എന്നെയൊന്നു ദയനീയമായി നോക്കി അവൾ ചോദിച്ചപ്പോ സങ്കടം തോന്നി. മെല്ലെ അവളെ കൈകളിൽ താങ്ങി…

എന്റെ മാത്രം

Story written by Bindhya Balan

======================

“ഇപ്പൊ എങ്ങനെയുണ്ട് ഡോക്ടർ… പ്രോബ്ലം ഒന്നുമില്ലല്ലോ? “

കാഷ്വാലിറ്റിയിലെ ഡ്രസിങ് റൂമിൽ നിന്നിറങ്ങി വന്ന ഡോക്ടറോട് വെപ്രാളപ്പെട്ട് കൊണ്ട് ചോദിക്കുമ്പോഴാണ് എടുത്തടിച്ചതു പോലെ ഡോക്ടർ മറുചോദ്യം ചോദിച്ചത്

“പേഷ്യന്റിന്റെ ഹസ്ബൻഡ് ആണോ നിങ്ങൾ? “

എന്റെ ടെൻഷനും, പിന്നെ വെരുകിനെ കൂട്ടിലിട്ടത് പോലെയുള്ള നടത്തവും കണ്ടാൽ ആരായാലും ചോദിച്ച് പോകും ഈ ചോദ്യം സാരമില്ല പോട്ടേ എന്ന് സ്വയം ആശ്വസിപ്പിച്ചു കൊണ്ട് ഞാൻ ഡോക്ടറോട് പറഞ്ഞു

“പൊന്ന്‌ ഡോക്ടറെ ആ കുട്ടി എന്റെ വൈഫ്‌ ഒന്നുമല്ല…വഴീലൊരു ആക്‌സിഡന്റ്… എന്റെ കാറും ആ കുട്ടീടെ സ്കൂട്ടിയുമായി ചെറിയൊരു ക്ലാഷ്…. അങ്ങനെ കൊണ്ട് വന്നതാണ്… “

“ഓഹോ.. അപ്പൊ ആക്‌സിഡന്റ് കേസ് ആണല്ലേ…..അങ്ങനെ ആണേൽ എനിക്കിത് പോലീസ് സ്റ്റേഷനിൽ വിളിച്ചു റിപ്പോർട്ട്‌ ചെയ്യേണ്ടി വരും.. ഒരു പെൺകുട്ടിയെ വണ്ടിയിടിപ്പിച്ചിട്ട് താൻ അങ്ങനെയിപ്പോ എസ്‌കേപ്പ് ആവണ്ട “

ഞാൻ പറഞ്ഞതൊക്കെ കേട്ട് പോക്കറ്റിൽ നിന്ന് മൊബൈലെടുത്തു പോലീസ് സ്റ്റേഷൻ നമ്പർ ഡയൽ ചെയ്യാനൊരുങ്ങിയ ഡോക്ടറിന്റെ കയ്യിൽ കയറിപ്പിടിച്ചു വളരെ ദയനീയമായി ഞാൻ പറഞ്ഞു

“ചതിക്കല്ലേ ഡോക്ടറെ.. ഞാൻ അറിഞ്ഞോണ്ട് ചെയ്തതല്ല.. കേസ് ആക്കരുത്.. പ്ലീസ്… ആ കുട്ടിയുടെ മുഴുവൻ ട്രീറ്റ്മെന്റ് ചിലവും ഞാൻ ചെയ്തോളാം.. അതിനൊന്നു ബോധം വന്നിട്ട്, കാര്യങ്ങളെല്ലാം പറഞ്ഞു മനസിലാക്കി വീട്ടുകാരെ വിളിച്ചേൽപ്പിച്ചിട്ടേ ഞാൻ പോകൂ. ഡോക്ടറാണെ സത്യം ” ഒറ്റശ്വാസത്തിലുള്ള എന്റെ പറച്ചിൽ കേട്ട്, എന്റെ തോളിലൊന്ന് തട്ടി ചിരിച്ച് കൊണ്ട്

“ഓക്കേ ഓക്കേ….താൻ പറഞ്ഞതൊക്കെ ഞാൻ വിശ്വസിച്ചു… എന്തായാലും പേടിക്കാനൊന്നുമില്ല.. ഇടത് കയ്യിലെ തള്ളവിരലിനും ചൂണ്ടുവിരലിനും ഒടിവുണ്ട്.. പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.. ഡ്രിപ്പ് കൊടുത്ത് കിടത്തിയിരിക്കുവാണ്. അത് തീർന്നാൽ ഡിസ്ചാർജ് ചെയ്യാം.. ഡോണ്ട് വറി… ” എന്ന് ഡോക്ടർ പറഞ്ഞത് കേട്ടപ്പോഴാണ്, അത് വരെ മേലോട്ട് നിന്നിരുന്ന ശ്വാസം നേരെ വീണത്..

