പോയകാല സമൃദ്ധിയുടെ ഓർമ്മകളിൽ നിന്നും മുക്തി നേടാനെന്ന വണ്ണം അടുപ്പിലെ പുകയൂതി അവയുടെ എരിവ് കണ്ണിൽ നിറച്ചു കൊണ്ടിരുന്നു ശ്യാമ…

” ചെരുപ്പ് “

Story written by Anu George Anchani

==================

“സീറോ ബൾബിന്റെ വെളിച്ചത്തിൽ ഈയാംപാറ്റകളുടെ സൂഷ്മചലനം

വീക്ഷിക്കുന്ന പല്ലികളിൽ ആയിരുന്നു അയാളുടെ നോട്ടമെങ്കിലും, പുതുമഴ വീണ സന്ധ്യയിൽ എങ്ങു നിന്നോ വന്നു ചിറകടയാളം അവശേഷിപ്പിച്ചു പോകുന്ന ക്ഷണജീവികളായ ഈയാംപാറ്റകളെ കുറിച്ചായിരുന്നു അയാളുടെ ചിന്തകൾ മുഴുവനും.

“ദാസേട്ടാ..കഞ്ഞി എടുത്തു വച്ചിരിക്കുന്നു കഴിക്കാൻ വരൂ ” എന്ന് ശ്യാമ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞപ്പോളാണ് അയാൾ ചിന്തയിൽ നിന്നുമുണർന്നത്. പോളിഷിംഗ് ഇളകിമാറിയിടത്ത് കറ പിടിച്ച പ്ലാസ്റ്റിക് കസേരയിൽ ഇരുകൈകൾ കൊണ്ടും മുറുകെ പിടിച്ചയാൾ എഴുന്നേറ്റു, വലത്തെകാലിന് പകരം ഭിത്തിയിൽ ചാരിവച്ചിരുന്ന ക്രച്ചസ് കഷത്തിലേയ്ക്ക് ചേർത്ത് വച്ചു, ഉറച്ച ഇടതുകാലടികളോടെ അടുക്കളയിലേയ്ക്ക് നടന്നു.

അടുപ്പിൽ നിന്നും ഉയർന്നു പൊങ്ങി, പുറത്തെ മഴയോട് തോറ്റു മടങ്ങിയ കറുത്ത പുകചുരുളുകൾ അനാഥ പ്രേതം കണക്കെ അടുക്കളയെന്നവർ കണക്കാക്കിയ ആ ചായ്പലിൽ വിഹരിക്കുന്നുണ്ടായിരുന്നു.

രണ്ടു മൂന്ന് സ്റ്റീൽ പാത്രങ്ങൾ കഴുകിയ മെഴുക്കു നിറഞ്ഞ സോപ്പുവെള്ളം മഴയിലേക്ക് വീശിയെറിയുന്ന ശ്യാമയെ മറികടന്നയാൾ, അടുപ്പും കല്ലിൽ തിളച്ചു കൊണ്ടിരുന്ന കറിയിലേയ്ക്ക് തേഞ്ഞുതുടങ്ങിയ ചിരട്ടത്തവിയിട്ടിളക്കി. നേർത്ത എണ്ണയുടെ പാട കലങ്ങിയ മഞ്ഞവെള്ളത്തിന്റെ മുകളിലേയ്ക്ക് വെന്തു കലങ്ങിയ കപ്പളങ്ങ കഷ്ണങ്ങൾ പൊങ്ങി വന്നു.

“ഇതിലേയ്ക്ക് ഇച്ചിരി തൈരുണ്ടെങ്കിൽ എടുത്തൊഴിക്ക്‌ ശ്യാമേ” ഭാര്യയോടായാൾ പറഞ്ഞു .

” ഇല്ല ഇരിപ്പില്ല, പശൂന്റെ കറവവറ്റിയെന്നു മിനിഞ്ഞാന്ന് ശാന്തേച്ചി പറഞ്ഞിരുന്നു .

“ഉം”..

