിരിയുള്ള നിൽപ്പും കണ്ടാവാം ആരും പണി കൊടുക്കാത്തത്. അത്തവണയും എന്തൊക്കേയോ കൊടുത്തു പറഞ്ഞു വിട്ടു ഞാൻ.

ജലജക്കൊരു വികലാംഗചേച്ചിയുണ്ടെന്നും, വാടകക്കാണ് താമസമെന്നും, ആങ്ങളയൊരാൾ ഉള്ളത് ജോലിക്ക് പോയാൽ തന്നെ കുടിച്ചു വന്ന് ലഹളയുണ്ടാക്കാറുണ്ടെന്നും തല്ലാറുണ്ടെന്നും പലപ്പോഴായി അവർ തന്നെ പറഞ്ഞറിഞ്ഞു. പിന്നീട് കുറച്ചു കാലത്തേക്കവരെ കണ്ടതേയില്ല.

ഇന്ന് തികച്ചും യാതൃശ്ചികമായി അവരെ വീണ്ടും  വഴിയിൽവെച്ച് കണ്ടു. ആരോ കൊടുത്ത ജനൽക്കമ്പിവളച്ച മാതിരി ഡിസൈനുള്ള അയഞ്ഞ സാരി ബ്ളൗസാണ് ആദ്യം കണ്ണിലുടക്കിയത്. പിന്നെ കറുത്ത വാർ ചെരിപ്പും. മെലിഞ്ഞുടഞ്ഞ് കോലം കെട്ട രൂപമായിട്ടുണ്ട്. ആഞ്ഞ് നടക്കുകയാണവർ. ഒരു കൈയിൽ മുൻപു കണ്ട അതേ പഴയ സഞ്ചി തൂക്കിപ്പിടിച്ചിട്ടുണ്ട്. കാൽ തടയാതിരിക്കാൻ മറുകൈയിൽ സാരിയുടെ മുൻ ഞൊറിവുകൾ കയറ്റിപ്പിടിച്ചും കണ്ടു. ശരീരത്തിലൊട്ടിക്കിടക്കണസാരി കണ്ടാലറിയാം അപ്പോഴും അടിപ്പാവാട യൊന്നുമിട്ടിട്ടില്ല.

ഓട്ടോറിക്ഷക്ക് കൈകാണിച്ചെങ്കിലും ആരും നിറുത്തി കൊടുത്തില്ല. അവരിൽ നിന്ന് എങ്ങനെ കാശ് വാങ്ങുംന്ന് ഓർത്താകാം. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോഴെന്നെ കണ്ടു. പഴയതുപോലെയവർക്ക് ചിരിയൊന്നും വന്നില്ല. പകരം  മുഖത്ത് മുഴുവൻ വെപ്രാളമായിരുന്നു.

“പത്തുടീല് ഒരു വീട്ട്ല് പണിക്ക് പോണ് ണ്ട്..ഒമ്പത് മണിക്ക് ചെല്ലാൻ പറഞ്ഞതാ. സമയെത്രയായി മാളേ?”

മണി പത്താകാറായിരുന്നു. അത് ഞാൻ പറഞ്ഞില്ല. അവരുടെ മുഖം കണ്ടാലറിയാം. ഇന്നവർ ഒന്നും കഴിച്ചിട്ടില്ല. നടന്നും ഓടിയും നീങ്ങുന്നതിനിടയിൽ പിന്നേയുമവർ എന്തൊക്കയോ പിറുപിറുക്കുന്നുണ്ട്. അവിടെ എത്താൻ ഏകദേശം അരമുക്കാൽ മണിക്കൂറെടുക്കും. എന്നുറപ്പ്.

പതിവുപോലെ വക്കു പൊട്ടിയ ദോശയോ, ഇഡഢലിയോ അവിടെ ചെല്ലുമ്പോ അവർക്ക് കൊടുക്കാൻ വീട്ടുകാർക്ക് തോന്നണേന്ന് മനസ്സിൽ പ്രാർത്ഥിച്ചു.

~സുജാത അപ്പോഴത്ത്

23-12-2022