അയാൾക്കും അയാളുടെ സ്പർശനങ്ങൾക്കും സാമിപ്യത്തിനുമൊക്കെ പുതുമയേറെയാണ്. പക്ഷെ പ്രണയിക്കാനവൾക്കാവില്ലല്ലോ…

സാവിത്രി…

Story written by Athira Sivadas

======================

റാന്തൽ വെളിച്ചത്തിന്റെ അകമ്പടിയോടെ അവൾ അയാൾക്കായി ചെമ്പരത്തി വേലിക്കരികിൽ കാത്ത് നിന്നു. കസവു ചേല ചുറ്റി, കാച്ചിയെണ്ണ മണമുള്ള നീളൻ കോലൻമുടി മെടഞ്ഞിട്ട്, കണ്ണുകൾ കറുപ്പിച്ച് നിലാവിന്റെ വെളിച്ചത്തിൽ അവളൊരു ദേവതയെപ്പോലെ കാണപ്പെട്ടു. അകലെ നിന്നും ഒരു ടോർച്ചിന്റെ വെട്ടം കണ്ടപ്പോഴേ തിരിച്ചറിഞ്ഞിരുന്നു അതയാളാണെന്ന്. മനസ്സ് വീണ്ടുമൊരു കൗമാരക്കാരിയുടേതെന്ന പോലെ തുടിച്ചു. ഓരോ തവണ മനസ്സും ശരീരവും അയാളെ വരവേൽക്കാനൊരുങ്ങുമ്പോൾ അതങ്ങനെയാണ്. അയാൾക്കും അയാളുടെ സ്പർശനങ്ങൾക്കും സാമിപ്യത്തിനുമൊക്കെ പുതുമയേറെയാണ്. പക്ഷെ പ്രണയിക്കാനവൾക്കാവില്ലല്ലോ.

അടുത്ത് വന്നതും തലയിലെ തോർത്തഴിച്ചു തോളിലിട്ട് അവളുടെ മുഖത്തേക്കയാൾ നോക്കി.

“അല്പം കൂടെ ചെറുപ്പമായിരിക്കുന്നു.  നിനക്ക് പ്രായം പോകുന്നത് പിന്നിലേക്കാണോ.”

“മുകുന്ദേട്ടൻ വരുമ്പോൾ മാത്രമേയുള്ളൂ ഇങ്ങനെ.” ഇത്ര മനോഹരമായി തന്റെ പ്രതിബിംബത്തെ എപ്പോഴും കണ്ടിട്ടുള്ളത് അയാളുടെ വാക്കുകളിലാണെന്നവളോർത്തു.

കായാമ്പൂ മണമുള്ള പെണ്ണ്. തോളിലൂടെ കയ്യിട്ടവളെ ചേർത്ത് പിടിച്ച് റാന്തൽ വെളിച്ചത്തിന്റെ അകമ്പടിയോടെ അയാൾ നടന്നു. ഉമ്മറപ്പടിയെത്തിയതും ഒന്ന് നിന്നു. റാന്തലണച്ച്‌ ഉമ്മറപ്പടിയിലിരുന്ന് അവളെ മടിയിലേക്കിരുത്തി.

“ഉപ്പിലിട്ട കണ്ണിമാങ്ങ അച്ചാറാക്കി വച്ചിട്ടുണ്ട്… പിന്നെ കുടമ്പുളിയിട്ട് വച്ച മീൻകറി… വിശപ്പുണ്ടെങ്കിൽ കൈ കഴുകി വാ…”

“വിശപ്പുണ്ട്… പക്ഷേ കുറച്ചു കഴിഞ്ഞ് കഴിക്കാം…”

“എന്തേ ഇന്നിങ്ങനെയൊക്കെ…”

“എങ്ങനെയൊക്കെ…”

“ഉമ്മറത്ത് തന്നെ ഇരിക്കുന്നു.”

“ഇന്ന് നിന്നെ കണ്ടിട്ട് നിലാവിന്റെയൊരു പാളി പൊട്ടിയടർന്നു വീണത് പോലെ…” മുപ്പത്കളിലും അവൾ ഒരു പതിനേഴുകാരിയെപ്പോലെ ചിരിച്ചു. പ്രിയപ്പെട്ട പുരുഷനാൽ വർണ്ണിക്കപ്പെടുന്ന സ്ത്രീയ്ക്ക് എപ്പോഴും സൗന്ദര്യം ഏറെയാകും…അയാൾക്ക് പ്രണയിക്കാനും, കാ മിക്കാനും, താരാട്ടാനുമൊക്കെ കൊതി തോന്നുന്ന പെണ്ണായി ജീവിക്കാനാകുന്നതേ സുകൃതം. അയാളുടെ ദൃഷ്ടി പതിഞ്ഞാൽ തന്നെ ചുവക്കുന്ന കവിളുകൾ, തിളങ്ങുന്ന കണ്ണുകൾ… അയാളിലങ്ങനെ നിറഞ്ഞു നില്ക്കാനവൾ ആവോളമാഗ്രഹിച്ചു.

