നിന്നെ പോലെയൊരു സുന്ദരിയായ പെൺകുട്ടി കാട്ടിൽ ഒരു കൂട്ടം ആണുങ്ങളോടൊപ്പം കഴിയുകയെന്നത് എത്ര ഭയാനകമായ….

സ്വസ്തിക എന്റെ പ്രിയപ്പെട്ടവൾ….

Story written by Nisha Pillai

===================

ഒരേ ദിവസം ജോലിയിൽ ചേരാൻ വന്നവരാണ്,സ്വസ്തിക അയ്യരും ജീൻ ജോസും .രണ്ടു പേരും നഗരത്തിലെ വ്യത്യസ്ത എൻജിനീയറിങ് കോളേജിൽ നിന്ന് ടോപ്പേഴ്‌സ് ആയി വിജയിച്ചു,ഒരേ കമ്പനിയിൽ ഒന്നിച്ച് നിയമിതരായവർ.രണ്ടു വ്യത്യസ്തമായ കുടുംബ പശ്ചാത്തലമുള്ളവർ.രണ്ടു വ്യത്യസ്തമായ ഭക്ഷണ രീതി പിന്തുടരുന്നവർ.സ്വസ്തിക പക്കാ വെജിറ്റേറിയനും ,ജീനാകട്ടെ മീനും ഇറച്ചിയുമൊന്നുമില്ലാതെ ഭക്ഷണം കഴിക്കാത്തവളുമായിരുന്നു.സ്വസ്തിക അതിരാവിലെ എഴുന്നേറ്റു കുളിച്ചു അമ്പലത്തിൽ പോയിട്ടേ ഓഫീസിൽ വരാറുള്ളൂ.ജീനാകട്ടെ ഉണർന്നു അര മണിക്കൂറിനുള്ളിൽ ഒരു കാക്കകുളി കഴിഞ്ഞ്, പെട്ടെന്ന് തയാറായി ഓഫീസിലേയ്ക്ക് ഓടുന്നവളും.

ജോലിയിൽ പ്രവേശിച്ചത് ഒന്നിച്ചാണെങ്കിലും അവരുടെ ഇടയിൽ ഒരു മത്സരം നിലനിന്നിരുന്നു.ആരാണ് മിടുക്കി എന്നത് ,അവരിരുവരും മത്സരബുദ്ധിയോടെ ജോലിയിൽ തെളിയിച്ചു കൊണ്ടേയിരുന്നു.ഈഗോ ക്ലാഷ് കാരണം ഓഫീസിലെ മറ്റുള്ളവരുടെ മുൻപിൽ വച്ച് അവരിരുവരും വഴക്കിടാറുണ്ടായിരുന്നു.

അങ്ങനെ പരസ്പരം ശത്രുതയോടെ,എന്നാൽ അവർ ആത്മാർത്ഥതയോടെ ജോലി ചെയ്തു കൊണ്ടേയിരുന്നു.

ഒരിക്കൽ ജീനിനെ അത്ഭുതപ്പെടുത്തി കൊണ്ട് സ്വസ്തിക അവളോട് സംസാരിക്കാൻ വന്നു.

“ജീൻ തനിക്കു വിരോധമില്ലെങ്കിൽ!!! .താൻ തൻ്റെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണെന്നു ഞാൻ ഇപ്പോളാണ് അറിഞ്ഞത്.തനിക്കു ബുദ്ധിമുട്ടാകില്ലെങ്കിൽ എനിക്കും കൂടി കുറച്ചു സ്ഥലം.ഹോസ്റ്റലിലെ താമസം ശരിയാകുന്നില്ല.ഫുഡ് ഒന്നും എനിക്ക് ഇഷ്ടമാകുന്നില്ല.ഇനിയും മാറിയില്ലെങ്കിൽ ഞാൻ ഈ ജോലി തന്നെ രാജി വയ്‌ക്കേണ്ടി വരും.”

“താൻ രാജി വയ്ക്കുന്നത് തന്നെയാ നല്ലത് ” എന്ന് മനസ്സിൽ പറഞ്ഞെങ്കിലും സ്വസ്തികയോട് അവളിങ്ങനെ പറഞ്ഞു.

