അവൾ വായിലെ മുറക്കൻ ചവച്ചു തുപ്പികൊണ്ട് പറഞ്ഞു ഇനി രാമന്റെ കൂടെ ഞാനും ഉണ്ട് പാടാൻ….

ദേവിയെ സ്നേഹിച്ച പുള്ളൂവചെകന്റെ കഥ….

Story written by Sarath Krishna

===================

ഈ കാലഘട്ടത്തിലും മനുഷ്യനും പ്രകൃതിയും ഈശ്വരനും പരസ്പരം ഇഴുകി ചേർന്ന് ജീവിക്കുന്ന ചില കുഗ്രാമങ്ങൾ പാലക്കാട് ജില്ലയിൽ ഇന്നും ഉണ്ട്… അങ്ങനെ ഉള്ള ഒരു ഒരു കുഗ്രാമത്തിൽ പണ്ടെങ്ങോ നടന്നതാണ് എന്ന് വിശ്വസിക്കുന്ന സംഭവം ഇന്ന് ഒരു മുത്തശ്ശികഥ ആയി മാറി തലമുറകളിൽ നിന്നും തല മുറക്കളിലേക് പകർന്നു നല്കപ്പെടുന്നു … ഞാനും ഒരു മുത്തശ്ശി കഥയുടെ ഭംഗിയോടെ ആ നാട്ടിൽ ഒരിക്കൽ നടന്നു എന്ന് കരുതുന്ന ദേവിയെ സ്നേഹിച്ച പുള്ളുവചെക്കന്റെ കഥ നിങ്ങളോട് പറയാൻ ശ്രമിക്കുന്നു…

തുലമാസത്തിലെ എല്ല രാത്രികൾ പോലെയും നല്ല മഴയുള്ള ഒരു രാത്രി ആയിരുന്നു അന്നത്തെത്തും …

അപ്പുന് എത്ര ശ്രമിചിട്ടും ഉറക്കം വന്നില്ല . ചാരിയ ജനൽവാതിലൂടെ വരുന്ന ഇടിമിന്നലിന്റെ വെള്ളി വെളിച്ചം നോക്കികൊണ്ട് കുറച് നേരം അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു …

അച്ഛനും അമ്മയും ഉറക്കം ആയന്ന് ഉറപ്പായപ്പോ അവരുടെ ഇടയിൽ നിന്ന് അവൻ ശബ്ദമുണ്ടാക്കാതെ പതിയെ എണീറ്റ് കട്ടിൽ നിന്ന് താഴേക്ക് ഇറങ്ങി.. ഇറങ്ങുനത്തിന് ഇടയിൽ താഴേക്ക് വീണ കമ്പിളി കട്ടിലിലേക്ക് തിരിച്ചു കയറ്റി ഇടാൻ ശ്രമിക്കുമ്പോഴാണ് അമ്മ കണ്ണ് തുറന്ന് അവനെ നോക്കുന്നത്…

അവന്റെ കുഞ്ഞു കൈകളിൽ പിടിച്ചു കൊണ്ട് അമ്മ ചോദിച്ചു

എവിടെ പോവാ

അമ്മയുടെ പിടിത്തം വിടിക്കാൻ ശ്രമിച്ചു കൊണ്ട് അവൻ പറഞ്ഞു

ഞാൻ താഴെ മുത്തശ്ശിയുടെ അടുത്തേക്ക് പൂവ

ഒരു വിധത്തിൽ അമ്മയുടെ പിടി വിടിച് കോണി പടികൾ ഇറങ്ങുമ്പോ അവന്റെ മനസിലെ ചിന്ത മുഴുവൻ മുത്തശ്ശി ഒരിക്കൽ അവനോട് പറയാം എന്ന് സമ്മതിച്ച കഥയെ കുറിച്ചായിരുന്നു

കരിമ്പടം പുതച് കട്ടിലിൽ കിടന്നിരുന്ന മുത്തശ്ശിയുടെ അരികിലേക് അവൻ അനുവാദം കൂടാതെ കയറി കിടന്നു… അവന്റെ കുഞ്ഞു കാലുകൾ മുത്തശ്ശിയുടെ കാലുകളിൽ തൊട്ടപ്പോഴാണ് മുത്തശ്ശി ഉണർന്നത്…

മുത്തശ്ശി അപ്പുന്റെ കവിൾ തലോടി കൊണ്ട് ചോദിച്ചു

മുത്തശ്ശിടെ അപ്പുമോൻ ഉറങ്ങില്ലേ….

