ശ്രീഹരി ~ അധ്യായം 17, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“എന്റെ വാഴ, പച്ചക്കറികൾ ഒക്കെ നല്ലോണം നോക്കിക്കോണം കേട്ടോ “

രാവിലെ അതിനൊക്കെ വെള്ളം നനയ്ക്കുമ്പോൾ കൂട്ട് വന്ന അനന്തുവിനോട് അവൻ പറഞ്ഞു. അനന്തു ശരി എന്ന് സമ്മതിച്ചു

“നിന്റെ വീടെവിടെയാ?”

“തമിഴ്നാട് “അവൻ പറഞ്ഞു

“ആഹാ എന്നിട്ടും മലയാളം നന്നായി പറയുന്നുണ്ടല്ലോ “

“അത് പിന്നെ ചെറിയ വയസിൽ തന്നെ ഇവിടെ വന്നു. സാർ കൊണ്ട് വന്നതാ വഴിയിൽ ഭിക്ഷ യാചിക്കുന്നത് കണ്ടിട്ട്… പത്താം ക്ലാസ്സ്‌ വരെ പഠിച്ചു. പഠിക്കാൻ മോശം.. ഞാൻ സാറിനോട് ഇവിടെ നിന്നോളം എന്ന് പറഞ്ഞു.. അങ്ങനെ ഇവിടെ… എനിക്ക് സാറിനെ കാണാതെ….എന്തോ പോലെയാ.. അത് കൊണ്ട് വീട്ടിൽ തന്നെ ജോലി തന്നു. അഞ്ജലി ചേച്ചിയും പാവം.. ഇപ്പോഴാ ഈ ചിരിയൊക്കെ. അല്ലെങ്കിൽ ഫുൾ ടൈം ബുക്ക്‌ വായിച്ചു മുറിയിൽ ഇരിക്കും.. ഇപ്പൊ എത്ര സന്തോഷത്തിലാ “

ഹരി അതൊക്ക കേട്ട് അങ്ങനെ നിന്ന് പോയി

അനന്തുവിനോടും ഗേറ്റിൽ സെക്യൂരിറ്റി നിൽക്കുന്ന അജിത് ചേട്ടനോടും അവൻ സംസാരിക്കുമെങ്കിലും അവരുടെ സ്വകാര്യകാര്യങ്ങൾ ഒന്നും ചോദിച്ചിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ…

അവൻ സ്നേഹത്തോടെ അനന്തുവിന്റെ കവിളിൽ ഒന്നു തട്ടി

“അഞ്ജലി എന്റെ വീട്ടിലോട്ട് വരുമ്പോൾ നീയും പോരണം കേട്ടോ എന്റെ നാടൊക്കെ കാണാൻ.” അനന്തു സന്തോഷത്തോടെ തലയാട്ടി

“ഞാൻ ഇന്ന് വൈകുന്നേരം പോകും ” ഹരി പച്ചമുളകിന്റെ ചുവട്ടിൽ വെള്ളം ഒഴിച്ച് കൊണ്ട് പറഞ്ഞു

“ഹരിയേട്ടൻ ചേച്ചിയേ കല്യാണം കഴിക്കുമോ?” പെട്ടന്നായിരുന്നു ആ ചോദ്യം

ഹരി ഒന്നു പതറി. അവൻ അനന്തുവിന്റ മുഖത്ത് നോക്കി

“ചേച്ചി പാവാ. ഒത്തിരി സങ്കടപ്പെട്ടിട്ടുള്ള ഒരാളാ. ഹരിയേട്ടൻ നല്ല സുന്ദരനാ. ഒത്തിരി പെൺപിള്ളേർ പുറകെ വരില്ലേ? അപ്പൊ എന്റെ ചേച്ചിയേ മറക്കുമോ?”

