അയാളെ സംശയിക്കാൻ അവർക്ക് നാട്ടുകാരുടെ ആ വാക്കുകൾ മാത്രം മതിയായിരുന്നു…

എഴുത്ത്: നൗഫു ചാലിയം

====================

“അയാളൊരു പാവമാണ് സാറെ…!

എന്റെ മോളെ.. അയാളൊന്നും ചെയ്യില്ല…”

“നാല് വയസ്സുമാത്രമുള്ള മകളെ കാണാനില്ല എന്ന പരാതിയിൽ,.. തൊട്ടടുത്ത പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലെ ചന്ദ്രേട്ടനെ,… പോലീസ് വന്നു പിടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ റഹ്മത്തിന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി…

പക്ഷെ തൊട്ടടുത്തു നിന്ന പലരുടെയും പിറു പിറുക്കൽ ചെവിയിലേക് തുളഞ്ഞു കയറിയപ്പോൾ.. പുറത്തേക് വന്ന വാക്കുകളെ വിഴുങ്ങുകയന്നല്ലാതെ മറ്റൊരു മാർഗവും അവൾക് ഇല്ലായിരുന്നു…”

“ആരെയും വിശ്വസിക്കാൻ കൊള്ളില്ല .. കാലം അങ്ങനെ യാണേ….

എത്ര എത്ര വാർത്തകളാണ് നമ്മൾ ദിവസവും കേൾക്കുന്നത്…”

രാധേച്ചിയും ശുഷമേച്ചിയും ആയിരുന്നു അത്…

“ചന്ദ്രട്ടനെ പോലീസ് വലിച്ചിയച്ചു കൊണ്ട് പോകുമ്പോൾ പലരുടെയും വായിൽ നിന്നും വന്നത് അത് തന്നെയായിരുന്നു ..

ഇന്ന് സ്കൂളിൽ പോയതിന് ശേഷം നാലുമണിക് വരേണ്ടിയിരുന്നവൾ…

അഞ്ചു മണി ആയിട്ടും കാണാഞ്ഞിട്ടാണ്..”

”സ്കൂളിലും അവൾ പോകുവാൻ സാധ്യത ഉള്ളിടത്തുമെല്ലാം അന്വേക്ഷിച്ചിട്ടാണ് അഞ്ചു മണിക്ക് മുമ്പ് തന്നെ പോലീസിൽ പരാതി കൊടുത്തത്..”

“എങ്ങോട്ടും ഒറ്റക് പോകുന്നവൾ ആയിരുന്നില്ല അവൾ…

നാലര വയസേ ആയിട്ടുള്ളു പൊന്നുവിന്..

Lkg യിലാണ് പൊന്നു പഠിക്കുന്നത്… സ്കൂളിലെ ക് ഈ പ്രായത്തിൽ പറഞ്ഞയക്കാൻ തന്നെ മടിയായിരുന്നു..

നമ്മളൊക്കെ 6മത്തെ വയസ്സിലോ ഏഴാ മത്തെ വയസ്സിലെ അല്ലെ ആദ്യമായി സ്കൂളിന്റെ പടി കണ്ടത്..

അവളുടെ സമപ്രായക്കാരെ എല്ലാം സ്കൂളിൽ ചേർത്തിയപ്പോൾ അവളെയും ചേർത്തു…”

മു *ല കുടി പ്രായത്തിലുള്ള കൊച്ചു കുഞ്ഞു വേറെ ഉള്ളത് കൊണ്ട് തന്നെ അതിനെ മറ്റാരെയെങ്കിലും ഏൽപ്പിച്ചു സന്ധ്യാസമയത് പോലും തിരയാൻ മനസ് വെമ്പുന്നുണ്ട്… അവൾക് അരുതാത്തത് എന്തേലും സംഭവിച്ചോ എന്നായിരുന്നു മനസ് നിറയെ…

പരാതി കിട്ടിയ ഉടനെ തന്നെ പോലീസ് അന്വേക്ഷിക്കാനായി വീട്ടിലേക് വന്നു..

