ഞാൻ പിടിച്ചു വെച്ചാൽ അവൾ പോകാൻ ഇറങ്ങിയത് ആണേൽ പോകുക തന്നെ ചെയ്യും. നിയമവും ലോകവും അവളുടെ കൂടെ നിൽക്കുന്ന സമയമാണ്..

എഴുത്ത്: നൗഫു ചാലിയം
===================

“ഇക്കാ, നിങ്ങളുടെ ഭാര്യയും ഞാനും തമ്മിൽ ഇഷ്ട്ടത്തിലാണ്. (അവിഹിതം എന്ന് തെളിച്ചു പറയെടെ…) അവളെ വിളിച്ചു കൊണ്ടു പോകാനാണ് ഞാൻ വന്നത്. നിങ്ങൾ വന്നിട്ടേ അവൾ എന്റെ കൂടെ ഇറങ്ങി വരൂ എന്ന് പറഞ്ഞിട്ടാണ് ഇത്രയും ദിവസം ഞങ്ങൾ കാത്തു നിന്നത്. ഇക്ക പ്രശ്നം ഒന്നും ഉണ്ടാക്കരുത്..അവളെ എനിക്ക് വിട്ടു തരണം. ഞാൻ പൊന്നു പോലെ നോക്കാം അവളെ….”

(“ഹ്മ്മ് പൊന്നു കുറെ വാങ്ങി കൊടുക്കേണ്ടി വരും നീ ഏതായാലും..”)

തൊട്ടടുത്ത അയൽവാസി ചെക്കൻ നാട്ടിലേക് വന്നതിന്റെ പിറ്റേന്ന് രാവിലെ തന്നെ വീട്ടിലേക് വന്നു കൊണ്ട് പുറത്തു പേപ്പർ വായിച്ചു കൊണ്ടിരുന്ന എന്നോട് പറഞ്ഞതും കാര്യം അറിയാത്ത പോലെ ഞാൻ അവനെ ഒന്ന് നോക്കി..

“ഞങ്ങൾ ഡിഗ്രിക് പഠിക്കുമ്പോൾ ഉള്ള ഇഷ്ടമാണ് ഇക്ക. അവളുടെ ഇഷ്ടം ഇല്ലാതെയാണ് ഇക്കാക് അവളെ അവളുടെ ഉപ്പ കെട്ടിച്ചു തന്നത്. അന്നെനിക്ക് ഒരു ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ട് തന്നെ അവളെ ഇറക്കി കൊണ്ട് പോകാനും കഴിഞ്ഞില്ല. പക്ഷെ ഇന്നും അവളോടുള്ള ഇഷ്ടം എന്റെ ഉള്ളിൽ മായാതെ ഉണ്ട്…”

അവൻ അവന്റെ നെഞ്ചിലേക് കൈ ചേർത്തു കൊണ്ട് പറഞ്ഞു…

“അവൾക് എന്നോടും…ഇക്ക സമ്മതിച്ചാലും ഇല്ലെങ്കിലും ഇന്ന് ഞാൻ അവളെ കൊണ്ട് പോകും…!”

പടച്ചോനെ ഇതൊന്തൊരു പരീക്ഷണം. കുറച്ചു മുന്നേ വായിച്ച പത്ര വാർത്തയാണ് എന്റെ മുന്നിൽ തെളിഞ്ഞു വന്നത്..

Up യിൽ പത്തു കൊല്ലം മുമ്പ് ഇഷ്ടത്തിൽ ആയിരുന്നവരെ ഭർത്താവ് തന്നെ ഒരുമിച്ചു ചേർത്തു നന്മമരം ആയ വർത്ത..ഒരു സിനിമയിൽ പറഞ്ഞത് പോലെ അതങ്ങ് up യിൽ അല്ലെ..ഇതങ്ങു തമിഴ് നാട്ടിൽ അല്ലെ…കൊച്ചിയിൽ അല്ലെ…

അല്ല ഇതെന്റെ അടുക്കള പുറത്താണ്. ന്റെ അടുക്കള പുറത്ത്. ഞാനും ഒരു നന്മമരം ആയാൽ നാണം ഇല്ലാത്തവൻ എന്നെ എന്നെ നാട്ടുകാരും വീട്ടുകാരും വിളിക്കൂ..പൊട്ടൻ എന്നാൽ മരപൊട്ടൻ…”

“സൈനൂ….’

