“ജാതകം നോക്കി പത്തിൽ പത്തു പൊരുത്തം ഉണ്ടേൽ അമ്മ സമ്മതിക്കോ..”
മീരയുടെ “അമ്മ..”വിളിയിലും..ആ ചോദ്യത്തിലും ദേവി ഒന്ന് ഇടറി..എന്ത് മറുപടി പറയണം എന്ന് ഓർത്ത് ദേവി മീരയെ നോക്കി..മീരയുടെ കൈ വിരലുകൾ സ്റ്റിയറിങ്ങിൽ താളം പിടിച്ചു കൊണ്ടേ ഇരുന്നു..
“ജാതകത്തിൽ എല്ലാം എന്തിരിക്കുന്നു കുട്ടി..മനസ്സുകൾ തമ്മിൽ ഉള്ള പൊരുത്തം ഇല്ലേൽ പിന്നെ എത്ര ജാതക പൊരുത്തം ഉണ്ടായിട്ട് എന്ത് കാര്യം..” ദേവിയുടെ മറുപടി കേട്ട് മീരയുടെ ചുണ്ടിൽ ചിരി പടർന്നു..
“അമ്മ..അപ്പൊ മോന്റെ വിവാഹത്തിന് ജാതകം നോക്കില്ല എന്ന്..”
“അങ്ങനെയല്ല..നോക്കും..ജാതകവും, പരസ്പരമുള്ള പൊരുത്തപെടലും ഉണ്ടെന്ന് തോന്നിയാൽ പോരെ വിവാഹം..”
“അമ്മയ്ക്ക് ഞാൻ അമ്മയുടെ മോളായി വരുന്നത് കൊണ്ട് എന്തെങ്കിലും എതിർപ്പ് ഉണ്ടോ..”
“ഞാൻ എന്തിന് എതിരക്കണം മോളെ..വ്യാസന് മോളുമായ് പൊരുത്തപെട്ടു പോകാൻ കഴിയില്ല എന്ന് എനിക്ക് തോന്നി..അത് മോളോട് കണ്ടു പറയണം എന്നും വിചാരിച്ചു..അത് കൊണ്ടാണ് അമ്പലത്തിൽ കാത്തു നിന്നത്..”
“ആൾക്ക് എന്നോട് പറയാൻ ഉള്ള ചങ്കൂറ്റം ഇല്ലേ..”
“മോളോട് പറഞ്ഞു എന്ന് പറഞ്ഞു..”
“മ്മ്..അമ്മയെ ഇവിടെ വിട്ടാൽ മതിയോ..” കാറിന്റെ വേഗം കുറച്ചു മീര ചോദിച്ചു..
“മ്മ്..മതി അപ്പുറത്ത് കൂടെ പോകാൻ കഴിയില്ല…റോഡ് കുത്തി പൊളിച്ചു ഇട്ടേക്കുവാ..”
“മ്മ്..അറിയാം..അന്ന് ആൾടെ കൂടെ വന്നപ്പോൾ പെട്ടു പോയി..”
“മ്മ്..”
“എങ്ങനെ പോകും..നല്ല മഴ ആണല്ലോ..” മീര പുറത്തേക്ക് നോക്കി ചോദിച്ചു..
‘ചാറ്റൽ അല്ലെ..കുഴപ്പമില്ല ഞാൻ നനഞ്ഞു പൊക്കോളാം.. “
“വേണ്ടാ..കുടയുണ്ട്..” ബാക്കിലെ സീറ്റിൽ നിന്നും കൈ എത്തിച്ചു മീര കുട എടുത്തു..
“വാ..ഞാനും കൂടെ വരാം..”
“മോൾക്ക് ബുദ്ധിമുട്ട് ആവും..കല്യാണത്തിന് പോകാൻ വൈകും..”
“ഏയ് ഇല്ല..ഞാൻ കൊണ്ട് വിടാം..”
“മോള് കുട തന്നാൽ മതി..പിന്നെ ഞാൻ എത്തിച്ചു തരാം..”
“ഏയ്..വേണ്ടാ..കൂടിക്കാഴ്ചകൾക്ക് ഉള്ള സാഹചര്യം ഇനി വേണ്ടാ..
അമ്മ വാ..” ഡോർ തുറന്നു പുറത്ത് ഇറങ്ങി കുട നിവർത്തി മീര ദേവി ഇരിക്കുന്ന സൈഡിൽ വന്നു ഡോർ തുറന്നു..
ദേവി പുറത്ത് ഇറങ്ങി..മീര ദേവിയുടെ ഇടതു ഷോൾഡറിൽ ചേർത്ത് പിടിച്ചു…മഴ നനയാതെ കുട ദേവിയുടെ അരികിലേക്ക് പിടിച്ചു..
മീരയുടെ ചേർത്ത് പിടിക്കൽ ദേവിയെ വല്ലാതെ ഒന്ന് ഉലച്ചു..മീരയുടെ തോളിലൂടെ ദേവിയുടെ മനസ് ഒന്ന് വെമ്പി..
“വേണ്ടാ..”
മീര എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..ദേവിയ്ക്ക് അതൊന്നും ചെവിയിലേക്ക് കയറിന്നുണ്ടായിരിന്നില്ല..
മീരയുടെ ഇടതു കൈയിലെ കരുതൽ..തനിക്ക് എവിടെയോ നഷ്ടമായ ഇന്നലെകളിലെ ചേർത്ത് പിടിക്കലിന്റെ സാമിപ്യമുണ്ടോ..ദേവിയുടെ ഹൃദയം വിറ കൊണ്ടു..
“ഇവിടെ വരെ മതി..ഇനി അമ്മ കുറച്ചു മഴ നനഞ്ഞു പൊയ്ക്കോ..” ഗേറ്റിനു മുന്നിലെ പടികെട്ടിന് താഴെ നിന്നു കൊണ്ട് മീര ദേവിയെ നോക്കി പറഞ്ഞു..
“വന്നാൽ ഒരു കപ്പ് ചായ കുടിച്ചിട്ട് പോകാം..”
“തിരിച്ചറിയാൻ വൈകുന്ന സ്നേഹത്തിന് നൽകാൻ കഴിയുന്ന മറുപടി ഒന്നേയുള്ളൂ..അത് വേദനയാണ്..ആ വേദന ഇപ്പൊ എന്റെ നെഞ്ചിൽ ഉണ്ട്..അത് കൊണ്ട് ഇന്ന് എനിക്ക് ചായ വേണ്ടാ..
എന്നെങ്കിലും ഈ പടികൾ കയറി ഞാൻ ആ ഗേറ്റ് തുറന്നു അകത്തേയ്ക്ക് കടക്കുന്നുവെങ്കിൽ..അന്ന്..എന്റെ വലതു കാലിന്റെ പെരുവിരൽ തുമ്പിൽ വിറയലായ് പടർന്നു കയറണം..ഈ മുറ്റവും..ഈ മുറ്റത്തെ മണ്ണും..അങ്ങനെയൊരു ദിവസം ഉണ്ടെങ്കിൽ മാത്രമേ ഇനി മീര ഈ മണ്ണിലേക്ക് വരികയുള്ളൂ..
ഒരു വട്ടം മകനെയും…പിന്നെ അമ്മയേയും..ഇവിടെ വരെ ഞാൻ കൊണ്ട് വിട്ടു..ഇനി നിങ്ങൾ രണ്ട് പേരും കൂടെ എന്നെ വിളിച്ചു കൊണ്ട് പോകുന്ന ഒരു ദിവസം ഉണ്ടെങ്കിൽ അന്നേ മീര ഈ വഴി വരൂ..” ദേവിയുടെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ മീര തിരിഞ്ഞു നടന്നു..മഴ ഒന്ന് കൂടെ ആർത്തലച്ചു പെയ്തു..
തിരിഞ്ഞു നടക്കുന്ന മീരയെ പെരുമഴ നനഞ്ഞു ദേവി നോക്കി നിന്നു..
“ഇവൾ ഈ പടികെട്ടുകൾ കയറി വരുമോ എന്റെ മഹാദേവാ..”
ദേവി ഉള്ളിൽ ചോദിച്ചു..
***************
“ഏടത്തി..ഫ്രീ ആണോ..” മീരയുടെ വിളി കേട്ട് ഹരിത ടിവിയിൽ നിന്ന് നോട്ടം മാറ്റി മീരയെ നോക്കി..
“എന്താ ഡീ കുഞ്ചു..നീയും വരദയും തമ്മിൽ..” മീരയുടെ അടുത്ത് വന്നിരുന്നു ഹരിത ചോദിച്ചു..
“എനിക്ക് വ്യാസനെ ഇഷ്ടമാണ്..”
“അതാണോ പ്രശ്നം..”
“വരദയ്ക്ക് വേണ്ടി വ്യസനെ ആലോചിച്ചുന്ന് പറഞ്ഞു..”
“ആര് പറഞ്ഞു..”
“ഞാൻ എന്റെ ചെവിയിൽ കേട്ടു..”
“എന്താ വരദയുടെ ലൈൻ..”
“ഏടത്തിയുടെ അനിയത്തിയല്ലേ..ഒന്നും പറഞ്ഞില്ലേ ഏടത്തിയോട്..”
“നിന്റെ പോലെ ഹൃദയം തുറന്നു സംസാരിക്കാൻ കഴിയുന്ന ഒരു അനിയത്തിയല്ലലോ അവൾ..
അവൾ എല്ലാത്തിലും പ്രാക്ടിക്കൽ ആയി കാണുന്ന ആളല്ലേ..പിന്നെ സ്വയം തീരുമാനം എടുക്കാൻ ഉള്ള കഴിവ് ഉണ്ട് എന്ന് സ്വയം ഒരു ആത്മവിശ്വാസവും അവൾക്ക് ഉണ്ട്..”
“നിങ്ങൾ വളരെ ഫ്രണ്ട്ലി ആണ് ലോ..എന്നിട്ട് ഇത് പറഞ്ഞില്ലന്നോ..”
“പറഞ്ഞില്ല..അറിഞ്ഞപ്പോൾ ഞാൻ ചോദിച്ചു..അവളോട്..അപ്പൊ എന്നോട് പറഞ്ഞത്..ഇത് അവൾ മാത്രം തീരുമാനം എടുക്കേണ്ട ഒരു കാര്യം ആണ്.പുറത്ത് നിന്ന് ഒരു അഭിപ്രായം ആവശ്യം വരികയാണെങ്കിൽ തീർച്ചയായും എന്നോട് ചോദിക്കും എന്ന് പറഞ്ഞു..”
“എന്തെ പുറത്ത് നിന്ന് എന്നൊരു വാക്ക്..”
“ഓ..അതോ..അത് ഒരു ഓളത്തിന് പറഞ്ഞു പോയതാവും..” ഹരിതയുടെ ശബ്ദം അല്പം ഇടറിയതായ് മീരയ്ക്ക് തോന്നി..
“മോളെ..”
“മ്മ്..” മീര ഹരിതയുടെ തോളിലേക്ക് ചാരി..
“വാശി പിടിച്ചും..തല്ല് കൂടിയും പരസ്പരം നഷ്ടപെടുത്തികളയുന്ന നിമിഷങ്ങളെ കുറിച്ച് ഓർത്ത് നമ്മൾ കരയുന്ന ഒരു ദിവസം ഉണ്ടാവും ജീവിതത്തിൽ..അന്ന്..ആ കരച്ചിലിനു നമ്മുടെ ജീവിതത്തിന്റെ വിലയുണ്ടാവും..നഷ്ടപെട്ടു പോയ ജീവിതം ഇങ്ങനെ നമുക്ക് മുന്നിൽ പല്ലിളിച്ച് നിൽപ്പുണ്ടാവും..
എന്നിട്ട് ചോദിക്കും..
ഇഷ്ടങ്ങളുടെ പിറകെ പോയിട്ട് എന്ത് നേടി…എന്ന് ചോദിക്കുന്ന നാളെകൾക്ക് മറുപടി പറയാൻ ഉത്തരം ഇന്നേ കരുതി കൂടെ ചേർത്ത് പിടിക്കണം..ഇല്ലെങ്കിൽ അന്ന് മൗനമാവും അവിടെ മറുപടി പറയുക..
ഈ ബന്ധം മോൾക്ക് വേണ്ടാ..ഏടത്തിയുടെ കുഞ്ചു..മോൾക്ക് ഇത് വേണ്ട കുട്ടീ..”
“എന്തേ..” മീര ഒരു ഭാവ വ്യത്യാസമില്ലാതെ ഹരിതയെ നോക്കി ചോദിച്ചു..
“വ്യാസന് മോളെ ഇഷ്ടമല്ല..”
“ഏടത്തിയോട് പറഞ്ഞോ..”
“ഇല്ല..”
“പിന്നെ..”
“വരദയുടെ വാക്കുകളിലൂടെ ഞാൻ വ്യാസന്റെ മനസ് കാണാൻ ശ്രമിച്ചു..”
“ഒരേ ചോ, ര ആയത് കൊണ്ട്..”
“അല്ല..”
