നീ എനിക്കുവേണ്ടി ഒരിക്കലും കാത്തിരിക്കരുത്. എന്നെ ഓർത്തു നിന്റെ ജീവിതം നശിപ്പിക്കരുത്…

1❤️

Story written by Sruthy Mohan

=================

ദിവ്യ തനിക്ക് അറിയാല്ലോ എന്റെ വീട്ടിലെ കാര്യങ്ങൾ എല്ലാം. ഇന്നുവരെയുള്ള എന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും തീരുമാനിച്ചത് വീട്ടുകാരാണ്. അതിലെന്റെ ഒരു അഭിപ്രായം പോലും അവർ ചോദിച്ചിട്ടില്ല. അങ്ങനെയുള്ളപ്പോൾ നിന്റെ കാര്യം എനിക്കെങ്ങനെ വീട്ടിൽ അറിയിക്കുവാനാവും…എന്റെ വീട്ടിൽ ഈ  ബന്ധം ഒരിക്കലും അംഗീകരിക്കില്ല. വീട്ടുകാരെ ധിക്കരിച്ചു നിന്നെ എന്റെ ജീവിതത്തിലേക്ക് കൂട്ടാനുള്ള ധൈര്യവും എനിക്കില്ല.

അറിയാം ഞാൻ പറയാൻ പോകുന്നത് നിന്നെ ഒരുപാട് വേദനിപ്പിക്കുമെന്ന്. നീ വേദനിച്ചു കാണുവാൻ ഒട്ടും ആഗ്രഹമില്ലെങ്കിൽ പോലും എനിക്കിപ്പോൾ ഇത് പറയാതിരിക്കാനും വയ്യ.

നീ എനിക്കുവേണ്ടി ഒരിക്കലും കാത്തിരിക്കരുത്. എന്നെ ഓർത്തു നിന്റെ ജീവിതം നശിപ്പിക്കരുത്. ഒട്ടും വൈകിയിട്ടില്ല. നിന്റെ ജീവിതത്തിലേക്ക് മറ്റൊരാൾ തീർച്ചയായും കടന്നു വരും. നീ സന്തോഷമായി തന്നെ ജീവിക്കും. എനിക്ക് നിന്നോട് സ്നേഹമില്ലാതെയല്ല. സ്നേഹമുണ്ട്. ഒരുപാട്.. പക്ഷേ എനിക്ക് മറ്റൊരു മാര്ഗമില്ല.

എന്റെ മുഖത്തേക്ക് നോക്കാതെ നിശാന്ത് പറഞ്ഞു നിർത്തുമ്പോൾ അവന്റെ വാക്കുകളിലെ വേദന എനിക്ക് തിരിച്ചറിയാമായിരുന്നു.

അവനെ മുഴുവനായി മനസ്സിലാക്കിയതിനാൽ തന്നെ ഒരിക്കൽ ഈ വിരഹം ജീവിതത്തിലേക്ക് കടന്നുവരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതാണല്ലോ. ഇപ്പോഴാണാ സമയം…!

എല്ലാം അറിയാമായിരുന്നിട്ടും എന്തിനെന്റെ മുന്നിലേക്ക് സ്നേഹം വച്ചു നീട്ടി..പാതി വഴിയിൽ ഉപേക്ഷിച്ചു പോകുവാനോ…നീ ഇല്ലാതെ ഞാൻ എങ്ങിനെ മുന്നോട്ട് പോകും..

അവനെ നിസ്സഹായനാക്കുന്ന ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ കിടന്ന് വീർപ്പുമുട്ടി.

എന്നാൽ എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാനാവാതെ വിഷമിക്കുന്ന നിശാന്തിനെ എനിക്ക് കാണാനാവില്ലായിരുന്നു. അവൻ എപ്പോഴും സന്തോഷമായിരിക്കണം. എല്ലായിടത്തും ജയിച്ചു നിൽക്കണം. എന്നുള്ള പണ്ടുമുതലേയുള്ള എന്റെ ചില വാശികൾ എന്നെ പിന്തിരിപ്പിച്ചു.
എന്റെ മുമ്പിൽ നിൽക്കുന്നവനെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്ന, ഇവനെ സ്നേഹിക്കാതിരിക്കാൻ എനിക്കാവില്ലെന്ന തിരിച്ചറിവിൽ,
മറുത്തൊരു വാക്കുപോലും പറഞ്ഞു നിശാന്തിനെ വേദനിപ്പിക്കുവാൻ എനിക്ക് തോന്നിയില്ല.

വേദന ഒളിച്ചുവച്ച് എടുത്തണിഞ്ഞ പുഞ്ചിരിയോടെ ഞാൻ അവനെ നോക്കി.

