എന്നും നിനക്കായ് ~ ഭാഗം 06, എഴുത്ത്: സോണി അഭിലാഷ്

മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

തിരിച്ചു കോളേജിൽ എത്തിയിട്ടും ശ്രുതിയിൽ ആ പഴയ പ്രസരിപ്പ് ഒന്നുമില്ലായിരുന്നു അവളെ അറിയുന്നവർ അവളുടെ മാറ്റം കണ്ട്‌ കാര്യം തിരക്കി വന്നെങ്കിലും
ഒന്നുമില്ലെന്ന്‌ പറഞ്ഞവൾ ഒഴിഞ്ഞുമാറി..

ഒരു ദിവസം സിനിയുമായി ക്യാന്റീനിൽ കാപ്പി കുടിച്ചിരിക്കുകയായിരുന്നു ശ്രുതി

” ശ്രുതി..” സിനി വിളിച്ചു

അവൾ തലയുയർത്തി സിനിയെ നോക്കി

” നീ ഇതുവരെ ജോജി വിഷയം വിട്ടില്ലേ..? “

ശ്രുതി വീണ്ടും തലകുമ്പിട്ടു…

” നോക്കൂ ശ്രുതി..ജോജിയെ കുറ്റംപറയാൻ പറ്റില്ല…കാരണം നീയും നിന്റെ വീട്ടുകാരും ഈ കുറഞ്ഞനാൾ കൊണ്ട് അവനെയും കുടുംബത്തെയും പരമാവധി ഉപദ്രവിച്ചു കഴിഞ്ഞു…

എന്നിട്ടും നിന്റെ ജീവൻ അപകടത്തിലായപ്പോൾ അവൻ രക്തം തന്നത് അത് സഹജീവിയോട് തോന്നുന്ന ഒരു കരുണയായിട്ട് ആയിരിക്കും..നീയിനി വെറുതെ ജോജിയെ ഓർത്തു സങ്കടപ്പെടുന്നതിൽ അർത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല..”

” നീ പറയുന്നതിലും കാര്യമുണ്ട് സിനി..അത്ര യധികം ഞങ്ങളാ പാവങ്ങളെ ഉപദ്രവിച്ചിട്ടുണ്ട്.. അതുകൊണ്ട് ജോജിയുടെ കാര്യത്തിൽ ഇനിയൊരു കാത്തിരിപ്പു
കൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. ജോജിയോട് തോന്നിയ പ്രണയം അത് സത്യമാണ്..അതുകൊണ്ട് ഈ ശ്രുതിയുടെ ജീവിതത്തിലിനി മറ്റൊരു പ്രണയമോ മറ്റൊരു പുരുഷനോ ഉണ്ടാവില്ല…”

” അതിനെപ്പറ്റി നമുക്ക് പിന്നീട് ആലോചിക്കാം…ഇനി കോഴ്സ് തീരാൻ അധിക ദിവസമില്ല…അതുകൊണ്ട് ചെയ്‌തു തീർക്കാനുള്ള കാര്യങ്ങൾ ചെയ്യ്‌ ബാക്കി വരുന്നിടത്തു വച്ചു കാണാം…എന്തിനും നിന്റെ കൂടെ ഞാനുണ്ടാകും..” സിനി ശ്രുതിക്ക് ഉറപ്പുകൊടുത്തു…

എന്നത്തേയും പോലെ ജോജിയുടെ ദിവസങ്ങൾ കഴിഞ്ഞുപോയി..പറമ്പിലേ പണിയും കൂട്ടുകാരുമൊത്തുള്ള ഒത്തു കൂടലും എല്ലാം അവനിൽ നിന്നും ശ്രുതിയെന്ന വാക്കിനെ ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിച്ചു..

കുറെ ദിവസങ്ങളായുള്ള അലച്ചിലിനു ശേഷം ഈപ്പച്ചൻ വീട്ടിൽ ഉള്ള ഒരു ഞായറാഴ്ച്ച പള്ളിയിൽ പോയി വന്നപ്പോൾ വീട്ടിൽ നിന്നും പരിചയമില്ലാത്ത രണ്ട് ചെറുപ്പക്കാർ ബൈക്കിൽ പോകുന്നത് കണ്ടു…കാർ അകത്തേക്ക് കയറ്റിയിട്ട ശേഷം ഈപ്പച്ചൻ അടുക്കളയിലേക്ക് ചെന്നു..

