അരികിലെ സാന്നിധ്യം ആരുടേതാണെന്നറിഞ്ഞിട്ടും ഇന്ദു മുഖമുയർത്താതെ ഇരുന്നു. കൈമുട്ടിൽ കൈ ചേർത്ത്….

മയൂഖി

Story written by Athira Sivadas

=====================

“വാര്യത്തെ ഇന്ദുവിന് വയറ്റിലുണ്ടെന്ന്.”  ഉമ്മറത്ത് ആരുടെയോ സ്വരമുയർന്നതും വീറോടെയായിരുന്നു വൈശാഖൻ അവിടേക്ക് നടന്നത്.

“എന്താ അമ്മാവാ… വന്ന് വന്ന് എന്തും പറയാം എന്നാണോ.” അമർഷത്തോടെയായിരുന്നു കൃഷ്ണൻ മേനോന് നേരെ വൈശാഖന്റെ ശബ്ദമുയർന്നത്.

“നിനക്ക് സംശയം ഉണ്ടെന്നാണെങ്കിൽ വാര്യത്തേക്ക് ചെല്ലെടാ… ചെന്ന് അവളോട് തന്നെ നേരിട്ട് അന്വേഷിക്ക്. പലതവണ പറഞ്ഞതാ ഒരുഗതിം പരാഗതിം ഇല്ലാത്ത ക്ഷയിച്ചു പോയൊരു തറവാട്ടിലെ പെണ്ണിനെ മോഹിക്കരുതെന്ന്. എന്നിട്ടിപ്പോൾ എന്തായി. നിവർത്തിയില്ലാതെ വന്നപ്പോൾ ആരുടെയോ കൂടെ…”

“മതി ഇപ്പോൾ ഇറങ്ങിക്കോണം. ഇന്ദുവിനെക്കുറിച്ചിനി ഒരക്ഷരം പറയരുത് നിങ്ങൾ.”

“കേമായിരിക്കണു സുഭദ്രേ… ഏതോ ഒരു പെണ്ണിന് വേണ്ടി നിന്റെ മകൻ കുടുംബക്കാരെ ഒകെ തള്ളി പറയാ? നീ ചെന്ന് അന്വേഷിക്കഡാ… എന്നിട്ട് ഒക്കെ നേരിട്ട് തന്നെ അറിയ്.”

“വൈശാഖന് ഇന്നീ നിമിഷം വരെ അങ്ങനെയൊരു അബദ്ധം പറ്റിയിട്ടില്ല. ആ ബോധം ഉള്ളിടത്തോളം കാലം നിങ്ങൾ പറഞ്ഞ വിഡ്ഢിത്തത്തിന്റെ സത്യാവസ്ഥ അറിയാൻ എനിക്കെങ്ങോട്ടും പോകേണ്ട കാര്യവുമില്ല.”

അത്രയും പറഞ്ഞ് ശാന്തനായാണ് വൈശാഖൻ അകത്തേക്ക് കയറിയത്. തന്റെ പ്രണയത്തോടുള്ള വിശ്വാസം. ഇന്ദു എന്ന പെണ്ണിനോടുള്ള ബഹുമാനം.

“വൈശാഖാ” ഉമ്മറത്ത് നിന്നും കേട്ട ഗൗതമന്റെ വിളിയിലെ പതിവില്ലാത്ത ഇടർച്ച ശ്രദ്ധിച്ചുകൊണ്ടാണ് വൈശാഖൻ പുറത്തേക്ക്   വന്നത്…

“വൈശാഖാ…” ഓടി അണച്ചു വന്നവന്റെ മുഖത്ത് വേദനയും പരിഭ്രമവുമുണ്ടായിരുന്നു.

“എന്താ ഗൗതമാ…”

“ഇന്ദുന്റെ വിവാഹം ഉറപ്പിച്ചു… നാളെ…അതും അമ്പാടിയിലെ ആ ഭ്രാന്തൻ സേതുമാധവൻ ആയിട്ട്…”

“ഡാ…” കിതച്ചുകൊണ്ട് പറയുന്ന ഗൗതമന്റെ ഷർട്ടിന്റെ കോളറിലായിരുന്നു ആദ്യം വൈശാഖന്റെ പിടി വീണത്.

” എടാ സത്യവാടാ… സിദ്ധുവേട്ടൻ പറഞ്ഞിട്ടാ ഞാൻ വരുന്നേ. ഇന്ദു ഒക്കെത്തിനും മൗനമായി നിന്ന് കൊടുക്കാ… നീ ഒന്ന് ചെല്ലെടാ. ഓടി വന്ന് വീഴും അവളീ നെഞ്ചിൽ.”