കുറച്ച് പരിഭത്തോടെ അവൻ മുത്തശ്ശിയോട് പറഞ്ഞു

ഇല്ല ഇന്ന് കഥ കേട്ടാലെ അപ്പു ഉറങ്ങു….

ആരുടെ കഥയ അപ്പുന് കേൾക്കണ്ടത്

ഇന്ന് നമ്മൾ സന്ധ്യക്ക് പോയ അമ്പലത്തിലെ ദേവിയുടെ കഥ….

അവന്റെ കുഞ്ഞു വയറിന്മേൽ കൈ വെച്ച് തലോടി കൊണ്ട് മുത്തശ്ശി കഥ പറയാൻ തുടങ്ങി……

പണ്ട് പണ്ട് ഒരുപ്പാട് വർഷങ്ങൾക്ക് മുൻപ്… അമ്പലത്തിന്റെ പുറകിലെ പാടത്തെ കുടിലിൽ ഒരു രാമൻ എന്ന് പേരുള്ള ഒരു പുള്ളുവചെക്കൻ ജീവിച്ചിരുന്നു …. നാടുകൾ മുഴുവൻ കാൽ നാടയായി നാവോറ് പാടിയാണ് അവൻ ജീവിച്ചിരുന്നത്… എന്നും പാടാൻ പോകുന്നതിന് മുമ്പ് അമ്പലനടയിൽ വന്ന് ഭഗവതിയെ കണ്ട് തൊഴുതെ പോകാറുള്ളൂ….

അങ്ങനെ ഇരിക്കെ ദിവസം രാവിലെ അമ്പലത്തിൽ നിന്ന് ചുറ്റമ്പലത്തിന്റെ പുറത്തെ കൽപ്പടി തൊട്ടു തൊഴുത് മടങ്ങാൻ ഒരുങ്ങുന്ന നേരത്ത് അവനെ ആരോ പുറകിൽ നിന്ന് വിളിച്ചു

അവൻ തിരിഞ്ഞു നോക്കിയപ്പോ ആരെയും കണ്ടില്ല. അവൻ വീണ്ടും മടങ്ങാൻ ഒരുങ്ങുമ്പോ ആ വിളി വീണ്ടും കേട്ടു. തെല്ല് ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയപ്പോ അവൻ മറന്നു വെക്കാൻ തുടങ്ങിയ അവന്റെ ഓല കുടയും ആയി ഒരു പെൺകുട്ടി നിൽക്കുന്നു..

അവളുടെ കഴുത്തിൽ കിടന്നിരുന്ന പാലക്ക മാലയിലെ മരതക കല്ലുകൾ ആ പുലർ വേളയിലും വെട്ടി തിളങ്ങുന്നതായി കണ്ട് അവൻ അവളെ അത്ഭുതത്തോടെ ശ്രദ്ധിച്ചത്…നീട്ടി എഴുതിയ കലങ്ങിയ അവളുടെ കണ്ണുകളും മുട്ടറ്റം അഴിച്ചിട്ട മുടിയും ചുവന്നചേല പട്ടു പൂടവയും . അവൾ വന്ന മാത്രയിൽ ആ പരിസരം ആകെ മഞ്ഞളിന്റെയും കുംങ്കുമത്തിന്റെയും ഗന്ധം പരന്നു…

നിമിഷർദ്ദം കൊണ്ട് എവിടെ നിന്നോ വന്ന കാറ്റിന്റെ ശക്തിയിൽ ആൽമരകൊമ്പിലിരുന്നുനിരുന്ന പ്രവുകൾ ചിലച്ചു കൊണ്ട് ആകാശത്തേക്കു പറന്നു ഉയരുന്നു .. ശ്രീ കോവിലിൽ മുന്നിലെ പല തൂക്കു വിളകിലേയും കത്തുന്ന തിരികൾ അണ്ണാച്ചുകൊണ്ട് കാറ്റ് അവളുടെ കോതി ഒതുക്കിയ മുടിയിഴകൾക് ഇടയിലൂടെ തെന്നി മറിയപ്പോ തീക്ഷണമാർന്ന കണ്ണുകളാൽ അവൾ ആകാശത്തേക്കു നോക്കി … തന്മാത്രയിൽ കാറ്റ് ഒരു ചൂളം വിളിയോടെ ശബ്ദത്തോടെ മലകൾക് ഉള്ളിൽ എങ്ങോ മറഞ്ഞു….

