എന്റെ മിഴിഞ്ഞ കണ്ണുകളിൽ നോക്കിയാണവൾ പറഞ്ഞത്. നിന്റെ കരുതലിൽ, നിന്റെ ഇഷ്ടങ്ങൾ ആരുടെയും മുന്നിൽ….

ചിത്രശലഭങ്ങളുടെ വീട്

Story written by Anu George Anchani

====================

“വെയിൽ ചാഞ്ഞ ഒരു വൈകുന്നേരമാണ് ഞാൻ ആ കൊച്ചു വീടിന്റെ പടികടന്നു ചെല്ലുന്നത്. നിറഞ്ഞ ചിരിയോടെയാണവൾ എന്നെ അകത്തേയ്ക്ക് ക്ഷണിച്ചതും. ഇടകൂർന്ന ചുരുണ്ട മുടിയിഴകൾ ഒരു കുളിപ്പിന്നലിലൊതുക്കി വലത്തെ തോളിലൂടെ മുന്നിലേയ്ക്ക് ഇട്ടു കണ്ണിൽ കുസൃതി ഒളിപ്പിച്ചു ചിരിയ്ക്കുമ്പോൾ ഒരു നിമിഷത്തേയ്ക്ക് അവളെന്റെ പഴയ ഗൗരിക്കുട്ടി ആയതു പോലെ എനിക്ക് തോന്നി.

ചെരുപ്പിന്റെ വാറഴിച്ചു ഹാളിലേക്ക് കാലുകുത്തിയതും ഞാൻ ചുറ്റിലും നോക്കിയത് കയ്യിലിരുന്ന ഗിറ്റാർ ഒതുക്കി വയ്ക്കാനൊരു ഇടമായിരുന്നു. വെട്ടു തുണികൾ കൊണ്ട് തുന്നിയ ചെറിയ കുഷ്യനുകൾ അടുക്കി വച്ച പഴയ സോഫാ സെറ്റിന്റെ ഓരത്തു ഭാരമൊതുക്കി വച്ച് ചുറ്റിനുമൊന്നു കണ്ണോടിച്ചു. ഒരു തരി പൊടി എങ്കിലും തൊട്ടെടുക്കാൻ പറ്റുമോ എന്ന് വെല്ലുവിളിക്കുന്ന തറയും, പല്ലിയും പാറ്റായുമൊന്നു കണ്ടിട്ടു കൂടിയില്ലാത്ത പോലൊരു മേൽക്കൂരയും.

കുഞ്ഞു മേശപ്പുറത്തു ഇരിക്കുന്ന ഫ്ലവർവെയ്‌സിനുള്ളിലെ കടലാസ് പൂക്കൾക്ക് പോലും ഒരു അനുസരണാഭാവം. ആകെ ഉള്ള ആക്ഷേപം നിറം മങ്ങിയ ചുവരിൽ നിശ്ചിത ഉയരത്തിലായി അവിടെയും ഇവിടെയുമായി തെളിഞ്ഞു കാണുന്ന കളർ പെൻസിൽ വരകളുടെ സാന്നിധ്യമാണ്.

“അജൂ …. ! ഇനിയീ ചായ കുടിച്ചിട്ടാവാം ബാക്കി നിരീക്ഷണം. വീണ്ടും ചിരിമേളം.

“നീയിവിടെ തനിച്ചാണോ താമസം,? സീമന്തരേഖയിലെ നിറമില്ലായ്മയിലേക്ക് മിഴികളൂന്നിയാണ് ഞാൻ ചോദിച്ചത്.

“ഹേയ് അല്ല. പിന്നെ, നീ എന്തെങ്കിലും കഴിച്ചിരുന്നോ..?

എന്റെ ഊഹങ്ങൾ ലക്ഷ്യം കാണുന്നതിന് മുന്നേ മറുചോദ്യമിങ്ങു എത്തി.

ഇല്ല എന്ന് മറുപടി കൊടുക്കുമ്പോൾ.
ചൂട് ചായ കൊണ്ട് തൊണ്ട നനഞ്ഞതിന്റെ ഒരു സന്തോഷം കൂടി ഉണ്ടായിരുന്നു.

“എന്നാ വായോ ഞാൻ കഴിക്കാൻ എടുത്തു വയ്ക്കാം.

അവളുടെ പുറകെ അടുക്കളയിലേക്ക് നടക്കുമ്പോൾ ഒരിക്കൽ ഒരുപാട് ആഗ്രഹിച്ചിരുന്ന എന്തൊക്കെയോ നേടിയ ഭാവമായിരുന്നു മനസ്സിലുടനീളം.