” എടി സാറേ..”

ഈപ്പച്ചൻ വിളിക്കുന്നത് കേട്ട സാറ അങ്ങോട്ട് ചെന്നു..

” എന്താ ഇച്ഛായാ…? “

” ആരാ ഇപ്പോ ഇവിടന്ന് ബൈക്കിൽ പോയ രണ്ടവന്മാർ..നിനക്കറിയോ…? “

” എനിക്കറിയില്ലേ കുറച്ചു ദിവസമായിട്ട് സാമിന്റെ കൂടെ അവരിവിടെ വരുന്നുണ്ട് എല്ലാവരും കൂടി കുറെ നേരം അവിടെ ഇരുന്നു സംസാരിക്കുന്നത് കാണാം..”

” മ്മ്മ്…” ഈപ്പച്ചനൊന്ന് അമർത്തി മൂളിയിട്ട് വീണ്ടും ചോദിച്ചു

” അവന്മാർ എവിടെയുള്ളത് ആണെന്നോ മറ്റോ സാം പറഞ്ഞോ..? “

” ഒരു ദിവസം ഇതേപ്പറ്റി ഞാനവനോട് ചോദിച്ചു അന്നവൻ ഇതൊന്നും മമ്മിയറിയേണ്ട കാര്യമല്ലെന്നും പറഞ്ഞു ദേഷ്യപ്പെട്ടു..അതിൽ പിന്നേ ഞാനവനോട് ഒന്നും ചോദിച്ചില്ല..എന്താ ഇച്ഛായാ ചോദിച്ചത്…”

“മ്മ്..ഒന്നുല്ല ഞാനവനോട് ചോദിച്ചോളാം.”

ഉച്ചക്കു ചോറുണ്ണാൻ വന്ന സാം തന്നെ തിരക്കുന്നത് കേട്ടുകൊണ്ടാണ് ഈപ്പച്ചൻ അവന്റെയടുത്തേക്ക് ചെല്ലുന്നത്.

” ഞാനിവിടെ ഉണ്ട്..നിനക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ..? “

” അല്ല പപ്പാ വന്നിട്ട് കണ്ടില്ല..അതാണ് ഞാൻ ചോദിച്ചത്..”

ഈപ്പച്ചൻ ഒരു കസേര വലിച്ചവന്റെ അടുത്തേക്കിട്ടിട്ട് അതിലേക്കിരുന്നു എന്നിട്ട് സാമിനോടായി ചോദിച്ചു

” ഞാൻ ഇങ്ങോട്ട് വരുമ്പോൾ ഇവിടുന്നു രണ്ടവന്മാർ ബൈക്കിൽ പോകുന്നത് കണ്ടു ആരാ അവര്..”

” അത്..അത്..പിന്നേ പപ്പാ എന്റെ ഫ്രണ്ട്‌സ് ആണ്..”

അതു പറയുമ്പോൾ സാമിന്റെ ശബ്ദത്തിലുണ്ടായ പതർച്ച അയാൾ ശ്രെധിച്ചു..

” ആട്ടെ അവരെവിടെ ഉള്ളതാ..നീയുമായി എങ്ങിനെയാ പരിചയം..? “

” അത് ഇവിടെ അടുത്തക്കെ തന്നെയുള്ളതാ..”

“ഒരു മാസം ഞാനിവിടന്നു മാറി നിന്നപ്പോൾ നിനക്ക് വീട്ടിലേക്ക് ക്ഷണിക്കാൻ അടുപ്പമുള്ള ഫ്രണ്ട്‌സ് ഒക്കെ ആയോ..ഇതിലും അടുപ്പമുള്ള നിന്റെ കൂട്ടുകാരെ ഇങ്ങോട്ട് നീ ക്ഷണിച്ചു ഞാൻ മുൻപ് കണ്ടിട്ടില്ലല്ലോ..? “

ഈപ്പച്ചൻ ചോദിച്ച ചോദ്യം സാമിന്റെ ഉത്തരം മുട്ടിച്ചു..അവനൊന്ന് പതറികൊണ്ട് പറഞ്ഞു

” അങ്ങനെയൊന്നുമില്ല പപ്പാ..അവരിടക്ക് വരും അത്രേ ഉള്ളു..”

