ഒരുപക്ഷെ ഒന്നിനും കുറവ് വരുത്താത്ത ഭാര്യ എന്നൊക്കെ ഉള്ള പദപ്രയോഗങ്ങളുടെ അടിസ്ഥാനം ഇതൊക്കെ ആവാം….

Story written by Sumayya Beegum T A

=====================

രാവിലത്തെ കാപ്പിക്ക് കപ്പ നുറുക്കുമ്പോൾ തിരക്ക് അല്പം കൂടുതലായിരുന്നു. അതോണ്ട് മാത്രല്ല കത്തി എപ്പോ എടുത്താലും വിരലുറയെ മറികടന്നു അതൊന്നു വിരലിൽ മുത്തും. ഇന്നും വിരലിൽ കൂടി ചോര ഒഴുകുന്നു.

ടാപ്പിനടിയിൽ കൈവെച്ചു വെള്ളം കുറച്ചു ഇറ്റിച്ചപ്പോൾ അതങ്ങു നിന്നു. ഒന്ന് തൊലി പൊട്ടിയാൽ അമ്മോ എന്ന് കാറുന്ന പണ്ടത്തെ പെണ്ണും ഇന്നത്തെ വീട്ടമ്മയും തമ്മിൽ അജഗജാന്തരം ഉണ്ട്. ആ നിങ്ങൾക്ക് കാര്യം പിടികിട്ടിയോ ആനയും ആടും തമ്മിലുള്ള വ്യത്യാസം.

നുറുക്കിയ കഷണങ്ങൾ കഴുകി പാത്രത്തിലാക്കി അടുപ്പിൽ വെച്ചു. പെട്ടന്ന് വേവുന്ന കപ്പയായത് കൊണ്ട് ഉടനെ തന്നെ തേങ്ങ ചിരണ്ടി മുളകും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് ചതച്ചെടുത്തു. ഒറ്റ തിളയ്ക്കു കപ്പ വെന്തു, അതൂറ്റി എടുത്തു അതിലേക്ക് അരപ്പും ഉപ്പും മഞ്ഞളും ചേർത്ത് അടച്ചു വെച്ചു. ഒന്നു ആവി കയറിയിട്ട് വേണം ഇളക്കാൻ അതാണ് അതിന്റെ ഒരു പാകം.

അപ്പോഴേക്കും ഫ്രിഡ്ജിൽ നിന്നെടുത്തു വെള്ളത്തിലിട്ട മീൻ തണുപ്പ് മാറി. വേഗം വെട്ടി ചട്ടിയിലാക്കി അരപ്പു ചേർത്ത് തിളയ്ക്കുമ്പോൾ ഏട്ടൻ എഴുന്നേറ്റു.

ഇനി പല്ലുതേച്ചു കുളിച്ചു ഒരുങ്ങി വരാൻ പതിനഞ്ചു മിനുട്ടിൽ കൂടുതൽ എടുക്കില്ല.

ഈശ്വര! അന്നേരത്തേക്ക് മേശയിൽ വിളമ്പി വെച്ച് കഴിക്കാൻ പാകത്തിന് ചൂടാറിയില്ലയെങ്കിൽ ഒറ്റ പോക്കാണ്.

കഴിപ്പിക്കാനുള്ള ആവേശം ഓർക്കുമ്പോൾ സത്യത്തിൽ വിശപ്പ് നമുക്ക് ആണെന്ന് തോന്നും. അവർക്കെന്താ വീട്ടിൽ കിട്ടിയില്ലെങ്കിൽ കടയിൽ കിട്ടും.

അങ്ങനെ ഭർത്താക്കന്മാർ വീട്ടിൽ കിട്ടാത്തത് തേടി വേറൊരിടത്തും പോകരുതെന്ന് കാർന്നോന്മാരുടെ സംസാരത്തിൽ നിന്നും പണ്ടേ നമ്മൾ പഠിച്ചു വെച്ചതാണ്. അതിന്റെ ഒക്കെ ആദ്യപടികളാണ് ഇതൊക്കെ.

ഒരുപക്ഷെ ഒന്നിനും കുറവ് വരുത്താത്ത ഭാര്യ എന്നൊക്കെ ഉള്ള പദപ്രയോഗങ്ങളുടെ അടിസ്ഥാനം ഇതൊക്കെ ആവാം.

