പോകുമ്പോൾ എന്നെ നോക്കി അവർ കൈ വീശി കാണിച്ചു കൊണ്ട് എന്നിൽ നിന്നും അകന്നകന്നു ഉള്ളിലേക്കു പോയി…

എഴുത്ത്: നൗഫു ചാലിയം

====================

“ഭാര്യയെയും മക്കളെയും നാട്ടിലേക് അയച്ചപ്പോൾ വല്ലാത്ത ഒരു ശൂന്യത മനസിൽ നിറയുന്നത് പോലെ…”

“അവരെ പിരിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ കണ്ണ് നിറഞ്ഞത് എന്റെ ലോകം ഇതാ പോകുന്നു എന്ന് തോന്നിയത് കൊണ്ടായിരിക്കുമോ…???”

“ഒന്ന് രണ്ടു പ്രാവശ്യം വിസ നീട്ടിയിട്ടായിരുന്നു അവളെയും മക്കളെയും ഇത് വരെ ഇവിടെ നിർത്തിയിരുന്നത്…”

“പോകുന്ന സമയം മോള് കുറെ ഏറെ വാശി പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു ഞാൻ പോകുന്നില്ല ഉപ്പി.. ഉപ്പിയുടെ അടുത്ത് തന്നെ നിന്നോളാം, എന്നെ പറഞ്ഞയക്കല്ലേ ഉപ്പി…”

അവളുടെ സങ്കടം എന്നെ ഒരുപാട് തളർത്തി കളഞ്ഞു…

“മൂന്നു മാസം…

മൂന്നേ മൂന്നു മാസം കൊണ്ട് പുതിയ വിസ ഇറക്കി അവളെ കൊണ്ട് വരാമെന്നുള്ള ഉറപ്പ് കൊടുത്താണ് ഞാൻ അവരെ എയർപോർട്ടിൽ നിന്നും അകത്തേക് കയറ്റിയത്..

പോകുമ്പോൾ എന്നെ നോക്കി അവർ കൈ വീശി കാണിച്ചു കൊണ്ട് എന്നിൽ നിന്നും അകന്നകന്നു ഉള്ളിലേക്കു പോയി..”

കാറിൽ കയറിയിട്ടും സങ്കടം ഇങ്ങനെ വേച്ചു വേച്ചു മനസിലൂടെ നെഞ്ചിലേക് കയറി കണ്ണ് നീർ തുള്ളികളായി പുറത്തേക് വരുന്നത് പോലെ…

“കുറെ കാലത്തിനു ശേഷമായിരുന്നു അവരുടെ കുറെ നാളത്തെ ആഗ്രഹം പോലെ എന്റെ അടുത്തേക് കൊണ്ട് വന്നത്.. ഒരു കൊല്ലത്തെ വിസിറ്റിംഗ് വിസ യിൽ..ഏതൊരു പ്രവാസിയെയും പോലെ അത്രമേൽ ആഗ്രഹിച്ചു കൊണ്ട്.. കുറച്ചു കാലമെങ്കിലും എന്റെ കുടുംബത്തെ കൂടേ നിർത്തണമെന്ന് കൊതികൊണ്ട് “

ജിദ്ദ എയർപോർട്ടിന് പുറത്തു കാറിൽ ഇരിക്കുമ്പോൾ അവരെയും കൊണ്ടുള്ള വിമാനം എന്റെ മുകളിലൂടെ പറന്നു പൊന്തി തുടങ്ങി…

***********************

ഞാൻ ഫിറോസ്..

അടുപ്പമുള്ളവർ ഫിറോസ് എന്ന് വിളിക്കും.. അല്ലാത്തവരും അതെന്നെ വിളിക്കും.. വീട്ടിൽ ഉമ്മ ഉപ്പ.. കൂടേ നേരത്തെ പറഞ്ഞ ഭാര്യയും മക്കളും..

അവർ കയറിയെന്ന് പറയാനായി നാട്ടിലുള്ള ഉമ്മാക് വിളിച്ചു..

“ഉമ്മ..”

“ആ ഫിറോ “

“ഉമ്മാ..

ഓളും മക്കളും കയറിട്ടോ… വൈകുന്നേരം ലാൻഡ് ചെയ്യും..”

“ഹ്മ്മ് നിസാറും ഉപ്പയും പോകുന്നുണ്ട് മോനേ..”

“ഹ്മ്മ്..”

ഞാൻ അതിന് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു..

“നിനക്കെന്താ സങ്കടം പോലെ..?”

ഉമ്മ എന്റെ ശബ്ദത്തിലെ വ്യത്യാസം കണ്ടത് പോലെ ചോദിച്ചു..

“ഹേയ് ഒന്നുമില്ല..”

“എന്നോട് നുണ പറയണ്ടാട്ടോ എന്റെ കുട്ടി.. ഉമ്മാക് മനസിലാകും ..”