” മ്മ്മ്…” ഒന്ന് മൂളിയിട്ട് ഈപ്പച്ചൻ എഴുന്നേറ്റ് പോയി അപ്പോഴേക്കും
അയാളുടെ മനസിൽ സാമിനെയൊന്നു ശ്രെധിക്കണം എന്ന ചിന്ത ഉണർന്നിരുന്നു..

അതുകൊണ്ട് തന്നെ സാമിന്റെ ഓരോ നീക്കവും അവനറിയാതെ ഈപ്പച്ചൻ നിരീക്ഷിച്ചു അവന്റെ പുതിയ കൂട്ടുകെട്ട് അത്ര നല്ലതല്ലെന്ന് അയാളുടെ മനസ് ഓരോ നിമിഷവും മന്ത്രിച്ചു കൊണ്ടിരുന്നു..

കോളേജിലെ ഓരോ ദിവസവും ഓരോ യുഗങ്ങളായിട്ടാണ് ശ്രുതിക്ക് തോന്നിയത് മൂന്നുമാസം എങ്ങിനെയെങ്കിലും തീർത്ത് നാട്ടിലേക്ക് മടങ്ങാൻ അവളുടെ മനസ് തുടിച്ചു..

ഉറങ്ങാതെ കിടക്കുന്ന രാത്രികളിൽ ജോജിയും അവനുമായി നടന്ന പ്രശനങ്ങളും അവളുടെ ഓർമ്മയിൽ വിരുന്നുകാ രായി എത്തും…ആ ചിരിക്കുന്ന മുഖം ഓർക്കുമ്പോൾ അവളുടെ കണ്ണുകൾ ഇറാനാകും..ഓരോ നിമിഷവും അവളിൽ ജോജിയോടുള്ള പ്രണയത്തിന്റെ അളവ് കൂടിവന്നു…

ശ്രുതിയെ മറക്കാൻ ശ്രെമിച്ചിട്ടും പലപ്പോ ഴും തോൽവിയായിരുന്നു ജോജിക്ക് കിട്ടിയിരുന്ന ഫലം. അവളോട് കാണിച്ചത് ക്രൂരതയായിരുന്നു പക്ഷേ തന്നെയും തന്റെ കുടുംബത്തെയും ശത്രുക്കളെ പോലെ കാണുന്ന ഈപ്പച്ചന്റെ മോളെ അംഗീകരിക്കാൻ തന്റെ കുടുംബം തയ്യാറാ വില്ലന്ന് അവന് നന്നായി അറിയാം.

അത്രയും തന്നെ ദ്രോഹിച്ച ഒരുത്തിയുടെ കാര്യവും പറഞ്ഞു അപ്പച്ചന്റെയും അമ്മച്ചി യുടെയും മുന്നിൽ പോയി നിൽക്കാൻ തനിക്കു കഴിയില്ലെന്ന് ജോജിക്ക് നല്ല ബോധ്യമുണ്ടായിരുന്നു…

ഒരു ദിവസം വീടിന്റെ മുകളിലുള്ള മുറിയി ൽ നിൽക്കുകയായിരുന്നു ഈപ്പച്ചൻ ബൈക്കുകൾ വന്ന് നിൽക്കുന്ന സൗണ്ട് കേട്ട് ജനൽ വിരികൾ മാറ്റി നോക്കി..

സാമും കൂട്ടുകാരും ഔട്ട് ഹൗസിലേക്ക് പോകുന്നത് അയാൾ നോക്കി നിന്നു.കുറെ കഴിഞ്ഞപ്പോൾ സാം അടുക്കളയിൽ വന്ന് എന്തൊക്കയോ എടുത്തുകൊണ്ടു പോകുന്നത് അയാൾ കണ്ടു ഈപ്പച്ചൻ അടുക്കളയിലേക്ക് ചെന്നു..