അയ്യോ ചിന്തിച്ചു കാടുകയറി ചായ തണുത്തു അത് ചൂടാക്കണം.

ചായയും കപ്പ പുഴുക്കും കുടംപുളിയിട്ടു വെച്ച മീൻകറിയും മേശമേൽ നിരന്നപ്പോൾ ആളു വന്നു കഴിപ്പ് തുടങ്ങി. ഭക്ഷണത്തിന്റെ രുചി എന്താണെന്ന് പോലും അറിയുന്നില്ല. ഫോൺ കാൾ, പത്രം വായന ഇതൊക്കെ അതിന്റെ കൂടങ്ങു നടക്കുന്നുണ്ട്.

കഴിച്ച പാത്രങ്ങൾ എടുത്തു വെക്കുമ്പോഴേക്കും യാത്ര പറച്ചിലും പോക്കും കഴിഞ്ഞു. എത്ര നേരം വേണേലും കിടന്നുറങ്ങും പക്ഷേ എഴുനേറ്റു കഴിഞ്ഞാൽ വാലിനു തീ പിടിച്ചപോലൊരു ഓട്ടമാണ്. എങ്കിൽ പിന്നെ ഇങ്ങേർക്ക് ഇത്തിരി നേരത്തെ എഴുന്നേറ്റു സമാധാനത്തോടെ ഒരുങ്ങി പോകരുതോ? എത്ര വട്ടം പറഞ്ഞാലും കേൾക്കില്ല.

അവർക്കു തോന്നുമ്പോൾ തോന്നിയ പോലെ ചെയ്യുക എന്നാണ് ആണിന്റെ രീതി. അത് അങ്ങനെ വേണമല്ലോ? ഇല്ലെങ്കിൽ പെങ്കോന്തനാവില്ലെ?

ഒരു ദീർഘ നിശ്വാസം വിട്ടു മക്കൾക്കുള്ള പൂരിക്ക് ഗോതമ്പു മാവിൽ ഉപ്പിട്ട് കുഴയ്ക്കുമ്പോൾ പണിയുടെ സ്പീഡ് കുറഞ്ഞു തുടങ്ങി. സ്കൂൾ ഇല്ലാത്തതുകൊണ്ട് ഒരു അമാന്തം വന്നു കൂടിയിട്ടുണ്ട്.

തിളച്ച എണ്ണയിൽ പപ്പട വലുപ്പത്തിൽ പൂരി പൊങ്ങിവരുമ്പോൾ ഗ്യാസ് അടുപ്പിലെ കുക്കറിൽ രണ്ട് വിസില് വന്നു. ഉരുളക്കിഴങ്ങാണ്. മക്കൾക്ക് അത്‌ മതി. പൂരിയും കിഴങ്ങും. കിഴങ്ങു ഉടച്ചു കടുകുപൊട്ടിച്ച എണ്ണയിലേക്ക് ഒഴിച്ചപ്പോൾ കുറച്ചു എണ്ണ തെറിച്ചു കൈത്തണ്ടയിലേക്കു വീണു.

ഇതും മറ്റൊരു പതിവാണ് കയ്യിൽ മഷികുത്തുപോലെ തെളിയുന്ന പാടുകൾ ഒന്ന് മങ്ങുമ്പോൾ അടുത്തത് റെഡിയാവും. കൈ പുകഞ്ഞപ്പോൾ ക്ലോസ് അപ്പ്‌ പേസ്റ്റ് എടുത്തു കയ്യിലേക്ക് പുരട്ടി.

ഇനിയാണ് മക്കളെ വിളിച്ചുണർത്തൽ. പല്ലുതേച്ചു വന്ന പിള്ളേരെ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു ഓൺലൈൻ ക്ലാസ്സിനിരുത്തുമ്പോൾ സമയം ഒന്പതാകും.

അതിനിടയ്ക്ക് ഉച്ചത്തേക്കുള്ള ചോറ് അടുപ്പിൽ അര വേവ് ആക്കാനും മറക്കില്ല. എല്ലാം ഓരോ ടൈമിംഗ് ആണ്.