വൈശാഖന് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. കേട്ടത് നേരോ നുണയോ എന്നറിയില്ല. പക്ഷേ നെഞ്ചിന്റെ ഇടനെഞ്ച് പിടയുന്നുണ്ടായിരുന്നു. രണ്ടാമതൊന്ന് ആലോചിച്ചില്ല. ബൈക്ക് എടുത്ത് നേരെ പോയത് സിദ്ധുവിന്റെ അരികിലായിരുന്നു. കവല തിരിഞ്ഞതും കണ്ടു, വൈശാഖന്റെ വീട്ടിലേക്ക് വരാനിറങ്ങിയ സിദ്ധുവിനെ.

“നേരാണോ… നേരാണോ സിദ്ധുവേട്ടാ…”

“നീ വാ വൈശാഖാ നമുക്ക് ചെന്ന് ഇന്ദുവിനെ ഒന്ന് കാണാം….”

വൈശാഖന് തല പെരുക്കുന്നുണ്ടായിരുന്നു. അവൻ പിന്നിലേക്ക് ചിന്തിച്ചു. കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി ഇന്ദുവിന് മൗനമായിരുന്നു. പുറത്തേക്കൊന്നും കാണാനില്ല. കണ്ടാൽ തന്നെ ഒന്നും സംസാരിക്കാറില്ല. ഓരോ തവണ കാണുമ്പോഴും തല വേദനയെന്നുപറഞ്ഞ് സംസാരങ്ങളൊന്നുമില്ലാതെ അവൾ ഒഴിഞ്ഞു നടന്നത് ഉള്ളിലെന്തോ വേദന മറച്ചു പേടിച്ചിട്ടായിരുന്നിരിക്കണം എന്ന് വൈശാഖന് മുൻപേ തോന്നിയിരുന്നതാണ്.

ഇടവഴി കയറിയപ്പോഴേ കണ്ടു വാര്യത്ത് ഉയർന്ന പന്തൽ. ഒറ്റ രാത്രികൊണ്ട് സംഭവിച്ചതെന്താണെന്നറിയാതെ വൈശാഖന് നെഞ്ചിടിപ്പേറി.

ഗേറ്റ് കടന്ന് ചെന്ന് വൈശാഖനെതിരായി ആദ്യം നിന്നത് സിദ്ധുവിന്റെ ഭാര്യ രാധിക തന്നെയായിരുന്നു. സിദ്ധു ഉള്ളത്കൊണ്ട് മാത്രം വൈശാഖൻ കടുത്തൊന്നും പറയാതെ നിന്നു.

“അവൾക്ക് നിന്നെ കാണണ്ട വൈശാഖാ…”

“അത് നീയാണോ തീരുമാനിക്കുന്നത്.” സിദ്ധുവിന്റെ സ്വരവും ഉയർന്നു.

“ഞാൻ പോകാം. എന്നെ കാണണ്ട എന്നവൾ പറഞ്ഞാൽ.”

പിന്നെയാരും എതിരൊന്നും പറഞ്ഞില്ല. വൈശാഖൻ അകത്തേക്ക് നടന്നു. ഒപ്പം സിദ്ധുവും.

അരികിലെ സാന്നിധ്യം ആരുടേതാണെന്നറിഞ്ഞിട്ടും ഇന്ദു മുഖമുയർത്താതെ ഇരുന്നു. കൈമുട്ടിൽ കൈ ചേർത്ത് മുഖമമർത്തിയിരുന്നു കരയുന്ന പെണ്ണ് വൈശാഖനുമൊരു നോവായിരുന്നു…

“ഇന്ദു…”

“വൈശാഖേട്ടന് പോകാം…” മുഖമുയർത്താതെ തന്നെ പറഞ്ഞു.  ആ മറുപടിയിൽ വൈശാഖൻ വല്ലാതെ തളർന്നുപോയിരുന്നു.

“മോളെ… എന്താ… എന്താ നിന്റെ പ്രശ്നം. എന്താണെങ്കിലും എന്നോട് പറ. നിന്നെ ആരും ഒന്നും ചെയ്യില്ല.”