“ഏടത്തി എന്റെ വാക്കുകളിലൂടെ അവനെ കണ്ടിട്ടുണ്ടോ..” മീരയുടെ അവനെയെന്നുള്ള പ്രയോഗം അത് ഹരിതയെ ഞെട്ടിച്ചു..
“വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലാത്ത ഒരു സാധാരണ പെണ്ണാണ് ഞാൻ..
തരക്കേടില്ലാതെ പഠിച്ചു..ജയിച്ചു..ഒരു ജോലി വാങ്ങി..അതും ഞാൻ പഠിച്ച കോളേജിൽ തന്നെ അധ്യാപികയായി അതും മലയാളം..
പ്രണയം, വിവാഹം, കുടുംബം, കുട്ടികൾ..അങ്ങനെയൊരു ചിന്ത മനസ്സിൽ ഇല്ലായിരുന്നു..
എന്നെ പഠിപ്പിക്കാൻ അമ്മയും അച്ഛനും കഷ്ടപെട്ടത് ഓർക്കും ഓരോ നിമിഷവും..
ഒരു യാത്ര പോലും പറയാതെ പടിയിറങ്ങി പോയ അച്ഛൻ അന്ന് വൈകുന്നേരം തൂവെള്ള കെട്ടിൽ പൊതിഞ്ഞു മുറ്റത്തെ പുൽ പായിൽ കൊണ്ട് വന്നു കിടത്തിയതിന്റെ പിറ്റേ ദിവസമായിരുന്നു എന്റെ ഡിഗ്രിയുടെ അവസാന പരീക്ഷ..
അച്ഛന്റെ മുഖത്ത് നോക്കി ഞാൻ ഇങ്ങനെ ഇരിക്കുന്ന നേരം..അച്ഛന്റെ തണുത്ത വലതു കൈ വിരലിൽ ഞാൻ അമർത്തി പിടിച്ചിരുന്നു..
അച്ഛന്റെ കുഞ്ചൂ..അച്ഛന്റെ ഈ കിടപ്പ് കണ്ട് മോള് വീണു പോകരുത് കേട്ടോ..
കുറച്ചു കഴിഞ്ഞു അച്ഛൻ അങ്ങ് പോകും..ഒരു പിടി ചാരമായി അച്ഛൻ തെക്കേ തൊടിയിൽ അലിഞ്ഞു ചേരുമ്പോൾ..എന്റെ മോള് കരയരുത്..നാളെ എഴുതുന്ന പരീക്ഷയിൽ ആവണം എന്റെ കുട്ടി ഏറ്റവും കൂടുതൽ മാർക്ക് വാങ്ങേണ്ടത്..അങ്ങനെ വേണം എന്റെ കുഞ്ചു അച്ഛനെ യാത്രയാക്കാൻ..
അന്ന് പോലും വീണു പോയിട്ടില്ല ഞാൻ..തോറ്റു പോയിട്ടില്ല ഞാൻ..പിന്നെയല്ലേ ഇങ്ങനെയൊരു ബന്ധം..
എന്റെ അച്ഛൻ നഷ്ടപെട്ട വേദനയോളം വലുതായി ഇനിയൊരു വേദന എന്റെ ജീവിതത്തിൽ ഉണ്ടാവില്ല..
പക്ഷെ..ഇഷ്ടപെട്ടവരുടെ വേർപാട് തരുന്ന ഹൃദയം തകർക്കുന്ന വേദനയെ ഇപ്പൊ പുഞ്ചിരിയോടെ നേരിടാൻ ആണ് ഇഷ്ടം.. “
“വ്യാസനെയും..” ഹരിത അവളെ നോക്കി ചോദിച്ചു..
“വ്യാസൻ എന്റെയാണ് ഏടത്തി ആര് പറഞ്ഞാലും അവനെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല..”
“മോളെ..ഇത് ഒരു തരം വാശിയാണ്..”
“ഏതെങ്കിലും ഒരു കാര്യത്തിൽ മാത്രം അല്ല ഏടത്തി എനിക്ക് വാശി..എനിക്ക് നേടണം എന്ന് തോന്നുന്ന എല്ലാത്തിനോടും എനിക്ക് വാശിയാണ്..”
“മറ്റുള്ളവരെ വേദനിപ്പിച്ചു വേണോ കുഞ്ചു ചില വാശികൾക്ക് മറുപടി നൽകാൻ..”
“ഞാൻ നഷ്ടപെടുത്താൻ ആഗ്രഹിക്കാത്ത എന്തിന് വേണ്ടിയും ഞാൻ വാശി പിടിക്കും..അത് സ്വന്തമാക്കുകയും ചെയ്യും..” പറഞ്ഞു തീരും മുൻപ് മീരയുടെ മൊബൈൽ റിംഗ് ചെയ്തു..
കൈ എത്തിച്ചു മീര മൊബൈൽ എടുത്തു..
“ഹലോ..”
“മോളെ..ഒന്ന് വരോ..ഞങ്ങൾ ഹോസ്പിറ്റലിൽ ആണ്..” അപ്പുറം ദേവിയുടെ പൊട്ടികരച്ചിൽ കേട്ട് മീര വിറച്ചു..
“എന്താ..എന്ത് പറ്റി അമ്മേ..”
“വ്യാസൻ..അവൻ..”
അലറി കരഞ്ഞു കൊണ്ട് ദേവി പറഞ്ഞത് കേട്ട് മീരയുടെ കൈയിൽ നിന്നും മൊബൈൽ താഴെ വീണു…
ഭാഗം 12
മൂന്ന് മാസങ്ങൾക്ക് ശേഷം ഉള്ള ഒരു പകൽ..
കോളിങ്ങ് ബെൽ തുടർച്ചയായി അടിക്കുന്നത് കേട്ടാണ് ദേവി വാതിൽ തുറന്നത്..
“മോള് ഇന്ന് വൈകിയോ..” വരദയുടെ കൈയിൽ നിന്നും കവർ വാങ്ങി കൊണ്ട് ദേവി ചോദിച്ചു..
“ഏയ്..ഇല്ല..അമ്മ ചുമ്മാ കിടന്നു ഉറങ്ങിയത് കൊണ്ട് തോന്നുന്നത് ആവും..”
“ഒന്ന് മയങ്ങി..ഇന്നലെ രാത്രി ഉറക്കം പറ്റിയില്ല..തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു..”
“മ്മ്..മുഖം കണ്ടപ്പോ തോന്നി..”
“നീ എപ്പോ വന്നു..” റൂമിൽ നിന്നും പുറത്ത് വന്ന വ്യാസൻ വരദയെ നോക്കി ചോദിച്ചു..
“ഇപ്പൊ വന്നേയുള്ളൂ..”
“മ്മ്..”
“എന്നിട്ട്..പുതിയ സ്ഥലത്തു ജോയിൻ ചെയ്യാൻ പോവുകയാണോ..” വ്യാസനെ നോക്കി വരദ ചോദിച്ച.
“മ്മ്..ഇനി അവിടെ വയ്യാ..ആ കുട്ടികളുടെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല..ശ്വാസം കിട്ടാതെ വണ്ടിക്കുള്ളിൽ കിടന്നു പിടയുന്നത്..”
“ഒന്നും പറ്റിയില്ലലോ..അത് മറക്കണം..”
“എങ്ങനെ മറക്കാൻ കഴിയും..എന്റെ ഒരു നിമിഷത്തെ അശ്രദ്ധ..അത് കൊണ്ട് മൂന്നു കുഞ്ഞു മക്കൾ ആണ് ഇന്ന്..” വ്യാസന്റെ ശബ്ദം പതറി..
“ഒന്നുല്ല ഡോ..ആർക്കും ഒരു കുഴപ്പവുമില്ലലോ. ” വരദ വ്യാസന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു..
“മ്മ്..”
“നാളെ ജോയിൻ ചെയ്യണോ നിനക്ക്..”
“ഇന്ന് കേറണ്ടത് ആയിരുന്നു.. ഒരു പേപ്പർ കൂടെ റെഡി ആയി കിട്ടാൻ ഉണ്ടായിരുന്നു..നാളെ പോയി ജോയിൻ ചെയ്യണം..”
“ഇത്ര ദൂരം..”
“ഏയ്..നാലോ അഞ്ചോ മണിക്കൂർ..അത്രല്ലേ ഉള്ളൂ..ഫ്‌ളൈറ്റ് ആണേൽ ഒരു മണിക്കൂർ കൊണ്ട് വീട്ടിൽ എത്താം..” വ്യാസൻ മറുപടി കൊടുത്തു..
“മ്മ്..” വരദ മൂളി..
“നീ ഇടയ്ക്ക് വന്നോളൂ..അമ്മയ്ക്ക് ഒരു കമ്പനി ആവും..”
“ഇപ്പൊ കുറച്ചു നാളായി ഞാൻ ഇടയ്ക്ക് വരാറുണ്ടല്ലോ..അമ്മയ്ക്ക് അറിയാം ഞാൻ വരുന്ന ദിവസവും, സമയവും നിനക്കാണ് ഓർമ തീരെ ഇല്ലാത്തത്..”
“ചിലപ്പോൾ ഞാൻ അമ്മയെ അങ്ങോട്ട് കൊണ്ട് പോകും..അവിടെ ചെന്ന് ആ നാട് എങ്ങനെയുണ്ട് എന്ന് നോക്കട്ടെ..”
“അമ്മ വരില്ല മോനെ..ഈ മണ്ണ് വിട്ട് അമ്മ വരുമെന്ന് എന്റെ മോൻ കരുതണ്ട..” മറുപടി ദേവിയുടെയായിരുന്നു..
“മ്മ്..” വ്യാസൻ മൂളി.
“എതാണ്ന്ന് നാട്..എന്റെ നാവിൽ ഇരിക്കുന്നില്ല..പേര്..”
“ആൽത്തറ കാവ്..”
വ്യാസന്റെ ശബ്ദം നേർത്തു..
************************
“ആൽതറകാവ് ഇറങ്ങാൻ ഉണ്ടോ..” ആരോ ഉച്ചത്തിൽ പറയുന്ന കേട്ടാണ് വ്യാസൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്..
“ഉവ്വ്..” വ്യാസൻ വേഗം എഴുന്നേറ്റു ബർത്തിൽ ഇരുന്ന ബാഗ് എടുത്തു ബസിന്റെ പിൻ വശത്തെ ഡോറിലേക്ക് നടന്നു..
“ഇവിടെ ഇറങ്ങി. ആ കാണുന്ന ചായ കടയിൽ ചോദിച്ച മതി..മാഷിന് പോകേണ്ട സ്ഥലം അവർ കൃത്യമായി പറഞ്ഞു തരും..” കണ്ടക്ടർ അല്പം ദൂരെ ഒരു മാവിൻ ചുവട്ടിന് കീഴിൽ ഓടിട്ടു മേഞ്ഞ പഴയ ഒരു കെട്ടിടം ചൂണ്ടി പറഞ്ഞു..
“താങ്ക്സ് ചേട്ടാ..”
“ഇന്ന് തിരികെ ഉണ്ടേൽ ഈ ബസ് ആണ് ഇനി ലാസ്റ്റ് ബസ് ഏഴു മണിക്ക് ഇവിടെ തിരികെ എത്തും..”
“ഇനി ഇവിടെയുണ്ടാവും..” വ്യാസൻ ബാഗ് തോളിൽ ഇട്ട് പുറത്ത് ഇറങ്ങി തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു
“ചായ ഉണ്ടോ..” മണ്ണിഷ്ടിക കൊണ്ട് ഉണ്ടാക്കിയ കെട്ടിടത്തിന്റെ ഒരു മൂലയിൽ ഇട്ട ബഞ്ചിൽ ഇരുന്നു കൊണ്ട് വ്യാസൻ ചോദിച്ചു..
പഴമ വിളിച്ചോതുന്ന ഇന്നലെകളിൽ എവിടെയോ നഷ്ടമായ ബല്യത്തിന്റെ ഓർമ്മകൾ തന്നിലേക്ക് തിരികെ വരുന്നതായ ഒരു നിമിഷം വ്യാസന് തോന്നി..
ആ നാടും..പരിസരവും കണ്ടപ്പോൾ..
“ഇവിടെ പുതിയ ആളാണോ..” ചായ ഗ്ലാസ് വ്യാസന് നേർക്ക് നീട്ടി കടക്കാരൻ ചോദിച്ചു..
“മ്മ്..മേലകാവ് സ്കൂളിലേക്ക് പുതുതായി വന്ന മാഷാണ്..വ്യാസൻ..” വ്യാസൻ സ്വയം പരിചയപെടുത്തി..
“രാമൻ…രാമേട്ടൻ അങ്ങനെ എല്ലാരും വിളിക്കും എന്നെ..” രാമേട്ടൻ വ്യാസനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഇവിടെ അടുത്താണോ സ്കൂൾ..”
“ദാ..ആ കാണുന്ന വളവു കഴിഞ്ഞു ഇടതു വശത്തു കാണുന്ന മതിൽകെട്ട് കാണുന്നത്..”
“മ്മ്..ഇവിടെ ഒരു ബാലൻ മാഷ്..ആളുടെ വീട്ടിൽ ആണ് താമസം പറഞ്ഞിരിക്കുന്നത്..ആളുടെ വീട് എവിടാ..”
