നിനക്കെന്തേ ഇത്ര നോവുന്നു എന്നവനെ ചേർത്ത് നിർത്തി ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ….

മൂകസാക്ഷി

Story written by Athira Sivadas

====================

കണ്ണാടിപ്പുഴയിൽ ശ വം പൊങ്ങിയത്രെ. അടുത്ത വീട്ടിലെ ചെക്കൻ വന്ന് നിന്ന് കിതച്ചുകൊണ്ട് പറഞ്ഞത് കണ്ണ് നിറച്ചുകൊണ്ടായിരുന്നു. ഇവനെന്തിനാ കരയണേ, ഇവന്റെ ആരെങ്കിലുമായിരുന്നോ കണ്ണാടി പുഴയിൽ പൊങ്ങിയ ശവം എന്നൊക്കെ ആലോചിച്ച് ഉമ്മറപ്പടിയിൽ അതേ ഇരുപ്പിരുന്നു. മഴ നിർത്താതെ പെയ്യണുണ്ട്. അകത്താണേൽ ചോർന്നൊലിക്കുന്നുമുണ്ട്. ഇതൊന്നും ഓർക്കാതെ ഒരാൾ രണ്ട് ദിവസം മുന്നേ പോയ പോക്കാണ്. എണീക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്. എങ്കിലും നടുവിന് താങ്ങി പിടിച്ച് മെല്ലെ എഴുന്നേറ്റു. എട്ടാം മാസം ആയേൽ പിന്നെ കൂടെക്കൂടെ കാലിൽ മസിൽ കയറും. ആളുണ്ടെങ്കിൽ കാലിടയ്ക്കിടെ തടവി തരും. ഇതിപ്പോൾ ഒന്നും ഓർക്കാതെ എവിടെ പോയതാണോ എന്തോ.

മഴ കനക്കുന്നു. കണ്ണാടിപ്പുഴയിലെ ശവം കണ്ട് മടങ്ങുന്നവരൊക്കെ എന്റെ ഉമ്മറത്ത് വന്ന് തടിച്ചു കൂടാ. അവറ്റോളെ ഒക്കെ ആട്ടി പായിക്കണം എന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല..മിനിഞ്ഞാന്ന് സന്ധ്യ തൊട്ട് കാത്തിരിക്കാ. ഇരുട്ടിയപ്പോൾ മുതൽ ആധിയാ…

കണ്ണാടിപ്പുഴയിൽ ശ വം കണ്ടെന്നു കേട്ടതോടെ നെഞ്ച് കിടന്ന് പെടക്കാ…ഉള്ള് നീറാ…പക്ഷെ മഴയത്തു നനഞ്ഞൊലിച്ച്‌ ആള് കയറി വരുമെന്നൊരു പ്രതീക്ഷ ഇപ്പോഴും ബാക്കിയാ… ഉമ്മറത്ത് ആളുകളുടെ എണ്ണം കൂടി വരവേ മുന്നിലുള്ള വെളിച്ചം മങ്ങുന്നുണ്ടായിരുന്നു.

ശരീരത്തിന്റെ തളർച്ച വക വെയ്ക്കാതെ മഴയത്തിറങ്ങി നടന്നു. കണ്ണാടിപ്പുഴയിലേക്ക് നടക്കും വഴി കഴുത്തിലെ കറുത്ത ചരടിനറ്റത്ത് കോർത്ത താലിയിൽ മുറുകെ പിടിച്ചിരുന്നു. ആരൊക്കെയോ കുടയുമായി ഒപ്പം ചേരാനൊരുങ്ങി. ആരെയും വക വെക്കാതെ വയറിനു മുകളിൽ കൈ വച്ച് ആളുകളെ വകഞ്ഞു മാറ്റി ഞാൻ വേഗം നടന്നു.

കമഴ്ന്നു കിടക്കുകയാണ്. മിനിഞ്ഞാന്ന് ഇസ്തിരിയിട്ട് കൊടുത്ത കുപ്പായത്തിൽ ചെളി പുരണ്ടിരിക്കുന്നു. ചാറ്റൽ മഴ കൊണ്ടാൽ തന്നെ പനി വരുന്നയാളാണീ പെരുമഴയത്ത് മണ്ണിൽ കിടക്കുന്നുണ്ട്. മലർത്തിയിട്ട് കവിളിൽ തട്ടി രണ്ട് പ്രാവശ്യം വിളിച്ചു. ഉണർന്നില്ല. ഇടനെഞ്ചിൽ കൈ വച്ച് നോക്കി. ഇല്ലാ, അവിടെ ഇപ്പോഴാ പിടപ്പില്ല. മുഖത്തൊക്കെ മുറിവുണ്ട്.

