എന്നും നിനക്കായ് ~ ഭാഗം 05, എഴുത്ത്: സോണി അഭിലാഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“എടാ ജോജി..നീ ഇതുവരെ കുഴിയെടുത്തില്ലേ…”

പുറകിൽ നിന്നുള്ള അശരീരി കേട്ട് ജോജി തിരിഞ്ഞു നോക്കിയപ്പോൾ കപ്യാര് അവനെ നോക്കി നിക്കുന്നു.

” അല്ല ഞാൻ വെട്ടി നിർത്തിയിടത്തു തന്നെ ഈ തൂമ്പ ഇരിക്കുന്നത് കണ്ട്‌ ചോദിച്ചതാ..”

അവനു വല്ലാത്ത ഒരു ചമ്മൽ തോന്നി..

” അത് പിന്നേ ചേട്ടാ..ഞാനോരോ കാര്യങ്ങൾ ആലോചിച്ചു നിന്നു പോയതാ “

” നീ ഇപ്പോ ഇത്ര ആലോചിക്കാനുള്ള കാര്യം എന്താ…നീ വേഗം കുഴിവെട്ട് അല്ലങ്കിൽ അച്ഛനിപ്പോ വരും..”

” ഓ ശരി…എനിക്കുള്ള കുഴിയും തോണ്ടി ഒരുത്തി ഇപ്പോൾ പോയതേ ഉള്ളു..” അവൻ പിറുപുറുത്തു.

” നീ എന്തെങ്കിലും പറഞ്ഞോ ജോജിയെ..”

” ഓ…ഇല്ലായെ…” അതും പറഞ്ഞുകൊണ്ട് അവൻ ജോലി തുടർന്നു.

വീട്ടിൽ തിരിച്ചെത്തിയ ശ്രുതിക്ക് വല്ലാത്തൊരു സന്തോഷമോ സമാധാനമോ ഒക്കെയാണ് തോന്നിയത്..

ഒരു വലിയ ഭാരം നെഞ്ചിൽനിന്നും ഇറക്കി വച്ചതുപോലെ ഒരു സുഖം..അവൾ കട്ടിലി
ലേക്കിരുന്നു കഴിഞ്ഞുപോയ സംഭവങ്ങൾ
ഓർത്തു..

“ഞാൻ പറഞ്ഞതെല്ലാം ജോജി വിശ്വസിക്കില്ലേ…അതോ താൻ കളിയാക്കിയത് ആയിട്ട് തോന്നോ…എന്തായാലും പോകുന്നതിനു മുൻപ് ജോജിയുടെ മുന്നിൽ മനസ് തുറന്നു
സംസാരിക്കാൻ പറ്റിയല്ലോ അത് തന്നെ വലിയ കാര്യം…” അവൾ മനസിൽ പറഞ്ഞു..

പള്ളിയിലെ പണി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ ജോജിയുടെ ചിന്ത മുഴുവൻ ശ്രുതി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു..

” എന്നാലും ആരായിരിക്കും ഞാനാണ് അവൾക്ക് ബ്ലഡ് കൊടുത്തത് എന്ന് പറഞ്ഞത്…അത് അറിഞ്ഞ ശേഷമാണ് ഈ മാറ്റങ്ങൾ അവളിൽ കണ്ടു തുടെങ്ങിയത്..പലയിടത്തു വച്ചു കണ്ടപ്പോഴും വീട്ടിൽ വന്നപ്പോഴും ആ കണ്ണുകളിൽ തിളങ്ങിയത് തന്നോടുള്ള പ്രണയമായിരുന്നോ…ഇന്ന് അവൾ പറഞ്ഞത് സത്യമായിരിക്കോ…” ഓ ആകെ വട്ടുപിടിക്കുന്നു..” അവൻ ദേഷ്യത്തോടെ പറഞ്ഞു..

പോകുന്ന ദിവസം ആയപ്പോൾ ശ്രുതിക്ക് ഒരു മടിപോലെ തോന്നി..

എന്നാൽ സാമിനെയും ഈപ്പച്ചനെയും ഓർത്തപ്പോൾ അവളുടെ മടിയെല്ലാം മാറി ബാഗെല്ലാം റെഡിയാക്കി വച്ചിട്ട് അവൾ ഊണുകഴിക്കാനിരുന്നു.. എന്തൊക്കയോ കഴിച്ചു എന്ന് വരുത്തി അവളെഴുനേറ്റു..