ഉമ്മ ഒരു നെടുവീർപ്പ് പോലെ… ശ്വാസം ഉള്ളിലേക്കു വലിച്ചു കൊണ്ട് പറഞ്ഞു..

“അതൊന്നും ഇല്ല ഉമ്മാ.. ഓള് മക്കളും പോയപ്പോൾ..”

ഞാൻ മുഴുവൻ പറയാതെ പകുതിയിൽ വെച്ച് നിർത്തി..

“ഹ്മ്മ്

പടച്ചോൻ എല്ലാം കാണുന്നില്ലേ..

ഇൻശാഅല്ലാഹ്‌ അവൻ വിധിച്ചാൽ മോൻ അവരെ പെട്ടന്ന് തന്നെ കൊണ്ട് പോകണം.. സങ്കട പെടരുത്…”

“ഇന്ഷാഅള്ളാഹ്..”

ഉമ്മയുടെ മറുപടിക്ക് മറുപടിയായി ഞാൻ പറഞ്ഞു..

“എന്റെ മോൻ അവിടുത്തെ എല്ലാം സ്ഥലങ്ങളും കാണിച്ചു കൊടുത്തോ അവർക്ക്.. മക്കയും മദീനയും എല്ലാം…”

“ആ ഉമ്മാ.. എല്ലാം കാണിച്ചു.. മക്കയും മദീനയിൽ.. ഉഹുദും…അങ്ങനെ സൗദിയിലെ എല്ലാ സ്ഥലങ്ങളിലും ഞാൻ അവളെയും കുട്ടികളെയും കൊണ്ട് പോയിരുന്നു..”

ഞാൻ ഉമ്മാനോട് വളരെ സന്തോഷത്തോടെ തന്നെ പറഞ്ഞു…

“അൽഹംദുലില്ലാഹ്..

എന്റെ മോന് പടച്ചോൻ നല്ലതേ വരുത്തൂ… അവർക്കെങ്കിലും പടച്ചോൻ അതിനുള്ള ഭാഗ്യം കൊടുത്തല്ലോ..”

ഉമ്മ അതും പറഞ്ഞു വെക്കട്ടെ എന്ന് ചോദിച്ചപ്പോൾ എനിക്കെന്തോ മനസിൽ ഒരു അസ്വസ്ഥത നിറയനായി തുടങ്ങി..

“ഉപ്പ ഒരുപാട് കാലം വിദേശത് ആയിരുന്നിട്ടും ഉമ്മാനെ ഒരിക്കൽ പോലും അങ്ങോട്ട്‌ കൊണ്ട് പോകാൻ കഴിഞ്ഞിട്ടില്ല.. ഉമ്മയെ മാത്രമല്ല.. എന്നെയും…

അന്നത്തെ അവസ്ഥ ചിലപ്പോൾ അതായിരിക്കാം.. ഉമ്മാകും ഉണ്ടാവില്ലേ ഇവിടെ ഒന്ന് കാണുവാൻ ആഗ്രഹം..”

“എന്റെ മനസ് വല്ലാതെ പിടക്കുവാൻ തുടങ്ങി..

ഞാൻ ഉമ്മാനെ ഉംറ വിസക് കൊണ്ടു വരണമെന്ന് ആഗ്രഹിച്ചു ഇരിക്കുകയായിരുന്നു പക്ഷെ ഉംറ വിസക്ക് വന്നാൽ കൂടുതൽ സ്ഥലങ്ങളൊന്നും കാണാൻ പറ്റില്ല…കുറെ ദിവസമൊന്നും കൂടെ കൊണ്ട് വന്നു നിർത്തുവാനും പറ്റില്ല..”

ഞാൻ ഉടനെ തന്നെ ട്രാവെൽസിലെ ചങ്കിനെ വിളിച്ചു…

“ടാ ഒരു വിസിറ്റിംഗ് ഇറക്കണം…”

“ടാ ത യ്യോ ളി നിന്റെ ഓള് പൊന്തിയോ (വിമാനം കയറിയോ ), അപോത്തിനേക്കും വിസ ഇറക്കാൻ..”

ഓനെ പറഞ്ഞിട്ട് കാര്യമില്ല.. ആരായാലും അങ്ങെനെയെ ചിന്തിക്കൂ…

ഞാൻ ഓനോട്‌ കാര്യം പറഞ്ഞു..

“സോറി അളിയാ ഞാനൊന്നും ഇത് വരെ ചിന്തിച്ചിട്ടില്ല ഇങ്ങനെ..

ഉമ്മാനെ കൊണ്ട് വരണമെന്നും കൂടേ നിർത്തണമെന്നും ഒന്നും നീ പറഞ്ഞത് കേട്ടപ്പോൾ എനിക്കും ഒരു ആഗ്രഹം.. ഉമ്മാനെ കൊണ്ട് വരാൻ.. നമുക്ക് രണ്ട് പേർക്കും ഒരേ സമയം അപ്ലൈ ചെയ്യടാ..”

