പിന്നീട് എപ്പോഴൊക്കെയോ അവർ തമ്മിൽ കണ്ടിരുന്നു. കാണുമ്പോഴൊക്കെ അവൾ മൃദുവായി ചിരിച്ചിരുന്നു…

എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ

==================

കുഞ്ഞിമൊയ്‌ദുവിന് പെണ്ണുങ്ങളെ കാണുമ്പോൾ തന്നെ വിറവലാണ്….പെണ്ണുങ്ങളെ ദൂരത്തു നിന്നു കാണുമ്പോഴേ തൊണ്ട വറ്റി, വിയർപ്പ് പൊടിഞ്ഞു, കൈ വിറച്ചു ശബ്ദം വിങ്ങി വിക്കി നിൽക്കും… എങ്ങനെയൊക്കെ ശ്രെമിച്ചാലും കുഞ്ഞ്മൊയ്‌ദുവിന്പെണ്ണുങ്ങളുടെ മുഖത്തേക്ക് നോക്കാൻ കഴിയില്ല…

പണ്ട് യൂ പി സ്കൂളിൽ പഠിക്കുന്ന സമയത്ത് സുഹറ ബീവി കുഞ്ഞ്മൊയ്‌ദുവിനോട്‌ അവന്റെ കയ്യിൽ അവന്റെ ഉപ്പ പേർഷ്യയിൽ നിന്നു കൊണ്ടു വന്ന “നീല കളറ് പെൻസിലുണ്ടോ “?? എന്ന് അടക്കം ചോദിച്ചിട്ടുണ്ട്..

അന്ന് വിറച്ചു വെന്ത് അവളുടെ ചോന്ന മുഖത്തേക്ക് നോക്കാതെ “കയ്യിൽ ഉണ്ട്‌ ” എന്ന് മറുപടി പറഞ്ഞിട്ടുണ്ട്…

അന്ന് രാത്രി കുഞ്ഞ്മൊയ്‌ദുവിന് ഉറങ്ങാൻ പറ്റിയില്ല കണ്ണടച്ചാൽ സുഹ്‌റ ബീവി കുടഞ്ഞു ചിരിക്കുന്നത് ഓർമ്മ വരും..

പിറ്റേ ദിവസം നീല കളറ് പെൻസിൽ അവളുടെ മുഖത്തേക്ക് നോക്കാതെ കൊടുത്തപ്പോൾ കൈകൾ വിയർത്തു കുതിർന്നു നനഞ്ഞിരുന്നു..

അന്ന് പെന്സില് വാങ്ങിപ്പോയ സുഹറ ബീവി കാര്യം കഴിഞ്ഞതിൽ പിന്നെ കുഞ്ഞിമൊയ്‌ദുവിനോട്‌ ഒരുപാടൊന്നും മിണ്ടിട്ടില്ല…

കുഞ്ഞിമൊയ്‌ദുവിന് അതിൽ ചെറുതല്ലാത്ത വിഷമം ഉണ്ടായിരുന്നു..പെൻസിൽ കൊടുത്ത ധൈര്യത്തിൽ കാണുമ്പോൾ മിണ്ടണം എന്ന് തോന്നിയാലും…അവള് വരുമ്പോഴുണ്ടാകുന്ന ചങ്കിലെ പെരുമ്പറ.. അത് കടലുണ്ടി പാലത്തിന്റെ അപ്പുറത്തോളം കേക്കാൻ പറ്റുത്രെ…

ഒൻപതാം തരത്തിൽ പഠിക്കുമ്പോ കുഞ്ഞിമൊയ്‌ദുവിന് പെണ്ണിന്റെ ഉടുപ്പില്ലാത്ത ഉടല് കാണാൻ പൂതി തോന്നി…

ഒരു ചെവി കേക്കാത്ത ബീഡി തെറുപ്പുകാരനായ പാക്കരന്റെ മോൻ കാണിച്ചു കൊടുത്ത ഇക്കിളി പടത്തിലെ പെണ്ണിന്റെ ഉടല് പോലെ ഒരെണ്ണം…

ഒരു പെണ്ണിന്റെ മുഖത്ത് നോക്കാൻ പോലും പേടിയുള്ള ഞാൻ എങ്ങനെ ഒരു പെണ്ണിന്റെ ഉടല് കാണും? എന്ന്.. കുഞ്ഞിമൊയ്‌ദു കണക്ക് പുസ്തകം അടച്ചു വെച്ചു ആലോചിച്ചു കിടന്നു…

പെണ്ണിനെ കാണുമ്പോൾ തന്നെ വിറച്ചു വിയർക്കുന്ന ഞാൻ എങ്ങനെ പെണ്ണിന്റെ ഉടല് കാണും?? എന്ന്…പള്ളിക്കൂടത്തിൽ പ്രതിജ്ഞ ചൊല്ലുമ്പോൾ കുഞ്ഞിമൊയ്‌ദു ആലോചിച്ചു നിന്നിരുന്നു …

ഉത്തരം കിട്ടാതെ ആലോചിച്ചു കുത്തിയിരുന്ന്.. ഹിന്ദി പരീക്ഷയിൽ മൊട്ട മേടിച്ചു… മഞ്ഞ നിറം മാറാത്ത ചൂരല് കൊണ്ട് കയ്യിൽ മാഷ് പെടച്ചപ്പോഴാണ്…കുഞ്ഞിമൊയ്‌ദുവിന്റെ ഇടതു വശത്തു ഇരുന്ന ചങ്ങാതി അവനെ ചേർത്ത് പിടിച്ചത്….