” ശ്രുതി നിന്റെ കൂടെ സിനിയും കാണുമോ..? ” സാറ ചോദിച്ചു

” മ്മ് ഉണ്ടാകും എന്തേ…? “

” രാത്രിക്കുള്ള ഭക്ഷണം രണ്ടുപേർക്ക് എടുക്കണോ എന്നറിയാനാ..”

രണ്ട് മണിയായപ്പോൾ സാം ശ്രുതിയുമായി ഇറങ്ങാൻ തയ്യാറായി..അവൾ സാറയോടും ഈപ്പച്ചനോടും യാത്ര പറഞ്ഞു…ഇനി മൂന്നുമാസം കഴിഞ്ഞേ അവൾക്ക് വരാൻ പറ്റു…

കാറിൽ കയറിഇരുന്നപ്പോൾ മുതൽ അവളുടെ കണ്ണുകൾ ജോജിയെ തേടുകയായിരുന്നു പക്ഷേ എവിടെയും അവനെ കാണാൻ പറ്റിയില്ല.

ചെറിയ ഒരു ബസ്റ്റാൻഡ് ആയിരുന്നു അത് സാം കാർ അകത്തേക്ക് കയറ്റി നിർത്തി.. രണ്ടുപേരും പുറത്തിറങ്ങി സാം അവളുടെ സാധനങ്ങൾ എടുത്തു പോകാനുള്ള ബസിൽ വച്ചു..

” ചേട്ടായി…” ശ്രുതി അവനെ വിളിച്ചു

അവൻ അവളെ നോക്കി..

” ഇനി ആരുമായും വഴക്കിനൊന്നും പോകരുത് കേട്ടോ.. എനിക്ക് പേടിയാണ്..”

അവൻ അവളെ നോക്കിയൊന്നു ചിരിച്ചു

കാര്യം തെമ്മാടിത്തരം ഉണ്ടെങ്കിലും ശ്രുതിയെ അവന് വലിയ ഇഷ്ടമാണ്.. എന്നിട്ട് തലയാട്ടി..അവൾ ബസിലെ ഒരു സൈഡ് സീറ്റിൽ ഇരുന്നു സാം യാത്ര പറഞ്ഞു പോയി..

ജോജിയാണെങ്കിൽ ആകെ പരവശനായിരുന്നു..ഇന്നാണ് അവൾ പോകുന്നു എന്ന് പറഞ്ഞത്..കാണാൻ പോണോ..അതോ വേണ്ടേ…അവന്റെ മനസിൽ ഒരു വടംവലി
തന്നെ നടന്നു…നാശം എന്തായാലും പോകാം…

അവൻ ബൈക്ക് എടുത്തു സ്പീഡിൽ പോയി വണ്ടി സ്റ്റാൻഡിന്റെ പുറത്തു വച്ചിട്ട് അവൻ സ്റ്റാൻഡിലേക്ക് ഓടി കയറി..

അവിടെ കിടന്ന ബസുകളിലേക്ക് നോക്കി..അവസാനം അവന്റെ കണ്ണുകൾ ശ്രുതിയിൽ ഉടക്കി നിന്നു..

ശ്രുതിയാണെങ്കിൽ ആ സീറ്റിൽ ഇരുന്നുകൊണ്ട് നാലുപാടും കണ്ണുകൾ പായിച്ചു..പക്ഷേ നിരാശയായിരുന്നു ഫലം.

എന്നാൽ ബസ്സിനടുത്തുള്ള തൂണിന്റെ മറവിൽ നിന്നുകൊണ്ട് അവളെ വീക്ഷി
ച്ചുകൊണ്ടിരുന്ന ജോജിയിൽ ആ നിരാശ ഭാവം പുഞ്ചിരിയായി വിരിഞ്ഞു..

ഡ്രൈവർ കയറി ബസ് സ്റ്റാർട്ട് ചെയിതു അവസാന പ്രതീക്ഷപോലെ ശ്രുതി തല വെളിയിലിട്ട് എല്ലായിടത്തും നോക്കി ജോജിയെ കാണാൻ അവൾക്ക് കഴിഞ്ഞില്ല നിറഞ്ഞ കണ്ണുകളോടെ അവൾ സീറ്റിലിരുന്നു ബസ് മുന്നോട്ട് എടുത്തു..

ബസ് പോയിക്കഴിഞ്ഞപ്പോൾ ജോജി പുറത്തിറങ്ങി നിന്നു..