അവൻ അനന്തു ചോദിക്കുന്നത് കേട്ട് അതിശയിച്ചു പോയി

അവന്റെ കുഞ്ഞു മനസ്സിൽ ചിലപ്പോൾ സ്ത്രീ പുരുഷ ബന്ധം ഇത്രയേ കാണു എന്ന് ഹരി ഓർത്തു. ഹരി പുഞ്ചിരിയോടെ അവന്റെ രണ്ടു ചുമലിലും പിടിച്ചു

“നിന്റെ ചേച്ചിയേ തന്നെ ഞാൻ കല്യാണം കഴിക്കുവുള്ളു. ഇനി എത്ര സുന്ദരിമാർ പുറകെ വന്നാലും ” അവന്റ മുഖം തെളിഞ്ഞു

“സത്യം..”അവൻ കൈ നീട്ടി

“സത്യം “ഹരി ആ കയ്യിൽ അടിച്ചു

അവൻ ചിരിച്ചു

“എന്റെ പൊന്നേ നീ ഇത് സാറിനോടൊന്നും ഇപ്പൊ പറഞ്ഞേക്കല്ലേ.”

“ഇല്ല “അവൻ കണ്ണിറുക്കി ചിരിച്ചു

“കുറച്ചു കഴിഞ്ഞു ഞാൻ തന്നെ പറഞ്ഞോളാം ” അവൻ തലയാട്ടി

“എന്നാലും നീ ഇതെങ്ങനെ അറിഞ്ഞെടാ കുരുപ്പേ “

ഹരി മൂക്കിൽ വിരൽ വെച്ചു

“ആണും പെണ്ണും കെട്ടിപ്പിടിക്കുന്ന കണ്ടാൽ എന്താ എന്ന് മനസിലാവുന്ന പ്രായമൊക്കെയായി എനിക്ക് “

ഹരി പൊട്ടിച്ചിരിച്ചു പോയി

“അമ്പട മിടുക്കാ “

അനന്തുവും ചിരിച്ചു

“എന്താണ് ഒരു തമാശ?”

അഞ്ജലി

“ഓ… ഇവിടെ ഉള്ള ഒരാൾക്ക് ഒരു കല്യാണം ആലോചിച്ചതാ ഇവൻ “

അഞ്ജലിയുടെ മുഖം ചുവന്നു പോയി

അനന്തുവാണെങ്കിൽ അപ്പോഴേക്കും ഓടി കളഞ്ഞു

“അവൻ എന്താ പറഞ്ഞെ?”

“എന്റെ ചേച്ചിയേ കല്യാണം കഴിക്കുമോന്ന് “

“ദൈവമേ..ഈ കൊച്ചിന് ഇങ്ങനെ ഒക്കെ ചോദിക്കാൻ ഒക്കെ അറിയുമോ? ഇച്ചിരി ഇല്ലാത്ത ചെക്കനാണ് “

“ഇപ്പൊ പിള്ളേർ ഒക്കെ ഹൈ ടെക് അല്ലെ? അവന് മനസിലായി കാണും “

ഹരി കൈ കഴുകി തുടച്ചു

“വല്ലപ്പോഴും ദേ ഇതിലൊട്ട് ഒന്ന് നോക്കണം. ഞാൻ കഷ്ടപ്പെട്ടു വളർത്തിയ കുറച്ചു സംഭവങ്ങളാ ” അവൾ തലയാട്ടി

“കരിച്ചു കളയല്ലേ കൊച്ചേ “

“ഇല്ലാന്ന് “

അവർ മുറിയിലേക്ക് പോരുന്നു

അവൾ അവന്റെ കയ്യിൽ പിടിച്ചു

“അതേയ്…. ശ്രീ..”

“പറ “

“അത് പിന്നെ…”

“ഷർട്ടിന്റ ബട്ടൺ പൊട്ടിക്കാതെ പറ പെണ്ണെ ” അവൻ ഷർട്ടിൽ നിന്ന് അവളുടെ കൈ എടുത്തു മാറ്റി

“അല്ല.. ഒരാഴ്ച കഴിഞ്ഞു പോയ പോരെ?”

“നീ അങ്ങോട്ട് നീങ്ങി നിന്നേ.. നോ ബോഡി ടച്ചിങ്‌… പ്രലോഭനം പാപമാണ് മോളെ “

“കുന്തം.. ഹരി പോയ ഞാൻ പിന്നേം ഒറ്റയ്ക്ക്. എനിക്ക് വയ്യ ” അവൾ ചിണുങ്ങി

“നീ ഓഫീസിൽ പോകില്ലേ?”