“എനിക്ക് വിരോധമൊന്നുമില്ല.പക്ഷെ ഞാൻ ഒരു നോൺ വെജിറ്റേറിയൻ ആണ്.നീ ശുദ്ധ വെജിറ്റേറിയനും .അപ്പോൾ അതൊരു പ്രശ്നമാകില്ലേ.രണ്ടു വിരുദ്ധ ഇഷ്ടങ്ങൾ.”

സ്വസ്തികയുടെ തല കുനിച്ചു വിഷമിച്ചുള്ള ആ നിൽപ്പ് ,ജീനിന്റെ ഉള്ളിലെവിടെയോ കൊണ്ടു.അധികം വൈകാതെ ജീനിന്റെ ഫ്ലാറ്റിലേക്ക് സ്വസ്തിക താമസം മാറി. ആദ്യമൊക്കെ ജീൻ അവളെ അടുപ്പിച്ചില്ലെങ്കിലും,മെല്ലെ മെല്ലെ സ്വസ്തികയെന്ന പെൺകുട്ടി ജീനിന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.രാവിലെ എഴുന്നേറ്റു ഫ്ലാറ്റൊക്കെ വൃത്തിയാക്കി,രണ്ടു പേർക്കും വേണ്ടുന്ന ഭക്ഷണം ഉണ്ടാക്കും.ജീനിനു വേണ്ടിയുള്ള ഇറച്ചിയും മീനുമൊക്കെ സ്വസ്തിക പാചകം ചെയ്യാൻ തുടങ്ങി.ഒറ്റ മകളായിരുന്നു ജീനിനു സ്വസ്തികയോട് പതിയെ പതിയെ ഒരു സൗഹൃദം തോന്നി തുടങ്ങി.

രാവിലെ രണ്ടാളും ഓഫീസിലേയ്ക്ക് ഒന്നിച്ചിറങ്ങും ,മടക്കം മിക്കവാറും സ്വസ്തിക നേരത്തെ ഇറങ്ങും.ജീനാകട്ടെ അത്യാവശ്യം സാധങ്ങളൊക്കെ വാങ്ങി, ടൗണിലൊക്കെ കറങ്ങിയാണ് വരവ്.

ഒരിക്കൽ അവൾ കാറിൽ യാത്ര ചെയ്യുമ്പോൾ സ്വസ്തിക ബസ് സ്റ്റോപ്പിൽ ഒരാളുമായി സംസാരിക്കുന്നതു കണ്ടു. കുർത്ത ധരിച്ച ,നീണ്ട മുടിയും താടിയും വളർത്തിയ,തോളിൽ തുണി സഞ്ചി തൂക്കിയ ഒരു ചെറുപ്പക്കാരൻ.രണ്ടു പേരും ഗൗരവമായി സംസാരിക്കുന്നു.അയാളുടെ മുഖം വളരെ ഗൗരവത്തിൽ ഉള്ളതായിരുന്നു.എന്തോ ജീനിന് അയാളെ തീരെ ഇഷ്ടമായില്ല.

ജീൻ ഫ്ലാറ്റിലെത്തിയിട്ടും അവൾ വന്നിരുന്നില്ല.ജീൻ കുറെ കാത്തിരുന്നു.പിന്നീട് പുറത്തു നിന്നും ഭക്ഷണം ഓർഡർ ചെയ്തു.കഴിച്ചു കഴിഞ്ഞപ്പോൾ അവളെത്തി.

“എന്താ നീ താമസിച്ചത് .ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയല്ലോ? “

അവളുടെ മുഖം ഇരുണ്ടു.

“അത് ഞാൻ എന്റെയൊരു പഴയ സുഹൃത്തിനെ ബസ് സ്റ്റോപ്പിൽ വച്ച് കണ്ടു.ഒന്നിച്ചു ഭക്ഷണം കഴിച്ചു.സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.”

“എന്നാൽ നിനക്ക് സുഹൃത്തിനെ ഇങ്ങോട്ടു കൂട്ടി കൊണ്ട് വന്നു കൂടായിരുന്നോ.”