” അപ്പോൾ പെണ്ണ് അന്ന് പറഞ്ഞത് സത്യമാണല്ലേ.. എന്തായാലും വന്നത് കൊണ്ട് സത്യമറിഞ്ഞു പിന്നേ ഓടിച്ചെന്ന് മുന്നിൽ നിന്നാൽ അവൾ വിചാരിക്കും ഞാനിത് കേൾക്കാൻ കാത്തിരുന്നത് പോലെയാണ്‌ എന്ന്…എന്തായാലും മൂന്നുമാസം കഴിഞ്ഞു വരുമല്ലോ അപ്പോൾ നോക്കാം.. തൽകാലം ഇത് മറ്റാരും അറിയേണ്ട അവളുടെ വീട്ടുകാരറിഞ്ഞാൽ വലിയ കുഴപ്പമാകും..”

മനസിൽ ഓരോന്ന് പറഞ്ഞുകൊണ്ട് അവൻ ചിരിയോടെ വണ്ടിയുമെടുത്തു വീട്ടിലേക്ക് പോയി അതേ സമയം ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുക
യായിരുന്നു..ജോജി അവളെ കാണാൻ വരാത്തതിൽ അവൾക്ക് അതിയായ ദുഃഖം തോന്നി..

” കാണാൻ വരാനുള്ള നല്ല കാര്യങ്ങൾ ഒന്നും തന്നെ താനോ തന്റെ വീട്ടുകാരോ ചെയിതിട്ടില്ല സഹായിച്ചപ്പോഴെല്ലാം ഉപദ്രവം തിരിച്ചുകൊടുക്കാനായിരുന്നു എപ്പോഴും ശ്രെമിച്ചിരുന്നത് അതുകൊണ്ട് തന്നെ ജോജിയെ കുറ്റം പറയാനുള്ള ഒരു യോഗ്യതയും തനിക്കില്ല..” അവൾ സ്വയം പറഞ്ഞാശ്വസിച്ചു..

റെയിൽവേ സ്റ്റേഷനിൽ സിനി കാത്തു നിൽപ്പുണ്ടായിരുന്നു ശ്രുതിയുടെ മുഖം കണ്ടപ്പോഴേ എന്തോ ഒരു പന്തികേട് സിനിക്ക് തോന്നി..എപ്പോഴും തിരിച്ചുപോരുന്ന ഒരു മൂഡിലല്ല അവളെന്ന് സിനിക്ക് മനസിലായി..

ട്രെയിൻ വന്ന് അവർ റിസേർവ് ചെയ്ത സീറ്റ് കണ്ടുപിടിച്ചു ബാഗെല്ലാം എടുത്തു വച്ചുസീറ്റിൽ ഇരുന്നു അപ്പോഴും സിനി ശ്രുതിയുടെ മുഖത്തെ സങ്കടഭാവം ശ്രെധിച്ചു..

അടുത്ത കൂട്ടുകാരാണ് അവർ പരസ്പരം പറയാത്ത ഒന്നും അവർക്കിടയിൽ ഇല്ല അതുകൊണ്ട് തന്നെ സാവകാശം ചോദിക്കാമെന്ന് സിനി തീരുമാനിച്ചു..

ട്രെയിൻ നീങ്ങി തുടെങ്ങി അപ്പോഴും ശ്രുതിയിൽ വലിയ മാറ്റമൊന്നും ഇല്ലായിരുന്നു..ഇടക്ക് ഒരാൾ കാപ്പിയുമായി വന്നു..

” ശ്രുതി..ശ്രുതി..” സിനി അവളെ വിളിച്ചു

സിനിയുടെ വിളികേട്ട് ചോദ്യഭാവത്തിൽ അവൾ നോക്കി..

” നിനക്ക് കാപ്പി വേണോ…? “

” മ്മ്..”

സിനി രണ്ട് കാപ്പി വാങ്ങിയിട്ട് പൈസയും കൊടുത്തു അതിലൊന്ന് ശ്രുതിക്ക് നേരെ നീട്ടി..അവളതു വാങ്ങി ചുണ്ടോട് ചേർത്തു.

” എന്ത്പറ്റി ശ്രുതി നിനക്ക്..? എന്തോ നിന്നെ നന്നായി വിഷമിപ്പിക്കുന്നുണ്ടല്ലോ..എന്താ അത്..? “

ശ്രുതി സിനിയെ ഒന്ന് നോക്കി ശ്രെദ്ധ കാപ്പിയിലേക്ക് തിരിച്ചു..