നിമിഷ നേരത്തിനുള്ളിൽ തനിക്ക് മുന്നിൽ നടന്ന പ്രതിഭാസത്തിന്റെ ഭീതി മായാതെ നിൽക്കുന്ന അവനോട് അവൾ ചോദിച്ചു….

എന്താ കുട കൊണ്ട് പോകുന്നില്ലേ അതോ കുട ഭഗവതിക്ക് കാണിക്ക വെച്ചതാണോ….

അവന്റെ മുഖത്തെ ഭീതി ശാന്തതക്കും പിന്നെ പുഞ്ചിരിക്കും വഴി മാറിയിരുന്നു … അവൻ കുട വാങ്ങുന്നതിന് ഇടയിൽ ചോദിച്ചു…

തമ്പുരാട്ടികുട്ടിയെ ഇവിടെ ഇതിന് മുൻപ് കണ്ടട്ടില്ലലോ…

രാമൻ എന്നെ തമ്പുരാട്ടി എന്ന് ഒന്നും വിളികണ്ട ദേവി എന്നാ എന്റെ പേര് … അവൾ ശ്രീ കോവിലേക് തിരിഞ്ഞു കൊണ്ട് പറഞ്ഞു ഞാൻ ഇവിടെ ഒകെ ഉള്ളതാ…

ഇവിടെയോ ഇവിടെ എവിടെ..? അല്ല എന്റെ പേര് കുട്ടിക്ക് എങ്ങനെ അറിയാം…

ഈ നാട്ടിൽ ആരാ പുള്ളുവൻ രാമനെ അറിയാത്തതായി ഉള്ളത് ..ഞാൻ ഇവിടെത്തെ നമ്പൂതിരിയുടെ മകൾ ആണ്…..

അവനിൽ സംശയത്തിന് ഇട നൽകുന്നതിന് മുൻബെ അവളുടെ പുറകിലെ കൂത്തമ്പലത്തിന്റെ ഉള്ളിൽ നിന്ന് അവനെ നോക്കി ചിരിക്കുന്ന നമ്പൂതിരിയുടെ മുഖം അവൻ കണ്ടിരുന്നു….

കൂട തോളിൽ ഇട്ടു നടക്കാൻ ഒരുങ്ങാവെ അവൾ അവനോട് ചോദിച്ചു ….

അല്ല കൂട കൊണ്ട് തന്നതിന് പകരമായി ഒന്നുമില്ലേ??? കഴിയുമെങ്കിൽ രാമൻ എന്റെ പേരും നാളും പറഞ്ഞു ഒന്ന് പാടിട്ടു പോയിക്കൊള്ളു

ഇവിടെ വെച്ചോ

അതെ അതെന്താ ഇവിടെ പാടിയാൽ?

ഭഗവതിയുടെ അമ്പലത്തിൽ പുള്ളുവൻ പാട്ട് പതിവില്ല കുട്ടി … നാളെ ഇല്ലാത് വന്നു പാടി തന്നോളം …

ഇല്ലത് വന്ന എന്നെ കാണണമെന്നില്ല .എന്നെ കാണണം എങ്കിൽ ഇവിടെ തന്നെ വരണം… അവളുടെ ആ വാക്കുകൾക്ക് കാത് കൊടുക്കാതെ അവൻ നടന്നു

ആ ദിവസം അവൻ പുള്ളോർക്കുടമായി ഒരുപ്പാട് അലഞ്ഞങ്കിലും ഒരു വീട്ടിൽ നിന്നും ആരും അവനെ പാടുവാനായി വിളിച്ചില്ല…. ആ വിരസതയോടെ അവൻ ഉച്ചക്ക് വീട്ടിലേക്ക് മടങ്ങി… മടങ്ങും വഴി അമ്പലത്തിന്റെ നടക്കൽ എത്തിയപ്പോ അവനു വല്ലാത്ത ദാഹവും ക്ഷീണം തോന്നി അവൻ ആൽമരത്തിന്റെ ചോട്ടിൽ ഇരുന്നു….

കുടിക്കാൻ ആയി കുറച് വെള്ളം ചോദിക്കാനായി ആ നട്ടുച്ച നേരത് ആ പരിസരത്ത് അവൻ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി… പക്ഷേ അവിടെ എങ്ങും അവനു ആരെയും അവൻ കാണാൻ സാധിച്ചില്ല … ദയനീയമായ കണ്ണുകളോടെ ആ ആൽത്തറയിൽ നിന്ന് അവൻ ശ്രീകോവിലന്റെ ഉള്ളിലേക് നോക്കി അവൻ ആ തറയിൽ തളർന്നു കിടന്നു….