“താങ്ക് യൂ ഡോക്ടർ…. താങ്ക് യൂ സോ മച്ച്…ഇനി ഞാൻ ആ കുട്ടിയെ ഒന്ന് കയറി കണ്ടോട്ടെ? “

വലിയൊരു ദീർഘ നിശ്വാസത്തോടെ ഞാൻ ഡോക്ടറോട് അനുവാദം ചോദിച്ചു.. എന്നെ നോക്കിയൊന്നു ചിരിച്ചിട്ട്, കയറി കാണാൻ അനുവാദവും തന്ന് നടന്നു പോകുന്ന ഡോക്ടറെ നോക്കി നിൽക്കുമ്പോഴാണ് പിന്നിൽ നിന്ന് കൂട്ടുകാരുടെ വിളി കേട്ടത്.

“ഋഷീ ടാ എന്തായി.. ആ പെണ്ണിന് ബോധം വന്നോ.. അതോ തട്ടിപ്പോയോ അളിയാ ” എന്നെ കണ്ടതും അടുത്തേക്കോടി വന്ന് എന്റെ തോളിൽ കുലുക്കിക്കൊണ്ട് അടുത്ത കൂട്ടുകാരൻ ആനന്ദ് ചോദിച്ചതും അവന്റെ തലയ്ക്കിട്ടൊന്നു കൊടുത്ത് കൊണ്ട് ഞാൻ പറഞ്ഞു

“ഡാഷ് മോനേ നിന്റെ കരിനാക്ക് വളച്ച് വേണ്ടാത്തതൊന്നും പറയാതെടാ.. ചുമ്മാ മനുഷ്യനെ പേടിപ്പിക്കാൻ.. അവൾക്ക് കുഴപ്പമൊന്നുമില്ല… ഇടത് കയ്‌ക്കൊരു പൊട്ടലുണ്ട്… അതവര് പ്ലാസ്റ്ററിട്ടു. ഇപ്പൊ ഡ്രിപ് കൊടുത്ത് കിടത്തിയേക്കുവാ.. അത് തീർന്നാൽ പോകാം… “

പറഞ്ഞു നിർത്തിയിട്ട് പോക്കറ്റിൽ നിന്ന് കാറിന്റെ താക്കോലെടുത്തു അവന്മാരെ ഏല്പിച്ചിട്ട്

“ടാ നിങ്ങള് വണ്ടിയുമായി പോയിട്ട് ആദ്യം അവളുടെ വണ്ടി ഏതേലുമൊരു വർക്ക്‌ ഷോപ്പിൽ കൊടുത്തിട്ട് ആ വഴി വീട്ടിലേക്ക് പൊയ്ക്കോ.. ആ പിന്നെ ആനന്ദേ വണ്ടി നിന്റെ വീട്ടിൽ ഇട്ടാ മതി.. ഞാൻ വന്നെടുത്തോളം.. ഞാൻ ഇനീപ്പോ എന്തായാലും അവളുടെ വീട്ടിൽ നിന്ന് ആരേലും വന്നിട്ട് വരാം.. നിങ്ങൾ ചെല്ല് ” എന്ന് പറഞ്ഞപ്പോ ‘നിന്നെ തനിച്ചാക്കി പോകില്ല’ എന്ന് പറഞ്ഞ് പോകാൻ കൂട്ടാക്കാതെ നിന്ന കൂട്ടുകാരെ നിർബന്ധിച്ചു പറഞ്ഞയച്ചിട്ട് ഞാൻ കാഷ്വാലിറ്റിയിലേക്ക് ചെന്നു.

