“ടിക്കറ്റ് പുറകിൽ എടുത്തു..” കെ സ് ആർ ടി സിയിലെ വനിതാ കണ്ടക്ട്ർ മീരയോട് പറഞ്ഞത് കേട്ട് മീര തല ചെരിച്ചു പുറകിലേക്ക് നോക്കി..
ടിക്കറ്റ് ഉയർത്തി മീരയെ നോക്കുന്ന വ്യാസനെ കണ്ട് മീര സീറ്റിൽ നിന്നും എഴുന്നേറ്റു വ്യാസൻ ഇരിക്കുന്ന സീറ്റിന് അടുത്ത് വന്നു നിന്നു..
“രണ്ടാളുടെ സീറ്റ് ആണ്..” വ്യാസനെ നോക്കി മീര പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
“എന്താ ന്ന്..” വ്യാസൻ ഒന്ന് പകച്ചു..
“രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റ് ആണ്.. ഇങ്ങോട്ട് മാറി ഇരുന്നാൽ ഞാൻ അപ്പുറം ഇരുന്നാനെ..”മീര സീറ്റിലേക്ക് നോക്കി പറഞ്ഞ് വ്യാസന്റെ മറുപടിക്ക് കാത്തു നിൽക്കാതെ വ്യാസന്റെ അരികിൽ ഇരുന്നു.. വ്യാസൻ ഒന്ന് പതറി .
“വിൻഡോ സീറ്റിൽ ഇരുന്നു യാത്ര ചെയ്യാൻ നല്ല ആഗ്രഹമുണ്ട്…വിരോധം ഇല്ലെങ്കിൽ ഞാൻ അപ്പുറത്തെ സീറ്റിൽ ഇരുന്നോട്ടെ..മീര വിടാൻ ഉള്ള ലക്ഷ്ണമില്ല..
വ്യാസൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു മാറി..മീര അപ്പുറത്തെ സീറ്റിൽ ഇരുന്നു.
സീറ്റിൽ ഇരിക്കാതെ നിൽക്കുന്ന വ്യാസനെ നോക്കി..
“എന്തേ എന്റെ ടിക്കറ്റ് മാത്രം എടുക്കാൻ ഉദ്ദേശമൊള്ളോ..കൂടെ യാത്ര ചെയ്യണം എന്ന് ആഗ്രഹമില്ലേ..” പുഞ്ചിരി കൊണ്ട് മീര ചോദിച്ചു.
വ്യാസൻ വേഗം മീരയുടെ അടുത്ത് ഇരുന്നു..
“നല്ല മഴ..” ഷട്ടർ പൊന്തിച്ച്പുറത്തു തകർത്തു പെയ്യുന്ന മഴയെ നോക്കി മീര പറഞ്ഞു..
കുറച്ചു നേരത്തെ മൗനം..
“എന്താ നിങ്ങടെ ഉദ്ദേശം ” വളരെ ശാന്തമായ ശബ്ദത്തിൽ മീരയുടെ ചോദ്യം കേട്ട് വ്യാസൻ തല ചെരിച്ചു നോക്കി…
“നല്ല ഉദ്ദേശം..”
“എനിക്ക് അങ്ങനെ തോന്നിയില്ല..”
“അത് എന്റെ കുഴപ്പമല്ലാ..”
“ഞാൻ ഒരു പെണ്ണാണ്..അത് ഓർമ വേണം..”
“ആ ഓർമ ഉള്ളത് കൊണ്ടാണ് ഇങ്ങനെ വരുന്നത്..”
“എന്റെ ടിക്കറ്റ് എടുക്കാൻ നിങ്ങക്ക് എന്താ അവകാശം ഉള്ളത്..”
“തോന്നി എടുത്തു..”
“ഇവിടെ ഞാൻ ഒരു സീൻ ഉണ്ടാക്കാതെ കൂടെ വന്നിരുന്നത് എന്തിനാണ് എന്ന് അറിയോ..”
“എന്റെ കൂടെ യാത്ര ചെയ്യാൻ ഉള്ള ഇഷ്ടം കൊണ്ട്..”
“അത് അങ്ങനെ സ്വയം ചിന്തിച്ച മതിയോ..”
“പിന്നെ എന്തിനാ ഇവിടെ വന്നിരുന്നത്..ബഹളം വെച്ച് ഒരു സീൻ ഉണ്ടാക്കാമായിരുന്നു ലോ..”
“അതാണ് ഞാൻ മുകളിൽ പറഞ്ഞത്..ഞാൻ ഒരു പെണ്ണാണ് ന്ന്..
നിങ്ങളോട് ഞാൻ ബഹളം വെച്ച് വഴക്ക് ഉണ്ടാക്കിയിട്ട് വേണം..ഏതവനെങ്കിലും അത് ഷൂട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ ഇട്ട് എന്റെ ജീവിതം പോലും ഇല്ലാതാക്കാൻ..”
“പിന്നെ..ആളുകൾക്ക് അതല്ലേ പണി..”
“ഹലോ മിസ്റ്റർ..എനിക്ക് എന്റെ സേഫ്റ്റി നോക്കണം..അത് കൊണ്ടാണ് ഇപ്പോളും ഞാൻ നിങ്ങളോട് മര്യാദയുടെ ശബ്ദത്തിൽ വന്നു പറയുന്നത്..എന്റെ പിന്നാലെ ഇങ്ങനെ വരരുത്..നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ ഉള്ള ഒരു പെൺകുട്ടി അല്ല ഞാൻ..”
“എന്റെ ഉദ്ദേശം എന്താണ് എന്ന് തനിക്ക് എങ്ങനെ അറിയാം..”
“എന്താ നിങ്ങളുടെ പ്രശ്നം..” മീരയുടെ ശബ്ദം നേർത്തു..
“പ്രശ്നം ഒന്നും ഇല്ല..”
“പിന്നെ..”
“തന്നെ കാണണം ന്ന് തോന്നുമ്പോൾ വന്നു കാണുന്നു അത്രേ ള്ളു..”
“എന്തിന്..”
“എന്നെ അന്ന് അവിടെ ഹോസ്പിറ്റലിൽ ഇട്ടേച്ചു പോയത് കൊണ്ട്..”
“അത് ഞാൻ പറഞ്ഞു..അന്ന് അങ്ങനെയായിരുന്നു എന്റെ സാഹചര്യം..
നിങ്ങൾക്ക് അത് ബുദ്ധിമുട്ട് ആയെങ്കിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു..
പ്ലീസ് എന്നെ ഇനി ഇങ്ങനെ നടന്നു ശല്യം ചെയ്യരുത്..”
“എനിക്ക് തന്നെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്..”
“ആ ആഗ്രഹം പലർക്കും ഉണ്ട്..” എടുത്തടിച്ചത് പോലെ ആയിരുന്നു മീരയുടെ മറുപടി..വ്യാസൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചു..
“എനിക്ക് നിങ്ങൾ ആരാണ്..എന്താണ് ഒന്നും തന്നെയറിയില്ല..അത് തനിക്ക് മനസിലാവതെയും അല്ല..
മാത്രവുമല്ലഇപ്പൊ ഉള്ള പെൺകുട്ടികൾക്ക് സ്വന്തം വിവാഹത്തെ കുറിച്ച് ഒരു സങ്കൽപമൊക്കെ ഉണ്ടാവും എന്ന് ചിന്തിച്ചു കൂടെ..”
“മീര ആരാണ് എന്ന്എനിക്ക് അറിയില്ല..പക്ഷെ..ഞാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് എന്റെ അമ്മയോട് തന്നെ കുറിച്ച് പറഞ്ഞു…
ഒരൊറ്റ നോട്ടം കൊണ്ട് മുജന്മ ബന്ധമെന്ന് തോന്നി പോകുന്ന ഒരാളെ ഞാൻ കണ്ടുവെന്ന്.താൻ ഞാൻ പറയുന്നത് വിശ്വസിക്കുമോ എന്ന് അറിയില്ല.പക്ഷെ..ഞാൻ പറഞ്ഞത് സത്യം ആണ്..”
“താൻ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്..തനിക്കു ഒരു സാമാന്യ ബോധം ഇല്ലേ..മുജന്മം പോലും..” മീരയുടെ മുഖത്ത് പുച്ഛം കലർന്ന ഒരു പുഞ്ചിരി വന്നു.. “
“തനിക്കു എന്നെ കണ്ടപ്പോൾ മുജന്മ ബന്ധം എന്ന് തോന്നിയെങ്കിൽ..എന്തെ ആ സെയിം ഫീൽ എനിക്ക് കിട്ടിയില്ല..കിട്ടുന്നില്ല..
ഇതെല്ലാം പഴയത് ആണ് മാഷേ..മാഷ് എന്നെ വിട്ട് വേറെ ഏതെങ്കിലും നല്ല കൊമ്പിൽ പിടിക്കാൻ നോക്ക്..” മീരയുടെ വാക്കുകൾക്ക് മറുപടി നൽകാതെ വ്യാസൻ വേഗം സീറ്റിൽ നിന്നും എഴുന്നേറ്റു.
“ഡോ…ഇങ്ങനെ പാതി വഴിയിൽ എന്നെ തനിച്ചാക്കി ഇറങ്ങി പോകാൻ ആണേൽ പിന്നെ എന്തിനാ താൻ എന്റെ ടിക്കറ്റ് എടുത്തത്..എനിക്ക് ഇറങ്ങാൻ ഇനിയും മുക്കാൽ മണിക്കൂർ യാത്ര കൂടെ ബാക്കിയുണ്ട്..” ചെവിയിൽ തുളഞ്ഞു കയറിയ വാക്കുകൾക്ക് മറുപടി പറയാതെ വ്യാസൻ ബസിൽ നിന്നും പുറത്ത് ഇറങ്ങി..
പെരുമഴ നനഞ്ഞു വ്യാസൻ നടന്നു നീങ്ങുന്നത് മീര നോക്കിയിരുന്നു…
*************************
“എന്താ..കഴിക്കണം എന്ന് ഇല്ലേ ചിക്കൻ കറി ഉണ്ടാക്കിയാൽ മാത്രം മതിയോ..”
ദേവിയുടെ ശബ്ദം ആണ് വ്യാസനെ ചിന്തകളിൽ നിന്നും ഉണർത്തിയത്..
“എന്തെ ഡാ..” ദേവി സെറ്റിയിൽ കിടക്കുന്ന വ്യസന്റെ അരുകിൽ വന്നിരുന്നു ചോദിച്ചു..
“ഏയ്..ഞാൻ ആ മഴ ഒന്ന് കൂടെ ഇന്ന് നനഞ്ഞു..അത് ഓർത്തു പോയതാ..”
“ചെക്കാ..മാസം രണ്ട് കഴിഞ്ഞു..എന്നിട്ടും ആ മഴ നനഞ്ഞത് ഓർത്തു കൊണ്ട് ഇരുന്നോ..” ദേവി വ്യാസന്റെ മുടിയിൽ പിടിച്ചു വലിച്ചു.
“അന്ന് കോളേജിന് മുന്നിൽ വെച്ച്..പിന്നെ ബസിൽ വെച്ച്..ഇന്ന് ഒടുവിൽ അമ്പലത്തിൽ വെച്ച്..എല്ലാം ഒരെ മറുപടിയല്ലേ ആ കുട്ടി പറഞ്ഞത്..”
“മ്മ്..”
ഇതല്ലാതെയും നീ പലവട്ടം അവളെ അവൾ അറിയാതെ കണ്ടു.. “
“മ്മ്…”
“ഒരു കാര്യം അമ്മ പറയട്ടെ..”
“മ്മ്..”