” സാറേ…”

” എന്താ ഇച്ചായാ..”

” സാം ഇവിടെവന്ന് എന്തൊക്കയോ എടുത്തു കൊണ്ട് പോകുന്നത് കണ്ടല്ലോ “

” മ്മ് കുറെ ബീഫ് കറി കോരിയിട്ട്‌ കൊണ്ട് പോയി..” അനിഷ്ടത്തോടെ അവർ പറഞ്ഞു

” ഉം…” ഈപ്പച്ചൻ ഒന്നിരുത്തി മൂളി

” ഇച്ചായാ ഞാനൊരു കാര്യം പറയട്ടെ “

അയാൾ ചോദ്യഭാവത്തിൽ അവരെ നോക്കി

” സാമിന്റെ ഇപ്പോഴത്തെ പോക്ക് അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല ആ കൂട്ടുകെട്ടും ശരിയല്ല..ചില നേരത്തെ അവന്റെ നോട്ടവും ഭാവവും ഒക്കെ വേറെ രീതിയിലാണ് അതുകൊണ്ട് ഇച്ചായൻ ഇനി ദൂരെക്കൊന്നും പോകരുത് എനിക്ക് പേടിയാണ്..”

സാറ പറയുന്നത് കേട്ട് ഈപ്പച്ചൻ അവരെ സഹതാപത്തോടെ നോക്കി എന്നിട്ട് പറഞ്ഞു

” നീ പേടിക്കേണ്ട ഇനി കുറച്ചു നാളത്തേ ക്ക് ഞാനിനി എങ്ങോട്ടും പോകുന്നില്ല ഇവിടെ തന്നെ ഉണ്ടകും…”

രാത്രി വരെ നീണ്ട പരിപാടികൾക്കു ശേഷം സാമും കൂട്ടുകാരും ഔട്ട്ഹൗസിൽനിന്നും പുറത്തിറങ്ങി സാം നേരെ അകത്തേക്ക് വന്നു

” മമ്മി മമ്മി..” അവൻ വിളിക്കുന്നത് കേട്ട് സാറ അങ്ങോട്ട് വന്നു

” എന്താടാ…”

” ഞാൻ അവന്മാരുടെ കൂടെ പോവാണ് ഇന്ന് വരില്ല..” അത് പറഞ്ഞിട്ട് അവൻ പുറത്തേക്ക് പോയി

രാത്രി കുറെ വൈകിയപ്പോൾ ഈപ്പച്ചൻ പുറത്തിറങ്ങി നേരെ ഔട്ട്ഹൗസിലേക്ക് നടന്നു വാതിൽ തുറന്ന് അകത്തുകയറി അയാൾ ലൈറ്റ് ഇട്ടു..ആകെ അലങ്കോല മായി കിടക്കുന്നു എല്ലാം ഭക്ഷണം കഴിച്ച പത്രങ്ങളും ഗ്ലാസുകളും അവിടെയിവിടെ ചിതറി കിടക്കുന്നുണ്ടയിരുന്നു അയാൾ മുന്നോട്ട് നടന്നു മ ദ്യകു പ്പികളും ഐസ് പത്രങ്ങളും മേശപ്പുറത്തു നിരന്നു കിടന്നു.

ബെഡ്റൂമിലേക്ക് കടന്ന ഈപ്പച്ചന്റെ കണ്ണുകൾ അവിടെ പ്രവർത്തിച്ചുകൊണ്ടി രുന്ന ടീവിയിലേക്ക് നീണ്ടു അതിൽ തെളിഞ്ഞ രംഗങ്ങൾ കണ്ട്‌ ഈപ്പച്ചൻ കണ്ണുകളടച്ചു ഒരപ്പനും കാണാൻ പറ്റാത്ത രീതിയിലുള്ള രംഗങ്ങളായിരുന്നു അതിൽ തെളിഞ്ഞിരുന്നത്.

