തനിയെ ~ ഭാഗം 13, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“എന്തായാലും മുത്തശന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാതെ നിങ്ങളിറങ്ങിപ്പോയാൽ ശരിയാവില്ല.അവളെക്കൊണ്ട് എന്ത് ചെയ്യാൻ കഴിയും.

ഉമ്മറത്ത് പ്രസാദിന്റെ ശബ്ദം ഉയരുന്നത് വേണി കേൾക്കുന്നുണ്ടായിരുന്നു.

മുത്തശ്ശി തന്നിട്ട് പോയ മരവിപ്പിൽ നിന്നും മോചിതയായിട്ടില്ലായിരുന്നു അവൾ. കുഞ്ഞിനേയും മടിയിൽ വെച്ച് മുറിക്കുള്ളിൽത്തന്നെ ചടഞ്ഞു കൂടിയിട്ട് ദിവസങ്ങളായിരിക്കുന്നു.

മരണം അടിച്ചേൽപ്പിച്ച ചടങ്ങുകളെല്ലാം കഴിഞ്ഞ് ഓരോരുത്തരും തിരിച്ചു പോകാനുള്ള ഒരുക്കമായിരുന്നു.. അമ്മയെങ്കിലും കുറച്ചു ദിവസംകൂടി ഇവിടെ നിൽക്കും എന്നൊരു പ്രതീക്ഷയായിരുന്നു വേണിക്ക്. അവരും കയ്യൊഴിയുന്ന കണ്ടപ്പോൾ മുത്തശ്ശനെ തന്റെ തലയിൽ വെക്കാനുള്ള ശ്രമമാണ് എന്നവൾക്ക് മനസ്സിലായി.

“നിങ്ങൾ ഈ വീട്ടിൽ താമസിക്കുന്ന കാലത്തോളം അച്ഛനെ നോക്കേണ്ടത് നിങ്ങൾ തന്നെയാ. അച്ഛന്റെ വീടാ ഇത്. ഇവിടെ കിടന്നാ അച്ഛൻ മരിക്കേണ്ടത്. അല്ലാതെ കെട്ടിച്ചു വിട്ട പെണ്മക്കളുടെ വീട്ടിലല്ല. ഞങ്ങൾ ഇടയ്ക്കൊക്കെ വന്നു നോക്കിക്കൊള്ളാം അല്ലാതെ അച്ഛനെ കൂടെ കൊണ്ട് പോകാനൊന്നും പറ്റില്ല.

അമ്മയുടെ മൂത്ത ചേച്ചി അവരുടെ നിലപാട് വ്യക്തമാക്കി.

മുന്നോട്ടുള്ള ജീവിതം, ജോലി എല്ലാം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണെന്നു വേണിക്ക് മനസ്സിലായി.

“അങ്ങനെ പറഞ്ഞ് കയ്യൊഴിയാൻ നിങ്ങൾ നോക്കണ്ട. അവൾക്ക് ജോലിക്ക് പോണ്ടേ. കുഞ്ഞിനെ നോക്കണ്ടേ. അതിനിടയിൽ മുത്തശനെക്കൂടി നോക്കാൻ അവളെക്കൊണ്ട് ആവോ.?

പ്രസാദ് തനിക്ക് വേണ്ടി വാദിക്കുന്ന കേട്ട് വേണി അത്ഭുതപ്പെട്ടു.

“എന്നാപ്പിന്നെ വീടങ്ങു വിൽക്ക്. ഞങ്ങൾക്കുള്ള ഓഹരി തന്നാൽ ഞാനും ചേച്ചിയും കൂടി നോക്കിക്കൊള്ളാം അച്ഛനെ.ഇതിപ്പോ തറവാടും സ്വത്തുമെല്ലാം നിങ്ങൾക്ക് വേണം. അച്ഛനെ മാത്രം വേണ്ട എന്ന് പറയുന്നത് എന്തൊരു ന്യായമാ പ്രസാദേ.

സതി വല്ല്യമ്മയുടെ സ്വരത്തിൽ പുച്ഛം കലർന്നിരുന്നു.

“വീട് വിൽക്കാൻ എനിക്ക് മനസ്സില്ല. നിങ്ങൾ പോയി കേസ് കൊടുക്ക്‌. ഓരോ മുടന്തൻ ന്യായവും പറഞ്ഞു കുരക്കുന്നു. ഒരു ചോരക്കുഞ്ഞു കൂടി ഇവിടെയുണ്ടെന്ന പരിഗണനപോലുമില്ല ഒന്നിനും.