“ഓ..ബാലന്റെ വീട്ടിൽ ആണോ..”
“അതെ..”
“സമയം എത്ര ആയി ഇപ്പൊ..”
“ആറു മണി ആവുന്നു..”
“ഓ..അപ്പൊ ഇവിടെ നിന്നോ..ഒരു അഞ്ചു മിനിറ്റ് ബാലൻ ഇവിടെ വരും..കോഴി മുട്ട കൊണ്ട് വന്നു തരാൻ..പിന്നെ രാവിലെയും, ഉച്ചക്കും കൊണ്ട് വന്ന പാലിന്റെ പൈസയും വാങ്ങാൻ..
ആഹാ..പറഞ്ഞു തീർന്നില്ല ലോ..ദാ ആള് വരുന്നുണ്ട്..”
ആക്റ്റീവയിൽ കടയുടെ മുന്നിൽ വന്നു ഇറങ്ങിയ ആളെ വ്യാസൻ നോക്കി..
ഒരു അമ്പത്.. അമ്പത്തഞ്ചു വയസ് പ്രായം കാണും..വെള്ള മുണ്ട്..വെള്ള മുഴു കൈ ബനിയൻ..കള്ളി തോർത്ത് മുണ്ട് കൊണ്ട് തലയിൽ ഒരു കെട്ടും..തനി പച്ചയായ മനുഷ്യൻ..ആക്റ്റീവയിൽ നിന്ന് ഇറങ്ങി ബാലൻ മാഷ് വ്യാസനെ നോക്കി..ചെരിപ്പ് ഇടാത്ത കാലുകൾ, തറയിൽ ഇട്ട ചാക്കിൽ തുടച്ച് കടയുടെ ഉള്ളിലേക്കു കയറി..
“ആരാ രാമേട്ടാ..വിരുന്നുകാരുണ്ടോ ഈ നേരത്ത്..”
“എനിക്കല്ല ബാലാ..നിന്റെ വീട്ടിലേക്ക് ഉള്ളതാ..സ്കൂളിൽ പുതുതായി ചാർജ് എടുക്കാൻ വന്ന മാഷാണ്..”
“ഓ..ഇയ്യാൾ ആണോ അയ്യാൾ..എന്താ പേര് പറഞ്ഞത്..വത്മീകി എന്നോ മറ്റോ അല്ലേ..” തലയിലെ കെട്ട് അഴിച്ചു ഒന്ന് കുടഞ്ഞു മുഖത്തെ വിയർപ്പ് ഒപ്പി ബാലൻ.. “
“വ്യാസൻ..”
“ആ..അങ്ങനെ ഏതോ പുരാണത്തിലെ പേരാണ് എന്ന് മനസിലായി..ഓർമ ഇല്ല അതാണ്..”
“മ്മ്..”
“ഒറ്റയ്ക്ക് ആണോ..ഫാമിലി ഉണ്ടാവുമെന്ന് പറഞ്ഞു ലോ..”
“ഏയ്..വിവാഹം കഴിഞ്ഞില്ല..അമ്മയുണ്ട്..വന്നിട്ടില്ല..”
“രാമേട്ടാ..ഇന്ന് പൈസ വേണ്ടാ..നാളെ മീനുവിന് ഫീസ് അടയ്ക്കണ്ടേ..ദാ..ഇത് കൂടെ ചേർത്ത് അടച്ചോ..”
പതിനായിരം ഉണ്ട്.. ” രാമേട്ടന്റെ കൈയിലേക്ക് വെച്ചു കൊടുത്തു ബാലൻ മാഷ്..
“ഇതൊക്കെ ഞാൻ എങ്ങനെ ബാലാ തിരികെ തരിക..”
“തിരികെ ഞാൻ ചോദിച്ചോ രാമേട്ടാ..നിങ്ങൾ അത് നാളെ പോയി അയച്ചു കൊടുക്കണം..
വാടോ മാഷേ..നമുക്ക് പോവാം..” വ്യാസനെ നോക്കി ബാലൻ മാഷ് പുറത്ത് ഇറങ്ങി..
“ചായടെ പൈസ എത്ര..”
“പത്തു രൂപ..” വ്യാസൻ പോക്കറ്റിൽ നിന്നും പത്തു രൂപ എടുത്തു രാമേട്ടന്റെ കൈയിൽ കൊടുത്തു..പിന്നെ ആക്റ്റീവയുടെ പിറകിൽ കയറി..ബാലൻ മാഷ് ആക്റ്റീവ മുന്നിലേക്ക് എടുത്തു..
****************************
“വീട്ടിൽ ആരൊക്കെയുണ്ട് മോന്..” ജാനകി വ്യാസനെ നോക്കി ചോദിച്ചു..
“അമ്മ..അച്ഛൻ..”
“മ്മ്..”
“പിന്നെ വ്യാസോ..ഒരു കാര്യം പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്..
ഇപ്പോളത്തെ കാലം ഇങ്ങനെയൊക്കെ ആണ്..
ഇത് ഒരു ഗ്രാമം ആണ്..ഇവിടത്തെ ആളുകൾക്കും അതിന്റെ ഒരു രീതി ഉണ്ടാവും..പരിഷ്കാരികൾ വളരെ കുറവാണ്..അത് വസ്ത്ര രീതിയിൽ ആയാലും സ്വഭാവത്തിൽ ആയാലും പരിഷ്കാരം വളരെ കുറവാണ്..
ഞാൻ അത്തരക്കാരൻ അല്ല..പുതിയ തലമുറയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന ആളുകൾ ആണ് ഞാനും,എന്റെ ഭാര്യ ജാനകിയും..”.
“എന്തേ ഇങ്ങനെയൊരു മുഖവുര..”
വ്യാസന്റെ ശബ്ദത്തിൽ അല്പം കൌതുകമുണ്ടായിരുന്നു..
“വ്യാസന്റെ ഒപ്പം ആ വീട്ടിൽ ഒരു പെൺകുട്ടി കൂടെ താമസിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..” ചോദ്യം ജാനകിയുടെയായിരുന്നു..
“എന്തെ അങ്ങനെ..ഒറ്റയ്ക്ക് എന്ന് പറഞ്ഞല്ലേ നമ്മൾ വാക്ക് പറഞ്ഞത്..”
“ശരിയാണ്..പക്ഷെ..അറിയാലോ..ഇവിടെ ഇങ്ങനെ ഒരു ഗ്രാമത്തിൽ താമസം വലിയ ബുദ്ധിമുട്ട് ആണ്..വ്യാസന്റെ സ്കൂളിൽ തന്നെയുള്ള ഒരു ടീച്ചർ ആണ്…ഗവണ്മെന്റ് ജോലി കിട്ടി ആദ്യത്തെ പോസ്റ്റിങ്ങ് ഈ സ്കൂളിൽ ആണ്..
നിങ്ങൾ പരസ്പരം ഒന്ന് സംസാരിച്ചു നോക്ക്..ഓക്കേ ആണേൽ ഒരുമിച്ചു താമസിക്കൂ..ആ കുട്ടിയും വിവാഹം കഴിച്ചിട്ടില്ല..” മറുപടി ബാലൻ മാഷിന്റെയായിരുന്നു..
“മാഷേ..അത് ഇപ്പൊ..”
“എന്തേ..മോൻ ഓക്കേ അല്ലേ..” ജാനകി ചോദിച്ചു..
“നിങ്ങൾ പരസ്പരം സംസാരിച്ചു നോക്ക്..ആയില്ലങ്കിൽ ആ കുട്ടിയോട് വേറെ നോക്കാൻ പറയാം..” ജാനകി മൊബൈൽ എടുത്തു ആരെയോ വിളിച്ചു..
“മോളെ…ഞങ്ങൾ പറഞ്ഞ ആള് വന്നിട്ടുണ്ട്..ഒന്ന് വരുമോ..
ശരി.. മോളെ..
ഇപ്പൊ വരും. ” ജാനകി വ്യസനെ നോക്കി പറഞ്ഞു..
കുറച്ചു കഴിഞ്ഞു ഉമ്മറ പടിയിലേക്ക് കയറി വന്ന ആളെ കണ്ട് വ്യാസൻ ഞെട്ടി..
“മീര..”
വ്യാസന്റെ ഉള്ളിൽ ഒരു പിടച്ചിൽ..ഉമ്മറ കോലായിൽ ഇരിക്കുന്ന ആളെ കണ്ട് മീര ഒരു നിമിഷം നിശ്ചലമായി നിന്ന് പോയി..പെരു വിരൽ മുതൽ ഒരു വിറയൽ ശരീരത്തിലേക്ക് വ്യാപിക്കുന്നത് അവൾ അറിഞ്ഞു..
ഭാഗം 13
“വ്യാസോ..ഇതാണ് കുട്ടി..നിങ്ങൾ കാര്യങ്ങൾ സംസാരിക്കൂ..” ബാലൻ മാഷ് വ്യാസനെ നോക്കി പറഞ്ഞു..
“വീടൊന്നു കാണണം എന്നിട്ടു സംസാരിച്ചാൽ പോരെ..” വ്യാസൻ പറഞ്ഞത് കേട്ട് മാഷ് ജാനകിയെ നോക്കി..പിന്നെ മീരയേയും..
“കൊച്ച് പറഞ്ഞത് ശരിയാ മാഷേ..അവൻ വീടൊക്കെ ഒന്ന് കാണട്ടെ..” ജാനകിയുടെയായിരുന്നു മറുപടി..
ഈ നിമിഷം മുഴുവൻ മീര കണ്ണെടുക്കാതെ വ്യാസനെ നോക്കി നിൽക്കുകയായിരുന്നു..
“മോളെ..ഒന്ന്..കൂടെ ചെന്നേ..ഞങ്ങൾക്ക് ഇവിടെ ഇച്ചിരി പണി കൂടെ ഉണ്ടേ..”
മാഷ് മീരയെ നോക്കി പറഞ്ഞു..
മീര ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു..
“വ്യാസോ..നീ പോയി വീടൊക്കെ കണ്ടിട്ട് വാ..” മാഷ് വ്യാസനെ നോക്കി പറഞ്ഞു..വ്യാസൻ തലയാട്ടി കൊണ്ട് മീരയുടെ പിറകെ നടന്നു..
“അവർക്ക് പരസ്പരം അറിയാ ഡീ ഭര്യേ..” വ്യാസനും, മീരയും നടന്നു പോകുന്നത് നോക്കി മാഷ് പറഞ്ഞു..
“എനിക്കും അത് തോന്നി..വളരെ കാലങ്ങൾക്ക് ശേഷം കണ്ട് മുട്ടിയ ആളുകളെ പോലെ തോന്നി..”
“അവർ തമ്മിൽ എന്തോ ഒന്ന് ഉണ്ടായിരുന്നു..ആ പെൺകുട്ടിയുടെ മുഖം അവനെ കണ്ടപ്പോൾ മാറി..വിളറി വെളുത്തപോലെ..”
“മാഷേ..ഇടയ്ക്ക് എപ്പോളോ യാത്ര പറയാതെ ഇറങ്ങി പോയ ഒരു സ്നേഹത്തിന്റെ കഥ അവർക്ക് രണ്ടു പേർക്കും പറയാൻ ഉണ്ടാവും..” ജാനകി പറഞ്ഞത് കേട്ട് മാഷ് മെല്ലെ തലയാട്ടി..
*********************
“കിച്ചൺ കോമൺ ആണ്..പിന്നെ നിങ്ങൾക്ക് ഏതൊക്കെ റൂമുകൾ വേണം എന്ന് പറഞ്ഞാൽ അത് പോലെ എടുക്കാം..” മീര ഓരോ മുറിയും കാണിച്ചു കൊടുത്തു വ്യാസന്..
“മൊത്തം നാല് റൂം..വലിയ ഒരു ഹാൾ..അടുക്കള, അടുക്കളയോട് ചേർന്ന് നീളൻ വരാന്ത..അതിനോട് ചേർന്ന് വേറെ ഒരു ചായ്‌പ് പോലെ നീളത്തിൽ ഉള്ള മുറി..
ഉമ്മറത്തെ കോലായി നീളൻ വരാന്തയാണ്..സിമന്റ് ചാന്തു കൊണ്ടാണ് തറ തേച്ചിരിക്കുന്നത്..
പഴയ ഒരു തറവാട്..അതിന്റെ തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിച്ചത് കൃത്യമായി അവിടെ കാണാൻ കഴിഞ്ഞു വ്യാസന്..
“എന്റെ ഇഷ്ടം നോക്കണ്ട..ഇയ്യാളുടെ ഇഷ്ടം നോക്കി പറഞ്ഞോ..” വ്യാസൻ മീരയെ നോക്കി..
“ഈ രണ്ട് റൂമുകൾ മതി എനിക്ക്..” ഇടത് വശത്തു മൂവാണ്ടൻ മാവിനോട് ചേർന്ന മുറികൾ നോക്കി മീര പറഞ്ഞു..
“ഏതായാലും കുഴപ്പമില്ല..”
“പിന്നെ ഒരു കാര്യം..” മീര വ്യാസനെ നോക്കി..