“പക്ഷേ”,

“ന്തേ, …

“ഇന്നലെ ജെയ്ന ശാന്തേച്ചീടെ കൈയിൽ ഒരു കുപ്പി പച്ചമോരും മേടിച്ചോണ്ട് നമ്മുടെ കയ്യാല കേറിയാ പോയത്”.

“ഉം.

രണ്ടാമത്തെ മൂളലിന് ശക്തി കുറവായിരുന്നു.

പോയകാല സമൃദ്ധിയുടെ ഓർമ്മകളിൽ നിന്നും മുക്തി നേടാനെന്ന വണ്ണം അടുപ്പിലെ പുകയൂതി അവയുടെ എരിവ് കണ്ണിൽ നിറച്ചു കൊണ്ടിരുന്നു ശ്യാമ.

“എന്നാൽ ഇച്ചിരി ചമ്മന്തി ഇടിച്ചാലോ, ” ഭാര്യയോട് ചോദിച്ചു കൊണ്ടയാൾ അടുപ്പിനു മുകളിലെ ചേരിൽ തൂക്കിയിട്ട ഈറക്കൊട്ട കയ്യെത്തി എടുത്തു. നനഞ്ഞ കടലാസുകൂടുകൾക്ക് ഇടയിൽ നിന്നും ഉണക്ക തിരണ്ടിയുടെ വൽകഷ്ണമെടുത്തു ശ്യാമയുടെ നേർക്കു നീട്ടി.

“നീ ഇതൊന്നു നല്ലപോലെ ചുട്ടെടുത്തേ.,എന്നിട്ട് മുളകുകൂട്ടി നന്നായൊന്നു ഇടിച്ചെടുക്കു”.

നേർത്ത മഞ്ഞിന്റെപാടപോലെ റബ്ബർ മുട്ടിയിൽ പറ്റിപ്പിടിച്ച ചാരം ഊതി മാറ്റി, കഴുകിയ മീൻകഷ്ണങ്ങൾ അവയ്ക്ക് മേലെ വിടർത്തിയിട്ടു. വെള്ളം തീ തൊട്ട ശീൽക്കാരശബ്ദത്തിനൊപ്പം മീൻമണവും അടുക്കളയിൽ തളംകെട്ടി.

ഉള്ളിക്കൊട്ടയിൽ തട്ടികുടഞ്ഞെടുത്ത രണ്ടൂന്നു ചോന്നുള്ളിയും, വെളുത്തുള്ളിയും തൊലികളെഞ്ഞയാൾ എടുത്തപ്പോഴേയ്ക്കും, കരി വരഞ്ഞു മാറ്റി മീൻവീണ്ടും കഴുകി ഒരു കുഞ്ഞു പാത്രത്തിലേക്ക് വച്ചിരുന്നു ശ്യാമ.

ഉള്ളിക്കും രണ്ടു സ്പൂൺ മുളക് പൊടിയ്ക്കുമൊപ്പം ഇച്ചിരി ഉപ്പുകല്ലും കൂടി ആ പത്രത്തിൽ സ്ഥാനം പിടിച്ചു..ഇനി ഇടിച്ചൊതുക്കാനായി അരകല്ലിന്റെ അടുത്തേയ്ക്ക്.

അടുക്കളയിലെ വെളിച്ചം പിശുക്കു കാണിക്കുന്ന പിന്നാമ്പുറത്തു നിന്നു കൊണ്ട് മഴച്ചാറൽ വകവയ്ക്കാതെ ശ്യാമയെ നോക്കി അയാളും ക്രച്ചസും ഭിത്തിയിൽ തങ്ങളുടെ ഭാരം താങ്ങി നിന്നു. കഴുകി വൃത്തിയാക്കിയ അരകല്ലിന്റെ തലഭാഗത്തു അതിന്റെ പിള്ളയെ ഉറപ്പിക്കാനായി വച്ചിരുന്ന പച്ചമഞ്ഞൾ കഷ്ണം തെന്നി തെറിച്ചു മുറ്റത്തേയ്ക്ക് വീണത് അപ്പോഴാണ്. ചേറിൽ പുതഞ്ഞു കിടന്ന മഞ്ഞൾ കഷ്ണത്തെ ഇച്ഛാഭംഗത്തോടെ നോക്കുന്ന ശ്യാമയെ കണ്ടയാൾക്ക് ഒരത്ഭുതവും തോന്നിയില്ല. കാരണം, ആ കുഞ്ഞു മഞ്ഞൾ കഷ്ണത്തിന്റെ അഭാവം പോലും തങ്ങളുടെ ജീവിതത്തിൽ മറ്റാർക്കും മനസിലാക്കാൻ കഴിയാത്ത നഷ്ടമാണെന്നു അവളെ പോലെ തന്നെ അയാൾക്കും തികഞ്ഞ ബോധ്യമുണ്ടായിരുന്നു.

