ഈ പെണ്ണുങ്ങൾ ജോലിക്കു പോകാതെ വീട്ടിൽ ഇരുന്നാൽ ബുദ്ധിമുട്ടുക ഭർത്താക്കന്മാർ ആണ്. ഊണിലും ഉറക്കത്തിലും…

ഇതളുകൾ…

Story written by Sumayya Beegum T A

===================

എന്നത്തേയും പോലെ അലർച്ച ഒന്നും കേൾക്കാനില്ലല്ലോ ? എന്തുപറ്റി ?

ഇനി അവൾക്കു പല്ലുവേദന വല്ലതുമാണോ ?ഓ അതിനുള്ള ഭാഗ്യം ഒന്നും എനിക്ക് ഉണ്ടാവാൻ വഴിയില്ല. പല്ലൊക്കെ നല്ല സ്ട്രോങാണ്.

കഴിഞ്ഞ ആഴ്ച പുറകിൽ കൂടെ ചെന്നു വട്ടം പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തപ്പോൾ മനുഷ്യ നിങ്ങൾക്ക് ഭ്രാന്താണോ എന്ന് ചോദിച്ചു ചുമലിൽ തന്ന കടി, ഓഹ് ഓർക്കുമ്പോൾ തന്നെ ജീവൻ പോകുന്നു.

പുതപ്പ് മാറ്റി സമയം നോക്കിയപ്പോൾ ഏഴര.കാപ്പിയും ചോറുമൊക്കെ റെഡി ആയികാണും. മക്കൾ എഴുന്നേറ്റ് പോയിട്ടുണ്ട് സാധരണ അവരെ വിളിച്ചുണർത്തുന്നത് കേട്ടാണ് ഞാൻ എഴുന്നേക്കുന്നത്.

ഇന്നലെ സന്തോഷിന്റെ വക ഒരു ചെറിയ പാർട്ടി ഉണ്ടായിരുന്നു . അവന്റെ ഭാര്യക്കു ട്രാൻസ്ഫർ ഇവിടുത്തെ ബ്രാഞ്ചിലേക്ക് കിട്ടിയതിന്റെ ചെലവ്. വന്നപ്പോൾ താമസിച്ചുപോയി ഇത്തിരി വീശിയത് കൊണ്ടു കോപ്രമൈസ്‌ ഒന്നും നടക്കില്ല എന്നുറപ്പുള്ള കൊണ്ടു പിള്ളേരുടെ അടുത്തേക്കു തിരിഞ്ഞു മിണ്ടാതെ കിടന്നു.

കിടന്നതേയുള്ളു അപ്പോൾ തന്നെ ഉറങ്ങിപ്പോയി കരച്ചിലും പിഴിച്ചിലും ഒക്കെ നടന്നുകാണും പക്ഷേ ബോധം കെട്ടു ഉറങ്ങിയകൊണ്ടു കേട്ടില്ല.

മുണ്ട് വലിച്ചെടുത്തു ഉടുത്തു സുരഭി എന്ന് നീട്ടിവിളിച്ചു ഹാളിലേക്ക് ചെന്നപ്പോൾ മക്കൾ സ്കൂളിൽ പോകാൻ റെഡി ആയിട്ടുണ്ട്.

കുട്ടികൾ ടാറ്റാ തന്നു വഴിയിലേക്ക് ഇറങ്ങുന്നതും നോക്കി നിന്നപ്പോൾ മുറ്റം തൂക്കുന്ന സുരഭിയെ കണ്ടു. മൈൻഡ് ഒന്നുമില്ല ഇല്ലെങ്കിൽ പ്രദീപേട്ടാ എന്നുവിളിച്ചു ഒറ്റശ്വാസത്തിനു ഒരു പതിനായിരം കാര്യങ്ങൾ പറയുന്നവളാണ്.