“വെളുപ്പിന് എഴുന്നേറ്റു കുളിച്ചു വിളിക്ക് വെയ്ക്കും ഞാൻ..പൂജമുറി എനിക്ക് വേണം..”
“മ്മ്..ഇനി വേറെ എന്തെങ്കിലും..”
“കിച്ചൺ ഉപയോഗം എങ്ങനെ..”
“ഇയ്യാളുടെ എല്ലാം കഴിഞ്ഞു മതി എനിക്ക്..ഒന്നുമില്ലങ്കിലും രാത്രി ഉറങ്ങാൻ അല്പം സ്ഥലം അത് മാത്രം മതി..” വ്യാസൻ പറഞ്ഞത് കേട്ട് മീര അവനെ നോക്കി..
“ഒരുമിച്ചു താമസിക്കാൻ പേടി ഉണ്ടോ..” വ്യാസൻ ചോദിച്ചത് കേട്ട് മീര തിരിഞ്ഞു..
“ഇത് ഞാൻ അങ്ങോട്ട് ചോദിക്കാൻ വരികയായിരുന്നു..” പിന്നെ ഒന്നും മിണ്ടാതെ മീര തിരിഞ്ഞു നടന്നു..
“മൂന്ന് മാസം..ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ല ല്ലേ..” വ്യാസൻ പറഞ്ഞത് കേട്ട് മീര തിരിഞ്ഞു നിന്നു..
“അന്വേഷിച്ചില്ലങ്കിലും കാര്യങ്ങൾ ഞാൻ കൃത്യമായി അറിഞ്ഞു ..അത് ആരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്ക് ഇല്ല..”
മീര അകത്തേക്ക് കയറി പോയി..
****************************
“നിങ്ങൾ തമ്മിൽ മുന്നേ അറിയുംല്ലേ..” രാത്രി അത്താഴം കഴിഞ്ഞു മുറ്റത്തിരുന്നു സംസാരിക്കുന്നതിനിടയിൽ പെട്ടന്ന് വ്യാസനെ നോക്കി മാഷ് ചോദിച്ചത് കേട്ട് വ്യാസൻ ഒന്ന് പതറി..
“പേടിക്കണ്ട..മീര ഒന്നും പറഞ്ഞില്ല..ഞങ്ങൾക്ക് അങ്ങനെ തോന്നി ചോദിച്ചു..” ഇത്തവണ ശബ്ദം ജാനകിയുടെയായിരുന്നു..
“കുറച്ചു കാലത്തെ പരിചയം ഉണ്ട്..” വ്യാസൻ അവരെ നോക്കി പറഞ്ഞു..
“വെറും ഒരു പരിചയം മാത്രം..” ശബ്ദം ജാനകിയുടെയായിരുന്നു..വ്യാസൻ അല്പ നേരം അവരെ നോക്കി.. പിന്നെ എഴുന്നേറ്റ് ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് സിഗ, രറ്റ് പാക്കറ്റ് എടുത്തു..
“സി, ഗരറ്റ് വലിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ..” വ്യാസൻ അവരെ നോക്കി..
“എന്ത് കുഴപ്പം..തന്റെ ജീവിതം, തന്റെ ആരോഗ്യം, തന്റെ സ്വാതന്ത്ര്യം..തന്റെ ഇഷ്ടം..ഇവിടെ അതിന് ആരും തടയില്ല..” മറുപടി ജാനകിയുടെയായിരുന്നു..
വ്യാസൻ സി, ഗരറ്റ് കത്തിച്ചു ആഞ്ഞു ഉള്ളിലേക്ക് പഫ് എടുത്തു പതിയെ പുക ചുരുൾ വായിലേക്ക് ഇറക്കി..
“മീര..അവൾ ഒരു സംഭവമാണ്..ഒരു അവതാരം..”
മൂക്കിലൂടെയും, ചുണ്ടിനു ഇടയിലൂടെയും പുക ചുരുൾ വൃത്താകൃതിയിൽ പുറത്തേക്ക് വന്നു അന്തരീക്ഷത്തിൽ ലയിച്ചു..
വ്യാസൻ മീരയുമായി ഉണ്ടായത് എല്ലാം അവരോട് പറഞ്ഞു..
“എന്നിട്ട്..അന്ന് എന്താ ഉണ്ടായത്..” മാഷ് എഴുന്നേറ്റു വന്ന് വ്യാസന്റെ തോളിൽ പിടിച്ചു..
“അന്ന് സ്കൂളിൽ നിന്ന് കുട്ടികളെ സ്പോർട്സ് മീറ്റിനു കൊണ്ട് പോയിരുന്നു..
നേരം വൈകിയത് കൊണ്ട് മൂന്നു കുട്ടികളെ ഞാൻ എന്റെ കാറിൽ കയറ്റി കൊണ്ട് വന്നു..ബാക്കിയുള്ളവരെ അവരുടെ മാതാപിതാക്കൾ വന്നു കൊണ്ട് പോയി..
നല്ല മഴ ആയിരുന്നു..പോരാത്തതിന് അല്പം ഇരുട്ടിയും തുടങ്ങിയിരുന്നു..എതിർ ദിശ യിൽ നിന്നും റോങ് സൈഡ് കയറി വന്ന ഒരു ലോറി ഇടിക്കാതിരിക്കാൻ പരമാവധി ഞാൻ കാർ വെട്ടിച്ചു. പക്ഷെ.. ലോറി കാറിന്റെ പിറകിൽ വന്നു തട്ടി..
മൂന്നു കുട്ടികൾ..ഒരാളുടെ രണ്ടു കാലും ഒടിഞ്ഞു..ഒരാളുടെ വാരിയെല്ലു തകർന്നു..ഒരാളുടെ തലയിൽ വലിയ പരിക്ക്..എനിക്കും തലയ്ക്കു നല്ല പരിക്ക് ഉണ്ടായിരുന്നു..ഒരാഴ്ച വെന്റിലേറ്ററിൽ ആയിരുന്നു ഞാൻ..”
“അപ്പൊ അതിന് ശേഷം താൻ മീരയെ കണ്ടിട്ടില്ലേ..”
“ഇല്ല..ഞാൻ ഹോസ്പിറ്റലിൽ ആണ് എന്ന് വിളിച്ചു പറഞ്ഞിരുന്നുവെന്ന് അമ്മ പിന്നീട് പറഞ്ഞു..”
“അതിനു ശേഷം ഇവിടെയാണോ നിങ്ങൾ കാണുന്നത്..”
“അതെ…രണ്ട് മാസം ഞാൻ ബെഡിൽ തന്നെയായിരുന്നു..പിന്നെ എല്ലാം മെല്ലെ മെല്ലെ ശരിയായി വന്നു..
ആ സ്കൂളിൽ പിന്നെ പഠിപ്പിക്കാൻ മനസു വന്നില്ല..”
“അപ്പൊ ഈ വരദ എന്നുള്ള കുട്ടി എങ്ങനെ വീണ്ടും തന്നിലേക്ക് വന്നു..”
ജാനകിയുടെയായിരുന്നു ചോദ്യം..
വ്യാസൻ പോക്കറ്റിൽ നിന്നും സി, ഗരറ്റ് പാക്കറ്റ് വീണ്ടും എടുത്തു..
“നാലാമത്തെയാണ് ഇപ്പൊ..” ജാനകി ഓർമിപ്പിച്ചു..
“മ്മ്..” സി. ഗര, റ്റ് കത്തിച്ചു ഒരു പഫ് മെല്ലെ എടുത്ത്.. ഇരു വിരലുകൾക്ക് ഇടയിലൂടെ ചുണ്ടിൽ നിന്ന് സി ഗ. രറ്റ് എടുത്തു.
“അമ്മയാണ് വിളിച്ചത്..ഹോസ്പിറ്റലിൽ അമ്മയ്ക്ക് ഒരു സഹായത്തിന്..ദിവസവും വരുമായിരിന്നു..ഒരു നേഴ്‌സ് പരിചരിക്കും പോലെ കൂടെ നിന്നു..ഇപ്പോളും ആ പരിചരണം കൂടെയുണ്ട്..”
“അമ്മ വീണ്ടും വരദയെ വ്യാസന് വേണ്ടി ചേർത്ത് പിടിച്ചു എന്ന് സാരം..” മാഷിന്റെ വാക്കുകൾ കേട്ട് വ്യാസൻ തിരിഞ്ഞു നിന്നു..സി, ഗ, രറ്റ് കുറ്റി തറയിൽ ഇട്ട് മെല്ലെ ചെരിപ്പ് കൊണ്ട് ചവിട്ടി..
“ഒന്ന് കിടക്കണം മാഷേ..നല്ല യാത്ര അല്ലായിരുന്നോ..”
“മ്മ്..ഉറങ്ങിക്കോ..മീര കിടന്നു കാണുമല്ലേ..” ജാനകി വീടിന്റെ ഭാഗത്തേയ്ക്ക് നോക്കി പറഞ്ഞു..
“അറിയില്ല..” വ്യാസൻ വീട്ടിലേക്ക് നടന്നു..
“കേൾക്കുമ്പോ നല്ല ഒരു സിനിമ കഥ പോലെ തോന്നി എനിക്ക്..” ജാനകി പറഞ്ഞത് കേട്ട് മാഷ് തോളിൽ കിടന്ന തോർത്ത് മുണ്ട് എടുത്തു ഒന്ന് കുടഞ്ഞു..
“ഇത്രയേറെ ഇഷ്ടം ഉണ്ടായിരുന്ന മീര പിന്നെ എന്തേ വ്യാസനെ കാണാൻ പോയില്ല..” മാഷ് ജാനകിയെ നോക്കി ചോദിച്ചു..
“മീര തന്നെ പറയും നമ്മളോട് അത്..സമയമാകുമ്പോൾ..”ജാനകി മറുപടി കൊടുത്തു..
പുറത്ത് മഴ പൊടിയൻ തുടങ്ങി..
നിലാവും ചാറ്റൽ മഴയും രാത്രിയെ കൂടുതൽ മനോഹരമാക്കുന്നുണ്ടായിരുന്നു ആ നിമിഷങ്ങളിൽ..
**************************
“കഴിച്ചോ..” അകത്തേക്ക് കയറി വന്ന വ്യാസനെ നോക്കി മീര ചോദിച്ചു..
“മ്മ്..മാഷ് നിർബന്ധം പിടിച്ചു..അപ്പൊ അവിടന്നു കഴിച്ചു..”
“മ്മ്..ചപ്പാത്തി ഉണ്ട്..മസാല കറിയും..വേണേൽ..” മീര വ്യാസനെ നോക്കി..
“വേണ്ടാ..താൻ കഴിച്ചോ..എനിക്ക് വിശപ്പില്ല..ഞാൻ കിടക്കാൻ പോവാ..നല്ല ക്ഷീണം..”
“മ്മ്..”
“ഗുഡ് നൈറ്റ്..” പിറകിൽ നിന്ന് മീര പതിയെ പറഞ്ഞു..
“എന്തേലും പറഞ്ഞോ..” തിരിഞ്ഞു നിന്ന് വ്യാസൻ ചോദിച്ചത് കേട്ട് മീര പിടച്ചു..
“ഏയ്…ഒന്നുല്ല..ഉറങ്ങിക്കോ..” മീര വേഗം മുഖം തിരിച്ചു..
“ഗുഡ് നൈറ്റ്..”
വ്യാസന്റെ മറുപടിയിൽ മീര ഒന്ന് ചുമച്ചു..
“വെള്ളം കുടിക്കാൻ നോക്ക്..ശിരസിൽ കേറണ്ട ഇനി കഴിച്ചത്..”
അതും പറഞ്ഞു വ്യാസൻ മുറിയിലേക്ക് കയറി പോയി..മീര ശിരസിൽ ഇടതു കൈ കൊണ്ട് മെല്ലെ തട്ടി..പിന്നെ തല ചെരിച്ചു വ്യാസനെ നോക്കി..
****************
ഉറങ്ങിയോ..”
വരദയുടെ ചോദ്യമായിരുന്നു മൊബൈൽ ചെവിയിലേക്ക് വെച്ചപ്പോൾ കേട്ടത്..
“ഉറങ്ങാൻ പോണ്..കിടന്നു..”
“ഓക്കേ അല്ലെ..”
“മ്മ്..അതെ..”
“മെഡിസിൻ കഴിച്ചോ..”
“ഉവ്വ്..”
“കാലിന്റെ വേദന എങ്ങനെ..”
“മുട്ടിനു അല്പം വേദന ഉണ്ട്..”
“മ്മ്..ആ ഓയിൽമെന്റ് വേണേൽ പുരട്ടി കിടന്നോ..”
“ഏയ് കുഴപ്പമില്ല..അതിനു ഉള്ള വേദന ഇല്ല..ഇതിപ്പോ യാത്രയുടെയാകും..”
“മ്മ്..എങ്ങനെ പുതിയ സ്ഥലം..ആളുകൾ എല്ലാം എങ്ങനെയുണ്ട്..”
“നല്ല ഒരു ഗ്രാമം ആണ്..നമ്മൾ സിനിമയിൽ കാണുന്ന പോലുള്ള പഴയകാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം ഉണ്ടാവുന്നു ഇവിടെ.. “
“മ്മ്..ഉറങ്ങിക്കോ..” വരദയുടെ മറുപടി..