അടുക്കളയിൽ ഒരു സൈഡ് ചേർത്ത് ഇട്ട ചെറിയ ഊണ് മേശമേൽ
വൃത്തിയുള്ള സ്റ്റീൽ പാത്രത്തിൽ ചോറും, എണ്ണതെളിഞ്ഞ മോരും, പാവയ്ക്കവറുത്തതും, പുളിഞ്ചമ്മന്തിയും അച്ചിങ്ങപ്പയർ മെഴുക്കുപെരട്ടിയും എടുത്തു വച്ചവൾ എനിക്കരികെ ഇരുന്നു.

ഞാൻ രുചിച്ചു തുടങ്ങുന്നതിനു ഒപ്പം അവളുടെ വിശേഷങ്ങൾ ആരാഞ്ഞു. കലാലയ ജീവിതത്തിലെ സൗഹൃദത്തിനിപ്പുറം നീണ്ട പത്തു പന്ത്രണ്ടു വര്ഷങ്ങളുടെ നീളമുണ്ടായിരുന്നു ഞങ്ങളുടെ ആ കൂടിക്കാഴ്ച്ചയ്ക്ക്.

അതിനു ഇടയ്ക്ക് എപ്പോഴോ കണ്മുന്നിലൂടെ മിന്നിമാഞ്ഞ അവളുടെ ചിത്രത്തിന് അത്രയ്ക്കും തെളിമയില്ലായിരുന്നു.

എന്റെ ചിന്തകൾക്ക് മുകളിൽ അവളുടെ ശബ്ദം ഉയർന്നു തുടങ്ങിയിരുന്നു.

കല്യാണം, ആദ്യ രാത്രിയിൽ തന്നെ തകർന്നുടഞ്ഞ സ്വപ്നങ്ങൾ. മ ദ്യ ത്തി ന്റെയും മ യ ക്കു മരുന്നിന്റെയും ദൂഷ്യങ്ങൾ അറിഞ്ഞും അനുഭവിച്ചും കടന്നു പോയ എട്ടു വർഷങ്ങത്തെ ദാമ്പത്യം. ഒടുവിൽ രണ്ടു വര്ഷങ്ങളായി നടത്തുന്ന അതിജീവനത്തിന്റെ വിജയഗാഥ.

ഇടയ്ക്ക് തിളപ്പിച്ചാറ്റിയ ജീരകവെള്ളം ചില്ലുഗ്ലാസ്സിലേയ്ക്ക് പകരുന്ന അവളുടെ ഇടം കൈത്തണ്ടയിൽ കുറുകെ വരഞ്ഞ ഒരു മുറിപ്പാടു ഞാൻ കണ്ടു. അതിനെ മറയ്ക്കുവാൻ വരച്ചു ചേർത്ത ഒരു കുഞ്ഞു പൂവിവും അരികെ പാറിപ്പറക്കുന്ന രണ്ട് ചിത്രശലഭങ്ങളും.

പാത്രത്തിലെ ചോറ് പറ്റുകൾ തീർന്നപ്പോളേയ്ക്കും നിറഞ്ഞ നാലു കണ്ണുകൾ ബാക്കിയായി.

“ഞാൻ നിന്നെ പ്രണയിച്ചിരുന്നു എങ്കിൽ…?

പകുതിയിൽ പറഞ്ഞ് നിർത്തിയ എന്റെ വാക്കുകൾക്ക് മുന്നിലേയ്ക്ക് അവൾ മറുചോദ്യം എറിഞ്ഞു.

“നീയെന്നെ പ്രണയിച്ചിരുന്നുവല്ലോ. !

ഒരൊറ്റ നിമിഷം കൊണ്ട് കഴിച്ചത് എല്ലാം ദഹിച്ചു, തൊണ്ട വരണ്ടു തുടങ്ങി. കണ്ണാടിയിലെ പ്രതിബിംപത്തോട് പോലും പങ്ക് വയ്ക്കാത്ത കാര്യം ഇവൾ ഇങ്ങിനെ അറിഞ്ഞു. പത്തു വർഷം മനസ്സിൽ കുഴിച്ചു മൂടിയ ഇഷ്ട്ടം. അതിന്റെ പേരിൽ മാത്രം ജീവിതത്തിൽ കൂടെക്കൂട്ടിയ സംഗീതം, മുന്നിലിരിയ്ക്കുന്നവളെ മാത്രം ഓർത്തു പാടിയ പാട്ടുകൾ ഒക്കെയും ഇന്നു എനിക്ക് പ്രശസ്തി കൊണ്ട് തന്നിരിക്കുന്നു..