സന്തോഷമായിരിക്കൂ. എന്റെ പ്രാർത്ഥനകളിൽ എപ്പോഴും നിശാന്തുണ്ടാകും.

പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും എന്റെ ചുണ്ടുകളാൽ അമർത്തിപിടിച്ച തേങ്ങൽ പിടിവിട്ടു പുറത്തേക്ക് എത്തിയിരുന്നു.

നിശാന്തിന്റെ കണ്ണുകളും നിറഞ്ഞു.
പ്രിയപ്പെട്ടവൾ തന്നെയാണ്. പക്ഷെ…..ഇന്നീ കണ്ണുനീർ തന്നെ തളർത്തിക്കൂടാ..

പോവട്ടെ നിശാന്ത്…ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാവാതിരിക്കട്ടെ. കൈലെസുകൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു പറഞ്ഞു ഞാൻ പിന്തിരിഞ്ഞു നടന്നു.

ഇടക്കൊരു പിൻവിളി പ്രതീക്ഷിച്ചുവോ
ഇല്ലെന്ന് ബുദ്ധി പറയുമ്പോഴും ഉവ്വെന്ന് ഹൃദയം വേദനയോടെ മൊഴിഞ്ഞു..

**************************

എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവളായി ജീവിക്കേണ്ടി വന്നവൾ.

നഗരത്തിലെ തിരക്ക് ഒഴിഞ്ഞൊരു ഭാഗത്തെ നാല് നില ഫ്ലാറ്റ്
സമുച്ചയത്തിലെ രണ്ടാം നിലയിലുള്ള ഒറ്റ മുറി ഫ്ലാറ്റിലെ ബെഡിൽ ചുരുണ്ട് കിടക്കുമ്പോൾ ഞാൻ ആലോചനയിൽ ആയിരുന്നു. മുഖംമൂടികൾക്കും കപട സ്നേഹം കാണിച്ചു വന്നവർക്കും മുമ്പിൽ പകച്ചു നിൽക്കുമ്പോൾ കൈപിടിച്ച് കൂടെ നടന്നവനാണ് ഇന്നിപ്പോൾ ഏതാനും വാക്കുകളിൽ തന്റെ സ്നേഹത്തെ വിച്ഛേധിച്ചു കടന്നു പോയത്.

തിരസ്കരണങ്ങൾ പരിചിതമായതിനാൽ ഇതിനെയും താൻ മറികടക്കുമെന്ന് ഞാൻ മനസിനോട് വെറുതെ വാശിപിടിച്ചു. അസംഭവ്യമെന്ന ഉറപ്പുണ്ടായിട്ടും.

*******************************

നിശാന്തിന്റെ ഫോൺ കാളുകൾ ഇല്ലാത്ത, അവന്റെ നിഴൽ പോലും മുന്നിലേക്ക് കടന്നു വരാത്ത ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടേ ഇരുന്നു.

ഞായറാഴ്ച അവധിയായതിനാൽ എഴുന്നേൽക്കാൻ വൈകി. നിലവിട്ട മനസ്സിനെ ഒതുക്കിനിർത്താനാവാത്തപോലെ ഫ്ലാറ്റിനകവും ആകെ അലങ്കോലമായി കിടക്കുകയാണ്. അടുക്കളയോട് ചേർന്ന് തുണികൾ ഉണങ്ങാനിടുന്ന കുഞ്ഞു ബാൽക്കണിയിൽ നിന്ന് ഇടുപ്പോളമെത്തിയ കനം കുറഞ്ഞ മുടിയിഴകളിലൂടെ വിരലോടിക്കവേയാണ് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്.

ഏതോ ഒരു ഉൾവിളിയിൽ ഓടിച്ചെന്നു ഫോൺ നോക്കുമ്പോൾ മറുവശത്തു അവനായിരുന്നു. ഒരിക്കൽ എന്റേതായിരുന്നവൻ. ഇന്നും മനസ്സിൽ എന്റേത് മാത്രമായവൻ.

ദിവ്യ….

കാൾ എടുത്തപ്പോൾ പതിഞ്ഞ ശബ്ദത്തിൽ അവൻ എന്റെ പേര് വിളിക്കുന്നത് കേട്ടു. മുൻപ് വിളിച്ചിരുന്നത് പോലെ കുസൃതി നിറഞ്ഞതോ, മുഴങ്ങുന്ന ശബ്ദത്തിലോ ആവാതിരുന്നതിനാലാവണം എന്റെ പേരിന് ഭംഗിയില്ലെന്ന് ആദ്യമായി തോന്നി.