“അവളെ അവളുടെ വഴിക്കു വിടുക..ഇനി ആ കുട്ടിയെ നീ ശല്യം ചെയ്യരുത്..വാക്ക് തരാൻ പറ്റോ നിനക്ക്..”
ദേവിയുടെ ശബ്ദം നേർത്തു..
“മ്മ്..അമ്മയ്ക്ക് ഞാൻ വാക്ക് തരുന്നു..ഇനി അവളെ ഞാൻ ശല്യം ചെയ്യില്ല..പിറകെ നടക്കില്ല..” ദേവിയെ ചേർത്ത് പിടിച്ചു വ്യാസൻ.
“ബ്രെഡ് ഉണ്ട്..മ്മക്ക് ചിക്കൻ ഒന്ന് ടേസ്റ്റു ചെയ്തു നോക്കിയാലോ..” ദേവി വ്യസനെ നോക്കി ചോദിച്ചു..
“അപ്പൊ ഒരു പാത്രം നേരത്തെ കഴിച്ചതോ..”
“അപ്പൊ ബ്രെഡ് ഉണ്ടായില്ല ലോ..”
“ഓ അങ്ങനെ..”
“മ്മ്..അങ്ങനെ തന്നെ ..”
***************************
“ഡാ..” ദേവി തട്ടി വിളിക്കുന്നത് കേട്ട് വ്യാസൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു..
“എന്താ..ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ..”
“നമുക്ക് ഒരിടം വരെ ഒന്ന് അത്യാവശ്യമായി പോകണം..നീ വേഗം റെഡി ആവൂ..”
“എവിടേക്ക്..”
“നിന്നോട് പറഞ്ഞത് കേട്ടാൽ മതി..പിന്നെ കാവി മുണ്ട് മതി..ഷർട്ടോ, ടി ഷർട്ടോ അത് നിന്റെ ഇഷ്ടം..വേഗം ഉമ്മറത്തെയ്ക്ക് വാ..നമുക്ക് ഒന്ന് വേഗം പോയിട്ട് വരാം…”
അതും പറഞ്ഞു ദേവി തിരിഞ്ഞു നടന്നു..
********************
“മ്മ്..ദാ ഈ വീട് തന്നെ..ഉള്ളിലേക്ക് കയറ്റിക്കൊ..”
പഴയ കോവിലകം പോലുള്ള ഒരു വീടിനു മുന്നിലെ ഇടവഴി ചൂണ്ടി ദേവി പറഞ്ഞത് കേട്ട് വ്യാസൻ കാർ ഇടവഴിയിലൂടെ മുന്നോട്ട് ഓടിച്ചു..
ഇരു വശവും മാവും, പ്ലാവും വളർന്നു പന്തലിച്ച ആ വഴിയുടെ ഇടയിലൂടെയുള്ള യാത്ര വല്ലാതെ വ്യാസൻ ആസ്വദിച്ചു..
ഒടുവിൽ പഴമ വിളിച്ചോതുന്ന വീടിനു മുന്നിലെ തുളസി തറയുടെ തൊട്ട് മുന്നിൽ വ്യാസൻ കാർ നിർത്തി..
“എന്താ ഇവിടെ..” കാർ തുറന്നു പുറത്ത് ഇറങ്ങി ചുറ്റിനും നോക്കി വ്യാസൻ ദേവിയെ നോക്കി ചോദിച്ചു..
“എങ്ങനെയുണ്ട് സ്ഥലം..” ദേവി പുറത്ത് ഇറങ്ങി ചുറ്റിനും നോക്കി വ്യാസനോട് ചോദിച്ചു..
“കിടു..”
“മ്മ്..”
“എന്താ ഇവിടെ..ഇത് ആരുടെ വീടാണ്..”
“നിന്റെ ആദ്യത്തെ പെണ്ണ് കാണൽ ചടങ്ങാണ് ഇനി നടക്കാൻ പോകുന്നത്..”
ദേവി പറഞ്ഞത് കേട്ട് വ്യാസൻ ഞെട്ടി..
ആ നിമിഷം ഉമ്മറ കോലായിലേക്ക് നടന്നു വരുന്ന ആളെ കണ്ട് വ്യാസന്റെ ഹൃദയം നിലച്ചു..
“മീര..”
വ്യാസൻ മെല്ലെ പറഞ്ഞു.
ഭാഗം 07
ആ നിമിഷം ഉമ്മറ കോലായിലേക്ക് നടന്നു വരുന്ന ആളെ കണ്ട് വ്യാസന്റെ ഹൃദയം നിലച്ചു.
“മീര..” വ്യാസൻ മെല്ലെ പറഞ്ഞു..
“ആരാന്ന്..” ദേവി വ്യാസനെ നോക്കി..
“മീര..”
“ഓ..ഇവളാണോ അവൾ..”
“മ്മ്..”
“ആ മുണ്ട് ഒന്ന് വളച്ചു കുത്തിക്കോ..പിന്നെ ഇത് ഒരു പെണ്ണ് കാണൽ ആയി എടുക്കണ്ട..നീ എന്റെ കൂടെ ചുമ്മാ വരുന്നു..മനസ്സിലായോ..”
“അല്ലെങ്കിലും പെണ്ണ് കാണാൻ ഉള്ള ഒരു മൂഡിൽ അല്ല ഞാൻ..” അതും പറഞ്ഞു ഇരുവരും ഉമ്മറ കോലായിലേക്ക് കയറി..
മുന്നിൽ വന്നു നിൽക്കുന്ന വ്യാസനെ കണ്ട് മീര ഞെട്ടി..അവളെ മൈൻഡ് ചെയ്യാതെ വ്യാസൻ മുന്നോട്ട് നടന്നു..
“ആരാ..” മീര ദേവിയെ നോക്കി ചോദിച്ചു..
“ഭാമയില്ലേ..”
“ഉണ്ട്..വരൂ അകത്തേയ്ക്ക് ഇരിക്കാം..” മീര മുന്നോട്ട് നടക്കുന്ന നേരം തല ചെരിച്ചു വ്യാസനെ നോക്കി..വ്യാസൻ അവളെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി..
“ഹരിതേച്ചി…ഭാമ മ്മയെ തിരക്കി ആരോ രണ്ട് പേര് വന്നിട്ടുണ്ട്..” മീര ഹരിതയുടെ റൂമിലേക്ക് ചെന്നു പറഞ്ഞു..
“ആരാ..” മൊബൈൽ ബെഡിലേക്ക് ഇട്ട് ഹരിത എഴുന്നേറ്റു ഹാളിലേക്ക് വന്നു..
“ദേവ്യേച്ചി..”
“ആഹാ…നീ ഇവിടെ ഉണ്ടായോ..” ഹരിതയെ കണ്ടതും ദേവി എഴുന്നേറ്റു വന്ന് അവളെ കെട്ടിപിടിച്ചു..
“ഇന്നലെ വൈകുന്നേരം ഇങ്ങു പോന്നൂ..ഇനി രണ്ട് ദിവസം ലീവ് ആണ്..”
“ഇതാരാ..” മീരയെ നോക്കി ദേവി ചോദിച്ചു..
“വിധുവേട്ടന്റെ അനിയത്തി..മീര..കുറച്ചായി ഞാൻ പറയുന്നു ഒന്ന് ഇങ്ങോട്ട് വരാൻ..ഇത്തവണ വന്നപ്പോൾ കൂടെ കൂട്ടി ഞാൻ..”
“മ്മ്..” ദേവി മൂളി..
“എന്തു കോലം ആണ് ചെക്കാ ഇത്..ഇവന് വീട്ടിൽ നല്ല ഡ്രസ്സ് ഒന്നും ഇല്ലേ…” വ്യസനെ നോക്കി ഹരിത പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു..
“ഏയ്..ഇവനെ ഞാൻ വഴിയിൽ നിന്ന് പൊക്കിത്…കൂട്ടുകാരുടെ കൂടെ വെള്ളമടി കമ്പനി തുടങ്ങാൻ ഉള്ള ഒരു പ്ലാനിൽ തെങ്ങിൻ തോപ്പിൽ ഇരിക്കുകയായിരുന്നു..അവിടന്ന് പൊക്കി കൊണ്ട് വന്നത്..” ദേവി പറഞ്ഞത് കേട്ട് വ്യാസൻ ഞെട്ടി..
“എന്റെ ത, ള്ളേ..നിങ്ങൾക്ക് ഓസ്‌കാർ തരണം..” വ്യാസൻ ദേവിയെ നോക്കി ഉള്ളിൽ പറഞ്ഞു. ആ നോട്ടത്തിന്റെ അർത്ഥം മനസിലായ ദേവി വ്യാസനെ നോക്കി കണ്ണിറുക്കി..
“എങ്ങനെ ഇപ്പോളും വോ, ഡ്‌ക തന്നേ ആണോ..അതോ ബ്രാൻഡ് മാറിയോ..” ഹരിതയുടെ ചോദ്യം കേട്ട് വ്യാസൻ ചമ്മിയ ഒരു ചിരി ചിരിച്ചു..
“ഇപ്പൊ നല്ല പുരോഗതി ഉണ്ട്..” മറുപടി ദേവിയുടെയായിരുന്നു..
“എന്തേ അടി കുറച്ചോ..”
“ഏയ്..അങ്ങനെ അല്ല..ഇപ്പൊ വോ, ഡ്ക മുതൽ പ, ട്ട ചാ, രാ. യം വരെ എത്തിയിട്ടിണ്ട്..ഏതു സാധനവും കേറും..” ദേവി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..
ഇതെല്ലാം കണ്ടും കേട്ടും മീര പകച്ചു പണ്ടാറടങ്ങി നിൽപ്പുണ്ട്.. (മീരയുടെ മുഖം നിങ്ങൾക്ക് കിട്ടുന്നുണ്ടോ ഇപ്പൊ🥰..ഉണ്ടേൽ ഒന്ന് കമന്റ് ബോക്സിൽ ഇട്ടേക്കണെ.. 🥰)
“അമ്മ എവിടെ..” ദേവി അടുക്കളയിലേക്ക് നടന്നു കൊണ്ട് ചോദിച്ചു..
“വരദ ഇന്ന് വരുന്നുണ്ടേ..അവളുടെ എക്സാം കഴിഞ്ഞു..അവളെ കൊണ്ട് വരാൻ റെയിൽവേ സ്റ്റേഷനിൽ പോയേക്കുന്നു..”
“ഇപ്പൊ..ഏതായിരുന്നു പഠിച്ചേ..”
“ബിഎഡ് കഴിഞ്ഞു..”
“മ്മ്..”
“വരാൻ ലേറ്റ് ആവോ..ഏയ് ഇല്ല..ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ..” അതും പറഞ്ഞു ഹരിത തിരികെ റൂമിലേക്ക് നടന്നു..
അടുക്കളയുടെ വാതിൽ തുറന്നു ദേവി പുറത്ത് ഇറങ്ങി..
ഹാളിൽ ഈ സമയം വ്യാസനും, മീരയും മാത്രം..
വ്യാസൻ ടീ പോയിൽ കിടന്ന പത്രം എടുത്തു വെറുതെ മറച്ചു..
മീര എങ്ങോട്ട് പോണം എന്ന് അറിയാതെ അവിടെ നിന്ന് ഉരുകി..
“ഇയാൾ ഹരിതേച്ചിയുടെ പരിചയക്കാരൻ ആയിരുന്നോ..ഇതെന്തു കോലം ആണ് ഇങ്ങേരുടെ..കാണുമ്പോൾ എല്ലാം വെൽ ഡ്രെസ്ഡ് ആയിരുന്നു ലോ..ഇത് ഇപ്പൊ തനി കൂ. തറ ലുക്ക്..” മീര വ്യാസനെ ഇടം കണ്ണിട്ട് നോക്കി ഉള്ളിൽ പറഞ്ഞു..