വീട്ടിനുള്ളിലും.. വീടിനടുത്തുള്ള കിണറ്റിലും.. തോട്ടിലും… പാടത്തും…പൊന്ത കാട്ടിലുമായിരുന്നു അവരുടെ ആദ്യ അന്വേക്ഷണം..

എല്ലാ സ്ഥലവും അരിച്ചു പൊറുക്കി.. വീടിനടുത്തുള്ള പലരെയും ചോദ്യം ചെയ്തു..

എന്റെ സ്വഭാവം എങ്ങനെ എന്ന് പോലും അവർ അയൽവാസി കളോടൊക്കെ അന്വേക്ഷിക്കുന്നുണ്ടായിരുന്നു..

അവരുടെ, എന്നോടുള്ള ചോദ്യം ചെയ്യലിൽ തന്നെ മനസിലായി… അവർക്ക് മോളെ കാണാതായതിൽ എന്നെ പോലും സംശയമുണ്ടെന്ന്..

അവരെ കുറ്റം പറയാൻ കഴിയില്ല.. ഇന്ന് കാണുന്ന വാർത്ത മുഴുവൻ അതാണല്ലോ…

എന്റെ മൊബൈൽ നമ്പർ വാങ്ങി ഒരു പോലീസുകാരന് കൊടുത്തു.. മാറ്റാരോടോ വിളിച്ചു ഡീറ്റെയിൽസ് എടുക്കാൻ പറയുന്നതെല്ലാം തൊട്ടടുത്തു നിന്നു കേൾക്കേണ്ടി വന്ന അവസ്ഥ….

അവർക്ക് എല്ലാവരെയും സംശയമായി.. അവസാനം അവർ എത്തിയത് ചന്ദ്രട്ടനിൽ ആയിരുന്നു..

അയാൾ പൊതുവെ ഒരു അന്തർമുകൻ ആയിരുന്നു.. മറ്റാരോടും അതികം സംസാരിക്കാത്ത പ്രകൃതം… സംസാരിക്കുവാണേൽ ഒറ്റക് ഇങ്ങനെ സംസാരിച്ചു നടക്കുന്നത് കാണാം…

ചിരിച്ചു കൊണ്ട് കയ്യൊക്കോ ഒരു പ്രതേക രീതിയിൽ ചലിപ്പിച്ചു കൂടെ ആളുണ്ടെന്ന് തോന്നും മൂപ്പര് സംസാരിച്ചു നടക്കുമ്പോൾ…

അയാൾക് വീട്ടിൽ മാറ്റാരുമില്ല.. ഒറ്റക് ആയിരുന്നു.. എവിടെ നിന്നോ വന്നു ഇവിടെ താമസമാക്കിയതായിരുന്നു അയാൾ…

ചന്ദ്രട്ടനെ ഇന്ന് വൈകുന്നേരം മോളെ സ്കൂളിന് അടുത്ത് കണ്ടവർ ഉണ്ടെത്രെ..

അയാളെ സംശയിക്കാൻ അവർക്ക് നാട്ടുകാരുടെ ആ വാക്കുകൾ മാത്രം മതിയായിരുന്നു…

മോളെ കാണാനില്ല എന്നറിഞ്ഞ നിമിഷം മുതൽ എന്റെ ശരീരത്തിലെ ഓരോ അണുവും തളർന്നു കൊണ്ടിരിക്കുകയാണ്.. ഒന്ന് ചേർത്തു നിർത്തി ആശ്വാസം തരേണ്ട ഇക്ക ആണേൽ ദുബായിലും..

ചുറ്റിലുമുള്ള എന്റെയും ഇക്കയുടെയും ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകൾ ശരീരത്തിൽ ഏല്പിക്കുന്ന മുറിവിനെകൾ മനസിൽ ഏൽപ്പിക്കുന്ന സമയം..