“മ്മ്..ഗുഡ് നൈറ്റ്..”
“ഗുഡ് നൈറ്റ്..” വരദ കാൾ കട്ട് ചെയ്തു..
ഈ സമയം തന്നെ വാതിലിൽ തട്ടുന്നത് കേട്ട് വ്യാസൻ എഴുന്നേറ്റു വാതിൽ തുറന്നു..
“എന്തേ ഉറങ്ങിയില്ലേ..” മുന്നിൽ വന്നു നിൽക്കുന്ന മീരയെ നോക്കി വ്യാസൻ ചോദിച്ചു..
“അവളുമായി ഇപ്പോളും നല്ല ബന്ധം ആണല്ലേ..” മീരയുടെ ചോദ്യം കേട്ട് വ്യാസൻ ഒന്ന് പതറി..
“മീര..നീ പോയി കിടക്കാൻ നോക്ക്..എനിക്ക് നല്ല ക്ഷീണം ഉണ്ട്..”
“മ്മ്..ക്ഷീണം കാണും..ഉറങ്ങിക്കോ..” കൈകൾ രണ്ടും പിറകിൽ കെട്ടി മീര പെട്ടന്ന് തിരിഞ്ഞു നടന്നു..
വ്യാസൻ വാതിൽ ശക്തമായി കൊട്ടി അടച്ചു..മീര പെട്ടന്ന് നിന്ന് തിരിഞ്ഞു നോക്കി..പിന്നെ പതിയെ റൂമിലേക്ക് നടന്നു..
***********************
“കഴിച്ചിട്ട് ഇറങ്ങിയാൽ മതി. എല്ലാം ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട്..” ബാഗ് എടുത്ത് തോളിൽ ഇട്ട് ധൃതിയിൽ പുറത്ത് ഇറങ്ങുന്ന നേരം ഉമ്മറത്തു പേപ്പർ വായിച്ചു കൊണ്ട് ഇരിക്കുന്ന വ്യാസനെ നോക്കി മീര പറഞ്ഞത് കേട്ട് മുഖം ഉയർത്തി നോക്കി വ്യാസൻ..
ഒന്നും പറയാതെ വ്യാസൻ പത്രത്തിലേക്ക് വീണ്ടും നോക്കി..
“വെളുപ്പിന് എഴുന്നേറ്റു ഉണ്ടാക്കിയത് ആണ് എന്ന് ഓർമ ഉണ്ടായാൽ മതി..”
കൂടുതൽ ഒന്നും പറയാതെ മീര വേഗം മുന്നോട്ട് നടന്നു..
“ഇന്ന് നേരം വൈകിയോ മോളെ..” ജാനകി ചെടി നനയ്ക്കുന്നതിനു ഇടയിൽ മീരയെ നോക്കി ചോദിച്ചു..
“ഇല്ല..അല്പം നേരത്തെ ആണല്ലോ..” വാച്ചിലേക്ക് നോക്കി മീര മറുപടി കൊടുത്തു..
“എങ്കിൽ ഒന്ന് ഇങ്ങു വന്നേ..’ ജാനകി വിളിക്കുന്നത് കേട്ട് മീര ജാനകിയുടെ അടുത്തേക്ക് നടന്നു..
“ഇന്ന് സ്കൂൾ വിട്ട് വന്നു വീട്ടിൽ ഫുഡ് ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട ട്ടോ..”
“എന്തേ..’
“ഇന്ന് നമുക്ക് ഇവിടെ കൂടാം..”
“എന്താ വിശേഷം..”
“എനിക്കും ഏട്ടനും ഒരുപോലെ ശ്വാസം മുട്ടുന്നു..”
“എന്തേ..അങ്ങനെ..” മീരയുടെ ശബ്ദത്തിൽ അല്പം നേർത്തു..
“ഞങ്ങൾക്ക് ഒരാളുടെ കഴിഞ്ഞ മൂന്നുമാസത്തെ അജ്ഞാതവാസത്തെകുറിച്ച് അറിയാതെ വല്ലാത്ത ശ്വാസം മുട്ടൽ..”
“എന്താ ചേച്ചിയമ്മേ..തെളിച്ചു പറ..”
“വ്യാസന്റെ മീര..വ്യാസനെ അറിയിക്കാതെയെടുത്ത അജ്ഞാതവാസം എന്തിനായിരുന്നു..” ജാനകിയുടെ ചോദ്യം കേട്ട് മീര ഒന്ന് ഉലഞ്ഞു.. കൈ കാലുകൾ വിറ കൊള്ളുന്നു..ശരീരം മൊത്തം ചൂട് പിടിക്കുന്നു..താഴെ വീണ് പോകാതിരിക്കാൻ മീര ചുറ്റിനും കൈ പരതി..മീര മെല്ലെ തല ഉയർത്തി ജാനകിയെ നോക്കി..പിന്നെ അപ്പുറം ഉമ്മറ കോലയിൽ ഇരുന്ന പത്രം വായിക്കുന്ന വ്യാസന്റെ മുഖം മങ്ങി മങ്ങി കാഴ്ചയിൽ നിന്ന് അറിയുന്നത് മീര അറിയുകയായിരുന്നു
ഭാഗം 14
മീര മെല്ലെ തല ഉയർത്തി ജാനകിയെ നോക്കി..പിന്നെ അപ്പുറം ഉമ്മറ കോലയിൽ ഇരുന്ന പത്രം വായിക്കുന്ന വ്യാസന്റെ മുഖം മങ്ങി മങ്ങി കാഴ്ചയിൽ നിന്ന് അറിയുന്നത് മീര അറിയുകയായിരുന്നു..
***********************
രാത്രി..
ജാനകിയുടെ വിരലുകൾ കോർത്തു പിടിച്ചു മീര നീളൻ വരാന്തയിൽ പുറത്തേക്ക് നോക്കിയിരിക്കുന്ന നേരം..
“ഈ മഴയിങ്ങനെ പതിയെ..പെയ്തു തോർന്നു പോകുന്നത് കാണാൻ നല്ല ഫീലാണ്..രാത്രിയിൽ പെരുമഴ ആർത്തലച്ചു പെയ്യുന്നത് കേട്ടു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടുണ്ട് ചേച്ചിയമ്മ രാവിലെ പറഞ്ഞ ആ നാളുകളിൽ..”
മീര ആരോടെന്നില്ലാതെ പതിയെ പറഞ്ഞു..
ജാനകി മീരയുടെ വിരലുകളിൽ അമർത്തി പിടിച്ചു..
“നഷ്ടമാകുന്നു..അല്ലെങ്കിൽ നഷ്ടമായി എന്ന് മനസിന് നാം അംഗീകരിച്ചു കൊടുക്കാതെ ഒപ്പം കൂട്ടുന്ന ചിലരുണ്ട്..അല്ലെങ്കിൽ ചിലതുണ്ട് ജീവിതത്തിൽ..അങ്ങനെ കൂടെ കൂട്ടിയ ഒരാൾ ആയിരുന്നു അയ്യാൾ എനിക്ക്..”
“വ്യാസൻ..” ജാനകി മീരയെ മെല്ലെ നോക്കി..
“മ്മ്..അന്ന്..അയ്യാളുടെ അമ്മയുടെ ശബ്ദം..എന്റെ ചെവിയിലേക്ക് മൂളി ഇറങ്ങിയത് ഇന്നും ഞാൻ അറിയുന്നു..
അയ്യാൾക്ക് എന്തോ അപകടം പറ്റി.
ഒരു നിമിഷം കൊണ്ട് നമ്മുടെ മനസ്സിൽ ഒരായിരം ചിന്തകൾ പടർന്നു കയറില്ലേ..അയ്യാൾ ഇനിയില്ല ഈ ഭൂമിയിൽ..അതായിരുന്നു ഒരൊറ്റ നിമിഷം കൊണ്ട് എന്നെ എന്റെ മനസ് പഠിപ്പിച്ചത്..കൂടുതൽ ഒന്നും പിന്നെ എനിക്ക് ഓർമയില്ല..
മൂന്നാഴ്ച്ചയ്ക്ക് ശേഷം ഞാൻ കണ്ണുകൾ തുറന്നുവെന്ന് അമ്മ പറഞ്ഞു..ആ മൂന്നാഴ്ച്ച എനിക്ക് ഞാൻ ആരായിരുന്നുവെന്ന് ഒരു ഓർമയുമില്ല..
മൊബൈൽ കൈയിൽ നിന്ന് താഴെ വീഴുന്നതും..ഹരിതേച്ചി അമ്മേ എന്ന് നിലവിളിക്കുന്നതും ഇന്നും ഓർമ്മയിൽ ഉണ്ട്..”ജാനകിയുടെ തോളിലേക്ക് ചാരി മീര..
“ഇതിനിടയിൽ..”.ജാനകി മീരയെ ചേർത്ത് പിടിച്ചു..
“ഭ്രാ. ന്ത്..” മീരയുടെ വാക്കുകൾ കേട്ട് ജാനകി ഞെട്ടി..തന്നിൽ നിന്നും മീരയെ അടർത്തി മാറ്റി മീരയുടെ മുഖത്തേക്ക് നോക്കി..
“തമാശ പറയാതെ മോളെ..”
“അറിയോ..ഞാൻ പറഞ്ഞാൽ ചേച്ചിയമ്മ വിശ്വസിക്കോ എന്ന് അറിയില്ല..
അയാളെ..അയാളെ ഞാൻ ഇതിനു മുന്നേ എന്നോ കണ്ടിട്ടുണ്ട്..ഒരിക്കൽ അല്ല..
പലവട്ടം..ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത അയ്യാളുടെ മുഖം ഞാൻ അതിന് മുന്നേ കണ്ടിട്ടുണ്ട്..”nമീരയുടെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു ആ നിമിഷം..
“അതെങ്ങനെ..”
“സ്വപ്നത്തിൽ..ഒരു കൈ വിരൽ തുമ്പിന്റെ അകലത്തിൽ അയ്യാളെ എന്നോ എനിക്ക് നഷ്ടമായതായിരുന്നു..
എന്റെ തൊട്ടടുത്ത്..എനിക്ക് മുന്നിൽ അയ്യാൾ വന്നു പോയിട്ടുണ്ടാവണം..പക്ഷെ..ഒരിക്കലും കണ്ട് മുട്ടിയില്ല ഞാൻ.. എന്നുള്ളതാവും കാലം നൽകിയ വികൃതി..” മീരയുടെ ശബ്ദം നേർത്തു..
“മീരാ..”
“മ്മ്…” മീരയുടെ മുടിയിഴകൾ മെല്ലെ മാടിയൊതുക്കി ജാനകി..
“അയ്യാളും ചിലപ്പോൾ എന്നെ കണ്ട് കാണണം..തമ്മിൽ നേരിൽ കാണും മുൻപേ അയ്യാളുടെ ഹൃദയത്തിൽ..അതാവും അന്ന് ആ ഫോൺ വിളിയിൽ..അയ്യാളുടെ ശബ്ദം എന്നിലേക്ക് പടർന്നിറങ്ങിയത് എന്ന് പിന്നീട് ഞാൻ ചുമ്മാ ആലോചിച്ചു കൂട്ടിയിട്ടുണ്ട്..
അതാവും..അയ്യാൾ പിന്നീട് എന്റെ പിറകെ വന്നതും..അയ്യാൾക്കും ചിലപ്പോൾ എന്നെ മുന്നേ അറിയുമായിരിക്കും..മുജന്മ ബന്ധം എന്നൊക്കെ പറയുന്നത്..ചിലപ്പോൾ അതാവും..ഇങ്ങനെ..ഭ്രാ. ന്ത് പോലെ കൂടെ കൂട്ടുന്നത്..” ജാനകിയുടെ തോളിൽ മുഖം മെല്ലെ പൂഴ്ത്തി മീര..
“മോളെ..”
“മ്മ്..”
“പിന്നെ ഇത്രയും നാൾ മോൾ എവടെയായിരുന്നു..”.ജാനകിയുടെ ചോദ്യം കേട്ട് മീര തല ഉയർത്തി.. പിന്നെ മെല്ലെ ജാനകിയിൽ നിന്നും അടർന്നു മാറി എഴുന്നേറ്റ് വരാന്തയുടെ തെല്ലത്തു പോയി മഴയെ നോക്കി നിന്നു..വലതു കൈ വിരലുകൾ പെയ്തു തോരുന്ന മഴ തുള്ളികളെ പുണരാൻ വെമ്പൽ കൊള്ളുന്നത് പോലെ വായുവിൽ താളം പിടിച്ചു..
“നല്ല തണുപ്പ്..” വിരൽ തുമ്പുകളിൽ തട്ടി തെറിയ്ക്കുന്ന മഴ തുള്ളികളെ നോക്കി മീര പറഞ്ഞു..
“ഭ്രാ, ന്ത്..എന്ന് പറഞ്ഞപ്പോൾ ചേച്ചിയമ്മ പേടിച്ചോ..”
“മ്മ്..”
