എങ്ങനെയൊ എണീറ്റ് അവളാ ചെറുപ്പക്കാരനൊപ്പം റോഡിലേക്കുള്ള വഴിയിലേക്കിറങ്ങി…

ശിക്ഷ

Story written by Athira Sivadas

==================

റെയിൽവേ സ്റ്റേഷനിലെ തിരക്കിനിടയിലൂടെ അവൾ വേഗത്തിൽ മുന്നോട്ട് നടന്നു. തിരിഞ്ഞു നോക്കുമ്പോഴൊക്കെ വെറ്റക്കറപുരണ്ട പല്ലുകാട്ടി അയാൾ വെളുക്കെ ചിരിക്കുന്നുണ്ട്. സമയം പത്ത് ഇരുപത് കഴിഞ്ഞിരിക്കുന്നു. ആൾക്കൂട്ടത്തിനിടയിൽ മറയാൻ ഒരവസരം കൊടുക്കാതെ അവൾക്ക് പിന്നാലെ അയാളുടെ കാലുകൾ വേഗത്തിൽ ചലിച്ചു.

തിരക്കിട്ടോടുന്ന മനുഷ്യരാരും ഒരു ക ഴു ക ന്റെ നോട്ടം ഭയന്നോടുന്ന പെൺകുട്ടിയെ ഒന്ന് ശ്രദ്ധിച്ചത് പോലുമില്ല. റയിൽവേ സ്റ്റേഷന് പിറകിലുള്ള റോഡിലേക്ക് വരാമെന്ന് ഓട്ടോക്കാരനെ വിളിച്ചു പറഞ്ഞ നേരത്തെ അവൾ പഴിച്ചു. പിറകിലൂടെ പോയാൽ ദൂരം കുറവാണ്. അയാളെ വിളിച്ചങ്ങനെ പറയുമ്പോൾ ഓട്ടോക്കൂലി കുറയുമല്ലോ എന്ന് മാത്രമേ അപ്പോൾ ചിന്തിച്ചുള്ളൂ. ഫോൺ രണ്ട് തവണ റിങ് ചെയ്ത് നിന്നിട്ടും മറുതലയ്ക്കൽ ആരും കോൾ അറ്റൻഡ് ചെയ്തില്ല. ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി. അയാൾ അല്പം കൂടി അടുത്ത് എത്തിയിരിക്കുന്നു. ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് തുടച്ചു കളയാൻ മെനക്കെടാതെ തോളിൽ കിടന്ന ട്രാവൽ ബാഗ് ഒന്ന് കൂടെ വലിച്ചിട്ടവൾ മുന്നോട്ട് നടന്നു.

തന്റെ പ്രായമുള്ള പെൺകുട്ടികൾ ആരെങ്കിലും ഈ നേരത്ത് ഇവിടേ തനിച്ചുണ്ടോ എന്നവൾ ആ ഭയത്തിനിടയിലും നോക്കി. ഇല്ല. എല്ലാവർക്കുമൊപ്പം ആരെങ്കിലുമൊക്കെയുണ്ട്. അച്ഛൻ, ഏട്ടൻ, ഭർത്താവ് അങ്ങനെ ആരൊക്കെയോ. ഒരാളെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നവൾ തിരഞ്ഞു. ഇല്ല. ട്രെയിനിൽ കേറാനുള്ള തിരക്കും, വൈകാതെ റയിൽവേസ്റ്റേഷൻ വിടാനുള്ള തിരക്കിലുമാണ് ആളുകൾ.

നരകയറിയ താടി തടവി അയാൾ അവളെയൊന്ന് നോക്കി. ആർജിച്ചെടുത്ത ശക്തികൊണ്ട് അവൾ ആ ആൾക്കൂട്ടത്തിനിടയിൽ പെട്ടന്ന് നിന്നു. തന്നെക്കടന്നയാൾ മുന്നോട്ട് പോകുമെന്ന ചിന്തയെ തെറ്റിച്ചുകൊണ്ടാ മനുഷ്യൻ അവൾക്കൊപ്പമെത്തി ഒന്ന് നിന്നു. പുകയിലയുടെ മണം മൂക്കിലേക്ക് തുളച്ചു കയറി. അവൾക്ക് തല കറങ്ങി. ശരീരം വിയർക്കുന്നതും നെഞ്ചിടിപ്പ് വർധിക്കുന്നതും അവൾ അറിയുന്നുണ്ടായിരുന്നു. ഫോൺ കയ്യിലെടുത്ത് ഒന്ന് കൂടി ഓട്ടോ ഡ്രൈവറെ വിളിച്ചു നോക്കി. അയാൾ ഫോൺ എടുത്തില്ല. രണ്ടും കല്പിച്ചു റെയിൽവേ സ്റ്റേഷന്റെ മുൻപിലേക്ക് നടന്നു. ഇപ്പോൾ അയാൾ തൊട്ടടുത്താണ്. അവളുടെ കാലുകൾക്ക് ബലം നഷ്ടപ്പെട്ടു. ഒരു തുണയ്ക്കായി ആരെങ്കിലും എത്തിയിരുന്നെങ്കിലെന്ന് വല്ലാതെ ആശിച്ചു. നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് മുൻപോട്ട് നടന്നു.