ഞാനും മൈൻഡ് ചെയ്തില്ല ഇത്രയും സമാധാനത്തോടുള്ള ഒരു പ്രഭാതം എന്തിനു അവളോട്‌ ചൊറിഞ്ഞു നശിപ്പിക്കണം. പത്രമെടുത്തു വാർത്തകൾ മറിച്ചുനോക്കവെ സുരഭി അടുത്ത് വന്നു.

പ്രദീപേട്ട, നിങ്ങൾക്ക് എന്നെ മടുത്തെങ്കിൽ ഉപേക്ഷിച്ചേക്കു. ഇന്നലെ രാത്രി മൊത്തം ഞാൻ ഇരുന്ന് കരയുന്നത് കണ്ടിട്ട് നിങ്ങൾക്ക് ഒരു സങ്കടവും തോന്നുന്നില്ല അല്ലേ ?

മുഖം ഉയർത്തിയില്ലെങ്കിലും അവളുടെ ഡയലോഗ് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.

എന്താ നിങ്ങൾ മിണ്ടാത്തത് ?ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ ?

കേക്കാതിരിക്കാൻ ഞാൻ പൊട്ടൻ ഒന്നുമല്ല സുരഭി. ഇന്നലെ ഒരു പാർട്ടി ഉണ്ടെന്നു പറഞ്ഞതല്ലേ? അതാണ് ലേറ്റ് ആയതെന്നു നിനക്കും അറിയാം പിന്നെ എന്തിനാ ഈ നാടകമൊക്കെ? ചുമ്മാ രാവിലെ തന്നെ മനസ് മടുപ്പിക്കാൻ. നിനക്കു അടുക്കളയിൽ പണി ഒന്നുമില്ലേ ??

അതെ നിങ്ങൾക്കിപ്പോൾ എല്ലാം മടുപ്പ് ആണല്ലോ, എന്നെയും. അടുക്കളയിൽ കിടന്നു നരകിക്കാൻ എനിക്ക് മനസില്ല.

ഇല്ലെങ്കിൽ വീട്ടിൽ പോടീ. എന്നു നീ വന്നു തലയിൽ കേറിയോ അന്നുപോയതാണ് എന്റെ സമാധാനം.

കെട്ടിയപ്പോൾ കൊള്ളാവുന്ന ഒന്നിനെ കെട്ടാൻ മേലാരുന്നോ ?നിറവും സൗന്ദര്യവും എനിക്ക് ഇല്ലാത്തതു കൊണ്ടല്ലേ ?നിങ്ങളുടെ ഓഫീസിലെ തടിച്ചുകൊഴുത്ത പെണ്ണുങ്ങളുടെ തുടിപ്പ് ഒന്നും എനിക്കില്ല. എന്നെ കൊണ്ടു കളഞ്ഞേക്ക്.

അത്രയും ആയപ്പോൾ എന്റെ കണ്ട്രോൾ പോയി കസേരയിൽ നിന്നും പത്രം വലിച്ചെറിഞ്ഞു എഴുന്നേറ്റു.

സുരഭി, വൃത്തികേട് പറയരുത് മനസ്സിൽ പോലും അങ്ങനെ ഒന്ന് ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല.

ഞാൻ പറയും നിങ്ങൾക്കിപ്പോൾ അവളുമാരെ ഒക്കെ മതി, കരിയും പുകയും കൊണ്ടുകിടക്കുന്ന എന്നെ വേണ്ട.

പെട്ടന്ന് വന്ന ദേഷ്യത്തിന് കൈവീശി ഒന്ന് കൊടുത്തു.

അന്ന് ഓഫീസിലേക്ക് ഇറങ്ങുമ്പോൾ മേശമേൽ കാപ്പിയും ഉച്ചക്കുള്ള പൊതിച്ചോറും കണ്ടെങ്കിലും എടുത്തില്ല.