“സ്വയം അറിയാതെ നാം ചെയ്തു പോകുന്ന കാര്യങ്ങൾ..അത് മറ്റുള്ളവർ പറഞ്ഞു നാം അറിയുമ്പോൾ ഉള്ള ഒരു അനുഭവം..അല്ലെങ്കിൽ വേദന..ആ ഒരു വേദനയുടെ പേരാണ് ഭ്രാ. ന്ത്..
അലറി കരഞ്ഞില്ലന്ന് അമ്മ പറഞ്ഞു..ആരെയും ഉപദ്രവിച്ചിട്ടും ഇല്ല എന്ന് ഹരിതേച്ചി പറഞ്ഞു..
പക്ഷെ..എന്നും വെളുപ്പിന് എഴുന്നേറ്റു ഞാൻ പൂജാമുറിയിൽ കയറി വിളക്കും കത്തിച്ചു ഒരു ഇരിപ്പായിരുന്നുവെന്ന്..
മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നുവെന്ന്..കൈകൾ കൂപ്പി ഒന്നും മിണ്ടാതെ പൂജാമുറിയിലെ കൃഷ്ണനെ നോക്കി ഇരിക്കുമെന്ന്..
ആദ്യമാദ്യം അവർ കാര്യമാക്കിയില്ല പോലും..പിന്നെ എപ്പോഴോ..ഞാൻ ഒന്നും സംസാരിക്കാതെയായപ്പോൾ അമ്മയ്ക്ക് പേടിയായി..ഏട്ടനും ടെൻഷൻ ആയി..അങ്ങനെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോയി എന്ന് പറയുന്നു..”
മീര മഴയെ ഒന്നുടെ തല ചെരിച്ചു നോക്കി..
“ഈ മഴയ്ക്ക് ഭ്രാന്താണ്..എന്നെ പോലെ..” കുറച്ചു നേരം മീര മഴയെ നോക്കി നിന്നു..പിന്നെ പതിയെ തിരിഞ്ഞു നടന്ന് ജാനകിയുടെ അരികിൽ ഇരുന്നു..
“ആ ദിവസങ്ങളിൽ എന്തായിരുന്നു കാണും എന്റെ മനസിൽ..ഞാൻ എന്തായിരിക്കും കണ്ണനോട് പറഞ്ഞു കാണുക…അയ്യാളെ കുറിച്ചാവും..അല്ലാതെ എനിക്ക് അങ്ങേരോട് പറയാൻ വേറെ എന്താ ഉള്ളത്..” ജാനകിയുടെ മടിയിലേക്ക് തന്റെ തല ചായ്ച്ചു മീര. ജാനകി മീരയെ ചേർത്ത് പിടിച്ചു..
“ഒരു ഉറക്കത്തിൽ നിന്നും എഴുന്നേറ്റ പോലെയായിരുന്നു എന്റെ ഓർമ്മകളിലേക്ക് ഉള്ള തിരിച്ചു വരവ്..
ഇന്നലെകളിൽ പറയാൻ മറന്നതിൽ നിന്നും..അറിയാൻ ആഗ്രഹിക്കുന്ന ഒന്നിലേക്ക് ആയിരുന്നു എന്റെ പുനർ ജന്മം..
ഉറക്കത്തിൽ നിന്ന് എന്ന പോലെ കണ്ണുകൾ തുറന്ന ഞാൻ ആദ്യം കണ്ടത് അമ്മയെ ആണ്..
അമ്മ കൈ കൂപ്പി നിൽപ്പുണ്ട്..അരികിൽ വിധുവേട്ടൻ ഉണ്ട്..ഹരിതേച്ചിയുണ്ട്..
ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു..ഒരു പൊട്ടികരച്ചിൽ ആയിരുന്നു ഹരിതേച്ചിയുടെ മറുപടി..
അത്രയും നാൾ ഉള്ളിൽ ഒതുക്കി വെച്ചതെല്ലാം ആ ഒരൊറ്റ നിമിഷം കൊണ്ടു തകർത്തടിഞ്ഞു, കടലിരമ്പം പോലെ പെയ്തു തോരുന്നുണ്ടായിരുന്നു ആ കണ്ണുകളിൽ..
അയ്യാൾക്ക് എന്തെങ്കിലും പറ്റിയോ…
അതായിരുന്നു എന്റെ ആദ്യ ചോദ്യം..എന്റെ ശബ്ദം കേട്ടത് കൊണ്ടാവണം ഇത്തവണ വിതുമ്പി പോയത് അമ്മയായിരുന്നു..
മോളെ..എന്നുള്ള ഒരു അലർച്ചയിലൂടെ എന്റെ ദേഹത്തേക്ക് അമ്മ വീണു ..
എന്റെ നെറ്റിയിൽ, കവിളിൽ, കണ്ണിൽ, മൂക്കിൽ, മുടിയിൽ, എല്ലാം അമ്മ തുരു തുരെ ഉമ്മ വെച്ചു..എന്റെ മുഖം അമ്മ കൈ കുമ്പിളിൽ കോരിയെടുക്കും പോലെ ചേർത്ത് പിടിച്ചു..
എന്നാ പോക്കാ ഡീ മോളെ നീ പോയത് എന്നുള്ള ഒരു ചോദ്യം..ഇടറി വിമ്മി പൊട്ടിയ ശബ്ദത്തിൽ എന്റെ കാതിലേക്ക് പതിക്കുമ്പോളും എനിക്ക് അമ്പരപ്പ് ആയിരുന്നു..
ഇവരെന്താ..എന്നോട് ഇങ്ങനെ പറയുന്നത്..ഇവർക്ക് എന്ത് പറ്റി എന്നൊക്കെയുള്ള ചിന്തകൾ ആയിരുന്നു എന്റെ മനസിൽ..
പക്ഷെ..എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ ഉണ്ടല്ലോ..നമ്മൾ മാനസികമായി പ്രശ്നത്തിൽ ആയിരുന്നുവെന്ന്..പച്ച മലയാളത്തിൽ പറഞ്ഞാൽ നമുക്ക് ഭ്രാന്ത് ആയിരുന്നുവെന്ന് മറ്റൊരാൾ പറഞ്ഞു നാം അറിയുന്ന ഒരു നിമിഷമുണ്ടല്ലോ..
തിരിച്ചറിവുകളുടെ ലോകം..അത് എത്ര ഭീകരമായി മാറുന്നുവെന്ന് സ്വയം അറിയുന്ന നേരം..
ഹോ…
ആ നിമിഷത്തെ നമ്മൾ അതിജീവിച്ചു പോകുന്ന കാഴ്ച..അത് അറിയുക തന്നെ വേണം..ഹൃദയം നുറുങ്ങുന്ന വേദന മാത്രം നൽകി കടന്നു പോയ വാക്ക്..ഭ്രാന്ത്..
എനിക്ക് ഭ്രാ. ന്തായിരുന്നു..ഞാൻ ഭ്രാ
ന്തിയായിരുന്നു എന്നുള്ള തിരിച്ചറിവ്..
ദൈവമേ..ഇപ്പോളും ഒരു വിറയലാണ് ദേഹം മുഴുവൻ.. ” മീര ജാനകിയുടെ മടിയിലേക്ക് പൂണ്ടു കിടന്നു..
പുറത്ത് മഴ തകർത്തു പെയ്യാൻ തുടങ്ങി..
**************************
“നാളെ രാവിലെ അമ്പലത്തിൽ പോകുന്നുണ്ട് വരുന്നോ എന്റെ കൂടെ..ഇവിടെ അടുത്ത് ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്..”
മാഷിന്റെ വീട്ടിൽ നിന്നും വന്ന് അകത്തേയ്ക്ക് കയറി വാതിൽ കുറ്റി ഇട്ട് തിരിഞ്ഞ് വ്യാസന്റെ മുന്നിൽ വന്നു നിന്ന് മീര ചോദിച്ചു..
വ്യാസൻ മെല്ലെ തല ഉയർത്തി നോക്കി..
“എന്തേ..ചോദിച്ചത് കേട്ടില്ലേ..രാവിലെ അമ്പലത്തിൽ വരുന്നോ..”
“ഇല്ല..” വ്യാസൻ നോട്ടം മീരയിൽ നിന്നും മാറ്റി പറഞ്ഞു..
“ഞാൻ ചേച്ചിയമ്മയുടെ അടുത്ത് നിന്ന് കഴിച്ചു..ഇയാൾ എന്തേലും കഴിച്ചോ..” മീര വ്യാസന്റെ എതിരെയുള്ള സെറ്റിയിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു..
“ഇല്ല..”
“എന്തെ..”
“ഒന്നുല്ല..എന്നോട് ആരും പറഞ്ഞില്ല..ആരും വിളിച്ചുമില്ല..അവിടെ പോയി കഴിക്കാമെന്ന്..”
“മ്മ്..” ഒന്നും മിണ്ടാതെ മീര അടുക്കളയിലേക്ക് നടന്നു..
അല്പ നേരത്തിനു ശേഷം..
“വാ..വന്ന് കഴിക്ക്..ദോശ ഉണ്ടാക്കിയിട്ടുണ്ട്..പിന്നെ തക്കാളി ചമ്മന്തിയും..” വ്യാസന്റെ അടുത്ത് വന്നു മീര പറഞ്ഞു..
ഒന്നും മിണ്ടാതെ വ്യാസൻ എഴുന്നേറ്റു വാഷ് ബേസിന് അടുത്തേക്ക് നടന്നു..
കൈ കഴുകി കസേരയിൽ വന്നിരുന്നു..
“പാത്രം അടുക്കളയിൽ ഉണ്ട്..” മീര ഹാളിൽ ഇരുന്നു പറഞ്ഞു..
വ്യാസൻ കസേരയിൽ നിന്നും എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് ഷെൽഫിൽ നിന്നും പാത്രമെടുത്തു തിരിച്ചു വന്നിരുന്നു..
“നാളെ എന്താ പരിപാടി..എവിടേലും പോകുന്നുണ്ടോ..” മീര എഴുന്നേറ്റു ടിവി ഓൺ ചെയ്ത് സെറ്റിയിൽ വന്നിരുന്നു ഉറക്കെ ചോദിച്ചു..
വ്യാസൻ കഴിച്ചു എഴുന്നേറ്റ് പാത്രം കഴുകി ഷെൽഫിൽ വെച്ച് തിരികെ ഹാളിലേക്ക് ചെന്ന് സെറ്റിയിൽ ഇരുന്നു..
“നാളെ എന്താ പരിപാടി..” മീര വീണ്ടും ചോദിച്ചു..
“ബി, വറേജിൽ പോണം..ഒരെണ്ണം വാങ്ങി വരണം..രണ്ടെണ്ണം അടിക്കണം..സുഖമായി കിടന്നു ഉറങ്ങണം..”
“കുറച്ചു പൈസ വേണം..” മീര ഒരു കൂസലുമില്ലാതെ ചോദിച്ചത് കേട്ട് വ്യാസൻ തല ചെരിച്ചു നോക്കി..
“എന്തിന്..എന്തേലും അത്യാവശ്യം ഉണ്ടോ..”
“ഉണ്ട്..”
“എന്ത്..”
“അല്ല..വായു ഭക്ഷണം കഴിച്ചാൽ മതിയോ..സാധനങ്ങൾ ഒന്നും ഇല്ല അടുക്കളയിൽ..അത് വാങ്ങണം..മെസും നമുക്ക് ഷെയർ ചെയ്യാം..എന്തേ ബുദ്ധിമുട്ട് ഉണ്ടോ..”
“എത്ര വേണം..”
“നിലവിൽ എന്റെ അകൗണ്ട് സിറോ ബാലൻസ് ആണ് ഇന്ന്..അത് കൊണ്ടു ഒരു അയ്യായിരം തന്നേക്ക്.. മാസം ലാസ്റ്റ് ആവുമ്പോൾ കണക്ക് നോക്കി സെറ്റിൽ ചെയ്യാം എല്ലാം..”
“രാവിലെയല്ലേ..ആലോചിക്കാം..”
“മ്മ്..” മീര മൂളി..
“ഒരു കാര്യം ചോദിക്കട്ടെ..” വ്യാസൻ മീരയെ നോക്കി ചോദിച്ചു..
“ഇന്നലെകളിൽ ഞാൻ എവിടെ ആയിരുന്നു എന്നത് മാത്രം ഒഴിച്ച് എന്ത് വേണമെങ്കിലും ചോദിക്കാം..”
“അതൊന്നുമല്ല..”
“പിന്നെ..” കുറച്ചു നേരത്തെ മൗനം..
“താൻ വിവാഹത്തെ കുറിച്ച് ആലോചിച്ചു തുടങ്ങിയോ..” വ്യാസന്റെ ചോദ്യം മീരയുടെ അ. ടിവയറ്റിൽ പിടച്ചിൽ തീർത്തു..
“എന്തെ ഇപ്പൊ അങ്ങനെയൊരു ചോദ്യം..”
“ഇങ്ങനെ ഒരു ജീവിതം..അത് തന്നെ കെട്ടാൻ പോകുന്ന ആള് അറിയുമ്പോൾ അംഗീകരിക്കുമോ..”