വ്യാസൻ പെട്ടന്ന് പത്രത്തിൽ നിന്ന് മുഖം ഉയർത്തി മീരയെ നോക്കി..ആ നോട്ടത്തിൽ മീര ഒന്ന് പതറി..ഒരു വളിച്ച ചിരി അവനെ നോക്കി ചിരിച്ചിട്ട് ചുമരിൽ ഇരുന്ന പൊടി തട്ടുന്നത് പോലെ ചെയ്തു വേഗം ഹരിതയുടെ മുറിയിലേക്ക് കയറി പോയി..
************************
“അവര് വീട്ടിൽ വന്നിട്ടുണ്ട്..” കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഭാമ വരദയെ നോക്കി പറഞ്ഞു..
“ആര്..” വരദ മൊബൈലിൽ നിന്നും മുഖമുയർത്തി ഭാമയെ നോക്കി..
“ദേവിയും, വ്യാസനും..”
” മ്മ്.. “
“എന്തേ ഒരു മൂളൽ..”
“ഒരു ജോലിയൊക്കെ ആയിട്ട് പോരെ ഒരു വിവാഹം..ഇങ്ങനെ പെട്ടന്ന്..”
“വിവാഹം ഒന്നും തീരുമാനമായിട്ടില്ല..അവൾ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞു..ഞാൻ നിന്നോട് വിളിച്ചു സൂചിപ്പിച്ചു..അത്ര മാത്രം..തീരുമാനം നിങ്ങളുടെ രണ്ട് പേരുടെയുമാണ്..”
“ഒരു വർഷം എനിക്ക് ഒന്ന് റിലാക്സ് ആയി നടക്കണം..പഠിപ്പും,ജോലിയും ഒന്നുമില്ലാതെ ഒരു ടെൻഷനും ഇല്ലാതെ ഒരു വർഷം..അതാണ് ഇപ്പൊ മനസിൽ..അല്ലാതെ വേറെ ഒന്നും ഇല്ല ചിന്തയിൽ..ഈ ഒരു വർഷം കഴിഞ്ഞു ചിന്തിക്കാം അമ്മ പറഞ്ഞ കാര്യം..”
“ആയിക്കോട്ടെ..മോള് പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു..നിങ്ങൾ പരസ്പരം ഒന്ന് സംസാരിച്ചു നോക്കൂ..രണ്ടാളുടെയും വേവ് ലെങ്ത് ഒരുപോലെയാണോയെന്ന് അറിയാലോ..”
“അതിനൊക്കെ ഒരു സമയമുണ്ട് .അന്നേ അതെല്ലാം ഉണ്ടാവൂ..അല്ലാതെ ഒരു ചിന്ത..അതും മുൻവിധിയോടെ ഒരു ചിന്ത..അത് ഇപ്പോൾ തൽക്കാലം മനസിൽ ഇല്ല..”
“ഒന്നിനോടും മുൻവിധി വേണ്ട..അത് അമ്മയ്ക്കും ഇഷ്ടമുള്ള കാര്യം അല്ല..പക്ഷെ..കാണേണ്ട സമയത്തു കാഴ്ചകൾ കൃത്യമായി കാണാൻ ഉള്ള മനസുണ്ട് എന്ന് സ്വയം അറിയാൻ ശ്രമിക്കണം..”
“അമ്മയ്ക്ക് വട്ടാണോ..ചുമ്മാ ഓരോന്ന് പറഞ്ഞു കാട് കയറണ്ട..ഒരു വർഷം..ഒരു വർഷം കഴിഞ്ഞേയുള്ളൂ അമ്മ പറഞ്ഞ കാഴ്ചകൾക്ക് കൂടെയുള്ള എന്റെ യാത്ര..”
ഭാമയുടെ മറുപടിയ്ക്ക് നിൽക്കാതെ സ്റ്റീരിയോയിലൂടെ ഒഴുകി വരുന്ന മലയാളം മെലഡിയുടെ ശബ്ദം കൂട്ടി കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി മിഴികൾ പതിയെ അടച്ചു വരദ.
**********************
“വന്നിട്ട് ഒരുപാട് നേരമായോ..” വ്യാസനെ നോക്കി കാറിൽ നിന്ന് ഇറങ്ങി വരദ ചോദിച്ചു..
“ഒരു മണിക്കൂർ ആവുന്നു..”
“എന്നിട്ട് ഇവിടെ ആണോ ഇത്രയും നേരമായി ഇരുപ്പ്..” മുറ്റത്തെ മാവിന്റെ ചുവട്ടിൽ ഇട്ട കസേരയിൽ നിന്നും എഴുന്നേറ്റ വ്യാസനെ നോക്കി ഭാമ ചോദിച്ചു..
“ഏയ്..അല്ല..ചായ കുടിച്ചു..പിന്നെ ഇങ്ങനെ ചുമ്മാ പുറത്ത് ഇറങ്ങി..”
“മ്മ്..” പുഞ്ചിരിച്ചു കൊണ്ട് ഭാമ അകത്തേക്ക് കയറി പോയി..
“വായിച്ചിട്ടുണ്ടോ ഈ പുസ്തകം..” വ്യാസന്റെ കൈയിലെ പുസ്തകം നോക്കി ഭാമ ചോദിച്ചു..
“മഞ്ഞ്..എം. ടിയെ വായിച്ചില്ലേ പിന്നെ എന്ത് മലയാളി..അവിടെ അങ്ങനെ കിടക്കുന്ന കണ്ടപ്പോൾ ഒരിക്കൽ കൂടെ ഒന്ന് വായിച്ചു നോക്കി..”
“നിന്റെ എക്സാം കഴിഞ്ഞ..”
“ഉവ്വ്..”
“എങ്ങനെ..റാങ്ക് പ്രതീക്ഷ ഉണ്ടോ..”
“ആദ്യ പത്തിൽ ചിലപ്പോൾ പ്രതീക്ഷിക്കാം..”
“ഗുഡ്..”
“ഈ ലുക്ക് കൊള്ളാം..ഒരു വെറൈറ്റി ഉണ്ട്..” വ്യാസനെ അടിമുടി നോക്കി വരദ പറഞ്ഞു..
“മ്മ്..നീ പോയി ഫ്രഷ് ആവൂ..ഒരു യാത്ര കഴിഞ്ഞു വന്നതല്ലേ..”
“അകത്തേയ്ക്ക് ഇരിക്കൂ..ഇവിടെ ഇങ്ങനെ..”
“ഏയ് കുഴപ്പമില്ല..അടിപൊളി വൈബ് ആണ് ഇവിടെ..ഈ വീടും..ചുറ്റുപാടും കൊള്ളാം..”
“എങ്കിൽ അവിടെ ഇരുന്നു പ്രകൃതിയെ കാണൂ..ഞാൻ പോയി ഒന്ന് ഫ്രഷ് ആയിട്ട് വരാം..” വരദ അകത്തേയ്ക്ക് കയറി പോയി..
ഈ സമയം അവരുടെ സംസാരം ഹരിതയുടെ റൂമിൽ ഇരുന്നു മീര കേൾക്കുന്നുണ്ടായിരുന്നു.. “
**************************
“അവളോട് ഞാൻ സൂചിപ്പിച്ചു കാര്യം..” ചായ ചുണ്ടിൽ ചേർത്ത് ഭാമ ദേവിയെ നോക്കി പറഞ്ഞു..
“എന്ത് പറഞ്ഞു മോള്..” കായ വറുത്തത് വായിലേക്ക് ഇട്ട് മെല്ലെ കടിച്ചു ദേവി..
“രണ്ടാളും സംസാരിച്ചു നോക്കട്ടെ..അല്ലാതെ നമ്മൾക്ക് അടിച്ചേൽപ്പിക്കാൻ കഴിയോ..
മോള് പറയുന്നു അവൾക്ക് ഒരു വർഷം ഒരു ചിന്തയും ഇല്ല എന്നാണ്..ജോലി പോലും ഒരു വർഷം കഴിഞ്ഞു നോക്കുന്നുള്ളുവെന്ന്..”
“അവനോട് ഞാൻ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല..എന്നാലും ഒരു സൂചന കൊടുത്തു..”
“വ്യാസനും, വരദയും നല്ല ചേർച്ചയാണ്..” ദേവിയുടെ വാക്കുകൾ കേട്ടാണ് മീര പെട്ടന്ന് അവർക്ക് മുന്നിലേക്ക് വന്നത്..
മീരയുടെ ഹൃദയം ഒന്ന് പിടഞ്ഞു..
ഭാഗം 08
“വ്യാസനും, വരദയും നല്ല ചേർച്ചയാണ്..”
ദേവിയുടെ വാക്കുകൾ കേട്ടാണ് മീര പെട്ടന്ന് അവർക്ക് മുന്നിലേക്ക് വന്നത്..
മീരയുടെ ഹൃദയം ഒന്ന് പിടഞ്ഞു.
********************
“ഏടത്തി..ഞാൻ നാളെ വീട്ടിൽ പോയാലോന്ന് ആലോചിക്കുവാ..” രാത്രി ഹരിതയെ കെട്ടിപിടിച്ചു കിടക്കുമ്പോ മീര പറഞ്ഞത് കേട്ട് മൊബൈൽ മാറ്റി വെച്ചു ഹരിത മീരയെ നോക്കി..
“പോണോ..”
“മ്മ്..”
“ഞാനും വരാം എങ്കിൽ..” പെട്ടന്ന്ഡോർ തള്ളി തുറന്നു വരദ റൂമിലേക്ക് കയറി വന്ന് പറയുന്നത് കേട്ട് മീരയും, ഹരിതയും അവളെ നോക്കി..
“എവിടേക്ക് വരുന്നു നീ..” ഹരിത വരദയെ നോക്കി ചോദിച്ചു..
“അല്ല..നാളെ എവിടെയോ പോകുന്നത് പറയുന്നത് കേട്ട്..” ഹരിതയുടെ ഇപ്പുറത്തു വന്നു കിടന്നു വരദ പറഞ്ഞു..
“ഏയ്..അത് മീരയ്ക്ക് നാളെ വീട്ടിലേക്ക് തിരിച്ചു പോണന്ന്..”
“അതെന്താ ഇപ്പൊ പെട്ടന്ന്..ഇന്ന് ഉച്ചക്ക് ഇങ്ങോട്ട് വന്നല്ലേയുള്ളൂ..” വരദ വേഗം എഴുന്നേറ്റു ബെഡിൽ ചമ്രം പടിഞ്ഞിരുന്നു മീരയെ നോക്കി ചോദിച്ചു..
“ഒരു പ്രൊജക്റ്റ് ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു..കുറച്ചു മുന്നേ ആണ് അതിനെ പറ്റി ഓർത്തത്..”
“ഇനി നിനക്ക് ബുധനാഴ്ച അല്ലെ കോളേജ് ഓപ്പൺ..” ഹരിത മീരയെ നോക്കി ചോദിച്ചു..
“അതെ..”
“ചേച്ചിക്ക് ഇനി എന്നാ ഡ്യൂട്ടിക്ക് കേറേണ്ടത്..” ഹരിതയെ നോക്കി വരദ..
“എനിക്ക് തിങ്കൾ കേറണ്ടേ പെണ്ണെ..”
“നാളെ ശനി, മറ്റന്നാൾ ഞായർ..അത് കഴിഞ്ഞല്ലേ തിങ്കൾ..”
“അതിന്..” ഹരിത നെറ്റി ചുളിച്ചു കൊണ്ട് മീരയെ നോക്കി..