അല്പസമായത്തിന് ഉള്ളിൽ അവൻ ആ തളർച്ചയിൽ നിന്ന് കണ്ണുകൾ തുറന്നത് അവന്റെ പുള്ളർകുടത്തിൽ ആരോ പാടാൻ ശ്രമിക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ്…

അവൻ എഴുന്നേൽക്കുന്നതിന് ഇടയിൽ അവന് അടുത്ത് വെച്ചിരുന്ന കുജയിൽ നോക്കി കൊണ്ട് അവൾ പറഞ്ഞു…

വെള്ളം താഴെ വിഴണ്ട…

കുജ കൈയിൽ എടുത്ത് കൊണ്ട് അവൻ ചോദിച്ചു കുട്ടി എന്താ ഈ സമയത്ത് ഇവിടെ

രാമൻ ആദ്യം വെളളം കുടിക്കൂ…

അവൻ ആ വെള്ളം ധൃതിയിൽ കുടിക്കുന്നത് നോക്കികൊണ്ട് അവൾ നിന്നു..

ദാഹം ശമിച്ച രാമനോട് അവൾ പറഞ്ഞു…

അച്ഛൻ തിരുമേനി അമ്പലത്തിന് അകത്ത് ഉണ്ട് സന്ധ്യ നേരത്തെ പൂജക്കുള്ള ഒരുക്കത്തിന് വന്നതാണ് അപ്പോഴാണ് ആരോ ആൽത്തറയിൽ വീണു കിടക്കുന്നതായി കണ്ടത് .. ഈ കുജ വെള്ളവുമായി അച്ഛൻ തിരുമേനി ആണ് എന്നെ ഇങ്ങോട്ട് അയച്ചത്…

നന്ദി ഞാൻ തളർന്ന് വീണത് തന്നെയാ …. കുട്ടി വെള്ളമായി വന്നിലായിരുന്നെകിൽ ഈ ഞാൻ ഈ തറയിൽ കിടന്നു മരിച്ചെന്നെ… ഈ ഉപകാരം മരിക്കുവോളം രാമൻ മറക്കില്ല….

നന്ദിക്കു പകരമായി ആ പുള്ളർകൂടം മീട്ടി രാമൻ എനിക്ക് വേണ്ടി ഒരു തവണ പാടുന്നത് കേൾക്കാൻ അതിയായ മോഹം ഉണ്ട് … അമ്പലത്തിൽ അല്ലെ പാടാൻ നിർവാഹം ഇല്ലാത്തതുള്ളു ആൽത്തറയിൽ പാടാംലോ…

രാമൻ കൂടം മടിയിൽ വെച്ച് പാടാൻ ഒരുങ്ങി കൊണ്ട് അവളോട് പറഞ്ഞു

എങ്കിൽ കുട്ടി നാളും പേരും പറഞ്ഞൊള്ളു….

പേര് ദേവി മീനമാസത്തിലെ ഭരണി നക്ഷത്രം

ആ വാക്കുകൾക്ക് ശേഷം രാമൻ അവളുടെ മുഖത്തേക് അത്ഭുതത്തോടെ നോക്കി കൊണ്ട് ചോദിച്ചു.. സാക്ഷാൽ ഭഗവതിയുടെ നക്ഷത്രം ആണല്ലോ കുട്ടിയുടേയും..

കുലുങ്ങി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു അതെ….

അമ്പലത്തിലേക് തിരിഞ്ഞു കൈ കൂപ്പി കുമ്പിട്ടു കൊണ്ട് രാമൻ പാടാൻ തുടങ്ങി….

ആ നേരം ശര വേഗം കാറ്റിന്റെ വേഗം കൂടി ആലിലകൾ കാറ്റിന്റെ താണ്ഡവാരവത്തിൽ വിറക്കാൻ തുടങ്ങി അമ്പലത്തിലെ തോരണങ്ങൾ പലതും അടർന്ന് വീണിരുന്നു…

പാടി മുഴുവിക്കും മുൻപ് ശ്രീകോവിലിന്റെ ഉള്ളിൽ നിന്ന് ചിലമ്പ് താഴെ വീഴുന്ന ശബ്ദം കേട്ടു…

ഞാൻ പോണു ….ചിലമ്പ് വീണു എന്ന് തോന്നുന്നു

അവൾ അമ്പലത്തിന്റെ ഉള്ളിലേക് വേഗത്തിൽ നടന്നു…

നടക്കുമ്പോ അവൾ അണിഞ്ഞിരുന്ന കൊല്ലുസിന്.. വെളിചപ്പാടിന്റെ അരപ്പട്ടയിലെ ഒരായിരം മണികളുടെ കിലുക്കമായിരുന്നു….