അയാൾ വേഗം ടീവീ ഓഫ് ചെയ്തു അപ്പോഴാണ് അയാളുടെ കണ്ണുകളിൽ മേശപ്പുറത്തു കിടന്ന വെള്ള പൊടി നിറഞ്ഞ ഒരു കുഞ്ഞു കവർ പെട്ടത്

അയാൾ അതെടുത്തു നോക്കി ആ കവർ പൊട്ടിച്ചു ഒന്നു രുചിച്ചു നോക്കി അയാളുടെ നെറ്റി ചുളിഞ്ഞു..ഇത് ക ഞ്ചാവ് ആണല്ലോ…ഒരിക്കൽ ഈപ്പച്ചന്റെ ഒരു കൂട്ടുകാരൻ ഇത് രുചിച്ചു നോക്കാൻ കൊടുത്തത് അയാളോർമിച്ചു.

ഈപ്പച്ചൻ അവിടെയാകെ പരിശോധിക്കാ ൻ തുടെങ്ങി നോക്കി നോക്കി അയാൾ അവിടെ കിടന്ന കിടക്ക പൊക്കി നോക്കിയപ്പോൾ അതിനടിയിലും അതുപോലെയുള്ള പാക്കറ്റുകൾ കണ്ടു..

ഈപ്പച്ചന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാ ൻ പാഞ്ഞു പോയി തന്റെ മകൻ മ ദ്യത്തിനും മ യ ക്കുമരുന്നിനും അടിമയായി എന്ന് സത്യം ഒരു ഹൃദയ വേദനയോടെ അയാൾ തിരിച്ചറിഞ്ഞു

വേഗം ഔട്ട്ഹൗസിൽനിന്നും പുറത്തിറങ്ങി അയാൾ വാതിലടച്ചിട്ട് താക്കോൽ അത് വെക്കുന്നിടത്തു വച്ചിട്ട് ഈപ്പച്ചൻ അകത്തേക്ക് പോയി ഉറങ്ങാൻ കിടന്നിട്ടും
അയാൾക്ക് ഉറങ്ങാൻ പറ്റിയില്ല ചില ഉറച്ച തീരുമാനങ്ങളോടെ അയാൾ സാം തിരിച്ചു വരുന്നതിനായി കാത്തിരുന്നു.

പിറ്റേദിവസം പകലൊന്നും സാം വീട്ടിലേക്ക് വന്നില്ല..വൈകുന്നേരം സിറ്റ്ഔട്ടിൽ ഇരിക്കുകയായിരുന്നു ഈപ്പച്ചനും സാറയും

” അവനെ കാണുന്നില്ലല്ലോ ഇച്ചായാ..”

” അവൻ വന്നോളും നീ എനിക്കൊരു ചായ ഇട്ടുകൊണ്ട് വാ..”

അവർ അകത്തേക്കു പോയി ഫ്ലാസ്കിൽ നിന്നും ചായ ഗ്ലാസിൽ ഒഴിച്ചു കൊണ്ടു വന്നു അയാൾക്കു കൊടുത്തിട്ട് പറഞ്ഞു

” ഇന്നാണെങ്കിൽ ഒരു മഴക്കാറുമുണ്ട് എന്തോ മനസ്സിനു വല്ലാത്തൊരു അസ്വസ്‌ഥത ഇച്ചായൻ ശ്രുതിയെ ഒന്ന് വിളിച്ചു തന്നെ..”

ഈപ്പച്ചൻ ഫോണെടുത്തു ശ്രുതിയുടെ നമ്പറ് ഡയൽ ചെയ്തിട്ട് സാറക്ക് കൊടുത്തു. പിറ്റേദിവസത്തേക്കുള്ള ഒരു പ്രൊജക്റ്റ് ചെയ്യുകയായിരുന്നു ശ്രുതി ഫോൺ ബെല്ലടിച്ചത് കേട്ട് നോക്കിയപ്പോ ൾ പപ്പ എന്നുകണ്ട് അവൾ കോൾ എടുത്തു..

” ഹാലോ പപ്പാ “

” പപ്പ അല്ല മോളെ മമ്മിയാ..”

” ങ്ഹാ മമ്മി പറയ്..”

” ഒന്നുമില്ല രണ്ടുദിവസം ആയില്ലേ നിന്നോട് സംസാരിച്ചിട്ട് അതാണ് വിളിച്ചത്..”

