ആദ്യമൊക്കെ അയ്യപ്പനെ കാണുമ്പോൾ എനിക്ക് ഭയമായിരുന്നു. അന്നൊക്കെ ഭക്ഷണം കഴിക്കാതെ ഞാൻ….

ഭ്രാന്തൻ

Story written by Athira Sivadas

=================

“അയ്യപ്പൻ മരിച്ചു അത്രേ…”

കാലത്ത് നടക്കാൻ പോയി തിരികെ വന്ന അച്ഛൻ പറഞ്ഞു കേട്ടതാണ്. വാർത്ത കേട്ടതും അമ്മ ഒരു നിമിഷം നിശബ്ദയായി നിന്നു.  അയ്യപ്പനുള്ളപ്പോൾ ഇടയ്ക്കൊക്കെ പുറം പണികൾക്ക് വരുമായിരുന്നു. വിറക് കീറാൻ, പിന്നാമ്പുറം വെട്ടി തളിക്കാൻ, അങ്ങനെ അങ്ങനെ ചില്ലറ പണികളൊക്കെ ഒരു നേരത്തെ ആഹാരം കൊടുത്താലയാൾ ചെയ്തു തരുമായിരുന്നു. ചെയ്യുന്ന പണിക്ക് കൂലി വാങ്ങാതെ പോകുന്നത് നഷ്ടമാണെന്ന് അയ്യപ്പന് അറിയാഞ്ഞിട്ട് ഒന്നുമല്ല. ഇന്നാട്ടിലെ ഓരോ വീടുകളും അയാൾക്ക് സ്വന്തം പോലെയാണ്. എന്ത് ആവശ്യമുണ്ടെങ്കിലും അറിഞ്ഞു കണ്ട് ചെയ്യും. കൂലി കൊടുത്താൽ തന്നെ വാങ്ങില്ല. ഭക്ഷണം മതിയെന്ന് പറയും. സ്വന്തക്കാർക്ക് എന്തോ ചെയ്തു കൊടുക്കുന്ന ഭാവമാണ് ഓരോ ജോലി ചെയ്തു തീരുമ്പോഴും അയാൾക്ക്.

ചെറുപ്പത്തിലെ ഓലമടൽ വെട്ടി ക്രിക്കറ്റ്‌ ബാറ്റാക്കി ഓലകൊണ്ട് പന്തുണ്ടാക്കി അയാൾ എനിക്കെറിഞ്ഞു തരുമായിരുന്നു. അറിയാതെങ്ങാനം മടലിന്റെ അറ്റത്ത് പന്തു കൊണ്ടാൽ കുഞ്ഞൻ ജയിച്ചല്ലോ എന്ന് പറഞ്ഞയാൾ എന്നെ എടുത്ത് വായുവിലേക്ക് ഉയർത്തും.

ആദ്യമൊക്കെ അയ്യപ്പനെ കാണുമ്പോൾ എനിക്ക് ഭയമായിരുന്നു. അന്നൊക്കെ ഭക്ഷണം കഴിക്കാതെ ഞാൻ മാറിയിരുന്നാൽ അയ്യപ്പനെ വിളിക്കും വേഗം കഴിച്ചോ എന്നായിരുന്നു അമ്മയും പറയാറ്. അയ്യപ്പൻറെ പേര് കേട്ട് കഴിഞ്ഞാൽ അപ്പോഴേ ഞാൻ വാ തുറക്കും. കാരണം എന്നൊക്കെ അയാളെ അത്ര ഭയമായിരുന്നു. നീണ്ടു വളർന്ന നഖങ്ങളും വെറ്റിലക്കറയുള്ള പല്ലുകളുമുള്ള അയ്യപ്പൻ. നരകയറിയ താടിയും മുടിയും വെട്ടാതെയായിട്ട് കാലമേറെ ആയിരുന്നിരിക്കണം. ഒരിക്കലൊരു വിഷുവിന് ഞങ്ങൾ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളെല്ലാം കൂടി അയ്യപ്പനൊരു പുതിയ കുപ്പായവും വാങ്ങി മുടിയും താടിയും വെട്ടിയൊതുക്കി വൃത്തിയാക്കിയിരുത്തിയപ്പോൾ എന്തിനോ അയാളുടെ കണ്ണുകൾ നിറഞ്ഞത് ഇപ്പോഴും ഓർമ്മയിലുണ്ട്… പക്ഷേ വിഷു കഴിഞ്ഞ് പിറ്റേന്ന് തന്നെ അയ്യപ്പൻ അയാളുടെ നരച്ച ഷർട്ടും കൈലിയും എടുത്തണിഞ്ഞു.