“എന്നെ ആരും നിർബന്ധിച്ചിട്ടല്ല. ഞാനായി തന്നെയാ ഈ വിവാഹത്തിന് സമ്മതിച്ചത്. വൈശാഖേട്ടൻ ഇനിയും ഇവിടേ നിൽക്കരുത്.” തലയുയർത്തിയപ്പോൾ കണ്ട പെണ്ണിന്റെ മുഖം വൈശാഖൻ അലിവോടെ കൈകളിലെടുത്തു. ഇറുക്കി അടച്ച കണ്ണുകൾക്കിടയിൽ നിന്നും കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു. വൈശാഖന് ഒന്നും കണ്ടു നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. നേരിൽ കാണുമ്പോൾ ഓടി വന്ന് നെഞ്ചിൽ ചേർന്ന് നിൽക്കുമെന്ന് കരുതിയിരുന്നവളാണ്.

വൈശാഖൻ തിരിഞ്ഞു നടന്നു. അവസാന പ്രതീക്ഷ എന്നോണം രാധികയുടെ മുന്നിൽ ഒന്ന് നിന്നു.

“നിന്റെ കൂടെപ്പിറപ്പല്ലേ രാധികേ അത്. അല്പമെങ്കിലും സ്നേഹം അതിനോട് ഉണ്ടെങ്കിൽ എന്നോട് പറ എന്താ പ്രശ്നം എന്ന്. എന്റെ ഇന്ദുവിന് എന്നെ അല്ലാതെ മറ്റാരെയും സ്നേഹിക്കാനാവില്ല. ഇപ്പോൾ അവൾ ഇങ്ങനെയൊരു വിവാഹത്തിന് നിന്നു തരുന്നുണ്ടെങ്കിൽ അതിനൊരു കാരണവും ഉണ്ടാവും. അത് നിനക്ക് അറിയുകയും ചെയ്യാം…” അത്രയും പറഞ്ഞിട്ടും ഭാവമാറ്റങ്ങളൊന്നും ഇല്ലാതെ നിൽക്കുന്ന രാധിക വൈശാഖന്റെ അവസാനപ്രതീക്ഷയും തകർത്തുകളഞ്ഞു. നടന്നകലുമ്പോൾ അവനുമുൻപിൽ ഒരുതരി വെളിച്ചം പോലുമുണ്ടായിരുന്നില്ല. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ മോഹിച്ച പെണ്ണും, കണ്ട സ്വപ്നങ്ങളും അവന് വെറുമൊരു ഓർമ്മ മാത്രമായി തോന്നി.

“അമ്പാടിയിലെ ഭ്രാന്തൻ ചെക്കനെ നോക്കാൻ ഭാര്യയായി അനിയത്തിയെ കൊടുക്കാനൊരുങ്ങുന്നു. നാണമില്ലേ രാധികേ നിനക്ക്…” സിദ്ധുവിന്റെ ശബ്ദമുയർന്നതും എല്ലാവരുടെയും ശ്രദ്ധ അവനിൽ തന്നെയായിരുന്നു.

“ഇല്ലാ. രക്ഷപ്പെടാൻ ഇതാണൊരു മാർഗം എന്ന് വച്ചാൽ അത് അങ്ങ് സ്വീകരിക്കാ. തളർന്ന് കിടക്കുന്നൊരു മനുഷ്യൻ ഉണ്ട് അകത്ത്. ഇന്ദുവിനെ നല്ല രീതിയിൽ വിവാഹം കഴിച്ചയക്കാൻ വല്ലതും കഴിയോ ആ പാവത്തിന് ഇനിയും. ഈ വിവാഹത്തോടെ എല്ലാവരും രെക്ഷപ്പെടും. അത്കൊണ്ട് തന്നെയാ അവൾ ഇങ്ങനെയൊരു തീരുമാനം എടുത്തത്.”

പിന്നീട് ഒന്നും മിണ്ടാതെ സിദ്ധുവും ഇറങ്ങി. വൈശാഖനെ അഭിമുഖീകരിക്കാനായിരുന്നു എല്ലാവർക്കും ബുദ്ധിമുട്ട്. ഒരു കുന്നോളം സ്വപ്നങ്ങൾ നെയ്തുകൂട്ടിയവനാണ്. ഇന്ദുലേഖ എന്ന് പേര് മനസ്സിൽ കൊത്തിവച്ചവൻ. ഒരു രാത്രികൊണ്ട് അകന്ന് പോയ ജീവിതം അവനെ നോക്കി പല്ലിളിച്ചു കാട്ടി.