“ത ല്ലി ക്കൊ ന്ന് പുഴയിൽ ഇട്ടതാ…” ആൾക്കൂട്ടത്തിനിടയിൽ ആരോ പറയുന്നത് കേട്ടു.

ഞാൻ വീണ്ടും വിളിച്ചു. ഉറക്കത്തിൽ വിളിക്കണത് പണ്ടേ ഇഷ്ടല്ല. ഉണർന്നാലും ഉറക്കം നടിച്ചു കിടക്കും. വീണ്ടും വിളിച്ചാലോ… എന്നെയും വലിച്ചൊപ്പം കിടത്തും. ഇതിപ്പോൾ ഉറക്കം നടിക്കല്ല. മുഖം കണ്ടാൽ അറിയാം. ആഴമേറിയ ഉറക്കം. മുഖത്ത് നല്ല ക്ഷീണം ണ്ട്.

ഉറങ്ങിക്കോട്ടെ…

ഞാൻ എണീറ്റു തിരികെ നടന്നു.

“അധികനേരം ആ മഴയത്തങ്ങനെ കിടത്തല്ലേ…” ചുറ്റും കൂടി നിന്നവരെ നോക്കി അത്രമാത്രം പറഞ്ഞു.

ചോർന്നൊലിക്കുന്ന ഓടിട്ട ചെറിയ വീടിനകത്തും പുറത്തും ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. വീർത്തുന്തിയ വയറിൽ കൈ വച്ച് ബുദ്ധിമുട്ടി ഞാൻ നടക്കുന്നത് കണ്ട് കാഴ്ചക്കാരിൽ സഹതാപം നിറഞ്ഞിരിക്കണം. ഞാൻ ആരെയും ഗൗനിക്കാതെ ഉമ്മറത്തെ പടിക്കെട്ടിൽ ഇരുപ്പുറപ്പിച്ചു. വേലിക്കലേക്ക് നോക്കുമ്പോഴൊക്കെ നനഞ്ഞൊലിച്ച്‌ കയറി വരുമെന്നൊരു പ്രതീക്ഷ. നൂറു മീറ്റർ അപ്പുറത്ത് ജീവനറ്റ് കിടക്കുന്നുണ്ടെന്നറിയാമെങ്കിലും മനസ്സ് പിന്നേം പ്രതീക്ഷിക്കാ…

വയറ്റിൽ കിടക്കുന്ന ആളൊന്നനങ്ങി.ആളറിഞ്ഞോ അച്ഛൻ പോയെന്ന്. അമ്മയ്ക്കിങ്ങനെ നോവണമെങ്കിൽ കാര്യമായെന്തോ സംഭവിച്ചിട്ടുണ്ടാവണമെന്നവൻ തിരിച്ചറിഞ്ഞിരിക്കണം.

കരയാതെയിരിക്കുന്ന എന്നെക്കണ്ട് ആളുകളൊക്കെ സഹതാപക്കണ്ണീർ പൊഴിച്ചു.

“ചേട്ടനെ ആംബുലസിൽ കയറ്റി കൊണ്ടോയി ചേച്ചി…” അപ്പുറത്തെ ചെക്കൻ പിന്നെയും കണ്ണുനീരോടെ മുൻപിൽ വന്നു നിന്നു.

നിനക്കെന്തേ ഇത്ര നോവുന്നു എന്നവനെ ചേർത്ത് നിർത്തി ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ നിർവികാരതയോടെ അവനെ ഒന്ന് നോക്കുക മാത്രം ചെയ്ത് ഞാൻ വേലിക്കലേക്ക് നോക്കിയിരുന്നു.

സന്ധ്യയ്ക്ക് അരിമേടിക്കാൻ കവലയിലേക്ക് ഇറങ്ങിയതാണ്. പിന്നെ വന്നില്ല. എടുത്ത് പറയാനൊരു ജോലിയോ ചൂണ്ടിക്കാണിക്കാൻ ബന്ധുക്കളോ ഇല്ലാത്തൊരുവന്റെ കൂടെ ഇറങ്ങി വന്നത് കൊണ്ടല്ലേ നിനക്കിതൊക്കെ അനുഭവിക്കേണ്ടി വന്നതെന്ന് രണ്ട് ദിവസം മുൻപും എന്റെ മടിയിൽ കിടന്ന് കൊണ്ട് ചോദിച്ചിരുന്നു. ഒന്നും വേണ്ടായിരുന്നെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി കയ്യിൽ നല്ലൊരു കിഴുക്ക് കൊടുത്തു.