“അത് പിന്നെ സമയമില്ല , അയാൾക്ക് പെട്ടെന്ന് പോകണമെന്ന് പറഞ്ഞപ്പോൾ .”

“എന്നിട്ടാണോ ഇത്രയും നേരം ഒന്നിച്ചു ചെലവിട്ടത്.അത് പോട്ടെ നിന്റെ സുഹൃത്തിനു പേരില്ലേ.”

“അത് പിന്നെ പാർ…. ,അല്ല പാർവതി .”

“ഓഹ് ഞാൻ കണ്ടാരുന്നു .താടിയും മുടിയും നീട്ടി വളർത്തിയ പാർവതിയെ,മീശയുള്ള പാർവതിയെ.എന്റെ സ്വസ്തി കള്ളം പറയാൻ നിന്നെ കൊണ്ട് പറ്റത്തില്ല.നീ അങ്ങ് സത്യം പറഞ്ഞോ. ആരാണ്.?”

ജീൻ്റെ ചോദ്യം ചെയ്യലിൽ സ്വസ്തിക വിരണ്ടു.അവളുടെ കണ്ണുകൾ നിറഞ്ഞു.ജീൻ എഴുന്നേറ്റു അവളെയൊരു കസേരയിൽ പിടിച്ചിരുത്തി.

“നീ വിഷമിക്കാതെ ,ഞാൻ വെറുതെ ചോദിച്ചതാണ്.നിന്റെ ബോയ് ഫ്രണ്ട് ആണോ അയാൾ.നിനക്കയാളെ ഇഷ്ടമാണോ?”

സ്വസ്തിക വിഷമിച്ചു ,അതേയെന്നവൾ തലകുലുക്കി.

“വീട്ടിലാർക്കും പാർഥിവിനെ ഇഷ്ടമല്ല.എന്റെ അകന്ന ബന്ധത്തിലുള്ള ഒരു അമ്മാവന്റെ മകനാണ് .അയാൾ വീടും നാടുമൊക്കെ ഉപേക്ഷിച്ചു കാടുകളിലാണ് ഇപ്പോൾ താമസിക്കുന്നത്.മാവോയിസ്റ്റ് ആശയങ്ങൾ ഉള്ള പുസ്തകങ്ങൾ അയാളുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.ഇപ്പോൾ ഒളിവിൽ കഴിയുകയാണ്.വീട്ടിൽ എനിക്ക് കല്യാണ ആലോചനകൾ വരുന്നുണ്ടെന്നറിഞ്ഞു എന്നെ കൂട്ടി കൊണ്ട് പോകാനായി വന്നതാണ്.വീട്ടുകാരെ ഉപേക്ഷിച്ചു കൂടെ പോകാനും വയ്യ ,എന്റെ ബാല്യകാല പ്രണയത്തെ മറക്കാനും വയ്യ.ജീൻ ഞാൻ എന്താ ചെയ്യേണ്ടത്.”

“പ്രണയമൊക്കെ അവിടെ നിൽക്കട്ടെ ,നീ കുറച്ചു പ്രാക്ടിക്കൽ ആകണം.സ്വയം സംരക്ഷിക്കാൻ കഴിയാത്ത ആളെങ്ങനെയാണ് നിന്നെ സംരക്ഷിക്കുക.നിന്നെ അയാൾ കെട്ടി സംരക്ഷിച്ചാലും,നിന്നെ പോലെയൊരു സുന്ദരിയായ പെൺകുട്ടി കാട്ടിൽ ഒരു കൂട്ടം ആണുങ്ങളോടൊപ്പം കഴിയുകയെന്നത് എത്ര ഭയാനകമായ അവസ്ഥയാണ്.എന്റെ അഭിപ്രായത്തിൽ നീ അയാളെ തത്കാലം ബ്ലോക്ക് ചെയ്യുകയാണ് വേണ്ടത്.ഇനി അയാളുടെ ഫോൺ നമ്പർ ഒക്കെ കിട്ടിയാൽ നിന്നെയും പോലീസ് പൊക്കും .നീ സൂക്ഷിക്കണേ മോളെ.”