ഞാൻ വീടിനുള്ളിലേക്ക് നോക്കി വിളിച്ചതും എന്റെ എന്ന് ഞാൻ വിശ്വാസിച്ചിരുന്ന സൈനബ ഉള്ളിൽ നിന്നും ഇറങ്ങി വന്നു…

ഇവൻ പറഞ്ഞത് സത്യമാണോ…???”

അവൾ ഒന്നും മിണ്ടാതെ നിലത്തേക് തന്നെ നോക്കി നിന്നപ്പോൾ എനിക്ക് മനസിലായി. അവൻ പറഞ്ഞതൊക്കെയും സത്യമാണെന്നു…

“നിങ്ങൾക് തമ്മിൽ ഇഷ്ടം ആയിരുന്നേൽ എന്തിന് എന്നെ ഒരു വിഡ്ഢി വേഷം കെട്ടിച്ചു എന്ന് ചോദിക്കാൻ തോന്നിയെങ്കിലും ആ സമയം എന്റെ വാക്കുകൾ പുറത്തേക് വന്നില്ല..പ്രിയപ്പെട്ടവൾ ആണ് മറ്റൊരുത്തന്റെ ആകാൻ പോകുന്നത്…”

“എന്തിനാ ഞാൻ വരുന്നത് വരെ കാത്തിരുന്നേ…ഞാൻ വരുന്നതിന് മുമ്പ് പോയിരുന്നേൽ എനിക്കീ കാഴ്ച കാണേണ്ടി വരുമായിരുന്നോ…???”

ഞാൻ അവളോട് ചോദിച്ചു..

“മക്കൾ…”

അവൾ പറഞ്ഞത് ശരിയാണ് രണ്ടു പൈതങ്ങൾ ആണ് എനിക്കും അവൾക്കും ഉള്ളത്…ഉമ്മ മാത്രമാണ് വീട്ടിൽ ഉള്ളത്..പിന്നെ ഉള്ളത് രണ്ടു പെങ്ങമാരും അവർ ഇന്നലെ എന്നെ കണ്ടു രാവിലെ തന്നെ സ്ഥലം വിട്ടതാണ്…

“എന്താ നിന്റെ തീരുമാനം…” ഞാൻ അവളോട് ചോദിച്ചു..

“ ഞാൻ പിടിച്ചു വെച്ചാൽ അവൾ പോകാൻ ഇറങ്ങിയത് ആണേൽ പോകുക തന്നെ ചെയ്യും. നിയമവും ലോകവും അവളുടെ കൂടെ നിൽക്കുന്ന സമയമാണ്..മാത്രമല്ല ഇഷ്ട്ടമില്ലാത്ത ഒരാളെ പിടിച്ചു നിർതിയിട്ട് എന്ത് കാര്യം. ഇഷ്ട്ടക്കേട് കൂടി രണ്ടു ധ്രുവങ്ങളിൽ ജീവിക്കാമെന്നല്ലാതെ…”

“നിനക്ക് പോകാം…”

ഞാൻ അവളോടും ഒരു പ്രശ്നത്തിനും നിൽക്കാതെ പറഞ്ഞതും അവൾ എന്നെ വിശ്വാസം വരാതെ നോക്കി…..പുറത്തു നിൽക്കുന്നവനും…

അവൾ പെട്ടന്ന് വീടിനുള്ളിലേക് പോയതും ഞാൻ ഫോൺ എടുത്തു.