“നമുക്ക് നാളെ രാവിലെ ഒരു ട്രിപ്പ് പോയാലോ..” വരദയുടെ ചോദ്യം കേട്ട് ഹരിത വേഗം ചാടി എഴുന്നേറ്റ് ബെഡിൽ ഇരുന്നു..
“എവിടേക്ക്..”
“അത് എവിടേലും പോവാം..ഓക്കേ ആണോ..മീരയെ നോക്കി വരദ..
മീര ഹരിതയെ നോക്കി..ഹരിത രണ്ട് പുരികം മുകളിലേക്ക് അനക്കി എന്ത് വേണം എന്ന രീതിയിൽ മീരയെ നോക്കി..
“ആരൊക്കെ..”
ഇത്തവണ ശബ്ദം മീരയുടെയായിരുന്നു..
“നമ്മൾ മൂന്നു പേര്..അമ്മ..പിന്നെ വിധുവേട്ടൻ, പ്രഭാന്റി..”
“ഏട്ടൻ വരില്ല..” പെട്ടന്നായിരുന്നു ഹരിതയുടെ മറുപടി..
“നിന്റെ ഫോൺ എവിടെ..” മീരയെ നോക്കി വരദ ചോദിച്ചു..
ബെഡിന് അരുകിൽ വെച്ചിരുന്ന മൊബൈൽ എടുത്തു വരദയ്ക്ക് നൽകി മീര..
“ഇതിന് ലോക്ക് ഒന്നും ഇല്ലേ..’
“ഇല്ല..”
“ആഹാ കൊള്ളാലോ..ന്താ ങ്ങടെ ഏട്ടന്റെ പേര് സേവ് ചെയ്തേക്കുന്നെ..”
“ഏട്ടൻ..”
ഡയൽ നമ്പറിൽ മൂന്നാമത്തെ കാൾ വിധുവിന്റെയായിരുന്നു..വരദ നമ്പർ ഡയൽ ചെയ്തു.
“ഏട്ടാ..വരദയാണ്..”
“എന്താ മോളേ..”
“നാളെ എന്താ പരിപാടി..”
“ഫ്രണ്ടിനെ കൊണ്ട് വരാൻ എയർപോർട്ടിൽ പോണം..”
“മാറ്റിവെക്കാൻ പറ്റില്ലേ..”
“എന്തേ..അവരൊക്കെ എവിടെ..”
“രണ്ടും ദാ എന്റെ മുന്നിൽ ഇരിപ്പുണ്ട്..”
“എന്താ കാര്യം..”
“ഒരു ട്രിപ്പ് പോകാനായിരുന്നു..”
“എവിടേക്ക്..”
“അങ്ങനെ ഒരു സ്ഥലം തീരുമാനമായില്ല..ഇവിടന്ന് ഞങ്ങളും..അവിടന്ന് ഏട്ടനും, ആന്റിയും..”
“മോളേ..എനിക്ക് നാളെ വരാൻ പറ്റില്ല ലോ..”
“അപ്പൊ പിന്നെ പോകണ്ട..”
“നിങ്ങൾക്ക് പോയിട്ട് വന്നൂടെ..അമ്മയോട് ഞാൻ ചോദിച്ചിട്ട് വിളിക്കാം..”
“ശരി..”
“ചേച്ചിടേൽ കൊടുത്തേ..”
“ഏട്ടാ..”
“ഇങ്ങനെ കറങ്ങി നടന്നോ..”
“അയ്യോ ഞാൻ അല്ല മനുഷ്യാ..ഇവളാണ്..വരദ..”
“എനിക്ക് നാളെ എയർപോർട്ടിൽ പോണം..നിധിൻ വരുകയല്ലേ..”
“ഓ..എപ്ല ഫ്ലൈറ്റ്..”
“ഉച്ചക്ക്..”
“എന്നാ പിന്നെവേറെ ഒരു ദിവസം ആവാം അല്ലെ ഏട്ടാ..”
“അകലെ ഒന്നും പോകണ്ട..അടുത്ത് എവിടേലും പോയിട്ട് വാ..അമ്മയോട് ചോദിച്ചിട്ട് ഞാൻ പറയാം..”
“ഏയ് വേണ്ട..അമ്മ വരാൻ റെഡി ആണ്..എന്റെ മൊബൈലിൽ ന്ന് വിളി കഴിഞ്ഞു ഇവിടെ..
ഏട്ടൻ രാവിലെ ഇവിടെ കൊണ്ട് വിട്ടാൽ മതി..പിന്നെ ഏട്ടന്റെ കാറും..പോകുമ്പോ ഇവിടന്ന് കാർ കൊണ്ട് പൊക്കോ..ഏട്ടന്റെ ആവുമ്പോ ഞങ്ങൾക്ക് എല്ലാർക്കും മര്യാദയ്ക്ക് ഇരുന്നു പോകാലോ..”
“എന്റെ ഗൂഗിൾ പേ ഇന്ന് ഉച്ചക്ക് മുതൽ ട്രാൻസാക്ഷൻ ഒന്നും നടക്കുന്നില്ല..” വിധു മുൻകൂർ ജാമ്യം എടുത്തു..
“അമ്മ എടുക്കാന്ന് പറഞ്ഞു ഇവിടന്ന്..”
“ഓ..അപ്പൊ എല്ലാം മുൻകൂട്ടി പ്ലാൻ ആണ് ല്ലേ.. “
“ഏയ്..ഇല്ല ഏട്ടാ..എല്ലാം ഇപ്പൊ ഒറ്റ നിമിഷം കൊണ്ട് ഉണ്ടായത്..”
“മ്മ്..ശരി..ശ്രദ്ധിച്ചു പോയി വാ..
നീ ഡ്രൈവ് ചെയ്താൽ മതി..മീരയ്ക്കും, വരദയ്ക്കും കൊടുക്കണ്ട..”
“ഓ..ആയിക്കോട്ടെ മ്പ്ര..” അപ്പുറത്തു നിന്ന് മീരയും, വരദയും ഉറക്കെ വിളിച്ചു പറഞ്ഞു..
വിധു വേഗം കാൾ കട്ട് ചെയ്തു..
************************
പ്രഭ,ഭാമ, ദേവി മീര, ഹരിത, വരദ..
പേരുകൾ നിങ്ങൾക്ക് കൺഫ്യൂഷൻ വരും..
ദേവിയുടെ മകൻ വ്യാസൻ
ഭാമയുടെ മക്കൾ ഹരിത, വരദ
പ്രഭയുടെ മക്കൾ മീര, വിധു
***************************
“എന്നെ പൊക്കാൻ ആണോ ഇങ്ങോട്ട് വന്നത്..ഒന്ന് വിളിച്ചു പറഞ്ഞിട്ട് വന്നാൽ പോരെ..” നൈറ്റി എടുത്തു മുട്ടോളം പൊക്കി കുത്തി മുറ്റ മടിക്കുകയായിരുന്നു ദേവി കാറിൽ നിന്ന് ഇറങ്ങി വന്ന ഭാമയെ നോക്കി ചോദിച്ചു..
“അതിൽ എന്ത് ത്രിൽ ആണ് ഉള്ളത്..ഇതിപ്പോ കുളിക്കാതെ പല്ല് തേയ്ക്കാതെ നിൽക്കുന്ന നിന്നെ കാണാൻ പറ്റി യല്ലോ..” ഭാമ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഹരിത മോൾടെ ചങ്ക്..വിധുവിന്റെ അമ്മ..കാറിൽ നിന്നും ഇറങ്ങി വന്ന പ്രഭയെ ദേവിയ്ക്ക് പരിചയപെടുത്തി ഭാമ..
“അപ്പൊ എപ്പോ എത്തി വീട്ടിൽ..” പ്രഭയെ നോക്കി ദേവി ചോദിച്ചു..
“വിധു രാവിലെ കൊണ്ട് വിട്ടിട്ട് പോയി..”
“എനിക്ക് ഒന്ന് കുളിക്കണം..ഒരു ഇരുപതു മിനിറ്റ്..നിങ്ങൾ കയറിയിരിയ്ക്ക്..” ദേവി വേഗം അകത്തേയ്ക്ക് കയറി..
“ഡാ..പോയിട്ട് അവർക്ക് ചായ ഇട്ട് കൊടുക്ക്..” മൂടി പുതച്ചു കിടക്കുന്ന വ്യാസനെ തട്ടി വിളിച്ചു ദേവി..
“ഒന്ന് പോ അമ്മാ..ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ..” വ്യാസൻ ഒച്ച വെച്ചു..
“ഡാ കോ, പ്പേ..ആ മീരയും, വരദയും, ഹരിതയും എല്ലാരും താഴെ ഉണ്ട്..നീ പോയി ഒരു ചായ ഇട്ട് കൊടുത്തിട്ട് വാ..ഞാൻ പോയി കുളിച്ചിട്ട് വേഗം വരാം..” വ്യാസന്റെ മറുപടി കേൾക്കാൻ നിക്കാതെ ദേവി റൂമിലേക്ക് നടന്നു…
“ഈ കു, രിപ്പുകൾക്ക് ഉറക്കവും ഇല്ലേ..” കാട്ടിലിനു അടിയിൽ നിന്നും മുണ്ട് തപ്പി എടുത്ത് വ്യാസൻ ബെഡിൽ നിന്നും എഴുന്നേറ്റു താഴേക്ക് ചെന്നു..
“ഗുഡ് മോർണിംഗ്..” വിധു എല്ലാരെയും നോക്കി വിഷ് ചെയ്തു..
“മോർണിംഗ്… ഡാ..പ്രഭ വ്യാസനെ നോക്കി പറഞ്ഞു..
മുണ്ട് മടക്കി കുത്തി വ്യാസൻ അടുക്കളയിലേക്ക് നടന്നു..വ്യാസന് പിറകെ വരദയും ചെന്നു..
“എന്താ പരിപാടി..” അടുക്കളയിൽ ചായയ്ക്ക് വെള്ളം തിളപ്പിക്കാൻ വെച്ച വ്യാസന്റെ പിറകിൽ വന്നു വരദ ചോദിച്ചു..
“അല്ല..നിങ്ങൾ എല്ലാം കൂടെ കുറ്റീം പറച്ചു എങ്ങോട്ടാ രാവിലെ തന്നെ..” തിരിഞ്ഞു നിന്നു വ്യാസൻ വരദയെ നോക്കി ചോദിച്ചു..
“മഞ്ചാടികുന്ന് കാണാൻ പോകുന്നു..”
“ആഹാ..കൊള്ളാലോ..എന്തെ പെട്ടന്ന് ഇങ്ങനെ ഒരു ട്രിപ്പ്..”
“ചുമ്മാ ഒരു രസം..”
“മ്മ്..”
“പോരുന്നോ..നിന്റെ മീരയും ഉണ്ട് ഞങ്ങളുടെ കൂടെ..” വരദയുടെ മറുപടി കേട്ട് വ്യാസൻ ഒന്ന് പകച്ചു..
“എന്തേ..നാവിറങ്ങി പോയോ..” വരദ വ്യാസനെ നോക്കി ചോദിച്ചു..
“നിനക്ക്..നിനക്ക് എങ്ങനെ അറിയാം..”
“ഒരു കാര്യം ഞാൻ പറഞ്ഞേക്കാം..ഒരു വർഷം ഞാൻ അമ്മയോട് സാവകാശം ചോദിച്ചിട്ടുണ്ട്..
ഇതിനിടയിൽ നിനക്ക് വേറെ ആരെങ്കിലും അത് ഇപ്പൊ മീരയാണെങ്കിൽ മീര..
അതല്ല വേറെ ആരെങ്കിലും ആണേൽ അവർ..നിന്റെ ഇഷ്ടം..
അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറയണം..അമ്മയുടെ വിചാരം നിന്നെ കൊണ്ട് എന്നെ കെട്ടിക്കാൻ ആണ്..
നിന്റെ മനസിൽ വേറെ ഒരാളു ണ്ട് എന്ന് അമ്മയ്ക്ക് അറിയില്ല..പിന്നെ ഞാൻ ഇത് എങ്ങനെ അറിഞ്ഞു എന്നും ആലോചിച്ചു നീ തല പുകയ്ക്കണ്ട..
ഇന്നലെ മീരയുടെ ഡയൽ നമ്പറിൽ നിന്റെ പേരായിരുന്നു ആദ്യം കിടന്നത്..വരദ പറഞ്ഞത് കേട്ട് വ്യാസൻ ഞെട്ടി..
നിന്നെ അവൾക്ക് അറിയുമോ..നിനക്ക് അവളെ ഇഷ്ടമാണോ..അവൾക്ക് നിന്നെയും ഇഷ്ടമാണോ..
വരദയുടെ ചോദ്യം കേട്ട് വ്യാസൻ പിടഞ്ഞു..
******************************
“മീര..” മഞ്ചാടികുന്നിലെ പാറപുറത്ത് കാറ്റും കൊണ്ട് ദൂരേയ്ക്ക് നോക്കിയിരിക്കുന്ന മീര വരദയുടെ വിളി കേട്ട് തിരിഞ്ഞു നോക്കി..
“എന്താ.. വരദാ..” പാറി വന്ന മുടിയിഴ മാടിയൊതുക്കി മീര വരദയെ നോക്കി ചോദിച്ചു..
വരദ മീരയുടെ അടുത്ത് വന്നിരുന്നു..
“ഞാൻ എന്ത് വേണം..” മീരയെ നോക്കാതെ വരദ ദൂരേയ്ക്ക് കണ്ണും പായിച്ചു കൊണ്ട് ചോദിച്ചു..
“എന്തേ..”
“വ്യാസൻ..അവൻ കൊറേ ആയില്ലേ നിന്റെ പിറകെ നടക്കുന്നു…നിന്റെ മനസിൽ അവനോട് ഇഷ്ടം ഉണ്ടോ..” വരദയുടെ ചോദ്യം മീരയുടെ അ, ടിവയറ്റിൽ ഒരു പിടച്ചിലായി മാറി..
“എന്തെ ഇപ്പൊ എന്നോട് ഇങ്ങനെയൊരു ചോദ്യം..”
“മീര..” വരദ പതിയെ വിളിച്ചു..
“മ്മ്..”
“കൈ വിട്ട് പോയിട്ട് പിന്നെ അതിനെ കുറച്ചു ആലോചിച്ചു വിഷമിച്ചിട്ടു കാര്യം ഇല്ല..
എന്തെങ്കിലും മനസിൽ ഉണ്ടേൽ തുറന്നു പറയേണ്ട സമയമാണ് ഇപ്പൊ നിന്റെ മുന്നിൽ ഉള്ളത്..”
“അതിനിപ്പോ ഞാൻ എന്ത് ചെയ്തിട്ടാ..” മീരയുടെ ശബ്ദം നേർത്തു..
“എനിക്ക് നിങ്ങളെ പറ്റി കൂടുതൽ ഒന്നും അറിയില്ല..പക്ഷെ..എനിക്ക് വീട്ടിൽ ആലോചനയുമായി വന്ന വ്യാസന്റെ അമ്മയോട് മറുപടി പറയാൻ എന്റെ അമ്മയ്ക്ക് ഒരു നിമിഷം മാത്രം മതിയായിരുന്നു..
കാരണം എന്റെ അമ്മയുടെ തീരുമാനം ആവും എന്റെയും എന്ന് അമ്മയ്ക്ക് നല്ലത് പോലെ അറിയാം..
പക്ഷെ..എനിക്ക് വ്യാസനെ അറിയില്ല..അവനെ അറിയാൻ സമയം ഞാൻ ചോദിച്ചു..പക്ഷെ..ഇന്നലെ രാത്രി തന്നെ വ്യാസനെ ഇഷ്ടപെടുന്ന ഒരാളെ ഈ ഭൂമിയിൽ ഞാൻ കണ്ടു..ആ ഒരാൾ നീ ആയിരുന്നു..എന്തെ നീ ഇത് അവനോട് തുറന്നു പറയുന്നില്ല..” വരദയുടെ വാക്കുകൾ കേട്ട് മീര ചാടിയെഴുന്നേറ്റ് തിരിഞ്ഞു നടന്നു..
“മീര..” വരദയുടെ പിൻ വിളി കേട്ട് മീര പെട്ടന്ന് നിന്നു..
“അവനെ നിനക്ക് വേണ്ടെങ്കിൽ..എനിക്ക് തന്നേക്ക്..ഞാൻ നോക്കിക്കോളാം പൊന്ന് പോലെ.. വരദയുടെ വാക്കുകൾ മീരയുടെ ചെവിയിലേക്ക് ആഴ്ന്നിറങ്ങി..
ഭാഗം 09
“മീര..” വരദയുടെ പിൻ വിളി കേട്ട് മീര പെട്ടന്ന് നിന്നു..
“അവനെ നിനക്ക് വേണ്ടെങ്കിൽ..എനിക്ക് തന്നേക്ക്..ഞാൻ നോക്കിക്കോളാം പൊന്ന് പോലെ..വരദയുടെ വാക്കുകൾ മീരയുടെ ചെവിയിലേക്ക് ആഴ്ന്നിറങ്ങി..
മീര പതിയെ തിരിഞ്ഞ് വരദയുടെ മുന്നിൽ വന്നു നിന്നു..
“ഞാൻ നഷ്ടപെടുത്തിയാൽ വരദയ്ക്ക് വ്യാസനെ കിട്ടും എന്ന് ഉറപ്പുണ്ടോ..” വല്ലാത്ത ഒരു ഉറപ്പുണ്ടായിരുന്നു മീരയുടെ ചോദ്യത്തിൽ..മീരയുടെ ചോദ്യം വരദയെ ഒന്ന് ഉലച്ചു..മുഖം വിളറി..
“എന്തെ മറുപടിയില്ലേ..” വരദയുടെ കണ്ണുകളിലേക്ക് മീരയുടെ നോട്ടം..ആ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു..
വരദ പെട്ടന്ന് തിരിഞ്ഞു നടന്നു..
“ഡോ..” മീരയുടെ വിളിയിൽ വരദ പിടച്ചിലോടെ തിരിഞ്ഞു നോക്കി..
“അയ്യാൾക്കും ഒരു മനസ് ഉണ്ടെന്ന് ഓർത്താൽ മതി..അയ്യാൾക്കും അയ്യാളുടെ ഇഷ്ടങ്ങളും, സ്വപ്നങ്ങളും ഉണ്ടെന്ന് അറിയാൻ ശ്രമിച്ചാൽ മതി..എനിക്ക് അയ്യാളോട് ഈ നിമിഷം വരെ ഒന്നും ഇല്ലായിരുന്നു..പക്ഷെ..ഇപ്പോൾ എന്റെ നെഞ്ചിൽ ഒരു നീറ്റലും..ഹൃദയത്തിന് മറുപടി നൽകാൻ കഴിയാത്ത വിറയലും എന്നെയും എന്റെ മനസിനെയും കീഴടക്കി തുടങ്ങിയോ എന്നൊരു സംശയം..
അത്..അയ്യാൾ എനിക്ക് നഷ്ടപെടാൻ പോകുന്നു എന്നുള്ള തിരിച്ചറിവിൽ നിന്ന് ഉണ്ടായതാണോ എന്ന് അറിയില്ല..ഇപ്പൊ..ഞാൻ അയാളെ അറിയാൻ ആഗ്രഹിക്കുന്നു..അയ്യാളുടെ ഇഷ്ടങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു..അയ്യാളുടെ സ്വപ്നങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു..അതിനെ പ്രണയമെന്ന് വിളിക്കാമോ എന്ന് അറിയില്ല..
ഒന്ന് ഞാൻ പറയാം..നഷ്ടപ്പെടാൻ പോകുന്നുവെന്ന് അറിയുമ്പോൾ മാത്രം ഭ്രാന്ത് പിടിക്കുന്ന ഒന്നാണ് സ്നേഹം എന്ന് അറിഞ്ഞു തുടങ്ങുന്നു ഞാൻ..എനിക്ക് അയ്യാളെ വേണം…ഇനി മരണത്തിനു പോലും ഞാൻ അയാളെ വിട്ടു കൊടുക്കില്ല വരദാ..ഇത്..ഈ മീരയുടെ വാക്കാണ്..എന്റെ ശ്വാസം ഈ നിമിഷം മുതൽ അയ്യാൾ എന്റെത് ആവുന്നത് സ്വപ്നം കാണുന്നു..”
മീര വരദയുടെ കൈകളിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..ഒന്നും മിണ്ടാതെ വരദ കൈകൾ എടുത്തു മാറ്റി തിരിഞ്ഞു നടന്നു..
************************
ബുധനാഴ്ച രാവിലെ മീര കോളേജിലേക്ക് ഉള്ള യാത്രയ്ക്കായ് ബസ് സ്റ്റാൻഡിൽ നിൽക്കുന്ന നേരം അവളുടെ കണ്ണുകൾ ചുറ്റിനും ആരെയോ തിരഞ്ഞു കൊണ്ടിരുന്നു..
ബസ് വന്നതും അവൾ യാന്ത്രികമായി ബസിലേക്ക് കയറി ഡ്രൈവറുടെ പിറകിൽ നിന്ന് മൂന്നാമത്തെ നിരയിൽ വിൻഡോ സീറ്റിൽ അവൾ ഇരുന്നു..
പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു..
സീറ്റിലേക്ക് ചാരി അവൾ മിഴികൾ മെല്ലെ അടച്ചു.. വ്യാസന്റെ ഓരോ വാക്കുകളും, അവൻ അവളുടെ മുന്നിൽ വന്ന ഓരോ നിമിഷങ്ങളും അവളുടെ മനസിൽ തെളിയാൻ തുടങ്ങി..
“ടിക്കറ്റ്..” കണ്ടക്ടർ വിളിച്ചു ചോദിച്ചത് കേട്ട് മീര വേഗം കണ്ണു തുറന്നു..ബാഗിൽ നിന്നും പൈസ എടുത്തു കണ്ട്ക്ടർക്ക് നേരെ നീട്ടി..
“ദേവമാത കോളേജ്..” കണ്ടക്ടർ ടിക്കറ്റും ബാലൻസ് പൈസയും മീരയ്ക്ക് നൽകി..ഒരു നിമിഷം മീര വെറുതെ തല ചെരിച്ചു പുറകിലേക്ക് നോക്കി..
“ടിക്കറ്റ് ഉയർത്തി പിടിച്ച് അയ്യാൾ പിറകിൽ ഉണ്ടെങ്കിലോ..” മീര വെറുതെ ആലോചിച്ചു..
“എന്ത് പറ്റി തനിക്ക്..ഇങ്ങനെ ഇത്ര പെട്ടന്ന് അയാളിലേക്ക് മാത്രമായ് താൻ ചുരുങ്ങുന്നു..ഇത്ര നാളും എല്ലാം അഭിനയമായിരുന്നോ..അയാളെ ആദ്യം തന്നെ താൻ ഇഷ്ടപെട്ടിരുന്നോ..അല്ലാതെ..എങ്ങനെ..അതല്ലങ്കിൽ അന്ന് വരദയോട് അയ്യാൾ അവളുടെ മുറ്റത്തു വെച്ച് വളരെ അടുപ്പമായി സംസാരിക്കുന്നത് കണ്ടിട്ടോ..അവളെ നീ എന്ന് വിളിച്ചു അധികാരത്തോടെ സംസാരിക്കുന്നത് കണ്ടപ്പോൾ തന്റെ മനസിൽ അറിയാതെ ഒരു പിടച്ചിൽ വന്നത് എന്തിനാവും..