“എന്റെ കയ്യിൽ നിന്ന് പതിനായിരം രൂപ വാങ്ങി കൊണ്ട് പോയി.അവൻ ചോദിക്കുമ്പോൾ എനിക്ക് കൊടുക്കാതിരിക്കാൻ പറ്റില്ലെടാ.അടുത്താഴ്ച വരുമെന്ന് പറഞ്ഞാണ് പോയത്.”

“നമുക്ക് പോലീസിൽ അറിയിക്കാം.ഇപ്പോഴത്തെ പിള്ളേരൊക്കെയെന്താ ഇങ്ങനെ. എത്ര എളുപ്പത്തിലാണവർ പ്രണയം എന്നൊക്കെ പറഞ്ഞു നിന്നെയൊക്കെ ബ്ലാക്ക് മെയിൽ ചെയ്യുന്നത്.സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം മോളെ.”

സ്വസ്തികയോട് ദേഷ്യപ്പെട്ടു കൊണ്ട് ജീൻ തന്റെ മുറിയിലേയ്ക്കു പോയി.

പിന്നെയവർ അതിനെക്കുറിച്ച് സംസാരിച്ചതേയില്ല.ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം ജീൻ സന്ധ്യക്ക്‌ കയറി വന്നപ്പോൾ പാർഥിവ് ഫ്ലാറ്റിൽ ഇന്നും ഇറങ്ങി വരുന്നു.ജീനിനെ കണ്ടപ്പോൾ അയാൾ പെട്ടെന്ന് ലിഫ്റ്റിൽ കയറി മറഞ്ഞു.

“ഇന്നെന്തൊക്കെയാ അയാൾ അടിച്ചു കൊണ്ട് പോയത്.നീ സൂക്ഷിക്കണം ,എന്തിനാ അയാളെ ഫ്ലാറ്റിൽ പിടിച്ചു കയറ്റിയത്.ഇവിടെ സി സി ടി വി ക്യാമറകൾ ഉണ്ടെന്നു നിനക്ക് അറിയത്തില്ലേ.പോലീസന്വേഷിച്ചു കൊണ്ടിരിക്കുന്ന ആളാണെന്നു അറിയത്തില്ലേ ? അവസാനം ഞാനും നീയും പെടും.പറഞ്ഞേക്കാം.”

“ഞാൻ പൈസയൊന്നും കൊടുത്തില്ല.ക്യാമറയിൽ പതിയാത്ത രീതിയിൽ മുഖം മറച്ചാണ് വന്നത്.”

“ഓഹോ നിന്റെ കയ്യിൽ കിടന്ന രണ്ടു വളകൾ എവിടെയാണ്? അതും അയാൾ കൊണ്ട് പോയോ.ഞാൻ ഒരു കാര്യം പറഞ്ഞേക്കാം.മേലാൽ ഇവിടെ വിളിച്ചു കൊണ്ട് വന്നേക്കരുത്.എന്റെ പപ്പാ കഷ്ടപ്പെട്ട് വാങ്ങി തന്ന ഫ്ലാറ്റാണ് .”

രണ്ടാഴ്ച സ്വസ്തിക ജീനോട് പിണങ്ങി നടന്നു.

പിന്നെ അവളോട് മിണ്ടാൻ വന്നു.ഒന്നും സംഭവിക്കാത്തത് പോലെയായിരുന്നു ജീനിന്റെ പ്രതികരണം.

“ജീൻ എനിക്കൊന്നു വീട്ടിൽ പോകണം ,നീയും കൂടെ ഈ വീക്കെൻഡ് എന്റെ കൂടെ വരുമോ? എനിക്കെന്തോ അച്ഛനെയും അമ്മയെയും അഭിമുഖീകരിക്കാനൊരു ചമ്മൽ,ഒരു പേടി.”

അങ്ങനെ ജീനും സ്വസ്തികയോടൊപ്പം അവളുടെ വീട്ടിൽ പോയി.അച്ഛനും അമ്മയ്ക്കും അനിയത്തിക്കും ജീവനും അവൾ പുതുവസ്ത്രങ്ങൾ വാങ്ങി സമ്മാനിച്ചു.