കഞ്ഞി നാല് പാത്രങ്ങളിലായി വിളമ്പി വച്ചതിനു ശേഷമാണ് മക്കളെ വിളിക്കാൻ അയാൾ അവളോട് പറഞ്ഞത്.

ആദിയും, ഭൂമിയും അവരുടെ ദാമ്പത്യവല്ലിയിലെ മനോഹരമായ രണ്ടു പുഷ്പങ്ങൾ. ശ്യാമയുടെ ശ്യാമവർണ്ണമാണ് ഇരുവർക്കും. അപ്പന്റെ വിടർന്ന കണ്ണുകളാണ് ആദിയുടെ ഒസ്യത്തെങ്കിൽ ഭൂമിയുടെ നുണക്കുഴി കവിളുകളാണ് അപ്പന്റെ ഛായയെ ഓർമ്മിക്കുന്നത്.

പുറത്തു പെയ്യുന്ന മഴമേഘങ്ങൾ അത്രയും തന്നെ മകന്റെ മുഖത്തും കൂടു കൂട്ടിയിരിയ്ക്കുന്നതു കണ്ടപ്പോൾ തന്നെ അയാൾക്ക് കാര്യം മനസിലായി. നാളെ സ്കൂൾ തുറക്കുകയാണ് . കഴിഞ്ഞ രണ്ടു മാസത്തെ അവധിയ്ക്ക് ഇടയിലും അവൻ ഒരേയൊരു കാര്യമേ തന്നോട് ആവിശ്യപ്പെട്ടിട്ടുള്ളു , ഒരു ജോഡി ചെരുപ്പ് അതും റബ്ബറിന്റെ !

തേഞ്ഞു തീർന്ന ചെരുപ്പ് കാട്ടി പരാതികൾ ഒരുപാട് പറഞ്ഞു കഴിഞ്ഞിരിയ്ക്കുന്നു അവൻ. തൊട്ടാവാടി മുള്ളു പോലും ഉപ്പൂറ്റിയിൽ തറച്ചത്, വണ്ടിക്കു ചക്രം വെട്ടാൻ തരാമോയെന്നു കൂട്ടുകാർ കളി പറഞ്ഞത്.. അങ്ങിനെ കുറേ കാര്യങ്ങൾ..

മീന്മണമുള്ള കുഞ്ഞിച്ചുണ്ടുകളുടെ ചുംബനമേറ്റുവാങ്ങി അവരെ കഥ പറഞ്ഞുറക്കുമ്പോൾ ആദിയുടെ കണ്ണുകൾ മാത്രം നനഞ്ഞൊട്ടിയിരിക്കുന്നത് കണ്ടിട്ടും അയാൾ കണ്ണുകൾ ഇറുക്കിയടച്ചതേയുള്ളു. ഒരു വാക്കിന്റെ ഉറപ്പു പോലും കൊടുക്കാൻ കഴിയാത്ത അച്ഛനായി പോയതിൽ മനസ്സിനെക്കാൾ വേദനിച്ചത് വലം കാലിലെ മുറിപ്പാടിനാണ്.