പിന്നെയും വാഗ്വാദങ്ങൾ, പരസ്പരം പോരടിക്കൽ.

അവന്റെ വാദങ്ങളൊന്നും ആരും ചെവിക്കൊള്ളുന്നില്ല എന്നവൾക്ക് തോന്നി. അവളോട് ഒരു യാത്ര പോലും പറയാതെ ഓരോരുത്തരും പടിയിറങ്ങി.ഇനിയൊന്നിനും ഞങ്ങളെ വിളിക്കണ്ട എന്ന ഭാവത്തോടെ.

അമ്മ മുറിയിലേക്ക് കടന്നു വന്നപ്പോൾ അവൾ വെറുതെ പുഞ്ചിരിക്കാൻ ശ്രമിച്ചു.

“ഞാൻ രണ്ടു ദിവസം കൂടി നിൽക്കാം. അതിൽ കൂടുതൽ എനിക്കും പറ്റില്ല. ഇതേപോലെ ഒരവസ്ഥയിൽ അവിടെയും ഒരാൾ…ഒരു ജീവിതം മോഹിച്ചല്ല, ഒരിക്കൽ എങ്ങനെയോ പെട്ട് പോയി.ദൈവം അവിടെയും എന്നോട് ക്രൂരത കാട്ടി. കല്യാണം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ അയാൾ കിടപ്പിലായി.

അങ്ങേർക്കും ഇപ്പോ ഞാനല്ലാതെ മറ്റാരുമില്ല. അച്ഛനോടോ അമ്മയോടോ പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അതോണ്ട് ആരെയും അറിയിക്കാതെ കൊണ്ട് നടക്കേണ്ടി വന്നു. മോള് അമ്മയോട് ക്ഷമിക്കണം. ശപിക്കരുത്.

“വേണിക്ക് അവരോടുണ്ടായിരുന്ന സഹതാപം മാറി പുച്ഛം തോന്നി. അച്ഛൻ പോയപ്പോ മകനെ വേണ്ടുംവിധം നോക്കി വളർത്താതെ സ്വന്തം സുഖം തേടിപ്പോയ സ്ത്രീയായി അവരെ അവൾക്ക് തോന്നി. മാതാപിതാക്കളുടെ ലാളനകൾ ഏറ്റു വളരേണ്ട പ്രായത്തിൽ മക്കളെ ഉപേക്ഷിച്ചു പോകുന്ന ഒരമ്മയും അച്ഛനും ദയ അർഹിക്കുന്നില്ല എന്നവൾ മനസ്സിൽ അമർഷം കൊണ്ടു.

രണ്ടു ദിവസങ്ങൾക്ക് ശേഷം കുഞ്ഞിനെക്കുളിപ്പിച്ച് കുറുക്കും കൊടുത്തു ഉറക്കിയ ശേഷം വേണി മുത്തശന്റെ മുറിയിലേക്ക് ചെന്നു.

രാവിലെ കൊടുത്ത ചായയോ, കഞ്ഞിയോ ഒന്നും കുടിക്കാൻ കൂട്ടാക്കാതെ ഒരേ കിടപ്പായിരുന്നു അയാൾ.

“മുത്തശ്ശാ, വിശക്കുന്നില്ലേ. വല്ലതും കഴിക്കണ്ടേ.?

വേണ്ട എന്നയാൾ തല ചലിപ്പിച്ചു.

“എന്നാപ്പിന്നെ കുളിച്ചാലോ? ചൂടുവെള്ളം കൊണ്ടുവരട്ടെ ഞാൻ.

അയാൾ വേണമെന്നോ, വേണ്ടന്നോ പറയാതെ മച്ചിലേക്കു മിഴികൾ നട്ടു കിടന്നു.

മുത്തശ്ശി ദിവസവും രാവിലെ ചൂടുവെള്ളത്തിൽ മുക്കിയ തുണി കൊണ്ട് ആ ദേഹം തുടച്ചു വൃത്തിയാക്കി കൊടുക്കും. അതിന് ശേഷമേ ആഹാരം കൊടുക്കുള്ളു. അയാൾക്കും അതായിരുന്നു ഇഷ്ടം.