കുറച്ചെങ്കിലും ആശ്വാസം.. ഇക്കയുടെ ഇടക്കിടെ ഉള്ള വിളിയായിരുന്നു..

ആ വിളിയിലും മോളെ കണ്ടോ എന്ന് ചോദിക്കുമ്പോൾ.. ഇല്ല എന്ന് പറയുമ്പോഴുള്ള അവിടുത്തെ നിരാശ എനിക്ക് വ്യക്തമായി തന്നെ അറിയാൻ കഴിഞ്ഞിരുന്നു…

ആരെക്കോയോ എന്റെ അടുത്തു വന്നു സമാധാന പെടുത്തി പോകുന്നുണ്ട്.. കുറെ ഏറെ പേര് എന്റെ നോട്ടക്കുറവിനെ ദേശ്യപ്പെടുന്നുമുണ്ട്……

മോളെ കാണാതെ എനിക്ക് ഒരു നിമിഷം പോലും കഴിയാൻ പറ്റില്ല എന്ന അവസ്ഥയാണ് ശരിക്കും..

സ്വന്തമായി അവളെ തിരഞ്ഞു പോകാൻ മനസ് വല്ലാതെ കൊതിക്കുന്നുണ്ടേലും ശരീരത്തിന്റെ തളർച്ചയിൽ ഞാൻ തീർത്തും അശക്തയായിരുന്നു…

സമയം രാത്രി 7 മാണിയോട് അടുത്തു..

അതിനിടയിൽ ആരോ വന്നു പറഞ്ഞു ചന്ദ്രനെ പോലീസ് ചോദ്യം ചെയ്തു വിട്ടെന്ന്.. അയാളെ അവർ കുറെ ഉപദ്രവിച്ചു പോൽ.. കുറെ അടിക്കുകയും മറ്റും ചെയ്തു… ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞിട്ട് കേൾക്കാതെ നേരെ ഇങ്ങോട്ട് വരുന്നുണ്ടെന്ന്…

അയാൾ നേരെ വീട്ടിലേക് വന്നു.. മറ്റുള്ള നാട്ടുകാർ നിൽക്കുന്ന ഭാഗത്ത്‌ തന്നെ.. വീടിന് അടുത്ത് വന്നു നിന്നു.. കോലായിലെ തൂണിൽ ചാരി നിന്നു വീടിനുള്ളിലേക് നോക്കുന്നുണ്ട്..

അയാളുടെ ചുണ്ടെല്ലാം പൊട്ടി ചോര ഒലിക്കുന്നുണ്ട്.. ഇട്ടിരുന്ന ലൂസുള്ള വൃത്തിയില്ലാത്ത ഷർട്ട് കീറി പറഞ്ഞിട്ടുണ്ട്…

ഞാൻ അയാളെ നോക്കുന്നത് കണ്ടപ്പോൾ.. വെറ്റില മുറുക്കി കറ പിടിച്ച പല്ല് കാണിച്ചു എന്നെ നോക്കി വിഷമത്തോടെ ചിരിച്ചു.

എന്റെ ഉള്ളുലക്കുന്ന ചിരി…. എന്നെ അവർ കുറെ ഉപദ്രവിച്ചു എന്ന് പറയാതെ പറയുന്നത് പോലെ.. ആ കണ്ണുകളിൽ നോക്കിയപ്പോൾ എന്നോട് പറയുന്നത് പോലെ തോന്നി..