റോഡ് മുറിച്ചു കടക്കുന്നതിന് ഇടയിൽ കാലനായി കടന്നു വന്ന ലോറിയുടെ മുരൾച്ചയും, ഇടിയുടെ ആഘാതവും, ഞൊടിഞ്ഞുനുറുങ്ങിയ കാലിലെ വേദനയും, ക്ഷണനേരം കൊണ്ട് മനസിലും തലച്ചോറിലും മിന്നിമാഞ്ഞു. അതിന്റെ പ്രകമ്പനമെന്ന വണ്ണം വലം കാലിലൂടെ ഒരു തരിപ്പ് അരിച്ചിറങ്ങി .

ഭാഗ്യദോഷിയായിട്ടും മറ്റുള്ളവർക്ക് ഭാഗ്യം വിൽക്കാൻ വിധി തന്നെയാണ് ഏൽപ്പിച്ചിരിയ്ക്കുന്നതു എന്നോർത്ത് അയാൾക്ക്‌ ആശ്ചര്യമുളവായി.

മക്കളെ ഒരു പുതപ്പിൻ കീഴിൽ സുരക്ഷിതരാക്കി നല്ല പാതിയുടെ അടുത്ത് ഇടം പിടിയ്ക്കുമ്പോഴും ഒരു ജോഡി നനഞ്ഞ കുഞ്ഞിക്കണ്ണുകൾ അയാളുടെ ഉറക്കം കെടുത്തുന്നുണ്ടായിരുന്നു. തുള്ളിക്കൊരു കുടംപോലെ പെയ്തിറങ്ങിയ മഴ ഈണം കൂട്ടിയും കുറച്ചും താളകൊഴുപ്പേറിയ താരാട്ടു പാട്ടായി മാറി.

ഉറക്കത്തിൽ അയാളൊരു സ്വപ്നം കണ്ടു. പച്ചപ്പായൽ നിറഞ്ഞൊരു അമ്പലക്കുളത്തിൽ പടിക്കെട്ടിനോട് ചേർന്ന് പൊങ്ങിക്കിടക്കുന്ന രണ്ടു ജോഡി ചെരുപ്പുകൾ, അതിലേയ്ക്ക് മിഴി നട്ടു നോക്കിയിരിയ്ക്കുന്ന ഒരാറു വയസ്സുകാരൻ ബാലൻ. തന്റെ ചുറ്റും നടക്കുന്ന ബഹളങ്ങളിലേയ്ക്കൊന്നും ചെവി കൊടുക്കാതെ കണ്ണുകൾ നിറയെ കൊതി പടർന്ന നോട്ടവുമായി നിൽക്കുകയാണവൻ. കൂടെ കളിച്ചു തിമിർത്ത ഉറ്റ ചങ്ങാതിയുടെ വീർത്ത ശരീരവുമായി ആളുകൾ പാതിയും, മുഴുവനുമായുള്ള നിലവിളികളോടെ പോയി മറഞ്ഞപ്പോളേക്കും ആ കുഞ്ഞി ചെരുപ്പുകൾക്ക് അവൻ മറ്റൊരാവകാശിയായി മാറിയിരിക്കുന്നു.

സ്ളേറ്റു പരീക്ഷയിൽ മുഴുവൻ മാർക്കും മേടിച്ച കുട്ടിയുടെ സന്തോഷമാണ് അവന്റെ മുഖത്തു എന്ന് അയാൾക്ക് തോന്നി.