“പോകും “

“അച്ഛൻ പോയി കഴിഞ്ഞു മടിക്കും “

“അപ്പൊ ഡാൻസ് പഠിക്ക്… എന്റെ ക്ഷേത്രത്തിലേ ഉത്സവത്തിന് ഒരു ദിവസം നിന്റെ നൃത്തം ഉണ്ട് “

അവൻ ആ ദിവസം അത് പറഞ്ഞപ്പോൾ അത് അവൾ വലിയ കാര്യമായിട്ട് എടുത്തില്ല. ഇപ്പൊ പക്ഷെ ആ മുഖം ഗൗരവം ഉള്ളതായിരുന്നു.

“ശരിക്കും?’

“ഉം.. ഞാൻ ദേവിയോട് പറഞ്ഞു.. എന്റെ രാജകുമാരി വരും. നിന്റെ നടയിൽ ഞാൻ പാടുമ്പോൾ അവൾ നൃത്തം ചെയ്യും. പിന്നെ ഞങ്ങളുടെ കല്യാണം..”

അവൻ പുഞ്ചിരിച്ചു..തന്റെ ഹൃദയത്തിൽ ഒരു തിരമാല വന്നടിച്ചത് പോലെ തോന്നിയവൾക്ക്…തന്റെ ഹൃദയത്തിലും ഒരു കടലുണ്ടെന്ന് അവൾ ആദ്യമായി അറിയുകയായിരുന്നു

“നന്നായി പ്രാക്ടീസ് ചെയ്യണം. ആരെ കൊണ്ടും മോശം എന്ന് പറയിക്കരുത്.. പെർഫെക്ട് ആയിരിക്കണം ” അവൾ ഒന്നു മൂളി

“എനിക്ക് പോകുന്നത് സന്തോഷമാണെന്നാണോ കരുതിയിരിക്കുന്നത്?”

ശ്രീഹരി ചോദിച്ചു

“എന്റെ ഹൃദയം ഇവിടെ ഉപേക്ഷിച്ചു പോവാ ഞാൻ ” അവന്റെ ഒച്ച ഒന്നടച്ചു

അഞ്ജലി നടുക്കത്തോടെയവനെ നോക്കി

“എന്റെ ജീവനെ… എന്റെ ശ്വാസത്തെ ഒക്കെ ഇവിടെ വീട്ടിട്ടാ ഞാൻ പോണേ “

അവൻ ആ മുഖം കയ്യിൽ എടുത്തു

“ജീവിതത്തിൽ ഇന്ന് വരെ ഇങ്ങനെ ഒരു അവസ്ഥയിലൂടെ ഞാൻ പോയിട്ടില്ല. എത്ര നീറ്റൽ ഉണ്ടെന്ന് എനിക്ക് പറയാൻ അറിയില്ല അഞ്ജലി.. ഇത്രയും നാൾ ഒറ്റയ്ക്ക്…. ഒന്നിനെയും ഓർക്കാതെ.. അങ്ങനെ.. ഇപ്പൊ ദൂരെ ഒരാൾ എന്നെ ഓർത്തു കൊണ്ട്.. ആ ഓർമ തന്നെ വേദനയാ.. ഒന്നിച്ചല്ലല്ലോ..”

അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി

“കുറച്ചു ദിവസം കൊണ്ടൊക്കെ മനുഷ്യൻമാർ എങ്ങനെ പ്രണയത്തിലാകുമെന്ന് ഞാൻ ഓർത്തിട്ടിണ്ട് അതൊക്കെ ചുമ്മാ ഒരു അട്ട്രാക്ഷൻ മാത്രം ആയിരിക്കും എന്നൊക്കെയാ ഞാൻ കരുതിയേ.. പക്ഷെ അല്ല ഒരാൾ ജീവന്റെ ഭാഗമാകാൻ വർഷങ്ങൾ ഒന്നും വേണ്ട. ഒരു പകൽ അല്ലെങ്കിൽ കുറച്ചു സമയം… നിന്നേ ആദ്യമായി ഞാൻ കണ്ടപ്പോൾ എന്റെ ഉള്ളിലേക്ക് നീഎങ്ങനെ കടന്നു വന്നോ അതേ പോലെ തന്നെ ആണ് ഇന്നും അതേ തെളിച്ചം അതേ മിഴിവ്..ബാലു സാറിന്റെ മകളെ മോഹിക്കാൻ പാടില്ല എന്ന് ആയിരം തവണ ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. പക്ഷെ സാധിച്ചോ? ഇല്ല..”