“നല്ല കുപ്പായമല്ലേ, എന്തെങ്കിലും വിശേഷം വരുമ്പോൾ ഇടാം.” എന്ന് പിറ്റേദിവസം ഞങ്ങളെ കണ്ടപ്പോൾ അയാൾ നിഷ്കളങ്കമായി പറഞ്ഞു. ഇങ്ങനെ പറഞ്ഞെങ്കിലും അയ്യപ്പൻറെ ജീവിതത്തിൽ അങ്ങനെയൊരു വിശേഷമില്ലന്നുള്ളത് പരസ്യമായൊരു സത്യമാണ്.

അയ്യപ്പന് ഭ്രാന്താണെന്നാണ് വെയ്പ്പ്. നാട്ടുകാരുടെ കണ്ടുപിടുത്തമാണ്. എങ്ങനെ പറയാതെയിരിക്കും. ദിവസം മുഴുവൻ പൊരിയുന്ന വെയിലത്ത് പണിയെടുത്തു കൂലി വാങ്ങാതെ മടങ്ങുന്നത് ഭ്രാന്തുണ്ടായിട്ടല്ലേ. വെയിലെന്നും മഴയെന്നുമില്ലാതെ മുത്തശ്ശൻ കുന്നിന്റെ മുകളിൽ കയറി ഉറക്കെ കൂവുന്നത് ഭ്രാന്തുണ്ടായിട്ടല്ലേ. ഉരുളു പൊട്ടി പ്രളയം വന്നപ്പോൾ ഉടുതുണിപോലും എടുക്കാൻ മെനക്കെടാതെ ഒരു താവളം കണ്ടുപിടിച്ച് പട്ടികളെയും പൂച്ചകളെയും കൊണ്ട് അവിടെ ചേക്കേറിയത് ഭ്രാന്തല്ലേ.
“മനുഷ്യരെ രക്ഷിക്കാൻ മനുഷ്യരുണ്ടാകും, അല്ലെങ്കിലും അവർക്ക് സ്വന്തമായി രക്ഷപ്പെടാനുള്ള കഴിവൊക്കെയുണ്ട്. നാടൊട്ടാകെ രക്ഷാപ്രവർത്തനം നടത്തുന്ന മനുഷ്യരാരും ഇവരെ രക്ഷിക്കാൻ മെനക്കെടില്ല, അതിന് ഈ അയ്യപ്പനെങ്കിലും വേണ്ടേ…” എന്ന് പറഞ്ഞത് പോലെ അയാളുടെ ഓരോ പ്രവൃത്തികൾക്കും ഓരോ ന്യായമുണ്ട്.

അയ്യപ്പനെ പറ്റിച്ചു പണി എടുപ്പിക്കാം എന്ന് ചിന്തിക്കുന്ന നാട്ടുകാരുടെയൊക്കെ വിചാരം  അയ്യപ്പന് ഭ്രാന്താണെന്നാണ്. അയ്യപ്പനതൊട്ടു തിരത്താനും മെനക്കെടില്ല. ഗ്രൗണ്ടിൽ കളി കാണാൻ വരുന്ന അയ്യപ്പനോട്‌ കൂലി മേടിക്കാനുള്ള  ബുദ്ധി ഉപദേശിച്ചു കൊടുക്കുന്ന ഞങ്ങളെയൊക്കെ അയാൾ നിഷ്കളങ്കമായൊരു ചിരിയോടെ നോക്കും. ഞങ്ങളറിയുന്ന അയ്യപ്പന് ഭ്രാന്തില്ല. ഇന്നിന്റെ ലോകത്ത് വിപരീതമായി ചിന്തിക്കുന്ന ഭംഗിയുള്ള മനുഷ്യനായാൾ. അയാളെ ഈ സമൂഹം ഭ്രാന്തനെന്ന് മുദ്രകുത്തുന്നു എന്ന് മാത്രം.