“മോളെ ഉടനെ കിട്ടും വിഷമിക്കണ്ട ട്ടോ…എന്നെ സമാധാനപ്പെടുത്തുന്നത് പോലെ…”

അതും കൂടേ കണ്ടപ്പോൾ എന്റെ ഉള്ളിലെ സങ്കടം മഴ പോലെ കണ്ണിലൂടെ ഒലിച്ചു ഇറങ്ങുവാനായി തുടങ്ങി…

ഈ വീട്ടിലേക് എന്ത് ആവശ്യം ഉണ്ടേലും ഒരു വിളിപ്പുറത്തു ആദ്യം ഓടി എത്തുക അയാൾ ആയിരുന്നു.. അയാളൊരു സുഖമില്ലാത്ത ആളാണ് അതികം അടുപ്പിക്കണ്ട എന്ന് പലരും പറഞ്ഞെങ്കിലും.. അയാൾക് വേണ്ട ഒരു പിടി ചോറ് എന്റെ വീട്ടിൽ എന്നും ഉണ്ടാകാറുണ്ട്.. അതിനുള്ള നന്ദി.. പല സമയത്തും ഒരു രൂപ പോലും വാങ്ങാതെ അയാൾ കാണിച്ചു കൊണ്ടിരുന്നു… എന്റെ മോളെ അയാൾക് അത്രക്ക് ഇഷ്ട്ടവുമായിരുന്നു.. മോൾക് അയാൾ ചന്ദ്രൻ മാമനുമയിരുന്നു. അവർ തമ്മിൽ അവരുടെ ഭാഷയിൽ ഒരുപാട് നേരം സംസാരിച്ചു കളിക്കുന്നത് പോലും കാണാം…

നാട്ടുകാർ എല്ലാവരും അയാളെ വിളിക്കുന്നത് പൊട്ടാൻ ചന്ദ്രൻ എന്നായിരുന്നു..

പക്ഷെ അയാൾക് മറ്റാരേക്കാളും ഓർമ്മ ശക്തി ഉണ്ടായിരുന്നു.. വീട്ടിലേക് വേണ്ട എന്ത് സാധനങ്ങളും ഒരു പ്രാവശ്യം പറഞ്ഞാൽ മതി.. തെറ്റിക്കാതെ അടുത്തുള്ള കടയിൽ പോയി വാങ്ങി കൊണ്ട് വരും.. കൊടുത്ത പൈസയിൽ നിന്നും ബാക്കി ഒരു രൂപ കുറയാതെ തരികയും ചെയ്യും…

തെങ്ങിന് തടം തുറക്കാനും.. തേങ്ങ പൊതിക്കാനും.. വീട്ടിലേക് ആവശ്യമുള്ളത് കൊണ്ട് വന്നു തരാനും മറ്റാരേക്കാളും ഞാൻ സഹായത്തിനു വിളിക്കാറുള്ള ചന്ദ്രേട്ടൻ…

അയാളുടെ കണ്ണുകളിലെ തിളക്കം എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നി..

ഞാൻ പൊന്നൂ നെ ഒന്നും ചെയ്തിട്ടില്ലേ.. ഇവർ പറയുന്നതൊന്നും വിശ്വസിക്കരുതേ.. എന്ന്

ഞാൻ അയാളെ തന്നെ നോക്കി ഇരുന്നപ്പോൾ.. ആ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉരുണ്ടു ഇറങ്ങി കവിളിലൂടെ ഒലിച്ചിറങ്ങുന്നതായി കണ്ടു…

നാട്ടുകാർക്ക്‌ അറിയില്ലല്ലോ.. അവിടെ കൂടി നിൽക്കുന്ന മറ്റാരേക്കാളും എനിക്ക് വിശ്വസം അവർ എല്ലാവരും പൊട്ടാനെന്ന് വിളിക്കുന്ന ചന്ദ്രേട്ടനെ ആണെന്ന്..

*******************

പെട്ടന്ന് ഒരു പോലീസ് ജീപ്പ് വീട്ടിലേക് ഇരുമ്പി ഇരച്ചു വന്നു കയറി..

അതിൽ നിന്നും ഒരു പോലീസുകാരൻ മോളെ തോളിലിട്ട് നടന്നു വരുന്നു.. അവൾ ഒന്ന് മയങ്ങി പോയിട്ടുണ്ട്..