ശാപം പിടിച്ച നേരം. നേരെയുള്ള വഴിയേ ഉറങ്ങാതെ പതിവ് പോലെ പ്ലാറ്റഫോമിൽ നിന്ന് റോഡിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്കിറങ്ങി. വെപ്രാളത്തിൽ ചിന്തിക്കാതെ ചെയ്ത പ്രവൃത്തിയെ ഇനി അവൾ പഴിച്ചിട്ടെന്ത് കാര്യം. അല്പം മുൻപിലായി ഒന്ന് രണ്ട് ആളുകളുണ്ട്. അവർക്കടുത്തേക്ക് എത്തും മുൻപേ കയ്യിൽ അയാളുടെ പരുക്കൻ കൈകൾ പിടി മുറുക്കിയിരുന്നു. വെളിച്ചം കുറവാണ്. ബലിഷ്ടമായ പുകമണമുള്ള കൈകൾ കൊണ്ടായാൾ വായ പോത്തിയപ്പോൾ ഒക്കാനം വന്നു. ശ്വാസം മുട്ടി. തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും വലിച്ചിഴച്ചയാൾ വലിച്ചിട്ടിടത്തേക്ക് നെഞ്ച് തല്ലി വീണു. ശ്വാസം ആഞ്ഞൊന്നെടുക്കും മുൻപേ, ഒന്ന് നിലവിളക്കും മുൻപേ ഉടുത്തിരുന്ന മുണ്ടഴിച്ചയാൾ വായിൽ തിരുകി. ശർദ്ധിക്കാൻ വന്നു. ബോധം ഇപ്പോൾ നഷ്ടപ്പെടുമെന്ന് തോന്നി. കയ്യും നെഞ്ചുമൊക്കെ നീറുന്നുണ്ടായിരുന്നവൾക്ക്. വീണ വീഴ്ചയിൽ കയ്യിലിരുന്ന മൊബൈൽ തെറിച്ചു വീണിടത്ത് കിടന്ന് റിങ് ചെയ്തു. അമ്മ എന്ന് സേവ് ചെയ്ത നമ്പറിനൊപ്പം അവളെ ചേർത്ത് പിടിച്ചിരുന്നൊരു സ്ത്രീയുടെ ഫോട്ടോ ഡിസ്പ്ലേയിൽ രണ്ട് വട്ടം തെളിഞ്ഞു.

ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടണുകൾ അഴിക്കാൻ ശ്രമിക്കുന്ന കൈകളെ തടയാനെത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. അയാളുടെ ഒരു വലിയിൽ ബട്ടണുകൾ പൊട്ടുമ്പോൾ അവളുടെ നിലവിളികളൊക്കെ തൊണ്ടക്കുഴിയിൽ പെട്ടു കിടന്നു.

പെട്ടനാണ് ആരോ ഫ്ലാഷ് ലൈറ്റ് അടിക്കുന്നത് കണ്ടത്. കണ്ണൊന്നു ചിമ്മിതുറന്നപ്പോഴേക്കും അവളുടെ വയറിനു മുകളിൽ കയറിയിരുന്നയാൾ തെറിച്ചൊരു സൈഡിലേക്ക് വീണിരുന്നു…തലയിലെ തൊപ്പിയും മുഖത്തെ വെളുത്തമാസ്ക്കും മാത്രം വ്യക്തമായി കണ്ടു. തമിഴിൽ എന്തൊക്കെയോ പുലമ്പുന്നയാളെ നല്ലത് പോലെ മർദിച്ച ശേഷം അവൾക്കടുത്തേക്ക് ചെന്നിരുന്നു.