ഒരിക്കലൊരു ദിവസം ഗ്രൗണ്ടിലെ കളിയൊക്കെ കഴിഞ്ഞ് മടങ്ങും വഴിയാണ് അയ്യപ്പൻറെ കൊച്ചുകൂരയിൽ ഒരു കരച്ചിൽ കേട്ടത്. ചെന്ന് നോക്കുമ്പോൾ കരഞ്ഞുകൊണ്ടയാളെന്തോ തിരയുന്നത് കണ്ടു. എന്താ എന്ന ചോദ്യത്തിന് ഒന്നും മറുപടിയാതെ അയാൾ അലറിക്കരഞ്ഞു. തുരുമ്പെടുത്ത പെട്ടിയിലെ മുഷിഞ്ഞ വസ്ത്രങ്ങൾ വാരി പുറത്തേക്കെറിയുമ്പോൾ ക്ഷമ നശിച്ച് തിരച്ചിലിലായിരുന്നയാൾ. അന്നാദ്യമായി എനിക്ക് തോന്നി അയ്യപ്പന് ഭ്രാന്താണെന്ന്. വിലപിടിപ്പുള്ളതെന്തോ നഷ്ടപ്പെട്ടെന്ന് കരുതി എന്താണെന്നറിയാതെ ഞങ്ങളും തിരഞ്ഞു. ഒടുവിൽ രമേശേട്ടനാണ് ഏറെ പഴക്കമുള്ള പിഞ്ഞിക്കീറിയ ഒരു കറുത്ത പേഴ്‌സ് കണ്ടെടുത്തത്.

അത് കണ്ടതും അയ്യപ്പന്റെ മുഖം വിടർന്നു. നിറകണ്ണുകളോടെ അയാൾ ചിരിച്ചു. വിലപ്പെട്ടതെന്തോ തിരികെ കിട്ടിയ ഭാവമായിരുന്നു അപ്പോഴയാളുടെ കണ്ണുകളിൽ. പേഴ്‌സ് തുറന്ന് അതിൽ ഭദ്രമായി സൂക്ഷിച്ചിരുന്നൊരു ഫോട്ടോ അയാൾ കയ്യിലെടുത്തു… സുന്ദരനായൊരു പയ്യനും  അയാളോട് ചേർന്ന് നിൽക്കുന്നൊരു പെൺകുട്ടിയുമുള്ള പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. ഫോട്ടോയിലുള്ളത് അയ്യപ്പനാണെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഫോട്ടോയിലെ പയ്യൻ സുന്ദരനായിരുന്നു. അവന് ഇന്നത്തെ അയ്യപ്പനുമായി വിദൂര സാദൃശ്യമുള്ളതായി പോലും ഞങ്ങൾക്കാർക്കും തോന്നിയില്ല. കൂടെയുള്ള പെൺകുട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ അന്നാദ്യമായി അയ്യപ്പൻറെ മുഖത്ത് ഞങ്ങളൊരു വിചിത്ര ഭാവം കണ്ടു.