അവളെ കെട്ടിയപ്പോൾ അമ്മായിമാരൊക്കെ പറഞ്ഞിരുന്നു പ്രദീപിന് ഇതിലും നല്ലൊരു പെണ്ണിനെ കിട്ടുമായിരുന്നു എന്നൊക്കെ. പക്ഷേ എന്റെ സങ്കല്പങ്ങൾക്കൊത്തൊരു പെണ്ണായിരുന്നു സുരഭി. അത്യാവശ്യം സൗന്ദര്യം, ലോകപരിചയം, വിദ്യാഭ്യാസം, നല്ല സംസാരരീതി ഇതൊക്കെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. പക്ഷേ വർഷങ്ങൾ കഴിയും തോറും അവളുടെ ലോകം എന്നിലേക്ക്‌ കൂടുതൽ കൂടുതൽ ചുരുങ്ങി.

ഈ പെണ്ണുങ്ങൾ ജോലിക്കു പോകാതെ വീട്ടിൽ ഇരുന്നാൽ ബുദ്ധിമുട്ടുക ഭർത്താക്കന്മാർ ആണ്. ഊണിലും ഉറക്കത്തിലും അവർക്ക് നമ്മുടെ ചിന്തയെ കാണു.നൂറുകൂട്ടം കാര്യങ്ങൾ ഡീൽ ചെയ്യുന്ന ആണുങ്ങൾക്ക് കിട്ടുന്ന അത്ര തിരിച്ചുകൊടുക്കാൻ പറ്റാറില്ല.

വൈകിട്ട് നേരത്തെ ചെന്നുവെങ്കിലും അവളോട്‌ മിണ്ടിയില്ല. കുഞ്ഞുങ്ങളോട് സംസാരിച്ചും ഫോണിൽ കേറിയും ഒക്കെ ഉറങ്ങാൻ നേരമായി.

അത്താഴം കഴിഞ്ഞു കിടക്കുമ്പോൾ മക്കളെ പുതപ്പിച്ചു ലൈറ്റ് ഓഫ്‌ ചെയ്യാൻ പോകുന്ന അവളെ ഒന്ന് പാളിനോക്കി.

ഒറ്റ ദിവസത്തെ പിണക്കത്തിന്റെ ആണോ ഇത്ര ക്ഷീണം. മുഖം വല്ലാണ്ട് വിളറി ഇരിക്കുന്നു. ഇവളിന്ന് ഒന്നും കഴിച്ചില്ലേ ? ചോദിക്കണം എന്നും ചേർത്തുപിടിച്ചു അടിച്ച കവിളിൽ തലോടണം എന്നുമൊക്കെ ഉണ്ട് പക്ഷേ തോൽക്കാൻ വയ്യ. എന്തേലും ചോദിച്ചാൽ പെണ്ണ് തലയിൽ കേറും. പിന്നെ രണ്ടെണ്ണം കൂടെ കൊടുത്തു പോകും. അല്ലെങ്കിലും മറ്റുപെണ്ണുങ്ങളെ ചേർത്തു പറയുന്ന പതിവ് ഇത്തവണത്തോടെ നിർത്തിക്കണം. അതിനു രണ്ടുദിവസം ജാട ഇട്ടു നിൽകാം. അടി കിട്ടിയത് കൊണ്ടാവും അവളും കലിപ്പിലാണ്.

രാത്രി ഉറക്കം ശരിയാവുന്നില്ല അവളെ ചേർത്തുപിടിച്ചു കിടക്കുമ്പോൾ കിട്ടുന്ന സുഖം പിണങ്ങിക്കിടക്കുമ്പോൾ ഉറക്കം കെടുത്തുന്നു. അവളും ഉറങ്ങിയിട്ടില്ല എന്നുതോന്നുന്നു ഞരക്കമൊക്കെ കേൾകാം ഇടയ്ക്കു തേങ്ങലും. ഇനി എന്തേലും അസുഖമാണോ ?ആണെങ്കിൽ പറയട്ടെ അല്ലാതെ അങ്ങോട്ട്‌ ചെന്നിപ്പോൾ ചോദിക്കുന്നില്ല.