” വീട്ടിൽ നിന്നും പോരുന്ന സങ്കടമല്ല.. കാരണം നീ ആദ്യമായല്ല വീട്ടിൽ നിന്നും മാറി നിൽക്കുന്നത്…എന്താ കാര്യം..നീ എന്നോട് പറയ്…”

ശ്രുതി സങ്കടത്തോടെ സിനിയെ നോക്കി.. നിറയുന്ന അവളുടെ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളും സിനിക്ക് പുതുമയുള്ള കാഴ്ചകളായിരുന്നു..ഏത് കാര്യത്തിനും ആരുടെയടുത്തും തോൽവി സമ്മതിച്ചു കൊടുക്കാൻ ഒരിക്കലും ശ്രുതി തയ്യാറല്ലായിരുന്നു..

ഈപ്പച്ചന്റെ പണത്തിന്റെയും പിടിപാടിന്റെയും ബലത്തിൽ കുറച്ചൊക്കെ അവൾ അഹങ്കരിക്കുകയും ചെയ്തിരുന്നു..ഇപ്പോ എന്ത്പറ്റി ഇവൾക്ക്..ഓരോന്നാലോചിച്ചുകൊണ്ട് സിനി ശ്രുതിയുടെ കൈയിൽ പിടിച്ചു..

ഒരാശ്വാസം ആഗ്രഹിച്ചതുപോലെ ശ്രുതി സിനിയുടെ തോളിലേക്ക് മുഖം ചേർത്തു
സിനി പതിയെ അവളെ തലോടിക്കൊണ്ട് ചോദിച്ചു

” പറയ് എന്തുപറ്റി നിനക്ക്…? “

ശ്രുതി സിനിയെ നോക്കി..അവളെ കേൾക്കാനായി സിനി റെഡിയായിരുന്നു..

ശ്രുതി പതുക്കെ നിറഞ്ഞ സങ്കടത്തോടെ
ജോജിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച്ച മുതൽ ഇന്നുവരെ സംഭവിച്ച കാര്യങ്ങൾ അവളോട് തുറന്നു പറഞ്ഞു..കേട്ടപ്പോൾ സിനിക്കും സങ്കടമായി..

” അപ്പോൾ ആ ആക്സിഡന്റ് സമയത്തു
നിനക്ക് ബ്ലഡ് തന്നത് ജോജിയാണെന്ന് ആർക്കുമറിയില്ലേ..? സിനിയുടെ ചോദ്യം

” ഇല്ലാ..ആർക്കുമറിയില്ല..”

” അത് ഒരു കണക്കിന് നന്നായി…അല്ലങ്കിൽ ജോജി ചെയിതു തന്ന ഉപകാരം ഓർക്കാതെ നിന്റെ അപ്പനും ചേട്ടനും കൂടെ ആ പാവത്തിനെ തല്ലി ചതച്ചെനെ..” സിനി അമർഷത്തോടെ പറഞ്ഞു..

” അതേ സിനി..വീട്ടിൽ എല്ലാവരും പല വഴിക്ക് ശ്രെമിച്ചിട്ടും അതാരാണ് എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല അറിയുന്നവർ ആരും തന്നെ പറയുകയുമില്ല..അത്രമേൽ ആ നാട്ടുകാർ ജോജിയെ സ്നേഹിക്കുന്നുണ്ട്..”

” മ്മ്..എന്തായാലും നീ സമാധാനമായിട്ടിരിക്ക് എല്ലാം ശരിയാകും
നീ നിന്റെ മനസിലുള്ളത് ജോജിയോട് തുറന്നു പറഞ്ഞില്ലേ…അത് നന്നായി കാര്യങ്ങൾ ജോജി അറിഞ്ഞല്ലോ..ബാക്കി അയാൾ തീരുമാനിക്കട്ടെ..അനുകൂലമായ ഒരു മറുപടി നിനക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് അങ്ങിനെ വിശ്വാസിക്ക്…” സിനി ശ്രുതിയെ ആശ്വസിപ്പിച്ചു…

പിറ്റേദിവസം ദിവസം ചെന്നൈയിൽ എത്തിയ ശ്രുതിയും സിനിയും ഹോസ്റ്റലിൽ എത്തി അപ്പോഴും ശ്രുതിയുടെ മുഖം തെളിഞ്ഞിരുന്നില്ല..അവളുടെ വിഷമം മനസിലാക്കിയതുകൊണ്ട് സിനി ശല്ല്യം ചെയ്യാനും പോയില്ല..

ജോജിയാണെങ്കിൽ ആകെ അസ്വസ്ഥനായി ശ്രുതിയെ അങ്ങിനെ വിഷമിപ്പിച്ചു വിടേണ്ടയിരുന്നുവെന്ന് അവന്റെ മനസ് പറഞ്ഞു..