“മഞ്ഞായാലും, മഴയായാലും പുലർച്ചെ എഴുന്നേറ്റ് അമ്പലക്കുളത്തിൽ പോയി മുങ്ങി കുളിച്ചിരുന്ന ആളാ. അതും രണ്ടു നേരം. എന്നിട്ടേ കാപ്പി പോലും കുടിക്കൂ.ഇപ്പോഴും ആ ശീലമങ്ങോട്ട് മാറ്റാൻ പറ്റണുണ്ടാവില്ല. രാവിലെ ചായ കൊണ്ട് കൊടുത്താൽ തലയിട്ട് ഉരുട്ടി പ്രതിഷേധം അറിയിക്കും. അതോണ്ടാ രാവിലെ തന്നെ തുടച്ചു വൃത്തിയാക്കി കൊടുക്കുന്നെ.

മുത്തശ്ശി പറയാറുള്ളത് അവളോർത്തു.

രാവിലെ കുഞ്ഞ് വാശിപിടിച്ചു കരച്ചിൽ തുടങ്ങിയിട്ട് നിർത്താതെ അവളെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. മുത്തശ്ശിയുടെ വിയോഗം അവളും അറിഞ്ഞിരിക്കുന്നു.

ദേഹം തുടക്കുമ്പോൾ ഒച്ചിനെപ്പോലെ ചുരുണ്ടുകൂടാൻ വ്യഥാ ശ്രമിച്ചു കൊണ്ടിരിക്കുന്ന എല്ലിൻ കൂടു പോലുള്ള ശരീരത്തിനുള്ളിലെ മനസ്സിന്റെ നിസ്സഹായാവസ്ഥ അവൾക്ക് കാണാൻ കഴിഞ്ഞു.

“”മുത്തശ്ശാ, വിഷമിക്കണ്ടാട്ടോ. എനിക്കിതൊന്നും ബുദ്ധിമുട്ടല്ല. പിന്നെ സമയം തെറ്റും എന്നേയുള്ളു. മോളെക്കൂടി നോക്കണ്ടേ.”

അവളെ നോക്കി കിടക്കെ അയാളുടെ മിഴികൾ രണ്ടു വശത്തു കൂടിയും ചാലിട്ടൊഴുകാൻ തുടങ്ങി.

അവൾ കൈകൊണ്ട് ആ കണ്ണുകളൊപ്പി.

രാത്രി, മോളെയുറക്കി അവൾക്കരികിൽ കിടക്കുമ്പോ മുത്തശീയുടെ ഒഴിഞ്ഞ കട്ടിൽ അവളെ കുത്തി നോവിച്ചു കൊണ്ടിരുന്നു.വല്ലാത്തൊരു ശൂന്യത.മുത്തശ്ശിയില്ലായ്മയെ നികത്താൻ ഇനിയാർക്കും കഴിയില്ല എന്നവൾക്ക് തോന്നി. മോളെ സുരക്ഷിതമായി ഏൽപ്പിച്ചു ജോലിക്കു പോകാൻ ഇനിയൊരു കൈകളും തനിക്ക് നേരെ നീളില്ല. ജോലി പോകും എന്നത് തന്നെ വല്ലാതെ നിസ്സഹായയാക്കുന്നു എന്നറിഞ്ഞപ്പോൾ അവളുടെ മനസ്സ് വിങ്ങിവിങ്ങിക്കരയാൻ തുടങ്ങി.

“നീയിനിയും ഇവിടെ കിടക്കണ്ട. മോളെയും കൊണ്ട് അപ്പുറത്തെക്ക് വാ “

പ്രസാദിന്റെ ശബ്ദം കേട്ട് അവൾ തലയുയർത്തി നോക്കി.

അവൻ വാതിൽക്കൽ നിൽപ്പുണ്ടയിരുന്നു.

“വേണ്ട.. ഞാനിവിടെ കിടന്നോളാം. രാത്രി മുത്തശനു എന്തെങ്കിലും ആവശ്യം വന്നാൽ എഴുന്നേൽക്കണം.

മുത്തശിയുടെ കട്ടിലിനപ്പുറം, നോക്കിയാൽ കാണുന്നിടത്തായിരുന്നു മുത്തശ്ശന്റെ കിടപ്പ്.ഇടയ്ക്കിടെ അസ്വസ്ഥനായി ഞരങ്ങുകയും മൂളുകയും ചെയ്യുമ്പോൾ മുത്തശ്ശി എഴുന്നേറ്റു ചെന്ന് നെഞ്ചു തടവികൊടുക്കുകയും, ചൂടു വെള്ളം കുടിപ്പിക്കുകയും ചെയ്തിരുന്നു.ഉറക്കം വരാതെ കിടക്കുന്ന രാത്രികളിൽ മുത്തശ്ശി എണീക്കും മുന്നേ വേണിയും എണീറ്റ് ചെല്ലും അയാളുടെ കിതപ്പ് കേൾക്കുമ്പോൾ.