” ആണോ..ചേട്ടായി എന്തിയെ..? “

” അവനിന്നലെ പോയതാണ് ഇതുവരെ വന്നിട്ടില്ല എവിടെ പോയതാണെന്ന് ഒരു വിവരവുമില്ല ഇന്നാണെങ്കിൽ ഒരു മഴക്കോളുമുണ്ട്..”

” ചേട്ടായി എന്നെ വിളിച്ചിട്ട് കുറച്ചു ദിവസം ആയല്ലോ…എന്നും വിളിച്ചോണ്ടിരുന്നതാ “

അങ്ങിനെ ഓരോ വിശേഷങ്ങൾ പറഞ്ഞു കുറെ നേരം സംസാരിച്ചിട്ട് അവർ ഫോൺ വച്ചു അപ്പോഴേക്കും മഴ ചെറുതായി പെയ്തു തുടെങ്ങിയിരുന്നു..

ഈപ്പച്ചനും സാറയും ആ മഴയിലേക്ക് നോക്കിയിരുന്നു പക്ഷേ അവർക്കിടയിൽ പതിവില്ലാത്തൊരു മൗനം തങ്ങി നിന്നു സാമിനെ കുറിച്ചോർത്തു ഈപ്പച്ചന്റെ മനസ് പുകഞ്ഞുകൊണ്ടിരുന്നു.

” ഇച്ഛയാ..” സാറ വിളിക്കുന്നത്‌ കേട്ടു അയാൾ അവരെ ചോദ്യ ഭാവത്തിൽ നോക്കി

” ശ്രുതി വന്ന് കഴിഞ്ഞിട്ട് നമുക്കെല്ലാവർ ക്കും കൂടി ഒരു തീർത്ഥാടനത്തിന് പോണം കുറച്ചു പള്ളികളിലെല്ലാം..നമ്മൾ നാലു പേരല്ലേ ഉള്ളു ഇച്ചായനും എനിക്കും കുടുംബക്കാർ എന്ന് പറയാൻ ആരും തന്നെയില്ലല്ലോ എന്ത് പറയുന്നു..”

അതൊരു നല്ല കാര്യമായി അയാൾക്ക് തോന്നി അവരുടെ ആ ആഗ്രഹത്തിന് സമ്മതവും കൊടുത്തു

അന്ന് ഏറെ വൈകിയാണ് സാം എത്തിയത് നനഞ്ഞു വന്നതുകൊണ്ട് അവൻ നേരെ മുറിയിലേക്ക് പോയി കുളിച്ചു ഡ്രെസ്സെല്ലാം മാറി കഴിക്കാൻ വന്നിരുന്നു അവിടെ ഈപ്പച്ചനും ഉണ്ടായിരുന്നു..

” സാമേ എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്..”

” പപ്പക്ക് എന്താണ് എന്നോടു ചോദിക്കാനു ള്ളത്..”

അയാൾ അവനെയൊന്നു നോക്കി ഒപ്പം സാറയെയും എന്നിട്ട് സാമിന്‌ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു

” ഔട്ട് ഹൗസിൽ നിനക്കും നിന്റെ കൂട്ടു കാർക്കും എന്താ പരിപാടി..”

” പരിപാടിയോ എന്തുപരിപാടി..പപ്പ എന്താ പറയുന്നത്..” അവൻ കാര്യത്തെ ലഘൂകരി ക്കാൻ ശ്രെമിച്ചു

” നീയെന്നെ വിഢിയാക്കാൻ ശ്രെമിക്കല്ലേ സാമേ..” ദേഷ്യത്തോടെ ഈപ്പച്ചൻ പറഞ്ഞു

” പപ്പ എന്തിനാ ആവശ്യമില്ലാതെ എന്നെ ചോദ്യം ചെയ്യുന്നത്..” കള്ളം പിടിക്കപ്പെട്ട ദേഷ്യത്തോടെ അവൻ ചോദിച്ചു

അതിന്റെ മറുപടിയായി ഈപ്പച്ചന്റെ കൈ അവന്റെ കവിളിൽ പതിഞ്ഞു സാം വേച്ചു പോയി അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി…

തുടരും…