പുഴവക്കിലിരിക്കുമ്പോൾ വൈശാഖന്റെ മനസ്സ് നിറയെ അവളായിരുന്നു. മുറിപ്പാവാട ഇടുന്ന കാലം മുതലറിയാം വൈശാഖന് ഇന്ദുവിനെ. അധികമൊന്നും സംസാരിക്കാറില്ല. എങ്കിലും വരാന്തയിലൂടെ നടക്കുമ്പോഴൊക്കെ പെണ്ണിനെ കാണുമ്പോൾ മാത്രം ഹൃദയത്തിലെന്തോ ഒരു സുഖം അനുഭവിച്ചിരുന്നു. പ്രണയം എന്താണെന്ന് തിരിച്ചറിയും മുൻപേ എന്തോ ഒരിഷ്ടം കൊണ്ട് ഉള്ളിൽ കേറിയവളാണ്.

അമ്പലക്കുളത്തിൽ വീണുപോയ ഇന്ദുവിനെ വാരിയെടുത്ത് പടവുകൾ കയറി വരുന്ന വൈശാഖൻ. കാഴ്ചക്കാർക്ക് ഒക്കെ ധീരനായ പന്ത്രണ്ട് വയസ്സുകാരൻ ഒരു അത്ഭുതമായൊരുന്നു. പക്ഷെ തന്റെ പ്രണനായവളെ കോരിയെടുത്ത് ദേഹത്തോട് ചേർത്ത് പിടിക്കുമ്പോൾ അവന്റെയുള്ള് നിറയെ അവളോടുള്ള സ്നേഹം മാത്രമായിരുന്നു. അങ്ങനെയായിരുന്നു സംസാരിച്ചു തുടങ്ങിയത്. ജീവൻ രക്ഷിച്ചവനോട് കാണിച്ച സ്നേഹം. അതൊടുക്കാം രണ്ടാൾക്കുമൊപ്പം വളർന്ന് ഒരു അദൃശ്യനൂലിനാൽ രണ്ടാളെയും ബന്ധിപ്പിച്ചു കളഞ്ഞു.

നിറഞ്ഞു വന്ന കണ്ണുകൾ വൈശാഖൻ അമർത്തി തുടച്ചു.

“വൈശാഖാ….” സിദ്ധുവിന്റെ വിളിയാണ് വൈശാഖനെ ചിന്തകളിൽ നിന്നുണർത്തിയത്.

ചാടിപ്പിടഞ്ഞെഴുന്നേൽക്കുമ്പോൾ ഓടി അണച്ചു വന്നുനിന്നവന്റെ കണ്ണിലെ ഭാവമെന്തെന്ന് തിരയുകയായിരുന്നു വൈശാഖൻ.

“വൈശാഖാ… ചതിച്ചതാ… ഇന്ദുവിനെ ചതിച്ചതാ… അമ്പാടിയിലെ അനന്തൻ. അവൻ അവളെ, അവളെ ബലമായി…നിന്നെ ചതിക്കാൻ വയ്യെന്ന് വച്ചിട്ടാടാ ആ പാവം. അനന്തൻ നശിപ്പിച്ചതാ അവളെ… എന്നിട്ട് ബാധ്യത തീർക്കാൻ സേതുവിന്റെ ഭാര്യയായി ക്ഷണിച്ചതാ. നിവർത്തികേടുകൊണ്ടാ വൈശാഖാ അവൾ…”

“സിദ്ധുവേട്ടൻ ഇതെങ്ങനെ അറിഞ്ഞു.”

“അമ്പാടിയിലെ കാര്യസ്ഥൻ വഴി രഹസ്യമായി അറിഞ്ഞതാ. കാര്യം തിരക്കിയപ്പോൾ രാധിക തല കുനിച്ചു നിന്നു. അവൾക്ക് പോലും തോന്നിയില്ലടാ ആ പാവത്തിനെ ഒന്ന് ചേർത്ത് പിടിക്കാൻ. ഇന്ദുവിന് അന്നും ഇന്നും എന്നും നിന്നോട് മാത്രേ ഉള്ളു വൈശാഖാ സ്നേഹം.”

വൈശാഖൻ നിന്ന് കത്തുകയായിരുന്നു. അമ്പാടിയിലേക്ക് തിരിക്കുമ്പോൾ കൂടെ ചേർന്ന് നിൽക്കാൻ ഒപ്പം ഗൗതമനുമുണ്ടായിരുന്നു. അമ്പാടിയിൽ അന്ന് രാത്രിയിൽ ഗൗതമനുണ്ടായിരുന്നില്ല. അവസാനം കണ്ടുകിട്ടിയത് വള്ളപ്പുരയിലെ രഹസ്യാഘോഷത്തിനിടയിൽ വച്ചായിരുന്നു.