“സിസ്റ്ററെ കുറച്ചു മുൻപൊരു കുട്ടിയെ അഡ്മിറ്റ്‌ ആക്കിയിരുന്നില്ലേ… ആളെ ഞാനാണ് കൊണ്ട് വന്നത്.. ഒന്ന് കയറി കണ്ടോട്ടെ ഞാൻ? “

കാഷ്വാലിറ്റിയുടെ മുന്നിൽ അകത്തേക്ക് നോക്കി പരുങ്ങി നിൽക്കുന്ന എന്നെ കണ്ട് കണ്ണുരുട്ടിക്കൊണ്ട് പുരികമുയർത്തി കാര്യം തിരക്കിയ ആ നഴ്സിനോട് വളരെ ഭവ്യതയോടെ ഞാൻ ചോദിച്ചു.

അകത്തു കയറാനുള്ള അനുവാദം വാങ്ങി, അവൾ കിടക്കുന്ന കട്ടിലിനരികിൽ ചെന്ന് നിന്നു ഞാൻ . ബെഡിനരികിലേക്ക് ഒരു സ്റ്റൂൾ വലിച്ചിട്ടിരുന്നിട്ട് ഞാനവളുടെ മുഖത്തേക്ക് നോക്കി.. ഗോതമ്പിന്റെ നിറമുള്ള പെണ്ണ്. ഇടതൂർന്ന പുരികങ്ങളും കൺപീലികളും.. ഓറഞ്ച് അല്ലിപോലത്തെ ചുണ്ട്… കുറച്ചു നേരം കണ്ണുകൾ കൊണ്ട് അവളുടെ ഓമന മുഖമൊന്നുഴിഞ്ഞിട്ട് ഞാൻ ആ ഇടത് കയ്യിലെ പ്ലാസ്റ്ററിലേക്ക് നോക്കി. എനിക്കെന്തോ വല്ലാത്തൊരു സങ്കടം തോന്നി. അറിഞ്ഞു കൊണ്ടല്ലെങ്കിലും ഞാൻ കാരണമൊരു പെണ്ണ് ഈ അവസ്ഥയിൽ ആയല്ലോ എന്നൊരു കുറ്റബോധം മനസിനെ വലം വയ്ക്കാൻ തുടങ്ങുമ്പോഴാണ് ആ കൈ മെല്ലെയനങ്ങുന്നത് കണ്ടത് . നോക്കുമ്പോഴുണ്ട്, ഉണ്ടക്കണ്ണുരുട്ടി എന്നെയും നോക്കി കിടപ്പാണവൾ.ഞാൻ വെറുതെ ചിരിക്കാൻ ശ്രമിച്ചു.

“താനല്ലേ എന്നെ എറിഞ്ഞിട്ടത്? “

ഉണ്ടക്കണ്ണുകൾ ഒന്നുകൂടെ മിഴിച്ച് തക്കാളിച്ചുണ്ടുകൾ കൂർപ്പിച്ച് ദേഷ്യത്തോടെയുള്ള അവളുടെ ആ ചോദ്യം കേട്ട് സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്. അവളോട്‌ ഇഷ്ടം തോന്നുകയാണുണ്ടായത്.

“ചോദിച്ചത് കേട്ടില്ലേ ഇയാളല്ലേ എന്നെ എറിഞ്ഞിട്ടതെന്നു? “

“എറിഞ്ഞിടാൻ താനെന്താ വല്ല മാങ്ങയോ മറ്റോ ആണോ? “

അവളെയൊന്നു ചൊടിപ്പിക്കാൻ ഞാനും തിരിച്ചു ചോദിച്ചു. പെണ്ണിന്റെ മുഖം ഒന്നുകൂടി ചുവന്നു.

“ദേഷ്യപ്പെടണ്ട.. ഒരു കൈയബദ്ധം പറ്റിയതാ…ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോ ലീവിന് വരുന്നൊരു പ്രവാസിയാണ് ഞാൻ. പേര് ഋഷി.. ആക്ച്വലി എന്താ ഉണ്ടായതെന്നു വച്ചാ, ലീവിന് വന്നാ മെയിൻ ഹോബി, കൂട്ടുകാരേം കൂട്ടിയുള്ള കറക്കമാണ്. അങ്ങനെയൊരു കറക്കം കഴിഞ്ഞ് വരുമ്പോ, ഇടയ്ക്ക് വച്ചൊന്ന് വണ്ടി നിർത്തിയാതാടോ.അവിടെ കുറച്ചു പിള്ളേര് കെട്ട് പന്ത് കളിക്കണത് കണ്ട് ഞാനുമൊന്ന് കൂടെ കൂടിയതാ… പന്ത് കാല് കൊണ്ട് ആഞ്ഞടിച്ചപ്പഴാരുന്നു തന്റെ എൻട്രി….ഞാനറിഞ്ഞോ താനപ്പോ അതിന്റെടെല് കേറി വരൂന്ന് “