അഞ്‌ജലിക്ക് വാക്കുകൾ ഇല്ല…ഒന്നും പറയാൻ വയ്യ

തൊണ്ട കഴച്ചു പൊട്ടുന്ന പോലെ…

“നീ എന്നെ സ്നേഹിച്ചില്ലായിരുന്നെങ്കിലും നീ ഇങ്ങനെ തന്നെ എന്റെ ഉള്ളിലുണ്ടായേനെ.. കാരണം ഞാൻ കണ്ട ഒരു പെണ്ണിലും കാണാത്ത എന്തോ ഒന്നുണ്ട് നിന്നില്.. എന്നെ വലിച്ചടുപ്പിച്ച എന്തോ ഒന്ന് “

അഞ്ജലി ആ മുഖത്തേക്ക് നോക്കി നിന്നു

“ഇപ്പൊ ഞാൻ പോയാല്.. ഇവിടെ നിന്റെ ഒപ്പമുണ്ടായിരുന്ന ശ്രീഹരി അല്ല പിന്നെ.. ഇവിടെ ഞാൻ എപ്പോഴും ഫ്രീ ആയിരുന്നു. എപ്പോ വേണേൽ വിളിക്കാം കാണാം. പക്ഷെ നാട്ടിൽ അതല്ല. എല്ലാം ഒറ്റയ്ക്കാ തിരക്കുകൾ ഒരു പാടാ.. അപ്പൊ മൂന്ന് നേരം വിളിക്ക്. മെസ്സേജ് അയയ്ക്ക് എന്നൊക്കെ പറഞ്ഞു ശല്യം ചെയ്യരുത്…”

അവൾ ചിരിച്ചു

“വിളിക്കുമ്പോൾ എടുത്തില്ലെങ്കിൽ പിണങ്ങരുത്. വഴക്ക് ഉണ്ടാക്കരുത്. ഉറങ്ങും മുന്നേ നിന്നേ വിളിച്ചിട്ടേ ഉറങ്ങു.. അത് വാക്ക്..”

അവൾ തലയാട്ടി…പിന്നെ പുറകിൽ ഒളിച്ചു വെച്ച പൊതി നീട്ടി

“എന്താ ഇത്?”

“ക്‌ളീഷേ ആണ്. ഒരു മൊബൈൽ.. അതിലെന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ട്.. അതിലെന്റെ നമ്പർ മാത്രം മതി “

അവൻ ചിരിച്ചു

“പൊസ്സസ്സീവ് ആണോടി നീ?”

“പിന്നല്ല ” അവളും ചിരിച്ചു

“എനിക്ക് ഈ മൊബൈലൊന്നും വേണ്ട അഞ്ജലി.. ഇതിലൊന്നും ഒരു തരത്തിൽ ഉള്ള ഇഷ്ടമില്ല. ഈ കുഞ്ഞത് മതി..”

“ആയിക്കോട്ടെ… എനിക്ക് ഒന്ന് കാണാൻ തോന്നുമ്പോൾ വീഡിയോ കാൾ വിളിക്കാനാ “

“എന്റെ പൊന്നുമോളെ… എന്നാ ഒട്ടും വേണ്ട. എനിക്ക് ആ പരിപാടി പറ്റത്തില്ല
രാത്രി ഉറങ്ങാതെ മൊബൈൽ പിടിച്ചോണ്ട്.. നീ എന്നെ സാധാരണ കാമുക വർഗ്ഗത്തിന്റെ ഗണത്തിൽ പെടുത്തരുത്. എനിക്ക് നിന്നേ ഇഷ്ടമാ. കല്യാണം കഴിക്കുന്നെങ്കിൽ അത് നിന്നേ മാത്രം ആണ് താനും. അതിന് ഈ മൊബൈൽ ഒന്നും വേണ്ട മോളെ..”