“ഇയ്യ് ആ പനയുടെ പിന്നിലെ കുളിക്കടവില് പോയാൽ ഏത് നിറത്തിലെയും പെണ്ണിന്റെ ഉടല് കാണാം.. വേണേൽ ഞാനും വരാം “

അവൻ അത് പറഞ്ഞപ്പോ കുഞ്ഞിമൊയ്‌ദുവിന്റെ കണ്ണ് നിറഞ്ഞിരുന്നു..

ചങ്ങാതിയുടെ പുളിഞ്ചിയ്ക്ക കറ പുരണ്ട കൈകൾ ചേർത്ത് പിടിക്കുമ്പോൾ അവന്റെ മൂക്കും നിറഞൊഴുകിയിരുന്നു ..

കുഞ്ഞിമൊയ്‌ദുവിനെ കുളിക്കടവില് പെണ്ണുങ്ങൾ ചെവിക്ക് പിടിച്ചു പൊക്കിയപ്പോൾ സത്യമായും ആ പഞ്ചായത്തിലെങ്ങും കുഞ്ഞിമൊയ്‌ദു അവനെ കണ്ടില്ല…

പ്ലാവിലതറയിലെ മമ്മദിന്റെ മോനെ കുളിക്കടവില് നിന്നും പെണ്ണുങ്ങള് പിടിച്ചു എന്ന് നാട് മൊത്തം അറിഞ്ഞു…

അന്ന് കുളിക്കടവില് ഏതോ സിനിമയിൽ നായികയുടെ കൂട്ടുകാരിയുടെ കൂട്ടുകാരിയായി അഭിനയിച്ച നാട്ടിലെ പ്രമുഖയുടെ കയ്യിലെ ചൂട് കുഞ്ഞിമൊയ്‌ദുവിന്റെ കവിള് പൊള്ളിച്ചു എന്നും ആരോ നോവോടെ പറഞ്ഞു നടന്നു….

അതോടെ കുഞ്ഞിമൊയ്‌ദു പഠിത്തം നിർത്തി… ഇടയ്ക്ക് എപ്പോഴെങ്കിലും ജീവിതം അവസാനിപ്പിച്ചാലോ എന്ന് കാര്യമായി ആലോചിക്കും… അല്ലെങ്കിൽ എല്ലാവരും എല്ലാമൊന്നു മറന്നു തുടങ്ങിയെങ്കിൽ എന്ന് കഠിനമായി ആഗ്രഹിക്കും… ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന് രാത്രിയിൽ വയലിറമ്പത്തു പോയി ഉറക്കെ ഉറക്കെ പറയും… നാട്ടിൽ അപകടം ഉണ്ടാവുമ്പോൾ എല്ലാവരെയും വന്നു രക്ഷിച്ചു അഭിനന്ദനങ്ങൾ കൊണ്ടു തന്നെ മൂടുന്നത് സ്വപ്നം കാണും…

പക്ഷെ അതൊക്കെ ഉറങ്ങി എണീക്കുമ്പോൾ ഇല്ലാതെയാവും…

പെണ്ണുങ്ങൾ കുഞ്ഞിമൊയ്‌ദുവിനെ കാണുമ്പോൾ വഴി മാറി നടക്കും… ചിലർ പെട്ടന്ന് അകത്തേക്ക് കേറി പോകും…പ്രായമുള്ള പെണ്ണുങ്ങൾ അടക്കി ചിരിക്കും…

കുഞ്ഞിമൊയ്‌ദുവിന് 26 വയസ്സായപ്പോഴും അവൻ നടന്നു പോകുമ്പോൾ ആരൊക്കെയോ അടക്കി പറഞ്ഞിരുന്നു..