എന്നാൽ, അന്ന് രാവിരുളും വരെയേ ആ സന്തോഷം നീണ്ടു നിന്നുള്ളൂ തൊട്ടാൽ പൊള്ളുന്ന പനിയുമായി ഞരങ്ങുകയും മൂളുകയും ചെയ്യുന്ന മകനെ കൊണ്ട് ആ ബാലന്റെ അമ്മ രാവു പുലരും വരെയും വശംകെട്ടു. പിറ്റേന്ന് പുലർച്ചെ കാവിലെ ഭഗോതിയ്ക്കു ഒരു നെയ്‌വിളക്കും നേർന്നു, അമ്പലത്തിലെ തിരുമേനിയുടെ നിർദേശപ്രകാരം പുതിയ “അതിഥിയെ ” ഇടവഴിത്തോട്ടിലൂടെ ഒഴുക്കി വിട്ടു കഴിഞ്ഞാണ് ബാലന്റെ തൊണ്ടകുഴിയിൽ കൂടി ഒരിറ്റു കഞ്ഞിവെള്ളമിറങ്ങിയത്. എങ്കിലും പനിയുടെ അകമ്പടിയില്ലാതെ ഇടയ്ക്കൊക്കെ ആ ബാലൻ പച്ചപ്പായയിൽ ഊളിയിട്ട് ശ്വാസംകിട്ടാതെ പിടഞ്ഞു കൊണ്ടിരിന്നു.

മുഖത്തേയ്ക്ക് ശക്തമായ എന്തോ വന്നു മുറുകുന്നപോലെ തോന്നിയപ്പോൾ അയാൾ കണ്ണുകൾ വലിച്ചു തുറന്നു. പുറത്തു നല്ല മഴപെയ്യുമ്പോളും നന്നേ വിയർത്തിരിയ്ക്കുന്നു. പച്ചപ്പായൽ ചീഞ്ഞ ഗന്ധം തനിക്കു ചുറ്റും പടരുന്നത് പോലെ, പഴയ ഓർമ്മകളിൽ വിടുതൽ തേടി ശക്തിയായി തലകുടഞ്ഞു കൊണ്ടയാൾ ഒരു ദീർഘനിശ്വാസമുതിർത്തു.

ഒരു ചുവരിനപ്പുറം ആർത്തലച്ചു പെയ്യുന്ന മഴയിൽ നിശബ്ദമായി അലറിക്കരയുന്ന ഒരു കുഞ്ഞു മനസ്സിനെ അയാൾ കേട്ടതേയില്ല. നനഞ്ഞ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകുന്നത് അയാൾ കണ്ടതേയില്ല.

കടം ചോദിയ്ക്കുവാനുള്ള മുഖങ്ങളെ മനസ്സിൽ പിന്നെയും ഓർത്തെടുത്തു കൊണ്ടാണ് രാവിലെ അയാൾ കിടക്കപ്പായവിട്ടെണീറ്റതു. ശ്യാമയെ ഉണർത്താതെ ഒരു നുള്ള് ഉമിക്കരിയും ഉള്ളം കയ്യിൽ തിരുകി വച്ചു കിണറിന്റെ പാതിപൊളിഞ്ഞ അരമതിലിൽ ചാരി പറമ്പിലൂടെ കണ്ണ് ഓടിക്കവേ എന്തോ ഒരുൾപ്രേരണയാൾ കിണറിന്റെ ആഴമെടുക്കുവാൻ ആഞ്ഞ അയാളുടെ കണ്ണുകൾക്ക് അത് വിശ്വസിക്കുവാൻ കഴിഞ്ഞില്ല, കാലങ്ങൾക്ക് മുന്നേ അമ്പലക്കുളത്തിൽ പൊന്തിയ ചെരുപ്പുകൾ പോലൊന്നു കണ്മുന്നിൽ കിണറിലെ വെള്ളത്തിനൊപ്പം അലയടിക്കുന്നു. തെല്ലുമാറി, മലർന്ന് വെള്ളത്തിനൊപ്പം പൊങ്ങി കിടന്നിരുന്ന ആദിയുടെ നനഞ്ഞ കണ്ണുകൾ തുറിച്ചു മിഴിഞ്ഞിരുന്നു. തൊണ്ടയിൽ കുടുങ്ങിയ നിലവിളിയ്ക്കൊപ്പം തനിക്കും ചുറ്റും പച്ചപ്പായലിന്റെ മണം നിറയുന്നതും. ഓർമ്മകളിലേയ്ക്ക് അതിന്റെ കൊഴുത്ത വഴുവഴുപ്പ് നിറയുന്നതും അയാൾ അറിഞ്ഞു.

~Anu Rosamma Anchani