എന്റെ ചോദ്യത്തിന് എന്നെ കുറേക്കൂടി വേദനിപ്പിച്ചിട്ട് ഇച്ചായൻ പറഞ്ഞത് കേട്ടപ്പോൾ, നിൽക്കുന്നത് റോഡ് ആണെന്ന്…

ബെറ്റർ ഹാഫ്

Story written by Bindhya Balan

====================

“ഇതോടെ നിർത്തി നീയുമായിട്ടുള്ള സകല ബന്ധവും… എന്റെ വാക്കിന് ഒരു വിലയും തരാത്തൊരുത്തിയെ എനിക്ക് വേണ്ട… ഇനി ഇച്ചായാ കുച്ചായാ എന്നൊക്കെ വിളിച്ച് ന്റെ പിന്നാലെയെങ്ങാനും വന്നാല് അടിച്ച് കരണം പൊട്ടിക്കും ഞാൻ… കേട്ടോടി “

വൈകിട്ട് ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ, എന്നെയും കാത്ത് നിന്ന ഇച്ചായനെക്കണ്ട് ഓടിചെന്ന ഞാൻ, എനിക്ക് മുന്നിൽ ഇച്ചായൻ പൊട്ടിത്തെറിക്കുന്നത് കണ്ട് എന്ത് പറയണമെന്നറിയാതെ തരിച്ച് നിന്ന് പോയ്‌.

തൊട്ടതിനും പിടിച്ചതിനുമെല്ലാം എന്നോട് ദേഷ്യപ്പെടാറുണ്ടെങ്കിലും, ഇതാദ്യമായാണ് ‘നിന്നെയിനി വേണ്ട ‘ എന്നൊക്കെ ഇച്ചായൻ പറയുന്നത്. ചങ്കിനകത്തേക്കൊരു കത്തി കുത്തിയിറക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. കണ്ണുകളിൽ വെള്ളം നിറഞ്ഞ് കാഴ്ച്ചകളെയൊക്കെ മറച്ചു കളഞ്ഞു.

“ആരെക്കാണിക്കാനാടി നിന്ന് മോങ്ങുന്നേ.. എന്നാ പറഞ്ഞാലും നിന്ന് മോങ്ങിക്കോണം ” എന്റെ കരച്ചിൽ ഇച്ചായന്റെ ദേഷ്യം ഇരട്ടിയാക്കി.

“എന്നാ ഇച്ചായാ… ഇത്രയൊക്കെ ദേഷ്യപ്പെടാൻ ഞാൻ എന്നാ തെറ്റാ ചെയ്തത് …. “
കണ്ണുകൾ ഷാളിന്റെ തുമ്പ് കൊണ്ട് തുടച്ച് വിങ്ങിപ്പൊട്ടിയാണ് ഞാൻ ചോദിച്ചത്.

“കാര്യം എന്താന്ന് നിനക്കറിയത്തില്ലേ… ആ അറിയണ്ട… പോ…. നീ പോ…. ദേ ഇത് നീയുമായുള്ള എന്റെ ലാസ്റ്റ് മീറ്റിംഗ് ആണ്. ഇനിയൊരിക്കലും ഞാൻ നിന്നെ കാണാൻ വരില്ല.. വിളിക്കില്ല.. ഫേസ്ബുക്കിലും വാട്സപ്പിലും ഫോണിലും ഞാൻ നിന്നെ ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്….ബൈ “

എന്റെ ചോദ്യത്തിന് എന്നെ കുറേക്കൂടി വേദനിപ്പിച്ചിട്ട് ഇച്ചായൻ പറഞ്ഞത് കേട്ടപ്പോൾ, നിൽക്കുന്നത് റോഡ് ആണെന്ന് പോലും ഓർക്കാതെ പൊട്ടിക്കരഞ്ഞു പോയി ഞാൻ.ഷാൾ കൊണ്ട് മുഖം അമർത്തിതുടച്ച് ഞാൻ ഇച്ചായനെ നോക്കി. പിന്നെ മെല്ലെ ചോദിച്ചു

“ഒക്കെ വേണ്ടാന്ന് വച്ച് പോകാൻ എന്നാ ഇച്ചായാ ഇപ്പോ ഉണ്ടായത്. പ്ലീസ്.. എനിക്കറിയണം? “

“ആ പറയാനെനിക്ക് സൗകര്യമില്ല… ഞാൻ പോകുവാണ്.. ബൈ.. “

എന്റെ ചോദ്യത്തെ അവഗണനയോടെ തട്ടിത്തെറിപ്പിച്ചു നടന്ന് പോകുന്ന ഇച്ചായനെ നോക്കി നിൽക്കുമ്പോൾ ആ നിമിഷമം ഞാനങ് മരിച്ച്‌ പോയാൽ മതിയായിരുന്നുന്നെന്ന് ആഗ്രഹിച്ച് പോയി. കണ്ണുകൾ തുടച്ച്, ഒരു യന്ത്രം കണക്കെ ബസ്സ്റ്റോപ്പിൽ ചെന്ന് നിൽക്കുമ്പോഴും, പോകാനുള്ള ബസ്സുകൾ മാറി മാറി വന്നിട്ടും, ചുറ്റും നടക്കുന്ന ഒന്നിനെക്കുറിച്ചും അറിയാതെ നിൽക്കുമ്പോഴാണ് പെട്ടന്നൊരു വിളി വന്നെന്റെ കാതിൽ വീണത്