അന്ന്..അയ്യാളുടെ അമ്മയും വരദയുടെ അമ്മയും കൂടെ ഇരുന്നു സംസാരിച്ചത് ഒളിഞ്ഞു നിന്ന് കേട്ടിട്ട് പെട്ടന്ന് ഒന്നും സംഭവിക്കാത്തത് പോലെ അവിടെക്ക് നടന്നു ചെന്നത് എന്തിനായിരുന്നു..
അന്ന്..വരദ അയ്യാളെ വിട്ട് കൊടുക്കാൻ പറഞ്ഞപ്പോൾ ശരീരം മൊത്തം തളർന്നു പോകുന്നത് പോലെ തോന്നിയ നേരം..അയാളോടുള്ള തന്റെ ഇഷ്ടംഒറ്റ ശ്വാസത്തിൽ അവളോട് പറഞ്ഞു തീർത്തത് എന്തിനായിരുന്നു..
ഒടുവിൽ കഴിഞ്ഞ ദിവസങ്ങളിൽ അമ്പലത്തിൽ പോയി കണ്ണനോട് മനസ് തുറന്നു പറഞ്ഞത് എന്തായിരുന്നു..
കണ്ണാ..മനസിൽ അങ്ങനെ അയ്യാളെ ഇഷ്ടമായിരുന്നുവെന്ന് സമ്മതിച്ചു കൊടുക്കാൻ സമയമായില്ല എന്നുള്ളത് കൊണ്ടാണ് എന്ന് പറഞ്ഞ് കണ്ണനെ നോക്കി കണ്ണിറുക്കിയത് എന്തിനായിരുന്നു..
ഒടുവിൽ..ഇന്ന് ഈ നിമിഷം അയ്യാൾ തന്റെ മുന്നിൽ വന്നു നിന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നതും എന്ത് കൊണ്ടായിരിക്കും..
അയാളെ ഇങ്ങനെ ഹൃദയത്തിലേക്ക് പിടച്ചിലായ് ചേർത്ത് വെയ്ക്കുന്നത് എന്തിനാണ്..”മിഴികൾ ഒന്നുടെ ചേർത്തടച്ചു കൊണ്ട് മീര സീറ്റിലേക്ക് ചാരി കിടന്നു..
***************************
“മാഷേ..മാഷിനെ കാണാൻ ഒരു പെൺകുട്ടി പുറത്ത് കുറച്ചു നേരം ആയി കാത്തിരിക്കുന്നു..”
പ്യൂൺ നാരായണേട്ടൻ വ്യാസന്റെ അടുത്ത് വന്നു പറഞ്ഞത് കേട്ട് വ്യാസൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു..
വരാന്തയുടെ കോണിൽ രണ്ടു കൈയ്യും കെട്ടി തന്റെ വരവ് നോക്കി നിൽക്കുന്ന ആളെ കണ്ട് വ്യാസൻ ഇത്തവണ ഒന്ന് ഞെട്ടി..
“മീര..” വ്യാസൻ ഉള്ളിൽ പറഞ്ഞു
“താൻ എന്തെ ഇവിടെ..എങ്ങനെ അറിയാം ഞാൻ ഇവിടെ ആണ് ജോലി ചെയ്യുന്നത് എന്ന്..” മീരയുടെ മുന്നിൽ വന്നു നിന്ന് വ്യാസൻ ചോദിച്ചത് കേട്ട് മീര ചിരിച്ചു..
“എന്റെ മുന്നിൽ മാത്രം വന്നു നിന്നാൽ മതിയോ..ഇടയ്ക്ക് എനിക്കും ഇങ്ങനെ മുന്നിൽ വന്നു നിൽക്കാൻ അറിയാം എന്ന് വിചാരിച്ചോട്ടെ എന്ന് കരുതി..” കൈ കെട്ടി നിന്ന് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..
“എങ്ങനെ അറിയാം..ഞാൻ ഇവിടെയാണ് ജോലി ചെയ്യുന്നത് എന്ന്..”
“ഒരാളെ കുറിച്ച് കൂടുതൽ അറിയണമെന്ന് നമ്മൾ വിചാരിച്ചാൽ എല്ലാം പിന്നെ നമ്മുടെ വഴിയേ വരില്ലേ..
എന്നെ തേടി എന്റെ കോളേജിൽ വന്നതും, ഞാൻ പോകുന്നിടത്ത് നിഴൽ പോലെ കൂടെ കൂടിയതും അങ്ങനെയല്ലേ..”
“ഇപ്പൊ എന്താ ഇവിടെ വരാൻ..”
“ഫ്രീ ആണോ..അല്പം സംസാരിക്കാൻ ഉണ്ട്..”
“ഒരു പിരീഡ് കൂടെ ഉണ്ട്..അത് കഴിഞ്ഞു ഫ്രീ ആണ്..”
“ഞാൻ പുറത്ത് ഉണ്ടാവും..വിരോധം ഇല്ലെങ്കിൽ എന്റെ കൂടെ കാറിൽ കുറച്ചു ദൂരം വരുമോ..”
“മ്മ്..വരാം..”
“മ്മ്..ഞാൻ പുറത്ത് ഉണ്ട്..വന്നാൽ മതി..”.മീര തിരിഞ്ഞു നടന്നു.
****************************
“എന്ന് വരും എന്റെ വീട്ടിൽ..” ഡ്രൈവ് ചെയ്യുന്നതിനിടയിൽ മീര ചോദിച്ചത് കേട്ട് വ്യാസൻ ചിരിച്ചു..
“എന്തിനാ..”
“എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കണം..” ഒട്ടും മയമില്ലാതെയായിരുന്നു മീരയുടെ മറുപടി..
“എന്തേ ഇപ്പൊ പെട്ടന്ന് ഇങ്ങനെയൊരു മാറ്റം..”
“പെട്ടന്ന് എന്ന് ആര് പറഞ്ഞു..”
“പിന്നെ..കഴിഞ്ഞ ആഴ്ച വീട്ടിൽ പോകും വരെ ഇങ്ങനെ അല്ലായിരുന്നുവല്ലോ..”
“ആലോചിക്കാൻ സമയം വേണ്ടി വന്ന്..”
“അന്ന് പക്ഷെ അങ്ങനെയല്ലലോ പറഞ്ഞത്..”
“അന്ന് അങ്ങനെ പറയാൻ തോന്നിയില്ല..”
“ഇപ്പൊ അങ്ങനെ തോന്നാൻ ഉള്ള കാരണം..”
“ഒന്നൂല്യ…” ഇത്തവണ മീരയുടെ ശബ്ദം നേർത്തു
“ഞാൻ പേഴ്സും മൊബൈലും എടുത്തില്ല..മറന്നു..” വ്യാസൻ പറഞ്ഞത് കേട്ട് മീര അവനെ നോക്കി..
“നല്ല വിശപ്പ്..എന്തെങ്കിലും കഴിക്കണം..കൈയിൽ പൈസ ഉണ്ടോ..അതോ മൊബൈലിൽ ജിപി..” വ്യാസൻ അവളെ നോക്കി ചോദിച്ചു..
മറുപടി പറയാതെ കാർ അടുത്ത് കണ്ട റെസ്റ്റോറന്റിനു സമീപം പാർക്ക് ചെയ്തു മീര..
“മീര..” ഡോർ തുറന്നു പുറത്ത് ഇറങ്ങി മുന്നോട്ട് നടന്ന മീര വ്യാസന്റെ വിളി കേട്ട് തിരിഞ്ഞു നിന്നു..
“നമ്മൾ തമ്മിൽ ചേരില്ല..” വ്യാസന്റെ മറുപടി കേട്ട് മീര അമ്പരന്നു..
“എന്തേ ഇപ്പൊ പെട്ടന്ന് ഇങ്ങനെയൊരു തോന്നൽ..” മുന്നോട്ട് നടന്ന വ്യാസന്റെ പിറകിലൂടെ ചെന്ന് കൈയിൽ പിടിച്ചു നിർത്തി കൊണ്ട് മീര ചോദിച്ചു..
“എനിക്ക് വിശക്കുന്നു..ഞാൻ കഴിക്കണോ വേണ്ടയോ..”
“വാ..” വ്യാസന്റെ കൈയ്യിലെ പിടുത്തം വിട്ട് മീര മുന്നോട്ട് നടന്നു..
“ഒരു കാര്യം ഞാൻ പറയട്ടെ..” പൊറോട്ടയിൽ ചിക്കന്റെ പീസും ഗ്രേവിയും മുക്കി മീരയെ നോക്കി വ്യാസൻ ചോദിച്ചു..
“ആദ്യം നിങ്ങൾ ഇത് കഴിക്ക്..എന്നിട്ട് മതി സംസാരം..” ചായ ഗ്ലാസ് ചുണ്ടിലേക്ക് ചേർത്ത് മുട്ടിച്ചു കൊണ്ട് മീര പറഞ്ഞത് കേട്ട് വ്യാസൻ ചിരിച്ചു..
“എന്റെ പേര് അറിയോ മീരയ്ക്ക്..”
“അറിയാം..വ്യാസൻ.. “
“പിന്നെ എന്തിനാ ഈ നിങ്ങൾ എന്നുള്ള പ്രയോഗം..”
“ആവോ..എനിക്ക് അറിയില്ല..അങ്ങനെ വിളിക്കാൻ തോന്നി വിളിച്ചു..”
“മീരയ്ക്ക് ഒരുപാട് പിടി വാശികൾ ഉണ്ട്..”
“ഇല്ല..” എടുത്തടിച്ചത് പോലെയായിരുന്നു മീരയുടെ മറുപടി..
“മീരയുടെ സ്നേഹം വലിയ പ്രശ്നം ആണ്..” പുഞ്ചിരിച്ചു കൊണ്ട് വ്യാസൻ പറഞ്ഞത് കേട്ട് മീര കൌതുകത്തോടെ അവനെ നോക്കി..
“എന്നോട് ഇത് വരെ ആരും അങ്ങനെ പറഞ്ഞിട്ടില്ലാലോ..”
“അമ്മ പറഞ്ഞില്ലേ..മീരയുടെ വിധുവേട്ടൻ പറഞ്ഞിട്ടില്ലേ..ഉണ്ടാവും.. മീര അത് അത്ര കാര്യമാക്കി കാണില്ല..”
“ആവോ..എനിക്ക് ഓർമയില്ല..”
“മീരയുടെ ഇഷ്ടം, സ്നേഹം, പ്രണയം ഇതെല്ലാം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും ജീവിതത്തിൽ..”
“ഇത് വരെ അങ്ങനെ ഉണ്ടായിട്ടില്ല..”
“ഇത് വരെയും മീര അമ്മയെയും, ഏട്ടനെയും അല്ലേ ഭ്രാന്തമായി സ്നേഹിച്ചിട്ടുള്ളു..
അവർ ഒരിക്കലും നഷ്ടപെടില്ല എന്നുള്ള ധൈര്യം മീരയ്ക്ക് നല്ലത് പോലെ ഉണ്ട്..
ശരിയല്ലേ..”
മീര കുറച്ചു നേരം മിണ്ടാതിരുന്നു..പിന്നെ അതെ എന്ന് തലയാട്ടി..
“ഇനി മീരയുടെ ജീവിതത്തിലേക്ക് മീര കൊണ്ട് വരുന്നത് എന്നെയാണ്..
അല്ലേ..”