മുറ്റവും വീടിനകവും തൂത്തു വാരുന്നതിനിടയിൽ ക്ലാസ്സിലേക്ക് ചെവിയോർക്കും ഇല്ലെങ്കിൽ ക്ലാസ്സ്‌ കഴിയുമ്പോൾ ഡാഷ് പോയ അണ്ണാനെ പോലെ ഇരിക്കുന്ന ഇതിനോടൊക്കെ ഹോം വർക്കും അസ്‌സൈൻമെന്റും ചോദിച്ചിട്ട് ഒന്നും ഒരു കാര്യവുമില്ല.

വീണ്ടും നമ്മുടെ സാമ്രാജ്യത്തിലേക്ക്.ഊണിനുള്ള കറികൾ വെക്കണമല്ലോ. പതിവുപോലെ പയർ ഇളിച്ചു കാട്ടുന്നു വേണ്ടപ്പാ നിന്നെ കൂട്ടി മടുത്തു, ക്യാരറ്റ്, ബീറ്റ്റൂട്ട്, ബീൻസ് എല്ലാം മടുപ്പാണ്. പിന്നെ ഒരു രക്ഷ കപ്പളമാണ്. ഒരു കപ്പളങ്ങ കുത്തി അരിഞ്ഞെടുത്തു തോരനാക്കി രണ്ടുമൂന്നു പച്ചത്തക്കാളി തേങ്ങ അരച്ചുവെക്കുമ്പോഴേക്കും കഞ്ഞി വേവും. അതും കൂടി വാർത്തിടുമ്പോൾ പാചകം കഴിഞ്ഞു.

ഇനി പാത്രം കഴുകൽ അതെല്ലാം കഴുകി അടുക്കളയും വർക്ക്‌ ഏരിയയും തൂത്തു സ്ലാബൊക്കെ തുടച്ചു സിങ്കും കഴുകി ഇടുമ്പോൾ മനസിലൊരു വെട്ടം വീഴും പുറത്ത് വെയിൽ തെളിയുന്നപോലെ.

ഇതും കൊണ്ടൊന്നും കഴിയില്ല തുണി അലക്കും കുളിയും ചോറ് വാരിക്കൊടുക്കലും കഴിക്കലുമൊക്കെ കഴിയുമ്പോൾ അടുക്കള വീണ്ടും യുദ്ധക്കളം.

ഉണങ്ങിയ തുണി പെറുക്കാൻ സമയംആയിട്ടുണ്ടെങ്കിലും ആ ദിവാൻ കോട്ടിൽ ചാരികിടന്നു ഫോണെടുത്തു ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഓട്ട പ്രദക്ഷിണം നടത്തുമ്പോൾ പലയിടത്തു നിന്നും കേൾകാം നിനക്കൊന്നും ഒരു പണിയുമില്ലേടി എന്നൊരു ചോദ്യം.

ഒരു വാ പൊളിച്ചു ചിരിക്കുന്ന സ്മൈലി റിപ്ലൈ കൊടുത്ത് റസ്റ്റ്‌ എടുക്കുവാ എന്നുപറയുമ്പോൾ അൺസുഹൃത്തുക്കളോ ആങ്ങളമാരോ പറയും നിന്റെ ഒക്കെ ഒരു യോഗം. മനുഷ്യനിവിടെ പെടാപാടാണെന്നു.

അപ്പോഴേക്കും രണ്ടു പോരുകോഴികളെ പോലെ കൊത്തി പരിക്കേൽപിച്ചു വരുന്ന മക്കൾക്കു അടി കൊടുക്കേണ്ടിടത്തു അടിയും നല്ലത് പറഞ്ഞു കൊടുക്കേണ്ടിടത്തു നമ്മുടെ ചെറുപ്പ കാലത്തെക്കുറിച്ചു ഒരു പൊക്കിപറച്ചിലുമൊക്കെ കഴിയുമ്പോൾ ചായയ്ക്ക് ടൈം ആയി.

ചുമ്മാ ചായ പോരല്ലോ ബൂസ്റ്റ്‌ ഇട്ടു ഇളക്കി ചായയ്ക്ക് കടിക്കു ഏത്തപ്പഴം മാവിൽ മുക്കി പൊരിച്ചു മൊരിച്ചു കൊടുക്കുമ്പോൾ എന്തൊരു പ്രതീക്ഷകളാണ്. ആ ചായ ഒരാൾ കുടിക്കുകയും അടുത്തയാൾ തിരിഞ്ഞു പോലും നോക്കാതെ ഉറുമ്പും കേറി സന്ധ്യ വരെ അവിടുണ്ടാവും. വിളിക്കാതെ വന്ന അതിഥിയെ പോലെ തണുത്തു മേശമേൽ ഏത്തയ്ക്ബോളിയും. ആർക്കോ വേണ്ടി തിളച്ചു മറിയുന്ന എന്റെ പഴംപൊരി.