“ഡീ… “

വിളി കേട്ട് ഞെട്ടി ചുറ്റും പരതി നടന്ന കണ്ണുകൾ ഇച്ചായന്റെ മുഖത്ത് ചെന്നുടക്കി.

“എന്താടി നീ വീട്ടിൽ പോണില്ലേ? “

എന്റെയടുത്ത് വന്ന് നിന്ന് ഇച്ചായൻ ശബ്ദമുയർത്തിയപ്പോ അത് കേട്ട് സ്റ്റോപ്പിൽ ഉണ്ടായിരുന്നവരെല്ലാം ഞങ്ങളെ രണ്ടിനെയും മാറി മാറി നോക്കി. എങ്കിലും അവരെയൊന്നും ഗൗനിക്കാതെ ഇച്ചായൻ വീണ്ടും ചോദിച്ചു

“നിന്റെ വായ്ക്കകത്തെന്നാ പഴമാണോ.. ചോദിച്ചത് കേട്ടില്ലേ നീയെന്താ വീട്ടിൽ പോകാത്തതെന്നു? “

” എന്നെ വേണ്ടാന്ന് പറഞ്ഞ് പോയ ആളെന്തിനാ അത്‌ തിരക്കണെ… ഞാൻ എങ്ങോട്ടേലും പൊയ്ക്കോളാം . ഇച്ചായന്‌ എന്നെക്കൊണ്ട് ശല്യം ഉണ്ടാവില്ല ഇനി.. പോരേ? “

“ആ അത്‌ നീ എങ്ങോട്ടേലും പോ.. ഇപ്പൊ ഞാനെന്തായാലും തോപ്പുംപടി വരെ ആക്കിത്തരാം…വാ “

പറയുമ്പോൾ ഇച്ചായൻ ചിരിക്കുന്നുണ്ടോ…? ഇല്ല തോന്നിയതാണ്…ഒന്നും മിണ്ടാതെ കണ്ണുകൾ നിറച്ച് ഞാൻ ഇച്ചായനെ നോക്കി വേണ്ട എന്ന് തലയാട്ടി.

“വന്ന് വണ്ടിയെലോട്ട് കേറെടി… “

എന്നെ നോക്കി കണ്ണുരുട്ടി ഇച്ചായൻ ഒച്ച വച്ചതും ഒന്നും മിണ്ടാതെ ചെന്ന് ബുള്ളറ്റിന്റെ പിന്നിൽ കയറി തലകുനിച്ചിരുന്നു ഞാൻ. അപ്പോഴാണ് വീണ്ടും ഇച്ചായന്റെ സ്വരമുയർന്നത്

“ഇനി കെട്ടിപ്പിടിക്കാൻ നിന്നോട് പ്രത്യേകം പറയണോടി “

ആ ഒറ്റ ഒച്ച വയ്ക്കലിൽ, ഞാൻ ഇച്ചായന്റെ വയറിൽ എന്റെ കൈ ചുറ്റിപ്പിടിച്ചു. കണ്ണിൽ നിന്നൊഴുകുന്ന കണ്ണീരിനെ പുറം കൈ കൊണ്ട് തുടച്ച് ഞാൻ അപ്പോഴും ഇച്ചായന്റെ ദേഷ്യത്തിന്റെ കാരണം തിരയുകയായിരുന്നു. എന്റെ മുഖഭാവം കണ്ണാടിയിലൂടെ കണ്ടിട്ടാവണം ഇച്ചായൻ പെട്ടെന്ന് വണ്ടി നിർത്തി.

“എന്നാ കോ *പ്പ് ആലോചിക്കുവാടി നീ… ഞാൻ നിന്നോട് ദേഷ്യപ്പെട്ടത് എന്തിനാണെന്നാണോ “

കണ്ണാടിയിലൂടെ എന്നെ തുറിച്ച് നോക്കി ഇച്ചായൻ ചോദിച്ചപ്പോൾ എങ്ങലോടെ ഞാൻ അതേന്ന് തലയാട്ടി.