ദിവ്യാ..എന്റെ വിവാഹം നിശ്ചയിച്ചു.
വീട്ടുകാരുടെ ഇഷ്ടമാണ്. എനിക്കും അവരോട് യോജിക്കേണ്ടി വന്നു. എന്റെ അവസ്ഥ നിനക്ക് അറിയാമല്ലോ.
നിന്നെ എനിക്ക് ഇഷ്ടമാണ്. നീ എന്റെ പ്രിയപെട്ടവളും. പക്ഷെ…..നിശാന്ത് പറഞ്ഞു നിർത്തിയ പക്ഷെയിൽ എല്ലാം ഉണ്ടായിരുന്നു. എല്ലാം….

വിവാഹം എന്നാണ് നിശാന്ത്…?
അവനെ കൂടുതൽ വിഷമിപ്പിക്കാതെ ഞാൻ ചോദിച്ചു.

വരുന്ന ഞായറാഴ്ച.

നീ വരുമോ?

ഇത്രയും പതിയെ അവനു സംസാരിക്കാനറിയുമോ എന്ന് ഞാൻ അശ്ചര്യപ്പെട്ടു.

ഞാൻ വരണോ? അവന്റെ മറുപടി അറിയാൻ എനിക്ക് ആകാംക്ഷ തോന്നി.

വേണ്ട…! നിനക്കത് സഹിക്കാനാവില്ല. നിന്നെ ആ അവസ്ഥയിൽ കാണുവാൻ എനിക്കും…!

മറുവശത്തു നിമിഷങ്ങളോളം നിശബ്ദത നിറഞ്ഞപ്പോഴാണ് കാൾ കട്ട്‌ ആയത് എനിക്ക് മനസ്സിലായത്..

**************************

തന്റേത് മാത്രമെന്ന് കരുതിയത് മറ്റൊരാൾക്ക്‌ സ്വന്തമാകുവാൻ പോവുകയാണ്. എന്നെ ഇനി ഓർക്കുമോ?

എന്നോടുള്ള സ്നേഹം ഇല്ലാതാകുമോ?

മനസ്സിൽ ഞങ്ങൾ ഒന്നിച്ചുള്ള ഓരോ ചിത്രങ്ങളും പരിധിയില്ലാതെ കടന്നു വന്നു.

ബാൽക്കണിയിലെ റൈലിംഗിലൂടെ ഉരുമ്മി ഞാൻ താഴെക്കിരുന്നു.

ഓർക്കുമായിരിക്കും. ആദ്യമെല്ലാം വേദനയിൽ, പിന്നീട് ഒരു പരിചിതയെപ്പോലെ ഒടുവിൽ മറവിയുടെ പുസ്തകത്തിലെ പ്രിയപ്പെട്ട താളുകൾ പോലെ..

എങ്കിലും തനിക്കൊരിക്കലും മറക്കുവാനാവില്ല. അവൻ പകർന്നു നൽകിയ സ്നേഹത്തിന്റെ ശേഷിപ്പുകളും മനസ്സിൽ സൂക്ഷിച്ച് അവനെ മാത്രം സ്നേഹിച്ച് അവന്റെ മുന്നിലേക്കൊരിക്കലും കടന്നു ചെല്ലാതെ ഏതെങ്കിലുമൊരിടത്തു ഞാനുമുണ്ടാകും. ഇനിയൊരിക്കലും വേദനയിൽ കുതിരാത്തൊരു പുഞ്ചിരി എന്നിൽ വിടരില്ലെന്നോർത്തുകൊണ്ട്
ഞാൻ നിറഞ്ഞ കണ്ണുകളെ തുറന്നുവിട്ട് പുഞ്ചിരിക്കവേ തലക്ക് മുകളിൽ ജ്വലിച്ചു നിന്ന സൂര്യനെ മറച്ചു കറുത്തിരുണ്ട കാരുകൾ നിറഞ്ഞു.

ഇടിയുടെ അകമ്പടി ഇല്ലാതെ കാറിനെ വെടിച്ചു കീറി ആദ്യ മഴതുള്ളി ഭൂമിയിലേക്ക് യാത്ര തിരിച്ചു.

ഇനിയൊരാൾക്കും തന്റെ ജീവിതത്തിലേക്ക് പ്രവേശനമില്ലാതിരിക്കാൻ ഞാൻ മുള്ളുകൾ നിറഞ്ഞൊരു മതിൽ ഹൃദയത്തിന്റെ കുറുകെ പണിയവേ, മാനം ആർത്തലച്ചു പെയ്യാൻ ആരംഭിച്ചിരുന്നു. ബാൽക്കണിയുടെ റൈലിങ്ങിനിടയിലൂടെ അപ്പോഴും അവന്റെ ഇഷ്ടമനുസരിച്ചു ഞാൻ വളർത്തിയ മുടിയിഴകൾ കാറ്റിൽ പറക്കുന്നുണ്ടായിരുന്നു…

©ശ്രുതി മോഹൻ