“അപ്പൊ ഞാൻ കേറി വന്നതാണോ ഇപ്പൊ കുറ്റമായത്… എറിഞ്ഞു വീഴ്ത്തിയതും പോര…. ” ദേ വീണ്ടും ഭ ദ്ര കാ ളി ഉറഞ്ഞു തുള്ളുന്നു. ഇതിന് ബോധം വരാതിരിക്കുന്നതാ നല്ലതെന്ന് മനസ്സിൽ പറഞ്ഞ് അവൾക്കരികിലേക്ക് ഒന്നുകൂടി സ്റ്റൂൾ വലിച്ചിട്ടിരുന്ന് ഞാൻ ചോദിച്ചു

“കൈയ്ക്ക് നല്ല വേദനയുണ്ടോ? “

“ഏയ്‌.. നല്ല സുഖല്ലേ… കയ്യൊടിഞ്ഞാല് വേദനേണ്ടാവില്ലല്ലോ… ന്റെ കയ്യൊടിച്ചു വച്ചിട്ട് വേദനേണ്ടൊന്നു.. ഹും “

വേദന കടിച്ചമർത്തി കണ്ണുകൾ നിറച്ച്‌ അവളത് പറയുന്നത് കേട്ടപ്പോ, എന്തോ ഒരു നീറ്റൽ മനസാകെ പടരുന്നത് പോലെ തോന്നിയെനിക്ക്. താമരപ്പൂ പോലുള്ള മുഖത്തെ ആ കൂവളക്കണ്ണുകൾ മനസിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ….

“ടോ സോറി.. അറിഞ്ഞോണ്ട് ചെയ്തതല്ല… പറ്റിപ്പോയതാ… ഈ ഋഷി അറിഞ്ഞുകൊണ്ട് ഇന്ന് വരെ ഒരു പെണ്ണിനേം നോവിച്ചിട്ടില്ല.. എന്താ ഉണ്ടായതെന്ന് ഞാൻ പറഞ്ഞൂല്ലോ.. ഞാൻ വേറേ എന്തെങ്കിലും ഉദ്ദേശത്തിൽ ചെയ്തതാണെങ്കിൽ തന്നെയിങ്ങനെ ഹോസ്പിറ്റലിൽ കൊണ്ട് വരോ… താൻ കോൺഷ്യസ് ആവുന്നത് വരെ ഇവിടെ ഇങ്ങനെയിരിക്കോ.. താൻ ഉണർന്നിട്ട്, തന്നോട് കാര്യങ്ങളെല്ലാം പറഞ്ഞ്, തന്റെ വീട്ടുകാരെ വിളിച്ച് വരുത്തി തന്നെ അവരെ ഏല്പ്പിച്ചിട്ട് പോകാനാണ് ഞാൻ നിന്നത്.. സത്യത്തിൽ എനിക്ക് ശ്വാസം നേരെ വീണത് ഇപ്പോഴാണ്.. തനിക്ക് വേറേയൊന്നും പറ്റിയില്ലല്ലോ… “

എന്നിൽ വിശ്വാസം വന്നത് കൊണ്ടാവാം, അവളുടെ ചുണ്ടിലൊരു ചിരി വിടരുന്നത് ഞാൻ കണ്ടു. ചിരിക്കുമ്പോൾ എന്ത് ഭംഗിയാണ് പെണ്ണിനെ കാണാൻ. ഉള്ളിലൊരു കൊള്ളിയാൻ പായുന്നത് ഞാനറിഞ്ഞു… പ്രണയം…അതേ… ഞാനവളെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു. ചിരിച്ചപ്പോൾ തെളിഞ്ഞ അവളുടെ നുണക്കുഴിയിലേക്ക് നോക്കി ഞാൻ ചോദിച്ചു

“തന്റെ പേരെന്താ? “

“ദയ “

വേദനയ്ക്കിടയിലും ചിരിച്ചു കൊണ്ടവൾ പേര് പറഞ്ഞു.