“ഞാൻ നിന്റെ പ്രണയം അനുഭവിച്ചിട്ടുണ്ട് അജൂ …

എന്റെ മിഴിഞ്ഞ കണ്ണുകളിൽ നോക്കിയാണവൾ പറഞ്ഞത്..നിന്റെ കരുതലിൽ, നിന്റെ ഇഷ്ടങ്ങൾ ആരുടെയും മുന്നിൽ അടിയറവു വയ്ക്കരുത് എന്ന താക്കീതിൽ. അങ്ങിനെ അങ്ങിനെ ഒരുപാട് കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ.

മറുപടിക്കായി നാവുയർത്തിയ എന്റെ കാതുകളിലേയ്ക്ക് ഒരു കുഞ്ഞു കരച്ചിൽ ചിതറി വീണു. അത് കേട്ടപാതി അവൾ ഉള്ളിലെ മുറികളിലൊന്നിലേയ്ക്ക് നടന്നകന്നു.

തിരികെ വന്ന അവളുടെ മാറിലൊട്ടി ഒരു കുഞ്ഞു പെണ്കുഞ്ഞു കിടപ്പുണ്ടായിരുന്നു. കൈയിൽ തൂങ്ങിമറ്റൊരുവളും.

“ഉച്ചയൂണു കഴിഞ്ഞു കിടന്നു ഉറങ്ങിയതാണ് രണ്ടാളും. ഇപ്പോഴാണ് എണീക്കുന്നത്”. അവൾ പുഞ്ചിരിച്ചു.

തെല്ലൊരു സങ്കോചത്തോട് കൂടി മൂത്തവൾ എന്നെയും അവളുടെ അമ്മയെയും മാറി മാറി നോക്കി. ഇളയവൾ ആകട്ടെ കൈ നീട്ടിയ പാടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

” ഇത്രയും നാളും ഞാൻ ഒരു പൂവ് മാത്രമായിരുന്നു അജൂ.. എങ്ങു നിന്നോ വന്ന ശലഭങ്ങൾ തേൻകുടിച്ച മാത്രയിൽ അവർ മറന്നു കളയുന്ന പൂവ്. .

ഇളയവളുടെ വായിലെ കുഞ്ഞരിപല്ലുകൾ എന്റെ വിരലുകളിൽ ഇക്കിളികൂട്ടുന്നതിൽ നിന്നും ശ്രദ്ധ മാറി ഞാൻ അവളുടെ വാക്കുകൾക്ക് കാതോർത്തു.

“ഞാനും..??

മ്മ്.. !

ഇപ്പൊ ഈ കുഞ്ഞുങ്ങളോ.?

“അവർ വെറും പ്യൂപ്പകൾ ആണ് അജൂ. പുറംലോകം അറിയാത്ത പ്യൂപ്പകൾ. ഒരിക്കൽ പുറം തോട് തകർത്തു പുറത്തു വരുന്ന ശലഭങ്ങൾക്ക് വേണ്ടിയാണ് ഞാൻ കാത്തിരിയ്ക്കുന്നത്. പിന്നെയും നേരം കുറേ കടന്നു പോയി. സന്ധ്യമാഞ്ഞു തുടങ്ങി.

തടി അഴികൾ അതിരിട്ട നീളം വരാന്തയിൽ നിന്നും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ. ആ മുറിപ്പാടിന് മേലെ കൈകോർത്തു എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.

“ഞാൻ തിരികെ വരും ഗൗരി..ആരും കടന്നു വരാത്ത ഇരുകാടുകൾ ആവാം നമുക്കിനി. പിറവിഎടുക്കാനിരിക്കുന്ന ശലഭകുഞ്ഞുങ്ങൾക്കായി കാപട്യമില്ലാതൊരു ലോകം കാത്തു വയ്ക്കാം.. “

മനസിലെ കള്ളത്തരം കണ്ണുകൾ കട്ടെടുത്ത കൊണ്ടാവാം. മുഖം നിറയെ ചിരി പടർത്തികൊണ്ടാണവൾ പറഞ്ഞത്.

അജൂ.. ഇനി നീ ഈ വഴിക്കു വരണ്ടാട്ടോ.. !

“എന്തേ”.?

“വേണ്ട.. ! വല്ല സദാചാരക്കാരും കണ്ടാൽ ഇപ്പൊ തന്നെ എന്നെ പിടിച്ചു നിന്റെ തലയിലാക്കും”.

“ആക്കട്ടെന്നേ… !

“അയ്യോ.. വേണ്ടായേ. ! അറിഞ്ഞുകൊണ്ട് ഒരപകടത്തിൽ ചാടാൻ ഞാനില്ലേ”…!

അവളുടെ മറുപടികേട്ടു ചിരിച്ചു,

തലകുലുക്കി സമ്മതിച്ചെങ്കിലും. പിന്നെയും ഞാൻ ആ ചിത്രശലഭക്കൂട്ടിൽ വിരുന്നുകാരനായി.

