നെഞ്ചിൽ അടുക്കിപ്പിടിച്ച ചാരനിറത്തിലെ പുസ്തകങ്ങൾ വിറച്ചിരുന്നു. കൈകൾ നനഞ്ഞൊട്ടുന്നപോലെ…

എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ

====================

കുഞ്ഞിപ്പാത്തുവിന്റെ കഴുത്തിന്റെ പിറകിൽ കടിച്ച ഇളുമ്പ് മണമുള്ള ചൊന്നു തുടുത്ത ഉറുമ്പിനെ എടുത്തു കളയാൻ ചാത്തന്റെ മോൻ കുട്ടൻ അവളുടെ തട്ടം നീക്കിയത് കണ്ടാണ് കുഞ്ഞിപ്പത്തുവിന്റെ വല്ല്യയുപ്പ
ദൂരെ നിന്നും അലറി വിളിച്ചത്…

“ഇങ്ങോട്ട് വരീൻ പെണ്ണെ കാണിച്ചു തരാം ഹറാം പെറന്നൊളെ ” എന്ന് മഞ്ഞളിച്ച കഫം തുപ്പി അലറി വിളിച്ചപ്പോ കുഞ്ഞിപാത്തു നിന്ന നില്പിൽ വിയർത്തു കുളിച്ചു…

തരിച്ചു നിക്കുന്ന കുട്ടനെ നിസഹായതയോടെ കുഞ്ഞിപ്പാത്തു നോക്കി….

കുട്ടനെ കാണാൻ വന്നതാണ് അവൾ….കുട്ടന്റെ കൂടെ തലയിൽ പിച്ചിപൂ വെച്ചവൾ ഊഞ്ഞാലാടുന്ന കണ്ടപ്പോഴാണ് കുഞ്ഞിപാത്തുവിന്റെ കണ്ണ് അവളറിയാതെയൊന്നു നിറഞ്ഞു വന്നത്….

നെഞ്ചിൽ അടുക്കിപ്പിടിച്ച ചാരനിറത്തിലെ പുസ്തകങ്ങൾ വിറച്ചിരുന്നു…കൈകൾ നനഞ്ഞൊട്ടുന്നപോലെ…കുഞ്ഞിപ്പാത്തുവിന്റെ ഹൃദയം നൊന്തു… അവൾക്ക് വേദന തോന്നി..

ഇന്നുംകൂടെ കൂട്ടി കുട്ടൻ പള്ളിക്കൂടത്തിൽ വരാഞ്ഞിട്ട് 3ദിവസം…കാണാൻ കഴിയാതെ,  മിണ്ടാൻ കഴിയാതെ, ഉറങ്ങാൻ കഴിയാത്ത,  3ദിവസങ്ങൾ…

ഒന്ന് കാണാൻ വേണ്ടിയാണ് കുഞ്ഞിപാത്തു പള്ളിക്കൂടത്തിന്റെ കൂട്ടമണിക്ക് മുന്നേ ഇറങ്ങിയോടിയത്….തെക്കുവശത്തെ പാലത്തിൽ ഒറ്റയക്ക് കയറാത്തവളാണ് കുട്ടനെ കാണാൻ കണ്ണടച്ച് പാലത്തികൂടി പെയ്യേ പെയ്യേ നടന്നു വന്നത്…

കണ്ണ് നിറഞ്ഞു..കരള് വീങ്ങി..തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ്.. “കുഞ്ഞിപ്പാത്തുവേ ” എന്നൊരു വിളി കേട്ടത്…