പിറ്റേന്ന് രാവിലെ രാമന്റെ ദേഹത്ത് ആകെ വസൂരിയുടെ വൃണങ്ങൾ പൊന്തി… അവനു അവന്റെ കുടിലിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അത്രയും വൃണങ്ങൾ പൊന്തിരുന്നു…

വേദന സഹിക്കാൻ കഴിയാതെ അവൻ കണ്ണീരോടെ ഭഗവതിയെ പ്രാർത്ഥിച്ചു കിടന്നു…. അവിടെ നിന്ന് അല്പസമായത്തിനകം… ആരോ വാതിൽ തട്ടി വിളിക്കുന്നതായി കേട്ട് അവൻ ജനാലാരികിലേക്ക് ചെന്നു .. അവൻ നോക്കുമ്പോ പുറത്ത് അവൾ നിൽക്കുന്നു….

അവളെ കണ്ടതും രാമൻ ചുമരിന്റെ മറയിലേക് മറഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു…

ഇവിടെ നിന്ന് കുട്ടി വേഗം പോയിക്കൊള്ളു …എനിക്ക് ദീനം വന്നു മേലാസകാലം വൃണങ്ങളെകൊണ്ട് നിറഞ്ഞിരിക്കാണ്… അസുഖം പകരണ്ട

രാമൻ വാതില് തുറക്കൂ പാടത്തെ പണിക്കാർ പറഞ്ഞു കേട്ട് അച്ഛൻ തിരുമേനി തന്നു വിട്ട മരുന്നുമായി ആണ് ഞാൻ വന്നിരിക്കുന്നത്

രാമൻ വാതിൽ തുറന്നു…

അവൾ കൈയിലെ പൊതി അവനു നേരെ നീട്ടി… അത് വാങ്ങാൻ തുടങ്ങുമ്പോ അവൾ പൊതി പിന്നിലേക് വലിച്ച് കൊണ്ട് പറഞ്ഞു

ദീനം മാറിയാൽ രാമൻ ഞാൻ പറയുന്ന ആഗ്രഹം സാധിച്ചു തരണം…

അവൻ ചോദിച്ചു എന്ത് ആഗ്രഹമാ കുട്ടിക്ക് എന്നെ കൊണ്ട് നേടേണ്ടത്

അത് ദീനം മാറുമ്പോ പറയാം … വാക്കല്ല രാമൻ സാധിപ്പിച്ചു തരും എന്ന്?

വാക്കാണ് ആദ്യം മരുന്ന് തരു വേദന സഹിക്കാൻ ആകുന്നില്ല…

അവൾ പൊതി അവനു കൊടുത്തു അവൻ അത് തുറന്ന് നോക്കുമ്പോ അതിൽ കുറച് മഞ്ഞചന്ദനം മാത്രമേ കണ്ടുള്ളൂ…

അവൻ അവളുടെ മുഖത്തേക് അത്ഭുതത്തോടെ നോക്കി …

ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു ഇത് കഴിച്ചാൽ മതി നാളെ തന്നെ ദീനം മാറും.. രാമന് അസുഖം വന്നാൽ ഈ നാടായ നാടെല്ലാം രാമന്റെ നാവോറ് പാട്ട് പോലെ ദിനവും പകരില്ലേ.. ആ പേടികൊണ്ടാണ് അച്ഛൻ എന്നെ ഇങ്ങോട്ട് അയച്ചത്… അസുഖം മാറിയാൽ ഭഗവതീക്ക് ഒരു മഞ്ഞപട്ട് കൊടുക്കാനും രാമനോട് പറയാൻ അച്ഛൻ തിരുമേനി എന്നോട് പറഞ്ഞു ഏല്പിച്ചട്ടുണ്ട്.

അറിയാലോ ഭഗവതിക്ക് ഇഷ്ടപ്പെട്ടവർക് മാത്രമേ ഈ ദീനം വരാറുള്ളൂ….