“എങ്ങനെയുള്ള ജീവിതം..”
“നമ്മൾ ഇപ്പൊ ജീവിക്കുന്നത് പോലെ..ഒരു വീട്ടിൽ ഒരു ആണും പെണ്ണും ഒരുമിച്ചു താമസിക്കുന്നത്..”
“താമസിച്ചാൽ എന്തേ..ലോകം അവസാനിക്കോ..” മീരയുടെ ശബ്ദത്തിൽ പുച്ഛത്തിന്റെ ധ്വനി ഉണ്ടായിരുന്നു..
“നിങ്ങൾക്ക് പേടിയുണ്ടോ..കെട്ടാൻ പോകുന്ന അവൾ അറിഞ്ഞാൽ പ്രശ്നം ആകും എന്നുള്ള പേടി ഉണ്ടോ ഇപ്പൊ..”
“ആര്..”വ്യാസന്റെ ശബ്ദം കനത്തു..
“നിന്റെ വരദ..അവളുമായി നിന്റെ കല്യാണം ആലോചിച്ചു ഉറപ്പിച്ചത് അല്ലെ..അവൾ അറിഞ്ഞാൽ പ്രശ്നം ഉണ്ടെന്ന് നിനക്ക് പേടി ഉണ്ടോ..” മീര എഴുന്നേറ്റു വ്യാസന്റെ അടുത്ത് വന്നിരുന്നു കൊണ്ടു ചോദിച്ചു..
“പേടി ഉണ്ടോ..” മീര വ്യാസന്റെ അരികിലേക്ക് ചേർന്ന് ഇരുന്നു കൊണ്ടു ചോദിച്ചു..
“പറയ ഡോ..നിനക്ക് പേടി ഉണ്ടോ അവളെ..” മീരയുടെ ശബ്ദം കനത്തു..
മീരയുടെ കൈ വ്യാസന്റെ വലതു ഷോൾഡറിലേക്ക് നീണ്ടു..
ഭാഗം 15
ഈ നിമിഷം വ്യാസന്റെ മൊബൈൽ റിംഗ് ചെയ്തു…സെറ്റിയിൽ കിടക്കുന്ന മൊബൈലിലേക്ക് മീര പതിയെ മുഖം തിരിച്ചു നോക്കി..
വരദ കോളിങ്..ഡിസ്പ്ലേയിൽ വരദയുടെ പേര് കണ്ടതും മീരയുടെ മുഖം ചുവന്നു..
“അവളാണ്..പറഞ്ഞു തീർന്നില്ല അതിന് മുന്നേ നിന്നെ വിളിക്കുന്നുണ്ടല്ലോ..
എടുക്കുന്നില്ലേ..” വ്യാസന്റെ കണ്ണുകളിലേക്ക് കത്തുന്ന നോട്ടം നോക്കി മീര ചോദിച്ചു..
വ്യാസൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചു..അല്പ നേരത്തിനു ശേഷം മൊബൈൽ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങി..
“അവൾ തന്നെയാണ്..വിളിച്ചു കാര്യം ചോദിക്ക്..സമാധാനം ഉണ്ടാവില്ല ചിലപ്പോൾ..” ശബ്ദത്തിൽ അല്പം പരിഹാസം ഉണ്ടായിരുന്നു മീരയുടെ..
വ്യാസൻ മൊബൈൽ കൈ നീട്ടി മൊബൈൽ എടുത്തതും മീര മൊബൈൽ തട്ടി പറച്ചു വാങ്ങി..വ്യാസന് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ അവൾ കാൾ അറ്റൻഡ് ചെയ്തു..
“എന്തേ..എടുക്കാൻ ഇത്ര വൈകിയത്..”
അപ്പുറം വരദയുടെ ശബ്ദം..
“ഏട്ടൻ ബാത്‌റൂമിൽ ആണ്..” മീരയുടെ മറുപടി കേട്ട് അപ്പുറം കുറച്ചു നിമിഷങ്ങൾ ഒരു അനക്കവും ഇല്ല..
“ഇത് ആരാ..” അപ്പുറത്തെ ശബ്ദത്തിൽ പരിഭവവും, പരിഭ്രമവും കേട്ട് മീരയുടെ ഉള്ളിൽ ഒരു സന്തോഷം അവൾ അറിയാതെ വന്നു..
“മീര..അറിയില്ലേ നീ എന്നെ..” അപ്പുറത്ത് നിന്ന് പിന്നെ ഒരു അനക്കവും ഇല്ല..
“പോയോ.. നീ..” ചോദിച്ചു..
“നീ എന്തെ ഈ നേരത്ത് അവിടെ..”
“ഓ..അപ്പൊ ഏട്ടൻ നിന്നോട് ഒന്നും പറഞ്ഞില്ലേ..കുറച്ചു ദിവസങ്ങൾ ആയി ഞങ്ങൾ ഒരുമിച്ചു ആണ് താമസം..രണ്ടാളും ഒരേ സ്കൂളിൽ ആണ് വർക്ക് ചെയ്യുന്നത്..അവടെ അടുത്തുള്ള ഒരു വീട്ടിൽ ഞങ്ങൾ താമസിക്കുന്നു..
ഞാൻ കരുതി ഏട്ടൻ നിന്നോട് എല്ലാം പറഞ്ഞു കാണുമെന്ന്..
ദാ..ഏട്ടൻ ബാത്‌റൂമിൽ നിന്ന് വന്നു കേട്ടോ..ഞാൻ കൊടുക്കാം..വല്ലാത്തര ഒരു താളത്തിൽ മറുപടി കൊടുത്തു കൊണ്ട് മീര വ്യാസന് നേരെ മൊബൈൽ നീട്ടി..
“ഏട്ടാ..ദാ..വരദ വിളിക്കുന്നു..” മീര വരദ കേൾക്കാൻ അല്പം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു..
“ഇപ്പൊ കൊടുക്കാം ട്ടോ..” വ്യാസന്റെ കൈയിലേക്ക് ഫോൺ കൊടുത്ത് മീര സെറ്റിയിലേക്ക് ചാരി..വ്യാസൻ മൊബൈൽ വാങ്ങി എഴുന്നേറ്റു..
“എവിടെ പോണ്..ഇവിടെ ഇരുന്നു സംസാരിച്ചാൽ മതി..” എന്ന ഭാവത്തിൽ
മീര വ്യാസന്റെ കൈയിൽ പിടിച്ചു..വ്യാസൻ അവളുടെ കൈ തട്ടി മാറ്റി കൊണ്ടു എഴുന്നേറ്റ് വാതിൽ തുറന്നു ഉമ്മറത്തേക്ക് ഇറങ്ങി..മീര ഒന്നും മിണ്ടാതെ എഴുന്നേറ്റു റൂമിലേക്ക് പോയി.. “എന്നോട് പറഞ്ഞില്ല ലോ..മീര കൂടെയുണ്ടെന്ന്..”
വരദയുടെ ചോദ്യം..
“പറയണമെന്ന് കരുതി..പിന്നെ വേണ്ട എന്നെ വിചാരിച്ചു..”
“ഒളിച്ചു വെച്ചതാണോ..”
“അല്ല..”
“പിന്നെ..”
“ഒന്നുല്ല..”
“മരുന്ന് കഴിക്കുന്നുണ്ടോ സമയത്തിന്..”
“മ്മ്..”
“സത്യം..”
“കഴിക്കുന്നു ണ്ട്..മറക്കില്ല..പേടിക്കണ്ട..”
“എനിക്ക് പേടി ഇല്ല..അവരവരുടെ ആരോഗ്യം..അവരവരുടെ ഉത്തരവാദിത്തം ആണ്..ഓർത്താൽ നല്ലത്..”
“മ്മ്..”
“അടി തുടങ്ങിയോ വീണ്ടും..”
“ഇല്ല..നാളെ പറ്റിയാൽ രണ്ടെണ്ണം അടിക്കണം..”
“വേണ്ടാ..രണ്ടാഴ്ച കൂടെ കഴിഞ്ഞു മതി..മെഡിസിൻ കോഴ്സ് കംപ്ലീറ്റ് ആവട്ടെ..എന്നിട്ട് മതി..”
“ആലോചിക്കാം..”
“ആലോചിക്കാം എന്നല്ല..കഴിക്കരുത്..”
“ആ..”
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..”
“എന്തിനാ മുഖവുര..നീ പറഞ്ഞോ..” വ്യാസൻ ഷോർട്സിന്റെ പോക്കറ്റിൽ നിന്നും സി. ഗ. രറ്റ് പാക്കറ്റ് എടുത്ത് അതിൽ നിന്ന് സി. ഗര. റ്റ് എടുത്തു ചുണ്ടിൽ വെച്ചു കത്തിച്ചു..
“ഒരു ആലോചന വന്നിട്ടുണ്ട് എനിക്ക്..” വരദയുടെ ശബ്ദം നേർത്തു..
“മ്മ്..നല്ലത് ആണേൽ നോക്ക്..” പുക ചുരുൾ വായുവിലേക്ക് പറത്തി വ്യാസൻ പറഞ്ഞു..
“മ്മ്..
എനിക്ക് ഒന്ന് കാണണം..ഒന്ന് സംസാരിക്കണം നേരിൽ..” വരദയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു..
“ഇപ്പൊ വേണോ..”
“പോ..” വരദ ദേഷ്യപെട്ടു..
“മറ്റന്നാൾ..നീ ഫ്രീ ആണോ..” വ്യാസൻ ചോദിച്ചു..
“അതെ..”
“എങ്കിൽ മറ്റന്നാൾ കാണാം രാവിലെ..”
“മ്മ്..എവിടെ..” വരദ ചോദിച്ചു..
“നീ അല്ലെ പറഞ്ഞത് യാത്ര ഇഷ്ടം ആണെന്ന്..എന്റെ കൂടെ ഒരു യാത്ര ആവാം വേണേൽ..” വ്യാസൻ പറഞ്ഞു..
“എന്നെ പറ്റിക്കുന്നത് ആണോ..”
“എന്തിനാ നിന്നെ പറ്റിക്കുന്നെ..നീ പറയുന്ന സ്ഥലത്ത് ഞാൻ ഉണ്ടാവും..അവിടെ നിന്ന് ആദ്യം കാണുന്ന ബസിൽ നമ്മൾ കയറന്നു..ചുമ്മാ ഒരു യാത്ര..എന്തേ മതിയോ..”
“മ്മ്..മതി..എന്നെ കേൾക്കാൻ ആണോ..” വരദയുടെ ശബ്ദം നേർത്തു..
“നമ്മളെ കേൾക്കാൻ..” വ്യാസൻ പറഞ്ഞു..
“ശരി..ഉറങ്ങിക്കോ എങ്കിൽ..ഞാനും ഉറങ്ങാൻ പോവാ..ഗുഡ് നൈറ്റ്..”
“ഗുഡ് നൈറ്റ്..”വ്യാസൻ കാൾ കട്ട് ചെയ്തു..സി.ഗ. രറ്റ് കുറ്റി ഒന്നുടെ ആഞ്ഞു വലിച്ചു..പിന്നെ മുറ്റത്തേക്ക് ഇട്ട് തിരിഞ്ഞു അകത്തേക്ക് നടന്നു..
ഈ നിമിഷം മീര കമഴ്ന്നടിച്ചു ഉറക്കം വരാതെ കിടപ്പുണ്ടായിരുന്നു റൂമിൽ..
*****************
“മോള് എവടാ..” അമ്പലത്തിൽ നിന്നും തൊഴിതറങ്ങി ചുറ്റു മതിലിനു പുറത്ത് വന്ന് ചെരിപ്പ് ഇടും നേരം മീര മൊബൈൽ എടുത്തു ചെവിയിൽ വെച്ചപ്പോൾ പ്രഭയുടെ ചോദ്യം..
“അമ്പലത്തിൽ നിന്ന് തൊഴുതിറങ്ങി..എന്താ അമ്മാ..”
“ഞാൻ കൊറേ ആയി വിളിക്കുന്നു..റിംഗ് ഉണ്ട് എടുക്കുന്നില്ല..”
“ഇന്നലെ രാത്രി പെട്ടന്ന് തോന്നി ഒന്ന് അമ്പലത്തിൽ പോണം ന്ന്.. ഇവിടെ അടുത്ത് കള്ള കൃഷ്ണൻ ഉണ്ട്..ആളെ കാണാൻ വന്നു..”
“മ്മ്..”
“എന്താ അമ്മ..എന്തേലും പറയാൻ ഉണ്ടോ എന്നോട്..”
“ഒരു കാര്യം പറഞ്ഞ മോൾക്ക് ദേഷ്യം വരോ..”
“കുറച്ചു നേരത്തേക്ക് ദേഷ്യം വരില്ല..ഞാൻ ഈ മണ്ണിൽ നിന്ന് ദേഷ്യപെടില്ല..അമ്മ പറഞ്ഞോ..”
“മോൾക്ക് ഒരു ആലോചന വന്നിട്ടുണ്ട്..പയ്യൻ പുറത്താണ്..ഒന്ന് വന്നു കണ്ടോട്ടെ എന്ന് ചോദിച്ചു..