കുട്ടൻ മിടുക്കൻ ആണ്…കുട്ടന്റെ അമ്മ കുഞ്ഞിപ്പാത്തുവിന്റെ വീട്ടിൽ വേലയ്ക്ക് വരുന്നുണ്ട്…അവർ ഭംഗിയായി മുറ്റമടിക്കാറുണ്ട്..കരിയിലകൾ കൂട്ടിയിട്ട് കത്തിക്കാറുണ്ട്…കുഞ്ഞിപാത്തുവിന്റെ വീട്ടിലെ അടുക്കളയിൽ ഇ റ ച്ചി കറിയുടെ മെഴുക്കു പുരണ്ട പാത്രങ്ങൾ കൂട്ടിയിട്ട് കഴുകാറുണ്ട്…അടയ്ക്ക പൊളിക്കാറുണ്ട്, നാളികേരം പൊതിക്കാറുണ്ട്…വടക്കേ മൂലയ്ക്ക് പോയി ഇരുന്നു നെയ് മുറ്റിയ മീൻ വെട്ടാറുണ്ട്…ആടിനെ അറത്ത അടുക്കളയിലെ പിന്നാമ്പുറത്തു കഴുകി തെളിക്കാറുണ്ട്…

കുട്ടന്റെ അച്ഛൻ കുഞ്ഞിപാത്തുവിന്റെ വീടിന്റെ ഓട് പൊട്ടിയാൽ നേരെ ഇടാറുണ്ട്, അടുക്കി വെച്ച നാളികേരവും, വെറ്റിലയും, അടയ്ക്കയും തലചുമടായി ചന്തയിൽ കൊണ്ടു പോവാറുണ്ട്, കുഞ്ഞിപ്പാത്തുവിന്റെ വീട്ടിലെ വിശേഷങ്ങൾക്ക് മുറ്റത്തു ചാഞ്ഞു നിക്കുന്ന മരക്കൊമ്പുകൾ വെട്ടി ശരിയാക്കാറുണ്ട്…

അതൊക്കെ പോരാഞ്ഞിട്ട് കുഞ്ഞിപ്പാത്തുവും കുട്ടനും ഒരേ തരക്കാർ ആണ്..കണക്ക് മാഷ് കയ്യിൽ ചൂരലിന്റെ ചൂട് തരുമ്പോൾ അണപ്പല്ലിൽ പച്ചകുരുമുളക് കയറ്റി വെച്ചാൽ അടിയുടെ നോവ് അറിയില്ല എന്ന് കുഞ്ഞിപ്പാത്തുവിനെ പഠിപ്പിച്ചത് കുട്ടൻ ആണ്…

കുഞ്ഞിപ്പാത്തുവിന്റെ കയ്യിലെ കുപ്പിവളയിൽ മുറുക്കെ പിടിച്ചു ചോര ചാടിച്ച വാസുവിന്റെ മോന്റെ മൂക്കിൽ ഇടിച്ചതു കുട്ടൻ ആണ്…ഇളം റോസ് നിറത്തിലെ നോട്ടീസ് കഷണത്തിൽ നിന്നും പട്ടണത്തിലെ ടാക്കിസിൽ കളിക്കുന്ന സിനിമയുടെ നായകന്റെയും നായികയിടയും ചിത്രം കാണിച്ചു തന്നതും കുട്ടൻ ആണ്…

കയ്യിലിരുന്ന പുളിഞ്ചിക്ക ദൂരേക്ക് എറിഞ്ഞു കുട്ടനെ തിരിഞ്ഞൊന്നു നോക്കി അവൾ ദൂരേക്ക് ഓടിപോയി…

“അനക്ക് കൂട്ടം കൂടി കുത്തിമറിയാൻ ആ ഹമുക്കിനെ മാത്രേ കിട്ടിയൊള്ളോ പെണ്ണെ…കണ്ട താഴ്ന്ന കൂട്ടങ്ങളുടെ കൂടെ ചാടി മറിഞ്ഞോ..എന്നിട്ട് നാട്ടുകാരെ കൊണ്ടു പറയിപ്പിക്ക്…”

കുഞ്ഞിപ്പാത്തുവിന്റെ നേരെ വിരൽ ചൂണ്ടി വല്യപ്പ കലിതുള്ളി…കുഞ്ഞി പാത്തുവിന്റെ വല്ല്യമ്മ മുറുക്കാൻ ചവച്ചു തുപ്പി അവളെ നീരസത്തോടെ നോക്കി…കുഞ്ഞിപ്പാത്തുവിന്റെ ഉമ്മ നെഞ്ച് തടവി തലേൽ കൈ വെച്ചു കുട്ടനെ പ്രാകി..അടുക്കവശത്തു തിങ്ങി നിന്ന പെണ്ണുങ്ങൾ അടക്കം പറഞ്ഞു…