പുറത്ത് നിൽക്കുന്നവനെ നോക്കി കൊണ്ട് പറഞ്ഞു…

“നീ വന്നത് കറക്റ്റ് സമയത്താണ്. ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ മുതലാളിയുടെ മകളെ കെട്ടാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചിരുന്നു. ഞാൻ നാട്ടിലേക് വരുവാൻ നേരം..കമ്പനിയുടെ ജനറൽ മേനേജർ പോസ്റ്റിൽ ഇരിക്കുന്നവൻ അല്ലെ ഞാൻ..എന്റെ പെർഫോമൻസ് കണ്ട് ഞാൻ ആ കമ്പിനി വിട്ടു പോകാതെ ഇരിക്കാനുള്ള പരിവാടി ആയിരുന്നു അവര്ക്. കുട്ടിക്ക് കുറച്ചു മെന്റലി പ്രോബ്ലം ഉണ്ട്..വിവാഹത്തോടെ മാറുമെന്ന അവളെ ചികിൽസിച്ച ഡോക്ടർ പറഞ്ഞെ…എന്തായാലും കുഴപ്പം ഇല്ലെന്നേ…ഞാൻ അത് ഇവളോട് എങ്ങനെ പറയും എന്ന് കരുതി ഇരിക്കായിരുന്നു..കോടികളുടെ മുതൽ അല്ലെ കയ്യിൽ കിട്ടാൻ പോകുന്നെ…ഒറ്റ മകളും…ലക്ഷ്റി ലൈഫ് ആണ് മോനെ കയ്യിൽ കിട്ടാൻ പോകുന്നത്…ഇനി എന്തായാലും ഞാൻ ഒന്ന് വിളിച്ചു പറഞ്ഞോട്ടെ….

ഞാൻ ഫോൺ എടുത്തു ഞാൻ ജോലി ചെയ്യുന്ന മുതലാളിക്ക് വിളിക്കാൻ തുടങ്ങിയതും എന്റെ കയ്യിലെ ഫോൺ പറന്നു പോകുന്നതാണ് ഞാൻ കണ്ടത്..

കലി തുള്ളി എന്റെ മുന്നിൽ സൈനു നിൽക്കുന്നു..

“ഞാൻ ഇറങ്ങാൻ കാത്തു നിൽക്കാണോ നിങ്ങൾ മറ്റൊരുത്തിയെ വീട്ടിൽ കയറ്റാൻ…” അവൾ എന്നോട് കലി തുള്ളി കൊണ്ട് ചോദിച്ചു…

“എന്തെ…ഇതെന്റെ ജീവിതമാണ്..ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കും…”

ഞാൻ അവളോട് പറഞ്ഞു…

“ആഹാ…അപ്പൊ ഞാനോ…”

അവൾ എന്നോട് ചോദിച്ചതും, പുറത്ത് നിൽക്കുന്നവൻ വിളിച്ചു പറഞ്ഞു

“എടി..സൈനു…ഞാൻ നിന്നെ കൊണ്ട് പോകാൻ വന്നതാണെന്ന്…”

“ഇജ്ജ് പോടാ…ചെക്കാ…ഞാൻ ഇറങ്ങിയിട്ട് സുഖിച്ചു ജീവിക്കാമെന്ന് കരുതിയ ഇയാളെ കൊ–ന്നിട്ടെ ഞാൻ നിന്റെ കൂടെ വരുന്നുള്ളു…”

അവൾ എന്റെ കഴുത്തിലേക് കൈ ചേർത്ത് കൊണ്ട് പറഞ്ഞു…

“എടി..നീ പോയാൽ എനിക്കൊരു തുണ വേണ്ടേ…മാത്രമല്ല…എത്ര കാലം എന്ന് വെച്ച ഇങ്ങനെ ഒതുങ്ങി ജീവിക്കുക..ഇതാകുമ്പോൾ എനിക്ക് ചിന്തിക്കാൻ കഴിയാത്ത ഓഫർ അല്ലെ..പ്ലീസ് നീ യൊന്നു പോയി തരുമോ…”

അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ച് കൊണ്ട് ഞാൻ പറഞ്ഞു…

“അങ്ങനെ ഞാൻ ഒഴിവായിട്ട് നിങ്ങൾ സുഖിച്ചു ജീവിക്കണ്ട…ഞങ്ങൾ ഇതൊരു പ്രാങ്ക് പോലെ ചെയ്തതാ..ഇക്കാനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ..കണ്ടോ അവരൊക്കെ മൊബൈൽ പിടിച്ചു നിൽക്കുന്നെ…”