പ്രസാദ് അല്പനേരം കൂടി അവളെ കാത്തു നിന്നിട്ട് മുറിയിൽ നിന്നിറങ്ങിപ്പോയി.

അവൾ വാതിലടച്ചു കുറ്റിയിടാൻ തുടങ്ങുമ്പോൾ, ബെഡ് ഷീറ്റും പുതപ്പുമായി പ്രസാദ് വീണ്ടും കയറി വന്നു.

അവൾ എതിർത്തൊന്നും പറഞ്ഞില്ല.

അവൻ മുത്തശ്ശിയുടെ കട്ടിലിൽ ഷീറ്റ് വിരിച്ച് അതിൽ കയറിക്കിടന്നു.

ഇടക്കെപ്പോഴോ ഉണർന്ന വേണി അവന്റെ പുതപ്പിനുള്ളിൽ ഫോണിന്റെ ചതുരവെട്ടം കണ്ട് വെറുപ്പോടെ തിരിഞ്ഞു കിടന്നു.

ആരെയാകും ഈ സമയത്തും വിളിച്ചോണ്ടിരിക്കുന്നത്.?

“ബസിൽ സ്ഥിരമായി കയറുന്നവള്മാരുടെയെല്ലാം ഫോൺ നമ്പർ അവന്റെ കയ്യിലുണ്ട്.അതും വിളിക്കുന്നിടത്തു ചെല്ലാൻ റെഡിയായി നടക്കുന്ന ഒരുമ്പെട്ടോളൂമാരുടെ.അങ്ങനെ കിട്ടിയ ഒരുത്തിയേം കൊണ്ടാ അന്നവൻ ബാംഗ്ലൂർക്ക് പോയെ.”

അന്ന് സുരേഷേട്ടൻ പറഞ്ഞത് വേണിക്ക് ഓർമ്മ വന്നു.

അവൾ മനസ്സ് ശാന്തമാക്കാൻ ശ്രമിച് കണ്ണുകൾ പൂട്ടിക്കിടന്നു.

എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണ അവൾ ശരീരത്തിൽ ഒരു ഭാരം അമരുന്നതറിഞ്ഞു കണ്ണുകൾ തുറന്നു. മുറിയിൽ എപ്പോഴും തെളിഞ്ഞു കിടന്നിരുന്ന സിറോ ബൾബ് അണഞ്ഞിരുന്നു. കൊഴുത്ത ഇരുട്ടിൽ അവൾ വല്ലാതെ പേടിച്ചു. ഉറക്കെക്കരയാൻ വാ തുറന്നതും പ്രസാദിന്റെ സീൽക്കാരം പോലുള്ള ശ്വാസം അവളുടെ കാതുകൾക്ക്പിന്നിൽ വന്നലച്ചു.

അവളവനെ തള്ളിമാറ്റാൻ ശ്രമിക്കുംതോറും അവന്റെ പിടുത്തം മുറുകിക്കൊണ്ടിരുന്നു. വല്ലാത്തൊരു ഉന്മാദാവസ്ഥയിൽ അവൻ താഴേക്കിഴഞ്ഞിറങ്ങിയപ്പോൾ അരക്കെട്ടിനു മുകളിൽ അവൾ സ്വതന്ത്രയായി. ആ നിമിഷം തന്നെ അവൾ ചാടിയെഴുന്നേറ്റ് രണ്ടു കൈകൾകൊണ്ടും അവനെ പിടിച്ചു തള്ളി.

അപ്രതീക്ഷിതമായതുകൊണ്ടോ എന്തോ അവന്റെ പിടി അയഞ്ഞു. കട്ടിലിൽ നിന്നും താഴേക്ക് മറിഞ്ഞു.

അവളുടനെ ലൈറ്റിന്റെ സ്വിച്ചിൽ വിരലമർത്തി.

പ്രസാദ് താഴെ നിന്നും പിടഞ്ഞെണീറ്റ് മുണ്ട് വാരിയുടുത്ത് മുത്തശന്റെ ബെഡിലേക്ക് പാളി നോക്കി.

“ലൈറ്റ് ഓഫ്‌ ചെയ്യടി.. അവൻ ശബ്ദം താഴ്ത്തി മുരണ്ടു.