ഉപ്പാടെ നാത്തൂൻ “പെണ്ണിന് ഈ ഇടയായി അഹമ്മതി കൂടുതൽ ആണെന്ന്” ആരോടെന്നില്ലാതെ പറഞ്ഞു…

“ഇങ്ങനെ ആണേൽ പെണ്ണിനെ” കെട്ടിച്ചു വിട് എന്ന് ആരോ അഭിപ്രായം പറഞ്ഞു…

കുഞ്ഞിപ്പാത്തു കരള് വിങ്ങി തല നരച്ച സൗമ്യനായി ഇരിക്കുന്ന ഉപ്പയുടെ അടുത്തേക്ക് നീങ്ങി നിന്നു…

മൈലാഞ്ചി ചോപ്പിച്ച കൈകൾ കൊണ്ടു അവൾ ഉപ്പയുടെ കയ്യിൽ മെല്ലെ ചേർത്ത് പിടിച്ചു…അവളുടെ കണ്ണ് നീറി എരിഞ്ഞു തുളുമ്പിപോയിരുന്നു…

“ഓൻ ന്റെ കൂട്ടത്തില് പഠിക്കുന്നയാണുപ്പാ….

ഓന്റെ അച്ചന്റേം അമ്മേടേം വേർപ്പിൽ അല്ലെ ഉപ്പ മ്മള് തിന്നുന്നെ…

ഉപ്പാടെ നെഞ്ഞിൽ കൊഴുപ്പ് കേറി കണ്ണ് തുറിച്ചു ബോധ്മില്ലാതെ കെട്ന്നപ്പോ ഓന്റെ അച്ഛനല്ലേയുപ്പാ വാരിയെടുത്തു ആശൂത്രിയിൽ കൊണ്ടു പോയത്…

കഴ്ഞ്ഞ മഴേല് മ്മടെ പാടത്തെ മട പൊട്ടിപ്പോ ഒക്കെ മാറ്റിയത് ഓന്റെ അച്ഛനല്ലേയുപ്പാ…

ഈ മനുഷ്യന്മാരൊക്കെ എങ്ങനെ ആണുപ്പാ പിന്നെ താഴ്ന്ന കൂട്ടങ്ങള് ആവുന്നേ…

ഇവരൊക്കെ എങ്ങനെ ആണുപ്പാ മ്മളെ പോലെ കൂട്ടത്തത്…പൈസ ഇല്ലാഞ്ഞിട്ടാ….പൈസയൊക്കെ വരും പോവും സ്നേഹം മാത്രേ ഭൂമിയിൽ കാണുള്ളൂ എന്നൊക്കെ എന്നെ പറഞ്ഞു പഠിപ്പിച്ചത് ഉപ്പയല്ലേ….പിന്നെ എങ്ങനെ ആണുപ്പാ ഇവരൊക്കെ കള്ളകൂട്ടങ്ങൾ ആവുന്നേ…. “

കുഞ്ഞിപ്പാത്തുവിന്റെ ചിലമ്പിച്ച ശബ്ദം ഹാജിയാരുടെ വീട്ടിൽ ഉയർന്നു കേട്ടു..കണ്ണ് തുളുമ്പി വിങ്ങി വിങ്ങി കരയുന്ന കുഞ്ഞിപ്പത്തുവിനെ ഹാജിയാർ ചേർത്ത് പിടിച്ചു…വിറച്ചു വിങ്ങി കരയുന്ന കുഞ്ഞിപ്പാത്തുവിന്റെ കുഞ്ഞ് നെറ്റിയിൽ ചേർത്ത് പിടിച്ചു അയാൾ മൃദുവായി ചുംബിച്ചു…

അയാളുടെ ചുംബനത്തിനു അപ്പോ തളിർത്ത വെറ്റിലയുടെ മണമായിരുന്നു….