ഓരോ രാത്രിയും അവളൊരു ഭോ ഗ വസ്തുവാണ്. വരുന്നവരിൽ ചിലർ പരിചയക്കാരാണ്… ചിലർ അപരിചിതരും. കാണുന്ന മാത്ര മുതൽ ഭോ ഗിക്കുന്ന നിമിഷം വരെ അവരൊക്കെ അവളുടെ വിശ്വസൗന്ദര്യത്തെക്കുറിച്ച് വാചാലരാകും. അവളുടെ ഗന്ധത്തിൽ മതി മറക്കും. മതിയാകും വരെ പുണർന്നുറങ്ങി കഴിഞ്ഞാൽ പിന്നെയവൾ വേ ശ്യ യാണ്. തലേരാത്രിയിലെ ചന്തമൊന്നും പിന്നീടുള്ള പകലുകളിലൊന്നും അവൾക്കുണ്ടാകില്ല. കൂടെ അന്തിയുറങ്ങിയവരൊക്കെ ഒളിഞ്ഞും തെളിഞ്ഞും പുച്ഛിക്കും. പിന്നീട് ഒരിക്കൽ കൂടി അവളത്രമേൽ സുന്ദരിയാവണമെങ്കിൽ റാന്തൽ വെളിച്ചത്തിലാ ന ഗ്നമേനി അവരെ വരവേൽക്കണം.

അയാളൊന്ന് ചേർത്ത് പിടിച്ചപ്പോൾ തലേരാത്രിയിലെ ഏതോ അപരിചിതന്റെ സ്നേഹപ്രകടനമേൽപ്പിച്ച പാടവളെ വേദനിപ്പിച്ചു. എരിവ് വലിക്കുന്ന പോലെയൊരു ശബ്ദം അറിയാതെ വന്നപ്പോഴേക്കും അയാൾ തിരിച്ചറിഞ്ഞിരുന്നു.

ഒരു കുറ്റവാളിയെപ്പോലെ അയാൾ തല താഴ്ത്തിയിരുന്നു.

“എന്തേ…”

“ഒന്നുമില്ല…” കൺകോണിലെവിടെയോ പടർന്ന കണ്ണുനീരവൾ കാണാതെ അയാൾ മറച്ചു പിടിച്ചു.

അകത്തേക്ക് കയറുമ്പോൾ അല്പം പിന്നിലായി നടന്നുവരുന്നയാളിന്റെ ഉള്ളമറിയാൻ അവൾക്കും കഴിഞ്ഞിരുന്നു. തീൻമേശയിൽ നിരന്ന ഭക്ഷണങ്ങളുടെ ഗന്ധം അപ്പോഴയാളെ ആകർഷിച്ചിരുന്നില്ല. അയാളുടെ മനസ്സ് നിറയെ ആ പഴയ ഇരുപതുകാരിയായിരുന്നു. പ്രണയിച്ചവൾ, സ്വന്തമാക്കാൻ മോഹിച്ചവൾ… തന്റെ കഴിവ്കേട് കൊണ്ട് നഷ്ടപ്പെടുത്തേണ്ടി വന്നത് അവളുടെ സ്വപ്നങ്ങൾക്കൂടിയായിരുന്നു.

ഇന്നും ആ പ്രണയമയാളെ വീർപ്പുമുട്ടിക്കുന്നുണ്ട്. മാസങ്ങൾ കൂടിയുള്ള ഒരു കണ്ടുമുട്ടലിനു വേണ്ടി സ്നേഹത്തോടെ കാത്തിരിക്കുന്നവൾ, കണ്ടു കഴിഞ്ഞാൽ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്നവൾ… അയാൾക്ക് നൊന്തു… വല്ലാതെ…

ഓരോ തവണ യാത്ര പറയുന്നതും ഇനിയുമൊരു മടക്കമില്ലെന്ന് മനസ്സിലുറപ്പിച്ച ശേഷമാണ്. അവൾ കാത്തിരിക്കുമെന്നറിയാം… അത്കൊണ്ട് തന്നെ ബുദ്ധിയുടെ ഉപദേശം നിരസിച്ചുകൊണ്ട് ഹൃദയം അയാളെ അവൾക്കരികിലെത്തിക്കും.