“ദയ… നല്ല പേരാട്ടോ.. “

“എന്നെയൊന്നു എണീപ്പിച്ചിരുത്തോ? ” ബെഡിൽ നിന്നെഴുന്നേൽക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ, എന്നെയൊന്നു ദയനീയമായി നോക്കി അവൾ ചോദിച്ചപ്പോ സങ്കടം തോന്നി. മെല്ലെ അവളെ കൈകളിൽ താങ്ങി തലയിണയെടുത്തു വച്ചു അതിലേക്കു ചാരിയിരുത്തിയിട്ട് ഞാൻ പറഞ്ഞു

“ഈ ഡ്രിപ് തീർന്നാൽ ദയയെ ഡിസ്ചാർജ് ആക്കൂട്ടോ.. അച്ഛന്റെയോ മറ്റോ നമ്പർ തന്നാൽ ഞാൻ വിളിച്ചു പറയാം.. എന്നിട്ട് അവരാരേലും വന്നിട്ടേ ഞാൻ പോകുന്നുള്ളൂ.
ഞാൻ പറഞ്ഞത് കേട്ട് തലയൊന്നായിട്ട് സ്വരം താഴ്ത്തി ഒരു സ്വകാര്യം പറയുന്നത് പോലെ അവൾ പറഞ്ഞു

“അതേയ് ഒരു കണക്കിന് പറഞ്ഞാല് മാഷെന്നെ രക്ഷിച്ചതാ ശരിക്കും.. “

“എങ്ങനെ “

ഒരു സ്വകാര്യം പോലെ ഞാൻ കാരണം തിരക്കി.

“അതോ.. നിക്കൊരു കല്യാണ ആലോചന വന്നിട്ടുണ്ടോ.. ആ കോന്തൻ നാളെ ന്നേ കാണാൻ വരുന്നുണ്ട്.. എങ്ങനേലും ഈ പെണ്ണുകാണലീന്ന് രക്ഷപെടാൻ വഴിയാലോചിച്ചു വരുമ്പോഴാ ഈ ആക്‌സിഡന്റ്…….ഇനീപ്പോ ഈ ഒടിഞ്ഞ കയ്യും വച്ച് ആ കോന്തന്റെ മുന്നീപ്പോയി നിൽക്കാൻ പറ്റൂല്ലാന്നു പറയാല്ലോ.. എങ്ങനെണ്ട്? “

കുരിപ്പ് കൊള്ളാലോ.. ഞാൻ മനസ്സിലോർത്തു. അവളോടുള്ള ഇഷ്ടം കൂടി വരുന്നത് പോലെ. എങ്കിലും മനസ്സിൽ ഒരു സംശയം… ഈ ആലോചന മുടങ്ങാൻ പ്രാർത്ഥിക്കണമെങ്കിൽ കാന്താരിക്ക് വേറേ ആരോടേലും ഇഷ്ടം കാണും.. ദൈവമേ.. ഓർത്തപ്പോ നെഞ്ചിനൊരു ഭാരം. സംശയം തീർക്കാനായി ഞാൻ ചോദിച്ചു

“അതെന്താ.. ദയയ്ക്ക് വേറേ ആരേലും ഇഷ്ടം ആണോ? “

“ഏയ്‌.. അതൊന്നുമല്ല മാഷേ.. ഞാൻ ന്റെ അച്ഛന്റേം അമ്മേടേം ആകെയുള്ള മോളാണ്.. നിക്ക് ഇനീം അവര്ടെ കൂടെ കുറെ കാലം കഴിയണം..പെട്ടെന്ന് കല്യാണം കഴിഞ്ഞാ അത് പറ്റോ…കാണാൻ വരുന്ന കോന്തനോട് ഇത് വല്ലതും പറഞ്ഞാ മനസിലാവോ….രഹസ്യമായിട്ട് ഞാൻ ദേവിയോട്‌ പറഞ്ഞതാ അവന്റെ കയ്യോ കാലോ ചെറുതായിട്ടൊന്നു പഞ്ചറാക്കി തരണംന്ന്.. ന്നിട്ടിപ്പം പഞ്ചറായത് ഈ ഞാൻ “