“മ്മ്..”
“മീരയ്ക്ക് എത്ര നാൾ എനിക്ക് വേണ്ടി കാത്തിരിക്കാൻ കഴിയും..” വ്യാസന്റെ മറുപടി കേട്ട് മീര പകച്ചു..
“എന്തെ അങ്ങനെയൊരു ചോദ്യം..”
“നമുക്ക് പരസ്പരം അറിയാൻ ശ്രമിക്കാം മീര…ഇപ്പൊ മീരയ്ക്ക് എന്നോട് ഉള്ള സ്നേഹം ഒരു തരം ഭ്രാന്താണ്..ഇന്നലെ വരെയുണ്ടായിരുന്ന ഒരു മീരയെയായിരുന്നു എനിക്ക് ഇഷ്ടം..”
“എന്തേ ഇപ്പൊ അങ്ങനെ തോന്നാൻ..”
“മീര തന്നെ ആലോചിച്ചു നോക്കൂ..വരദ എന്നെ വിളിച്ചിരുന്നു..മീരയ്ക്ക് ഇങ്ങനെ ഒരു ഇഷ്ടം എന്നോട് ഉണ്ട് എന്നും പറഞ്ഞു..പിന്നെ നിങ്ങൾ തമ്മിൽ സംസാരം ഉണ്ടായത് എല്ലാം അവൾ എന്നോട് പറഞ്ഞു..”
“ഓ..അപ്പൊ അവളുടെ വാക്കുകൾ കേട്ടാണ് എന്നെ ഒഴിവാക്കുന്നത് അല്ലെ..”
“ഒഴിവാക്കിയെന്ന് ആര് പറഞ്ഞു..നമുക്ക് പരസ്പരം അറിയാൻ ശ്രമിക്കാം..അത് പോരെ..”
“നിങ്ങൾക്ക് എന്നെ വേണ്ടാ എങ്കിൽ അത് പറയുക..അല്ലാതെ വളച്ചു കെട്ടി കാര്യം പറയാൻ നിക്കണ്ട എനിക്ക് അത് ഇഷ്ടമല്ല..”
“വേണ്ടാ എന്ന് ഞാൻ പറഞ്ഞില്ല ലോ..നമ്മൾ തമ്മിൽ ചേരില്ല എന്ന് തോന്നി..”
“ഞാൻ ഇപ്പൊ എന്ത് വേണം..ഒഴിഞ്ഞു പോയാൽ മതിയോ..എന്നിട്ട് നിങ്ങൾക്ക് അവളെ കല്യാണം കഴിച്ചു കൂടെ കൂട്ടിയാൽ സമാധാനം ആവോ..” മീരയുടെ ശബ്ദം ഉയർന്നു..
“മീര..പ്ലീസ്..ആളുകൾ ശ്രദ്ധിക്കും..നമുക്ക് ഈ സംസാരം ഇവിടെ നിർത്താം..” വ്യാസൻ വേഗം കഴിച്ചു തീർത്ത് കൈ കഴുകാൻ നടന്നു..
മീര എഴുന്നേറ്റു ബിൽ കൊടുത്തു കാറിന്റെ അടുത്തേക്ക് നടന്നു..
“ഏട്ടാ..” കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുക്കാൻ പോകും മുൻപ് മീര വിളിച്ചത് കേട്ട് വ്യാസന്റെ ഉള്ളിൽ ഒരു പിടച്ചിൽ.. ആ പിടച്ചിൽ ശരീരം മൊത്തം ഒരു വിറയലായി മാറുന്നത് വ്യാസൻ അറിയുകയായിരുന്നു..
“ഈ ഒരു വിളി..ഇനി ഞാൻ മരിക്കും വരെ എന്റെ കൂടെ വേണം എന്നാണ് എന്റെ ആഗ്രഹം..അതിനു വേണ്ടി ഞാൻ എന്തും ചെയ്യും..എന്തും..” മീരയുടെ ശബ്ദത്തിനു വല്ലാത്ത ഒരു ഉറപ്പ് ഉണ്ടായിരുന്നു..
ഈ നിമിഷം മീരയുടെ ഫോൺ റിംഗ് ചെയ്തു..
വരദ കാളിങ്..വ്യാസനും, മീരയും ഒരെ സമയം ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി..
മീര അടിമുടി അരിച്ചു കയറി..മൊബൈൽ വേഗം കൈയ്യിൽ എടുത്ത് അവൾ കാൾ അറ്റൻഡ് ചെയ്തു..
“എന്തേ ഡീ..” മീരയുടെ ചോദ്യം കേട്ട് വ്യാസൻ അമ്പരപ്പോടെ അവളെ നോക്കി..
ഭാഗം 10
മൊബൈൽ വേഗം കൈയ്യിൽ എടുത്ത് അവൾ കാൾ അറ്റൻഡ് ചെയ്തു..
“എന്തേ ഡീ..” മീരയുടെ ചോദ്യം കേട്ട് വ്യാസൻ അമ്പരപ്പോടെ അവളെ നോക്കി..
“മീരയല്ലേ..” അപ്പുറം വരദയുടെ ശബ്ദത്തിൽ അല്പം അമ്പരപ്പ് ഉണ്ടായിരുന്നു..
“പിന്നെ നീ ആരുടെ നമ്പർ ആണെന്ന് കരുതി ആണ് വിളിച്ചത്..”മീര കാൾ ലൗഡ് സ്പീക്കറിൽ ഇട്ടു….
“എന്താ മീര ഇങ്ങനെ പറയുന്നേ..”
“നിനക്ക് നാണമില്ലേ ഡീ ചെ, റ്റേ..” മീരയുടെ ശബ്ദം ഉയർന്നു..
“മര്യാദയ്ക്ക് സംസാരിക്കണം..മാന്യ മര്യാദയ്‌ക്ക് കുടുംബത്തിൽ ജീവിക്കുന്ന ഒരു പെണ്ണാണ് ഞാൻ..” വരദയുടെ ശബ്ദം കനത്തു..
“എന്ത് മര്യാദ ഉണ്ടെ ഡി നിനക്ക്..ഒരാൾ പറയുന്ന കാര്യം മറ്റൊരാളോട് ഒരു ഉളുപ്പും ഇല്ലാതെ പറയുന്നത് ആണോ നിന്റെ മര്യാദ..”
“ഞാൻ എന്ത് പറഞ്ഞു..”
“വ്യാസൻ എന്റെ കൂടെയുണ്ട്..നീ പറഞ്ഞത് അയ്യാൾ എന്നോട് പറഞ്ഞു…എന്റെ മനസാണ് ഞാൻ നിന്നോട് പറഞ്ഞത്..അത് നീ ഒരു പെണ്ണ് ആണെന്ന് തോന്നിയത് കൊണ്ട് മാത്രം..നീ നേരത്തെ പറഞ്ഞ കുടുംബത്തിൽ പിറന്ന പെണ്ണാണ് നീ എന്ന് കരുതിയത് കൊണ്ട് മാത്രം പറഞ്ഞു…
പക്ഷെ..നീ തനി കൂ, തറ ആണ് എന്ന് അറിയാൻ ഞാൻ വൈകി..
പുര കത്തുമ്പോൾ കഴുക്കോൽ ഊരുന്ന മിടുക്ക് നിനക്ക് ഉണ്ട് എന്ന് അറിയാൻ ഞാൻ വൈകി..”
വരദ ഒന്നും മിണ്ടിയില്ല..
“വ്യാസൻ നിന്റെ അടുത്ത് ഉണ്ടോ..”
“ആ എന്റെ കാറിൽ എന്റെ തൊട്ട് ഇപ്പുറം ഇരിപ്പുണ്ട്..ഞങ്ങൾ ഒരു ചായ കുടിക്കാൻ ഇറങ്ങിയത്…”
“ഉവ്വ്..വ്യാസൻ..അതും നിന്റെ കൂടെ..വെച്ചിട്ട് പോയി വേറെ പണി നോക്ക് പെണ്ണെ..”
“നീ വിശ്വസിക്കണ്ട..ഞാൻ അയ്യാൾക്ക് കൊടുക്കാം..
ഏട്ടാ..നിങ്ങൾ എന്റെ കൂടെ ഉണ്ട് എന്ന് അവളെ ഒന്ന് ബോധ്യപെടുത്തി കൊടുക്കോ.. “
“ഞാൻ മീരയുടെ കൂടെ ഉണ്ട് വരദ..ആള് വന്നു ഒരു ചായ കുടിക്കാൻ വിളിച്ചു..അങ്ങനെ വന്നതാ..അപ്പൊ എന്നോട് പറഞ്ഞത് ഞാൻ മീരയോട് പറഞ്ഞു..പക്ഷെ അത് നിങ്ങൾക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കും എന്ന് ഞാൻ ഓർത്തില്ല..” പറഞ്ഞു തീരും മുൻപ് അപ്പുറം കാൾ കട്ട് ചെയ്തു വരദ..
“കട്ട് ആയി..” വ്യാസൻ മീരയെ നോക്കി പറഞ്ഞു..
“അല്ല..കട്ട് ചെയ്തതാ..”
ഒരു യുദ്ധം ജയിച്ച ഫീലിൽ മീര വ്യസനെ നോക്കി..പിന്നെ ചിരിച്ചു കൊണ്ട് കാർ മുന്നോട്ട് എടുത്തു…
*****************************
“വളരെ മോശമാണ് മീര നിന്റെ ഈ സ്വഭാവം..” കാറിൽ നിന്ന് ഇറങ്ങി വ്യാസൻ തിരിഞ്ഞു നടക്കും മുൻപ് മീരയെ നോക്കി പറഞ്ഞു..
“ഓ..അവൾ എന്നെ പറ്റി ഒരു കാര്യം പറഞ്ഞപ്പോൾ അവളെ പറ്റിയും തോന്നിയോ അങ്ങനെ..” ഡോർ തുറന്നു മീര പുറത്ത് ഇറങ്ങി ഡോർ വലിച്ചടച്ചു കൊണ്ട് ചോദിച്ചു..
“മീരാ..നീ ചുമ്മാ ഒരു സീൻ ഇവിടെ ക്രിയേറ്റ് ചെയ്യരുത്..” വ്യാസൻ ചുറ്റിനും നോക്കി പറഞ്ഞു..
“പോയി പേഴ്‌സും, മൊബൈലും, ബാഗും എടുത്തോണ്ട് വാ..ഞാൻ ഡ്രോപ്പ് ചെയ്യാം..”
“വേണ്ടാ..ഞാൻ ബസിൽ പൊക്കോളാം..മാത്രമല്ല എനിക്ക് ഇന്ന് വീട്ടിൽ പോണം..”
“എന്തെ അവൾ വരാം എന്ന് പറഞ്ഞിട്ടുണ്ടോ…” മീരയുടെ ശബ്ദം കനത്തു..
“ആര്..
“നിന്റെ വരദ..”
“മീരാ.. പ്ലീസ്..”
“എങ്കിൽ മര്യാദയ്ക്ക് വാ..ഞാൻ ഡ്രോപ്പ് ചെയ്യാം..ഞാനും വീട്ടിലേക്ക് ആണ്..”
“വേണ്ടാന്ന് ഞാൻ ഒരു വട്ടം പറഞ്ഞു..” ഇത്തവണ വ്യാസന്റെ ശബ്ദം ഉറച്ചത് ആയിരുന്നു..
“ഇന്ന് ഇവിടന്ന് പോകുന്നുണ്ടേൽ എന്റെ കൂടെയെ പോകൂ..നിങ്ങൾ എന്റെ പിറകെ നടന്നപ്പോൾ ഞാനും ഇങ്ങനെ കൊറേ അനുഭവിച്ചിട്ടുണ്ട്..” കാറിൽ ചാരി ഇരു കൈയും കെട്ടി നിന്നു മീര..