“മുകുന്ദേട്ടാ…” ജന്മങ്ങൾക്കപ്പുറം നിന്നാരോ വിളിച്ചത് പോലെ അയാൾ പിടഞ്ഞുണർന്നു.

“എന്താ ആലോചിക്കുന്നത്…”

“എയ്… ഒന്നുമില്ല…” അടുത്തിരുന്ന് സ്നേഹത്തോടെ അവളയാളെ ഊട്ടി. ഇഷ്ടമുള്ളതൊക്കെ വിളമ്പുന്നതിനൊപ്പം  ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നറിയാനാ മുഖം സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്.

“സാവത്രി നീയും ഇരിക്ക്…”

“എനിക്ക് വിശപ്പില്ല, മുകുന്ദേട്ടൻ കഴിക്ക്…”  നിർബന്ധിച്ചിട്ടും കഴിക്കാൻ കൂട്ടാക്കാതെ ഇരിക്കുന്നവൾക്കായ് അയാളൊരുരുള നീട്ടിയപ്പോൾ നിറഞ്ഞ കണ്ണുകളിലപ്പോൾ ആവോളം സ്നേഹമായിരുന്നിരിക്കണം.

“ദേവേച്ചിം കുട്ട്യോളും…?”

“വീട്ടിലുണ്ട്…” ഒഴുക്കൻ മട്ടിലൊരു മറുപടി പറഞ്ഞ് അയാളെണീറ്റു ഒപ്പം അവളും.

പരാതികളില്ലാതെ ദേവകിയെ കുറിച്ചന്വേഷിക്കുമ്പോഴും അവളുടെ ഉള്ളു പൊള്ളുന്നുണ്ടായിരിക്കണമെന്നയാളോർത്തു. തന്റെ സ്ഥാനം തട്ടിയെടുത്തവളെക്കുറിച്ചാണ്, പ്രണയത്തെ സ്വന്തമാക്കിയവളെക്കുറിച്ചാണ്  യാതൊരു അനിഷ്ടവുമില്ലാതെ ചോദിക്കുന്നത്. ദേവകിയെ തന്നെ കുറ്റപ്പെടുത്താനും അയാൾക്കായില്ല. താഴ്ന്നജാതിയിലെ പെണ്ണിനെ പടിയ്ക്കകത്ത് കയറ്റില്ലെന്ന അച്ഛന്റെ അജ്ഞയ്ക്ക് മുൻപിൽ ഭീരുവായി നിന്ന നിമിഷത്തെ അപ്പോഴയാൾ പഴിച്ചു.

പിന്നീട് അന്വേഷിച്ചു ചെന്നിട്ടില്ല. കാത്തിരിക്കണമെന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കിലവൾ നാലാളറിയുന്നൊരു വേ ശ്യ യാകില്ലായിരുന്നെന്ന് ഇപ്പോഴുമയാൾ ഓർക്കാറുണ്ട്.

ചിന്തകൾ വിട്ടുണരുമ്പോൾ അയാളാ ചെമ്പരത്തിവേലിയ്ക്കരികിൽ തന്നെയായിരുന്നു. റാന്തൽ വിളക്കുമായി പടികയറി പോകുന്ന സാവിത്രി ഇന്നീ നാടിനൊരു പേടി സ്വപ്നമാണ്. സാവത്രിയുടെ മരണശേഷം സന്ധ്യ കഴിഞ്ഞാൽ ആരുമീ വഴിക്ക് വരാറില്ല. റാന്തൽ വിളക്കുമായി അവളാ ചെമ്പരത്തി വേലിയ്ക്കരികിൽ ആരെയോ കാത്ത് നിൽക്കുന്നത് കണ്ട് ഓടിയവർ പലരും ആഴ്ചകളോളം പനിച്ചു കിടന്ന കഥകളുണ്ട്.

ആ ത്മ ഹത്യ യായിരുന്നത്രെ. അവസാനമായൊന്നു കാണാൻ മുകുന്ദൻ പോയിരുന്നില്ല. അയാളുടെ മനസ്സിൽ ഇപ്പോഴും അവളാ ഇരുപതുകാരിയായി ചിരിക്കുന്നുണ്ട്. സത്യമാണോ സ്വപ്നമാണോ എന്നറിയാതെ ഒരിക്കൽക്കൂടി അയാളാ പടിക്കലേക്ക് നോക്കുമ്പോഴും അണയാതൊരു റാന്തൽ വെളിച്ചം അവിടെയുണ്ടായിരുന്നു.