ഞാൻ ഓടി പോയി മോളെ അയാളുടെ കയ്യിൽ നിന്നുമെടുത്തു വാരി പുണർന്നു…

എന്റെ ചൂട് തട്ടിയ ഉടനെ. അവൾ കണ്ണ് തുറന്നു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഞാൻ അവളെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു…

സ്കൂൾ ബസിൽ കയറാതെ സ്കൂളിന് മുന്നിലെ റോട്ടിലേക് ഇറങ്ങി വേറെ ഏതോ സ്ഥലത്തേക്കുള്ള ബസിൽ കയറിയതായിരുന്നു അവൾ..

ഉമ്മൂമ്മ യുടെ അടുത്തേക് പോകുവാൻ ആയിരുന്നു അവൾ ആ ബസിൽ കയറിയതെന്ന് പോലീസ് ചോദിച്ചപ്പോ മനസിലായെന്ന് അവർ എന്നോട് പറഞ്ഞു…

പക്ഷെ പോകേണ്ട സ്ഥലമോ.. പോകേണ്ട ബസ് ഏതൊന്നോ.. ഇറങ്ങേണ്ട സ്ഥലമോ അവൾക് അറിയുമായിരുന്നില്ല..

ഇന്ന് പോവാം, നാളെ പോവാം എന്ന് പറഞ്ഞു അവളെ പറ്റിച്ചിരുന്ന എന്നോടുള്ള വാശിയിൽ സ്വന്തമായി ഉമ്മൂമ്മ യുടെ അടുത്തേക് പോയതായിരുന്നു അവൾ..

എവിടെയോ എത്തിയപ്പോൾ സ്കൂൾ യൂണിഫോമിട്ട കുട്ടികൾ ഇറങ്ങുന്നതിന്റെ കൂടെ അവളും ബസിൽ നിന്നും ഇറങ്ങി.. എങ്ങോട്ട് പോകുമെന്നറിയാതെ മുന്നോട്ട് നടന്നു… കുറെ ഏറെ നടന്നു ക്ഷീണിച്ച അവൾ ഒരു കടയുടെ മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു പോയി…

കുട്ടിയെ കാണാതായ വാർത്ത കണ്ടിരുന്ന കടക്കാരൻ മോളെ എടുത്തു ഉടനെ പോലീസിനെ അറിയിച്ചു..

പോലീസ് ഉടനെ അവിടെ പോയി മോളെ എടുത്തു കൊണ്ട് വന്നു..

******************

മോളെ കിട്ടിയതറിഞ്ഞു ഓരോരോ അഭിപ്രായങ്ങൾ പറഞ്ഞു അവിടെ കൂടി നിന്നവർ ഓരോരുത്തരായി സഥലം വിട്ടു തുടങ്ങി..

ഏറ്റവും അവസാനമായിരുന്നു ചന്ദ്രേട്ടൻ പോയത്..

പോകുന്നതിന് മുമ്പ് പോലീസുകാർ വലിച്ചു കീറിയ കുപ്പായ കീശയിൽ നിന്നും ഒരു കോല് മിഠായി എടുത്തു വിറക്കുന്ന കൈകളാലെ മോളെ നേരെ നീട്ടി…

അവൾ എന്നും അയാളുടെ കയ്യിൽ നിന്നും കിട്ടിയിരുന്ന മിഠായി പോലെ കൈ നീട്ടി വാങ്ങി..

അയാൾ.. ഒന്നും മിണ്ടാതെ…

പൊട്ടിയ ചുണ്ടിനാലെ മോളെ നോക്കി ഒന്ന് ചിരിച്ചു….

അയാൾക്കും മോൾക്കും മാത്രം മനസിലാകുന്ന പുഞ്ചിരി

പതിയെ അയാൾ ഇരുട്ടിലൂടെ നടന്നു നീങ്ങി..

ഇഷ്ട്ടപെട്ടാൽ 👍👍👍

ബൈ

നൗഫു😍😍😍