ഇഷ്ടക്കേടിനു അവൾ പറഞ്ഞ കാരണം കേട്ട് ചിരിക്കണോ അതോ കരയണോ എന്ന് തോന്നിപ്പോയെനിക്ക്. അങ്ങനെ ഓരോന്നൊക്കെ പറഞ്ഞും ചിരിച്ചും ഒടുവിൽ ഡ്രിപ് തീർന്നപ്പോൾ അവളുടെ കയ്യിൽ നിന്ന് അച്ഛന്റെ നമ്പർ വാങ്ങി വിളിച്ച് ആ അച്ഛന്റെ കൂടെ അവളെ വിടുമ്പോൾ തിരിഞ്ഞു നിന്ന് അച്ഛൻ എന്നോടായ് പറഞ്ഞു

“ഋഷി.. അല്ലേ.. എന്തായാലും താങ്ക്സ്.. ന്റെ മോളെ വഴീലിട്ടിട്ട് മുങ്ങിക്കളയാതിരുന്നതിന് “

ഞാൻ വെറുതെ ഒന്ന് ചിരിച്ചു.. ‘അച്ഛന്റെ മോളെ എനിക്ക് തന്നേക്കാമോ ‘ എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു.

അച്ഛന്റെ വിരലിൽ തൂങ്ങി നടന്ന് പോകുന്ന അവളെ നോക്കിയങ്ങനെ നിൽക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. ആനന്ദിന്റെ വീട്ടിൽ ചെന്ന് വണ്ടിയുമെടുത്തു വീട്ടിൽ എത്തിയപ്പോ സമയം എട്ട് മണി ആവാറായിരുന്നു… ടീവി കാണുമ്പോഴും ആഹാരം കഴിക്കുമ്പോഴും മനസ് നിറയെ അവളായിരുന്നു…
ഒരിക്കൽക്കൂടി അവളെയൊന്ന് കാണാൻ കഴിയണേ എന്ന് പ്രാർഥിച്ചു കിടക്കാനൊരുങ്ങുമ്പോഴാണ് അമ്മ മുറിയിലേക്ക് വന്നത്.

“മോനേ ആ ബ്രോക്കർ വിളിച്ചിട്ടുണ്ടായിരുന്നു.. നീയാ കുട്ടിയെ നാളെയൊന്നു പോയി കാണ് . കേട്ടിടത്തോളം നല്ല ആലോചനയാണ് മോനേ.. പറ്റൂച്ചാ നെന്റെ ലീവ് കഴിയണെനു മുന്നേ നടത്തണം…. “

അമ്മ പറഞ്ഞത് എനിക്കെന്തോ എതിർക്കാനായില്ല. രണ്ട് കൊല്ലം കൂടിയാണ് ലീവിന് വന്നത്… അമ്മയെ കണ്ണ് നിറയെ കാണാൻ പറ്റുന്നതും ഈ ദിവസങ്ങളിലാണ്.. അതോണ്ട് നാളെ എന്തായാലും ഒന്ന് പോയേക്കാം.അമ്മയോട് സമ്മതം പറഞ്ഞ് ഉറങ്ങാനായി കണ്ണടയ്ക്കുമ്പോഴും അവളുടെ കുസൃതി നിറഞ്ഞ ചിരിയും കണ്ണുകളും മാത്രമായിരുന്നു മനസു നിറയെ.

പിറ്റേന്ന് രാവിലെ ഏകദേശം ഒരു പന്ത്രണ്ടരയോടെ ഞാനും എന്റെ രണ്ട് കൂട്ടുകാരും ബ്രോക്കറും കൂടി പെണ്ണിന്റെ വീട്ടിലെത്തി. ജീവിതത്തിലെ ആദ്യത്തെ പെണ്ണ് കാണലായത് കൊണ്ട് കുറച്ചൊന്നുമല്ല ഞാൻ വിയർത്തത്. കാറിൽ നിന്നിറങ്ങിയ ഞങ്ങളെ സ്വീകരിക്കാൻ പുറത്ത് നിന്നിരുന്ന ആളെ കാണിച്ച് ബ്രോക്കർ പരിചയപ്പെടുത്തി

“മോനേ. ദേ ഇതാണ് പെണ്ണിന്റെ അച്ഛൻ.. രാമകൃഷ്ണൻ.. “

സത്യത്തിൽ പെണ്ണിന്റെ അച്ഛനെ കണ്ട് ചില്ലറ ഞെട്ടലല്ല എനിക്കുണ്ടായത്..ആള് മാറിയതാണോ എന്നറിയാൻ തലയൊന്ന് കുടഞ്ഞ് ഞാൻ വീണ്ടും നോക്കുന്നത് കണ്ട് പുള്ളി ഒരൊറ്റ ചിരി

“സൂക്ഷിച്ചു നോക്കണ്ടെടോ… ഇന്നലെ ഹോസ്പിറ്റലിൽ വച്ച് കണ്ടയാള് തന്നെയാ… “

“ആഹാ നിങ്ങൾ തമ്മിൽ നേരത്തെ അറിയോ ” ബ്രോക്കർ ചോദിച്ചു.