ഇല്ല…ഇറങ്ങി പോ ഇവിടുന്ന്. കണ്ട തേവിടിച്ചികളെയെല്ലാം ഫോണിലൂടെ വിളിച്ചു സുഖിപ്പിച്ചു കിടത്തിയിട്ട് നിങ്ങളുടെ വികാരം തീർക്കാൻ കയറി വരാനുള്ള ഇടമല്ല എന്റെ ശരീരം. മേലിൽ എന്റെ ദേഹത്ത് തൊട്ടുപോകരുത് നിങ്ങൾ.

മുത്തശ്ശൻ തല തിരിച് എത്തിനോക്കുന്ന കണ്ടപ്പോൾ അവൾ പെട്ടന്ന് നിശബ്ദയായി.

പ്രസാദ് അവളെ നോക്കി പല്ലിറുമ്മിക്കൊണ്ട് വീണ്ടും ബെഡിൽ കയറിക്കിടന്നു.

വേണിക്ക് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. ജീവിതം വീണ്ടും കല്ലും മുള്ളും നിറഞ്ഞ പാതയിലേക്ക് വഴിതിരിയുകയാണെന്ന് അവൾക്ക് മനസ്സിലായി.

എങ്ങനെ മുന്നോട്ട് പോകണം എന്നറിയാതെ വഴിയരികിൽ ആകുലപ്പെട്ടു നിൽക്കുന്ന ഒരുവളായി അവൾ.

മുത്തശ്ശിയെന്ന തണൽ നഷ്ടമായിരിക്കുന്നു. ഇനിയെന്നും പൊള്ളുന്ന വേനലാണ് ചുറ്റും. സ്വന്തം വീട്ടിൽ പോലും അന്യയായി നിൽക്കേണ്ടി വരും. എന്ത് ചെയ്യും എന്നൊരു ചോദ്യം അവളെ കുത്തിനോവിച്ചുകൊണ്ടിരുന്നു.

കണ്ണുകൾ പൂട്ടിയുറങ്ങുന്ന മോളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കുമ്പോൾ, മരിക്കാനുള്ള അനുവാദം പോലുമില്ലല്ലോ എന്നവൾ സങ്കടപ്പെട്ടു. പിന്നെ ഒരാശ്രയത്തിനെന്നോണം ആ കുഞ്ഞുടലിനെ കെട്ടിപ്പിടിച്ചു.

ന്റെ കൃഷ്ണാ കാത്തുകൊള്ളണേയെന്ന പിറുപിറുപ്പോടെ. എന്തും, ഏതും നേരിടാനുള്ള ശക്തി തരണേയെന്നവൾ ഭാഗവാനോട് മൗനമായി പ്രാർത്ഥിച്ചു.

വെളുപ്പിന് പ്രസാദ് എണീറ്റ് ബാത്‌റൂമിൽ പോകുന്നതും കുളിച്ച് യൂണിഫോം എടുത്തിടുന്നതുമെല്ലാം അറിഞ്ഞെങ്കിലും, പതിവ് കട്ടൻകാപ്പി ഉണ്ടാക്കാൻ അവളെണീറ്റില്ല.

അവൻ പോയെന്ന് ഉറപ്പായപ്പോൾ എഴുന്നേറ്റു മുൻവാതിൽ അടച്ച് വീണ്ടും വന്നു കിടന്നു. രാത്രിയിലെ ഉറക്കം മുഴുവൻ അവളുടെ കണ്ണുകളിലേക്ക് ഇരച്ചെത്തി.

മോളുടെ കരച്ചിലിലേക്കാണവൾ പിന്നെ ഉണർന്നത്.

സമയം പത്തുമണിയായിരിക്കുന്നു.

തട്ടിപ്പിടഞ്ഞെഴുന്നേറ്റ് കുഞ്ഞിനെയും വാരിയെടുത്ത് അവൾ മുത്തശനരികിലേക്ക് ചെന്നു. യൂറിൻ ബാഗ് നിറഞ്ഞു കിടന്നിരുന്നു.അത് മാറ്റി ദേഹം തുടച്ചു വൃത്തിയാക്കേണ്ട സമയം കഴിഞ്ഞിരുന്നു.

മുത്തശ്ശാ, ക്ഷമിക്കണേ. ഉറങ്ങിപ്പോയി. ഞാൻ മോൾക്ക് ഇത്തിരി പാല് കൊടുത്തിട്ട് വേഗം വരാട്ടോ.

സാരമില്ല കുട്ടീ എന്നൊരു സാന്ത്വനച്ചിരി ആ ചുണ്ടുകളിൽ വിരിയുന്നത് കണ്ടുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. അന്നത്തെ വേഷങ്ങൾ ആടി തീർക്കാനുള്ള തയ്യാറെടുപ്പോടെ.

തുടരും…