“നാളെ മുതൽ അവൾ സേതുവിന്റെ ഭാര്യയായി എന്റെ തറവാട്ടിലുണ്ടാകും…” അനന്തന്റെ ഗാംഭീര്യമേറിയ ശബ്ദം.

“എന്നാലും ആ ഭ്രാന്തന് എന്തിനാടാ ഇന്ദുവിനെ പോലൊരു പെണ്ണ്…”

“അവന് മരുന്നെടുത്ത് കൊടുക്കാനും, നോക്കാനും മാത്രമാണ് അവളെ അങ്ങോട്ട് കൊണ്ട് വരുന്നതെന്ന് കരുതിയോ അളിയാ നീ. അവളെ ഇനി അനുഭവിക്കാൻ പോകുന്നത് ഞാനല്ലേ…”

അതും പറഞ്ഞുറക്കെ ചിരിച്ചതും വൈശാഖന്റെ ആദ്യത്തെ അടി വീണത് അനന്തന്റെ കരണത്തായിരുന്നു. അനന്തനും കൂട്ടരും തളർന്ന് വീഴുന്നത് വരെ അടിച്ചു. ചോ രതുപ്പി അവൻ വീണിട്ടും വൈശാഖന്റെ കലിയടങ്ങുന്നുണ്ടായിരുന്നില്ല. കയ്യും കാലുമൊടിഞ്ഞു ഒരിക്കലും ഒന്ന് നേരെ നിൽക്കാൻ കഴിയാത്ത രീതിയിലാക്കിയിട്ടയും വൈശാഖൻ നിർത്തിയില്ല.

“എന്റെ ഇന്ദുവിന്റെ പേര് പറയാനുള്ള യോഗ്യത പോലുമില്ലട നാ *യേ നിനക്ക്. അവളുടെ നിഴൽ വെട്ടത്ത് പോലും കാണരുത് ഇനി നിന്നെ. കൊ* ല്ലാതെ വിടുന്നത് പേടിയായിട്ടല്ല. നിന്നെക്കൊ*ന്ന് ജയിലിൽ പോയി കിടക്കാൻ എനിക്ക് നേരമില്ല. ജീവിക്കണം എനിക്കെന്റെ ഇന്ദുവിന്റെ കൂടെ.”

രാത്രി പതിനൊന്നര കഴിഞ്ഞിട്ടും വാര്യത്തെ വെളിച്ചം അണഞ്ഞിരുന്നില്ല.
ആരെയും വക വെക്കാതെ അനന്തൻ നടന്നകത്തേക്ക് കയറി. വാടിത്തളർന്ന പെണ്ണിന്റെ രൂപം അവന്റെ ഉള്ളു പൊള്ളിച്ചു.

“എന്നോട് പറയാൻ തോന്നാഞ്ഞത് എന്താ ഇന്ദു നിനക്ക്. ഒറ്റയ്ക്ക് ആക്കിയിട്ട് പോകുമെന്ന് കരുതിയോ.” ഇരുന്ന ഇരുപ്പിൽ ഒന്ന് പിടഞ്ഞിരുന്നവൾ.

ഒന്നും മിണ്ടാതെ ആ കൈകൾക്കുള്ളിൽ കിടന്ന് കരയുമ്പോൾ ഇന്ദുവിന് ഒരപ്പൂപ്പൻ താടിയോളം ഭാരമേ ഉള്ളുവെന്ന് തോന്നി വൈശാഖന്. രണ്ട് പേരും കരയുകയായിരുന്നു. കഴിഞ്ഞു പോയ നിമിഷങ്ങളിലെപ്പോഴോ നഷ്ടമായെന്ന് കരുതിയതാണ്. ഇനിയൊരിക്കലും ഇത്പോലെയൊരു നിമിഷം ഉണ്ടാവില്ലന്ന് കരുതിയതാണ്. വൈശാഖൻ തന്റെ പെണ്ണിനെ ഒന്നുകൂടി നെഞ്ചോട് ചേർത്ത് പിടിച്ചു.
ഇനി വരുന്ന ജന്മങ്ങളലൊക്കെ തന്റേത് മാത്രമാക്കാനുള്ള കൊതിയോടെ.