പി. ജി കഴിഞ്ഞ് ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മേനോൻ മഠത്തിലെ പെണ്ണ് പ്രണയം പറഞ്ഞൊപ്പം കൂടുന്നത്. കുറവുകളോരോന്നും എടുത്ത് പറഞ്ഞെന്റെ പ്രണയത്തിന് നേരെ കണ്ണടച്ചെങ്കിലും ഒടുവിൽ തോൽവി സമ്മതിക്കേണ്ടി തന്നെ വന്നു. പ്രണയം നിറച്ച നോട്ടങ്ങളോ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളോ  ഒന്നുമുണ്ടായിരുന്നില്ല. കണ്ണു നിറയ്ക്കുമ്പോഴൊക്കെ ചേർത്ത് നിർത്തും. വേദനകളെയൊക്കെ മുത്തിയെടുക്കും. ഒരു ദിവസം വലിയമ്മാവന്റെ മകന്റെ സ്നേഹപ്രകടനത്തിനൊടുവിൽ കീറിയ വസ്ത്രവുമായി മുന്നിൽ ചെന്ന് നിന്ന് കരഞ്ഞപ്പോൾ ഒപ്പം കൂട്ടിയതാണ്. അന്ന് മുതൽ രാപകലെന്നില്ലാതെ ഏത് പണിക്കും പോകും.

അമ്മകൂടി മരിച്ചതിൽ പിന്നെ അത്ര സമാധാനമായി ഞാനുറങ്ങിയത് ആ നെഞ്ചിൽ ചേർന്ന് കിടന്നാണ്. അച്ഛൻ ചെറുപ്പത്തിലേ മരിച്ചതാണ്. അന്ന് മുതൽ എനിക്കും അമ്മയ്ക്കും മേനോൻ മഠത്തിൽ അടുക്കളപ്പുറത്തായിരുന്നു സ്ഥാനം. വിധവയെ കണികാണാൻ കൊള്ളില്ല, ആഘോഷങ്ങൾക്ക് കൂട്ടാനാവില്ല എന്നൊക്കെ പറഞ്ഞ് അമ്മയെ ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് തന്നെ അകത്ത് തളച്ചിട്ടു. ഉമ്മറത്തെങ്ങാണം നിൽക്കുന്നത് കണ്ടാൽ വല്യച്ഛൻ അമ്മയെ മുടിക്കുത്തിന് പിടിച്ചു തള്ളും. മറ്റുള്ളവരുടെ കൂടെയിരുന്ന് കഴിക്കാനോ ശബ്ദമുയർത്തി ഒന്ന് ചിരിക്കാനോ എനിക്കും അനുവാദമുണ്ടായിരുന്നില്ല…

ഒരിക്കൽ ചെറിയച്ഛന്റെ കുട്ടിയെ ഒന്ന് വാരി എടുത്ത് നെറ്റിയിൽ ചുണ്ട് ചേർത്തതിന് അസത്തെന്ന് പറഞ്ഞ് ചെറിയച്ചൻ പൊതിരെ തല്ലി. പിന്നെ മിണ്ടാനെ പോയിട്ടില്ല.

മറ്റുള്ളവർക്ക് വച്ച് വിളമ്പി, അവരുടെ എച്ചിൽ പാത്രം കഴുകി ജീവിച്ചു. ഒരിക്കൽ കിണറ്റുകരയിൽ വച്ച് അമ്മയെ കയറിപ്പിടിച്ച വലിയച്ഛനെ കുട്ടികൾക്ക് ട്യൂഷനെടുക്കാൻ വന്ന വാദ്യാര് ഭിത്തിയിൽ ചേർത്ത് നിർത്തി കരണം അടിച്ചു പുകച്ച കഥ കരഞ്ഞു തളർന്നൊരു രാത്രിയിൽ അമ്മ പറഞ്ഞതോർക്കുന്നു. പിന്നീട് അയാൾ ട്യൂഷനെടുക്കാൻ വന്നിട്ടില്ല. ട്യൂട്ടോറിയലിൽ വന്ന് തുടങ്ങിയപ്പോൾ സ്നേഹവും ആരാധനയും ബഹുമാനവും ഒക്കെ തോന്നി. അയാളെ കാണുമ്പോഴൊക്കെ എന്തുകൊണ്ടോ എനിക്കാരൊക്കെയോ ഉണ്ടെന്ന് തോന്നും. പ്രണയം ആയിരുന്നോ എന്നറിയില്ല. അയാളെപ്പോഴും കൂടെ ഉണ്ടായാൽ മതിയെന്നായിരുന്നു.