ക്ഷമിക്കാൻ പറ്റാത്ത ഒരുപാട് തെറ്റുകൾ അവളും കുടുംബവും ചെയ്തി
ട്ടുണ്ട് അത് കൊണ്ടു തന്നെ അവൾ പോകുന്ന നിമിഷം വരെ ജോജിക്ക് അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു..

അവന്റെ അസ്വസ്ഥത കണ്ട്‌ ജോസിനും എൽസിക്കും വെപ്രാളമായി…അവർ അവന്റെ മുറിയിലേക്ക് ചെന്നു..കട്ടിലിൽ കിടക്കുന്ന ജോജിയുടെ അടുത്തിരുന്നു ജോസ് അവന്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു

” എന്ത്പറ്റിയെടാ മക്കളേ…? “

” ഒന്നുമില്ല അപ്പച്ചാ…എന്റെ കൂടെ കോളേജിൽ ഉണ്ടായിരുന്ന ഒരു കൂട്ടുകാരൻ ഇന്നലെ മരിച്ചു…”

” അത് എന്നാ പറ്റിയതാ..? ” എൽസി വെപ്രാളത്തോടെ ചോദിച്ചു..

” അത്..അതുപിന്നെ അവൻ പുഴയിൽ മുങ്ങി മരിച്ചതാണ്…അത് അറിഞ്ഞപ്പോൾ ഒരു അസ്വസ്ഥത തോന്നി അത്രേ ഉള്ളു.. നിങ്ങൾ പേടിക്കേണ്ട..”

ഒരുവിധത്തിൽ അവൻ അവരെ ആശ്വസിപ്പിക്കാൻ അത്രയും പറഞ്ഞു.. അതും കേട്ടവർ മുറിവിട്ട് പോയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു…അവനോർത്തു

” ഒരുവിധം അറിവായതിൽ പിന്നേ അപ്പച്ചനോടും അമ്മച്ചിയോടും കള്ളം പറഞ്ഞിട്ടില്ല..അതിന്റെ ആവശ്യം വന്നിട്ടില്ല എന്നാലിന്ന് ഒരു പെണ്ണിനുവേണ്ടി താൻ അവരോട് കള്ളം പറഞ്ഞിരിക്കുന്നു അതും തന്നെയും തന്റെ കുടുംബത്തെയും ശത്രുവായി കണ്ടു ഏതവസരവും ഉപദ്രവി ക്കാനായി തക്കംപാർത്തിരിക്കുന്ന ഒരു കുടുംബത്തിലെ പെണ്ണിനുവേണ്ടി…”

അവന് അവനോട് തന്നെ ഈർഷ്യ തോന്നി. ഇനി എന്തിന്റെ പേരിലായാലും വീട്ടുകാരെ വിഷമിപ്പിക്കില്ല എന്നവൻ മനസിൽ ഉറച്ച തീരുമാനമെടുത്തു…ഒപ്പം ശ്രുതിയെന്ന അധ്യായം എന്നത്തേക്കുമായി അടച്ചുവച്ചു…. ഇനിയും താൻ അസ്വസ്ഥ
നായാൽ അപ്പച്ചനും അമ്മച്ചിക്കും മുന്നിൽ പിടിച്ചുനിൽക്കാനാവില്ലന്നു അവനറിയാമായിരുന്നു..

” എന്തായാലും താനായിട്ട് ശ്രുതിക്ക് മോഹങ്ങളൊന്നും തന്നെ കൊടുത്തിട്ടില്ല.. അവളുടെയുള്ളിൽ അങ്ങിനെയൊരു ആഗ്രഹമുണ്ടായത് തന്റെ തെറ്റുമല്ല.. മനസിൽ എനിക്ക് ഇങ്ങനെയൊരു ആഗ്രഹം ഉണ്ടെന്നറിഞ്ഞാൽ വീട്ടുകാർ വേദനിക്കും…

പിന്നേ ശ്രുതി അവളുടെ വീട്ടിൽ ഇതറിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ പറ്റില്ല…എന്തായാലും താനായിട്ട് ഒരു മോഹം കൊടുത്തു വെറുതെ അവളെ കരയിപ്പിക്കേണ്ട…ഇത് ഇവിടെ തീരട്ടെ…”

മനസിൽ ഉറച്ച തീരുമാനത്തിൽ ജോജി ഉറങ്ങാൻ കിടന്നു അപ്പോഴും അവന്റെ കണ്ണുകൾക്ക് മുന്നിൽ നിറഞ്ഞ കണ്ണുകളോടെ ചുറ്റും അവനെ തിരയുന്ന ശ്രുതിയുടെ മുഖമായിരുന്നു…

~തുടരും