അയ്യപ്പൻറെ വാക്കുകളിലൂടെ ഞങ്ങൾ അയ്യപ്പദാസിന്റെ കഥയറിഞ്ഞു. അവന്റെ നാട് കണ്ടു. നാട്ടുകാരെ കണ്ടു. ഒടുവിലവന്റെ പ്രണയത്തെയും. ഏൽ. പി. സ്കൂൾ കാലം മുതലുള്ള പ്രണയം. അയ്യപ്പൻറെ വീട്ടിൽ റബ്ബർ വെട്ടാൻ വരുന്ന വേലായുധന്റെ മകളായിരുന്നത്രെ രുക്മിണി. വെളുത്ത് കനംകുറഞ്ഞ് തുളസിക്കതിര് പോലെയൊരു പെൺകുട്ടി. അവൾക്ക് മഴ ഇഷ്ടമായിരുന്നത്രെ, കാടിനുള്ളിലെ ഇരുട്ട് ഇഷ്ടമായിരിന്നത്രെ… ഒന്നിച്ച് നനഞ്ഞ മഴയും, ഒന്നിച്ച് കയറിയിറങ്ങിയ കുന്നും മലയും കാടും കാവുമൊക്കെ അയ്യപ്പൻ അയാളുടെ വാക്കുകളിലൂടെ ഞങ്ങൾക്ക് കാട്ടിത്തന്നു. ഒടുവിൽ ധനിക കുടുംബത്തിലെ അയ്യപ്പദാസിനെ പ്രണയിച്ച കുറ്റത്തിന്  പതിനേഴാമത്തെ വയസ്സിൽ രുക്മിണിയ്ക്ക് ഇഷ്ടമില്ലാതെ ഒരു മുപ്പത്തിയഞ്ചുകാരന്റെ മുൻപിൽ തല കുനിക്കേണ്ടി വന്നു. അങ്ങനെ ജീവനൊടുക്കുകയായിരുന്നത്രെ അവൾ. അവളുടെ ജീവനറ്റ ശരീരം കണ്ട് അലറിക്കരഞ്ഞ പതിനെട്ടുകാരന്റെ മുഖം കൺമുൻപിലെന്ന പോലെ. ഓർമ്മകളിൽ നിന്നും ഒളിച്ചോടിയതായിരുന്നു അയാൾ… പല നാടുകൾ താണ്ടി, പല മനുഷ്യരെ കണ്ടു. എങ്കിലും രുക്മിണിയെ മറന്നില്ല. മങ്ങലേൽക്കാത്ത ചിരിയുമായി അവൾ അയാളുടെ ഹൃദയത്തിൽ ജീവിക്കുന്നുണ്ടായിരുന്നു. പ്രണയം ഒരു മനുഷ്യനെ ഇത്രയൊക്കെ മാറ്റുമോ ർന്നു അയാളുടെ കഥ കേട്ടപ്പോൾ ഞാൻ അത്ഭുതത്തോടെയോർത്തു.

വിവരമറിഞ്ഞോടി ചെന്നപ്പോൾ വഴിയരികിൽ ആൾക്കൂട്ടത്തിന് നടുവിൽ കിടക്കുന്ന അയ്യപ്പനെയാണ് കണ്ടത്.

“ക ള്ളും കുടിച്ച് രാത്രിയെപ്പോഴോ തല അടിച്ചു വീണതാണ്.”

“പാവം… ഒന്നുമില്ലെങ്കിലും ഓൻ ഉപകാരിയായിരുന്നു…”

“ഇത്രയൊക്കെയേ ഉള്ളു മനുഷ്യന്റെ കാര്യം…”

ചുറ്റിലും നിന്ന മനുഷ്യരെ അമർഷത്തോടെ നോക്കിയായിരുന്നു ഞാനും രമേശേട്ടനും ചേർന്ന് അയ്യപ്പനെയും കൊണ്ട് ആശുപത്രിയിലേക്കോടിയത്. ചെന്ന് കഴിഞ്ഞാണ് ജീവൻ പോയത്. അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. വെളുപ്പിനെ എപ്പോഴോ വീണതാണ്. തല ശക്തമായി ഏതോ കല്ലിൽ ഇടിച്ച് രക്തം കുറെ പോയിരുന്നു. അയ്യപ്പനെക്കൊണ്ട് ഉപകാരപ്പെട്ടവരാരും അയാളെ രക്ഷപ്പെടുത്താനൊരു ശ്രമം നടത്തിയില്ല. മോർച്ചറിയുടെ വെളിയിൽ ശരീരം വിട്ടുകിട്ടാൻ കാവൽ നിൽക്കുമ്പോൾ സൈക്കിളിന് മുൻപിൽ പാവാടയുടുത്ത പെണ്ണിനേയും വച്ച് മഴ നനഞ്ഞു വരുന്ന അയ്യപ്പദാസിനെ ഓർത്തു.

“പൂവ് ചൂടണമെന്നു പറഞ്ഞപ്പം

പൂമരം കൊണ്ട് തന്നവനാ…

മുങ്ങിക്കുളിക്കണമെന്നു പറഞ്ഞപ്പോ

മുന്നിൽ പുഴവെട്ടി തന്നവനാ…”

ചിതയെരിഞ്ഞു പുക മുകളിലേക്കുയർന്നപ്പോൾ കുന്നിൻ ചെരിവിലെവിടെയോ ഇരുന്ന് അയ്യപ്പൻ പാടുന്നത് പോലെ തോന്നി എനിക്ക്….