ഏട്ടന്റെ കൂട്ടുകാരൻ മുഖേന വന്നതാണ്..മോളെ അവര് കണ്ടിട്ട്ണ്ട് ന്ന്..”
“അവരെന്ന് പറഞ്ഞാൽ..” മൊബൈൽ ചെവിയിയോട് ചേർത്ത് മീര തിരിഞ്ഞു കൊടിമരത്തിലേക്ക് നോക്കി വലതു കൈ നെഞ്ചിൽ വെച്ചു കണ്ണടച്ച് തിരിഞ്ഞു നടന്നു..
“ആ പയ്യന്റെ അമ്മയും, ചേച്ചിയും..”
“അച്ഛൻ ഇല്ലേ അയ്യാൾക്ക്..”
“ഉണ്ട്..”
“ആളും കണ്ടിട്ടുണ്ടോ എന്നെ..”
“അത് അറിയില്ല..”
“അല്ല..കെട്ടാൻ പോകുന്ന ആള് എന്നെ കണ്ടിട്ടുണ്ടോ..”
“ആവോ..അതും എനിക്ക് അറിയില്ല..”
“ആഹാ..അമ്മയും, ചേച്ചിയും കണ്ടു അവർക്ക് എന്നെ ഇഷ്ടം ആയി..അപ്പൊ അവർ അയ്യാൾക്ക് വേണ്ടി എന്നെ ആലോചിച്ചു..” മീര ഇടം വലം നോക്കി റോഡ് ക്രോസ്സ് ചെയ്ത് ഇടവഴിയിലേക്ക് കയറി നടന്നു..
“മ്മ്..”
“അമ്മയ്ക്ക് എന്ത് തോന്നുന്നു..”
“എന്ത്..”
“ഈ ആലോചന വന്നപ്പോൾ..”
“മോൾടെ അഭിപ്രായം അറിയാതെ അമ്മ എന്ത് പറയാൻ ആണ്..”
“അയ്യാൾ നാട്ടിൽ ഉണ്ടോ..”
“ഇല്ല..രണ്ട് മാസം കഴിഞ്ഞു വരും..”
“അപ്പൊ പിന്നെ എങ്ങനെ..”
“അതിപ്പോ..അമ്മയും, ചേച്ചിയും വേറെ ആരെങ്കിലും വന്നു ഒന്ന് സംസാരിച്ചു പോകാമെന്നാണ് അവര് പറയുന്നേ..”
“ഓ..ബുക്ക് ചെയ്തു ഇടുക എന്ന്..”
“എന്താ മോളെ ഇങ്ങനെ പറയുന്നേ..”
“പിന്നല്ലാതെ..ഞാൻ വേറെ ചാടി പോകാതിരിക്കാൻ..ഇപ്പൊ കല്യാണം ആയില്ലേലും കല്യാണ ആലോചന തുടങ്ങണ അന്നേ ഓഡിറ്റോറിയം ബുക്ക് ചെയ്തു ഇടുന്നത് ഇപ്പൊ ഒരു ട്രെൻഡ് അല്ലെ..അത് പോലെ പെണ്ണിനേയും ബുക്ക് ചെയ്തു ഇടുന്നത് ആവും..”
പാടവരമ്പിനോട് ചേർന്ന വഴിയിലൂടെ മീര നടന്നു..
“ഞാൻ ഇപ്പൊ അവരോട് എന്ത് പറയണം..” പ്രഭയുടെ ശബ്ദത്തിൽ ദേഷ്യം ഉണ്ടായിരുന്നു..
“ഞാൻ ഇപ്പൊ എന്ത് വേണം..” മീരയും വിട്ട് കൊടുത്തില്ല..
“അത് ഞാൻ ആണോ പറയേണ്ടത്..”
“അല്ലാതെ പിന്നെ..എന്റെ കല്യാണകാര്യം ഞാൻ പറയണോ..”
“എന്റെ പൊന്ന് കുഞ്ചു..നീ എന്താ ഇങ്ങനെ..അവരോട് വരാൻ പറയണോ, ഇല്ലേ നിനക്ക് താല്പര്യമില്ല എന്ന് പറയണോ..”
“വന്നു കാണാൻ പറ..എന്നാണ് എന്ന് വെച്ചാൽ ഞാൻ വരാം..”
മീരയുടെ മറുപടി കേട്ട് പ്രഭ ഞെട്ടി..
“എന്താ..”
“വരാൻ പറയാൻ..എന്നാണ് എന്ന് വെച്ചാൽ വിളിച്ചു പറഞ്ഞാൽ മതി..ഞാൻ വരാം..” കൂടുതൽ ഒന്നും പറയാതെ മീര കാൾ കട്ട് ചെയ്തു..
“കുളിച്ചില്ലേ..” ഉമ്മറത്തു പത്രം വായിച്ചു കൊണ്ടിരിന്ന വ്യാസനെ നോക്കി മീര ചോദിച്ചു..
“ഇല്ല..ഇപ്പൊ എഴുന്നേറ്റതെയുള്ളൂ..” സി. ഗരറ്റ് ചുണ്ടിൽ നിന്ന് എടുത്ത് വ്യാസൻ മീരയെ നോക്കാതെ പറഞ്ഞു..
“മ്മ്..”
മൂളി കൊണ്ട് മീര അകത്തേക്ക് പോയി. പൂജ മുറിയിൽ പ്രസാദം കൊണ്ട് വെച്ച് അടുക്കളയിലേക്ക് നടന്നു..
പിന്നെ അത് പോലെ തന്നെ തിരിച്ചു ഉമ്മറത്തേക്ക് വന്നു..
“അതെ..ഞാൻ നിങ്ങളുടെ വേലക്കാരി അല്ല..നേരാ നേരത്തിനു വെച്ചുണ്ടാക്കി തരാൻ..
രാവിലെ ആ വാഷ്ബേനി ൽ കിടക്കുന്ന പാത്രങ്ങൾ ഒന്ന് കഴുകി വെച്ചൂടെ..
കിച്ചൺ ഒന്ന് അടിച്ചു വാരി തുടച്ച് ഇട്ടാൽ കൈയിൽ നിന്ന് എന്തെങ്കിലും ഇളകി പോവോ..”
ഇരു കൈയും എളിയിൽ കുത്തി മീര വ്യാസനെ നോക്കി പറഞ്ഞത് കേട്ട് വ്യാസ ൻ ഞെട്ടി..
“അതിന് അങ്ങനെ ചെയ്യാൻ നീ എന്നോട് പറഞ്ഞ് ഏൽപ്പിച്ചിട്ടാണോ പോയത്..” വ്യാസനും വിട്ടു കൊടുത്തില്ല..
“ഒരു വീട്ടിൽ ചെയ്യേണ്ട കാര്യം ആരെയും പറഞ്ഞു പഠിപ്പിച്ചു കൊടുക്കേണ്ട കാര്യം ഇല്ല..അതും ഇങ്ങനെ വീട്ടിൽ നിന്ന് മാറി റൂം എടുത്തു താമസിക്കുമ്പോൾ..”
“ഞാൻ ഇങ്ങനെ ആദ്യം ആയി ആണ് താമസിക്കുന്നത്…അത് കൊണ്ട് എനിക്ക് അറിയില്ല..”
“എന്തിനാ ചുമ്മാ നുണ പറയുന്നത്..ഇതിന് മുന്നേ ജീവിച്ചതും ഇങ്ങനെ റെന്റ് ആയിരുന്നല്ലോ..”
“അവടെ ഞങ്ങൾ ഫുഡ് ഉണ്ടാക്കാറില്ല..എല്ലാം ഹോട്ടലിൽ നിന്ന് ആയിരുന്നു..” വ്യാസനും വിട്ട് കൊടുത്തില്ല..
“അല്ലെങ്കിലും നാക്കിനു നീളം ഉള്ളത് കൊണ്ടു എവിടെ പോയാലും പിടിച്ചു നിൽക്കും. “
“ഞാൻ അല്ല നീ..” വ്യാസൻ മീരയെ നോക്കി..
“എന്നെ നീ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടം അല്ല..”
“ഇപ്പൊ എന്താ വേണ്ടത്..” വ്യാസൻ ചോദിച്ചു..
“എനിക്ക് ഒരു ചായ വേണം..പിന്നെ അടുക്കള വൃത്തിയാക്കണം..എന്നിട്ടെന്താ ഞാൻ അങ്ങോട്ട് വരൂ..” മീര നേരെ ചെന്ന് ടിവി ഓൺ ചെയ്ത് റിമോട്ട് എടുത്തു ന്യൂസ് വെച്ച് സെറ്റിയിൽ വന്ന് ചാരി കിടന്നു..
കുറച്ചു നേരം വ്യാസൻ മീരയെ നോക്കി.. പിന്നെ സി. ഗര. റ്റ് ആഞ്ഞു ഒരു പഫ് എടുത്ത് ദേഷ്യത്തോടെ സിഗരറ്റ് കുറ്റി പുറത്തേക്ക് എറിഞ്ഞു..
“സി. ഗ .രറ്റ് കു. റ്റി വീക്കുന്നത് എല്ലാം കൊള്ളാം.. പക്ഷെ ഉമ്മറത്ത് കിടക്കുകയെയുള്ളൂ..” മീര വെറുതെ പറഞ്ഞു..
മീരയെ നോക്കി വ്യാസൻ അടുക്കളയിലേക്ക് കയറി പോയി..
അല്പ നേരത്തിനു ശേഷം..
“ചായ..” മീരയുടെ നേർക്ക് ചായ കപ്പ് നീട്ടി വ്യാസൻ..മീര സെറ്റിയിൽ നിന്നും എഴുന്നേറ്റു ചായ വാങ്ങി..
“ദോശ ഉണ്ടാക്കിയിട്ടുണ്ട്..പിന്നെ കടല ഇന്നലെ വെള്ളത്തിൽ ഇട്ടത് കണ്ടിരുന്നു..അത് കറി വെച്ചിട്ടുണ്ട് രാവിലെയ്ക്ക്..” മീരയുടെ അടുത്ത് വന്നിരുന്നു വ്യാസൻ പറഞ്ഞു..
“ചായ ഉണ്ടാക്കാൻ അറിയാം അപ്പൊ..”
“എല്ലാം അറിയാം..എന്തേ..”
“ഏയ്..ഒന്നൂല്ല്യ..”
“മ്മ്..”
“ചായ ടെ റെസിപ്പി എന്താ..” ചായ കപ്പ് ചുണ്ടിൽ നിന്നും എടുത്ത് വ്യാസനെ നോക്കി മീര..
“വെള്ളം തിളച്ചു കഴിഞ്ഞു ചായ പൊടി ഇടുക..ഒന്ന് തിളച്ച ശേഷം പാല് ഒഴിക്കുക..എത്ര ഗ്ലാസ് ചായ വേണം അതിൽ നിന്ന് അര ഗ്ലാസ്സ് കൂടെ വെള്ളം മതി..അതയാത് ഞാൻ രണ്ടര ഗ്ലാസ് വെള്ളം വെച്ചു..പാല് പിന്നെ എത്ര ആണോ വേണ്ടത് അത്രയും..നല്ല പോലെ തിളച്ചു പൊന്തി വരുമ്പോൾ ഓഫ് ചെയ്തു അരിച്ചു എടുത്തു ഗ്ലാസ്സിൽ ഒഴിക്കുക ആവശ്യത്തിനു പഞ്ചസാര ഇടുക..
ഇനി ഏലക്ക വേണേൽ വെള്ളം തിളച്ചു തുടങ്ങുമ്പോ പൊട്ടിച്ചു തൊണ്ടോടെ ഇടുക..ചായ റെഡി..”
“മ്മ്..കൊള്ളാം അടിപൊളി ചായ ആണ്.ഏലക്ക ഇട്ടിട്ടുണ്ട്..” ചായ കപ്പ് ചുണ്ടിലേക്ക് അടുപ്പിച്ചു മീര..
“മ്മ്..”
“ഒരു കാര്യം പറയാൻ ഉണ്ട്..”
“എന്തേ..”
“കുറച്ചു മുന്നേ അമ്മ വിളിച്ചിരുന്നു എന്റെ..”
“മ്മ്..അതിന്..”
“എനിക്ക് ഒരു ആലോചന.ചെക്കൻ പുറത്താണ്..ആളുടെ അമ്മയും, ചേച്ചിയും എന്നെ കണ്ടിട്ട് ഇഷ്ടം ആയി എന്ന്..വീട്ടിൽ വരട്ടെ എന്ന് ചോദിച്ചു..”
“മ്മ്..”
“ഞാൻ എന്ത് ചെയ്യണം..”ചായ കപ്പ് ടീ പോയിലേക്ക് വെച്ച് മീര വ്യാസനെ നോക്കി..
വ്യാസൻ എഴുന്നേറ്റ് ടേബിളിൽ നിന്ന് സി. ഗ. രറ്റ് എടുത്തു ചുണ്ടിലേക്ക് വെച്ചു..പിന്നെ തിരിഞ്ഞു നിന്ന് മീരയെ നോക്കി സി. ഗ. രറ്റ് കത്തിച്ചു..മീരയുടെ മുന്നിൽ വന്നു നിന്നു….
തുടരും….