എപ്പോഴോ മയങ്ങി എഴുന്നേറ്റപ്പോൾ സമയം ഒരുപാടായി ഓഫീസിൽ ചെല്ലുമ്പോൾ താമസിക്കും ഉറപ്പ്. പെട്ടന്ന് റെഡി ആയി ഇറങ്ങുമ്പോൾ വാതിൽക്കൽ അവൾ മുഖം ഒക്കെ കൂടുതൽ വിളറി കണ്ണൊക്കെ കുഴിഞ്ഞു ഒരു പേക്കോലം പോലെ.

എനിക്ക് കുറച്ചു പൈസ വേണം. ഹോസ്പിറ്റലിൽ പോകണം സുഖമില്ല. അവൾ മുഖത്തു നോക്കാതെ പറഞ്ഞു.

സമയം ഒരുപാട് പോയതിനാൽ ഞാൻ കൂടുതൽ ചോദിക്കാതെ ദേഷ്യത്തിൽ പറഞ്ഞു. ഇന്നലെ നിനക്കു പറയാമരുന്നല്ലോ അപ്പോൾ പിണക്കം. എവിടെ പോകണേലും നാളെ പോകാം ഇപ്പോൾ എന്റെ കയ്യിൽ പൈസയും ഇല്ല എടിഎം ൽ നിന്നും എടുക്കണം .

വണ്ടി സ്റ്റാർട്ടാകുമ്പോൾ പുറകിൽ നിന്നും കേട്ടു. അല്ലേലും എനിക്കറിയാരുന്നു ഇങ്ങനൊക്കെ പറയൂ എന്ന്. എനിക്കെന്തുവന്നാലും പ്രദീപേട്ടന് എന്താ ?വേറെ ആളെ കിട്ടുവല്ലോ ഞാൻ മരിച്ചുപോട്ടെ.

ദേഷ്യം കടിച്ചമർത്തി രൂക്ഷമായി ഒന്ന് നോക്കി വണ്ടി എടുക്കുമ്പോൾ തലപുകയുക ആയിരുന്നു.

ലഞ്ച് ബ്രേക്ക് ടൈമിൽ അവളുടെ കാൾ, എടുക്കാൻ തോന്നിയില്ല അത്ര കടുപ്പം ആയിരുന്നല്ലോ രാവിലത്തെ പ്രകടനം. വീണ്ടും വീണ്ടും ഫോൺ അടിച്ചപ്പോൾ സ്വിച്ച് ഓഫ്‌ ആക്കി. കെ എസ് എഫ് ഇ വരെ പോകേണ്ടതുകൊണ്ട് നേരത്തെ ഓഫീസിൽ നിന്നിറങ്ങി.

വീട്ടിൽ ചെന്നപ്പോൾ ആളനക്കം ഒന്നുമില്ല. മക്കൾ എത്തിയില്ലേ. ബെൽ അടിച്ചപ്പോൾ ഡോർ തുറന്നു ഇറങ്ങിവന്നത് അടുത്ത വീടുകളിലെ രണ്ടു ചേച്ചിമാരാണ്.

എന്തോ ഒരു പരവേശം എന്തുപറ്റി സുരഭിക്കു ?

പ്രദീപ്‌ ടെൻഷൻ ആവണ്ട വേഗം മെഡിക്കൽ ട്രസ്റ്റിലേക്കു ചെല്ല് സുരഭി അഡ്മിറ്റാണ് ഉച്ചക്ക് ബ്ലീ *ഡിംഗ് തുടങ്ങി. ലതചേച്ചിയും മോളി ആന്റിയും കൂടെ കൊണ്ടുപോയി. പ്രദീപിനെ പലവട്ടം വിളിച്ചിട്ടും കിട്ടിയില്ല. ഓഫീസിൽ രാജൻ ചേട്ടൻ വന്നപ്പോൾ നേരത്തെ ഇറങ്ങി എന്നു അറിഞ്ഞു ഇപ്പോൾ തിരിച്ചു വന്നതേയുള്ളു ചേട്ടൻ. ലതചേച്ചിയുടെ ഭർത്താവ് രാജൻ ചേട്ടൻ അപ്പോഴേക്കും മുറ്റത്തെത്തി.