“ഉമ്മ എന്നോ എന്റെ ഫോണിലേക്കു അയച്ചു തന്ന പാസ്പോര്ട് കോപ്പി അവനയച്ചു കൊടുത്തു….കൂടേ ഉപ്പയുടെയും. ഉപ്പാക് ഒരു ഓർമ്മ പുതുക്കൽ കൂടേ ആയിരിക്കും…”

“അയക്കുന്നതിനു മുമ്പ് ഞാൻ ആ പാസ്പോർട്ട്‌ കോപ്പിയിൽ ഡേറ്റ് ഉണ്ടോ എന്ന് നോക്കി.. അൽഹംദുലില്ലാഹ് ഡേറ്റ് ഉണ്ട് രണ്ടു കൊല്ലം കൂടേ…”

പിന്നെ എല്ലാം പെട്ടന്നായിരുന്നു. എല്ലാം ശരിയാകുന്നത് വരെ ആരോടും പറഞ്ഞില്ല..

“ടിക്കറ്റും എടുത്തു രണ്ടു ദിവസം മുന്നേ മാത്രം ഉമ്മാനോട് പറഞ്ഞു.. ഉമ്മ മറ്റന്നാൾ നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്. ഞാൻ ഉപ്പാനോട് പറഞ്ഞിട്ടുണ്ട്…

എങ്ങോട്ടാ മോനേ..

അത് സർപ്രൈസ് ആണ്.. ഉമ്മാക് വരുമ്പോൾ മനസിലാകും…”

**********************

“പിന്നെ രണ്ടു ദിവസത്തെ കാത്തിരിപ്പ് ആയിരുന്നു.. ഉമ്മ വിളിച്ചിട്ടും ഫോൺ എടുത്തില്ല… വരാതിരിക്കാൻ എന്തെങ്കിലും കാരണം കണ്ടെത്തും ഉമ്മ.. കോഴി…ആട്.. മാങ്ങാ ചക്ക അങ്ങനെ സകലതിനെയും കൂട്ടു പിടിച്ചു… വരതെ ഇരിക്കാനായി നോക്കും…

പക്ഷെ അതെല്ലാം ഞാൻ നേരത്തെ കൂട്ടുക്കാരെ…വിളിച്ചു സെറ്റ് ആക്കിയിരുന്നു

ഇനി നേരിട്ട് കാണുന്നതിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഞാൻ..

അങ്ങനെ ആ ദിവസം വന്നെത്തി…

ഞാൻ നേരത്തെ തന്നെ എയർപോർട്ടിൽ എത്തി..

നമ്പർ ഒന്നും ഇല്ലാത്തത് കൊണ്ട് അവർ പുറത്തേക് ഇറങ്ങിയാൽ മാത്രമേ ഇറങ്ങി എന്ന് അറിയാൻ പറ്റൂ..

“ഞാൻ ദൂരെ നിന്നെ എയർപോർട്ടിന്റെ ഫ്രണ്ടിലെ ഗ്ലാസ് വഴി ഉമ്മാനെ കണ്ടു…

ഉപ്പ യുടെ കൈകളിൽ ചേർത്ത് പിടിച്ചു പുതിയൊരു ലോകം കാണുന്നത് പോലെ എയർപോർട്ടിൽ ചുറ്റിലുമായി നോക്കുന്നുണ്ട്…

(എനിക്കറിയാം അത് എന്നെ തന്നെയാണ് നോക്കുന്നതെന്ന്…)

ഉമ്മയും ഉപ്പയും പതിയെ മുന്നോട്ട് നടന്നു വരുന്നു…”

“ഒരു വെട്ടം പോലെ എന്നെ കണ്ടപ്പോൾ ഉമ്മാന്റെ മുഖം പ്രകാശം പോലെ തിളങ്ങി. ഉപ്പയുടെ കൈകളിൽ നിന്നും കൈ വേർപെടുത്തി എന്റെ അരികിലേക് ഓടുകയായിരുന്നു..

എന്റെ കണ്ണുകൾ ശരിക്കും നിറഞ്ഞു തുളുമ്പി…

എന്റെ അരികിലേക് ഓടി വരുന്ന ഉമ്മയുടെ അടുത്തേക് ഞാനും ഓടി…

ഉമ്മ എന്നുള്ള എന്റെ വിളിയിൽ അന്നായിരം പൂക്കൾ ഒരുമിച്ചു വിരിഞ്ഞ സന്തോഷം നിറഞ്ഞിരുന്നു…..”

ഇഷ്ട്ടപെട്ടാൽ 👍👍👍

ബൈ

നൗഫു…😁😁😁