“ആ പ്ലാവിലതറയിലെ മമ്മദിന്റെ മോൻ അല്ലെ അത് ആ ചെക്കനെ പണ്ട് കുളിക്കടവിന്നു……. “

ഒരിക്കൽ ഒരു വൈകുന്നേരം ഉറക്കെയുള്ള അലർച്ച കേട്ടാണ് കുഞ്ഞിമൊയ്‌ദു വഴിയമ്പലത്തിന്റെ തൊട്ടു കിഴക്കേലെ വീട്ടിലേക്ക് ഓടി ചെന്നത്…

32 വയസ്സേങ്കിലും കുറഞ്ഞത് പ്രായമുള്ള ഒരു പെണ്ണ് വിരണ്ടു വിളറി നിൽക്കുന്നത് കണ്ടാണ് കുഞ്ഞിമൊയ്‌ദു ചുറ്റും നോക്കിയത്…തലപൊന്തി നിൽക്കുന്ന പാമ്പിൻ കുഞ്ഞിനെ വടി കൊണ്ടു തോണ്ടി കളഞ്ഞപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്…കുഞ്ഞിമൊയ്‌ദുവിന് അന്നവൾ വെള്ളം കുറച്ചു പാല് കൂട്ടി ഇട്ട ഒരു മധുരചായ കുടിക്കാൻ കൊടുത്തിരുന്നു…

പിന്നീട് എപ്പോഴൊക്കെയോ അവർ തമ്മിൽ കണ്ടിരുന്നു…കാണുമ്പോഴൊക്കെ അവൾ മൃദുവായി ചിരിച്ചിരുന്നു…

“ഇയ്യ് എന്താണ് ചെക്കാ മുഖത്തേക്ക് നോക്കാത്തെ “

എന്ന് ചോദിച്ച സമയത്തു

“ചേച്ചി എന്താണ് കല്യാണം കഴിക്കാത്തെ “

മുഖത്തു നോക്കതെ തിരിച്ചു കുഞ്ഞിമൊയ്‌ദു ചോദിച്ചപ്പോഴാണ് വഴിയമ്പലത്തിന്റെ വീടിനു തൊട്ടു കിഴക്കേലെ വീട്ടിലെ സുമതി നിശബ്ദയായത്…

ഭർത്താവ് ഒരിക്കൽ മരിച്ചു പോയവൾക്ക് ഇനിയെന്ത് കല്യാണം എന്നാലോചിച്ചു അവൾ കണ്ണ് നനച്ചു….

“ആ മമ്മദിന്റെ മോൻ ചെക്കന്..ഭർത്താവ് ച ത്തു മ ലച്ച സുമതിയുടെ വീട്ടിൽ എന്ത് കാര്യമെന്നു “

നാട്ടാര് പരസ്പരം ചോദിച്ചു….

സത്യത്തിൽ കുഞ്ഞിമൊയ്‌ദുവിനും സുമതിക്കും അവർക്കിടയിൽ ഒന്നുമില്ലാരുന്നു ഏറ്റവും ഹൃദ്യമായ സ്നേഹം മാത്രം… കുഞ്ഞിമൊയ്‌ദു തലയുർത്തി സംസാരിച്ച ആദ്യത്തെ പെണ്ണ് സുമതിയാവും…

ഒരിക്കൽ ഒരീസം കരഞ്ഞു കലങ്ങിയ സുമതിയുടെ കണ്ണ് കണ്ടു കുഞ്ഞിമൊയ്‌ദുവിന്റെ ചങ്ക് കലങ്ങി…

“നാട്ടാര് വീണ്ടും ഓരോന്ന് പറഞ്ഞല്ലേ ” കുഞ്ഞിമൊയ്‌ദു ചോദിച്ചു

“ഉം ” ദുർബലമായി സുമതി മൂളി

“നിക്ക് ഇങ്ങളെ ഇഷ്ടം ആണ്.. കെട്ടാൻ പൂതിയുണ്ട് “

“കുഞ്ഞിമൊയ്‌ദു വിറവിലില്ലാതെ സുമതിയുടെ മുഖത്തു നോക്കി പറഞ്ഞു….

“മ്മള് രണ്ട് മതമല്ലേ..ജാതിയല്ലേ. “
അവൾ സംശയത്തോടെ ചോദിച്ചു

“സ്നേഹം അല്ലെ വലുത് ” അവൻ മൃദുവായി പറഞ്ഞു

“ഞാൻ അല്ലെപ്രായത്തിൽ മൂത്തത്…നാട്ടാര് ഓരോന്ന് പറയൂലെ…. “

വിങ്ങി വിക്കി അവൾ പറഞ്ഞു..

നാട്ടാര് ചിലവിനു തരാത്തിടത്തോളം കാലം അവരുടെ വാക്ക് കേക്കാൻ നിക്കണോ????

കുഞ്ഞിമൊയ്‌ദു ദൃഢമായി ചോദിച്ചു….

സുമതി കുഞ്ഞിമൊയ്‌ദുവിനെ ചേർത്ത് പിടിച്ചു കവിളത്തു അമർത്തിയൊരു ഉമ്മ കൊടുത്തു…

പെണ്ണിന്റെ ചൂട്… ചൂര്….കുഞ്ഞിമൊയ്‌ദു അവളെ ചേർത്ത് പിടിച്ചു….

ഇപ്പോൾ വിറവലുണ്ടോ??

അവളുടെ ന്യായമായ ചോദ്യത്തിൽ കുഞ്ഞിമൊയ്‌ദുവിന് ചിരി പൊട്ടി…..