എവിടൊക്കെ തിരഞ്ഞെടോ ?തന്റെ ഫോണും ഓഫ്. താൻ പേടിക്കണ്ട ഇപ്പോൾ ഹോസ്പിറ്റലിൽ സുരഭിയുടെ വീട്ടുകാരൊക്കെ എത്തിക്കാണും അറിയിച്ചിട്ടുണ്ട്. വാ അങ്ങോട്ട്‌ പോകാം.

വണ്ടി ഓടിക്കാൻ വയ്യ കയ്യും കാലും തളരുന്നു. രാജൻ ചേട്ടന്റെ കൂടെ കാറിൽ ഇരിക്കുമ്പോൾ അവളുടെ മുഖവും ആ മുഖത്തെ ക്ഷീണവും കണ്ണ് നിറയിച്ചു.

വയറ്റിൽ ഒരു മുഴ അതാണ് ബ്ലീ *ഡിങ് ആയതു അത് പെട്ടന്ന് തന്നെ റിമൂവ് ചെയ്യണമായിരുന്നു. ആ നിമിഷങ്ങളിലൊക്കെയും കുറ്റബോധത്താൽ മനസ് നീറി. അവളുടെ വീട്ടുകാരുടെ ചോദ്യങ്ങൾക്കൊക്കെയും എന്തൊക്കെയോ മറുപടി നൽകി. മക്കൾ പരിഭ്രാന്തരായിരുന്നു അവരെ ചേർത്തുപിടിച്ചു തിയറ്ററിനു മുമ്പിൽ ഇരിക്കുമ്പോൾ അവളെ ഒരു വട്ടം കാണാൻ ഉള്ള് തുടിച്ചു.

പോസ്റ്റ്‌ ഓപ്പറേഷൻ റൂമിനു വെളിയിൽ ചില്ലുവാതിലിലെ കർട്ടൻ മാറ്റി ആ മുഖം കാണിച്ചുതന്നപ്പോൾ അറിയാതെ വിതുമ്പി പോയി. കുറുമ്പത്തി ശാന്തമായി മയങ്ങുന്നു.ഈശ്വരൻ രക്ഷിച്ചു.

പിറ്റേന്ന് റൂമിലേക്ക്‌ മാറ്റിയപ്പോൾ അടുത്തിരുന്നു ആ കൈകൾ ചേർത്തു പിടിച്ചു കണ്ണുകൾ കൊണ്ടു മാപ്പ് പറഞ്ഞു.

എന്തിനാ പ്രദീപേട്ടൻ കരയുന്നത് എല്ലാം എന്റെ തെറ്റാ മരണത്തെ മുമ്പിൽ കണ്ടപ്പോൾ എന്റെ പ്രദീപേട്ടനും മക്കൾക്കുമൊപ്പം ഒരു ദിവസം കൂടെ എങ്കിലും തരണേ എന്നാ ഞാൻ ഈശ്വരനോട് പ്രാർഥിച്ചത്.

ഒരു കൊച്ചുകുട്ടിയെപോലെ അവൾ അതുപറയുമ്പോൾ അറിയാവുന്ന അമ്പലത്തിൽ എല്ലാം ഞാൻ നേർച്ച നേരുകയാരുന്നു എന്റെ ജീവനെ തിരിച്ചു തന്നതിന്…

(പരസ്പരം സമർപ്പിക്കുന്ന ദമ്പതികളുടെ പ്രണയമാണ് ഈ ലോകത്തെ ഏറ്റവും മനോഹരമായ പ്രണയ കഥ ശരിയല്ലേ കൂട്ടുകാരെ… )