അവൾ പുറത്തേക് കൈ ചൂണ്ടി പറഞ്ഞതും നേരത്തെ വീട്ടിലേക്കെന്ന് പറഞ്ഞു സ്ഥലം വിട്ട എന്റെ രണ്ടു പെങ്ങന്മാരും മൊബൈൽ പിടിച്ചു ഇളിച്ചു കൊണ്ട് നിൽക്കുന്നത് ഞാൻ കണ്ടു..

“ഇങ്ങള് എല്ലാം കുളമാക്കി..അതിനിടയിൽ വേറെ കെട്ടാനും പോകുന്നു..ഞാൻ പോവാണ് എന്റെ വീട്ടിലേക്…”

അവൾ അതും പറഞ്ഞു തിരിഞ്ഞതും ഞാൻ അവളെ പിടിച്ചു നിർത്തി .

“എന്റെ പൊട്ടത്തി…നീയും എന്റെ കൂട പിറപ്പുകളും ഞാൻ നാട്ടിൽ എത്തിയാൽ എനിക്കൊരു പണി തരാൻ നിൽക്കുന്നുണ്ടെന്ന് ഞാൻ നേരെത്തെ അറിഞ്ഞിരുന്നു..”

ആ സമയം വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന ഉമ്മയെ നോക്കിയാണ് ഞാൻ അത് പറഞ്ഞത്…

“അപ്പൊ ഇങ്ങള് ആർക്കോ ഫോൺ ചെയ്യാൻ പോയതോ..ഏതോ മുതലാളിയുടെ മോളെ കെട്ടാൻ പോകുന്നത് ഞാൻ കേട്ടല്ലോ.. “

“അതോ ഞാൻ എന്റെ കൂട്ടുകാരന് വിളിച്ചതാ..അല്ലെങ്കിൽ തന്നെ ഒരു ഉണക്ക സൂപ്പർ മാർക്കറ്റിൽ പണി എടുക്കുന്ന ഞാൻ എന്നെക്കാൾ പാപ്പറായ മുതലാളിയുടെ മോളെ കല്യാണം കഴിക്കാൻ പോകുവല്ലേ…ഞാൻ ജോലി ചെയ്യുന്നത് എവിടെ ആണെന്ന് മറന്നു പോയോ നീ..”

“ഇങ്ങള് ഓനോട്‌ പറയുന്നത് കേട്ടപ്പോൾ ഞാൻ അതൊന്നും ഓർത്തില്ല…”

“നന്നായി…അള്ളാഹ് എന്റെ ഫോൺ..”

“അപ്പോഴാണ് പറന്നു പോയ എന്റെ ഫോണിനെ കുറിച്ച് ഞാൻ ഓർത്തത്…

ഞാൻ ഓടി പോയി എന്റെ ഫോൺ എടുത്തു നോക്കി..ഭാഗ്യം കൂട്ടി ഇട്ടിരിക്കുന്ന പൂഴി മണലിൽ ആയിരുന്നു ഫോൺ വീണത് അത് കൊണ്ട് ഒന്നും പറ്റിയില്ല..”

“ടാ..സാജിദേ..വാ പദ്ധതി പൊളിഞ്ഞതിൽ ജാള്യത ഒന്നും വേണ്ട ചായ കുടിച്ചിട്ട് പോകാം..ഇനി അടുത്ത പ്രാവശ്യം ഞാൻ വരുന്നതിനു മുമ്പ് തന്നെ കൊണ്ട് പൊയ്ക്കോ ഈ മുതലിനെ..നീയും അറിയണം മനസമാധാനകേട് എന്താണെന്ന്..

ഞാൻ അവനോട് പറഞ്ഞതും എന്റെ കയ്യിൽ ഒരു നുള്ള് ആയിരുന്നു മറുപടി..”

ബൈ

നൗഫു…😄