“ഉവ്വെടോ… ഇന്നലെ ന്റെ മോളെ പന്തിനെറിഞ്ഞിട്ടത് ദേ ഈ മഹാനാണ്… “

പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു… എന്റെ കയ്യിൽ പിടിച്ച് അകത്തേക്ക് കയറ്റുമ്പോൾ ഞാൻ അച്ഛനോട് സ്വകാര്യം പോലെ പറഞ്ഞു

“പിന്നേയ്… അച്ഛന്റെ മോളെ എനിക്ക് തന്നെ തന്നേക്കണേ “

ആയിക്കോട്ടെ എന്ന് പറഞ്ഞ് ചിരിച്ച് എന്നെപ്പിടിച്ച് സോഫയിലേക്കിരുത്തിയിട്ട് അകത്തേക്ക് നോക്കി പറഞ്ഞു

“സുധേ മോളോട് ചായ കൊണ്ട് വരാൻ പറയ്”

അകത്തേക്ക് ഇടംകണ്ണിട്ട് നോക്കിയ ഞാൻ കണ്ടു പ്ലാസ്റ്ററിട്ട ഇടത് കയ്യും താങ്ങി അമ്മയുടെ പിന്നാലെ വരുന്ന എന്റെ പെണ്ണിനെ. അച്ഛനടുത്തു വന്ന് തലകുനിച്ച് നിൽക്കുന്ന അവളെ കണ്ണ് നിറയെ ഒന്ന് നോക്കിയിട്ട് ഞാൻ ചോദിച്ചു

“കുട്ടീടെ കൈയ്ക്ക് എന്ത് പറ്റിയതാ? “

എന്റെ സ്വരം കേട്ട് ഒരു ഞെട്ടലോടെയാണ് അവളെന്നെ നോക്കിയത്. അങ്ങനെയൊരു ഞെട്ടൽ ജീവിതത്തിൽ ഇന്നേവരെ അവൾക്കുണ്ടായികാണില്ല… ഞാൻ അവളെ നോക്കിയൊന്ന് ചിരിച്ചു….

“വേണമെങ്കിൽ ചെക്കനും പെണ്ണിനും ഒന്ന് സംസാരിക്കാട്ടോ “

അവളോടൊന്നു തനിച്ച് സംസാരിക്കാൻ ആഗ്രഹിച്ചപ്പോഴാണ് ബ്രോക്കർ അതിന് വഴി വെട്ടി തന്നത്.. എല്ലാവരുടെയും അനുവാദത്തോടെ സംസാരിക്കാനായി ഞാൻ അവളെയും കൊണ്ട് മുറ്റത്തേക്കിറങ്ങി..മുഴുവൻ പൂത്ത് നിൽക്കുന്നൊരു പവിഴമല്ലി മരത്തിന്റെ തണല് പറ്റി നിന്ന് കൊണ്ട് യാതൊരു മുഖവുരയുമില്ലാതെ ഞാൻ പറഞ്ഞു

“ഇന്നലെ താൻ പറഞ്ഞ ആ കോന്തൻ ഞാനായിരുന്നല്ലേ?…. ഓപ്പൺ ആയിട്ട് പറയുവാ, ഇന്നലെ എപ്പോഴോ മുതൽ ദയയെ ഞാൻ ഇഷ്ട്ടപ്പെട്ട് തുടങ്ങിയാരുന്നു… ഒരിക്കൽ കൂടി ദയയെ ഒന്ന് കാണണം എന്റെ ഇഷ്ടം ദയയെ അറിയിക്കണം എന്നൊക്കെ മനസ്സിൽ ഉറപ്പിച്ചതാ… ഇവിടെ വന്നപ്പോ ഞാൻ ശരിക്കും ഞെട്ടിപ്പോയി… ലൈഫിൽ ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ് ദയയാണ് … പൊന്ന്‌ പോലെ നോക്കിക്കോളാം….. എന്റെ പെണ്ണാണെന്നു ഞാൻ ഉറപ്പിച്ചോട്ടെ? “