ഇതൊക്കെ കണ്ടു നാളെ എന്തേലും ഉണ്ടാക്കാതിരുന്നാൽ വിശപ്പ് കൊണ്ട് ചത്ത മനുഷ്യനെ ഓർപ്പിക്കുമാറ് പരാതിയാണ് കൊച്ചു പട.

തുണിപെറുക്കി അടുക്കി നാളത്തേനുള്ള അരിയും ഉഴുന്നും അരച്ചു ഭദ്രമായി മൂടിവെക്കുമ്പോൾ പ്രാർത്ഥനയ്ക്ക് സമയമായി.

പ്രാർത്ഥന, പഠിപ്പീര് ഇതൊക്കെ ബാലികേറാ മലകളാണ്. ഉള്ള ഊർജം മൊത്തം ചിലവാക്കി അതൊക്കെ പൂർത്തിയാക്കി ലേശം ഉറക്കച്ചടവോടെ അടുക്കളയിലേക്കു.

ചോറ് ചൂടാക്കാൻ ആവി കേറ്റുമ്പോൾ രാവിലെ കറി വെച്ച മീനിന്റെ ബാക്കി മുളക് പുരട്ടി വെച്ചത് ചീനച്ചട്ടിയിൽ മുരിയുന്നുണ്ടാവും.

ഊണുകഴിഞ്ഞുള്ള പാത്രം കഴുകലും കഴിച്ചയിടം വൃത്തിയാക്കലും ഊണിനു മുമ്പേ ആയിരുന്നെങ്കിൽ എന്നോർത്ത് മനസ്സിൽ പിറുപിറുത്തു ചെയ്തു തീർക്കുമ്പോൾ അപ്പനും മക്കളും ടിവിയിലെ കോമഡി സീൻ കണ്ട് പൊട്ടിച്ചിരിക്കുന്നുണ്ടാവും.

അതുകണ്ടു പല്ല് കടിക്കുമ്പോൾ എന്ത് പറ്റി അമ്മേ എന്ന് ചോദിച്ചുവരുന്ന മക്കളോട് കയ്യും കാലുമൊക്കെ കഴുകി മൂത്രമൊഴിച്ചു കിടക്കാൻ ആജ്ഞാപിക്കുമ്പോൾ ഒരു അസുര രാജാവിന്റെ ഗെറ്റ് അപ്പ്‌ ഉണ്ടാവും മുഖത്ത്. ഓഹ് ഈ അമ്മ എന്നുപറഞ്ഞു കുഞ്ഞുങ്ങൾ മനസ്സില്ല മനസ്സോടെ പിണങ്ങി എഴുന്നേക്കും

മക്കളെ കെട്ടിപിടിച്ചു കൂടെ കിടക്കുമ്പോൾ മൊബൈലെടുത്തു ഫോണിലെ വാർത്തകളിലൂടെ കണ്ണോടിക്കും. അതിൽ ചിലതൊക്കെ ഉള്ളു പൊളിക്കുമ്പോൾ എഴുതണം എന്നൊരു ആഗ്രഹം ശക്തമാകും.അതൊരു കഥയോ കുറിപ്പോ ആയി കുത്തികുറിക്കുമ്പോൾ അര മണിക്കൂർ പോയിട്ടുണ്ടാവും.

ഉറങ്ങി കിടക്കുന്ന മക്കളെ പതിയെ മാറ്റി ചേട്ടനെ ചുറ്റി പിടിക്കുമ്പോൾ കൈ തട്ടി എറിഞ്ഞു മൂപ്പര് കോപിക്കും. നീ ആ ഫോണിനകത്തോട്ട് കേറിയിരിക്ക്. എല്ലാം കഴിഞ്ഞിട്ട് വന്നാൽ മതി.

നിരാശയും സങ്കടവും കണ്ണ് നിറഞ്ഞു കവിൾ നനയ്ക്കുമ്പോൾ അപ്പുറത്ത് നിന്ന് കൂർക്കം വലി കേട്ടു തുടങ്ങും.