അത്രയും പറഞ്ഞു അവൾ കുടിലിൽ നിന്ന് പോയി

അവൾ പറഞ്ഞപോലെ തന്നെ പിറ്റേന്ന് അവനെ അത്ഭുതപ്പെടുത്തി കൊണ്ട് ശരീരത്തിലെ വൃണങ്ങൾ എല്ലാം പാട് പോലും ഇല്ലാത്ത വിധം മാഞ്ഞു പോയിരുന്നു…

തുടർന്ന് രാമൻ പതിവ് പോലെ പാടുന്നവനായി പൂറപ്പെട്ടു .. അവൻ നാഗകാവിന്റെ വഴി എത്തിയപ്പോൾ അവൾ ഒരു പുള്ളുവതിയുടെ വേഷത്തിൽ അവന്റെ മുന്നിലേക്ക് വന്നു …..

ആ കാഴ്ച കണ്ട് അത്ഭുതം മാറാത്ത കണ്ണുകളുമായി രാമൻ ചോദിച്ചു…

തമ്പുരാട്ടി കുട്ടി എന്താ പുള്ളവോതിയുടെ വേഷത്തിൽ…

അവൾ വായിലെ മുറക്കൻ ചവച്ചു തുപ്പികൊണ്ട് പറഞ്ഞു ഇനി രാമന്റെ കൂടെ ഞാനും ഉണ്ട് പാടാൻ….

ഒരടി പിന്നിലേക് മാറി രാമൻ ചോദിച്ചു ..

എന്തൊക്കെയാ കുട്ടി ഈ പറയുന്നേ ഇല്ലത്തെ തമ്പുരാട്ടി പുള്ളുവചെക്കന്റെ കൂടെ ഊര് ചുറ്റനോ… ഇല്ലത് അറിഞ്ഞ എന്റെ തല കാണില്ല….

രാമൻ ഇന്നലെ എനിക്ക് തന്ന വാക്ക് മാറന്നോ… പുള്ളൂവൻ ആയാലും ക്ഷത്രിയൻ ആയാലും പറഞ്ഞ വാക് പാലിക്കണം… രാമൻ അല്ലാതെ എന്നെ ഈ വേഷത്തിൽ ആരും തിരിച്ചറിയാൻ പോകുന്നില്ല. സന്ധ്യക്ക് ദീപാരാധന നേരത് എനിക്ക് അമ്പലത്തിലേക് മടങ്ങി എത്തിയാൽ മതി…

അങ്ങനെ രാമൻ വാക്ക് കൊടുത്ത സമയത്തെ പ്രാകി കൊണ്ട് മനസിലാ മാനസോടെ സമ്മതിച്ചു…

കഥ പറയുന്നതിന് ഇടയിൽ മുത്തശ്ശി അപ്പുനെ തട്ടി കൊണ്ട് ചോദിച്ചു…

അപ്പു മോൻ ഉറങ്ങിയോ…?

ഇല്ല മുത്തശ്ശി കഥ കേട്ട് കിടക്കാണ്…..

പിന്നെ എന്താ ഉണ്ടായേ ?

അങ്ങനെ അവൾക്കൊപ്പം അവൻ നാടായ നാട് എല്ലാം നാവോറ് പാടി നടന്നു… ഒപ്പം അവന് അവളോട് മനസ്സിൽ ഇഷ്ട്ടവും തോന്നാൻ തുടങ്ങി…. സാക്ഷാൽ ഭഗവതിയോടാണ് തനിക്ക് പ്രേമം തോന്നിയാതെന്ന് അവൻ അറിഞ്ഞിരുന്നില്ല… ഭഗവതി അമ്പലം വിട്ട് സഞ്ചരിക്കാൻ തുടങ്ങിയപ്പോ നാട് മുടിയാൻ തുടങ്ങിയിരുന്നു .. നാട്ടിലെ ദൈവചെതന്ന്യം കുറഞ്ഞു… കൃഷികൾ നശിക്കാൻ തുടങ്ങി… പലർക്കും മാറാവ്യാധികൾ പിടിപ്പെട്ടു… നാട്ടുകാർ എല്ലാവരും കോലോത്തെ തമ്പുരാനെ കണ്ടു വിഷമം അറിയിച്ചു.. അമ്പലത്തിൽ അഷ്ടമംഗല്യാ പ്രശനം വെക്കാൻ തീരുമാനിച്ചു… പ്രശ്‌നത്തിൽ ദേവി ക്ഷേത്രത്തിൽ കുടി കൊള്ളുന്നില്ലന്ന് തെളിഞ്ഞു… ദേവി വീണ്ടും കൂടിയിരുത്തിയാൽ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടു എന്ന് പണിക്കമാർ വിധി എഴുതി…. ദേവിയെ തിരിച്ചെത്തിക്കാനായി പല യാഗങ്ങളും ഹോമങ്ങളും അമ്പലത്തിൽ നടത്തി നോക്കി ഒന്നും ഫലം കണ്ടില്ല…