അവളുടെ മുഖം വാടി

“എടി രണ്ടു മൊബൈൽ കൊണ്ട് നടക്കാൻ എനിക്ക് വയ്യ… പിന്നെ ഇത് ഐ ഫോൺ അല്ലെ? മോള് തന്നെ വെച്ചോ… ഇത് എനിക്ക് ടെൻഷൻ ആണ്… ഇത്രയും വിലയുള്ള ഒന്ന് വയ്യ കൊച്ചേ ‘

അവൾ അത് പിൻവലിച്ചു പിന്നെ പണിപ്പെട്ടു ചിരി വരുത്തി

“എന്നാ വേണ്ട…” ശ്രീഹരിക്ക് പെട്ടെന്ന് ഒരു വല്ലായ്മ തോന്നി

അഞ്ജലിയുടെ മുഖം വാടിപ്പോയി

“ശരി ഇങ്ങോട്ട് തന്നേക്ക്.. പക്ഷെ ഞാൻ ഇത് വീട്ടിൽ വെച്ചിട്ടേ പുറത്ത് പോകുള്ളൂ.. വീട്ടിൽ വരുമ്പോൾ മാത്രം എടുക്കും. മതിയൊ?”

അവളുടെ മുഖം പ്രകാശിച്ചു

“മതി “

“ഈ ഫോണിൽ നീ മാത്രേ ഉണ്ടാവു… പോരെ?”

“ഉം “

“ഇനി എന്തെങ്കിലും എനിക്ക് തരണം എന്നുദ്ദേശിക്കുന്നെങ്കിൽ ദയവ് ചെയ്തു ഇത് പോലെ ഉള്ള ഒന്നും തരരുത്. നിനക്ക് സ്നേഹം കൂടുമ്പോൾ എനിക്ക് ഒരു ഉമ്മ തന്നോ ഞാൻ ഹാപ്പിയാ.. വേറെ ഒന്നും തരരുത്..”

“ഒന്നുടെ ഉണ്ട്. ഒറ്റ ഒന്ന്..” അവൾ കൊഞ്ചി

“മോള് പോയെ.. സ്ഥലം വിട് “

“അത്രേ വിലയുള്ള ഒന്നല്ല.”അവൾഓടിപ്പോയി ഒരു പാക്കറ്റ് എടുത്തു വന്നു

“ഒരു ജീൻസും ഒരു ടി ഷർട്ടും “

“ആഷ് നിറത്തിലുള്ള ടി ഷർട്ട്‌ ബ്ലാക്ക് ജീൻസ്… ശ്രീക്ക് നല്ല ഭംഗിയുണ്ടാവും. ശ്രീയേ ഞാൻ മുണ്ട് ഉടുത്തല്ലേ കണ്ടിട്ടുള്ളൂ.അതാണ്‌ വാങ്ങിയത് “

അവൻ ഒരു കള്ളച്ചിരി ചിരിച്ചു

“മുണ്ടില്ലാതെ കാണാൻ ആഗ്രഹിക്കുന്നതൊക്ക തെറ്റല്ലേ മോളെ..?” അഞ്ജലിയുടെ മുഖം ചമ്മലിൽ കുതിർന്നു

“ശീ..”

“എന്ത് ശീ?.”അവൻ അത് കട്ടിലിൽ വെച്ചിട്ട് അവളെ വലിച്ചു നെഞ്ചിൽ ചേർത്ത് മുഖം മുഖത്തോടടുപ്പിച്ചു

“ഒരുമ്മ താ”

അഞ്ജലി അവനെ കെട്ടിപ്പുണർന്ന് കവിളിൽ അമർത്തി ചുംബിച്ചു

“ഒന്നുടെ..അവിടെ അല്ല ഇവിടെ “

അവൻ ചുണ്ടിൽ തൊട്ടു…അഞ്ജലി അവന്റെ ചുണ്ടിലേക്ക് ചുണ്ടുകൾ ചേർത്തു

ഹരി മുഖം എടുക്കുമ്പോൾ അവളാ നെഞ്ചിലേക്ക് മുഖം ചേർത്ത് കണ്ണുകൾ അടച്ചു

“നീ എന്നെ യാത്ര ആക്കാൻ വരണ്ട ട്ടോ..”

അഞ്ജലി ഞെട്ടി ആ മുഖത്തേക്ക് നോക്കി. കവിളിൽ കൂടി ഒഴുകുന്ന കണ്ണീർ ചാലുകൾ

“ശ്രീ?”

“എന്റെ പൊന്ന് വരണ്ട…” അവൻ അവളെ നെഞ്ചോട് അടക്കി പിടിച്ചു

അവൾക്ക് ശ്വാസം മുട്ടുന്ന പോലെ ശക്തിയായി

ഒരിക്കലും വിട്ട് കളയില്ലെന്ന പോലെ….

(തുടരും )