“ആ എന്നാ കേട്ടോ.. നിന്നോട് ഞാനൊരായിരം തവണ പറഞ്ഞിട്ടുണ്ട് ഞാൻ വിളിക്കുമ്പോത്തന്നെ ഫോൺ എടുക്കണം എന്ന്. നിന്നെ വിളിച്ചിട്ട് കിട്ടിയില്ലേ എനിക്ക് പ്രാന്ത് പിടിക്കുമെന്നു…. നിന്നെ ഞാനിന്നലെ എത്ര തവണ വിളിച്ചെടി… ശരിയാണ് സൺ‌ഡേ ആയിരുന്നു.. വീട്ടിൽ എല്ലാരും കാണും…. പക്ഷെ വിചാരിച്ചാ നിനക്ക് എന്റെ കോൾ അറ്റന്റ് ചെയ്യാരുന്നു.. പക്ഷെ നീ ചെയ്തില്ല നിന്റെ സ്വരം ഇന്നലെ ഞാൻ കേട്ടിട്ടുണ്ടോടി….എന്നോട് ഒരു ദിവസം സംസാരിച്ചില്ലേ നിനക്കൊന്നുമില്ലായിരിക്കും. പക്ഷെ എനിക്ക് ഒരു നേരം നിന്റെ സ്വരം കേട്ടില്ലേ ഭ്രാന്താണ്… അതുകൊണ്ടാ പറഞ്ഞത് എന്റെ വാക്കിന് ഒരു വിലയും തരാത്ത ഒരുത്തിയെ എനിക്ക് വേണ്ടന്ന് “

ഇച്ചായൻ പറഞ്ഞത് കേട്ട് മുഖം പൊത്തിക്കരയുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. കരച്ചിലിനൊടുവിൽ “സോറി ഇച്ചായാ ” എന്നൊരു ക്ഷമ പറച്ചിലോടെ ഇച്ചായന്റെ കൈത്തണ്ടയിൽ പിടി മുറുക്കുമ്പോൾ ഇച്ചായൻ,

“സാരമില്ല… പോട്ടെടി… എന്റെ കൊച്ച് പേടിച്ചല്ലേ, ഇച്ചായൻ വേണ്ടന്നൊക്കെ പറയണ കേട്ട്.. അങ്ങനെ പറഞ്ഞെന്നു വച്ച്, എന്നെക്കൊണ്ടൊക്കോടി നിന്നെ കളഞ്ഞേച്ച് പോകാൻ.. എനിക്ക് നീയല്ലാതെ വേറെയാരടി ഒള്ളത് ” എന്ന് പറഞ്ഞെന്റെ തലയ്ക്ക് കിഴുക്കിയത് . അത് കേട്ടപ്പോൾ ഉള്ളിലുണ്ടായ ആശ്വാസവും സന്തോഷവും കണ്ണീരായൊഴുകുമ്പോൾ എനിക്ക് മനസ്സിലായി ഇച്ചായനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന്….

******************

“നിന്റെ പോസ്റ്റിടൽ ഇത് വരെ കഴിഞ്ഞില്ലേ കുഞ്ഞോളെ.. വന്നേ.. എല്ലാരും വെയിറ്റ് ചെയ്യുവാ.. നമുക്ക് കേക്ക് കട്ട്‌ ചെയ്യാം “

ഒന്നാം വിവാഹ വാർഷികത്തിന് പോസ്റ്റ്‌ ചെയ്യാൻ വേണ്ടി ലൈഫിലെ ഒരു കുഞ്ഞ് പിണക്കത്തെക്കുറിച്ച് എഴുതി നിർത്തുമ്പോഴാണ് ഇച്ചായൻ പിന്നിൽ നിന്ന് വിളിച്ചത്…..

അതേ…ഒന്നിച്ചൊരു ജീവിതം തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം ആയി…ഏറെ ഞാൻ കൊതിച്ച… സ്വപ്നം കണ്ട ജീവിതം… എന്റെ ഇച്ചായന്റെ കൂടെ..മൂന്ന് കൊല്ലത്തെ പ്രണയത്തിൽ ഞാൻ കണ്ട ഇച്ചായനെയല്ലായിരുന്നു ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയപ്പോൾ ഞാൻ കണ്ടത്..ഒരിക്കൽപ്പോലുമെന്നോട് ദേഷ്യപ്പെടാത്ത…. വഴക്കുണ്ടാക്കി കരയിക്കാത്ത.. ഒരു നോട്ടം കൊണ്ട് പോലുമെന്നെ വേദനിപ്പിക്കാത്ത
നെഞ്ചിലേ വലിയ ആകാശത്തിൽ എന്നെ കൊഞ്ചിച്ചു കൊണ്ട് നടക്കുന്ന ഇച്ചായനെയാണ്….. അല്ലെങ്കിലും കെട്ടിയ പെണ്ണിനെ പ്രാണനേക്കാൾ സ്നേഹിക്കുന്ന ബെറ്റർ ഹാഫിനെ കിട്ടാൻ പുണ്യം ചെയ്യണം………. ല്ലേ?

~ബിന്ധ്യ ബാലൻ