മേനോൻ മഠത്തിലെ കുട്ടിയുടെ തമാശയായെ അയാൾക്ക് ആദ്യം തോന്നിയുള്ളു. പിന്നീട് ഒരിക്കൽ ദേഹത്തൊക്കെ പാടുമായി കയറി ചെന്നപ്പോൾ കാര്യം തിരക്കി. അങ്ങനെയാണ് ജീവിതം എന്താണെന്ന് അയാളോട് പറഞ്ഞത്. സഹതാപം കൊണ്ടോ സ്നേഹം കൊണ്ടോ ആദ്യം ആശ്വസിപ്പിച്ചു. പിന്നീട് കൂടെ കൂട്ടമെന്ന് വാക്കും നൽകി. ഒടുക്കം തീരെ നിവർത്തിയില്ലാതെ ഇറങ്ങി ചെന്നപ്പോൾ ഒപ്പം ക്കൂട്ടി.

ആരും ഇല്ലാത്തോർക്ക് സ്നേഹിക്കാൻ ഒരാളെ കിട്ടിയാൽ പിന്നെ നിറയെ സ്നേഹമാണ്. ആളെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ മുത്തശ്ശിയാണ്. അവർ കൂടെ മരിച്ചതോടെ തനിച്ചായി. പിന്നീട് ഉള്ളിലുള്ള സ്നേഹം മുഴുക്കെ പകർന്നു തന്നത് എനിക്കാണ്.

സന്ധ്യയായിട്ടും മഴയ്ക്ക് കുറവൊന്നുമില്ല. മാനവും പ്രകൃതിയും ഒരുപോലെ കറുത്തിരുണ്ടു. പിന്നാമ്പുറത്ത് ടാർപ്പ വലിച്ചുകെട്ടി ചിതയൊരുക്കി. നേരമേറെ കഴിഞ്ഞപ്പോൾ മുറ്റത്തൊരാമ്പുലൻസ് വന്നു നിന്നു. എന്നെയൊന്നു കാണിക്കുക കൂടി ചെയ്തില്ല. നേരെകൊണ്ട് പോയി ചിതയിൽ വച്ചതിന് ഞാൻ മൂകസാക്ഷിയായി നിന്നു.

മേനോൻ മഠത്തിലെ കാര്യസ്ഥൻ എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നത് കണ്ടപ്പോഴേ സംശയം തോന്നിയതാണ്. ആളുകൾക്കിടയിലെ മുറുമുറുപ്പ് കൂടി കേട്ടപ്പോൾ തീർച്ചയായിരുന്നു. വല്യച്ചൻ പണമെറിഞ്ഞിട്ടാത്രെ പോസ്റ്റ്‌മാർട്ടം ഒഴിവാക്കി ബോഡി പെട്ടന്ന് കത്തിച്ചത്. എന്തായിരുന്നു കാരണം…ദുരഭിമാനവോ…അതോ ഒരിക്കൽ ത ല്ലി യതിനുള്ള പകവീട്ടലോ….ഇതൊന്നുമല്ലെങ്കിൽ എനിക്ക് തന്ന ശിക്ഷയാണോ. ഞാനാരോടും ഒന്നും ചോദിച്ചില്ല. പടിക്കെട്ടിൽ അതേ ഇരുപ്പിരുന്നു.

നേരം ഒരുപാട് ഇരുട്ടി. കണ്ണീർ പൊഴിച്ചവരൊക്കെ മടങ്ങി പോയി. മഴ അപ്പോഴും കനത്ത് തന്നെ പെയ്തുകൊണ്ടിരുന്നു. തെക്കേപ്പുറത്ത് ആ ശരീരം എരിഞ്ഞു തീർന്നുകൊണ്ടിരിക്കുകയാണെന്ന് അറിയാമെങ്കിലും ഞാൻ കാത്തിരുന്നു…എനിക്കൊപ്പം എന്റെ ഉള്ളിലൊരാളും…