“ഇപ്പോൾ വിഷുവൊന്നുമല്ലല്ലോ മോളെ ,എന്തിനാ പുതിയ വസ്ത്രം വാങ്ങി വന്നത്.”

“എനിക്ക് സാലറിയിൽ ഒരു ഹൈക്ക് ഉണ്ടായി.ഒരു സന്തോഷത്തിന് വാങ്ങിയതാണ് അച്ഛാ.”

അവളുടെ മറുപടിയിൽ ജീനിനു ഞെട്ടൽ ഉണ്ടായി.സ്വസ്തികയ്ക്കു സാലറി ഹൈക്ക് ഒന്നുമുണ്ടായിട്ടില്ല.പിന്നെയെന്തിനാണ് അവൾ അച്ഛനോട് കള്ളം പറഞ്ഞത്.രണ്ടു ദിവസം സന്തോഷത്തോടെ അവളുടെ വീട്ടിൽ കഴിഞ്ഞു.അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ അവൾ നാട്ടിൽ നിന്നും മടങ്ങി.

ഒരു ദിവസം അവൾ ലീവെടുത്തു.ഇന്ന് വരുന്നില്ല തലവേദനയാണ്, റെസ്റ്റെടുക്കണമെന്നാണ് ജീനിനോട്‌ പറഞ്ഞത്.വൈകിട്ട് മടങ്ങി വന്നപ്പോൾ അവളെ കാത്തിരുന്നത് ഒരു ലെറ്റർ മാത്രമാണ്.

“എന്നോട് ക്ഷമിക്കണം ,ഞാൻ പാർഥിവിനൊപ്പം പോകുന്നു.വിളിക്കരുത്.”

ആ പാവം അച്ഛനോടും അമ്മയോടും എല്ലാം തുറന്നു പറഞ്ഞപ്പോൾ ,മകൾ നഷ്ടപെട്ട ദുഃഖത്തിൽ ബോധം പോയ അമ്മയെയും ,തകർന്ന ഹൃദയവുമായി ഭിത്തിയിൽ ചാരി നിന്ന അച്ഛനെയും ആശ്വസിപ്പിക്കാൻ ജീൻ പാടുപെട്ടു.പോലീസിൽ പരാതിപ്പെട്ടെങ്കിലും പ്രയോജനം ഉണ്ടായില്ല.

സ്വസ്തിക പോയതോടെ ജീൻ വീണ്ടും ഒറ്റപ്പെട്ടു.മെല്ലെ മെല്ലെ സ്വസ്തിക മറവിയിലായി.

ഇടയ്ക്കിടെ അവള് മുറിയിലുള്ളത് പോലെ ജീനിനു തോന്നിയിരുന്നു.അവളിപ്പോൾ എവിടെയാകും.എത്ര നല്ല പെൺകുട്ടിയാണവൾ.സ്വയം അറിഞ്ഞു കൊണ്ട് എന്തിനാണവൾ ഇങ്ങനെയൊരു ജീവിതം തെരെഞ്ഞെടുത്തത്.പെൺകുട്ടികൾ സ്വന്തം വ്യക്തിത്വം മറന്നു എന്തിനാണ് ഇങ്ങനെയുള്ള ബന്ധങ്ങളിൽ ചെന്ന് ചാടുന്നത്.?

നല്ല ഉറക്കത്തിലായിരുന്നപ്പോൾ തന്നെ തലോടുന്ന തണുത്ത കൈകളെ അവൾ പിടിച്ചു.ആ ദുർബലമായ കൈകൾ സ്വസ്തികയുടേത് പോലെ.ഗാഢമായ ഉറക്കത്തിൽ നിന്നും മുക്തയായി അവൾ മെല്ലെ കണ്ണുകൾ തുറന്നു നോക്കി.കട്ടിലിൽ സ്വസ്തിക ഇരിയ്ക്കുന്നു ,അവളുടെ മെലിഞ്ഞ ശരീരത്തിൽ നിന്നും തള്ളി നിൽക്കുന്ന വയറിൽ അവൾ നോക്കി.അവൾ നല്ല പോലെ ക്ഷീണിച്ചിരുന്നു.ജീനിനെ നോക്കി അവൾ ദുർബലമായി ചിരിച്ചു.