ഇന്നിനി മിണ്ടില്ല ആ നെഞ്ചിൽ കിടക്കാതെ ഉറക്കവും വരില്ല. മാറ്റിവെച്ച ഫോണെടുത്തു പോസ്റ്റ്‌ ചെയ്ത കുറിപ്പിന് വന്ന റീപ്ലേകൾക്കു മറുപടി കൊടുക്കുമ്പോൾ മനസിലൊരു സന്തോഷം. ഒറ്റപെടലൊക്കെ അലിഞ്ഞുപോകും. നാളെ വൈകിട്ട് ഫോൺ കൈകൊണ്ട് തൊടില്ല എന്നുറപ്പിച്ചു എത്ര പിണങ്ങിയാലും പിന്നെ സ്നേഹം കൊണ്ടു വാരി പുണരുന്ന ചേട്ടനെ ഓർത്തു സമാധാനിക്കുമ്പോൾ ഇൻബോക്സിൽ ഒരു കോഴി പുലരിക്ക് മുമ്പേ കൂവും.

ഡിയർ ഉറക്കമില്ലേ? ആ കോഴിയെ കൂട്ടിൽ തന്നെയിട്ടു ഫോൺ മാറ്റി ഒന്ന് മയങ്ങുമ്പോഴേക്കും നേരം വെളുക്കും. വീണ്ടും അതെ ദിനചര്യകൾ.

ഇത് മൊത്തം വായിച്ചആരേലും ഉണ്ടെങ്കിൽ നിങ്ങളെക്കാൾ ബോറടിച്ചു ഞാൻ അത് തുടരുമ്പോൾ ഇടയ്ക്ക് ചില ചോദ്യങ്ങൾ കേൾക്കാം.

ചേച്ചി എപ്പോഴും ഫേസ് ബുക്കിലാണല്ലോ? ഒരു പണിയുമില്ല അല്ലേ? ചോദ്യങ്ങൾ ഇങ്ങനെ തുടർന്നോണ്ടിരിക്കുമ്പോൾ ചോദിച്ച ആളെ ചിരിച്ചോണ്ട് ബ്ലോക്കുക എന്നതാണ് എളുപ്പവഴി.

അല്ല കൂട്ടുകാരെ സത്യായിട്ടും ഞാൻ ചോദിക്കുവാ നിങ്ങൾ പെണ്ണുങ്ങൾക് വേറെ പണിയൊന്നുമില്ലേ? ഇതൊക്കെ എഴുതാനും വായിക്കാനും അല്ലാതെ എന്നാ പണിയാണ് നിങ്ങൾക് ഉള്ളത്?

കേട്ട് കേട്ട് ഇപ്പോൾ നമ്മളും വിശ്വസിച്ചു തുടങ്ങി അല്ലേ നമ്മൾക്കു പണിയൊന്നുമില്ലെന്നു. പിന്നെ വെരികോസ് തെളിഞ്ഞ കാലുകളും തേയ്മാനം വന്ന തോളെല്ലും ഒക്കെ നമ്മുടെ ആരോഗ്യക്കുറവിന്റെ ആണ്. കൊച്ചിലെ തൊട്ടു പണി എടുക്കാതിരുന്നതിന്റെയും വലിച്ചുവാരി തിന്നുന്നതിന്റെയും ഫലം. അയ്യോ അത് മാത്രല്ല പ്രസവ രക്ഷ കുറഞ്ഞതിന്റെ കുഴപ്പം കൂടിയുണ്ട് എന്നെഴുതി തീർത്താലേ പൂർണമാകൂ…

അങ്ങനെ പണിയില്ലാത്തവൾ കൂട്ടുകാരൊത്തു കളിച്ചു ചിരിച്ചു നടന്ന നാളുകൾ അയവിറക്കി അടുക്കളയിലേക്കു അങ്കത്തിനിറങ്ങുമ്പോൾ ഒരു പെൺപൂവ്‌ കൂടി വിടർന്നിട്ടും ആരാരും കാണാതെ വള്ളിപ്പടർപ്പിൽ വീർപ്പു മുട്ടുന്നുണ്ടാവും…. വല്യ ചേലൊന്നുമില്ലാത്ത ഒരു മുക്കൂറ്റി പൂവ്…