കുറച്ചു നേരം മൗനമായി നിന്നതിനു ശേഷം എന്നെ നോക്കിയൊന്നു ചിരിക്കാൻ ശ്രമിച്ച് കൊണ്ടവൾ പറഞ്ഞു

“ഒന്നും തോന്നരുത്… നിക്ക് താല്പര്യം ഇല്ല. എനിക്ക് വേറൊരാളെ ഇഷ്ട്ടാണ് “

“അപ്പൊ.. അപ്പൊ ഇന്നലെ പറഞ്ഞത് ഇങ്ങനെയല്ലല്ലോ…. ആരോടും ഇഷ്ടമില്ലന്നല്ലേ പറഞ്ഞത്… “

ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു.

“അപ്പൊ നിക്ക് ഇഷ്ടം ഉണ്ടായില്ല… പിന്നെ ഇഷ്ടം ണ്ടായി…. “

ഒരു കുസൃതിച്ചിരിയോടെ അവൾ പറഞ്ഞു

“എന്താ… മനസിലായില്ല.. “

“ആ മാഷേ.. അത് തന്നെ.. ആ ചെക്കനെ നിക്ക് ആദ്യം ഇഷ്ട്ടായില്ല…. ദേ ഇത് കണ്ടോ, പന്ത് കൊണ്ടെറിഞ്ഞു ന്നേ ഉരുട്ടിയിട്ട് ന്റെ കയ്യൊടിച്ച ആ ചെക്കനോട് ഭയങ്കര ദേഷ്യമായിരുന്നു ആദ്യം… പിന്നെ.. പിന്നെ.. “

“പിന്നെ? “

അവൾക്കരികിലേക്ക് ഒന്ന് കൂടി ചേർന്ന് നിന്നിട്ട് ഞാൻ ചോദിച്ചു. നാണം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയൊന്ന് ചിരിച്ചിട്ട് പോകാൻ തുനിഞ്ഞ അവളുടെ വിരൽത്തുമ്പിൽ പിടിച്ച് നിർത്തിയിട്ട് ഞാനെന്റെ ചോദ്യം ആവർത്തിച്ചു

“എന്റെ പെണ്ണാണോ.. പറയ് “

എന്നെ നോക്കിയൊരു കുസൃതിച്ചിരിയോടെ എന്റെ കൈ കുടഞ്ഞെറിഞ്ഞു കൊണ്ട് കാന്താരി പറയുവാ

“ഇനി ദേ ഈ ചെക്കന്റെ പെണ്ണാണ് ദയ.. ഇല്ലേ ചെക്കനിനീം ഏതേലും പെണ്ണിനെ പന്തെറിഞ്ഞ് വീഴ്ത്തി ആശൂത്രീല് കൊണ്ട് പോയാലോ…. അയ്യടാ…. അങ്ങനെയിപ്പം വേണ്ട.. “

“ഇല്ല… പന്ത് ഇനി ഞാനെന്റെയീ കാലോണ്ട് തൊടില്ല…. ന്റെയീ കാന്താരിയാണേ വാക്ക് “

ഒരൊറ്റ നിമിഷം കൊണ്ട് പ്രണയംതോന്നിപ്പിച്ചവൾ അത്രമേൽ സ്വന്തമാക്കാൻ കൊതിച്ചവൾ സ്വന്തമായതിന്റെ അടങ്ങാത്ത സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു കൊണ്ട് അവൾക്ക് വാക്ക് കൊടുക്കുമ്പോൾ അവളെയൊന്നു കെട്ടിപ്പിടിച്ച് ആ താമരക്കവിളിലൊരു കടി കൊടുക്കാൻ തോന്നിയിരുന്നു എനിക്ക് ..

അവൾക്ക് വാക്ക് കൊടുത്ത് ആ വീടിന്റെ പടിയിറങ്ങിയതിന്റെ പതിനഞ്ചാം നാൾ ഞങ്ങൾ ഒന്നാവുകയായിരുന്നു…..അവളുടെ കണ്ണിലെ തിളക്കവും ചുണ്ടിലെ കുസൃതിച്ചിരിയും എന്റെ മാത്രം ആവുകയായിരുന്നു…..

~ബിന്ധ്യ ബാലൻ