“എന്തെങ്കിലും പറ്റിയോ…”

“ഇല്ല.” വിറയ്ക്കുന്ന സ്വരത്തിൽ നിന്നപ്പോഴും ഭയം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.

“പേടിക്കേണ്ട…അയാൾ ഇനി കുറച്ചു നേരത്തേക്ക് എഴുനേൽക്കില്ല.” ഭയന്ന് ചുറ്റും നോക്കുന്നവൾക്ക് നേരെ അയാളൊരു ബോട്ടിൽ വെള്ളം നീട്ടി. പകുതിയോളം വെള്ളം കുടിച്ചു തീർത്തിട്ടും ദാഹം അടങ്ങിയിട്ടുണ്ടായിരുന്നില്ല. പൊട്ടാതെ കിടന്ന ബട്ടനുകളിട്ട് എണീക്കാൻ തുടങ്ങിയപ്പോഴാണ് കാലിന്റെ വേദന അറിഞ്ഞത്.

എങ്ങനെയൊ എണീറ്റ് അവളാ ചെറുപ്പക്കാരനൊപ്പം റോഡിലേക്കുള്ള വഴിയിലേക്കിറങ്ങി.

“താൻ വന്നേ. പ്ലാറ്റഫോമിൽ റയിൽവേ പോലീസ് ഉണ്ടാകും.”

“അയ്യോ വേണ്ട. എനിക്ക് വീട്ടിൽ പോണം. ഇനിയും കണ്ടില്ലെങ്കിൽ അമ്മ പേടിക്കും.” ഒഴുകിയ ഇറങ്ങിയ കണ്ണുനീര് നോക്കി മറുത്തൊന്നും പറയാതെ അസ്വസ്ഥനായാൾ അവളെയൊന്ന് നോക്കി.

“ഇപ്പോൾ താനൊന്നും ചെയ്യാതെ പോയാൽ നാളെ തനിക്ക് പറ്റിയത് തീർച്ചയായും മറ്റൊരു പെൺകുട്ടിയ്ക്ക് സംഭവിക്കും. ഒരുപക്ഷേ അതിനേക്കാൾ അപ്പുറം.”

“എനിക്ക്…എന്റെ വീട്ടിൽ അമ്മ മാത്രേ ഉള്ളൂ. ഞാൻ എറണാകുളത്ത് പഠിക്കാ…ഈ നേരത്ത് എനിക്ക് ഇങ്ങനെ പറ്റിയെന്നറിഞ്ഞാൽ ഓരോ ആഴ്ചയും ഞാൻ വീട്ടിൽ നിന്നിറങ്ങുന്നത് മുതൽ അമ്മയ്ക്ക് ആധിയായിരിക്കും.”

മറുപടിയിൽ അയാളുടെ മുഖം ചുവന്നു. സ്വാർത്ഥ എന്നയാൽ മനസ്സിൽ പറഞ്ഞിട്ടുണ്ടാകണം എന്നവളോർത്തു.

“എവിടെയാ വീട്…”

“ഇവിടേ അടുത്താ…”

“എങ്ങനെ പോകും…”

“ഓട്ടോ വിളിച്ചിട്ടുണ്ട്…അതിപ്പോ വന്നിട്ടുണ്ടാകും.”

“എങ്കിൽ നടക്ക്…”

“ഞാൻ തനിച്ചു പൊക്കോളാം…” ആ മറുപടിയെ മാനിക്കാതെ അയാൾ അവൾക്കൊപ്പം നടന്നു.

ഇരുട്ടിൽ കിടന്ന മൊബൈലിൽ അപ്പോഴും അമ്മ എന്ന് സേവ് ചെയ്തിരുന്ന നമ്പർ പലതവണ തെളിഞ്ഞു.

അകലെ മറയും വരെ അവളയാളെ തിരിഞ്ഞു നോക്കി. റോഡിലേക്കിറങ്ങാതെ പിന്നെയും അയാളാ ഇടവഴിയിലേക്ക് കയറി പോകുന്നത് കണ്ടപ്പോൾ ചിന്തകൾ പല വഴിക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു.

അരയ്ക്ക് താഴെയുള്ള ആണത്തം മുറിഞ്ഞു പോകുന്ന വേദനയിലയാൾ നിലവിളിച്ചതറിയാതെ അവൾ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരുന്നു.