ആ സമയത്താണ് രാമൻ അഷ്ടമിച്ചിറ അമ്പലത്തിലെ രാത്രി പൂരത്തിന് പോകുന്നത്… പൂരം കണ്ട് മടങ്ങും വഴി ഒരു കൈനോട്ടകാരി രാമനെ അടുത്തേക്ക് വിളിച്ചു… കൈ നോട്ടക്കാരി രാമന്റെ കൈയിൽ വെള്ളയിൽ തെളിഞ്ഞു കണ്ടത് ഭഗവതിയുടെ രൗദ്ര ഭാവം ആയിരുന്നൂ…

അങ്ങനെ രാമൻ കൈ നോട്ടക്കരിയിൽ നിന്ന് അറിഞ്ഞു തനിക്ക് ഒപ്പം ഉള്ളത് സാക്ഷാൽ ഭവതി ആണെന്നും ഇത്ര കാലം താൻ കണ്ടത് ഭഗവതിയുടെ മായ കാഴ്ചകൾ മാത്രമാണ് എന്നും.. രാമൻ മടങ്ങും വഴി തന്നെ ഈ കാര്യം കൈനോട്ടകാരി കോവിലകത്തെ തമ്പുരാനെ അറിയിച്ചിരുന്നു… വാർത്ത കേട്ട് കോപം പൂണ്ട തമ്പുരാൻ രാമനെ കൊല്ലാൻ ആയി പൂറപ്പെട്ടു…

കൈനോട്ടക്കാരിയിൽ നിന്ന് അറിഞ്ഞ വാർത്ത സത്യമാണോ എന്നറിയാൻ അവിടെ നിന്ന് രാമൻ പുള്ളോർക്കുടമായി നേരെ അമ്പലത്തിലേക് വന്നു .. എന്നിട്ട് അവൻ ആൽത്തറയിൽ ഇരുന്ന് ദേവിയുടെ നാളും പേരും ചൊല്ലി പാടാൻ ആരംഭിച്ചു…..

അമ്പലത്തിന് അകത്ത് ശ്രീ കോവിൽ സൂക്ഷിച്ചിരുന്ന ചിലമ്പും അരമണികളും ഇടി മുഴക്കത്തോടെ കുലുങ്ങുന്ന ശബ്ദം ഈരാഴ്‌ലോകവും പരന്നു.. മലകൾ താണ്ടി എത്തിയ ശക്തിയാർന്ന കാറ്റിന്റെ അകമ്പടിയോട് കൂടി രൗദ്ര ഭാവ സ്വരൂപണി ആയി ഭഗവതി അവന്റെ മുന്നിൽ പ്രതീക്ഷപ്പെട്ടു. ആ ഭിഭാത്സമായ രൂപം കണ്ട് രാമൻ കൈ കൂപ്പി കൊണ്ട് അവന്റെ മനസ്സിൽ തോന്നിയ ഇഷ്ടത്തെ ദേവിക്ക് മുന്നിൽ പറഞ്ഞു… ദേവി എന്നും കാണുവാൻ ആയി മനുഷ്യ ജന്മം എടുത്ത് അവന്ഒപ്പം കഴിയണം എന്നും അവൻ ദേവിയോട് അപേക്ഷിച്ചു . പ്രേമ പരവശനായി നിൽക്കുന്ന അവന്റെ അപേക്ഷമാനിച്ചു ദേവി അമ്പലത്തിന്റെ കുറച് ദൂരേ നിന്നിരുന്ന പാലാമരചുവട്ടിലേക് വിരൽ ചൂണ്ടി കൊണ്ട് അവനോടു പറഞ്ഞു