കുഞ്ഞിപ്പെണ്ണിന്റെ കുഞ്ഞിപല്ലുകൾ വീണ്ടും എന്റെ വിരലുകളിലും മുഖത്തും ഇക്കിളിയിട്ടു. അമ്മയേയും ചേച്ചിയേയും കുറിച്ചുള്ള കുഞ്ഞിക്കെറുവുകൾ വരെ അവളെന്നോട് കൊഞ്ചിപ്പറയുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

ടീവിയിൽ എന്റെ സ്വരം കേട്ടു വല്യവൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു എന്ന വാർത്ത കേട്ട് മനസ്സ് നിറഞ്ഞു. കണ്ണും.

ചുറ്റിനും പാട്ടും, മനസ്സിനുള്ളിൽ കുഞ്ഞികൊഞ്ചലുകളും ഉന്മാദം തീർത്തൊരു രാത്രിയിലാണ് . സുഹൃത്തുക്കളിൽ ഒരാൾ തന്റെ വാട്സാപ്പ് ഗാലറി തുറന്നു ഒരു വീഡിയോ ക്ലിപ്പ് കാണിക്കുന്നത്. ആരോ ഫേസ്ബുക്ക് ലൈവ് വന്നത് കട്ട്‌ ചെയ്ത ഭാഗമാണെന്ന് തോന്നുന്നു. ഔട്ട്‌ ഓഫ്‌ ഫോക്കസ് ആയ ഒരു വീഡിയോ .

ഇരുട്ടു വീണു തുടങ്ങിയ , നഗരത്തിന്റെ ഒരാളൊഴിഞ്ഞ ഭാഗത്തേയ്ക്ക് നടന്നടുക്കുന്ന കുറച്ചു പോലീസ് ഷൂഷുകൾ. കാട്ടുവള്ളിപടർപ്പുകൾക്ക് അഭിമുഖമായി കമഴ്ന്നു കിടക്കുന്ന ഒരു സ്ത്രീ. അവരുടെ മുഖത്തിന്റെ ഒരു വശം ഭംഗീകമായി കാണാമെങ്കിലും കറുത്തു തടിച്ച ഒരു കൂട്ടം കട്ടുറുമ്പുകൾ അവിടെമാകെ കൂടു കൂട്ടിയിരിക്കുന്നു.

ഹോ, തലപെരുക്കുന്ന കാഴ്ച, ഈ സന്തോഷങ്ങൾക്കിടയിൽ ഇതെന്തിന് എന്നെ കാണിച്ചുയെന്ന ചോദ്യത്തോടൊപ്പം വായിൽ വന്നത് മുഴുത്തൊരു തെറിയാണ്.
അത് പുറത്തേയ്ക്കു തുപ്പി കളഞ്ഞു സ്‌ക്രീനിൽ നോക്കിയപ്പോൾ കണ്ടത് പോലീസ്കാർ അവരെ തിരിച്ചിടുകയാണ്. ക്യാമറയിൽ ഫോക്കസ് ആയിരിക്കുന്നത് അവരുടെ കൈതണ്ടയാണ്‌.അതിൽ ഒരു പൂവിനു ചുറ്റും പറക്കുന്ന രണ്ട് കുഞ്ഞ് ചിത്രശലഭങ്ങൾ വരഞ്ഞ ഇടതുകൈത്തണ്ട.

ഒരലർച്ച എന്നിൽ നിന്നു ഉയർന്നുവെന്ന് തോന്നുന്നു. അറിയില്ല.

പിന്നെ ആ രാത്രിയിലെ ലക്ഷ്യസ്ഥാനം ഒന്നുമാത്രമായിരുന്നു. ഒരേങ്ങൽ പോലും വെളിയിൽ കേൾക്കാത്ത വീടിന്റെ വാതിൽ തുറന്നു അകത്തു കടന്നതും കണ്ടു, ഭയം നിറഞ്ഞു, നിസഹായത ഇടം പിടിച്ച കണ്ണുനീർ വറ്റിയ കണ്ണുകളോടെ എന്റെ ചിത്രശലഭങ്ങൾ.

വാരിപുണർന്നു ഞങ്ങൾ മൂന്നാളും ഒരുമിച്ചു കരഞ്ഞു, അലറിയലറിക്കരഞ്ഞു. തേങ്ങലുകൾ ബാക്കിയായപ്പോൾ ഞാനൊരു പാട്ടു പാടുകയായിരുന്നു. ഇനിയെന്റെ ജീവിതത്തിന്റെ താളമാകുന്നൊരു താരാട്ട് പാട്ട്.. !

അനു അഞ്ചാനീ.🦋