“നീ എപ്പോൾ വന്നു? നീ എവിടെ പോയി എന്നെ വിട്ടിട്ടു.ഞാൻ നിന്നോട് മിണ്ടത്തില്ല.ഇതിപ്പോൾ എത്രാമത്തെ മാസമാണ്.താക്കോൽ ഞാൻ പഴയതു പോലെ ലെറ്റർ ബോക്സിൽ ഇടും.നീ മടങ്ങി വരുമ്പോൾ പുറത്തു കാത്ത് നില്ക്കണ്ടല്ലോ എന്ന് കരുതി.നീ വന്നത് നന്നായി.എനിക്ക് ഒറ്റയ്ക്ക് ജീവിച്ച് മടുത്തെടി.നമുക്ക് വളർത്താമെടി നിന്റെ കുഞ്ഞിനെ.നീ ഇപ്പോൾ റെസ്റ്റെടുക്കൂ .നിന്റെ മുറിയിൽ പോയി കിടക്കൂ.എനിക്ക് ഉറക്കം വരുന്നു .നാളെ രാവിലെ കാണാം കേട്ടോ.”

ജീൻ തിരിഞ്ഞു കിടന്നു.രാവിലെ ഉണർന്നു നോക്കിയപ്പോൾ അവിടെയെങ്ങും സ്വസ്തികയില്ല.ഇനി സ്വപ്നം കണ്ടതാണോ.? അവൾ അപ്പോൾ തന്നെ അവളുടെ വീട്ടിൽ വിളിച്ചു.അമ്മയും അവളെ സ്വപ്നം കണ്ടു.കുഞ്ഞുമായി വീട്ടിൽ കയറി വരുന്ന സ്വസ്തിക.ഞായറാഴ്ച പത്രത്തിന്റെ മുഖപത്രത്തിലെ വലിയൊരു വാർത്തയിൽ കണ്ണുടക്കി.

“വയനാട്ടിൽ മാ വോ യിസ്റ്റ് വേട്ട,ഗർഭിണിയായ മാവോയിസ്റ്റുകാരി മരണപ്പെട്ടു.രണ്ടു പേര് ഓടി രക്ഷപെട്ടു പ്രശസ്തമായ റിസോർട്ടിലെ വിദേശ ടുറിസ്റ്റുകളെ അക്രമിയ്ക്കാനാണ് മൂന്നംഗ സംഘം എത്തിയത്.പോലീസ് സ്ഥലത്തെത്തി നടത്തിയ വെടിവെപ്പിലാണ് പെൺകുട്ടി കൊ ല്ലപ്പെട്ടത്.”

സ്വസ്തികയുടെ വലിയൊരു ഫോട്ടോ ആദ്യപേജിൽ കൊടുത്തിരുന്നു.നെറ്റിയിലൊരു വലിയ തുളയും,വീർത്തുന്തിയ വയറും ,അഴിഞ്ഞു വിടർന്നു കിടക്കുന്ന ചുരുണ്ട മുടിയിഴകളും.ജീൻ ഒന്നേ നോക്കിയുള്ളൂ.അവൾക്കു കരച്ചിൽ വന്നു.

ആരും എറ്റു വാങ്ങാനില്ലാതെ അനാഥ പ്രേതം പോലെ മോർച്ചറിയിൽ കിടന്ന അവളുടെ ശരീരം ഏറ്റു വാങ്ങാൻ അച്ഛനും അമ്മയ്ക്കുമൊപ്പം ജീൻ പോയി. ആദരവുകളില്ലാതെ അവളുടെ ശരീരം പൊതു ശ്‌മശാനത്തിൽ എരിഞ്ഞു തീർന്നപ്പോൾ സ്വസ്തികയുടെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാനാകാതെ ജീൻ തളർന്നു പോയി.

✍️നിശീഥിനി.