നീ ആ പാലമരചൊവാട്ടിൽ ചെന്ന് ഇരുന്ന് കൊള്ളൂക… അത് പിന്നീട് ഒരു അമ്പലമായി മാറും… ഇനി മുതൽ ഏതൊരാളും നിന്നെ തൊഴുതിട് മാത്രമേ എന്നെ തൊഴുവനായി ഇവിടെ വരൂകയുള്ളൂ ….. എല്ല ചൊവ്വ വെള്ളി ദിവസങ്ങളിലും രാത്രിയുടെ ഏഴാം യാമങ്ങളിൽ ഞാൻ മനുഷ്യ രൂപം സ്വികരിച് നിനക്ക് ഒപ്പം ഞാൻ ഒരു പുള്ളുവതിയായി മാറി ഊര് ചുറ്റാൻ വരും . ആ നിമിഷം മാത്രം പുള്ളോർക്കുടമായി നീ ഈ നടക്കൽ വന്നു ചേർന്നാൽ മതി എന്നും പറഞ്ഞു … അതിൽ രാമൻ സന്തോഷവാനായി

ദേവിയുടെ നിർദ്ദേശ പ്രകാരം പാല മരച്ചൊട്ടിൽ പോയി ഇരുന്നു. നിമിഷ നേരം കൊണ്ട് അവൻ ഒരു കൽ വിഗ്രഹമായി മാറി…. തുടന്ന് ഭഗവതി അയച്ച ഭൂതഗണങ്ങൾ നേരം പുലരുമ്പോഴേക്കും അവിടെ അവനായി ഒരു അമ്പലം പണിത് അവനെ പ്രതികഷ്ടിച്ചു…. രാമനെ കൊല്ലുവാനായി വന്ന കോവിലകത്തെ തമ്പുരൻ കണ്ടത് പാലമരച്ചോട്ടിൽ ഉർന്ന പുതിയ അമ്പലമായിരുന്നു…. തുടർന്നുള്ള ദേവ പ്രശ്നത്തിൽ തെളിഞ്ഞു .. അത് ദേവിയുടെ ഇഷ്ടപ്പെട്ട പ്രകാരം പുള്ളുവൻ കുടികൊള്ളുന്ന അമ്പലം ആണ് എന്നും… പൂജാധികർമങ്ങൾ മുറ തെറ്റാതെ നടത്തണം എന്നും…. എല്ല വർഷവും ദേവിയുടെ തിടമ്പ് എഴുന്നള്ളിക്കുന്ന സമയത്ത് പുള്ളുവന്റെ അമ്പലത്തിൽ നിന്ന് ദേവിയുടെ പേരിൽ പാടുന്ന നാവോറ് പാട്ട് കേൾക്കണം എന്നും അത് കേട്ടുകൊണ്ട് വേണം ദേവിക്ക് എഴുന്നള്ളൻ എന്നും ദേവ പ്രശ്‌നത്തിൽ ദേവി കൽപ്പിച്ചു…അങ്ങനെ ആണ് അവിടെ പുള്ളുവന്റെ അമ്പലവും വന്നത്

ഇപ്പോ അപ്പുന് മനസ്സിലായോ നമ്മൾ ഇന്ന് തോഴൻ പോയ അമ്പലത്തിലെ ദേവിയുടെ കഥ

അവൻ ഭീതിയാർന്ന മുഖത്തോടെ തലയാട്ടി…

ഇന്നും ചൊവ്വ വെള്ളി ദിവസങ്ങളിൽ ദേവി പുള്ളുവനൊപ്പം നാട് ചുറ്റുന്നത് പലരും കണ്ടവർ ഉണ്ട് …. ദേവി പോകുമ്പോ കൈയിലെ ചിലമ്പിന്റെ കിലുക്കം കേൾക്കാം… ആ നേരത് ആരും വീടിന് പുരത്തിറങ്ങാറില്ല….

മുത്തശ്ശി അപ്പുന്റെ നെറുകയിൽ ഉമ്മ വെച്ച് കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു

ഇനി അപ്പുമോൻ ഉറങ്ങിക്കോ..

ഭീതിയർന്ന കണ്ണുളളുമായി അപ്പു ചിലമ്പിന്റെ കിലുക്കത്തിനായി പുറത്തേക്ക് കാതോർത് കൊണ്ട് കിടന്നു…

***********************

ഈ രചനയിലൂടെ ഞാൻ പറയാൻ ശ്രമിച്ച കഥ തികച്ചും എന്റെ ചിന്തയിൽ ജനിച്ചതാണ്… അത് എത്രത്തോളം മനോഹരമായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന് എനിക്ക് അറിയില്ല… എങ്കിലും എഴുതാൻ സാധിച്ചു എന്നാ നിർവൃതി ഞാൻ നിര്ത്തുന്നു……..🙏

by sarath