“നിനക്ക് ഭ്രാന്ത് ഉണ്ടോ..”
“ഉണ്ട്..എന്തേ സഹിക്കാൻ പറ്റില്ല എന്ന് ഉണ്ടോ..”
“ഇപ്പൊ എന്താ വേണ്ടത്..”
“എന്റെ കൂടെ വരണം..”
“വരാം.” വ്യാസൻ വേഗം ഓഫിസിലേക്ക് കയറി പോയി.ബാഗും, തോളിൽ ഇട്ട് തിരിച്ചു വന്നു..
“മൊബൈൽ എടുത്തോ..
“മ്മ്..”
“പേഴ്സ്..”
ഉവ്വ്..”
ഇനി കൂടെ വരാൻ ബുദ്ധിമുട്ട് ഉണ്ടോ..”
“മീര..ഇത് ഒട്ടും എനിക്ക് അഡ്ജസ്റ്റ് ആവുന്നില്ല..”
ഡ്രൈവ് ചെയ്യുന്ന മീരയെ നോക്കി വ്യാസൻ പറഞ്ഞു..
“തുടക്കം ആയത് കൊണ്ടാണ്..ശീലം ആയാൽ എല്ലാം ഓക്കേയാകും..”
കൂസലില്ലാതെയായിരുന്നു മീരയുടെ മറുപടി..ആ മറുപടി കേട്ട് വ്യാസിന്റെ ചുണ്ടിൽ പുഞ്ചിരി വന്നു..
*******************************
“ഒരു മര്യാദയില്ല അമ്മാ അവൾക്ക്..” ചായ കപ്പ് ചുണ്ടോട് ചേർത്ത് വ്യാസൻ ദേവിയെ നോക്കി പറഞ്ഞു..
“കാണുമ്പോൾ നല്ലൊരു ക്യാരക്ടർ പോലെ തോന്നിയല്ലോ.”
“ക്യാരക്റ്റ്ർ നല്ലതാണ്..തെറ്റ് പറയാൻ ഇല്ല..പക്ഷെ..ഈ സ്നേഹം ഉണ്ടല്ലോ അത് ഒരുമാതിരി ഭ്രാന്ത് പോലെയാണ് അവൾക്ക്…”
“ഇങ്ങനെ ആണേൽ പിന്നെ എങ്ങനെ മുന്നോട്ട്..”
“മുന്നോട്ട് പോകാൻ ഒട്ടും താല്പര്യമില്ല അമ്മാ…ഇങ്ങനെയുള്ള ഒരു ക്യാരക്ട്ർ ഇപ്പൊ ഇങ്ങനെ ആണേൽ ഇനി മുന്നോട്ട് പോകുമ്പോൾ ചിന്തിക്കാൻ പോലും ആവുന്നില്ല..”
“അപ്പൊ..മനസ്സിൽ ഉണ്ടായിരുന്ന ആ പ്രണയം..”
“നെഞ്ചിൽ ഉണ്ട്..നീറ്റൽ പോലെ..പിടച്ചിലായ് ഇങ്ങനെ പെയ്തിറങ്ങുന്നുണ്ട്..പക്ഷെ..രണ്ടാൾക്കും ഒരിക്കലും ഒത്തു ചേർന്നു പോകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയാൽ..എന്ത് ചെയ്യും..”
“ഞാൻ സംസാരിക്കണോ മീരയോട്..”
“അമ്മയോ..”
“മ്മ്..”
“വരദയെ കൂടെ കൂട്ടാൻ ആണോ..”
“അങ്ങനെ തോന്നിയോ നിനക്ക്..”
“അമ്മയെ ഇടയ്ക്ക് മനസിലാക്കാൻ കഴിയാറില്ലലോ..അത് കൊണ്ട് പറഞ്ഞുന്നെയുള്ളൂ..”
“നോക്കാം..
നീ പോയി കുളിച്ചു ഫ്രഷ് ആയി വാ..നമുക്ക് ഒരു സിനിമ ഇട്ട് കാണാം..” ദേവി എഴുന്നേറ്റു മൊബൈൽ എടുത്തു..
***************************
പിറ്റേന്ന് രാവിലെ..
മഹാദേവന്റെ നടയിൽ തൊഴുത് പുറത്ത് ഇറങ്ങിയ മീര മുന്നിൽ വന്ന് നിൽക്കുന്ന ആളെ കണ്ട് ഒന്ന് പകച്ചു..
പേര് അറിയില്ല..വ്യാസന്റെ…അയ്യാളുടെ അമ്മയല്ലേ..അവൾ ദേവിയെ സംശയത്തോടെ നോക്കി..
“ഒറ്റയ്ക്കാണോ..” മീരയുടെ അടുത്തേക്ക് വന്ന് ദേവി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..
മീര സംശയത്തോടെ ചുറ്റിനും നോക്കി..
“മീരയോട് തന്നെ..ഒറ്റയ്ക്ക് ആണോ..”
“അതെ..” മീര പതിയെ തലയാട്ടി..
“എങ്ങനെ വന്നേ..”
“കാറിൽ..” മീര പതിയെ പറഞ്ഞു..
“എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യുമോ..മകൻ കൂടെ ഉണ്ടായിരുന്നു..എന്നെ ഇവിടെ വിട്ടിട്ട് ഫ്രണ്ടിന്റെ അടുത്ത് പോണം എന്ന് പറഞ്ഞു പോയി..അതാണ്..”
“അത് പിന്നെ..” മീര നിന്ന് പരുങ്ങി..
“എന്റെ മോന് മാത്രം ആണോ ഡ്രോപ്പ് ലിഫ്റ്റ് കൊടുക്കുക..അവന്റെ അമ്മയ്ക്ക് കൊടുക്കില്ലേ..”
ദേവിയുടെ ശബ്ദത്തിൽ ഒരു ആക്കിയ ഫീൽ ഉണ്ടോ എന്ന് മീരയ്ക്ക് തോന്നിയോ. (എനിക്ക് തോന്നി..നിങ്ങൾക്കോ.. 🥰)
“ഒരു കല്യാണത്തിന് പോകണമായിരുന്നു..” മീര പറഞ്ഞു..
“എപ്പോ…”
“പത്തു മണി..”
“ഈ ഡ്രസിൽ തന്നെ ആണോ..അതോ വേറെ മാറണമോ..” ഇളം പച്ച നിറത്തിൽ ഉള്ള ദാവണിയിൽ നോക്കി ദേവി ചോദിച്ചു..
“അത് പിന്നെ..” മീര പരുങ്ങി.
“എന്നെ എന്തായാലും വീട്ടിൽ ഡ്രോപ്പ് ചെയ്യണം..അല്ലാതെ സമ്മതിക്കില്ല..” കൈയിൽ ഇരുന്ന പ്രസാദം ചുരുട്ടി പിടിച്ച് ഇരു കൈയും കെട്ടി നിന്ന് ദേവി മീരയെ നോക്കി പറഞ്ഞു..
“മ്മ്..ഞാൻ വിടാം..” മീര വേഗം കാറിന് അടുത്തേക്ക് നടന്നു..
“കുറച്ചു പതിയെ..ചെരിപ്പ് ഞാൻ കാറിൽ ഇട്ടിട്ടാ അമ്പലത്തിൽ കേറിയത്..ഇവിടെ നിറച്ചും ചരൽ ആണ് മീര..”
സാരി അല്പം ഉയർത്തി പിന്നിലൂടെ മെല്ലെ നടന്നു വന്ന് ദേവി പറഞ്ഞത് കേട്ട് മീര പെട്ടന്ന് നിന്നു..
*********************************
“അതെ..എന്താ മീരയുടെ പ്രശ്നം..” കാർ ഓടിക്കുന്ന മീരയെ നോക്കി ദേവി ചോദിച്ചു..
“എന്തേ..”
“ഇത് മഹാ ബോറാണ് മീര..മീരയെ പോലുള്ള പെൺകുട്ടിയിൽ നിന്നും ഇങ്ങനെ ഒരു സ്വഭാവം..”
“എന്തേ എന്റെ സ്വഭാവത്തിന് കുഴപ്പം..” സ്റ്റീരിയോയിൽ നിന്നും പതിയെ വരുന്ന യേശുദാസിന്റെ അയ്യപ്പ ഭക്തിഗാനത്തിന്റെ വരികൾക്ക് ഒപ്പം സ്റ്റിയറിങ്ങിൽ താളമിട്ടു കൊണ്ട് ഡ്രൈവ് ചെയ്യുന്ന മീര ഒരു ഭാവ വ്യത്യാസമില്ലാതെ ദേവിയെ നോക്കി ചോദിച്ചു..
ഒരു നിമിഷം ദേവി പതറി..
“അതല്ല മോളേ..ഒരാളുടെ ഇഷ്ടം..മറ്റൊരാൾ ഇഷ്ടപെട്ടു തുടങ്ങുമ്പോളല്ലേ പ്രണയമെന്നത് കൂടുതൽ സുന്ദരമാവുക..”
“ആവോ..എനിക്ക് അറിയില്ല..എനിക്ക് അതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല..” എടുത്തടിച്ചത് പോലെയായിരുന്നു മീരയുടെ മറുപടി..
“വ്യാസന് മോളെ ഇഷ്ടമല്ല..”
“എനിക്ക് അറിയാം..എന്നെ ഇഷ്ടപെടാൻ ഞാൻ ഒരാളോടും പറഞ്ഞിട്ടില്ല..പിന്നെ ഞാൻ ആരെ ഇഷ്ടപെടണം എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്..അല്ലാതെ വഴിയിലൂടെ പോകുന്നവർ അല്ല..”
“ഞാൻ വ്യാസന്റെ അമ്മയാണ്..”
“അതിന്..”
“അല്ല വഴിയിലൂടെ പോയ ഒരാൾ അല്ലന്ന് പറഞ്ഞതാണ്..”
“അതിന് അയ്യാളെ പറ്റി ആണ് ഞാൻ പറഞ്ഞത് എന്ന് സ്വയം അങ്ങനെ തീരുമാനം എടുത്താൽ മതിയോ..” ദേവിക്ക് കുരു പൊട്ടി എന്നാലും ക്ഷമിച്ച് അവളെ നോക്കി ചിരിച്ചു..
“ഈ സ്വഭാവം നല്ലതല്ല..”.മീര പറഞ്ഞത് കേട്ട് ദേവി അവളെ നോക്കി..
“ഏത് സ്വഭാവം..”
“ഉള്ളിൽ വരുന്ന ദേഷ്യം ഇങ്ങനെ പിടിച്ചു നിർത്തി ചുണ്ടിൽ പുഞ്ചിരി ഒട്ടിക്കുന്ന ഈ സ്വഭാവം ആർക്ക് ആയാലും നല്ലതല്ല..”
“മീര..നിങ്ങൾ തമ്മിൽ ചേരില്ല..” ദേവിയുടെ ശബ്ദം കനത്തു..
“മ്മ്..അറിയാം..ജാതകം നോക്കി പത്തിൽ പത്തു പൊരുത്തം ഉണ്ടേൽ അമ്മ സമ്മതിക്കോ..”
മീരയുടെ “അമ്മ..”വിളിയിലും..
ആ ചോദ്യത്തിലും ദേവി ഒന്ന് ഇടറി..എന്ത് മറുപടി പറയണം എന്ന് ഓർത്ത് ദേവി മീരയെ നോക്കി..
മീരയുടെ കൈ വിരലുകൾ സ്റ്റിയറിങ്ങിൽ താളം പിടിച്ചു കൊണ്ടേ ഇരുന്നു..
തുടരും……
